ടി.പി. രാധാമണി
ആകാശവാണിയിലെ ആദ്യകാല അനൗണ്സർ മാരിലൊരാളായിരുന്നു ടി.പി. രാധാമണി. ശബ്ദവിന്യാസ വൈവിധ്യമാണ് റേഡിയോ നാടകങ്ങളിലും ശബ്ദ പ്രക്ഷേപണകലയിലും അവരെ പതിറ്റാണ്ടുകളോളം ജനപ്രിയയായി നിര്‍ത്തിയത്. കണ്ണകി എന്ന റേഡിയോ നാടകമാണ് അവരെ ആ രംഗത്ത് ഏറെ പ്രശസ്തയാക്കിയത്. സിനിമാ കഥാപാത്രങ്ങള്‍ക്കു ശബ്ദം നല്കുന്ന ഡബ്ബിങ്ങിനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാലത്താണ് രാധാമണി തനിമയാര്‍ന്ന ശബ്ദത്തിലൂടെ ഈ മേഖലയില്‍ സ്ഥാനമുറപ്പിച്ചത്. 1950- ല്‍ ആകാശവാണിയില്‍ കരാര്‍ ജീവനക്കാരിയായി തുടങ്ങിയ ടി.പി. രാധാമണി 1993-ല്‍ വിരമിച്ചു.
തിരുവനന്തപുരം മണക്കാട് സ്വദേശി. രാധാമണിയുടെ അച്ഛന് സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് മകളെ സംഗീതം പഠിപ്പിക്കുവാൻ കാരണമായത്. 1950 ൽ സ്വാതി തിരുനാൾ സംഗീത അക്കാദമിയിൽ നിന്നും ഗാനഭൂഷണം പാസായി. ആ സമയത്ത് തന്നെ, തിരുവനന്തപുരം റേഡിയോ നിലയത്തിൽ ചെറിയ തോതിൽ കച്ചേരികൾ നടത്തുമായിരുന്നു അവർ. കച്ചേരിക്ക് പുറമേ വഞ്ചിപ്പാട്ട്, കഥകളി പദങ്ങൾ എന്നിവയും അക്കാലത്ത് അവർ അവതരിപ്പിച്ചിരുന്നു. പിന്നീട് റേഡിയോ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. തിരുനയിനാര്‍ കുറിച്ചി മാധവന്നായരുടെ സത്യൻ നായകനായ കരിനിഴൽ എന്ന റേഡിയോ നാടകത്തിൽ നായികയായി. ആ നാടകം പ്രേക്ഷകർ അംഗീകരിക്കുകയും നല്ല പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തതോടെ നാടകങ്ങളിൽ സജീവമായി മാറി. സ്റ്റേജിൽ അഭിനയിച്ചു ഒട്ടും പരിചയമില്ലാതിരുന്ന രാധാമണി പക്ഷേ റേഡിയോ നാടകങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റി. സാമൂഹിക നാടകങ്ങൾ, പുരാണ നാടകങ്ങൾ തുടങ്ങി നിരവധി നാടകങ്ങളിൽ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചു. ജരാസന്ധന്റെ പുത്രി, എസ് രമേശൻ നായർ എഴുതിയ ചിലപ്പതികാരം, കുന്തി, ഗാന്ധാരി, ഝാൻസി റാണി, ഉമയമ്മ റാണി തുടങ്ങിയവ രാധാമണി അഭിനയിച്ച പ്രശസ്തമായ റേഡിയോ നാടകങ്ങളാണ്.
സംഗീതകോളേജില്‍ വിദ്യാര്‍ഥിനിയായിരുന്നപ്പോള്‍ ശെമ്മാങ്കുടിയുടെ കച്ചേരി കേള്‍ക്കാന്‍ വന്ന സര് സി.പി.യെ കെ.സി.എസ്.മണി വെട്ടിയപ്പോള്‍ സദസ്സില്‍ കേള്‍വിക്കാരിയായി രാധാമണിയുണ്ടായിരുന്നു. സി.പി. താമസിച്ചിരുന്ന ഭക്തിവിലാസം ആകാശവാണി നിലയമായി മാറിയപ്പോള്‍ രാധാമണി അവിടത്തെ അന്തേവാസിയായി എത്തിയെന്നത് ജീവിതത്തിലെ യാദൃശ്ചികത. ശബ്ദത്തിനു മുമ്പേ രാധാമണിയുടെ കൈവള കിലുക്കമാണ് ആകാശവാണിയില്‍ ആദ്യം മുഴങ്ങിയത്.റേഡിയോ നാടകത്തിലെ കഥാപാത്രമായ സ്ത്രീയാണെന്ന അനുഭവം ഉണ്ടാക്കാന്‍ പ്രയോഗിച്ച സൂത്രവിദ്യയായിരുന്നു അത്. തുടര്‍ന്ന് ആകാശവാണി റേഡിയോ നാടകവാരം ആരംഭിച്ചപ്പോള്‍ കഥാപാത്രങ്ങള്‍ തേടിവന്നു.സത്യന്റെയും കൊട്ടാരക്കരയുടെയുമൊക്കെകൂടെ അങ്ങനെ വേദികള്‍ പങ്കിട്ടു. അഗ്നിസാക്ഷിയായിരുന്നു വലിയൊരു നാഴികക്കല്ല് . അഗ്നിസാക്ഷിയുടെ കഥ വായിച്ചത് രാധാമണിയായിരുന്നു. നാട്ടിന്‍പുറം, മഹിളാലയം തുടങ്ങി ഒട്ടേറെ പരിപാടികളിലൂടെ അവര്‍ വീടുകളില്‍ വിരുന്നെത്തി.സൂക്ഷ്മമായ നിരീക്ഷണങ്ങളായിരുന്നു അവരുടെ പ്രത്യേകത. കരയാനാണോ ചിരിക്കാനാണോ നാടകത്തില്‍ എളുപ്പം എന്ന ചോദ്യത്തിന് അവര്‍ പറഞ്ഞു. കരയാനാണ് എളുപ്പം. കരഞ്ഞാല്‍ ഏങ്ങിയേങ്ങി കരയാം. ചിരിക്കാന്‍ അത്ര എളുപ്പമല്ല എന്നായിരുന്നു ഉത്തരം.
ദേവികന്യാകുമാരി, ഏണിപ്പടികള്‍, ലൈലാ മജ്നു, ശ്രീഗുരുവായൂരപ്പന്, പ്രിയമുള്ള സോഫിയ, ശാലിനി എന്റെ കൂട്ടുകാരി, കള്ളന് പവിത്രന്, കേള്‍ക്കാത്ത ശബ്ദം, നവംബറിന്റെ നഷ്ടം, പോക്കുവെയില്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ശബ്ദം നല്‍കിയിട്ടുണ്ട്.റേഡിയോ ആർട്ടിസ്റ്റും നടനുമായ കരമന ഗംഗാധരൻ നായരെയാണ് അവർ വിവാഹം കഴിച്ചത്. 43 വർഷം ആകാശവാണിയിൽ പ്രവർത്തിച്ച ശേഷമാണ് വിരമിച്ചത്. വിരമിച്ചതിനു ശേഷവും വിവിധ പരിപാടികളിലായി ആകാശവാണിയിൽ അവർ സജീവമാണ്. അറുപതോളം ചിത്രങ്ങളിൽ നിരവധി കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. ദേവി കന്യാകുമാരിയിൽ ദേവിയായി അഭിനയിച്ച വിനോദിനിക്ക് ശബ്ദം നൽകിയത് രാധാമണിയായിരുന്നു. സത്യൻ അന്തിക്കാടിന്റെ നിർബന്ധത്തിനു വഴങ്ങി, രസതന്ത്രം എന്ന ചിത്രത്തിൽ ഒരു ചെറു വേഷത്തിലും അഭിനയിച്ചു. പിന്നീട് ഇന്നത്തെ ചിന്താവിഷയത്തിലും ഒരു ചെറു വേഷം ചെയ്തു. 1975 ൽ കേരള സംഗീത നാടക അക്കാദമി പുരസ്കാരം രാധാമണിക്ക് ലഭിച്ചു. ആദ്യമായി ആ പുരസ്കാരം ലഭിക്കുന്ന റേഡിയോ ആർട്ടിസ്സും അവർ തന്നെ. അതിനു പുറമേ ആകാശവാണിയിലെ അവർ അവതരിപ്പിച്ച നിരവധി പരിപാടികൾ അവാർഡിന് അർഹമായിട്ടുണ്ട്. 2018 മേയ് 17 നു പൂജപ്പുരയിലെ സ്വവസതിയിൽ വച്ച് അന്തരിച്ചു.