തൊഴിൽരംഗത്തെ സ്ത്രീജീവിതം

കയർഫാക്ടറി തൊഴിലാളികൾ

തിരുവിതാംകൂറിന്റെ തീരപ്രദേശത്തുള്ള അമ്പലപ്പുഴ, ചേർത്തല എന്നീ താലൂക്കുകൾ കയർവ്യവസായത്തിന്റെ പ്രധാന കേന്ദ്രങ്ങളാണ്. ഇവിടെ അനേകം കയർഫാക്ടറികൾ പ്രവർത്തനം നടത്തിയിരുന്നു. ഇവിടെ ജോലി ചെയ്യുന്നവരായിരുന്നു ഈ താലൂക്കുകളിലെ ഭൂരിഭാഗം തൊഴിലാളികളും. അവരുടെ അവകാശങ്ങൾക്കുവേണ്ടി അവർ സംഘടിച്ചു. അങ്ങനെ 1914-ൽ അവർക്ക് "ട്രാവൻകൂർ ലേബർ അസോസിയേഷൻ' എന്നൊരു സുശക്തമായ സംഘടനയുണ്ടായി.

ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള സമരം സ്റ്റേറ്റ് കോൺഗ്രസ് ആരംഭിച്ചപ്പോൾ കയർഫാക്ടറി തൊഴിലാളികളും അതിൽ ചേർന്നു. സ്റ്റേറ്റ് കോൺഗ്രസിൽക്കൂടി അവരുടെ അവകാശങ്ങൾ നേടിയെടുക്കുവാൻ അവരുടെ സംഘടനയും ശക്തിയും സ്റ്റേറ്റ് കോൺഗ്രസിൽ ലയിപ്പിച്ചു. 1938 ഒക്ടോബർ19ന് തൊഴിലാളികളുടെ അടിയന്തിരാവശ്യങ്ങൾക്കും പ്രായപൂർത്തി വോട്ടവകാശത്തോടുകൂടിയ ഉത്തരവാദഭരണത്തിനുവേണ്ടിയും ഒരു പണിമുടക്ക് പ്രഖ്യാപിച്ചു. ഗവൺമെന്റ് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും നേതാക്കളെ അറസ്റ്റുചെയ്യുകയും ചെയ്തു. അറസ്റ്റിനുശേഷം അവിടെ തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ ഒരു തൊഴിലാളി മരണമടഞ്ഞു.

സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകരെ ജയിലിൽനിന്നു മോചിപ്പിച്ചശേഷം ഗവൺമെൻ്റിൻ്റെ സമരമുഖം തൊഴിലാളികളുടെ നേരെയാണ് തിരിച്ചുവിട്ടത്. തൊഴിലാളികൾ അക്രമംചെയ്യുന്നുവെന്നു വരുത്താൻ ചില ഫാക്ടറികൾ തീ വച്ചു നശിപ്പിക്കപ്പെട്ടു. പോലീസും പട്ടാളവും ആലപ്പുഴയിൽ ക്യാമ്പുചെയ്തു. 1938 ഒക്ടോബർ 24ന് ചുടുകാട് പാലത്തിനുസമീപം നടന്ന വെടിവയ്പിൽ നാലുപേർ മരണമടഞ്ഞു. തൊഴിലാളികളുടെ വീടുകൾ ആക്രമിക്കപ്പെട്ടു. അവരെ മർദ്ദിച്ചു. വീടുകൾ തീവച്ച് നശിപ്പിച്ചു. ഭയചകിതരായി പിന്മാറുന്നതിനുപകരം അവർ മുന്നേറുകയാണ് ചെയ്തത്. സഖാവ് പി. കൃഷ്ണപിള്ളയാണ് തൊഴിലാളികൾക്ക് നേതൃത്വം കൊടുത്തത്. ആർ. സുഗതൻ, പി. എൻ. കൃഷ്ണപിള്ള, വർഗീസ് വൈദ്യൻ തുടങ്ങിയവർ തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചിരുന്നു.
സ്റ്റേറ്റ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ജയിൽ വിമോചനത്തിനുശേഷം ആദ്യമായി കൂടിയ യോഗത്തിൽ ആലപ്പുഴ തൊഴിലാളിമർദ്ദനത്തെപ്പറ്റി ഒരു പ്രമേയം പാസാക്കി. 

“ആലപ്പുഴയിലും മറ്റു സ്ഥലങ്ങളിലും പണിമുടക്കിയ തൊഴിലാളികളുടെനേരെ പട്ടാളവും പോലീസും തുറന്നുവിട്ട ഭീകരമായ അക്രമങ്ങളെ കത്തിൽ വെറുപ്പോടെ വീക്ഷിക്കുകയും അവിടെ നടന്ന വെടിവയ്പ്പുകൾ, ലാത്തിചാർജ്ജുകൾ, ഭവനഭേദനങ്ങൾ, തീവയ്പ്, കൈയേറ്റം മുതലായവയെപ്പറ്റി അന്വേഷണം നടത്തുവാൻ ഒരു അന്വേഷണക്കോടതിയെ ഉടനടി നിയമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. പണിമുടക്കിന്റെ ഫലമായി കഷ്ടനഷ്ടങ്ങൾ ഭവിക്കുന്നവരോട് കമ്മിറ്റി സഹതപിക്കുകയും കമ്മിറ്റിയുടെ സകലസഹായങ്ങളും അവർക്ക് ഉറപ്പുനൽകുകയും ചെയ്യുന്നു. ആലപ്പുഴയിലെ ഗുരുതരമായ സ്ഥിതി മനസ്സിലാക്കി കഷ്ടതകളനുഭവിക്കുന്ന തൊഴിലാളികൾക്ക് അടിയന്തിരസഹായങ്ങൾ എത്തിച്ചുകൊടുക്കണമെന്ന് പൊതുജനങ്ങളോടഭ്യർത്ഥിക്കുന്നു. ആലപ്പുഴയിലെ സ്ഥിതിഗതികളെപ്പറ്റി അന്വേഷണം നടത്തി കമ്മിറ്റി സ്വീകരിക്കേണ്ട പരിഹാരമാർഗ്ഗങ്ങൾ ശുപാർശ ചെയ്യുവാൻ കെ. രാമകൃഷ പിള്ള കൺവീനറായി ടി. എ. അബ്ദുള്ള, പി. ജെ. സെബാസ്റ്റ്യൻ, കണ്ണിൽ ഗോപാലപ്പണിക്കർ, മിസ് അക്കമ്മ ചെറിയാൻ എന്നിവരടങ്ങിയ ഒരു കമ്മിറ്റി നിയമിക്കുന്നു.”

അന്വേഷണകമ്മിറ്റിക്കാരായ ഞങ്ങൾ 1938 നവംബർ മൂന്നാം തീയതി ആലപ്പുഴയിലെത്തിയപ്പോൾ തൊഴിലാളികളടക്കം ഒരു വമ്പിച്ച ജനക്കൂട്ടം ബോട്ട് ജട്ടിയിലും ജട്ടിയിലേക്കുള്ള തോടിന്റെ ഇരുകരകളിലും ഞങ്ങളെ സ്വീകരിക്കുവാൻ തടിച്ചുകൂടിയിരുന്നു. ഞങ്ങൾ ആദ്യം കിടങ്ങാംപറമ്പ് മൈതാനത്തിനടുത്തുള്ള ഒരു കെട്ടിടത്തിലേക്കാണ് പോയത്. ജനക്കൂട്ടം ഒരു ഘോഷയാത്രപോലെ ഞങ്ങളുടെ കാറിനെ അനുഗമിച്ചിരുന്നു. അവരെ തൽക്കാലം സംതൃപ്തരാക്കി പിരിച്ചുവിട്ട് കമ്മിറ്റിയുടെ കർത്തവ്യത്തിലേക്ക് പ്രവേശിക്കുന്നതിനുവേണ്ടി കിടങ്ങാംപറമ്പ് മൈതാനത്ത് പ്രവേശിച്ച് അവരെ സംബോധനചെയ്ത് പി. ജെ. സെബാസ്റ്റ്യൻ പ്രസംഗിച്ചു. പിന്നീട് ഞങ്ങൾ ലാത്തിച്ചാർജ്ജും വെടിവയ്പ്പും നടന്ന സ്ഥലങ്ങൾ സന്ദർശിച്ചു. തൊഴിലികളും പി. എൻ. കൃഷ്ണപിള്ള, ആർ. സുഗതൻ എന്നിവരുൾപ്പെടെയുള്ള തൊഴിലാളി നേതാക്കളും പൊതുജനങ്ങളും വളരെപ്പേർ കമ്മിറ്റിക്കുമുമ്പാകെ മൊഴി രേഖപ്പെടുത്താൻ വന്നിരുന്നു. അന്വേഷണകമ്മിറ്റി പ്രവർത്തനമാരംഭിച്ചപ്പോൾ മുതൽ മുതലാളിമാരുടെ ഭാഗത്തുനിന്നും ഒത്തുതീർപ്പുശ്രമങ്ങൾ ആരംഭിച്ചു. തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുക, 50 ശതമാനം തൊഴലാളിപ്രതിനിധികളും ഇരുപക്ഷത്തിനും സമ്മതനായ ഒരു ചെയർമാൻ ഉൾപ്പെട്ട ഒരു കമ്മിറ്റിയെക്കൊണ്ട് വെടിവയ്പ്, ലാത്തിച്ചാർജ്ജ്, ലോക്കപ്പുമർദ്ദനം എന്നിവയെപ്പറ്റി ഒരന്വേഷണം നടത്തിക്കുക, അറസ്റ്റുചെയ്യപ്പെട്ട തൊഴിലാളികളെ മോചിപ്പിക്കുക എന്നീ കാര്യങ്ങളാണ് ഒത്തുതീർപ്പിന് മുന്നോടിയായി തൊഴിലാളികൾ ഉന്നയിച്ചത്.

എന്നാൽ, നവംബർ എട്ടാം തീയതി പി. എൻ. കൃഷ്ണപിള്ളയുടെ അറസ്റ്റും തൊഴിലാളികളുടെ യോഗങ്ങളും പ്രകടനങ്ങളും തടഞ്ഞുകൊണ്ടുള്ള നിരോധനവും ഒത്തുതീർപ്പിന്റെ എല്ലാ കവാടങ്ങളും അടച്ചുകളഞ്ഞു. തൊഴിലാളികൾ പൂർവ്വാധികം ഊർജ്ജസ്വലരായി പഴയ പരിപാടിയിൽത്തന്നെ ഉറച്ചു നിന്നു. അവർ കിടങ്ങാംപറമ്പ് മൈതാനത്ത് ഒരു വമ്പിച്ച യോഗം ചേർന്ന് പി. എൻ. കൃഷ്ണപിള്ളയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രമേയങ്ങൾ പാസ്സാക്കി. അവരുടെ ദൃഢനിശ്ചയത്തിൽനിന്ന് ആർക്കും അവരെ വ്യതിചലിപ്പിക്കുവാൻ സാദ്ധ്യമായില്ല. അവസാനം പി. എൻ. കൃഷ്ണപിള്ളയെ ജാമ്യത്തിൽ വിടുകയും തൊഴിലാളികൾ ആവശ്യപ്പെട്ട രീതിയിലുള്ള കമ്മിറ്റിയെ നിയമിക്കുവാൻ ഗവൺമെന്റ് സമ്മതിക്കുകയും മുതലാളിമാർ രൂപയ്ക്ക് ഒരണവച്ചുള്ള വേതനവർദ്ധനവിന് സമ്മതിക്കുകയും ചെയ്തതിനെത്തുടർന്ന് പണിമുടക്ക് പിൻവലിച്ചു.

ഈ സമരം തൊഴിലാളികളെ അവരുടെ അവകാശങ്ങളെപ്പറ്റി കൂടുതൽ ബോധവാന്മാരാക്കി. അവരുടെ സാമ്പത്തികനേട്ടങ്ങൾക്ക് അതീതമായി അവർ രാഷ്ട്രീയമായി ചിന്തിക്കുവാനും പഠിക്കുവാനും തുടങ്ങി. അങ്ങനെ അവരുടെ സംഘടന വളർന്നു.

References

References

അക്കാമ്മ ചെറിയാന്റെ ആത്മകഥ 'ജീവിതം ഒരു സമരം' എന്ന പുസ്തകത്തിൽ നിന്നെടുത്ത ഭാഗം