പി. ലീല

About P. Leela: Indian playback singer (1934 - 2005) | Biography, Facts,  Career, Wiki, Life

പി. ലീല(1934-2005)

1934 ൽ  പാലക്കാട് ചിറ്റൂരിലാണ് പി. ലീലയുടെ ജനനം. കുട്ടിക്കാലം മുതല്‍ സംഗീതപഠനമാരംഭിച്ച ലീലയുടെ ഗുരു തൃപ്പൂണിത്തുറ മണി ഭാഗവതരായിരുന്നു. പന്ത്രണ്ടാം വയസില്‍ മദ്രാസില്‍ 'ആന്ധ്രാമഹിളാസഭ' യുടെ ആഭിമുഖ്യത്തില്‍ സംഗീതക്കച്ചേരി നടത്തിക്കൊണ്ടായിരുന്നു ലീലയുടെ സംഗീത ലോകത്തെ അരങ്ങേറ്റം. 1946-ല്‍ എച്ച്.ആര്‍.പത്മനാഭശാസ്ത്രിയുടെ സംഗീതത്തില്‍ 'കങ്കണം' എന്ന തമിഴ് ചിത്രത്തില്‍ ''ശ്രീവരലക്ഷ്മി ദിവ്യ....'' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ലീല ആദ്യമായി സിനിമയില്‍ പിന്നണി പാടുന്നത്. 

നിര്‍മ്മല' എന്ന ചിത്രത്തിലൂടെയാണ് ലീല മലയാളികള്‍ക്ക് പരിചിതയാകുന്നത്. ആ ചിത്രത്തില്‍ ജി.ശങ്കരക്കുറുപ്പ് രചിച്ച ''പാടുക പൂങ്കുയിലേ കാവുതോറും'' എന്നു തുടങ്ങുന്ന ഗാനം ഗോവിന്ദറാവുവിനോടൊപ്പം പാടിക്കൊണ്ട് ലീല മലയാളത്തില്‍ തന്റെ സംഗീതയാത്രക്ക് തുടക്കം കുറിച്ചു.
1998ല്‍ പുറത്തിറങ്ങിയ തിരകള്‍ക്കപ്പുറം എന്ന ചിത്രത്തിലാണ് ലീല അവസാനമായി പാടിയത്. 

ചലച്ചിത്രഗാനങ്ങള്‍ക്കൊപ്പം ലളിതഗാനത്തിലും ഭക്തിഗാനത്തിലും പ്രശസ്തി നേടിയ ലീല മലയാളത്തിന്റെ പൂങ്കുയില്‍ എന്നാണ് അറിയപ്പെടുന്നത്. നാരായണീയം, ഹരിനാമകീര്‍ത്തനം,അയ്യപ്പ സുപ്രഭാതം,ഗുരുവായൂര്‍ സുപ്രഭാതം, ശ്രീമൂകാംബികാ സുപ്രഭാതം തുടങ്ങിയവ ലീലയെ ഭക്തിഗാനരംഗത്ത് പ്രശസ്തയാക്കി. മലയാളം,തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, ഹിന്ദി, മറാത്തി തുടങ്ങിയ ഭാഷകളില്‍ പാടിയ ലീല നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി. 1968 ൽ 'ചിന്നാരി പപ്പാലു' എന്ന തെലുങ്ക് ചിത്രത്തിന്റെ സംഗീത സംവിധായികയായും അവർ പ്രവർത്തിച്ചു.  

ഗാനമണി, ഗാനകോകിലം, സംഗീതസരസ്വതി, കലാരത്നം,കലൈമാമണി, ഭക്തിഗാനതിലകം, ഗാനവര്‍ഷിണി, ഗാനസുധ, സംഗീതനാരായണി തുടങ്ങി അനവധി ബഹുമതികള്‍അവരെ തേടിയെത്തി. 1969-ല്‍ കേരള സര്‍ക്കാരിന്റെ ആദ്യ ചലച്ചിത്രപുരസ്കാരവും  (കടല്‍പ്പാലം എന്ന ചിത്രത്തിലെ 'ഉജ്ജയിനിയിലെ ഗായിക' എന്ന പാട്ടിനായിരുന്നു പുരസ്‌കാരം) 1992-ൽ തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും  2003-ലെ ജന്മാഷ്ടമി പുരസ്കാരവും അവർക്ക് ലഭിച്ചിരുന്നു 1999-ല്‍ കമുകറ അവാര്‍ഡും കിട്ടി. കേരള സംഗീതനാടക അക്കാഡമി അവാര്‍ഡ് എന്നിവ ലഭിച്ച ലീലയ്ക്ക് 2006ല്‍ അവരുടെ മരണാനന്തരം പത്മഭൂഷണ്‍ നൽകി രാഷ്ട്രം ഈ അനുഗൃഹീത ഗായികയെ ആദരിച്ചു.

2005 ഒക്ടോബര്‍ 31ന് ലീല അന്തരിച്ചു.