യശോദ ടീച്ചർ - ആദ്യത്തെ സ്വന്തം ലേഖിക
മലയാളത്തിലെ ആദ്യത്തെ സ്വന്തം ലേഖികയും ആദ്യത്തെ സ്കൂൾ അധ്യാപികയുമാണ് യശോദ ടീച്ചർ. പോരാട്ടസമരങ്ങളുടെ ആദ്യത്തെ സ്ത്രീ സംഘാടക കൂടിയാണ്.ജാനകിയുടെയും ധർമ്മടത്ത് പയ്യനാടൻ ഗോവിന്ദൻറെയും മകളായി 1916 ഫെബ്രുവരി 12 ന് യശോദ ജനിച്ചു. കല്യാശ്ശേരി ഹയർ എലിമെൻററി സ്കൂളിൽ ഏക വിദ്യാർത്ഥിനിയായി എട്ടാം തരത്തിൽ ചേർന്നു.1931-ൽ എട്ടാംതരത്തിനുശേഷം യശോദ അധ്യാപികയായി ചേരുമ്പോൾ അവർക്ക് പ്രായം പതിനഞ്ചു വയസ്സ് . ഏപ്രിലിൽ തന്നെ പരിശീലനം ലഭിക്കാത്ത (അൺട്രെയിൻഡ്) ടീച്ചറായി. അമ്മാവൻ ഗോവിന്ദൻ മാസ്റ്റർ ഹെഡ്മാസ്റ്ററായ സ്കൂളിൽ ആദ്യ നിയമനം. 1933-35 കാലഘട്ടത്തിൽ അധ്യാപികാ പരിശീലനം നേടി.1939-ൽ 198 ടീച്ചർമാരുടെ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി. അതിൽ യശോദ ഉൾപ്പെടെ രണ്ട് അധ്യാപികമാരും ഉണ്ടായിരുന്നു. മാപ്പെഴുതിക്കൊടുത്താൽ അവരെ തിരിച്ചെടുക്കുമായിരുന്നു. പക്ഷെ, മാപ്പെഴുതാൻ യശോദ തയ്യാറായിരുന്നില്ല. മലബാർ ടീച്ചേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി.ക്ക് പ്രൈവറ്റായി പരീക്ഷ എഴുതാൻ അധ്യാപകർക്ക് അവസരം വേണമെന്ന ആവശ്യമടക്കം ഉന്നയിച്ച് 1939 ൽ നടന്ന അധ്യാപകസമരം അവരുടെ ജീവിതത്തിലെ വഴിത്തിരിവായി. 1942 മാർച്ച് എട്ടിനാണ് എലിമന്ററി സ്കൂൾ ലിവിങ് സർടിഫിക്കറ്റ് കിട്ടിയത്. 1943 ഡിസംബറിൽ സിന്ധിൽ നടന്ന ആൾ ഇന്ത്യാ വിമൺസ് കോൺഫറൻസിന്റെ ദേശീയ സമ്മേളനത്തിലും 1949 ൽ കൊൽക്കത്തയിൽ സംഘടിപ്പിച്ച ഏഷ്യാറ്റിക് വിമൺസ് കോൺഫറൻസിലും യശോദ ടീച്ചർ പങ്കെടുത്തു.
1952ൽ കമ്യൂണിസ്റ്റ് നേതാവും സഹപ്രവർത്തകനുമായ കാന്തലോട്ട് കുഞ്ഞമ്പുവിനെ വിവാഹം ചെയ്തു.1939ൽ ബ്രിട്ടീഷ് സർക്കാർ യശോദ ടീച്ചറുടെ അധ്യാപക സർട്ടിഫിക്കറ്റ് റദ്ധാക്കുകയുണ്ടായി.അധ്യാപകജോലിയോടൊപ്പം തന്നെ അവർ രാഷ്ട്രീയപ്രവർത്തകയും ദേശാഭിമാനിയിലെ ആദ്യത്തെ സ്വന്തം ലേഖികയുമായി. കണ്ടക്കൈ സമര പോരാളി കുഞ്ഞാക്കമ്മയുടെയും കാവുമ്പായി സമരത്തിൻറെ വീര വനിത ചെറിയമ്മയുടെയും ചെറുത്തുനിൽപ്പിൻറെ കഥകൾ പുറം ലോകം ആദ്യം അറിഞ്ഞത് യശോദ ടീച്ചറുടെ റിപ്പോർട്ടിലൂടെയാണ്. വധശിക്ഷ കാത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന കയ്യൂർ സഖാക്കളെ ജയിലിൽ സന്ദർശിച്ച ഏക വനിതയും ടീച്ചറാണ്. സ്ത്രീകളെ സംഘടിപ്പിച്ച് ചർക്ക, നൂൽനൂൽപ്പ് , നെയ്ത്ത് എന്നിപ പഠിപ്പിച്ചുകൊടുക്കുന്നതിൽ മുന്നിൽ പ്രവർത്തിച്ചു. ഇതോടൊപ്പം തന്നെ സാക്ഷരതാ ക്ലാസുകളും ബോധവൽക്കരണ ക്ലാസുകളുമുണ്ടായിരുന്നു.യശോദ ടീച്ചറുടെ നേതൃത്വത്തിൽ തുടങ്ങിയ മഹിളാ പ്രസ്ഥാനമാണ് പിന്നീട് മലബാർ മേഖലയിൽ മുഴുവനും വേരുപിടിച്ചത്. ചവിട്ടിക്കുഴച്ച മണ്ണ് ഉൾപ്പെടെ നിരവധി നാടകങ്ങളിലും അക്കാലത്ത് അഭിനയിച്ചു. സ്ത്രീകൾ മാത്രം അഭിയനിക്കുക്കുകയും സ്ത്രീകൾ സംഘാടകരാകുകയും ചെയ്ത നാടകങ്ങൾ വലിയ ജനപ്രീതി നേടി. മഹിളാ സമാജത്തിന്റെ കെട്ടിടം നിർമിക്കാൻ നാടകത്തിന്റെ ടിക്കറ്റ് വിറ്റ് പണവും കണ്ടെത്തി. പല തവണ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.2009 ജൂലൈ 27 ന് അന്തരിച്ചു.