കടത്തനാട്ട് മാധവിയമ്മ

കടത്തനാട്ട് മാധവിയമ്മ (1909-1999)

1909-ൽ തിരുവോരത്ത് കൃഷ്ണക്കുറുപ്പിന്റെയും കല്യാണിയമ്മയുടെയും മകളായി ജനിച്ച കടത്തനാട്ട് മാധവിയമ്മ കൗമാരപ്രായത്തിൽ തന്നെ കവിതാരചനയോട് താല്പര്യം കാണിച്ചിരുന്നു. ഒരു യാഥാസ്ഥിതിക കുടുംബത്തിലെ പെൺകുട്ടിക്ക് അക്കാലത്തു് പരമാവധി ലഭിക്കാവുന്ന പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് (അഞ്ചാം ക്ലാസ് വിദ്യാഭ്യാസം) അവർക്കു ലഭിച്ചത്. 

കടത്തനാട്ട് കൃഷ്ണവാര്യർ എന്ന പ്രസിദ്ധ സംസ്കൃത പണ്ഡിതനിൽ നിന്നു കാവ്യനാടകാലങ്കാരാദികൾ പഠിച്ചു. ജന്മസിദ്ധമായ പ്രതിഭയ്ക്കൊപ്പം സംസ്കൃത വിദ്യാഭ്യാസവും മാധവിയമ്മയുടെ കവിതാവാസനയ്ക്കു ശക്തമായ അടിത്തറ നൽകി. മാധവിയമ്മയുടെ കൗമാര, യൗവന കാലഘട്ടം ദേശീയ സ്വാതന്ത്ര്യസമരത്തിൻറെയും കർഷക പ്രസ്ഥാനത്തിൻറെയും സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളുടെയും കാലഘട്ടമായിരുന്നു. ഗാന്ധിജിയെ ധർമപ്രതീകമായി കണ്ട കവയിത്രിയെ ആ കാലഘട്ടം ഏറെ സ്വാധീനിച്ചു.

14-ാം വയസ്സിലാണ് മാധവിയമ്മയുടെ ആദ്യകവിത 'കവനകൗമുദി"യിൽ പ്രസിദ്ധീകരിച്ചത്. നിരന്തരം കവിതകൾ രചിച്ച മാധവിയമ്മ വാർധക്യം തളർത്തുന്നതുവരെയും തൻറെ തൂലിക ചലിപ്പിച്ചു. കാല്പനികതയുടെ സൗന്ദര്യവും യാഥാർഥ്യത്തിൻറെ തീഷ്ണതയും ഒത്തുചേർന്ന് ഒളിമങ്ങാതെ പ്രകാശിക്കുന്ന ദീപനാളം പോലെയുള്ള കവിതകളാണു മാധവിയമ്മയുടെ തൂലികയിൽ നിന്നു വാർന്നുവീണത്. ഗ്രാമവിശുദ്ധിയും ലാളിത്യവും മങ്ങാത്ത ശുഭാപ്തിവിശ്വാസവും കവിതകളിലേക്കാവാഹിച്ച കവയിത്രി ആയിരുന്നു കടത്തനാട്ട് മാധവിയമ്മ. മാലതി എന്ന തൂലികാനാമത്തിലും അവർ കവിതകൾ എഴുതിയിരുന്നു. 

കാവ്യോപഹാരം, ഗ്രാമശ്രീകൾ, കണിക്കൊന്ന, മുത്തച്ഛൻറെ കണ്ണുനീർ, ഒരുപിടി അവിൽ എന്നിവയാണു മാധവിയമ്മയുടെ പ്രധാന കവിതാ സമാഹാരങ്ങൾ. തച്ചോളി ഒതേനൻ, പയ്യുംപള്ളി ചന്തു, എന്നീ ഗദ്യകൃതികളും മാധവിയമ്മ രചിച്ചു. ഗ്രാമങ്ങളോടും ഗ്രാമീണതയോടുമുള്ള അഭിനിവേശം നിറഞ്ഞുനിൽക്കുന്നതാണു മാധവിയമ്മയുടെ കവിതകൾ. ശക്തമായ ആശയങ്ങൾ, പ്രകൃതി സ്നേഹം, ഗ്രാമത്തോടുള്ള ആരാധന, അനീതികൾക്കെതിരെയുള്ള ധാർമികരോഷം എന്നിവയെല്ലാം തെളിനീരുപോലെ സ്വച്ഛസുന്ദരമായ കവിതകളിലൂടെ കവയിത്രി ആവിഷ്കരിച്ചു. ശക്തവും അതോടൊപ്പം സൗമ്യവുമായ രചനകളിൽ നിറഞ്ഞുനിന്നതു മാധവിയമ്മയുടെ അതിരുകളില്ലാത്ത മനുഷ്യ സ്നേഹമായിരുന്നു.

കർഷകരോടും കാർഷികവൃത്തിയോടും അഗാധമായ മമതയുണ്ടായിരുന്ന മാധവിയമ്മ വയലിൽ പണിയെടുക്കുന്ന കർഷക സ്ത്രീകളെ ആദരവോടെയാണു വീക്ഷിച്ചത്. ഗ്രാമശ്രീകൾ എന്ന കവിതയിലെ
"നാണിച്ചു പോകുന്നു. നീളൻ കുടചൂടി
ഞാനീ വരമ്പിൻ കൊതുമ്പിൽ നിൽക്കേ
ഏതൊരു വിശ്വവിദ്യാലയത്തിങ്കലൈൻ
സോദരിമാരേ പഠിച്ചു നിങ്ങൾ'
എന്നീ വരികൾ ഏറെ പ്രസിദ്ധമാണ്.

കർഷകസ്ത്രീകളുടെ കലാ പാരമ്പര്യത്തെ വാഴ്ത്തുന്ന കവയിത്രി തന്നിലുള്ള ജന്മിത്തത്തെ പരിഹസിക്കാൻ മടിക്കുന്നില്ല. 'ഗ്രാമലക്ഷ്മി" എന്ന കവിതയിൽ വർഗവൈവിധ്യമില്ലാത്ത നാളെ എന്ന ഉജ്വല ഭാവി മാധവിയമ്മ സ്വപ്നം കാണുന്നു.ഫെമിനിസ്റ്റാശയങ്ങൾ ഉൾക്കൊള്ളുന്ന ചെറുകഥകളും മാധവിയമ്മ രചിച്ചു. കവിതയിൽ ആവിഷ്കരിക്കാൻ പ്രയാസമുള്ള സാമൂഹികപ്രശ്നങ്ങൾ കഥയിൽ ആവിഷ്കരിക്കുകയാണു മാധവിയമ്മ ചെയ്തത്. പുരുഷമേധാവിത്തത്തിൻറെ  ക്രൂരതകൾക്കെതിരെ മനഃസാക്ഷി ഉണർത്താനും സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകാനുമായിരുന്നു കഥകൾ രചിച്ചത്. അമ്മയുംമകനും, സ്ത്രീജീവിതം, നാത്തൂൻ , അമ്മ, പുത്രവധു, പ്രണയത്തിൻറെ പൗരുഷം തുടങ്ങിയവയാണ് ചെറുകഥകൾ. 

മാധവിയമ്മയുടെ മാനവികതയുടെ ഒരു ബഹിർസ്ഫുരണമായിരുന്നു ഫെമിനിസം. സ്നേഹവും കാരുണ്യവും വാൽസല്യവും നിറഞ്ഞ കവിഹൃദയത്തിനു മാനവരാശിയെ ഒന്നായി മാത്രമേ കാണാൻ കഴിയൂ. മനുഷ്യസ്നേഹം സ്ഥായീഭാവമായ കവിതകൾ രചിച്ച കവയിത്രിക്കു കഠിനമായ യാഥാർഥ്യങ്ങൾ കണ്ടില്ലെന്നു നടിക്കാൻ കഴിഞ്ഞില്ല.

'വാർധക്യമില്ലാത്ത കവിതകൾ'എന്നു നിരൂപകന്മാർ മാധവിയമ്മയുടെ കൃതികളെ വിലയിരുത്തുന്നു. അടിമുടി പൂത്തുലഞ്ഞു കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന "കണിക്കൊന്ന' പോലുള്ള കവിതകൾ കേരളീയർക്കു നൽകിയ കടത്തനാട്ടു മാധവിയമ്മ 1999 ഡിസംബർ 24ന് അരങ്ങോഴിഞ്ഞു. ചങ്ങമ്പുഴ അവാർഡ്, രാമാശ്രമം അവാർഡ്, സമഗ്രസംഭാവനകൾക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് എന്നീ പുരസ്ക്കാരങ്ങൾ ലഭിച്ചു.

കൃതികൾ

ജീവിത തന്തുക്കൾ
തച്ചോളി ഒതേനൻ
പയ്യംവെള്ളി ചന്തു
കാല്യോപഹാരം
ഗ്രാമശ്രീകൾ
കണിക്കൊന്ന
മുത്തച്ഛന്റെ കണ്ണുനീർ
ഒരു പിടി അവിൽ
കടത്തനാട്ടു മാധവിയമ്മയുടെ കവിതകൾ

കടത്തനാട്ടു മാധവിയമ്മയുടെ കവിതകളിലെ മൗലികമായ അംശത്തെ അന്വേഷിച്ചറിയുന്ന പഠനം  : സാഹിത്യലോകം 2009 ജൂലൈ ആഗസ്റ്റ് ലക്കത്തിൽ. വായിയ്ക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക 

ആര്‍ജവത്തിന്റെയും സാരള്യത്തിന്റെയും ശാലീനതയുടെയും എഴുത്ത്: - മാതൃഭൂമിയിൽ എ. പി. പി. നമ്പൂതിരി കടത്തനാട്ടു മാധവിയമ്മയെക്കുറിച്ച് എഴുതിയത് വായിയ്ക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

References

References