പദ്‌മശ്രീയിലെ പെൺതിളക്കം - ലക്ഷ്മികുട്ടിയമ്മ

നാട്ടുവൈദ്യത്തിലെ പ്രാഗത്ഭ്യത്തിനാണു തിരുവനന്തപുരം വിതുര മൊട്ടമൂടുകാരിയായ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്.  കാണി വിഭാഗക്കാരിയായ ലക്ഷ്മിക്കുട്ടിയമ്മ കഴിഞ്ഞ 40 വര്‍ഷമായി പാരമ്പര്യ വിഷ ചികിത്സ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ നാട്ടറിവുകളുടെയും കാടറിവുകളുടെയും ഒരു അമൂല്യ ശേഖരം കൂടിയാണ് എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ലക്ഷ്മിക്കുട്ടിയമ്മ. ആദിവാസി നാട്ടുവൈദ്യം ജനകീയമാക്കിയതിനാണ് അവർക്ക് പുരസ്ക്കാരം ലഭിച്ചത്.

മൊട്ടമൂട് ഊരിന്‍റെ മൂപ്പനായിരുന്ന ഭര്‍ത്താവ് മാത്തന്‍ കാണി മരിച്ചതിന് ശേഷം കാട്ടിന് നടുവിലെ ഒരു കുടിലില്‍ ഒറ്റയ്ക്കാണ് ലക്ഷ്മിക്കുട്ടി താമസിക്കുന്നത്. കുടിലിന് ചുറ്റും അവര്‍ നട്ട് വളര്‍ത്തുന്ന പച്ചമരുന്നുകളുടെ ഒരു വലിയ നിരതന്നെ ഉണ്ട്. 150ലധികം ഔഷധ സസ്യങ്ങള്‍ വളര്‍ത്തുന്ന ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് അറിയാത്ത പച്ച മരുന്നുകള്‍ കുറവാണ്. അഞ്ഞൂറിലധികം പച്ച മരുന്നുകളെ കുറിച്ച് ആഴത്തിലുള്ള അറിവ് ലക്ഷ്മികുട്ടിയമ്മയ്ക്കുണ്ട്. പേപ്പട്ടി വിഷബാധയ്ക്കൊഴികെയുള്ള എല്ലാ തരത്തിലുമുള്ള വിഷ ചികിത്സകളും അവർ നടത്തുന്നുണ്ട്. കട്ടുറമ്പ് കടിച്ചതുമുതൽ ഉഗ്ര വിഷമുള്ള പാമ്പുകൾ കടിച്ചാൽ പോലുമുള്ള വിഷ ചികിത്സ ലക്ഷ്‍മികുട്ടിയമ്മ നടത്തുന്നു. പാമ്പുകടിയേറ്റു മരണത്തിന്റെ വക്കിൽ നിന്ന നിരവധി പേരെ, ആധുനിക വൈദ്യശാസ്ത്രം വരെ തള്ളി പറഞ്ഞവരെ വരെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്മികുട്ടിയമ്മയുടെ നാട്ടുവൈദ്യത്തിനായിട്ടുണ്ട്.

ചികിത്സയെ കുറിച്ചും ചെടികളെ കുറിച്ചും പഠിക്കാന്‍ വേണ്ടി സ്വദേശികളും വിദേശികളുമായി നിരവധി പേര്‍ ലക്ഷ്മിക്കുട്ടിയമ്മയെ തേടി എത്തുന്നു. കേരള യൂണിവേഴ്സിറ്റിയടക്കം പല കോളേജുകളിലും ലക്ഷ്മിക്കുട്ടി കാട്ടറിവുകളെ കുറിച്ച് ക്ലാസ്സ് എടുക്കാറുണ്ട്. ആദിവാസികളുടെ പാരമ്പര്യ കലകളെ കുറിച്ച് ഫോക്ലോര്‍ അക്കാദമിയില്‍ ക്ലാസ്സെടുക്കാനും ലക്ഷ്മിയമ്മ പോകാറുണ്ട്. നാട്ടു വൈദ്യവുമായി ബന്ധപ്പെട്ടും ആദിവാസി പാരമ്പര്യത്തെ കുറിച്ചും സെമിനാറുകള്‍ക്കും ക്ലാസ്സുകള്‍ക്കുമായി അവർ വിവിധ ഇടങ്ങളിൽ സഞ്ചരിച്ചു തന്റെ അറിവുകൾ പങ്കു വെയ്ക്കാറുണ്ട് പാരമ്പര്യ വിഷ ചികിത്സയിലെ പ്രാഗത്ഭ്യം പരിഗണിച്ച് 1999 ല്‍ ലക്ഷ്മിക്കുട്ടിയെ സംസ്ഥാന സര്‍ക്കാര്‍ വൈദ്യരത്ന അവാര്‍ഡ് നൽകി ആദരിച്ചിട്ടുണ്ട്.