സമകാലിക സ്ത്രീ മുന്നേറ്റം
വനിതാ മതിൽ
കേരളം കൈവരിച്ച സാമൂഹ്യപരിഷ്‌കരണ നേട്ടങ്ങൾ നിലനിർത്തുന്നതിനായി കേരള സർക്കാരിന്റെ പിന്തുണയോടെ 2019 ജനുവരി ഒന്നിന് നവോത്ഥാനമൂല്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ 620 കി.മീ ദൂരത്തിൽ, നവോത്ഥാന മൂല്യ സംരക്ഷണത്തിനും സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുന്നതിനുമായി സ്ത്രീകൾ കൈകോർത്തുപിടിച്ച് തീർത്ത മതിലാണ് വനിതാ മതിൽ. ആരോഗ്യ മന്ത്രി കെ. കെ. ശൈലജ കാസറഗോഡ് മതിലിന്റെ ആദ്യ കണ്ണിയായും സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് തിരുവനന്തപുരത്ത് മതിലിന്റെ അവസാനത്തെ കണ്ണിയായും അണിനിരന്നു.
സത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും ലിംഗനീതി നിഷേധിക്കാനുളള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും സ്ത്രീകള്‍ നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ മുന്നേറ്റമായി വനിതാ മതില്‍ മാറിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
പശ്ചാത്തലം
ശബരിമലയിൽ നിലനിന്നിരുന്ന സ്ത്രീ വിവേചനം മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് കണ്ടെത്തി സുപ്രീം കോടതി വിധി പ്രസ്താവിച്ചതോടെ കേരളത്തിൽ ചില രാഷ്ട്രീയ സംഘടനകൾ മതാടിസ്ഥാനത്തിലുള്ള വർഗീയ ചേരിതിരിവിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സുപ്രീം കോടതി വിധിക്കെതിരെ അവർ തെരുവിൽ വർഗീയമായി സംഘടിക്കുകയും ശബരിമലയിൽ ഉൾപ്പടെ വർഗീയ ലഹള ഉണ്ടാക്കുന്നതിലേയ്ക്ക് നയിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ കേരളം പതിറ്റാണ്ടുകളായി ആർജ്ജിച്ച മതേതര മൂല്യങ്ങൾ കൈവിട്ടു പോകാതെ സംരക്ഷിക്കേണ്ടതുണ്ടെന്ന തിരിച്ചറിവിൽ കേരള സർക്കാർ സാമൂദായിക സംഘടനകളുടെ യോഗം വിളിക്കുകയും തുടർന്ന് വനിതാ മതിലെന്ന ആശയം ഉയർന്നു വരികയുമായിരുന്നു.