തരവത്ത് അമ്മാളുവമ്മ

 മധ്യകേരളം കണ്ട ഏറ്റവും വലിയ പണ്ഡിതയും എഴുത്തുകാരിയുമാണ് പത്രപ്രവർത്തകയായിരുന്ന തരവത്ത് അമ്മാളുവമ്മ. മലയാളത്തിൽ മാത്രമല്ല, സംസ്കൃതം, തമിഴ് തുടങ്ങിയ ഭാഷകളിലും അസാമാന്യമായ അറിവ് സ്വയക്തമാക്കിയിരുന്നു.  ഭക്തമാല (3 ഭാഗങ്ങൾ) ശിവഭക്തവിലാസം, ലീല, ബാലബോധിനി, കൃഷ്ണഭക്തി ചന്ദ്രിക, ബുദ്ധചരിതം, ബുദ്ധഗാഥ, കോമളവല്ലി (2 ഭാഗങ്ങൾ) സർവ്വവേദാന്തസിദ്ധാന്ത സംഗ്രഹം, ഒരു തീർത്ഥയാത്ര, ശ്രീ ശങ്കരവിജയം എന്നിവയാണ് പ്രധാന രചനകൾ. 1914-ൽ ‘കമലാഭായി അഥവാ ലക്ഷ്മീവിലാസത്തിലെ കൊലപാതകം’ എന്ന കൃതിയിലൂടെ മലയാളത്തിൽ ഒരു സ്ത്രീ എഴുതിയ ആദ്യത്തെ അപസർപ്പകനോവൽ രചിച്ച് ചരിത്രം സൃഷ്ടിച്ച എഴുത്തുകാരിയാണ് തരവത്ത് അമ്മാളു അമ്മ. കൂടാതെ സംഗീതത്തിലും ഗണിതശാസ്ത്രത്തിലും അമ്മാളുവമ്മ മിടുക്കുള്ളവരായിരുന്നു. 
      
     സ്ത്രീകൾ സാഹിത്യത്തിൽ അത്രഅധികം ഉത്സാഹത്തോടെ പ്രവർത്തിച്ചിരുന്ന കാലത്തല്ല അമ്മാളുഅമ്മ ജീവിച്ചത്.നിസർഗ്ഗസിദ്ധമായ വാസനകൊണ്ടാവണം അമ്മാളുഅമ്മ ഒരു പ്രശസ്ത സാഹിത്യകാരിയായത്. സ്ത്രീകളും പുരുഷന്മാരോടൊപ്പമോ അതിൽ കൂടുതലോ സാഹിത്യാഭിരുചിയുള്ളവരാണെന്നായിരുന്നു അമ്മാളുഅമ്മയുടെ ഉറച്ച വിശ്വാസം. ഒരിക്കൽ  - ലക്ഷ്മിഭായി' മാസികയിൽ പ്രസിദ്ധപ്പെടുത്തിയ 'സത്രീകളുടെ സാഹിത്യവാസന' എന്ന ഉപന്യാസത്തിൽ അവർ ഇപ്രകാരം എഴുതുകയുണ്ടായി.സ്ത്രീകൾക്ക് സാഹിത്യവാസനയുണ്ടോ എന്നു ചിലർ സംശയിച്ചുവരുന്നതായറിയുന്നു. എന്നാൽ സാഹിത്യവാസനയുടെ ഇരിപ്പുതന്നെ സ്ത്രീകളിലാണെന്നാണ് ഞാൻ പറയുന്നത്. സാഹിത്യത്തിന്റെ അധിഷ്ഠാന ദേവത തന്നെ സ്ത്രീയായിരിക്കുന്നതിനാൽ ഇതുപറയാൻ പ്രത്യേകം അവകാശം ഉണ്ടല്ലോ? സാക്ഷാൽ പരാശക്തിയുടെ അംശം ലേശം സകല സ്ത്രീജനങ്ങളിലുമുണ്ടെന്ന് പുരാണങ്ങൾ ഘോഷിക്കുന്നു. അതിനാൽ സാഹിത്യത്തിന്റെ അധിഷ്ഠാനദേവതയും പരാശക്തിയുടെ ശക്തി ലേശം സ്ത്രീകളിൽ അന്തർലീനമായിരിക്കുന്ന ഈ ശക്തിവിശേഷത്തെ -  പരമ്പരാസിദ്ധമായിരിക്കുന്ന ഈ സാഹിത്യ വാസനയെ - നൂതനപരിഷ്കാരസമ്പ്രദായത്താൽ മൂടപ്പെട്ടിരിക്കുന്നു. ഈ ജ്ഞാനദീപത്തെ അവിദ്യയുടെ ആവരണത്തിൽനിന്ന് യാഥാർത്ഥ സംസ്കാരം നിമിത്തം വെളിപ്പെടുത്തുന്നതായാൽ ശാണഘർഷണത്താൽ മാലിന്യം നീങ്ങി പ്രകാശിക്കുന്ന ദിവ്യരത്നംപോലെ അതു സ്ത്രീകളിൽ പ്രകാശിക്കുന്നതായിരിക്കും. സാഹിത്യവാസനാബലം സ്ത്രീകൾക്ക് സ്വതസിദ്ധമാണെന്ന് തെളിയിക്കുന്നവയായ അനവധി ദൃഷ്ടാന്തങ്ങൾ പുരാണങ്ങളിലുണ്ട്.'' 

   മലബാറിൽ പലയിടത്തും മുൻസിഫായിരുന്ന കൊടുവായൂർ ചിങ്ങച്ചംവീട്ടിൽ ശങ്കരൻനായരുടെയും തരവത്ത് കുമ്മിണിയമ്മയുടെയും മകളായി 1873 - ഏപ്രിൽ 26ന് (കൊ.വ 1048 മേടം) അമ്മാളു അമ്മ ജനിച്ചത്. പാലക്കാട് ജില്ലയിലെ വടക്കുന്തറയാണ് ജന്മസ്ഥലം.ടിപ്പുവിന്റെ അക്രമണകാലത്ത് വടക്കേ മലബാറിൽ നിന്ന് പാലക്കാട്ടുവന്ന് അഭയം പ്രാപിച്ചവരായിരുന്നു അമ്മാളുവമ്മയുടെ പൂർവ്വികർ. അമ്മാളുവമ്മയെ എഴുത്തിനിരുത്തിയതും പ്രാഥമികപാഠങ്ങൾ പഠിപ്പിച്ചതും ഒരു നാട്ടെഴുത്തച്ഛനായിരുന്നു. ഇതിന്റെ കൂടെ വീട്ടിൽ വെച്ചുതന്നെ സംസ്കൃതവും സംഗീതവും അഭ്യസിക്കാൻ ഇവർ തയ്യാറായി. ക്രമത്തിൽ ഗണിതശാസ്ത്രവും പിതാവിന്റെ പക്കൽ നിന്നും തമിഴും പഠിക്കാൻ തുടങ്ങി. സ്വപരിശ്രമത്താൽ മലയാളത്തിലും സംസ്കൃതത്തിലും തമിഴിലും അവഗാഹം നേടിയ അമ്മാളു അമ്മയ്ക്ക് കൊച്ചി മഹാരാജാവ് സാഹിത്യ സഖി ബിരുദം നല്കാൻ തയ്യാറായെങ്കിലും അവർ അതു സ്വീകരിച്ചില്ല.

    പതിനഞ്ചാമത്തെ വയസ്സിൽ പൊന്നാനി താലൂക്കിലെ പുന്നത്തൂർ കോവിലകത്തെ ഒരു തമ്പുരാനുമായി അമ്മാളുഅമ്മയുടെ വിവാഹം നടന്നു. എന്നാൽ, ഈ വിവാഹബന്ധത്തിന് അധികം ആയുസ്സുണ്ടായില്ല. അതിനുശേഷം അധികം താമസിയാതെ ഇവരുടെ അച്ഛന്റെ മരണവും സംഭവിച്ചു. അതിനുശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം കുമ്മണിയമ്മയിലും അമ്മാളുവമ്മയിലുമായി. പക്ഷെ, ഈ തിരക്കുകൾക്കിടയിലും അമ്മാളുവമ്മ സംസ്കൃതപഠനത്തിനും സാഹിത്യരചനയ്ക്കും സമയം കണ്ടെത്തിയിരുന്നു.   . തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ, സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ നാടു കടത്തിയപ്പോൾ അദ്ദേഹത്തിനും കുടുംബത്തിനും അഭയം നല്‍കുകവഴി തിരുവിതാംകൂർ ചരിത്രത്തിലും ഇടം നേടി. വ്യാഴവട്ട സ്മരണകള്‍ എന്ന കൃതിയില്‍ ഇക്കാര്യത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. 1936-ജൂൺ 6 ന് ഇവര്‍ അന്തരിച്ചു.

   അമ്മാളുഅമ്മ ഗ്രന്ഥരചന തുടങ്ങിയതിനെപ്പറ്റി ഒരു കഥയുണ്ട്.  അമ്മാളുഅമ്മ പാലക്കാട്ടു താമസിക്കുമ്പോൾ അടുത്തുതന്നെയുള്ള നൂറണി ഗ്രാമത്തിൽ താമസിച്ചിരുന്ന ശേഷൻപട്ടർ എന്നൊരാൾ അവർക്ക് പുതിയ പുതിയ പുസ്തകങ്ങൾ കൊടുത്തയക്കുക പതിവായിരുന്നു. ഒരിക്കൽ വായിക്കാൻ കൊടുത്തത് ആയിടെ പ്രസിദ്ധപ്പെടുത്തിയ 'ഭക്തമാല' എന്ന സംസ്കൃത ഗ്രന്ഥമായിരുന്നു. ബാലന്മാർക്കുപോലും മനസ്സിലാകത്തക്ക വിഷ്ണുഭക്ത കഥകളായിരുന്നു "ഭക്തമാല'യുടെ ഉള്ളടക്കം. ആ കഥകൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്യാൻ അവർ തീരുമാനിക്കുകയും അതിന്റെ ഫലമാണ് "ഭക്തമാല'യുടെ  പ്രസിദ്ധീകരണം 1907ൽ നടന്നത്.1908ൽ പ്രസിദ്ധീകരിച്ച 'ശിവഭക്തവിലാസം ഒരു സംസ്കൃത​ഗ്രന്ഥത്തിന്റെ തർജ്ജമയാണ്. 1911ൽ പ്രസിദ്ധീകരിച്ച'ലീല' തമിഴ് നോവലിന്റെ വിവർത്തനമാണ്.  അതേവർഷംതന്നെ ബാലോപദേശ കഥകൾ  ഉൾപ്പെടുന്ന "ബാലബോധിനി'യും പ്രസിദ്ധീകരിച്ചു. സംസ്കൃതത്തിലുള്ള ഒരു ചെറുനാടകത്തിന്റെ തർജ്ജമയാകുന്നു 1912-ൽ പ്രസിദ്ധീകരിച്ച കൃഷ്ണ ഭക്തി ചന്ദ്രിക."ബുദ്ധചരിതം' സർ എഡ്വിൻ ആർനോൾഡിന്റെ Light of Asia ആധാരമാക്കി 1913ൽ രചിച്ച ഗദ്യകൃതിയാണ്. 1952ൽ പ്രസിദ്ധീകരിച്ച 'ഒരു തീർത്ഥയാത്ര' അനുജനായ ഡോക്ടർ ടി വി നായരുടെ ഭൗതികാവശിഷ്ടം ഗംഗയിൽ നിക്ഷേപിക്കുന്നതിന് അമ്മാളു മ്മ ഉത്തരേന്ത്യയിൽ പോയതിനെപ്പറ്റിയുള്ള യാത്രാവിവരണമാകുന്നു. കുംഭകോണം ശങ്കരാചാര്യസ്വാമി ശിഷ്യന്മാരുടെ ആവശ്യപ്രകാരം 1928ൽ ഒരു തമിഴ്കൃതി വിവർത്തനം ചെയ്തതാണ് "ശ്രീ ശങ്കരവിജയം" .

     സാഹിത്യ പരിഷത്തിന്റെ ഒന്നിലധികം സമ്മേളനങ്ങളിൽ അമ്മാളുഅമ്മ പങ്കെടുത്തിട്ടുണ്ട്. 31.12.1927ൽ തൃശൂരിൽവെച്ച് നടന്ന സാഹിത്യപരിഷത്തിൽ അധ്യക്ഷതവഹിച്ചുകൊണ്ട് അമ്മാളുഅമ്മ  ഇപ്രകാരം പറഞ്ഞു - സാഹിത്യവിഷയങ്ങളെപ്പറ്റി ആലോചിക്കുവാനും ഭാഷയുടെ ഉൽക്കർഷത്തിനും വേണ്ടുന്ന മാർഗങ്ങൾ ചിന്തിച്ചു പ്രവർത്തിക്കുവാനും പരിഷത്തുപോലുള്ള സമ്മേളനങ്ങൾ അത്യാവശ്യമാണ്. പണ്ടത്തെ "ഭാഷാപോഷിണി സഭ നിന്നു പോയതോടുകൂടി ഭാഷാവിഷയത്തെസംബന്ധിച്ച് കേരളീയർ നിരുത്സാഹമായി തീർന്നു. അതിനെ വേറൊരു പേരിൽ പുനരുജ്ജീവിപ്പിച്ച ഭാഷാസ്നേഹികളോട് നാം എന്നെന്നും നന്ദിയുള്ളവരായിരിക്കേണ്ടതാണ്. ഇതു രണ്ടാമത്ത സമ്മേളനമാണല്ലോ ഈ മാതിരി സമ്മേളനങ്ങൾ മോലലിും മുടക്കം കൂടാതെ നിർവ്വഹിച്ച് പ്രവർത്തകന്മാരുടെ ഉദ്ദേശ്യത്തെ സഫലമാക്കിതീർക്കേണ്ടതു സകല കേരളീയരുടെയും ചുമതലയാണ്. സമ്മേളനങ്ങൾകൊണ്ടുമാത്രം ഉദ്ദേശ്യം മുഴുവനും സാധിക്കുന്നതല്ല പ്രവൃത്തിമൂലം നമ്മുടെ ഉദ്യമങ്ങളെ  ഫലവത്താക്കിത്തീർക്കുകയാണ സർവ്വോപരിയായി വേണ്ടത് നമ്മുടെ ഭാഷക്കു പലേ പരിഷ്കാരങ്ങൾ വരുത്തേണ്ടതുണ്ട്. അവയെപ്പറ്റി ചിന്തിച്ചുറയ്ക്കുവാനുള്ള  അവസരം ഈ മാതിരി സമ്മേളനങ്ങളാണ്. ഇവിടെ യോ​ഗം കൂടി തീർച്ചപ്പെടുത്തുന്ന കാര്യങ്ങളെ നിർവ്വഹിക്കാൻ ഒരു നിർവാഹക സംഘത്തയോ സംഘങ്ങളേയോ രൂപീകരിക്കുന്നതു നന്നായിരിക്കും. നമുക്കുള്ള  ഗ്രന്ഥങ്ങളെ വർധിപ്പിക്കുകയാണ് നാം ഒന്നാമതായി ചെയ്യേണ്ടത്. സാഹിത്യത്തിന്റെ പുഷ്ടി ഉത്തമ ഗ്രന്ഥങ്ങളുടെ വർദ്ധനയെ ആശ്രയിച്ചിരിന്നു. അങ്ങനെയുള്ള ഗ്രന്ഥങ്ങൾ സ്വന്തം കൽപനകളായാലും ശരി, അന്യഭാഷകളിൽനിന്നുള്ള തർജ്ജമകളായാലും ശരി അവ സദാചാരത്തെയും സൽസ്വഭാവത്തെയും സഹായിക്കുന്നതായിരിക്കണം. ഇത്തരം ക്യതികൾ നിർമ്മിക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനും ക്ഷുദ്രകൃതികളുടെ പ്രചാരത്തെ തടയുവാനും ഭാഷാഭിമാനികൾ ഒത്തുചേർന്ന് വല്ല ഏർപ്പാടും ചെയ്യേണ്ടതാണ്.

    സാഹിത്യനിരൂപണത്തിൽ ചില നിഷ്ക്കർഷകളേർപ്പെടുത്തുന്നതും ഇതിനൊരു സഹായമായിരിക്കും. പ്രോത്സാഹിപ്പിക്കുവാൻ ആളില്ലാത്തതു കൊണ്ടും സാമ്പത്തികമായ അശക്തികൊണ്ടും പലേ ഗ്രന്ഥകാരന്മാരും സാഹിത്യരംഗത്തിൽ പ്രവേശിക്കാൻ സാധിക്കാതെ കുഴയുന്നുണ്ട്. അങ്ങനെയുള്ളവരെ ഉത്സാഹിപ്പിക്കുകയും അവരുടെ കൃതികൾ പ്രസിദ്ധപ്പെടുത്തുവാൻ സഹായിക്കുകയും ചെയ്യേണ്ടത് മറ്റൊരു കർത്തവ്യമാണ്."

References

References

 

1. എ കൃഷ്ണകുമാരി : വനിതാ പത്രപ്രവർത്തനം ചരിത്രവും വർത്തമാനവും :               കേരള സാഹിത്യഅക്കാദമി, തൃശൂർ, മാർച്ച് 2010
2. വിനീത് സുകുമാരൻ : മലയാളത്തിൽ ആദ്യത്തെ അപസർപ്പകനോവൽ                  എഴുതിയ, കൊച്ചിരാജാവിൻറെ അവാർഡ് നിരസിച്ച സ്ത്രീ :ജൂൺ 6,      2019,              https://newsgil.com/2019/06/06/memmory-of-tharavath-ammalu-amma/
3. തരവത്ത് അമ്മാളുവമ്മ                                                                                                                    :http://keralasahityaakademi.org/Writers/Profiles/TharavathAmmaluamma/Ht…