ഡോ. ഇ. കെ. ജാനകി അമ്മാൾ
ഇടവലത്ത് കക്കാട്ടു ജാനകി എന്ന ഡോ. ഇ.കെ. ജാനകി അമ്മാൾ 1897 നവംബർ 4നായിരുന്നു ജനിച്ചത്. തലശ്ശേരി സേക്രഡ് ഹാർട്ട് കോൺവെന്റ്, മദ്രാസിലെ ക്വീൻ മേരീസ്, പ്രസിഡൻസി കോളജുകളിൽ പഠനം. 1921ൽ പ്രസിഡൻസിയിൽനിന്ന് സസ്യശാസ്ത്രത്തിൽ ഓണേഴ്സ് നേടി മദ്രാസ് വിമൻസ് ക്രിസ്ത്യൻ കോളജിൽ അദ്ധ്യാപികയായി.
സ്ത്രീകൾക്ക് അക്ഷരാഭ്യാസം പോലും നിഷിദ്ധമായിരുന്ന ജാതിയുടെയും മതത്തിന്റെയും പേരിലുളള വിവേചനങ്ങൾ അതിരൂക്ഷമായിരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ജാനകി അമ്മാൾ കടന്നുവന്നത്. ശാസ്ത്ര ഗവേഷണത്തിനു വേണ്ടി സമർപ്പിച്ച ജീവിതമായിരുന്നു അവരുടേത്. 1921-ൽ പ്രസിഡൻസി കോളേജിൽ നിന്ന് സസ്യശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം നേടിയ അവർ, താമസിയാതെ മദ്രാസിലെ തന്നെ വിമൺസ് ക്രിസ്ത്യൻ കോളേജിൽ അധ്യാപികയായി. ആ സമയത്താണ് അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിൽ പഠനത്തിനുളള ബാർബോർ സ്‌കോളർഷിപ്പ് ഇവർക്ക് ലഭിച്ചത്. അതു സ്വീകരിച്ച് 1925-ൽ ബിരുദാനന്തര ബിരുദം സമ്പാദിച്ച ശേഷം തിരികെ വിമൺസ് കോളേജിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും ഗവേഷണത്തിന് ബാർബോർ (barbour) ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടതിനാൽ ജോലിയുപേക്ഷിച്ചു.
ബാർബോർ ഫെലോഷിപ്പ് ലഭിക്കുന്ന ആദ്യപൗരസ്ത്യദേശ വിദ്യാർത്ഥിനി എന്ന ബഹുമതിയും ജാനകി അമ്മാളിന് സ്വന്തമായി. 1931-ൽ ഗവേഷണ ബിരുദം കരസ്ഥമാക്കിയപ്പോൾ, ഒരു വിദേശ സർവകലാശാലയിൽ നിന്ന് ഗവേഷണ ബിരുദമായ ഡി എസ് സി നേടുന്ന ആദ്യ ഭാരതീയ വനിതയെന്ന പദവിയും അവർക്കു ലഭിച്ചു.
ഇന്ത്യയിലേക്ക് മടങ്ങിയ ജാനകി അമ്മാൾ തിരുവനന്തപുരത്ത് മഹാരാജാസ് കോളേജ് ഓഫ് സയൻസിൽ ( യൂണിവേഴ്സിറ്റി കോളേജ്) ബോട്ടണി പ്രൊഫസറായി. ആദ്യത്തെ സസ്യശാസ്ത്ര അദ്ധ്യാപിക കൂടിയായിരുന്നു ജാനകി അമ്മാൾ. 1932 മുതൽ 1934 വരെ അവിടെ പ്രവർത്തിച്ചെങ്കിലും ഗവേഷണ താല്പര്യം മൂലം കോയമ്പത്തൂരിലെ കരിമ്പ് ഗവേഷണ കേന്ദ്രത്തിൽ ജനിതക ശാസ്ത്രജ്ഞയായി ചേരുകയായിരുന്നു.
1934 മുതലുളള അഞ്ചു വർഷക്കാലം അവിടെ അത്യുൽപാദന ശേഷിയുളള സങ്കര കരിമ്പിനങ്ങൾ സൃഷ്ടിക്കുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. കരിമ്പിന് മധുരം കൂട്ടുന്നതിന് ഇവർ നടത്തിയ ഗവേഷണങ്ങളാണ് വഴിത്തിരിവായത്. സസ്യങ്ങളുടെ വർഗ്ഗസങ്കരണത്തിലും വർഗാന്തര സങ്കരണത്തിലും പുതിയ നേട്ടങ്ങൾ കൈവരിച്ചെങ്കിലും അവിടെ ഗവേഷകയെന്ന നിലയിൽ വേണ്ടത്ര പ്രോത്സാഹനമോ അംഗീകാരമോ ലഭിച്ചില്ല. സ്ത്രീ ആയതിന്റെ ശക്തമായ വിവേചനം അവർ നേരിട്ടിട്ടപ്പോൾ 1939-ൽ ജാനകിയമ്മാൾ ഇംഗ്ലണ്ടിലെ ജോൺ ഇൻസ് ഹോർട്ടികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോയി.
സസ്യകോശങ്ങളുടെ ഘടനയും വിഭജനവുമൊക്കെ സൂക്ഷ്മമായി പഠിക്കുന്നത് ഇക്കാലത്താണ്. യൂറോപ്പിലെ സസ്യങ്ങളെ പഠനവിധേയമാക്കി ചില സസ്യകോശങ്ങളുടെ അനിയന്ത്രിത വിഭജനത്തെക്കുറിച്ചുളള രഹസ്യങ്ങൾ ചികഞ്ഞപ്പോൾ അത് വെളിച്ചം വീശീയത് കാൻസറിന്റെ കാരണങ്ങളിലേക്കു കൂടിയാണ്.
അക്കാലത്തെ പ്രശസ്ത സസ്യശാസ്ത്രജ്ഞനായിരുന്ന സി ഡി ഡാർലിങ്സണുമായി സഹകരിച്ച് ജാനകി അമ്മാൾ രചിച്ച ദ ക്രോമസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ്സ് എന്ന പുസ്തകം ഇന്നു ലോകമെമ്പാടുമുളള സസ്യശാസ്ത്ര വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും ആധികാരിക റഫറൻസ് ഗ്രന്ഥമാണ്. 1945-ൽ ജോൺ ഇൻസ് ഹോർട്ടികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് വിട്ട ജാനകി അമ്മാൾ, ഇംഗ്ലണ്ടിലെ റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയിൽ ആറു വർഷത്തോളം സൈറ്റോളജിസ്റ്റായി (കോശവിജ്ഞാന ശാസ്ത്രജ്ഞ) പ്രവർത്തിക്കുകയുണ്ടായി.
ജാനകി അമ്മാളെപ്പോലുളള ശാസ്ത്ര പ്രതിഭകൾ ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിന് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞാണ് 1951 ൽ നെഹ്റു അവരെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. കൊൽക്കത്തിയിലെ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പുനർനിർമാണത്തിന് വേണ്ടിയായിരുന്നു നെഹ്‌റു ജാനകി അമ്മാളിനെ ക്ഷണിച്ചത്.
1951-ൽ ഇന്ത്യയിലേക്ക് മടങ്ങിയ ജാനകി അമ്മാൾ ബി.എസ്.ഐ സ്പെഷ്യൽ ഓഫീസറായി 1954 വരെ പ്രവർത്തിച്ചു. തുടർന്നുളള അഞ്ചു വർഷം അലഹബാദിലെ സെൻട്രൽ ബൊട്ടാണിക്കൽ ലബോറട്ടറി ഡയറക്ടറായിട്ടായിരുന്നു സേവനം. അതിനു ശേഷം കാശ്മീരിലെ റീജണൽ റിസർച്ച് ലബോറട്ടറിയിൽ സ്പെഷ്യൽ ഓഫീസറായി.
അക്കാലത്താണ് ഹിമാലയത്തിലെ സസ്യങ്ങളിൽ ഇവർക്ക് താല്പര്യം ജനിച്ചത്. സസ്യങ്ങളുടെ കോശവിഭജന പഠനത്തിലും ക്രോമസോം പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച അവർ സസ്യപരിണാമത്തെ സംബന്ധിച്ച പല നിഗമനങ്ങളിലും എത്തിച്ചേർന്നു. ഹിമാലയത്തിലെ സസ്യ ഇനങ്ങളുടെ ഉല്പത്തി, ചൈന, മ്യാൻമർ, മലേഷ്യ എന്നിവിടങ്ങളിലെ സസ്യയിനങ്ങളുടെ സ്വാഭാവിക സങ്കരണം വഴിയായിരിക്കാം സംഭവിച്ചിരിക്കുക എന്ന് അവർ അനുമാനിച്ചു. സസ്യശാസ്ത്രത്തിൽ മാത്രമല്ല ഭൂവിജ്ഞാനീയത്തിലും താല്പര്യമുണ്ടായിരുന്ന അമ്മാൾ ഹിമാലയപർവ്വത നിരകളെക്കുറിച്ചും പഠന പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1970-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു. അന്നു മുതൽ മദ്രാസ് സർവ്വകലാശാലയിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ ബോട്ടണിയില എമറിറ്റസ് സയന്റിസ്റ്റായി സേവനമനുഷ്ഠിച്ചു.
ജമ്മുവിലെ റീജനൽ റിസർച്ച് ലബോറട്ടറിയിൽ ജാനകി അമ്മാൾ ഹെർബോറിയം എന്ന പേരിൽ ഒരു ബൊട്ടാണിക്കൽ ഗാർഡൻ ഉണ്ട്. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ടാക്സോണമിയിൽ മികച്ച നേട്ടം കൈവരിക്കുന്ന ഗവേഷകർക്ക് ജാനകി അമ്മാളിന്റെ പേരിലുളള നാഷണൽ ടാക്സോണമി അവാർഡ് നൽകിവരുന്നുണ്ട്.
ജാനകി അമ്മാളിന് ഔഷധ സസ്യങ്ങളും വിളസസ്യങ്ങളും തോട്ടവിളകളും കാട്ടുചെടികളും ആദിവാസികൾ ഉപയോഗപ്പെടുത്തുന്ന ചെടികളുമെല്ലാം ഒരു പോലെ പ്രിയപ്പെട്ടവയായിരുന്നു. 1984 ഫെബ്രുവരി 7-ന് മരണമടയുന്നതുവരെ അവർ ഗവേഷണങ്ങൾ തുടരുകയും ചെയ്തു. ഇന്ത്യൻ അക്കാദമി ഓഫ് സയൻസിന്റെ സ്ഥാപകാംഗങ്ങളിലൊരാളായിരുന്ന ജാനകി അമ്മാളിന് 1957-ൽ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു. 1984ൽ അവർ അന്തരിച്ചു.
Janaki Ammal (Magnolia kobus)
ലോക പരിസ്ഥിതി ദിനമായ 2019 ജൂൺ അഞ്ചിന് ഇംഗ്ലണ്ടിലെ ജോൺ ഇൻസ് സെന്ററും റോയൽ ഹോർട്ടികൾച്ചർ സൊസൈറ്റിയും ചേർന്ന് ‘ റോസാ ക്ലൈനോഫില്ല’യെന്ന റോസ് ചെടിക്ക് ഇ.കെ ജാനികയമ്മാൾ എന്ന് പേര് നൽകി ആദരിച്ചു.
സസ്യഗവേഷണത്തിന് നേതൃത്വം നൽകുന്ന കൊടൈക്കനാൽ സ്വദേശികളായ ദമ്പതിമാർ ഗിരിജ, വീരു വീരരാഘവൻ എന്നിവർ പുതുതായി വികസിപ്പിച്ചെടുത്ത റോസ് ചെടിയാണ് റോസാ ക്ലൈനോഫില്ല. ഇവരുടെ നിർദേശപ്രകാരമാണ് ചെടിക്ക് ജാനകി അമ്മാളിന്റെ പേര് നൽകിയത്.
തെയിലയിനത്തിൽപെട്ട മഗ്‌നോലിയ എന്ന ഒരിനം ചെടി അവരുടെ സംഭാവനയിൽപ്പെടുന്നു. ചെറിയ പുഷ്പങ്ങൾ ഉണ്ടാക്കുന്ന ഒരിനത്തിന്റെ പേര് മഗ്‌നോലിയ കോബുസ് ജാനകിയമ്മാൾ എന്നുതന്നെയാണ്.