ശ്രീവിദ്യ
ശ്രീവിദ്യ (1953-2006)
ആർ. കൃഷ്ണമൂർത്തിയുടെയും പ്രശസ്തഗായിക എം.എൽ. വസന്തകുമാരിയുടേയും മകളായി തമിഴ്നാട്ടിലെ മദ്രാസിലാണ് ശ്രീവിദ്യ ജനിച്ചത്. ചെറുപ്പം മുതൽ സംഗീതത്തിലും നൃത്തത്തിലും കമ്പമുണ്ടായിരുന്ന ശ്രീവിദ്യ 13-ആം വയസ്സിൽ ‘തിരുവുൾ ചൊൽവർ’ എന്ന തമിഴ് സിനിമയിലെ ചെറിയ ഒരു റോളിലൂടെയാണ് സിനിമാരംഗത്ത് പ്രവേശിയ്ക്കുന്നത്.
1969-ൽ എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത ‘ചട്ടമ്പിക്കവല‘ എന്ന ചിത്രത്തിൽ സത്യന്റെ നായികയായി ശ്രീവിദ്യ മലയാള സിനിമയിൽ ഇടം പിടിച്ചു.
മികച്ച നടിയ്ക്കുള്ള മൂന്ന് സംസ്ഥാന അവാർഡുകൾ ശ്രീവിദ്യയെ തേടിയെത്തിയിട്ടുണ്ട്. 1979-ൽ ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’, ‘ജീവിതം ഒരു ഗാനം’ എന്നീ ചിത്രങ്ങൾക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 1983-ൽ ‘രചന’, 1992-ൽ ദൈവത്തിന്റെ വികൃതികൾ എന്നീ സിനിമകളിലെ പ്രകടനങ്ങൾക്ക് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് ശ്രീവിദ്യയെ തേടിയെത്തി. 1986-ൽ ഇരകൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള അവാർഡ് നേടിയ ശ്രീവിദ്യ അതേ അവാർഡ് തൊട്ടടുത്ത വർഷം എന്നെന്നും കണ്ണേട്ടൻ എന്ന ചിത്രത്തിലൂടെ അഭിനയത്തിന് രണ്ടാമതും സ്വന്തമാക്കി.
2004-ലെ ‘അവിചാരിതം’ എന്ന ടെലിവിഷൻ പരമ്പരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ടി വി അവാർഡ് ശ്രീവിദ്യക്കു ലഭിച്ചു.
‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രപിന്നണി ഗാനരംഗത്തും അവർ സാന്നിധ്യം അറിയിച്ചു. തുടർന്ന് മറ്റു ചിത്രങ്ങൾക്ക് വേണ്ടിയും അവർ പിന്നണിയിൽ പാടി.
കാൻസർ ബാധിതയായിരുന്ന അവർ 2006 ഒക്ടോബർ 19-നു അന്തരിച്ചു.