ശോഭന (1970-
ചന്ദ്രകുമാറിൻ്റെയും ആനന്ദത്തിൻ്റെയും മകളായി 1970 മാർച്ച് 21 ന് തിരുവനന്തപുരത്ത് ജനനം. പ്രശസ്ത നർത്തകിമാരും നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരുടെ സഹോദരന്റെ പുത്രിയാണ് ശോഭന. ചറുപ്പത്തിലെ ഭരതനാട്യം അഭ്യസിച്ച ശോഭന അഭിനേത്രി നർത്തകി എന്നീ നിലകളിൽ പ്രശസ്തയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി 200-ൽ അധികം സിനിമകളിൽ ശോഭന അഭിനയിച്ചിട്ടുണ്ട്.
കലയ്ക്ക് നൽകിയ സംഭാവനകൾക്ക് 2006-ൽ ഇന്ത്യൻ സർക്കാർ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ കലാരത്ന പുരസ്ക്കാരം 2013-ൽ ലഭിച്ച ശോഭനയ്ക്ക് 2014-ൽ കേരള സർക്കാർ കലാരത്ന അവാർഡ് നൽകി ആദരിച്ചു . ഡോ. എം.ജി.ആർ. വിദ്യാഭ്യാസ ഗവേഷണ ഇൻസ്റ്റിറ്റൂട്ട് 2019-ൽ ശോഭനയ്ക്ക് ഹോണറേറി ഡോക്ടറേറ്റ് നൽകി.
1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവരുന്നത്. ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമതായി അഭിനയിക്കുന്നത്. അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി കാണാമറയത്ത് എന്ന ചിത്രത്തിലും ശോഭന അഭിനയിച്ചു.
മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ അഭിനയത്തിന് ശോഭനയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും ലഭിച്ചു. രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ൽ രണ്ടാമത്തെ ദേശീയ അവാർഡും അവരെ തേടിയെത്തി.