പി കെ ഹലീമ

പി കെ ഹലീമ

കല്ല്യാണപ്പാട്ടുകളും കത്ത്പാട്ടുകളുമായി തന്റെ കാവ്യ രചനാ പാടവം പ്രകടമാക്കിയ എഴുത്തുകാരിയാണ് പി കെ ഹലീമ.മതവിദ്യാഭ്യാസത്തോടൊപ്പം ഔപചാരികവിദ്യാഭ്യാസവും നേടിയ ഇവർ നല്ലപാട്ടുകാരി കൂടിയായിരുന്നു. രചനാത്മകസിദ്ധിയും സർഗാത്മകപ്രതിഭയും ഒത്തിണങ്ങിയ പി. കെ. ഹലീമ 1909ലാണ് ജനിച്ചത്.മാപ്പിളപ്പാട്ടുകൾ ബാല്യ കാലം മുതലേ കേട്ട്തുടങ്ങിയ ഹലീമ അതിൽ ആകൃഷ്ടയാവുകയും  അതിമനോഹരമായി പാട്ടുകൾ പാടുകയും സുന്ദരമായി ഗാനാവിഷ്‌കരണം നടത്തുകയും ചെയ്തിരുന്നു.മാപ്പിള സ്ത്രീകൾക്കിടയിൽ അവരുടെ പാട്ടുകൾക്കും കവിതകൾക്കും വളരെയധികം പ്രചാരമുണ്ടായിരുന്നു.അവർ പ്രശസ്തമായ ധാരാളം കൃതികളുടെ ഉടമ കൂടിയാണ്. ബദറുൽ മുനീർ ഒപ്പനപ്പാട്ട്, ചന്ദിര സുന്ദരി, പൊരുത്തം, ബീ ആയിശ, രാജമംഗലം മുതലായ കൃതികൾ.  തന്റെ 50-ാം വയസ്സിൽ 1959 ൽ നിര്യാതയായി.

പി കെ ഹലീമയുടെ ഏറ്റവും പ്രശസ്തമായ കാവ്യമാണ് ചന്ദിരസുന്ദരിപ്പാട്ട്. മുഹമ്മദ് നമ്പി, ആയിഷ (റ)യെ വിവാഹം കഴിച്ച ചരിത്രമാണ് ഇതിൽ വിവരിച്ചിരിക്കുന്നത്. കൂടാതെ നബിയുടെ ആദ്യഭാര്യയായ ‌ഖദീജാവീവിയെയെക്കുറിച്ച് മകൾ ഫാത്തിമ്മാബീവിയും ആയിഷാബീവിയും തമ്മിലുണ്ടായ വാദപ്രതിവാദവും ഇതിൽ രസകരമായി വർണിച്ചിട്ടുണ്ട്. കാവ്യഭം​ഗിയാലും ആശയാവിഷ്കരണത്താലും മികച്ച ഈ കൃതി മാപ്പിളപ്പാട്ട് അവതാരകർക്കിടയിൽ ഏറെ പ്രശസ്തമാണ്. ഒപ്പനപ്പാട്ടിലും ഇതിലെ വരികൾ ഉപയോ​ഗിക്കുന്നുണ്ട്.

ചില വരികൾ

"മന്നവർ നബിദീനിൽ മുന്നമേ വന്നവർ മകളാണ് നൂറേ
മങ്കകൾ സകലത്തിലും മാണിക്കമോ മട്ടുണ്ട്
ജോറേ
കന്നിയാൾ കണ്ണഞ്ജനം കടഞ്ഞതോ കൊണ്ടുള്ളചേലെ
കൗതുകമോറും ചിരി ചെന്താമര വിടർന്നപോലെ''
 

References

References

1. മാപ്പിള കവികളും കൃതികളും - കെ.പി. അമീൻ മമ്പാട്   (ഇസ്‌ലാമിയാ കോളെജ്, തളിക്കുളം )

2.മുംതാസ് പി കെ, കേരളത്തിലെ മുസ്ലീംഎഴുത്തുകാരികളുടെ പാരമ്പര്യവും പ്രതിനിധാനവും ഒരു വിമർശനാത്മക സമീപനം, കാലിക്കറ്റ് സർവ്വകലാശാലയിൽ ഡോക്ടർ ഓഫ് ഫിലോസഫി ബിരുദത്തിനുവേണ്ടി സമർപ്പിക്കുന്ന പ്രബന്ധം
3. ഒപ്പനയിലെ കഥയും കാര്യവും - Read more at: https://www.islamonweb.net/ml/muslim-world-on-web/civilization-relics/3…