നൂറ്റിയേഴാമത്തെ വയസ്സിൽ ആര്‍. പാപ്പമ്മാളിനെ തേടിയെത്തിയ പദ്മശ്രീ

'നൂറ്റിയേഴ് വയസ്സായി, എന്നാലും വെറുതെയിരിക്കാന്‍ വയ്യ. വെളുപ്പിനെ മൂന്ന് മണിക്ക് ഉണരും. എന്റെ ജോലിക്കാര്‍ക്ക് മുന്നേ തന്നെ ഞാൻ കൃഷിത്തോട്ടത്തിലേക്ക് പോകും. പണികള്‍ക്ക് ശേഷം സൈക്കിളില്‍ ചന്തയില്‍ പോയി അന്നത്തെ വിളവുകള്‍ വില്‍ക്കും. ഞാന്‍ സ്‌കൂളില്‍ പോയിട്ടില്ല, പലതും സ്വയം പഠിച്ചതാണ്.  പതിനാലാം വയസ്സില്‍ ഞാന്‍ വിവാഹിതയായി. എന്റെ പിതാവില്‍ നിന്ന് കിട്ടിയ ഇത്തിരി ഭൂമിയിലാണ് എന്റെ കൃഷിയും ജീവിതവും തുടങ്ങിയത്.'

കോയമ്പത്തൂരില്‍ തെക്കംപാട്ടി എന്ന ഗ്രാമത്തിലെ ആര്‍ പാപ്പമ്മാള്‍ കൃഷിക്കായി ജീവതം ഉഴിഞ്ഞു വച്ച സ്ത്രീയാണ്. ഈ പ്രായത്തിലും കൃഷിയോടുള്ള അവരുടെ സ്നേഹത്തെ ആയിരുന്നു കേന്ദ്ര സർക്കർ പദ്മശ്രീ നൽകി ആദരിച്ചത്. 'ഹ്യൂമന്‍സ് ഓഫ് ബോംബെ' പാപ്പമ്മാളുമായി നടത്തിയ അഭിമുഖം 

'എന്റെ ചെറുപ്പത്തില്‍ വിവാഹിതരായ പെണ്‍കുട്ടികളുടെ ജീവിതം നാല് ചുവരുകള്‍ക്കുള്ളിലായിരുന്നു. എന്നാല്‍ എനിക്കങ്ങനെ ഇരിക്കാന്‍ ഇഷ്ടമായിരുന്നില്ല. പതിനാറാം വയസ്സില്‍ ഞാന്‍ എന്റ ആദ്യത്തെ സംരംഭം തുടങ്ങി. ഒരു ഇഡ്ഡലി വട ഷോപ്പായിരുന്നു അത്. 1950-ലാണ്. ഒരു മാസം 20 രൂപവരെ അന്നെനിക്ക് ലാഭം കിട്ടിയിരുന്നു.

എനിക്കും ഭര്‍ത്താവിനും മക്കളുണ്ടായിരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ ഒരു ആണ്‍കുട്ടിയെ ദത്തെടുത്തു. മകന്‍ വളര്‍ന്നപ്പോഴും സാധാരണ വീട്ടമ്മമാരെ പോലെ വീട്ടില്‍ തന്നെ ഇരിക്കാതെ ഞാന്‍ എന്റെ സംരംഭവുമായി മുന്നോട്ടു പോയി. മുപ്പത്തഞ്ചാമത്തെ വയസ്സില്‍ ആദ്യത്തെ സ്ത്രീ സര്‍പഞ്ചായി ഗ്രാമത്തില്‍ ഞാന്‍ ചുമതലയേറ്റു. അവിടെ കര്‍ഷകരുമായി സംസാരിച്ചപ്പോഴാണ് ജൈവകൃഷി ചെയ്യുന്നതിനെ പറ്റി ഞാന്‍ ആലോചിച്ചത്. 

women

അന്‍പതാമത്തെ വയസ്സില്‍ എന്റെ എല്ലാ സമ്പാദ്യങ്ങളും ഉപയോഗിച്ച് പത്തേക്കര്‍ കൃഷി സ്ഥലം വാങ്ങി. അവിടെ കൃഷി ചെയ്തു തുടങ്ങി. വലിയ ലാഭമൊന്നും ലഭിച്ചില്ലെങ്കിലും എനിക്കാവശ്യമുള്ള വിളവ് ലഭിച്ചു. വീട്ടാവശ്യങ്ങള്‍ക്ക് ശേഷം ബാക്കി അടുത്ത വീടുകളിലും മറ്റും നല്‍കി. 

ഇന്ന് അന്‍പത്തേഴ് വര്‍ഷങ്ങള്‍ക്ക് ശേഷവും എന്റെ ശീലങ്ങള്‍ക്ക്  മാറ്റം വന്നിട്ടില്ല. എന്റെ ജോലി ഭാരം കൂടുകയാണ് ചെയ്തത്. പുതിയ തലമുറ മിക്കപ്പോഴും അലസരാണ്. എനിക്കെപ്പോഴും അവരോട് കലഹിക്കാനെ സമയമുള്ളു. എനിക്കൊരു കൊച്ചുമകനുണ്ട്, പതിനാറ് വയസ്സാണ് അവന്. എന്തെങ്കിലുമൊരു പണി ഏല്‍പിച്ചാല്‍ അരമണിക്കൂറു കൂടുമ്പോള്‍ അവന് വിശ്രമം വേണം. എഴുന്നേറ്റ് പണിയെടുക്കടാ മടിയാ.. എന്ന് അവനോട് പറയാനെ എനിക്ക് നേരമുള്ളൂ. 

ഈ വര്‍ഷങ്ങളിലൊന്നും ഒരു ദിവസം പോലും ഞാന്‍ അവധിയെടുത്തിട്ടില്ല. നൂറ് വയസ്സ് തികയുന്ന ദിനം ഗ്രാമത്തിലെല്ലാം ഞാന്‍ ചര്‍ച്ചാവിഷയമായി. മൂവായിരത്തോളം ഗ്രാമവാസികള്‍ ചേര്‍ന്ന് അന്നെനിക്കു വേണ്ടി ആഘോഷം നടത്തി. അവര്‍ക്ക് ഞാന്‍ ഖീറും ചിക്കന്‍ബിരിയാണിയും ഒരുക്കി സദ്യ നല്‍കി. അന്ന് നാടന്‍ പാട്ടുകള്‍ പാടി എല്ലാവരും നൃത്തം ചെയ്തതൊന്നും ഞാന്‍ മറക്കില്ല. അതിന് ശേഷം ആളുകളെല്ലാം എന്നെ അവരുടെ എല്ലാ ആഘോഷങ്ങളിലും വിളിക്കും. കല്യാണങ്ങള്‍ക്ക് വധൂവരന്‍മാരെ പ്രത്യേകമായി അനുഗ്രഹിക്കാന്‍ എന്നോട് പറയും. അവരെന്നെ അവരുടെ ഭാഗ്യലക്ഷണമായാണ് കരുതുന്നത്. 

ഒരു ഇഡ്ഡലി വട ഷോപ്പില്‍ നിന്ന് ജൈവ കര്‍ഷകയായി സ്വസ്ഥമായി ജീവിക്കുമ്പോഴാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നിന്നെത്തിയ ഫോണ്‍കോളില്‍ എനിക്ക് പത്മശ്രീ ബഹുമതി നല്‍കുന്നു എന്ന വാര്‍ത്തയായിരുന്നു. 

ഇപ്പോള്‍ എന്റെ വീടിന് മുന്നില്‍ നൂറ് കണക്കിന് ആളുകളുണ്ട്. എന്റെ ജൈവഉത്പന്നങ്ങള്‍ വാങ്ങാനായി അവര്‍ തിരക്കു കൂട്ടുന്നു. ചിലരൊക്കെ എനിക്കൊപ്പം ഫോട്ടോക്ക് ഫോസ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഞാന്‍ മുപ്പത് ഇന്റര്‍വ്യൂവാണ് ഇത് വരെ നല്‍കിയത്. എല്ലാം ഒരു തമാശപോലെയുണ്ട്. 'പാട്ടീ നിങ്ങളൊരു താരമായിരിക്കുന്നു.' കൊച്ചുമകന്‍ പാപ്പമ്മാളിനോട്  പറഞ്ഞു.' ഞാന്‍ ഒരു താരമല്ലാതിരുന്നത് എപ്പോഴാണ്... പാപ്പമ്മാള്‍ ചോദിക്കുന്നു.