പദ്മശ്രീ ഡോ. മേരി വർഗ്ഗീസ്

എറണാകുളം ജില്ലയിലെ ചെറായി സ്വദേശിയായ ഡോ.മേരി  വർഗ്ഗീസ് വെല്ലൂർ മെഡിക്കൽ കോളജിൽ നിന്നാണ് എംബിബിഎസ് ബിരുദം നേടിയത്. ബിരുദാനന്തര ബിരുദത്തിനു തയാറെടുക്കുമ്പോൾ 1952ൽ വാഹനാപകടത്തിൽ നട്ടെല്ലു തകർന്നു കാലുകൾക്കു ചലനശേഷി നഷ്ടപ്പെട്ട മേരിയുടെ ജീവിതം പിന്നീടു വീൽചെയറിലായി. എന്നാൽ തളരാത്ത ആത്മവീര്യവുമായി അവർ തുടർന്നുള്ള ജീവിതം പരിമിതാംഗർക്കും ആലംബഹീനർക്കും വേണ്ടി മാറ്റിവച്ചു വീൽചെയറിലെ ഡോ. എന്നറിയപ്പെട്ടു!. 

തുടക്കത്തിൽ കുഷ്ഠരോഗികളുടെ ചികിത്സയിൽ ശ്രദ്ധ പതിപ്പിച്ച മേരി പിന്നീടു ന്യൂയോ‍ർക്കിൽ ഉപരിപഠനം പൂർത്തിയാക്കി തിരിച്ചെത്തിയ ശേഷം അംഗപരിമിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കു നേതൃത്വംനൽകി. വെല്ലൂർ മെഡിക്കൽ കോളജിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ചുമതല ദീർഘകാലം വഹിച്ചു. 


(ചിത്രം 1) ഡോ. മേരി വർഗീസ്, (ചിത്രം 2) ചെൽസിയുടെ പുസ്തകത്തിൽ മേരി വർഗീസിനെ കുറിച്ചുള്ള ഭാഗത്തുനിന്ന്...
യുഎസ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെയും മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റന്റെയും മകൾ ചെൽസി ലോകത്തെ മാറ്റിമറിച്ച 13 സ്ത്രീകളെക്കുറിച്ചെഴുതിയ പുസ്തകത്തിൽ ഡോ.മേരി വർഗ്ഗീസും ഇടം പിടിച്ചിരുന്നു. ‘വീൽച്ചെയറിലെ സർജൻ’ എന്നറിയപ്പെട്ട ഡോ.മേരിയുടെ നിസ്തുല ജീവിതം ചെൽസിയുടെ പുസ്തകത്തിലൂടെ ലോകത്തിനു മുന്നിലെത്തി. ‘ഷി പെഴ്സിസ്റ്റഡ് എറൗണ്ട് ദ് വേൾഡ്: 13 വിമൻ ഹു ചെയ്ഞ്ച്ഡ് ഹിസ്റ്ററി’ എന്നാണു ചെൽസിയുടെ പുസ്തകത്തിന്റെ പേര്.



യുഎസ് എഴുത്തുകാരി ഡറോത്തി ക്ലാർക്ക് ഡോ.മേരിയുടെ ജീവിതത്തെക്കുറിച്ചു ‘ടേക്ക് മൈ ഹാൻഡ്സ്’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. 

അംഗപരിമിതർക്കായി അഭയകേന്ദ്രം നിർമിക്കാൻ സ്വത്തുമുഴുവൻ ചെലവഴിച്ച അവരെ 1972ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 1986ൽ അവർ അന്തരിച്ചു.