ടെസ്സി തോമസ് ഇന്ത്യയുടെ മിസൈൽ വനിത

Tessy Thomas

ഇന്ത്യയുടെ മിസൈൽ വനിതയെന്നും അഗ്നിപുത്രിയെന്നും വിശേഷിപ്പിയ്ക്കെപ്പടുന്ന ടെസ്സി തോമസ് പ്രതിരോധ ഗവേഷണ-വികസന സംഘടന (ഡി.ആർ.ഡി.ഒ.)യിലെ മുഖ്യശാസ്ത്രജ്ഞയാണ്. അഗ്‌നി - അഞ്ച് ഭൂഖണ്ഡാന്തര മിസൈലിന്റെ മുഖ്യശില്പിയും പ്രോജക്ട് മേധാവിയുമായിരുന്ന ടെസ്സി മിസൈൽ പദ്ധതിയ്ക്കു നേതൃത്വം നൽകുന്ന ഇൻഡ്യയിലെ ആദ്യത്തെ വനിതകൂടിയാണ്. 

ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈൽ ശേഷിയുള്ള ലോകത്തിലെ അഞ്ചു വൻ ശക്‌തികൾക്കൊപ്പം ഭാരതത്തെ പ്രതിഷ്‌ഠിച്ച അഗ്നി മിസൈലിന്റെ അമരക്കാരി, ഇന്ത്യയുടെ ഗൈഡഡ് മിസൈൽ വികസന പദ്ധതികളുടെ ഡയറക്‌ടർ പദവിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തി, ആദ്യ മലയാളി, ആദ്യ വനിത, ഭാരതത്തിന്റെ മിസൈൽ വനിത.

അറബിക്കടലിനും വേമ്പനാട്ടു കായലിനുമിടയിലുള്ള തത്തംപള്ളി എന്ന കൊച്ചു ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ചു സാധാരണ മലയാളം മീഡിയം സ്‌കൂളിൽ പഠിച്ചു വളർന്ന ടെസ്സി അസാധാരണ നേട്ടങ്ങളിലേക്കു കുതിച്ചത് ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ്. തൃശൂർ ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ നിന്നു ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബി. ടെക്ക് ബിരുദവും പുണെയിൽ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയിൽ നിന്ന് എം.ടെക്കും നേടി. 1988 മുതൽ ഡി.ആർ.ഡി.ഒ.യിൽ പ്രവർത്തിച്ചുവരുന്ന ജെസ്സി നിലവിൽ ഡിആർഡിഒയുടെ എയ്‌റോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ജനറലാണ്.