സ്ത്രീധന നിരോധന നിയമവും ഗാർഹികപീഡന നിരോധന നിയമവും
ആധുനികചിന്തകളും പുരോഗമനവാദങ്ങളും സ്ത്രീശാക്തീകരണത്തെപ്പറ്റിയും സ്ത്രീസമത്വത്തെപ്പറ്റിയും നിരന്തരം സമൂഹത്തെ ബോധവൽക്കരിക്കുമ്പോഴും, ഏറ്റവും സുരക്ഷിതമെന്ന് നമ്മൾ വിശ്വസിക്കുന്ന കുടുംബം എന്ന സമൂഹവ്യവസ്ഥക്കുള്ളിൽ നിരവധി സ്ത്രീകൾ നിരന്തരം അക്രമങ്ങൾക്കിരയാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭർത്താവ്, ഭർതൃബന്ധുക്കൾ എന്നിവരിൽ നിന്ന് സ്ത്രീധനത്തെച്ചൊല്ലിയും മറ്റു കാരണങ്ങളാലും ശാരീരികമായും മാനസികമായും പീഡനങ്ങളേൽക്കേണ്ടി വരുന്ന സ്ത്രീകളുടെ സുരക്ഷക്കുവേണ്ടി നിർമിച്ചിരിക്കുന്ന രണ്ടു നിയമങ്ങളാണ് സ്ത്രീധനനിരോധനനിയമവും ഗാർഹികപീഡനനിരോധനനിയമവും.
സ്ത്രീധനനിരോധനനിയമം (Dowry Prohibition Act)
സ്ത്രീധന സമ്പ്രദായം പഴയ കാലം മുതൽ തന്നെ ഹിന്ദു സമൂഹത്തിൽ നിലനിൽക്കുന്നു.വധുവിനെ കുടുംബത്തിലേക്ക് കൊണ്ടുവരുന്നത് ഒരു മഹത്തായ സംഭവമായി കണക്കാക്കപ്പെട്ടു. അത് ഭാഗ്യത്തിലേക്കുള്ള വാതിലാണെന്നും വിശ്വസിച്ചിരുന്നു. സ്ത്രീധനം ആഴത്തിൽ വേരൂന്നിയ ഒരു സാമൂഹികതിന്മയാണ്. വാസ്തവത്തിൽ സ്ത്രീധനസമ്പ്രദായം ആരംഭിച്ചത് വിവാഹസമയത്തു സ്നേഹവാത്സല്യങ്ങളോടൊപ്പം വധുവിന് ചില സമ്മാനങ്ങൾ നൽകാനും മറ്റുമായിരുന്നു. പെൺകുട്ടികൾ പൊതുവെ വളരെയധികം വിദ്യാഭ്യാസമില്ലാത്തവരായിരുന്നു. മികച്ച തൊഴിൽ നേടാൻ അവർ തയ്യാറായില്ല. അതിനാൽ കുടുംബ വരുമാനം വർധിപ്പിക്കുന്നതിനുള്ള അവസരം കുറവാണ്. അത്തരക്കാർക്കു സാമ്പത്തികമായി സ്വതന്ത്രമാകാൻ ഈ സമ്മാനങ്ങൾ സഹായിച്ചിരുന്നു. എന്നാൽ കാലങ്ങൾ കഴിയുംതോറും ഇതൊരു വിപത്തായി മാറിക്കൊണ്ടിരുന്നു. സ്ത്രീധനമെന്നത് നിർബന്ധമായും പെൺവീട്ടുകാർ നൽകേണ്ട ഒന്നാണെന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. നിർധനരും സാധാരണക്കാരുമായ മാതാപിതാക്കൾക്ക് ഈ പതിവ് ഒരു ശാപമായി മാറി. വേണ്ടത്ര പണമോ വസ്തുക്കളോ വീട്ടിൽ നിന്നും ലഭിക്കാത്ത പെൺകുട്ടികൾക്ക് ഭർതൃവീട് ഒരു നരകമായി മാറുകയും ചെയ്തു. സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനങ്ങളും മരണങ്ങളും പതിവുവാർത്തയായി മാറി.
സ്ത്രീധന നിരോധന നിയമം1961 മെയ് 1 ന് പ്രാബല്യത്തിൽ വന്നു. സ്ത്രീധന നിരോധന നിയമപ്രകാരം, സ്ത്രീധനമെന്നാൽ കക്ഷികളോ, ഏതെങ്കിലും കക്ഷിയുടെ മാതാപിതാക്കളോ, അല്ലെങ്കിൽ വിവാഹവുമായി ബന്ധപ്പെട്ട് മറ്റാരെങ്കിലുമോ വിവാഹത്തിന് നൽകിയ സ്വത്ത്, സാധനങ്ങൾ അല്ലെങ്കിൽ പണം എന്നിവ ഉൾപ്പെടുന്നു. സ്ത്രീധന നിരോധന നിയമം ഇന്ത്യയിലെ എല്ലാ മതക്കാർക്കും ബാധകമാണ്. എന്നാൽ സ്ത്രീധന നിരോധന നിയമത്തിന്റെ ഉള്ളടക്കം സ്ത്രീധനം തടയുന്നതിൽ ഫലപ്രദമല്ലെന്ന് പരക്കെ വിലയിരുത്തപ്പെട്ടു. മാത്രമല്ല, സ്ത്രീധനമാവശ്യപ്പെട്ട് സ്ത്രീകൾക്കെതിരായി നടക്കുന്ന പ്രത്യേക തരത്തിലുള്ള അക്രമങ്ങൾ തടയുന്നതിൽ ഈ നിയമം പരാജയപ്പെട്ടു. തൽഫലമായി, നിയമം തുടർന്നുള്ള ഭേദഗതിക്ക് വിധേയമായി. ഉദാഹരണത്തിന്, 1984 ൽ, വിവാഹസമയത്ത് വധുവിനോ വരനോ നൽകിയ സമ്മാനങ്ങൾ അനുവദനീയമാണെന്ന് വ്യക്തമാക്കുന്നതിനായി ഇത് മാറ്റി. എന്നിരുന്നാലും, ഓരോ സമ്മാനവും അതിന്റെ മൂല്യം, അത് നൽകുന്ന വ്യക്തിയുടെ ഐഡന്റിറ്റി, വിവാഹിതരാകുന്ന ഏതെങ്കിലും കക്ഷിയുമായുള്ള വ്യക്തിയുടെ ബന്ധം എന്നിവ വിവരിക്കുന്ന ഒരു ലിസ്റ്റ് പരിപാലിക്കണമെന്ന് നിയമം അനുശാസിക്കുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ പെടുന്ന സ്ത്രീകളെ സംരക്ഷിക്കുന്നതിനായി ഇന്ത്യൻ പീനൽ കോഡിലെ നിയമവും പ്രസക്തമായ വിഭാഗങ്ങളും കൂടുതൽ ഭേദഗതി ചെയ്തു. ഗാർഹിക പീഡനങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമപ്രകാരം 2005 ൽ നിയമ പരിരക്ഷയുടെ മറ്റൊരു തലം നൽകി.
യഥാർത്ഥ സ്ത്രീധനനിരോധന നിയമത്തിലെ ഭേദഗതികൾ മുഖാന്തരം സ്ത്രീധനം നൽകുന്നതിനും സ്വീകരിക്കുന്നതിനും കുറഞ്ഞതും കൂടിയതുമായ ശിക്ഷകൾ സ്ഥാപിക്കുകയും, വിവാഹവുമായി ബന്ധപ്പെട്ട് പണത്തിന്റെയോ സ്വത്തിന്റെയോ സ്ത്രീധനം അല്ലെങ്കിൽ പരസ്യ ഓഫറുകൾ എന്നിവ ആവശ്യപ്പെടുന്നതിന് പിഴ ഈടാക്കുകയും ചെയ്തു. സ്ത്രീധനവുമായി ബന്ധപ്പെട്ട ക്രൂരത, സ്ത്രീധന മരണം, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങൾ സ്ഥാപിക്കുന്നതിനായി 1983ൽ ഇന്ത്യൻ പീനൽ കോഡ് പരിഷ്കരിച്ചു. സ്ത്രീധന ആവശ്യങ്ങൾക്കോ സ്ത്രീധന പീഡനത്തിനോ തെളിവ് കാണിക്കുമ്പോൾ ഈ നിയമങ്ങൾ സ്ത്രീകൾക്കെതിരായ അക്രമത്തിനു അവരുടെ ഭർത്താവിനേയും ബന്ധുക്കളെയും ശിക്ഷിച്ചു.
ശിക്ഷാനടപടികള്‍
ഇന്ത്യന്‍ പീനല്‍ കോഡില്‍ (ഇന്ത്യന്‍ ശിക്ഷാ നിയമം) വകുപ്പ് 498 എ - സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തിനെതിരെയും ,വകുപ്പ് 304ബി-സ്ത്രീധനത്തെ ചൊല്ലിയുള്ള മരണത്തിനെതിരെയും നിലനില്ക്കുന്നു. വകുപ്പ് 406 സ്ത്രീധനപീഡനം മൂലമുള്ള ആത്മഹത്യയ്ക്കുള്ള പ്രേരണാകുറ്റത്തിനെതിരായും നിലനില്ക്കുന്നു.
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും, വാങ്ങുന്നതിനോ കൊടുക്കുന്നതിനോ പ്രേരിപ്പിക്കുന്നതും ചുരുങ്ങിയത് 5 കൊല്ലത്തേയ്ക്കുള്ള തടവിനും 15000 രൂപയോ സ്ത്രീധന തുകയോ, ഇതില്‍ ഏതാണ് കൂടുതല്‍, ആ തുകയ്ക്കുള്ള പിഴയ്ക്കും ബാധകമായ കുറ്റങ്ങളാണ്.
സ്ത്രീധനം ആവശ്യപ്പെട്ടാല്‍ 6 മാസം മുതല്‍ 2 വര്‍ഷം വരെനീട്ടാവുന്ന തടവുശിക്ഷ ലഭിക്കാവുന്നതാണ്. കൂടാതെ 10000 രൂപ പിഴയും ഒടുക്കേണ്ടി വന്നേയ്ക്കാം.
മാധ്യമങ്ങളിലൂടെ സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള പരസ്യം കൊടുത്താല്‍ 6 മാസം മുതല്‍ 5 വര്‍ഷം വരെ നീട്ടാവുന്ന തടവുശിക്ഷയോ 15000 രൂപ വരെ പിഴയോ ലഭിക്കാവുന്നതാണ്.
സ്ത്രീധന തുക വധുവിന്റെ പേരില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള സമയപരിധിയ്ക്കുള്ളില്‍ നിക്ഷേപിച്ചില്ലെങ്കില്‍ 6 മാസം മുതല്‍ 2 വര്‍ഷംവരെയുള്ള തടവോ 5000 രൂപ മുതല്‍ 10000 രൂപ വരെയുള്ള പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിയ്ക്കാവുന്നതാണ്.
ഈ നിയമ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ അറസ്റ്റിനുതകുന്നതും, ഒത്തുതീര്‍പ്പുകള്‍ക്ക് സാധ്യതയില്ലാത്തതും, ജാമ്യം കിട്ടാത്തതുമായ വകുപ്പുകളില്‍പ്പെടുത്തിയിരിക്കുന്നു. അറസ്റ്റ് ചെയ്യുന്നതിന് വാറണ്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
സ്ത്രീധന സംബന്ധമായുള്ള കേസ് കോടതിയില്‍ വന്നാല്‍ കുറ്റവിമുക്തനാക്കുന്നതിന് വേണ്ട തെളിവുകള്‍ നല്‍കുന്നതിനുള്ള ബാധ്യത ആരോപണവിധേയനായ വ്യക്തിയുടേതാണ്.
ആരോട് എവിടെ കുറ്റാരോപണം നടത്താം?
ഏതു വ്യക്തിയ്ക്കും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കേസ് കൊടുക്കാം. കല്യാണം കഴിഞ്ഞ് പത്തുവര്ഷങ്ങള്ക്കുള്ളില് കേസ് ഫയല്‍ ചെയ്യാം.
ഒരു മെട്രോപ്പൊളിറ്റന്‍ മജിസ്ട്രേറ്റിനോ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റിനോ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനോ പോലീസ് റിപ്പോര്‍ട്ട് പ്രകാരമോ പരാതിപ്പെടുന്ന വ്യക്തി, രക്ഷകര്‍ത്താക്കള്‍, ബന്ധുക്കള്‍, അംഗീകരിക്കപ്പെട്ട സാമൂഹ്യ സേവക സംഘടനകള്‍ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലോ ഈ നിയമപ്രകാരം കേസെടുക്കാം.
ഗാര്‍ഹിക പീഡന നിരോധന നിയമം(Domestic violence Act)
ഗാര്‍ഹിക പീഡന നിരോധന നിയമം പുരുഷന്മാര്ക്ക് എതിരെ മാത്രമാണെന്ന് പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്. പക്ഷെ ഈ നിയമം നിസ്സഹായരായ, പീഡനനുഭവിക്കുന്ന സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. അതായത്, ഈ നിയമ പ്രകാരം, ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മറ്റൊരു സ്ത്രീയാണെങ്കില്‍ പോലും ശിക്ഷ ലഭിക്കും. നിര്‍ഭാഗ്യവശാല്‍ നിരപരാധികളായ പല പുരുഷന്മാരും ഈ നിയമത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയും എന്നാല്‍ അര്‍ഹതപ്പെട്ട സ്ത്രീകള്‍ക്ക് ഇതിന്റെ ഗുണം കിട്ടാതിരിക്കുകയും ചെയ്യുന്നുണ്ട്. മറ്റെല്ലാ നിയമങ്ങളെക്കാളും ദുരുപയോഗം ചെയ്യപ്പെടുന്നതും ഈ നിയമം തന്നെ.
2006 ഒക്ടോബര്‍ മാസം ഈ നിയമം പാസ്സാക്കിയെങ്കിലും ഇതിനെക്കുറിച്ച് ശരിയായ വിധത്തില്‍ ബോധവത്കരണം ജനങ്ങളിലേക്ക് എത്തിക്കാനോ പ്രയോജനപ്പെടുത്താനോ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഈ നിയമം നിലവില്‍ വന്നതിനു ശേഷവും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടിവരുന്നുവെന്നത് വേദനാജനകമാണ്.
ഗാര്‍ഹിക ബന്ധത്തില്‍പ്പെട്ട അംഗങ്ങളില്‍ നിന്നുണ്ടാകുന്ന പീഡനമാണ് ഗാര്‍ഹികപീഡനം. ഗാര്‍ഹിക ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രക്തബന്ധം കൊണ്ടോ, വിവാഹം മൂലമോ, വിവാഹിതരാകാതെ ദമ്പതികളെപ്പോലെ താമസിക്കുകയാലോ, ദത്തെടുക്കല്‍ മൂലമുണ്ടായ ബന്ധത്താലോ, കൂട്ടുകുടുംബത്തിലെ അംഗമെന്ന നിലയിലോ, ഒരു കൂരയ്ക്ക് കീഴെ ഒരുമിച്ചു താമസിക്കുമ്പോള്‍ ഉണ്ടാകുന്ന ബന്ധമാണ്.
ഗാര്‍ഹികപീഡനത്തെ നിയമം നാലായി തിരിച്ചിരിക്കുന്നു.
ശാരീരികമായ പീഡനം (Physical abuse)
അടി, കരണത്തടി, കുത്തുക, ചവിട്ടുക, കടിക്കുക, നുള്ളുക, തള്ളിയിടുക, തുടങ്ങി ആരോഗ്യത്തിനും വ്യക്തിത്വ വികസനത്തിനും തടസ്സം സൃഷ്ടിക്കുന്ന എന്തും.
വാച്യമോ വൈകാരികമോ ആയ പീഡനം (Emotional abuse)
അപമാനിക്കുക, സ്വഭാവഹത്യ നടത്തുക, ഇരട്ടപ്പേരു വിളിക്കുക, സ്ത്രീധനം കൊണ്ടുവരാത്തതിന്റെ പേരില്‍ അധിക്ഷേപിക്കുക, പെണ്‍കുട്ടിയെ പ്രസവിച്ചതിനോ ആണ്‍കുട്ടിയെ പ്രസവിക്കാത്തതിനോ അപമാനിക്കുക, തന്റെ കുട്ടിയെ സ്കൂളില്‍ അയക്കുന്നതിനെ തടയുക, ജോലി സ്വീകരിക്കുന്നതിനെയോ ജോലിക്ക് പോകുന്നതിനെയോ തടയുക, ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുക, വീടുവിട്ടു പോകാന്‍ നിര്‍ബന്ധിക്കുക, സുഹൃത്തുക്കളെ കാണുന്നത് തടയുക, ഇഷ്ടമുള്ള പുരുഷനെ വിവാഹം ചെയ്യാന്‍ സമ്മതിക്കാതിരിക്കുക, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുക എന്നിങ്ങനെ വൈകാരികമായി തകര്‍ക്കുന്ന ഏതു പ്രവൃത്തിയും.
ലൈംഗികമായ പീഡനം (Sexual abuse)
ബലപ്രയോഗത്താലുള്ള ലൈംഗിക ബന്ധം, അശ്ലീല ചിത്രങ്ങളോ അശ്ലീല സാഹിത്യമോ കാണാന്‍ പ്രേരിപ്പിക്കുക, സ്ത്രീയെ അപമാനിക്കാനോ തരം താഴ്ത്താണോ നിന്ദിക്കാനോ ഉദ്ദേശിച്ചുകൊണ്ടുള്ള ലൈംഗിക സ്വഭാവമുള്ള പ്രവര്‍ത്തി.
സാമ്പത്തികമായ പീഡനം (Economical abuse)
തനിക്കും കുട്ടികള്‍ക്കും ചിലവിനു നല്‍കാതിരിക്കുക, ആഹാരമോ വസ്ത്രമോ മരുന്നോ തരാതിരിക്കുക, ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുക, തൻറെ ശമ്പളമോ വരുമാനമോ അനുവാദമില്ലാതെ എടുക്കുക, ഔദ്യോഗിക ജോലികള്‍ക്കു ഭംഗം വരുത്തുക വീടിന്റെ എല്ലാ ഭാഗത്തും പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുക, വീട്ടുസാധനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക, കെട്ടിടവാടക കൊടുക്കാതിരിക്കുക എന്നിവ.
പീഡനം ഏല്‍പ്പിക്കുന്നത് ഭര്‍ത്താവോ അതോ ഭര്‍ത്താവിന്റെ പിതാവ്, മാതാവ്, സഹോദരി തുടങ്ങിയവരോ ആരായാലും അവര്‍ക്കെതിരെയുള്ള സംരക്ഷണം സ്ത്രീക്ക് ലഭിക്കുന്നതാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീയ്ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും തന്നെ സ്ത്രീധനപീഡനത്തിലും ഗാര്ഹികപീഡനത്തിലും ബാധകമാണ്.
ഗാര്‍ഹിക പീഡനം നടന്നാല്‍ എവിടെ പരാതിപ്പെടാം?
കേരളത്തില്‍ പതിനാലു ജില്ലകള്‍ക്കുമായി മുപ്പത്തൊന്നു സംരക്ഷണ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. പരാതിക്കാരി സംരക്ഷണ ഉദ്യോഗസ്ഥരുമായി ഫോണ്‍ വഴിയോ നേരിട്ടോ ബന്ധപ്പെടുക. അദ്ദേഹം ഉണ്ടായ സംഭവങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കും (ഡി ഐ ആര് - ഡൊമസ്റ്റിക് ഇൻസിഡന്റ് റിപ്പോര്‍ട്ട് ). ഈ റിപ്പോര്‍ട്ട് അധികാരമുള്ള ഒന്നാം ക്ലാസ് മജിസ്റേറ്റിന് സമര്‍പ്പിക്കും. ഡി ഐ ആര് കോടതിയില്‍ കിട്ടുന്ന മുറയ്ക്ക് മജിസ്ട്രെറ്റ് എതിര് കക്ഷികള്‍ക്ക് സമന്‍സ് അയയ്ക്കും. സമന്‍സ് പ്രകാരം എതിര്‍കക്ഷി കോടതിയില്‍ എത്തും. സ്വന്തമായി അഭിഭാഷകരെ കേസ് ഏല്‍പ്പിക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് സൗജന്യ നിയമസഹായ പദ്ധതിയനുസരിച്ച് നിയമ സഹായം ലഭിക്കുന്നതാണ്. അത്തരത്തില്‍ നിയമിക്കപ്പെട്ട അഭിഭാഷകര്‍ സംരക്ഷണ ഉത്തരവ് ലഭിക്കാനാവശ്യമായ സഹായം നല്‍കും. നിയമപ്രകാരം മറ്റൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ, പരാതിക്കാരിക്ക് അവര്‍ അതുവരെ താമസിച്ചിരുന്ന വീട്ടില്‍ തുടര്‍ന്നു താമസിക്കാന്‍ അവകാശമുണ്ട്. ആര്‍ക്കും അവരെ അവിടെനിന്ന് ഇറക്കി വിടാനാവില്ല.
ഏതൊരു വ്യക്തിക്കും ഗാര്‍ഹിക പീഡനം നടക്കുന്നുവെന്നറിഞ്ഞാല്‍ പരാതി നല്‍കാം. അക്കാരണത്താല്‍ അയാള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നതല്ല.
ഈ നിയമ വ്യവസ്ഥകള്‍ മനസിലാക്കി വ്യക്തികള്‍ ഗാര്‍ഹിക പീഡനത്തില്‍ നിന്നു മാറി നില്‍ക്കുകയും കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുകയും ചെയ്യുക എന്നതാണ് ഈ നിയമം കൊണ്ടു ഉദ്ധേശിക്കുന്നത്. ഒരിക്കല്‍ കൂടി പറയട്ടെ, ഈ നിയമം സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടി മാത്രം ഉള്ളതാണ്. അല്ലാതെ പുരുഷന്മാരെ ക്രൂശിക്കാനുള്ളതല്ല.
സംരക്ഷണോദ്യോഗസ്ഥരുടെ വിലാസം
ഗാര്‍ഹികപീഡനത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്കുന്ന നിയമമനുസരിച്ച് സാമൂഹ്യക്ഷേമ വകുപ്പ് സംരക്ഷണോദ്യോഗസ്ഥരായി (പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍) വിവിധ ജില്ലകളില്‍ നിയമിച്ചിട്ടുള്ളവരുടെ മേല്‍വിലാസവും ഫോണ്‍ നമ്പറും ചുവടെ:
തിരുവനന്തപുരം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1, പൂജപ്പുര, തിരുവനന്തപുരം
കേരള, ഫോണ്‍. 0471 2342786
കൊല്ലം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 2, സിവില്‍ സ്റ്റേഷന്, കൊല്ലം,
ഫോണ്‍. 0474 2794029
പത്തനംതിട്ട: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ്1, മിനി സിവില്‍ സ്റ്റേഷന്, പത്തനംതിട്ട,
ഫോണ്‍. 0468 2325242
ആലപ്പുഴ: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1,കോര്‍ട്ട് ബില്‍ഡിങ്ങ്, ആലപ്പുഴ
ഫോണ്‍. 0477 2238450
കോട്ടയം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1, ടി.ബി. റോഡ്, സൌത്ത് പി.ഒ., കോട്ടയം
ഫോണ്‍ . 0481 2300548
ഇടുക്കി: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 1,
മിനി സിവില്സ്റ്റേഷന് , തൊടുപുഴ പി.ഒ., ഇടുക്കി,
ഫോണ്‍. 0486 2220126
എറണാകുളം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1,കോര്പ്പറേഷന് ഷോപ്പിങ്ങ് കോംപ്ളക്സ്
ഹൈക്കോര്‍ട്ട് (ഈസ്റ്) എറണാകുളം,
ഫോണ്‍. 0484 2396649
തൃശൂര്‍: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ്1, സിവില്‍ സ്റ്റേഷന്, തൃശൂര്‍,
ഫോണ്‍. 0487 2363999
പാലക്കാട്: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1,സിവില്‍ സ്റ്റേഷന്, പാലക്കാട്,
ഫോണ്‍. 0491 2505275
മലപ്പുറം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1, കോര്‍ട്ട് ബില്‍ഡിങ്ങ് , മഞ്ചേരി , മലപ്പുറം ,
ഫോണ്‍. 0483 2777494
കോഴിക്കോട്: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1, സിവില്‍ സ്റ്റേഷന് , കോഴിക്കോട് ,
ഫോണ്‍. 0495 2373575
വയനാട്: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1, കല്‍പ്പറ്റ,വയനാട് ,
ഫോണ്‍. 0493 6207157
കണ്ണൂര്‍: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1 (ഇന്‍ ചാര്‍ജ്ജ്) തലശ്ശേരി , കണ്ണൂര്‍ ,
ഫോണ്‍. 0490 2344433
കാസര്‍ഗോഡ്: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ്1, സിവില്‍ സ്റ്റേഷന്, വിദ്യാനഗര്‍ പി.ഒ.
കാസര്‍ഗോഡ്, ഫോണ്‍. 0499 4255366