ഡോ. യമുന കൃഷ്ണൻ 

 ഡോ. യമുന കൃഷ്ണൻ 

ഡോ. യമുന കൃഷ്ണൻ 

ശാസ്ത്രമേഖലയില്‍ രാജ്യത്തെ ഉന്നത ബഹുമതിയായ ശാന്തിസ്വരൂപ് ഭട്‌നാഗര്‍ പുരസ്‌കാരം നേടിയ മലയാളി ശാസ്ത്രജ്ഞയാണ് ഡോ. യമുന കൃഷ്ണൻ. ഈ അവാർഡ് ലഭിയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് യമുന. യമുന ചെന്നൈയിലെ വിമൻസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവും ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സയൻസസിൽ നിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഓർഗാനിക് കെമിസ്ട്രിയിൽ ഡോക്ടറേറ്റും നേടി. പിന്നീട് യമുന  കേംബ്രിജ് സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി പ്രവർത്തിച്ചു. 2014 മുതൽ ഷിക്കാഗോ സർവകലാശാലയിലെ കെമിസ്ട്രി വിഭാഗം പ്രൊഫെസ്സറാണ് യമുന.

ഡിഎൻഎ ആർകിടെക്ചർ വിഭാഗത്തിൽ യമുന നടത്തിയ ഗവേഷണങ്ങൾക്കാണ് 2013ൽ ശാന്തി സ്വരൂപ് ഭട്‌നാഗർ പുരസ്‌കാരം ലഭിച്ചത്. സ്തനാർബുദം, എച്ച്ഐവി, അൾഷിമേഴ്സ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമായ സെല്ലുകളെക്കുറിച്ചുള്ള യമുനയുടെ പഠനമാണ് അവാർഡിനർഹമായത് .

 ഡിഎൻഎ സാങ്കേതിക വിദ്യയിലെ ഗവേഷണ മുന്നേറ്റത്തിനു യമുനയ്ക്ക് 2017-ൽ ഇൻഫോസിസ് പുരസ്ക്കാരം ലഭിച്ചിരുന്നു.ന്യൂക്ലിക് ആസിഡ് നാനോ ടെക്നോളജിയിലും ന്യൂക്ലിക് ആസിഡുകളുടെ ഘടന സംബന്ധിച്ച ഗവേഷണത്തിലുമാണ് യമുന ഇപ്പോൾ ഗവേഷണം നടത്തുന്നത്. യുവശാസ്ത്രജ്ഞര്‍ക്കുള്ള വൈ.ഐ.എം. ബോസ്റ്റണ്‍ പുരസ്‌കാരം, ആര്‍.എന്‍.എ. സൊസൈറ്റി ഫെലോഷിപ്പ് തുടങ്ങി നിരവധി ബഹുമതികള്‍ നേരത്തേ ലഭിച്ചിട്ടുള്ള യമുനയുടെ പ്രബന്ധങ്ങള്‍ രാജ്യാന്തരതലത്തിലുള്ള ശാസ്ത്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.