സംയുക്ത വർമ്മ
മലയാളചലച്ചിത്രരംഗത്തെ പ്രശസ്തയായ നടി ആയിരുന്നു സംയുക്ത വർമ്മ.സർഗ്ഗം എന്ന സിനിമയിൽ ബാലതാരം ആയാണ് സംയുക്ത സിനിമയിൽ എത്തുന്നത്. കോളേജ് പഠനകാലത്താണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സത്യൻ അന്തിക്കാട് സിനിമയിലേക്കു നായികയായി തിരഞ്ഞെടുക്കപ്പെട്ടത്. 1999 ലും (വീണ്ടും ചില വീട്ടുകാര്യങ്ങൾ) 2000 ലും (മഴ ,മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ) എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി. കുബേരൻ ആണ് അവസാനം അഭിനയിച്ച ചിത്രം. ചുരുങ്ങിയ കാലയളവിൽ മാത്രം മലയാള സിനിമയിൽ പ്രവർത്തിച്ചെങ്കിലും ഏറെ മികച്ച നായികാ കഥാപാത്രങ്ങൾ കൊണ്ട് ശ്രദ്ധേയയായ അഭിനേത്രിയായിരുന്നു സംയുക്ത.
തൃശൂർ സ്വദേശിനി. 1979 നവംബർ 26ന് രവി വർമ്മയുടേയും ഉമാ വർമ്മയുടേയും മകളായി ജനനം. സംയുക്ത എൻ എസ് എസ് സ്കൂളിൽ നിന്നും കേരള വർമ്മ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി.2002ൽ മലയാള സിനിമയിലെ അറിയപ്പെടുന്ന അഭിനേതാവ് ബിജു മേനോനേ വിവാഹം കഴിച്ചു.