മലയാളത്തിലെ ആദ്യ വനിതാമാസികയിലെ പ്രസാധിക : ടി സി കല്യാണിയമ്മ
![ശാരദമാസിക](/sites/default/files/styles/max_width_770px/public/2020-03/20200103-143839_p20_1.jpg?itok=v1Nuxnqv)
ശാരദമാസികയുടെ പ്രസാധികമാരിൽ പ്രമുഖയായിരുന്നു ടി സി കല്യാണിയമ്മ. 1904-ൽ കൊച്ചിയിൽ ആരംഭിച്ച ‘ശാരദ’ യാണ് മലയാളത്തിലെ ആദ്യത്തെ വനിതാ പ്രസിദ്ധീകരണം. കൊച്ചി രാജാവ് ‘സാഹിത്യസഖി’ ബഹുമതി നൽകി ആദരിച്ച ടി.സി. കല്യാണിയമ്മയുടെ മുഖ്യപത്രാധിപത്യത്തിലിറങ്ങിയ ‘ശാരദ’യുടെ പത്രാധിപസമിതി അംഗങ്ങളെല്ലാവരും സ്ത്രീകളായിരുന്നു. കഷ്ടിച്ച് രണ്ട് വർഷമേ ‘ശാരദ’യ്ക്ക് ആയുസ്സുണ്ടായിരുന്നുള്ളു.
മലയാളത്തിലെ ആദ്യ വനിതാ പത്രാധിപയായി കണക്കാക്കുന്ന കല്യാണി അമ്മ, കൊല്ലവർഷം 1055 വൃശ്ചികം പതിന്നാലിന് തൃശ്ശൂർ തെക്കെ കുറുപ്പത്താണ് ജനിച്ചത് . കല്യാണിയമ്മയുടെ അമ്മ തെക്കെ കുറുപ്പത്ത് നാരായണിയും അച്ഛൻ വടവക്കോട് മിത്രൻ ഭട്ടതിരിയുമായിരുന്നു. തൃശൂരിലെ ജൂബിലി ഗേൾസ് ഹൈ സ്കൂളിലായിരുന്നു കല്യാണിയമ്മയുടെ പ്രാഥമിക വിദ്യാഭ്യാസം. പഠിത്തത്തിൽ ഉന്നത നിലവാരം പുലർത്തിയിരുന്ന ഇവരുടെ വിദ്യാഭ്യാസം പക്ഷെ 8-ാം ക്ലാസിൽവെച്ച് അവസാനിപ്പിക്കേണ്ടിവന്നു. അന്ന് സ്കൂളിൽ പഠിപ്പിച്ചിരുന്ന ഭൂമിശാസ്ത്രം , ക്ഷേത്രഗണിതം, രസതന്ത്രം മുതലായ വിഷയങ്ങൾ മാത്രം പെൺകുട്ടികൾ പഠിച്ചാൽ പോര എന്ന അഭിപ്രായക്കാരനായിരുന്നു ഇവരുടെ ബന്ധുവായ ഗോവിന്ദൻകുട്ടിമേനോൻ. മേനോന്റെ ഈ അഭിപ്രായം. കൊച്ചി ആക്ടിങ് ദിവാൻ കെ നാരായണമാരാരുമായി പങ്കുവെച്ചു. ഇവർ വിദ്യാഭ്യാസ മേലധ്യക്ഷനോട് ഗൃഹഭരണം, തുന്നൽ, വീണവായന, പാചകശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ സ്ത്രീകളുടെ വിദ്യാഭ്യാസത്തിൽ ഉൾപ്പെടു ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ വിദ്യാഭ്യാസ മേലധ്യക്ഷൻ ഇത്തരത്തിലുള്ള വിദ്യാഭ്യാസ പരിഷ്കാരം നടപ്പിലാക്കാൻ തയ്യാ റായില്ല. ഇതുകാരണം ഗോവിന്ദമേനോൻ കല്യാണിയമ്മയെ ആ സ്കൂളിൽ തുടർന്നുപഠിക്കാൻ അനുവദിച്ചില്ല. മറ്റുചില പെൺകുട്ടികളും കല്യാണിയമ്മയോടൊപ്പം ആ സ്കൂളിൽനിന്നും വിദ്യാഭ്യാസം നിർത്തുകയും ചെയ്തു. ഇവിടെനിന്നു വിട്ടുപോന്ന വിദ്യാർഥിനികളെവെച്ച് വിദഗ്ദ്ധരായ അധ്യാപകരെ നിയോഗിച്ച് ഈ വിഷയങ്ങളെല്ലാം ഉൾക്കൊള്ളിച്ച് വിദ്യാഭ്യാസം തുടരാനുള്ള പദ്ധതി ഗോവിന്ദമേനോൻ നടപ്പിലാക്കുകയും ചെയ്തു. അന്നത്തെ വടക്കാഞ്ചേരി മാദ്ധ്യമ പാഠശാലയിലെ പ്രധാനാധ്യാപകനായിരുന്ന വിശ്വനാഥയ്യരുടെ ശിക്ഷണത്തിലാണ് കല്യാണിയമ്മ ഇംഗ്ലീഷ് പഠിച്ചത്.
17-ാമത്തെ വയസ്സിൽ കല്യാണിയമ്മയെ തോട്ടയ്ക്കാട്ട് കുഞ്ഞികൃഷ്ണ മേനോൻ വിവാഹം കഴിച്ചു. അതിനുശേഷം കുഞ്ഞികൃഷ്ണമേനോന്റെ കീഴിൽ വിദ്യാഭ്യാസം തുടരുകയും ആ ഭാഷയിൽ വൈദഗ്ദ്ധ്യം നേടുകയും ചെയ്തു. ധാരാളം ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കുകയും ഇതിലൂടെ കല്യാണിയമ്മ ഇംഗ്ലീഷ് സാഹിത്യത്തിൽ നിപുണയാവുകയും ചെയ്തു. അതോടൊപ്പം മലയാളത്തിലെയും പ്രമുഖ പുസ്തകങ്ങൾ മിക്കവാറും ഇവർ വായിക്കുകയും മലയാളഭാഷയിൽ പാണ്ഡിത്യം തെളിയിക്കുകയും ചെയ്തു.
'ഈസോപ്പ് കഥകൾ’ ആദ്യമായി മലയാളത്തിന് പരിചയപ്പെടുത്തിയത് കല്യാണി അമ്മയാണ്. രണ്ടാമത്തെപുസ്തകമാണ് 'നമ്മുടെ അമ്മ റാണി' . കേരളകാളിദാസൻ കേരളവർമ്മ വലിയകോയിതമ്പുരാൻ ഈ പുസ്തകത്തെക്കുറിച്ച് എഴുതിയ ചില വരികൾ
"അച്ചടിക്കുമുമ്പായി ഈ പുസ്തകത്തെ ഞാൻ വളരെ സന്തോഷത്തോടെ വായിച്ചുനോക്കുകയും അൽപാൽപമായി ഓരോ ഭേദഗതികൾ വരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ കല്യാണിയമ്മയുടെ സരളമായ രീതിക്ക് ഭംഗിക്കുറവ് വന്നേക്കുമോ എന്ന ആശങ്കയിൽ കാര്യമായ യാതൊരു മാറ്റവും ഞാൻ ചെയ്തിട്ടില്ല. ഇത്ര ശ്ലാഘ്യമായ വിധത്തിൽ ഈ സാഹിത്യ പരിശ്രമത്തെ നിറവേറ്റിയിരിക്കുന്ന കല്യാണിയമ്മയുടെ സാമർത്ഥ്യത്തെ കൊണ്ടോടി അനുമോദിക്കുന്നതിൽ സകല കേരളീയരും എന്നോട് കൂടി ചേരുമെന്ന് ഞാൻ മനപൂർവ്വമായി വിശ്വസിക്കുന്നു".(സുമംഗലയിൽ വന്ന ലേഖനത്തിൽ നിന്ന്)
മൂന്നാമത്തെകൃതി 'ഒരുകഴുതയുടെ കഥ', നാലാമത് തർജമചെയ്ത പുസ്തകം 'ചില പഴയകഥകൾ', തുടർന്ന് പ്രസിദ്ധീകരിച്ച പുസിതകങ്ങളാണ് 'കാദംബരീ കഥാസാരം' എന്ന ലഘു പുസ്തകം, 'വിഷവൃക്ഷം'. ഇതുകൂടാതെ കല്യാണിയമ്മ ധാരാളം ഉപന്യാസങ്ങളും ലേഖനങ്ങളും എഴുതുകയും അവ മാസികകളിലും പത്രങ്ങളിലും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കൃതികളിൽ 'വിഷവൃക്ഷ'മൊഴികെ ബാക്കിയെല്ലാം കുട്ടികളെ ഉദ്ദേശിച്ചിട്ടുള്ളതാണ്. എഴുത്തുകൂടാതെ സ്ത്രീ സമാജങ്ങളിൽ താൽപര്യം കാണിക്കുകയും അവയിൽ മുഖ്യപ്രാസംഗികയായി വനിതകളുടെ പ്രയത്നത്തിനു കഠിനപ്രയത്നം ചെയ്യുകയും ചെയ്തിരുന്നു.
References
1.എ കൃഷണകുമാരി വനിതാ പത്രപ്രവർത്തനം ചരിത്രവും വർത്തമാനവും; കേരളസാഹിത്യ അക്കാദമി, തൃശൂർ മാർച്ച് 2010.
2. സാജു ചേലങ്ങാട്; വനിതകളുടെ പത്രപ്രവർത്തനവും കൊച്ചിയും ,Sep 10, 2019,
Read more at: https://www.mathrubhumi.com/ernakulam/nagaram/article-1.4108392