തൊഴിലിലും വേർതിരിവ്

ലിംഗപരമായ തൊഴിൽ വിഭജനം

ലിംഗഭേദം അനുസരിച്ച് തൊഴിലിൽ സ്ത്രീയെയും  പുരുഷനെയും  തമ്മിൽ വിഭജിക്കപ്പെടുന്ന രീതി സാധാരണയായി ലിംഗപരമായ തൊഴിൽ വിഭജനം എന്ന് അറിയപ്പെടുന്നു. ചരിത്രം പരിശോധിക്കുമ്പോൾ ആദിമ കാലം മുതൽ തന്നെ ലിംഗപരമായ തൊഴിൽ വിഭജനം ഉണ്ടായിരുന്നു എന്ന് കാണാൻ സാധിക്കും. മനുഷ്യൻ ആഹാരം അന്വേഷിച്ചു നടന്ന കാലങ്ങളിൽ മൃഗങ്ങളെ വേട്ടയാടുന്ന ജോലി പുരുഷന്മാരും, വേട്ടയാടിയ മൃഗത്തിന്റെ മാംസം ശേഖരിച്ചു കൊണ്ട് വരുന്ന ജോലി സ്ത്രീകളുടേതും ആയിരുന്നു. പിന്നീട് അവർ നദിതീരങ്ങളിൽ കൃഷി ആരംഭിച്ചു. മനുഷ്യൻ കുടുംബമായി താമസിക്കുവാൻ തുടങ്ങി. തങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ അധികമായി വരുന്നവ കച്ചവടം ചെയ്യാൻ തുടങ്ങി. അതിനുവേണ്ടി ദൂരെ സ്ഥലങ്ങളിലേക്ക് പുരുഷന്മാർ കാൽനടയായി പോകുവാൻ തുടങ്ങി. സ്ത്രീകൾക്ക് ആർത്തവചക്രം ഉള്ളതുകൊണ്ടും മറ്റുകാരണങ്ങൾ കൊണ്ടും  മക്കളെ നോക്കുവാനും വീട്ടുജോലികൾ ചെയ്യുവാനും വേണ്ടി തങ്ങളുടെ വീടുകളിൽ തന്നെ ഒതുങ്ങി. ഇങ്ങനെ ചരിത്രാതീത കാലം മുതൽക്കേ  ലിംഗപരമായ തൊഴിൽ വിഭജനം നിലനിന്നിരുന്നു.
        
പൊതുവെ സ്ത്രീകൾക്കും പുരുഷന്മാർക്കും അവരുടെ ദൈനംദിന ജീവിതത്തിൽ നൽകിയിട്ടുള്ള ജോലി, ചുമതലകൾ, ഉത്തരവാദിത്തങ്ങൾ എന്നിവ അവരുടെ തൊഴിൽ വിപണിയിലും പ്രതിഫലിക്കാം. തൊഴിലിലെ ലിംഗപരമായ വിഭജനം ജീവശാസ്ത്രപരമായ സ്വഭാവവിശേഷങ്ങളുടെ ഫലമാണെന്ന് പലപ്പോഴും വാദിക്കപ്പെടുന്നു. എന്നിരുന്നാലും, അത് ശ്രദ്ധിക്കുകയാണെങ്കിൽ ചില സമൂഹങ്ങളിൽ സ്ത്രീകൾ മാത്രം പരമ്പരാഗതമായി ചില  ജോലികളിൽ ഏർപ്പെട്ടിരിക്കുന്നതായി നമുക്ക് കാണാം. അതുപോലെ തന്നെയാണ് പുരുഷന്മാരുടെ കാര്യത്തിലും ഉള്ളത്. അധ്വാന വിഭജനം ഓരോ സമൂഹവുമായും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ശമ്പളമുള്ള ജോലി ഉള്ളപ്പോൾ പോലും മിക്ക രാജ്യങ്ങളിലും, വീട് വൃത്തിയാക്കൽ, പാചകം, വസ്ത്രങ്ങൾ കഴുകൽ തുടങ്ങിയ വീട്ടുജോലികൾ സാധാരണഗതിയിൽ സ്ത്രീകളുടെയോ പെൺകുട്ടികളുടെയോ ജോലികൾ മാത്രമായി കാണുന്നു. മറുവശത്ത്, ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത് പോലുള്ള കൂടുതൽ സാങ്കേതിക  ജോലികൾ പരമ്പരാഗതമായി ഒരു പുരുഷന്റെ  ജോലിയാണ്. തൊഴിൽ കമ്പോളവും (വിദ്യാഭ്യാസവും പരിശീലനവും) ലിംഗഭേദമന്യേ വേർതിരിച്ചിരിക്കുന്നു. കുറഞ്ഞ കഴിവുകൾ ആവശ്യമായ തൊഴിലുകളിൽ (ഉദാ:കൃഷി) ആണ് സ്ത്രീകൾ സാധാരണയായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുപോലെ തന്നെ സാമൂഹിക പരിചരണവുമായി ബന്ധപ്പെട്ട (ഉദാ:നഴ്സിംഗ്) മേഖലകളിലും ഈ സ്ഥിതി കാണാം. ഇതുകാരണം അവർക്ക് പലപ്പോഴും കുറഞ്ഞ വേതനവുമായി പൊരുത്തപ്പെടേണ്ടി വരുന്നു. പ്രദേശങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള വ്യത്യാസവും സാമൂഹിക മാറ്റങ്ങളും കാരണം രൂപപ്പെട്ട ഒന്നാണ് ലിംഗപരമായ തൊഴിൽ വിഭജനം  

ലിംഗപരമായ തൊഴിൽ വിഭജനത്തിന്റെ ഉദാഹരണങ്ങൾ
 

 • ബാലവാടികൾ (ഐ.സി.ഡി.എസ്-ഏകദേശം 33000 ൽ അധികം അദ്ധ്യാപകർ സ്ത്രീകളാണ്), നഴ്സിംഗ് ജോലികൾ, ട്രൈബൽ പ്രൊമോട്ടേഴ്സ് തുടങ്ങിയ മേഖലകളിൽ സ്ത്രീകൾ മാത്രമായി ഒതുങ്ങുന്നു      
 •  ലോവർ പ്രൈമറി സ്കൂളുകളിൽ അധ്യാപികമാർ ആണ് കൂടുതലായും ഉള്ളത്. 

കേരളത്തിലെ സ്കൂൾ അധ്യാപകർ(2017 -2018)

Primary school teachers


(ഉറവിടം: പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, തിരുവനന്തപുരം) 
 

കേരളത്തിലെ ഗവണ്മെന്റ്, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ എണ്ണമാണ് പട്ടികയിൽ നൽകിയിരിക്കുന്നത്. ഗവണ്മെന്റ് സ്കൂളുകളുടെ കാര്യം നോക്കുമ്പോൾ എൽ.പി, യു.പി, ഹൈസ്കൂൾ, ടി.ടി.ഐ സ്കൂളുകളിൽ വനിതാ അധ്യാപകരുടെ എണ്ണം പുരുഷ അധ്യാപകരേക്കാൾ വളരെ കൂടുതൽ ആണ്. ഹൈസ്കൂൾ വിഭാഗത്തിൽ ആണ് പുരുഷ അധ്യാപകരുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നത്. ഏകദേശം 10000 വനിതാ അധ്യാപകരാണ് ഈ വിഭാഗത്തിൽ കൂടുതലായി ഉള്ളത്. ഇതേ പ്രവണത  തന്നെയാണ് എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളുടെ കാര്യത്തിലും. ആകെ അധ്യാപകരെ കണക്കാക്കുമ്പോൾ ഏകദേശം 75 ശതമാനവും വനിതാ അധ്യാപകരാണ് സ്കൂളുകളിൽ ഉള്ളത് പുരുഷ അധ്യാപകർ 25 ശതമാനം മാത്രമാണ്.

 • തൊഴിലുറപ്പ് പദ്ധതികളിൽ സ്ത്രീകളുടെ പങ്കാളിത്തമാണ് കൂടുതൽ 

മറ്റു തൊഴിൽ മേഖലകളിൽ എല്ലാം പുരുഷ പങ്കാളിത്തം കൂടുതലും  സ്ത്രീകളുടെ പങ്കാളിത്തം പുരുഷന്മാരെ അപേക്ഷിച്ചു വളരെ കുറവുമാണ്. സാങ്കേതിക മേഖലകളിലും പൊതുമേഖലകളിലും അത് പോലെയുള്ളമേഖലകളിലും പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്തം വളരെ കൂടുതലാണ്. എന്നാൽ ഇത്തരം സാഹചര്യങ്ങളിലും 

എന്തുകൊണ്ടാണ് പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ വനിതാ അധ്യാപകരുടെ പങ്കാളിത്തം വളരെ കൂടുതലായത്?  
എന്തുകൊണ്ടാണ് നഴ്സിംഗ് പോലുള്ള ജോലികളിൽ സ്ത്രീകൾ കൂടുതലായി ഏർപ്പെട്ടിരിക്കുന്നത്? 

 
തൊഴിൽ വേതനത്തിൽ ഉള്ള ലിംഗപരമായ വ്യത്യാസം

വീട്ടിലും ജോലിസ്ഥലത്തും പൊതുജീവിതത്തിലും സമൂഹത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും അഭിവൃദ്ധിക്ക് പുരുഷന്മാർക്കും സ്ത്രീകൾക്കും പൂർണ സംഭാവന നൽകാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ലിംഗസമത്വം അനിവാര്യമാണ്. തൊഴിൽ മേഖലകളിൽ സ്ത്രീകൾ നേട്ടങ്ങൾ കൊയ്യുമ്പോഴും പുരുഷന്മാരെപ്പോലെ മുഴുവൻ സമയവും തൊഴിലിൽ ഏർപ്പെടാൻ സ്ത്രീകൾക്കാകുന്നല്ല. അതുപോലെ പണം സമ്പാദിക്കുന്ന കാര്യത്തിലും സ്ത്രീകൾ പുരുഷന്മാരേക്കാൾ വളരെ പിന്നിലാണ്. മാനേജ്‌മന്റ് തലങ്ങളിലും എക്സിക്യൂട്ടീവ് പോസ്റ്റിലും സ്ത്രീകൾക്ക് പുഷന്മാരെപ്പോലെ എത്തിപ്പെടുവാൻ സാധിക്കുന്നില്ല. അതിനാൽ തന്നെ സ്ത്രീകൾ കുറഞ്ഞ ശമ്പളമുള്ള മേഖലകളിലും തൊഴിലുകളിലും ഏർപ്പെടുന്നു. പ്രായം, ജോലി പരിചയം, തൊഴിൽ ശ്രേണിയിലെ ഉയർച്ച എന്നിവയ്ക്കൊപ്പം ശമ്പള വിടവ് വർദ്ധിക്കുന്നു. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐ‌എൽ‌ഒ) പ്രസിദ്ധീകരിച്ച ഗ്ലോബൽ വേജ് റിപ്പോർട്ട് 2018-19 അനുസരിച്ച്, പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലാണ്  സ്ത്രീകൾക്ക് ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്നുന്നത്. വയസും വിദ്യാഭ്യാസ യോഗ്യതയും കൂടുന്നതിനനുസരിച്ചു  തൊഴിൽ വേതനത്തിൽ ഉള്ള ലിംഗപരമായ വ്യത്യാസം കൂടുന്നു. 

wage gap

റിപ്പോർട്ട് പ്രകാരം,  പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് ശരാശരി 34 ശതമാനം കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്.  ആഗോളതലത്തിൽ സ്ത്രീകളുടെ ശരാശരി വേതനം പുരുഷന്മാരേക്കാൾ 16% കുറവാണ്. പ്രതിമാസ വേതനത്തിലാണ് അസമത്വം കൂടുതലുള്ളത് (22%). ഉയർന്ന വിദ്യാഭ്യാസമുള്ള സ്ത്രീകൾക്ക് പോലും ലിംഗപരമായ തൊഴിൽ വേതനത്തിൽ ഉള്ള വ്യത്യാസം കാണാം. വേതനത്തിൽ ഉള്ള വ്യത്യാസത്തിന്റെ കാരണങ്ങൾ നോക്കുമ്പോൾ  പ്രധാനമായും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള തിരഞ്ഞെടുപ്പ് തന്നെ തൊഴിൽപരമായ വേർതിരിവ് ഉണ്ടാക്കുന്നു. ഉദാഹരണത്തിന്, നഴ്സിംഗ് പഠിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളായതിനാൽ, ഈ തൊഴിൽ സ്ത്രീകളിയാണ് അമിതമായി പ്രതിനിധീകരിക്കുന്നത്.  അതുപോലെതന്നെ സ്നേഹവും അനുകമ്പയും സഹാനുഭൂതിയും സ്ത്രീകളിൽ കൂടുതലാണ് എന്ന കാഴ്ചപ്പാട് വളരെ കൂടുതലായതിനാൽ  ഇത്തരം ഗുണങ്ങൾ ഏറെ ആവശ്യമുള്ള  പരിചരണ ജോലികൾ  സ്ത്രീകളുടെ മേഖലയായി ഒതുങ്ങുന്നു. അതിനാൽ സ്ത്രീകളുടെ പ്രാതിനിധ്യം കൂടുതലുള്ള തൊഴിൽ മേഖലകളിൽ അവരുടെ തൊഴിലിനെ വില കുറച്ചു കാണുകയും ഇത് ലിംഗപരമായ വേതന വിടവിനു കാരണമാകുകയും ചെയ്യുന്നു. ഇന്ത്യയിൽ, തൊഴിൽ പ്രവർത്തനങ്ങളിലും സംസ്ഥാനങ്ങളിലുടനീളവും വേതനത്തിലെ ലിംഗഭേദം ഗണ്യമായി വ്യത്യാസപ്പെടുന്നു. ഗ്രാമീണ കാർഷിക തൊഴിലാളികളുടെ കാര്യത്തിൽ, അവിദഗ്ദ്ധ തൊഴിലാളികളുടെ കാര്യത്തിൽ വേതന വിടവ് ഏറ്റവും ഉയർന്നതും ചില പ്രത്യേക കഴിവുകൾ ആവശ്യമുള്ള നിർദ്ദിഷ്ട ജോലികളുടെ കാര്യത്തിൽ ഏറ്റവും കുറവുമാണ്. എന്നാൽ കുറഞ്ഞ വേതന നയം പോലുള്ള നീക്കങ്ങൾ ഒരു പരിധിവരെ തൊഴിൽ വേതനത്തിൽ ഉള്ള ലിംഗപരമായ വ്യത്യാസം കുറക്കുവാൻ സഹായിച്ചിട്ടുണ്ട്. 

PROTEST FOR WAGE GAP

1976 ലെ തുല്യ വേതന നിയമം എന്താണ്?

പുരുഷന്മാർക്കും വനിതാ തൊഴിലാളികൾക്കും തുല്യ വേതനം നൽകുക, തൊഴിൽ, തൊഴിലവസരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ലിംഗപരമായ അടിസ്ഥാനത്തിൽ വിവേചനം തടയുക എന്ന ലക്ഷ്യത്തോടെ 1976 ൽ തുല്യ വേതന നിയമം പാസാക്കി. ഈ നിയമപ്രകാരം സ്ത്രീകൾക്ക് തുല്യവേതനം ആവശ്യപ്പെടാനുള്ള അവകാശം നൽകുന്നു എന്ന് മാത്രമല്ല, നിയമന പ്രക്രിയകൾ, തൊഴിൽ പരിശീലനം, സ്ഥാനക്കയറ്റം, സംഘടനയ്ക്കുള്ളിലെ കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട ഏത് അസമത്വവും ഈ നിയമപ്രകാരം വെല്ലുവിളിക്കപ്പെടാം.

തൊഴിൽ വേതനത്തിൽ ഉള്ള ലിംഗപരമായ വ്യത്യാസം: കേരളത്തിൽ എങ്ങനെ?

കേരളത്തിന്റെ കാര്യം നോക്കുകയാണെങ്കിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കാർഷികമേഖലയിലും  കാർഷികേതര മേഖലയിലും  തൊഴിലാളികളുടെ വേതന നിരക്ക് കൂടുതലാണ്.ദേശീയ വേതന നിരക്കിനേക്കാൾ 147 ശതമാനത്തിലധികമാണ് കേരളത്തിലെ വേതന നിരക്ക്. എന്നാൽ സാമൂഹികപരമായി വളരെ മുന്നിൽ നിൽക്കുന്ന കേരളത്തിലും തൊഴിൽ വേതനത്തിൽ ഉള്ള ലിംഗപരമായ വ്യത്യാസം നിലനിൽക്കുന്നു എന്നത് വളരെ ലജ്ജാവഹമായ കാര്യമാണ്. 

wage gap in kerala

(ഉറവിടം: ലേബർ ബ്യൂറോ, തൊഴിൽ മന്ത്രാലയം, ഇന്ത്യ ഗവൺമെന്റ്)

ആഗസ്ററ് 2018 ലെ കണക്കുകൾ അനുസരിച്ചു ഗ്രാമീണ മേഖലയിലെ കാർഷിക തൊഴിലാളികളുടെ ശരാശരി ദൈനംദിന വേതന നിരക്ക് ആണ് ഗ്രാഫിൽ നൽകിയിരിക്കുന്നത്. ഇതുപ്രകാരം കർഷികമേഖലയുമായി ബന്ധപ്പെട്ട വിവിധ ജോലികളിൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ വേതനം കുറവാണെന്നു കാണാം. വിതയ്ക്കൽ ജോലിക്ക് ഒരു ദിവസം പുരുഷന് ഏകദേശം 753 രൂപ കിട്ടുമ്പോൾ ഇതേ ജോലിക്ക് ഒരു സ്ത്രീക്ക് കിട്ടുന്നത് ഏകദേശം 534 രൂപ മാത്രമാണ്. ഇങ്ങനെ നോക്കുമ്പോൾ 200 രൂപയിൽ കൂടുതലാണ് ദിവസ വേതന നിരക്കിലുള്ള വിടവെന്നു  നമുക്ക് ഇവിടെ കാണുവാൻ കഴിയും. മറ്റു ജോലികളായ കൊയ്ത്ത്, ജലസേചന ജോലികൾ തുടങ്ങിയ കാർഷിക മേഖലയിലെ  വിവിധ ജോലികളിലും വേതനത്തിൽ ഉള്ള ലിംഗപരമായ വ്യത്യാസം കാണാം. എന്നാൽ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ തൊഴിൽ വേതനത്തിൽ ഉള്ള വിടവ് കേരളത്തിൽ കുറവാണ്. ഇത് ഒരു നല്ല പ്രവണതയാണെന്നു പറയാമെങ്കിലും ഇപ്പോഴും നിലനിൽക്കുന്ന കേരളത്തിലെ തൊഴിൽ വേതനത്തിൽ ഉള്ള ലിംഗപരമായ വ്യത്യാസം നിലനിൽക്കുന്നത് ശുഭകരമായൊരു സൂചനയല്ല. കാർഷിക മേഖലയിൽ മാത്രമല്ല മറ്റു മേഖലകളിലും ഇതേ പ്രവണത തന്നെയാണ് ഇപ്പോഴുമുള്ളത്. ഗ്രാമീണ-നഗര വ്യത്യാസമില്ലാതെ ഇത് പ്രകടമാണ്.

എന്നാലും ചില തൊഴിലുകളിൽ സ്ത്രീക്കും പുരുഷനും തുല്യ വേതനം ലഭിക്കുന്നുണ്ട്.

 • സേവനമേഖലയിലെ എല്ലാ തൊഴിലിനും ലിംഗഭേദമെന്യേ തുല്യ വേതനം ലഭിക്കുന്നുണ്ട്.    
 • മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതിയിൽ അംഗങ്ങളായ എല്ലാപേർക്കും തുല്യവേതനം ലഭിക്കുന്നു.  
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(എം. ജി. എൻ. ആർ. ഇ. ജി. എസ്)


ഗ്രാമീണ മേഖലയിലെ ദാരിദ്ര നിർമാർജനത്തിന് വേണ്ടി 2005 സെപ്റ്റംബർ 7 നു  കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഈ പദ്ധതിപ്രകാരം കുറഞ്ഞത് 100 ദിവസത്തെ ജോലി ഉറപ്പു നൽകുന്നു. അതുപോലെ അപേക്ഷിച്ചു 15  ദിവസങ്ങൾക്കകം തൊഴിൽ ലഭിച്ചില്ലെങ്കിൽ തൊഴലില്ലായ്മാ വേതനവും സർക്കാർ നൽകുന്നു.  അവിദഗ്ദ്ധ ജോലികൾ ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന ഓരോ കുടുംബത്തിനും എല്ലാ സാമ്പത്തിക വർഷത്തിലും വേതനത്തോടെയുള്ള തൊഴിൽ ഉറപ്പ് നൽകുന്നു. 2017-18 കാലയളവിൽ 301.15 ലക്ഷം തൊഴിൽ കാർഡുകൾ നൽകി, 217 കോടി ദിവസങ്ങൾ തൊഴിൽ നൽകി,  കൂടാതെ 39190 / - കോടി രൂപ സ്കീമിന് കീഴിൽ വേതനമായി നൽകി (വാർഷിക റിപ്പോർട്ട് 2018 -2019 , മിനിസ്ട്രിസ് ഓഫ്  സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ). ഈ പദ്ധതിയുടെ ഏറ്റവും വല്യ പ്രതേകതയെന്നു പറയുന്നത് സ്ത്രീക്കും പുരുഷനും തുല്യ വേതനം ലഭിക്കുന്നു എന്നതാണ്. ഗ്രാമീണ മേഖലയിലെ പാവപ്പെട്ട സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ ഈ പദ്ധതി വളരെ വലിയൊരു പങ്കു വഹിക്കുന്നുണ്ട്. ജലസംരക്ഷണവും ജലസംഭരണവും, ബണ്ടുകളുടെ നിർമാണം, അഴുക്കുചാൽ നിർമാണം തുടങ്ങിയ ജോലികൾ ആണ് ഈ പദ്ധധിക്കുള്ളിൽ വരുന്നത്. പാലക്കാടും വയനാടും ആണ് കേരളത്തിൽ ആദ്യമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയ ജില്ലകൾ. 

ഇന്ത്യൻ ഭരണഘടനയുടെ വിവിധ വ്യവസ്ഥകൾ തൊഴിൽ വേതനത്തിൽ ഉള്ള ലിംഗപരമായ വ്യത്യാസമില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. നിർദ്ദിഷ്ട നിയമനിർമ്മാണങ്ങൾ ലിംഗപരമായ ശമ്പള വിടവ് പരിഹരിക്കുന്നു,

 • ആർട്ടിക്കിൾ 14 :  രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഉണ്ടായിരിക്കണം.
 • ആർട്ടിക്കിൾ 15 (1) : മതം, വംശം, ജാതി, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ ഏതൊരു പൗരനോടും ഉള്ള  വിവേചനം തടയുന്നു.
 • ആർട്ടിക്കിൾ 15 (3) : സ്ത്രീകൾക്ക് അനുകൂലമായി സാഹചര്യം ഉണ്ടാക്കാൻ സംസ്ഥാനത്തെ പ്രാപ്തരാക്കുന്ന പ്രത്യേക വ്യവസ്ഥ.
 • ആർട്ടിക്കിൾ (16 ) : എല്ലാ പൗരന്മാർക്കും പൊതു നിയമനങ്ങളുടെ കാര്യത്തിൽ അവസരങ്ങളുടെ തുല്യത
 • ആർട്ടിക്കിൾ 39  (എ):  പുരുഷനും  സ്ത്രീക്കും തുല്യമായി ഉപജീവനത്തിനുള്ള അവകാശം 
 • ആർട്ടിക്കിൾ 39 (ഡി):  സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേലയ്ക്ക് തുല്യവേതനം
 • ആർട്ടിക്കിൾ 42 :   ജോലിയിലും പ്രസവാനന്തര ശുശ്രൂഷക്കും നീതിപൂർവകവും മാനുഷികവുമായ അവസ്ഥകൾ ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകൾ 
 • ആർട്ടിക്കിൾ 51 (എ) (ഇ) : സ്ത്രീകളുടെ അന്തസ്സിനെ അവഹേളിക്കുന്ന രീതികൾ ഉപേക്ഷിക്കുക

          

References

References

India Wage Report (2018), ILO DECENT WORK TEAM FOR SOUTH ASIA AND COUNTRY OFFICE FOR INDIA