കാവ്യ മാധവൻ
മലയാളം-തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് കാവ്യ മാധവൻ. ബാലതാരമായാണ് സിനിമയിൽ തുടക്കം കുറിച്ചത്. 1991 ൽ ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് കാവ്യ ചലച്ചിത്രലോകത്തെത്തുന്നത്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിട്ടത്. ചില തമിഴ് ചിത്രങ്ങളിലുമഭിനയിച്ചിട്ടുണ്ട്. 2004ൽ പെരുമഴക്കാലം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി.2010ൽ ഗദാമ എന്ന ചിത്രത്തിലൂടെയും മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.
കാസർഗോഡ് ജില്ലയിലെ നീലേശ്വരമാണ് സ്വദേശം.പി. മാധവൻ-ശ്യാമള എന്നിവരാണ് കാവ്യയുടെ മാതാപിതാക്കൾ. സ്കൂൾ വിദ്യാഭ്യാസം നീലേശ്വരം ജി.എൽ.പി. സ്കൂളിലും രാജാസ് ഹൈസ്കൂളിലുമായിരുന്നു. തീരെ ചെറുപ്പത്തിൽ തന്നെ കാവ്യ നൃത്തകലയോട് തികഞ്ഞ ആഭിമുഖ്യം പുലർത്തിയിരുന്നു. ശ്യാമള ടീച്ചറുടെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിച്ചത്. കുറേ വർഷങ്ങൾ തുടർച്ചയായി കാസർഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു.