കേരളത്തിലെ ആദ്യകാല വനിതാ മാസികകൾ
സ്ത്രീകളുടെ ഉന്നമനത്തിനും മുന്നോട്ടുള്ള നടത്തത്തിനും ചൂണ്ടുപലകയായുകയായിരുന്നു വനിത മാസികകൾ . സാമൂഹിക പരിഷ്കാരങ്ങളുടെ പ്രതിഫലനവും സ്ത്രീ വിദ്യാഭ്യാസത്തിൽ വന്ന മാറ്റവും വനിതാമാസികകളുടെ തുടക്കത്തിന് പ്രധാനകാരണങ്ങളായി. അവരുടെ മാറുന്ന അഭിരുചിയും രുചിയും പദവിയും ജീവിത ശൈലിയും അതിൽ പ്രതിഫലിക്കും. ഒരു കച്ചവടമെന്ന നിലയിലല്ല ആദ്യകാലങ്ങളിൽ വനിതാമാസികകൾ തുടങ്ങിയത്. സതി, സ്ത്രീധനം, അയിത്തം,ശൈശവവിവാഹം, സ്ത്രീപീഡനം, തുടങ്ങിയ സാമൂഹിക ദുരാചാരങ്ങൾക്കെതിരായ കലാപമായിരുന്നു അവ. വനിതാ മാസികകളുടെ ചരിത്രം അത് വായിക്കുന്ന സ്ത്രീകളുടെ ചരിത്രം കൂടിയാണ്.
മലയാളത്തിൽ പത്രം തുടങ്ങി 34 കൊല്ലം കഴിഞ്ഞതിനുശേഷമാണ് ഒരു മാസിക വിദ്യാവിലാസിനി എന്ന പേരിൽ പുറത്തുവരുന്നത്. 1881ൽ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച മാസികയാണ് വിദ്യാവിലാസിനി. ഇത് മലയാളത്തിലെ ആദ്യത്തെ സാഹിത്യമാസികയായി കണക്കാക്കപ്പെടുന്നു. തുടർന്ന് കേരളത്തിൽ സ്ത്രീകൾക്കായി ഒരു മാസികയും 1885ൽ പുറത്തിറങ്ങി.
'കേരളീയ സുഗുണബോധിനി' എന്ന പേരിൽ തിരുവനന്തപുരത്തുനിന്നാണ് 1062ാംമാണ്ട് മിഥുനമാസം മുതൽ മലയാളത്തിലെ ആദ്യത്തെ വനിതാമാസികയുടെ പ്രസിദ്ധീകരണത്തിന് തുടക്കും കുറിച്ചത്. കേരളത്തിൽ അതുവരെ അനേകം വർത്തമാനപത്രങ്ങളും മാസികാപുസ്തകങ്ങളും ഇറങ്ങുന്നുണ്ടായിരുന്നെങ്കിലും അതിൽ ഒന്നിലും സ്ത്രീക്ക് പ്രാധാന്യം ഉണ്ടായിരുന്നില്ല. തുടർന്നിങ്ങോട്ട് പിറവിയെടുത്ത വനിതാമാസികകളഉടെ ചരിത്രം അത് വായിച്ചിരുന്ന സ്ത്രീകളുടെ ചരിത്രം കൂടിയാണ്.ഒരു കച്ചവടമെന്ന നിലക്കല്ല വനിത മാസികകൾ തുടങ്ങിയത്.സതി,സ്ത്രീ ധനം, അയിത്തം,ശൈശവവിവാഹം,സ്ത്രീപീഡനം തുടങ്ങിയ സാമൂഹികദുരാചാരങ്ങൾക്കെതിരായ കലാപമായിരുന്നു. വനിതാമാസികകളുടെ ഉള്ളടക്കപരിശോധനയിലൂടെ ഇത് മനസിലാക്കാവുന്നതാണ്.
"കേരളത്തിൽ മലയാള ഭാഷയിൽ അനേകം വർത്തമാന പത്രങ്ങളും മാസികാപുസ്തകങ്ങളും ഓരോ മഹാൻമ്മാരാൽ ശളാഘനീയമായ വിധത്തിൽ നടത്തപ്പെട്ടു വരുന്നുണ്ട്. എന്നാൽ അവയെല്ലാം കേരളീയ പുരുഷൻമ്മാരെ ഉദ്ദേശിച്ചു പ്രസിദ്ധം ചെയ്യപ്പെട്ടു വരുന്നവയാകുന്നു. സ്ത്രീ ജനങ്ങളുടെ ജ്ഞാനവർദ്ധനവിനും വിനോദത്തിനുമായി പ്രത്യേകിച്ച് ഒരു പുസ്തകമാവട്ടെ 'കേരളീയ സുഗുണബോധിനി' ". (മഹിളകളും മലയാളപത്രപ്രവർത്തനവും: പുതുപ്പള്ളി രാഘവൻ).
സ്ത്രീക്ക് പ്രധാന്യം നൽകി മാസിക ഇറങ്ങിയെങ്കിലും കേരളീയ സുഗുണബോധിനി കൈകാര്യം ചെയ്യുന്നതിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നില്ല എഴുത്തുകാരെല്ലാം പുരുഷൻമാരായിരുന്നു. കേരളവർമ വലിയ കോയിത്തമ്പുരാന്റെ മേൽനോട്ടത്തിൽ കെ. ചിദംബരവാധ്യാർ ബി. എ, എം.സി. നാരായണപ്പിള്ള ബി.എ. എന്നിവർക്കായിരുന്നു പത്രാധിപരുടെ ചുമതലയുണ്ടായിരുന്നത്. ഗദ്യസാഹിത്യത്തിനായുരുന്നു പ്രാധാന്യം നൽകിയിരുന്നത്. സ്ത്രീ വിദ്യാഭ്യാസം, അവയുടെ പുരോഗതിക്കുള്ള മാർഗ്ഗങ്ങൾ എന്നിവയാണ് മാസികയിൽ ചർച്ചചെയ്തിരുന്നത്.
കേളവർമ്മവലിയകോയിതമ്പുരാന്റെ 'സ്ത്രീവിദ്യാഭ്യാസം' എന്ന കവിത ആമുഖമായി കൊടുത്തുകൊണ്ടാണ് സുഗുണബോധിനി പ്രസിദ്ധീകരിക്കപ്പെട്ടത്. അതിൽ ഒരു ശ്ലോകം ഇങ്ങനെയായിരുന്നു-
"കേരളീയ ഗുണ ബോധിനിമൂലം
സാരളീ ഭവിതമായതി വേലം
കേരളീയ വനിതാ ജനജാലം
സാരലീന മതിയായ് ഭവിതാലം'' (മഹിളകളും മലയാളപത്രപ്രവർത്തനവും: പുതുപ്പള്ളി രാഘവൻ).
ആറുമാസം പിന്നിട്ടപ്പോൾ കേരളീയ സുഗുണബോധിനിയുടെ പ്രയാണം നിലച്ചു. 'കേരളീയ സുഗുണബോധിനി' ഇറങ്ങിയുരുന്ന അതേ കാലഘട്ടത്തിൽ തന്നെ റാവൂ ബഹദൂർ കൃഷാണാചാര്യരുടെ ഉടമസ്ഥതയിൽ സ്ത്രീകളെ ലക്ഷ്യം വെച്ച് 'മഹാറാണി' എന്ന പേരിൽ ഒരു മലയാളമാസിക മദിരാശിയിൽനിന്ന് പ്രസ്ദ്ധീകരിച്ചിരുന്നു. രണ്ടുമാസം കൂടുമ്പോഴാണ് ഈ പ്രസിദ്ധീകരണം ഇറങ്ങിയിരുന്നത്. 'മഹാറാണി'യും കുറച്ച് കാലം മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ.
1904 നവംബറിൽ തൃപ്പൂണിത്തുറയിൽനിന്ന് സ്ത്രീകൾക്കുവേണ്ടി 'ശാരദ' എന്ന പേരിൽ ഒരു പ്രസിദ്ധീകരണം തുടങ്ങി. രണ്ടാമത്തെ വനിതാമാസികയായി കണക്കാക്കുന്നത് 'ശാരദയാണ്'. കെ.നാരായണമേനോൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഈ പ്രസിദ്ധീകരണം ആരംഭിച്ചത്. റാണി സേതുലക്ഷ്മിഭായി, റാണി പാർവതിഭായ്, ഇക്കുവമ്മ തമ്പുരാട്ടി എന്നിവർ രക്ഷാധികാരികളും ടി.സി, കല്യാണിയമ്മ, ടി. അമ്മുക്കുട്ടിയമ്മ, ബി, കല്യാണിയമ്മ എന്നിവർ പ്രസാധകരുമായിരുന്നു. ടി. സി കല്ല്യാണിയമ്മയും , ടി.അമ്മുക്കുട്ടിയമ്മയും എറണാകുളത്തുനിന്നും ബി.കല്ല്യാണിയമ്മ തിരുവനന്തപുരത്തു നിന്നുമാണ് 'ശാരദ'യുമായി സഹകരിച്ച് പ്രവർത്തിച്ചത്. ഇത് വാസ്തവത്തിൽ ഒരപൂർവ്വ സംഗമമായിരുന്നൂ. 'ശാരദ' തുടങ്ങാൻ ടി.സി കല്യാണിയമ്മ ചിന്തിച്ച അതേകാലയളവിൽ തന്നെയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പത്നി ബി.കല്ല്യാണിയമ്മ തിരുവന്തപുരത്ത് നിന്നും അത്തരമൊരു മാസിക തുടങ്ങാൻ ആലോചിക്കുന്നത്. ബി.കല്യാണിയമ്മ ബി. എ പരീക്ഷ കഴിഞ്ഞ് മദ്രാസിൽനിന്ന് മടങ്ങുന്നവഴി എറണാകുളത്ത് ടി. സി.കല്യാണി അമ്മയുടെ അതിഥിയായി തങ്ങാൻ ഇടവന്നു. ഈ കൂടിക്കാഴ്ചയിലാണ് ഇവർ തങ്ങളുടെ ആഗ്രഹം പരസ്പരം പറയുകയും ഒരുമിച്ച് സ്ത്രീകൾക്കായി ഒരു മാസിക തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തത്. ഇവർ സ്ത്രീകളുടെ വിവിധ പ്രശ്നങ്ങളെക്കുറിച്ച് 'ശാരദ'യിൽ സ്ഥിരമായി എഴുതിയിരുന്നു. സ്ത്രീധർമം, ഭതൃശുശ്രൂഷ, സ്ത്രീവിദ്യാഭ്യാസം,ചാരിത്ര്യം,മാതൃസ്നേഹം,ആഭരണഭ്രമം, മഹാന്മാരുടെ ജീവചരിത്രം തുടങ്ങിയവിഷയങ്ങളായിരുന്നു പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്.
“ഉല്ലാസത്തൊടു വൈദുഷീമഹിയെ
പ്രാപിച്ചു ദീപിച്ചിയും
ചൊല്ലാർന്നോരബലാത്രയേണ കലിത -
ശ്രദ്ധം പ്രസിദ്ധീകൃതം
നല്ലാർക്കീ നവയായ മാസിക യശോ-
വ്സ്മരാദാ ശാരദാ
മല്ലാരേരനുകമ്പയാ ചിരതരം
കേഴാതെ വാഴണമേ” – എന്ന് കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ചാർത്തിച്ച സിന്ദൂരക്കുറിയുമായാണ് ‘ശാരദ’യുടെ രംഗപ്രവേശം. മഹിളകളും മലയാളപത്രപ്രവർത്തനവും: പുതുപ്പള്ളി രാഘവൻ).
മലയാളത്തിലെ ഈ രണ്ടാമത്തെ വനിതാപ്രസിദ്ധീകരണം ഭാരതീവിലാസം പ്രസ്സിലാണ് അച്ചടിച്ചിരുന്നത്. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലെയും, അമേരിക്ക, ഇംഗ്ലണ്ട് , ജപ്പാൻ ചൈന തുടങ്ങിയ ലോകരാജ്യങ്ങളിലെയും സ്ത്രീജീവിതങ്ങളെ കുറിച്ചുള്ള പഠനങ്ങളും നമ്മുടെ സ്ത്രീകളും ഇംഗ്ലീഷ് വിദ്യാഭ്യാസവും (ടി .അമ്മുക്കുട്ടിയമ്മ), നായന്മാരും ജാതിവിഭാഗവും(കെ പത്മാവതിയമ്മ), നായർ വിവാഹം( കെ മാധവിയമ്മ), മലയാളസമ്പ്രദായങ്ങളും ആവശ്യമായ പരിഷ്കാരങ്ങളും (കെ പത്മാവതി അമ്മ) എന്നിവരാണ് 'ശാരദ'യിൽ എഴുതിയിരുന്നത്. ശാരദയുടെ രണ്ടാം ലക്കത്തിൽ വന്ന ലേഖനങ്ങളിൽ ചിലതാണിത്. ഇത്തരം വിവരങ്ങൾ അവർ എങ്ങനെ ശേഖരിച്ചുവെന്നത് സംബന്ധിച്ച പരാമർശങ്ങൾ ലഭ്യമല്ല. പ്രശസ്തരായ പലസ്ത്രീകളെ കുറിച്ചും 'മഹതികൾ'എന്ന പേരിൽ ബി.കല്ല്യാണിയമ്മ ഒരു പ്രത്യേക തുടർ പംക്തി എഴുതിയത് പിന്നീട് സമാഹരിച്ച് 'മഹതികൾ' എന്ന പേരിൽ ജീവചരിത്ര ഗ്രന്ഥം പുറത്ത് വന്നത് ശാരദയുടെ ഏറ്റവും വലിയ സംഭാവനയായാണ് വിലയിരുത്തുന്നത്.
രണ്ടാം ലക്കം മുതൽ പ്രവേശിക എന്ന തലക്കെട്ടിൽ എം ഉദയവർമ്മരാജാ ബി ഏ ശാസ്ത്രവിഷയങ്ങൽ മുടങ്ങാതെ പ്രതിപാദിച്ചുതുടങ്ങി. പ്രകൃതിയും ശാസ്ത്രവും ആണ് ആ പരമ്പരയിലെ ആദ്യത്തേത്.കെ നാരായണമേനോൻ സൗന്ദര്യത്തെപ്പറ്റി തുടർച്ചയായി എഴുതിവന്ന പഠനവും വിജ്ഞാനപ്രദമാണ് രസകരമായ ഒരു ലേഖനമാണ് ടി കെ കൃഷ്ണമേനോന്റെ ജപ്പാൻ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ തിരുവാതിരയും, കേരളൻ പത്രാധിപൻ കെ രാമകൃഷ്ണപിള്ളയുടെ സ്ത്രീകളും പത്രപ്രവർത്തനവും എടുത്തുപറയേണ്ടതാണ്.
ശാരദയിൽ ജീവചരിത്രപംക്തി തുടങ്ങിയപ്പോൾ ആനന്ദബായി ജോഷിയുടെ ജീവചരിത്ര കുറിപ്പാണ് ആദ്യമായി വന്നത്. എഴുതിയത് ബി കല്യാണിയമ്മയാണ്. തുടർന്ന് വന്ന ഫ്ളോറൻസ് നൈറ്റിംഗേൽ, എലിസബത്ത് ഫ്രൈ,ലേഡി റയിച്ചൽ റസൽ , ലേഡി ജയിൽ ഗ്രേ,ലേഡി ഗ്രൗഡൽ ബെയ്ലി തുടങ്ങിയവരുടെ ജീവചരിത്രങ്ങളും പ്രാധാന്യമർഹിക്കുന്നു. ശാരദയിൽ ജീവചരിത്രപംക്തിതുടങ്ങിയപ്പോൾ ഉദ്ഘാടനം ചെയ്തുകൊണ്ട് കല്യാണിയമ്മ പറഞ്ഞത് ഇപ്രകാരമാണ്.
"നല്ലവരുടെ ജീവിതചരിത്രങ്ങൾ വായിക്കുന്നതു നമുക്കും വളരെ ഗുണപ്രദമായിട്ടുള്ളതാണെന്നു പറയേണ്ടല്ലോ. അവരുടെ നന്മകളെ നമുക്കു ശീലിക്കാം.അവർ ലോകോപകാരത്തിനായി ചെയ്തിട്ടുള്ള ഓരോ പ്രവൃത്തികളെ കണ്ടു പഠിച്ച് നമുക്കും നമ്മളാൽ കഴിയുന്നവിധം അപ്രകാരം ചെയ്വാൻ ശ്രമിക്കാം. ഈ ഉദ്ദേശത്തോടുകൂടിയാകുന്നു ഇതിൽ ഓരോരുത്തരുടെ ജീവചരിത്രം പ്രസിദ്ധപ്പെടുത്തുന്നതെന്ന് തീരുമാനിച്ചിട്ടുള്ളത്." (ശാരദ ; മലയാളപത്രപ്രവർത്തനം പ്രാരംഭസ്വരൂപം;ജി പ്രിയദർശനൻ).
പൂരംതിരുനാൾ തമ്പുരാട്ടി, റാണി ലക്ഷ്മിഭായി, സരോജിനിനായിഡു, വിക്ടോറിയ മേരി, വലിയ ഇക്കുഅമ്മതമ്പുരാൻ എന്നിവരും ശാരദയിൽ എഴുതിയിരുന്നു. തോട്ടയ്ക്കാട് ഇക്കാവമ്മയുടെ നളചരിതം ഭാഷാനാടകം ഖണ്ഡ:ശ പസിദ്ധീകരിച്ചതും 'ശാരദ'യിലാണ്. 'സുഭദ്രാജ്ജുനം'എന്ന നാടകരചനയിലൂടെ ചരിത്രം സൃഷ്ടിച്ച ഇക്കാവമ്മ ടി. സി.കല്ല്യാണിയമ്മയുടെ ഭതൃസഹോദരികൂടിയായിരുന്നു.ഇത്തരത്തിൽ ഉന്നത നിലവാരം പുലർത്തിയ ഏതാണ്ട് പൂർണ്ണമായും വനിതകളുടെ നേതൃത്വത്തിൽ പ്രസിദ്ധീകൃതമായ ഈ മാസിക അക്ഷരാർത്ഥത്തിൽ മാധ്യമരംഗത്ത് ചരിത്രം സൃഷ്ടിച്ചു എന്നതാണ് യാഥാർത്ഥ്യം. ഇതിൽ ഭാഗമായ മുഴുവൻ സ്ത്രീകളും വരേണ്യവർഗ്ഗത്തിൽ പെട്ടവർ കൂടിയായിരുന്നൂ എന്ന കാര്യം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്.'ശാരദ' പ്രസിദ്ധീകൃതമാകുന്ന 1904-ാംവർഷത്തിലും വിദ്യാഭ്യാസവും സഞ്ചാരസ്വാതന്ത്ര്യവും സ്ത്രീകൾക്ക് കിട്ടാക്കനി തന്നെയായിരുന്നു. പ്രത്യേകിച്ചും അധ:സ്ഥിത വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക്. സമ്പന്ന കുടുംബങ്ങളിൽ പെട്ട പുരോഗമന ചിന്തയുള്ളവർക്ക് മാത്രം ലഭിക്കുന്ന ഇത്തരം അവസരങ്ങൾ വഴി സമർത്ഥരും മിടുക്കരുമായ സ്ത്രീകൾ ചില ചരിത്രനേട്ടങ്ങൾ സൃഷ്ടിച്ചു എന്നതാണ് വസ്തുത. അതാകട്ടെ സ്ത്രീകൾക്ക് തികച്ചും അന്യമായ ഒരു മേഖലയ്ക്ക് മുതൽകൂട്ടാകുകയും ചെയ്തു.
'ശാരദ'യുടെ ആദ്യലക്കത്തിന്റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു
1 കൈരളീപ്രശസ്തി-കേരളവർമ്മ വലിയകോയിതമ്പുരാൻ
2 സ്ത്രീ വിദ്യാഭ്യാസം (തുടർച്ച) -ടി.അമ്മുക്കുട്ടിയമ്മ
3 സേതുസ്നാനം (തുടർച്ച)-കെ. ലക്ഷ്മികുട്ടിയമ്മ
4 പാചകവിദ്യ- എൻ.വേലുപ്പിള്ള
5 ആരോഗ്യരക്ഷ (തുടർച്ച) -സി.രാമുണ്ണിമേനോൻ
6 ഒരു കഴുതയുടെ കഥ- (തുടർച്ച) ടി. സി കല്ല്യാണിയമ്മ (ഡബ്ല്്യൂ
സെറ്റഡിന്റെ ഫെയറി ടെയിൽസ് ഫ്രം ഇന്ത്യയുടെ പരിഭാഷ)
7 ആഭരണഭ്രമം -ഒരു വാരിഷ്ടൻ
8 സൗന്ദര്യം- എൻ എം
9 നളചരിതം ഭാഷാനാടകം-തോട്ടയ്ക്കാട് ഇക്കാവമ്മ. ഇതിൽ പാചകവും സൗന്ദര്യവും സംബന്ധിച്ച കോളം കൈകാര്യം ചെയ്തിരുന്നത് പുരുഷൻമാരായിരുന്നു എന്നത് ഏറെ കൗതുകമുളളകാര്യം. .( വനിതാ മാധ്യമപ്രവർത്തന ചരിത്രം : ഗീതാ നസീർ).
ശ്രദ്ധേയമായ പല ലേഖനങ്ങളും പംക്തികളും കൊണ്ടു 'ശാരദ' മികച്ച മാസികയായിത്തന്നെ നിലകൊണ്ടു. ആരോഗ്യശാസ്ത്രം എന്ന പേരിൽ കല്ല്യാണിയമ്മ ഇസ്ബൽ ബ്ലാണ്ടർ എഴുതിയ 'ടാക്സ് ഓൺ ഹെൽത്ത് 'എന്ന പുസ്തകം തർജിമ ചെയ്ത് ഖണ്ഡശ പ്രസിദ്ധീകരിച്ചത് എടുത്ത് പറയത്തക്ക നേട്ടങ്ങളിൽ ഒന്നാണ് . അത് പിന്നീട് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ച് 1910 മുതൽ തിരുവിതാംകൂറിലെ വിദ്യാലയങ്ങളിൽ നാലും അഞ്ചും ക്ലാസുകളിൽ പാഠ്യപുസ്തകമായിരുന്നു.
എന്നാൽ തൃപ്പൂണിത്തുറയിൽ നിന്നുള്ള 'ശാരദ'യുടെ പ്രസിദ്ധീകരണം രണ്ടുവർഷം മാത്രമേ നീണ്ടുനിന്നുള്ളൂ. നിലച്ചുപോയ 'ശാരദ' ഒരു കൊല്ലത്തിനുശേഷം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ചുമതലയിൽ തിരുവനന്തപുരത്തുനിന്ന് വീണ്ടും പുനരാരംഭിച്ചു. 1910 സെപ്തംബറിൽ 26-ാം തീയതി സ്വദേശാഭിമാനിയും പ്രസ്സും കണ്ടുകെട്ടുകയും പ്രതാധിപർ കെ. രാമകൃഷ്ണപിള്ളയെ അറസ്റ്റു ചെയ്ത് നാടുകടത്തുകയും ചെയ്തപ്പോൾ അവിടെനിന്ന് അച്ചടിച്ചിരുന്ന ശാരദയുടെ പ്രസിദ്ധീകരണവും മുടങ്ങിപ്പോകുകയായിരുന്നു. 1913- ൽ പുനലൂരിൽ നിന്ന് തെക്കേക്കുന്നത്ത് കല്യാണിക്കുട്ടിയമ്മയുടെ നേതൃത്വത്തിൽ പുതിയൊരു 'ശാരദ' പ്രസിദ്ധീകരിച്ചിരുന്നു. ആ മാസികയുടെ പ്രസിദ്ധീകരണം ആറു കൊല്ലക്കാലം മാത്രമേ നിലനിന്നുള്ളൂ.
1090-ൽ 'ഭാഷാശാരദ' എന്ന പേരിൽ മറ്റൊരു പ്രസിദ്ധീകരണം പിറവികൊണ്ടു. അഞ്ചൽ ആർ. വേലുപ്പിള്ളയുടെ മേൽനോട്ടത്തിലായിരുന്നു അത് പ്രസിദ്ധീകരിച്ചിരുന്നത്.വിവിധ കാലങ്ങളിലായി ഭാഷാശാരദ,മഹിളാരത്നം, മഹിള, സുമംഗല, വനിതാമിത്രം, സ്ത്രീസഹോദരി, മുസ്ലിം വനിത, വനിതാ കുസുമം,സഹോദരി തുടങ്ങി നിരവധി സ്ത്രീമാസികകൾ പ്രസിദ്ധീകരിച്ചതായി പറയപ്പെടുന്നു.
1091 ചിങ്ങമാസത്തിൽ കെ.എം. കുഞ്ഞുലക്ഷ്മിക്കെട്ടിലമ്മയുടെ മേനോട്ടത്തിൽ തിരുവനന്തപുരത്തുനിന്ന് 'മഹിളാരത്നം' വനിതാമാസികയും പ്രസിദ്ധീകരണം തുടങ്ങി. കവനകൗമുദി, ആത്മപോഷിണി, സമുദായ ദീപിക, ശാരദ എന്നീ മാസികകളിൽ കുഞ്ഞിലക്ഷ്മി ലേഖനങ്ങളും കാവ്യങ്ങളും എഴുതുതിയിരുന്നു. വനിതാമാസികയാണെങ്കിലും ഇതിൽ എഴുത്തുകാർ ഒട്ടുമിക്കവരും പുരുഷന്മാരായിരുന്നു. മൂർക്കോർത്ത്, ഒടുവിൽ, കോയിപ്പള്ളി, പന്തളം, കുമാരനാശാൻ, ഉള്ളൂർ തുടങ്ങിയവർ - പ്രസാധകയ്ക്കു പുറമെ കെ.ചിന്നമ്മ, തൈക്കുന്നത്ത് കല്ല്യാണികുട്ടിയമ്മ, മയ്യനാട് ഇക്കാവമ്മ എന്നിങ്ങനെയുള്ള ചില സ്ത്രീകളും 'മഹിളാരത്ന'ത്തിൽ എഴുതിയിരുന്നു.
വനിതാമാസികകൾക്കിടയിൽ ഒരു പാടുകാലം പ്രസിദ്ധീകരണത്തിൽ ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന മാസികയിൽ ഒരെണ്ണമാണ് 'ലക്ഷ്മീഭായ്'. 1905-ൽ വെള്ളായ്ക്കൽ നാരായണമേനോന്റെ ഉടമസ്ഥതയിലായിരുന്നു ഈ മാസിക തുടങ്ങിയത്. മലയാളത്തിലെ ആദ്യകാല കഥാകാരികളുടെ പ്രധാനവേദിയും 'ലക്ഷ്മീഭായി' മാസികയായിരുന്നു. 1940 വരെ ഇത് രംഗത്തുണ്ടായിരുന്നു. 1921 ജനവരിയിൽ ബി. ഭാഗീരഥിയമ്മ ആരംഭിച്ച മാസികയാണ് 'മഹിള'. ഇരുപതുവർഷക്കാലം ഈ പ്രസിദ്ധീകരണം ഉണ്ടായിരുന്നു.
സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ട ആദ്യത്തെ വനിതാമാസികയാണ് 'വനിതാകുസുമം'. 1102- ൽ കോട്ടയത്തുനിന്നുമാണ് പ്രസിദ്ധീകരണം തുടങ്ങിയത്. വി.സി. ജോൺ എന്ന പ്രതാധിപൻ ആയിരുന്നു ഈ മാസികക്കുവേണ്ടി പ്രവർത്തിച്ചിരുന്നത്. കവറുൾപ്പെടെ 42 പേജുണ്ടായിരുന്ന മാസികയുടെ വാർഷിക വരിസംഖ്യ 2 രൂപയായിരുന്നു . രണ്ടീയിരത്തിലധികം വായനക്കാരുണ്ടായിരുന്ന മാസികയ്ക്ക് വളരെക്കാലം തുടരാൻ കഴിഞ്ഞില്ല.ഗാന്ധിജിയും സരോജിനിനായിഡുവും വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി എഴുതിയ ലേഖനങ്ങൾ വനിത കുസുമം തർജിമചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു.വിദ്യാർത്ഥിനികൽ,ഇന്ത്യൻ ശിശുക്കളിൽ പെരുകുന്ന മരണനിരക്ക്,ഭാരതമാതാവ്,ഇന്ത്യൻ സ്ത്രീ തുടങ്ങിയ വിഷയങ്ങളിലും വനിതാ കുസുമത്തിൽ ലേഖനങ്ങൾ വന്നിരുന്നു.ആദ്യമായി ഫോട്ടോജേർണലിസം മാസികകളിൽ കൊണ്ടുവന്നതും വനിതാ കുസുമമാണ്. പ്രമുഖരുടെ ഛായാചിത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. പി ആർ മന്ദാകിനി കൊല്ലത്തുനിന്ന് 1925 ജനുവരി മുതൽ പ്രസിദ്ധപ്പെടുത്തിയ സഹോദരിയാണ് വീട്ടമ്മമാരെ ലോകവാർത്തകളും പുസ്തകനിരൂപണങ്ങളുംസാഹിത്യകൃതികളുെം മറ്റും അറിയിക്കാൻ ശ്രമിച്ച പ്രധാനപ്പെട്ട ഒരു മാഗസിൻ.
വനിതാ മാസികൾക്കുപുറമേ സ്ത്രീകൾക്കുവേണ്ടി ഒരു വാരികയും തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരണം ചെയ്തിരുന്നു. സി കാർത്ത്യായനിയമ്മയുടെ ചുമതലയിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. 'ശ്രീമതി' എന്നായിരുന്നു വാരികയുടെ പേര്. ശ്രീമതി അന്നാചാണ്ടിയും ശ്രീമതിയുടെ പത്രാധിപരായിരുന്നിട്ടുണ്ട്. ഇന്ത്യയിലെ ആദ്യസ്ത്രീവാരികയായ 'ശ്രീമതി'യുടെ മുഖ്യപത്രാധിപരായിരുന്നു അന്നാചാണ്ടി. .തരവത്ത് അമ്മാളുവമ്മ ഉൾപ്പെടെ നാലുപേരാണ് 'ശ്രീമതി' പത്രാധിപസമിതിയിൽ ഉണ്ടായിരു ന്നത്.
പാർവ്വതി, ആനി തയ്യിൽ,ഹലീമബീവി, പ്രിയദത്ത കല്ലാട്ട്, എന്നിവരും വനിതാ മാസികയുമായി മുന്നോട്ടുവന്നവരാണ്.സ്ത്രീകളുടെ പുരോഗതി ലക്ഷ്യമാക്കി 'സ്ത്രീ' എന്ന മാസികയാണ് പാർവ്വതി അയ്യപ്പൻ പ്രസിദ്ധീകരിച്ചിരുന്നത്. അത് പക്ഷേ അധികകാലം നിലനിന്നില്ല. ജോസഫ് മുണ്ടശ്ശേരിയോടൊപ്പം ചേർന്ന് 1945-46 കാലത്താണ് ആനിതയ്യിൽ 'പ്രജാമിത്രം' എന്ന സായാഹ്നപത്രം നടത്തിയത്. പത്രാധിപ, പ്രസാധക, പ്രഭാഷക, സ്വാതന്ത്രസമര സേനാനി എന്നീനിലകളിൽ പ്രശസ്തയായ ഹലീമ ബീവിയാണ് ആദ്യ മുസ്ലീം വനിതാമാസികയായ 'മുസ്ലീം വനിത' (1938) പ്രസിദ്ധീകരിച്ചത്. ഭാരത ചന്ദ്രിക ആഴ്ചപ്പതിപ്പ് (1946) ഭാരത ചന്ദ്രിക ദിനപത്രം (1947) എന്നീ പത്രമാസികകൾ കൂടി ഹലീമയുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ഹലീമ ബീവി മാനേജിംങ് എഡിറ്ററും പ്രാസാധകയുമായിരുന്ന ഭാരത ചന്ദ്രികയിൽ വൈക്കം മുഹമ്മദ് ബഷീർ, വക്കം അബ്ദുൾ ഖാദർ, വെട്ടൂർ രാമൻ നായർ എന്നിവരായിരുന്നു സബ് എഡിറ്റർമാർ. മുൻമുഖ്യമന്ത്രി സി. അച്ചുതമേനോന്റെ നേതൃത്വത്തിൽ 'മുന്നണി' എന്നൊരു പത്രം തൃശൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. 1947 ൽ തുടങ്ങിയ പത്രത്തിൽ പാലിയം സമരനായിക പ്രിയദത്ത കല്ലാട്ട് ജോലി ചെയ്തിരുന്നു. കമ്മ്യൂണിസ്റ്റു പാർട്ടി 1948 ൽ നിരോധിച്ചതോടെ പത്രം നിലച്ചു, പ്രിയദത്തയ്ക്ക് ജോലിയും പോയി. .( വനിതാ മാധ്യമപ്രവർത്തന ചരിത്രം : ഗീതാ നസീർ)
കുടുംബാസൂത്രണ സന്ദേശങ്ങൾ, നായർസമുദായത്തിലെ പരിഷ്കാരങ്ങളെപ്പറ്റിയും മിശ്രവിവാഹത്തെപ്പറ്റിയും മിശ്രഭോജനത്തെപ്പറ്റിയും ശാരദമാസിക ശബ്ദമുയർത്തി. തന്റെ മുത്തച്ഛന്റെ പ്രായം വരുന്ന വൃദ്ധനെ വിവാഹം കഴിച്ച്, ചെറുപ്പത്തിലെ വിധവയായി എരിഞ്ഞുതീരാൻ വിധിക്കപ്പെടുന്ന പെൺകുട്ടിയുടെ ദുരിതം ലക്ഷ്മിഭായി(1905) മാസികയിൽ ദേവകിയമ്മ എഴുതിയിരുന്നു.ശൈശവ വിപാഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾ,അക്ഷരം നിഷേഹിക്കപ്പെട്ട പെൺകുട്ടികൾക്ക് വേണ്ടി ലക്ഷ്മീഭായിയിൽ ലേഖനങ്ങളെത്തി. സുമംഗലയിൽ (1916), സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ച് ലേഖനങ്ങൾ വന്നു. സ്ത്രീകളുടെ പുരോഗതി, സ്വന്തം ജാതിയിൽ അഭിമാനം കൊള്ളാനും, സഹജീവികളെ സ്നേഹിക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് സഹോദരി (1925) മാസിക പ്രാധാന്യം നൽകിയിരുന്നത്. വനിതാ വിമോചനവും അവരുടെ രാഷ്ട്രീയ സ്വാതന്ത്ര്യവുമായിരുന്നു വനിതാ കുസുമത്തിന്റെ ലക്ഷ്യം.
കേരളത്തിലെ ആദ്യ വനിതാ അഭിഭാഷികയായ അന്നാചാണ്ടിയെപ്പറ്റി വനിതാ കുസുമം എഴുതി. ലണ്ടനിൽനിന്ന് എം ബി ബി എസ് നേടിയ മേരി പുന്നനെപ്പറ്റി സുമംഗലയിൽ ലേഖനം വന്നു. ബി കല്യാണിയമ്മ എഫി എ പരീക്ഷ ജയിച്ചത് ശാരദയിൽ ലേഖനം വരാൻ കാരണമായി. സ്ത്രീകളുടെ കർത്തവ്യങ്ങൾ, അമ്മയുടെ കടമകൾ, മാതൃത്വത്തിന്റെ പവിത്രത, ഭർത്താവിനെ ശ്രുശ്രൂഷിക്കേണ്ട വിധം തുടങ്ങിയ വിഷയങ്ങളും ആധ്യകാല സ്ത്രീ മാധ്യമങ്ങളിൽ വിഷയമായിരുന്നു. എങ്ങനെ ഭർത്താവിനെ ശുശ്രൂഷിക്കാം എന്നതായിരുന്നു ലക്ഷ്മിഭായിലെ ഒരു ലേഖനത്തിലെ വിഷയം.നാഗർ കോവിൽ അമ്മച്ചിയുടെ പാതിവ്രത്യുഞ്ചക മെന്ന കവിത ശാരദ മാസികയിൽ പ്രസിദ്ധീകരിച്ചു. ടി സി കല്യാണിക്കുട്ടിയമ്മ കുടുംബം നോക്കുന്ന സ്ത്രീയെ പ്പറ്റിയും ശാരദയിൽ ഒരു ലേഖനമെഴുതി. കുംടുംബം നോക്കേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച് സുമംഗലയിലും ലഖനം വന്നിരുന്നു. ദേശീയഭാഷ, വധശിക്ഷ, ഇന്ത്യയുടെ ഭൗതിക പിന്നോക്കാവസ്ഥ (ലക്ഷ്മീഭായി), ഇന്ത്യയുടെ പുരോഗതിയിൽ സ്ത്രീകളുടെ പങ്ക്(മഹിളരത്നം), സ്ത്രീകൾ മറ്റു രാജ്യങ്ങളിൽ, മരുമക്കത്തായം(ശാരദ), തത്വശാസ്ത്രം സംബന്ധിച്ച ലേഖനങ്ങൾ (വനിത കുസുമം) തുടങ്ങിയ ഗൗരവമുള്ള വിഷയങ്ങളും മാസികകളിൽ ചർച്ചചെയ്തിരുന്നു.
ആദ്യ വനിതാ മാസികയിൽ സ്ത്രീയെഴുത്തുകാരാരും ഉണ്ടായിരുന്നില്ലെങ്കിലും പിന്നീടിങ്ങോട്ട് ആ നിലയിൽ മാറ്റം വന്നു.വനിതാ കുസുമമാണ് കൂടുതൽ എഴുത്തുകാരികളെ രംഗത്തെത്തിച്ചത്. പതിനൊന്നു സ്ത്രീ എഴുത്തു കാർ. തൊട്ടുപിന്നിൽ സഹോദരി മാസികയാണ്. ബി കല്യാണിഅമ്മ, കെ ചിന്നമ്മ, തൈക്കുന്നത്ത് കല്യാണിക്കുട്ടിയമ്മ, കെ എം കുഞ്ഞുലക്ഷ്മി കെട്ടിലമ്മ, തോട്ടക്കാട്ടു മാധവി അമ്മ, ശ്രീമതി പൽപ്പു, മുതുകുളം പാർവതി അമ്മ, മേരിജോൺ കൂത്താട്ടുകുളം, കെജാനമ്മ, വി കല്യാണി, ടി സി കല്യാണിയമ്മ,ശ്രീമതി ഐ സി ചാക്കോ, ശ്രീമതി പുന്നൻ ലൂക്കോസ്, റോസ് സേവ്യർ, കടത്തനാട്ടു മാധവി അമ്മ, പാച്ചല്ലൂർ പാർവതി അമ്മ,അമ്പാടി തമ്പുരാട്ടി, ഐ ദേവകി അമ്മ, ബി ലക്ഷ്മി അമ്മ ഇവരെല്ലാം ആദ്യകാല വനിതാ മാസികകളിലെ എഴുത്തുകാരികളായിരുന്നു.
1970 മുതൽ 1990വരെയുള്ള ഇരുപത് വർഷത്തെ മാധ്യമചരിത്രംപരിശോധിച്ചാൽ വനിതകളുടെ സാന്നിദ്ധ്യം വളരെ കുറവായിരുന്നു എന്ന് കാണാം. ഇക്കാലത്താണ് വനിതാമാസികകൾ കൂടുതലായി പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. രൂപകല, പെണ്മണി,പ്രേയസി, മഹിളാരത്നം,കന്യക, കലാകൗമുദി,മനോരമയുടെ 'വനിത', മാതൃഭൂമിയുടെ 'ഗൃഹലക്ഷ്മി'കുങ്കുമത്തിന്റെ 'കുമാരി' എന്നിവ ഇതിൽ ഉൾപ്പെടുന്നു.
1970ൽ ആരംഭിച്ച രുപകലെയെ ആധുനിക സ്ത്രീമാസികകളുടെ മുൻഗാമിയായി കാണാം. പ്രസിദ്ധ സാഹിത്യകാരൻ എസ് കെ പൊറ്റക്കായിന്റെ ഭാര്യ ജയ പൊറ്റക്കാട്ടിന്റെ മേൽനോട്ടത്തിലായിരുന്നു രൂപകല പ്രസിദ്ധീകരിച്ചിരുന്നത്.സിനിമയെപ്പറ്റി നാലു ലേഖനം,കഥ,കവിത,നോവൽ എന്നിങ്ങനെ മൂന്ന്,മനശ്ശാസ്ത്രം, സൗന്ദര്യം, ഫാഷൻ, ആരോഗ്യം, ശിശുപാലനം എന്നിവയിൽ രണ്ടു വീതം,ജ്യോതിഷം,പുസ്തകനിരൂപണം,സാമൂഹിക സേവനം, പാചകം, ഹോബി,തൊഴിൽ, എന്നിങ്ങനെ 25 ഇനങ്ങൾ രുപകലയിലുണ്ടായിരുന്നു. 1970 നു ശേഷമുള്ള വനിതാമാസികകൾ സ്ത്രീകളുടെ നീറുന്ന പ്രശിനങ്ങളെ സംബന്ധിച്ചുള്ള ലേഖനങ്ങളോ ഗൗരവമുള്ള ചർച്ചകളോ ഒന്നും കൂടുതലായി പ്രസിദ്ധീകരിച്ചില്ല. ([ഡോ പി ബി ലൽകാർ ; മലയാളത്തിലെ സ്ത്രീമാസിസസളുടെ ഉള്ളടക്കം - അന്നും ഇന്നും ഒരു വിശകലനം; മലയാള പത്രപ്രവർത്തനത്തിന്റെ അമ്പതു വർഷം 1947 - 1997)
വനിതാ മാസികയുടെ പേര് |
പ്രസിദ്ധീകണ സ്ഥലം |
വർഷം |
പ്രസാധകൻ/പ്രസാധിക യുടെ പേര് |
|
മഹാറാണി |
മദ്രാസ് |
1892 |
റാവു ബഹദൂർ കൃഷ്ണനാചാര്യർ |
|
കേരളസുഗുണബോധിനി |
തിരുവനന്തപുരം |
1894 |
എം സി നാരായണപിള്ള, എസ് കെ |
|
ശാരദ |
തിരുവനന്തപുരം |
1901 |
ബി കല്യാണി അമ്മ |
|
ലക്ഷിമി ഭായി |
തൃശൂർ |
1906 |
വെള്ളായിക്കൽ നാരായണമേനോൻ |
|
ഭാഷാശാരദ |
പുനലൂർ |
1915 |
ആർ വേലുപിള്ള |
|
സുമംഗലി |
|
|
|
|
മഹിളാരത്നം |
തിരുവനന്തപുരം |
1916 |
കെ എം കുഞ്ഞുലക്ഷ്മി കെട്ടിലമ്മ |
|
ക്രൈസ്തവ മഹിളാമണി |
തിരുവല്ല |
1920 |
പി എം മാമൻ |
|
മഹിള |
തിരുവനന്തപുരം |
1921 |
ബി ഭഗീരതി അമ്മ |
|
യോഷ ഭൂഷണം |
കവറ |
1924 |
ടി പി അഗസ്റ്റിൻ ഫെർണാൺഡസ് |
|
സഹോദരി |
കൊല്ലം |
1925 |
പി ആർ മന്ദാകിനി |
|
വനിതാരത്നം |
ചെങ്ങന്നൂർ |
1926 |
പുത്തൻകാവ് മാത്തൻ തരകൻ |
|
മുസ്ലീം മഹിള |
കൊച്ചി |
1926 |
പി കെ മൂസക്കുട്ടി |
|
വനിത കുസുമം |
|
1927 |
|
|
മഹിളാമന്തിരം |
തിരുവനന്തപുരം |
1927 |
പത്മനാഭപിള്ള |
|
മഹിളാ മിത്രം |
|
|
|
|
മനോരമ സമാജം മലയാള മാസിക |
കോട്ടയം |
1931 |
കെ മാധവൻ ഉണ്ണിത്താൻ |
|
സ്ത്രീ |
എറണാകുളം |
1933 |
പര്യത്ത് അയ്യപ്പൻ |
|
വനിത മിത്രം |
കോട്ടയം |
1942 |
ത്രേസ്യമ്മ ഐസക്ക് |
|
വനിത മിത്രം |
ഓച്ചിറ |
1944 |
ടി എൻ കല്യാണിക്കുട്ടി അമ്മ |
|
കോരള വനിത |
എറണാകുളം |
1958 |
ആനി ജോസഫ് |
|
വനിത ഫോർട്ട്നൈറ്റ്ലി |
തൃശൂർ |
1959 |
പി കെ ജാനകി അമ്മ |
|
ശ്രീമതി |
എറണാകുളം |
1960 |
ആനി ജോസഫ് |
|
സ്ത്രീ |
കൊച്ചി |
1960 |
ആർ എസ് ഗുലാബ് |
|
വീട്ടമ്മ |
കോട്ടയം |
1966 |
ജി വി തിരുമുമ്പു |
|
മഹിളാരണ്യം |
കോട്ടയം |
1969 |
നളിനി ശ്രീധരൻ |
|
രൂപകല |
കോഴിക്കോട് |
1970 |
ജയ പൊറ്റക്കാട് |
|
വനിത |
കോട്ടയം |
1975 |
മിസിസ് കെ എം മാത്യു |
|
പെൺമണി |
തിരുവനന്തപുരം |
1978 |
ശാന്താ നായർ |
|
ഗൃഹലക്ഷ്മി |
കോഴിക്കോട് |
1979 |
എൻ വി കൃഷ്ണവാര്യർ |
|
പ്രേയസി |
തൃശൂർ |
1981 |
എം വി മേനോൻ |
|
മഹിളാരത്നം |
കൊല്ലം |
1981 |
വിമലാ രാജകൃഷ്ണൻ |
|
കന്യക |
കോട്ടയം |
1982 |
ക്ലാരമ്മാ വർഗ്ഗീസ് |
|
കേരളകൗമുതി വിമൺമാഗസിൻ |
തിരുവനന്തപുരം |
1984 |
മാധവി സുകുമാരൻ |
References
1.ഗീതാ നസീർ : വനിതാ മാധ്യമപ്രവർത്തന ചരിത്രം,2019
2.എം ജയരാജ്: മലയാള അച്ചടിമാധ്യമം: ഭൂതവും വർത്തമാനവും : മാതൃഭൂമി ബുക്സ്, കോഴിക്കോട്,2013.
3.എ കൃഷ്ണകുമാരി ; വനിതാ പത്രപ്രവർത്തനം ചരിത്രവും വർത്തമാനവും ; കോരളസാഹിത്യ അക്കാദമി; തൃശൂർ, 2010.
4.ഡോ പി ബി ലാൽകർ, മലയാളത്തിലെ സ്ത്രീമാസികകളുടെ ഉള്ളടക്കം :അന്നും ഇന്നും; മലയാള പത്രപ്രവർത്തനത്തിന്റെ അമ്പതുവർഷം 1947-1997; കേരളപ്രസ് അക്കാദമി,കൊച്ചി,2005.
5.പുതുപ്പള്ളി രാഘവൻ: കേരള പത്രപ്രവർത്തന ചരിത്രം: ഡി സി ബുക്സ് ,കോട്ടയം,2001.
6.ജി പ്രിയദർശനൻ; മലയാളപത്രപ്രവർത്തനം പ്രാരംഭസ്വരൂപം, കേരളസാഹിത്യ അക്കാദമി,തൃശൂർ,2010.
7.എം എസ് ശ്രീകല : പ്രതി - രൂപം മാധ്യമ മലയാളത്തിന്റെ ലിംഗരാഷ്ട്രീയം: മൈത്രി ബുക്സ് , തിരുവനന്തപുരം,2019.
8.ഡോ. ജ.വി വിളനിലം ; മാധ്യമങ്ങളും ആനുകാലിക സാമൂഹിക പ്രശ്നങ്ങളും ചരിത്രപരമായ ഒരു സമീപനം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,
തിരുവനന്തപുരം,2005.
9.കേരളീയ സുഗണബോധിനി, വോള്യം1,നമ്പർ1,ജൂലൈ 1885, തിരുവനന്തപുരം .
10. P B BALAKRISHNA LALKAR; Changes In The Status of Women As Reflected in Womens Magazines Of Kerala During The Past Fifty Years; PhD Thesis;Department of Communication and Journalism ; University Of kerala; Thiruvananthapuram.