ആകാശവാണിയിലെ സ്ത്രീകൾക്കായുള്ള പരിപാടി

മഹിളാലയം/വനിതാ ലോകം/വനിതാ വേദി
കടപ്പാട് : https://ml.wikipedia.org/wiki/Akashvani_Emblem_-_Akashvani_Bhavan_-_Kolkata_2013-09-07_2122.JPG

   ആകാശവാണിയുടെ തുടക്കം മുതൽക്ക് തന്നെ സ്ത്രീകൾക്ക് വേണ്ടിയുള്ള നിരവധി പരിപാടികൾ ആവിഷ്കരിച്ചിരുന്നു. പൊതുവായി സ്ത്രീകളെ സമന്വയിപ്പിക്കാനും  അറിവും വിനോദവും പകർന്നു കൊടുക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതുമായ പരിപാടികളായിരുന്നു അവ . മഹിളാലയം/വനിതാ ലോകം/വനിതാ വേദി എന്നീ  വിവിധ  പേരുകളിൽ കേരളനിലയങ്ങൾ  പ്രക്ഷേപണം ചെയ്ത് വരുന്നു. സ്ത്രീശാക്തീകരണവും പുരോഗതിയുമാണ് പ്രധാനലക്ഷ്യം. 1940 മുതൽതന്നെ സ്ത്രീകൾക്കുവേണ്ടിയുള്ള പരിപാടികൾ ആകാശവാണിയുടെ ചിലനിലയങ്ങളിൽ നിന്നും പ്രക്ഷേപണം തുടങ്ങിയിരുന്നു. തിരുവനന്തപുരം നിലയം 1995മുതൽ സ്ത്രീകൾക്കുവേണ്ടിയുള്ള പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു.അറിവു പകരുക, ചുറ്റുപാടും നടക്കുന്ന സംഭവങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, സ്വന്തം ശക്തിയും അവകാശങ്ങളും തിരിച്ചറിയാൻ പ്രാപ്തരാക്കുക, ജീവിതം കൂടുതൽ സന്തോഷപ്രദമാക്കാൻ സഹായിക്കുക തുടങ്ങിയവയെല്ലാം ഈ പരിപാടിയുടെ ലക്ഷ്യമാണ്. അതുകൊണ്ടാണ് ഇന്ത്യയിലെ എല്ലാ റേഡിയോ നിലയങ്ങളും  ആഴ്ചതോറും മൂന്നും നാലും പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത്. കേരളനിലയങ്ങളുടെ മഹിളാലയം/വനിതാലോകം തുടങ്ങിയ പരിപാടികളുടെ വൈവിധ്യം കൊണ്ടും ഗുണമേന്മകൊണ്ടും പ്രശസ്തിയാർജിച്ചിട്ടുണ്ട്.  സ്ത്രീകൾക്കുള്ള പരിപാടികളെ ലക്ഷ്യബോധമുള്ളതും സാർഥകവുമാക്കിയവരിൽ പ്രമുഖരാണ് എ സത്യഭാമ  , മഹിളാലയം ചേച്ചി എന്ന് പ്രശസ്തയായ എസ് സരസ്വതിയമ്മ, ചെങ്കുളത്ത് പാറുകുട്ടിയമ്മ തുടങ്ങിയവർ. സ്ത്രീകളുടെ പുരോ​ഗതി രാജ്യത്തിന്റെ പുരോ​ഗതിയാണെന്ന ചിന്താ​ഗതി ഉണ്ടാക്കുന്നതിന് ആകാശവാണിയുടെ മഹിളാലയം പരിപാടി സഹായിച്ചിട്ടുണ്ട്.

   വീട്ടമ്മമാർ, ഗ്രാമീണ സ്ത്രീകൾ, ഉദ്യോഗസ്ഥകൾ, സ്വയം തൊഴിൽ കണ്ടെത്തിയ ഗുണഭോക്താക്കൾ, ഗ്രാമസേവികമാർ, എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ പെടുന്നവർ പരിപാടികളിൽ പങ്കെടുക്കുന്നു. സാക്ഷരത, കുടുംബക്ഷേമം, സ്വയംതൊഴിൽ സംരംഭങ്ങൽ, മാതൃ-ശിശുസംരക്ഷണം, സർവമേഖലകളിലുമുള്ള സ്ത്രീ പങ്കാളിത്തം എന്നിങ്ങനെയുള്ള വിഷയങ്ങൾ ചർച്ചചെയ്യുന്നു. 

  ഗ്രാമവികസനപ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ള നൂറുകണക്കിനു മഹിളാസമാജങ്ങളും അംങ്കനവാടികളും സന്നദ്ധസംഘടനകളും പ്രക്ഷേപണത്തിൽ പങ്കാളികളാണ്. വനിതകളുടെ അറിവു വളർത്തുവാൻ  നൈസർഗികമായ കലാ-സാഹിത്യവാസനകളെ പ്രോത്സാഹിപ്പിക്കുവാനും  ഈ പരിപാടികൾ അവസരം ഒരുക്കുന്നുണ്ട്. സ്ത്രീകൾ അവതരിപ്പിക്കുന്ന കഥകൾ, കവിതകൾ, നാടകങ്ങൾ, ഗാനങ്ങൾ, പ്രഭാഷണങ്ങൾ, ചിത്രീകരണങ്ങൾങ്ങൾ എന്നിവയെല്ലാം  അവരുടെ പ്രതിഭയുടെ പ്രകാശനത്തിനും വികസനത്തിനും കാരണമായിത്തീരുന്നു. വനിതോത്സവങ്ങൾ സംവാദങ്ങൾ, തുടങ്ങിയവയും സ്തീകളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു. "സതീശാക്തീകരണവർഷം' (Women's Empowerment Year) പ്രമാണിച്ച് ആകാശവാണി ആസൂത്രണം ചെയ്ത വൈവിധ്യമാർന്ന പരിപാടികൾ, സ്ത്രീ പങ്കാളിത്തത്തിന്റെയും സ്ത്രീ ശക്തിയുടെയും ഉത്തമോദാഹരണങ്ങളാണ്. ദിവസവും ഒരു മണിക്കൂർ ദൈർഘ്യമുള്ള സ്ത്രീശാക്തീകരണപരിപാടികളുടെ ഒരു വർഷം നീണ്ടുനിന്ന പ്രക്ഷേപണം (2001 മാർച്ച് മുതൽ) ഈ രംഗത്തെ ഒരു മഹായജ്ഞമായിരുന്നുവെന്നു പറയാം. ആയിരക്കണക്കിന് വനിതകൾ അവരുടെ സർഗാത്മക സംഭാവനകൾകൊണ്ട് ഈ പരിപാടികളെ സമ്പന്നമാക്കിയിട്ടുണ്ട്. പ്രമുഖ സാഹിത്യകാരിയായ ലളിതാംബികാ അന്തർജനത്തിന്റെ പ്രശസ്തനോവൽ "അഗ്നിസാക്ഷി' മഹിളാലയത്തിലാണ് ആദ്യം പ്രക്ഷേപണം ചെയ്തത്. "പ്രസാദം' എന്നായിരുന്നു ആദ്യത്തെ പേര്. അന്തർജനത്തിന്റെ മറ്റൊരുപുസ്തകമായ 'സീതമുതൽ സത്യവതിവരെ' മഹിളാലയത്തിൽ ചെയ്ത പ്രഭാഷണങ്ങളുടെ സമാഹാരമാണ്. വനിതാ പരിപാടികളുടെ ആസുത്രകർ ഗ്രാമഗ്രാമാന്തരങ്ങളിൽ സഞ്ചരിച്ച് പാവപ്പെട്ടവരുടെ കുടിലുകളിലും മഹിളാസമാജങ്ങളിലും കയറിഇറങ്ങി പരിപാടികൾ റിക്കാർഡുചെയ്തു  സാധാരണക്കാരായ സ്ത്രീജനങ്ങളുടെ സ്വപ്നങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. പാചകകുറിപ്പുകളും, തുന്നൽപ്പണികളുടെവിതരണങ്ങളും, കൈകൊട്ടി കളിപ്പാട്ടുകളും ഉൾപ്പെടുത്തുന്നതാണ് സ്ത്രീകളുടെ പ്രക്ഷേപണം എന്നുള്ള മുൻകാലധാരണകളെ തിരുത്തിക്കുറിച്ചുകൊണ്ട് ഇന്ന് വനിതാപരിപാടികൾ വളരെ മുന്നോട്ട് പോയിരിക്കുന്നു. 

References

References

ഗ്രന്ധസൂചി

1.റേഡിയോ കഥയും കലയും , കെ എ ബീന, ജൂലൈ 2008 , കേരളഭാഷാ                     ഇൻസ്റ്റിറ്റ്യൂട്ട്. 
2.പ്രക്ഷേപണ കലാചരിത്രം ,  എം കെ ശിവശങ്കരൻ,ജൂലൈ 2011,കേരളഭാഷാ           ഇൻസ്റ്റിറ്റ്യൂട്ട്.