ശാസ്ത്രത്തിലെ സ്ത്രീകൾ

1928-ൽ സർ സി. വി. രാമൻ ‘രാമൻ പ്രഭാവം’ കണ്ടെത്തിയതിനെ സ്മരിച്ചുകൊണ്ടാണ് 1987 മുതൽ ഫെബ്രുവരി 28 നു ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത്. ‘ശാസ്ത്രത്തിലെ സ്ത്രീകൾ’ എന്നതാണ് ഈ വർഷത്തെ ശാസ്ത്രദിന പ്രമേയം. 

‘ശാസ്ത്രരംഗത്തെ സ്ത്രീകൾ’ എന്ന ആശയം മുൻനിർത്തി ഇത്തവണ രാജ്യം ‘ദേശീയ ശാസ്ത്രദിനം’ ആചരിക്കുമ്പോൾ, പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് ആധുനിക ശാസ്ത്രഗവേഷണരംഗത്ത് കരുത്തുതെളിയിച്ച ഒട്ടേറെ ഇന്ത്യൻ സ്ത്രീകളുടെ കർമ്മ പഥത്തിലേക്ക് സഞ്ചരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇ.കെ. ജാനകിഅമ്മാൾ (സസ്യശാസ്ത്രം), അസിമ ചാറ്റർജി (ഓർഗാനിക് കെമിസ്ട്രി), അന്നാ മാണി (കാലാവസ്ഥ), അർച്ചനാ ഭട്ടാചാര്യ (ഭൗതികശാസ്ത്രം), കമലാ സൊഹോണി (ബയോകെമിസ്ട്രി), രാജേശ്വരി ചാറ്റർജി (ഇലക്‌ട്രിക്കൽ എൻജിനിയറിങ്), ടെസ്സി തോമസ് (പ്രതിരോധ ഗവേഷണം) തടുങ്ങി നിരവധി വനിതാ ശാസ്ത്രജ്ഞർ ഭാരതത്തിൽ ഉണ്ടായിട്ടുണ്ട്. 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ശാസ്ത്രരംഗത്ത് സ്ത്രീകൾ കടുത്തവിവേചനം അനുഭവിക്കുന്നുവെന്ന സത്യം  ഈ ശാസ്ത്രദിനത്തിൽ അലോസരമുണ്ടാക്കുന്നു. അന്താരാഷ്ട്രതലത്തിലും വ്യത്യസ്തമല്ല കാര്യങ്ങൾ. അന്നാ മാണിയെപ്പോലുള്ള സ്ത്രീഗവേഷകരെ ഇപ്പോഴും നമുക്കറിയില്ല എന്നതാണ് ദൗർഭാഗ്യകരമായ സംഗതി. പുരുഷന്മാരായ ഗവേഷകർക്ക് ലഭിക്കുന്ന ശ്രദ്ധ അപൂർവമായേ സ്ത്രീഗവേഷകർക്ക് ലഭിച്ചിട്ടുള്ളൂ എന്നതാണ് സത്യം. ആരൊക്കെയാണ് ഇന്ത്യയിലെ സ്ത്രീഗവേഷകർ എന്നും ഏതൊക്കെ മേഖലകളിൽ അവർ മികവുപുലർത്തി എന്നുപോലും മിക്കവർക്കുമറിയില്ല. ഈ ദുഃസ്ഥിതിക്ക് ഒരളവുവരെ പരിഹാരമാകാവുന്ന ഒരു പുസ്തകം അടുത്തയിടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്, അഞ്ജന ചട്ടോപാധ്യായ രചിച്ച ‘വുമൺ സയന്റിസ്റ്റ്‌സ് ഇൻ ഇന്ത്യ’ (2018) എന്ന ഗ്രന്ഥം.

മെഡിക്കൽ രംഗം ഉൾപ്പെടെ, ആധുനിക ശാസ്ത്രമേഖലയിൽ മികവുതെളിയിച്ച 175 ഇന്ത്യൻ സ്ത്രീഗവേഷകരെ ചട്ടോപാധ്യായ തന്റെ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം, ആധുനിക ഇന്ത്യൻ ശാസ്ത്രചരിത്രത്തിലെ ഇരുളടഞ്ഞ ഒരു മേഖലയിലേക്ക് വെളിച്ചംവീശുന്നു. ഇതിനകം ഇവിടെ പരാമർശിച്ചവർ കൂടാതെ, അധികമാരും കേട്ടിട്ടുപോലുമില്ലാത്ത ഡസൻ കണക്കിന് സ്ത്രീഗവേഷകർ ഈ ഗ്രന്ഥത്തിൽ പ്രത്യക്ഷപ്പെടുന്നു. ചാരുസീത ചക്രവർത്തി (തിയററ്റിക്കൽ കെമിസ്ട്രി), ഊർമിൽ യൂലി ചൗധരി (ആർക്കിടെക്ട്‌), രോഹിണി മധുസൂദൻ ഗോഡ്‌ബോൽ (സൈദ്ധാന്തിക ഭൗതികം), വിനോദ് കൃഷാൻ (നക്ഷത്രഭൗതികം), ഡോ. മേരി പുന്നൻ ലൂക്കോസ് (ഗർഭചികിത്സ), മിതലി മുഖർജി (ജനിതകം), രമൺ പരിമള (ഗണിതം), സുദീപ്ത സെൻഗുപ്ത (ഭൗമശാസ്ത്രം) തുടങ്ങിയവർ ഉദാഹരണം. കൂടുതൽ സ്ത്രീ ശാസ്ത്ര ഗവേഷകരെ സമൂഹത്തിനു പരിചയപെടുത്തുന്നതും അവരുടെ സംഭാവനകൾ വരും തലമുറക്കുള്ള  പ്രചോദനമായി മാറ്റുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കടമയാണ്.