മലയാളത്തിലെ ആദ്യ റേഡിയോ അനൗൺസർ

മലയാളത്തിലെ ആദ്യ റേഡിയോ അനൗൺസർ
കടപ്പാട് : https://www.thatsfarming.com/news/thats-farming-radio-show

  മലയാളത്തിലെ ആദ്യത്തെ റേഡിയോ അനൗൺസറായിരുന്നു ശാരധാമണി. മലയാളത്തിൽ ആദ്യമായി റേഡിയോ വാർത്തകൾ വായിച്ചതും ശാരദാമണി തന്നെയാണ്. 1943 മാർച്ച് 12-നാണ് തിരുവനന്തപുരത്തെ ബാന്റ് ഷെഡിൽ ട്രാവൻകൂർ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ എന്ന തിരുവിതാംകൂർ റേഡിയോ നിലയം ആരംഭിച്ചത്. 1942 മുതലേ ശാരധാമണി റേഡിയോ പരിപാടികൾ അവതരിപ്പിച്ചു തുടങ്ങിയിരുന്നു. 

 “ആദ്യകാലത്ത് വെള്ളിയാഴ്ചകളിൽ വൈകുന്നേരം 7 മണിമുതൽ 9 മണിവരെയായിരുന്നു പ്രക്ഷേപണം.പിന്നീടത് ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലേക്ക കൂടിയാക്കി.പ്രാരംഭഗീതത്തോടെയാണ് തുടങ്ങിയിരുന്നത്.സ്വാതിതിരുനാൾ കൃതികളോടെയായിരിക്കും മിക്കവാറും തുടങ്ങുന്നത്.  സംഗീതം, നാടകം, കവിത തുടങ്ങിയ  പരിപാടികളായിരുന്നു  പ്രധാനമായും ഉണ്ടായിരുന്നത്.  വാർത്തകൾ ഇംഗ്ലീഷിലും മലയാളത്തിലും ഉണ്ടായിരുന്നു. മലയാളം വാർത്തകൾ വായിച്ചിരുന്നത് ഞാനും അനിയത്തി രാധാമണിയുമായിരുന്നു.ഇംഗ്ലീഷ് വാർത്തകൾ വായിച്ചിരുന്നത് ഇന്ദിരാ പൊതുവാളും.  പരിപാടികൾ അവസാനിച്ചിരുന്നത് ‘വഞ്ചീശമംഗള’ത്തോടെയാണ്. ‘വഞ്ചീഭൂമി പതേ ചിരം സഞ്ചിതാഭം ജയിക്കേണം’ എന്ന വഞ്ചീശമംഗളം രാജസ്തുതിയായിരുന്നു. പാട്ടുപാടുക, വാർത്ത വായിക്കുക, അനൗൺസ്മെന്റുകൾ പറയുക, ആവശ്യം വരുമ്പോൾ നാടകത്തിൽ അഭിനയിക്കുക ഇതൊക്കെയായിരുന്നു ഞങ്ങൾക്ക് ചെയ്യേണ്ടിയിരുന്നത്.”(ആ വാർത്ത എങ്ങനെവായിക്കും? ശാരധാമണി, റേഡിയോ കഥയും കലയും , കെ എ ബീന)

      തിരുവനന്തപുരത്ത് സ്വാതിതിരുനാൾ സംഗീത കോളേജിലായിരുന്നു പഠനം.  തൃശ്ശിനാപ്പള്ളി റേഡിയോ നിലയത്തിൽ കച്ചേരികൾ അവതരിപ്പിച്ചായിരുന്നു ശാരധാമണിയുടെ തുടക്കം.  അനിയത്തി രാധാമണിയും ഒപ്പം പരിപാടികൾ അവതരിപ്പിക്കാനുണ്ടായിരുന്നു. തിരുവിതാംകൂർ ടെലഫോൺ, വിദ്യച്ഛക്തി വകുപ്പുകളുടെ ഭാഗമായിട്ടാണ് അന്ന് റേഡിയോ നിലയം പ്രവർത്തിച്ചിരുന്നത്. തിരുവിതാംകൂർ സർവ്വകലാശാലയ്ക്കായിരുന്നു പരിപാടികളുടെ ചുമതല. താല്ക്കാലികമായി കെട്ടിയുണ്ടാക്കിയ രണ്ട് ഷെഡുകളിലായിരുന്നു നിലയം പ്രവർത്തിച്ചിരുന്നത്.  എല്ലാ പരിപാടികളും ലൈവായിരുന്നു. റെക്കാർഡിംഗ് ഒക്കെ പിന്നീടാണ് വന്നത്. 1950 ൽ തിരുവിതാംകൂർ റേഡിയോ നിലയം ആകാശവാണി തിരുവനന്തപുരം നിലയമായപ്പോൾ ശാരദാമണിയും അവിടെ ചേർന്നു.  നീണ്ട 38 വർഷങ്ങൾ റേഡിയോയിൽ പ്രവർത്തിച്ചു ശാരദാമണി. ശാരദാമണി-രാധാമണി സഹോദരിമാർ പറവൂർ സഹോദരിമാർ എന്നാണ് അറിയപ്പെട്ടിരുന്നത്. 1938-ൽ ബോധേശ്വരൻ രചിച്ച കേരളഗാനം ഐക്യകേരള രൂപവത്കരണശേഷമുള്ള ആദ്യനിയമസഭയിൽ ആലപിച്ചതും ഇവരായിരുന്നു. സംഗീതമായിരുന്നു അവരുടെ ജീവൻ.  
    
            “അന്ന് വൈകിട്ട് പതിവുപോലെ അനൗൺസ്മെന്റുകളും പരിപാടികളുമായി തിരക്കിലായിരുന്നു ആ ചെറുപ്പക്കാരി. റേഡിയോ നിലയത്തിലെ ഗൗരവം നിറഞ്ഞ നിശ്ശബ്ദതയെ തകർത്തെറിഞ്ഞുകൊണ്ട് ഒരു ആരവം.  ആരൊക്കെയോ ഉച്ചത്തിൽ അലറുന്നു, നിലവിളിക്കുന്നു.  എന്തൊക്കെയോ തകരുന്നു, തകർക്കുന്നു.  പേടിച്ചോടി ചെന്നത് റേഡിയോ നിലയത്തിന്റെ പൂമുഖത്തേക്ക്. അവിടെ വലിയ ഒരു ജനക്കൂട്ടം ആകെ തകർന്ന മട്ടിൽ ബഹളമുണ്ടാക്കുന്നു. അവർ അകത്തേക്ക് കയറി വന്നു. സ്റ്റുഡിയോയ്ക്ക് മുന്നിലെ ചുവന്ന ലൈറ്റ് കണ്ട് കൂകിയാർത്തു. “ഗാന്ധിജിക്ക് വെടിയേറ്റു, ഗാന്ധിജി മരിച്ചുപോയി.  എന്നിട്ട് നിങ്ങൾ സംഗീതവും വച്ച് ആഘോഷിക്കുന്നോ? നിർത്തൂ. ഗാന്ധിജിക്ക് എന്തു പറ്റിയെന്ന് പറയൂ.” യുവതിക്ക് ബോധം കെടുന്നതുപോലെ തോന്നി.  ബഹളം അനിയന്ത്രിതമായി തുടർന്നപ്പോൾ നിലയത്തിന്റെ ചുമതലക്കാർ ഓടിയെത്തി. “അന്ന് പ്രൊ.ആർ.ശ്രീനിവാസനായിരുന്നു ഡയറക്ടർ.  അദ്ദേഹം ചീഫ് സെക്രട്ടറി ജി.എൻ.തമ്പിയുമായി ബന്ധപ്പെട്ടു. ചീഫ് സെക്രട്ടറി വാർത്ത സ്ഥിരീകരിച്ച് വിശദാംശങ്ങൾ നൽകി. പ്രോഗ്രാം അസിസ്റ്റന്റായിരുന് സി.പി.ഭാസ്ക്കരപിള്ള അത് തർജ്ജമ ചെയ്ത് വാർത്താരൂപത്തിലാക്കി.  എന്നോട് വായിക്കാൻ പറഞ്ഞു.  എനിക്ക് വിറയലും  കരച്ചിലും കൊണ്ട് വായിക്കാൻ പറ്റുന്ന അവസ്ഥയല്ലായിരുന്നു.  ഞാൻ പറ്റില്ലാ എന്ന് പറഞ്ഞപ്പോൾ സി.പി.ഭാസ്ക്കരപിള്ള തന്നെ  മൈക്ക് ഓൺചെയ്ത് ഗാന്ധിജിയുടെ മരണവാർത്ത വായിച്ചു". ഇന്ന് ഈ 88-ാം വയസ്സിലും അതോർക്കുമ്പോൾ ശാരദാമണിയുടെ കണ്ണ് നിറയുന്നു.  ഇന്ത്യയുടെ ഹൃദയത്തിന് മുറിവേൽപ്പിച്ച സംഭവം മലയാളികളുടെ കാതിലെത്തിയ ആ നിമിഷത്തിന് സാക്ഷിയായ ശാരദാമണി.” (റേ‍ഡിയോ കഥയും കലയും , കെ.എ ബീന)

References

References


1. റേഡിയോ കഥയും കലയും , കെ എ ബീന,ജൂലൈ 2013, കേരളഭാഷാ                        ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
2. 'ജയജയ കോമള കേരള ധരണി...'ഒടുവില്‍ കേരളത്തിന്റെ                                           സാംസ്‌കാരികഗാനം http://archives.mathrubhumi.com/online/malayalam/news/story/3224200/201…