തൊഴിൽരംഗത്തെ സ്ത്രീകളുടെ അവകാശസംരക്ഷണനിയമങ്ങൾ

ഒരു രാജ്യത്തിൻറെ അഭിവൃദ്ധി അളക്കുന്നത്, കാർഷിക-വ്യാവസായിക-സേവനമേഖലകളിൽ ആ രാജ്യം കൈവരിക്കുന്ന വളർച്ചയും പുരോഗതിയും വിലയിരുത്തിയാണ്. ഏതാണ്ട് അമ്പത് വർഷങ്ങൾ മുൻപ് വരെ ഭൂരിഭാഗവും പുരുഷകേന്ദ്രീകൃതമായിരുന്ന നമ്മുടെ രാജ്യത്തെ തൊഴിൽരംഗം വിപ്ലവകരമായ മാറ്റങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്നു. ചെറുകിടജോലികൾ മുതൽ മുൾട്ടിനാഷണൽ കമ്പനികളിലെ ഉയർന്ന പദവികളിൽ വരെ പുരുഷന്മാർക്കൊപ്പംതന്നെ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടായ വർധനവാണ് അതിൽ പ്രധാനം. 2011ലെ സെൻസസ് അനുസരിച്ച് ദേശീയതലത്തിൽ 25.51% സ്ത്രീജോലിക്കാരുണ്ട്. ഗ്രാമപ്രദേശങ്ങളിൽ ഇത് 30.02 %, നഗരങ്ങളിൽ 15.44 % എന്നിങ്ങനെയാണ്. സ്വയംതൊഴിലെടുക്കുന്നവർ,സംരംഭകർ, സാധാരണത്തൊഴിലാളികൾ, കർഷകർ, കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, പ്രൊഫഷണലുകൾ തുടങ്ങി എല്ലാവിധ തൊഴിൽരങ്ങളിലും ഇന്ന് സ്ത്രീകൾ കഴിവ് തെളിയിക്കുന്നുണ്ട്. 
വീടിന്റെ അകത്തളങ്ങളിലും അടുക്കളച്ചുവരുകൾക്കിടയിലുമായി ജീവിതം തള്ളി നീക്കാൻ വിധിക്കപെട്ട സ്ത്രീകൾ ഉദ്യോഗസ്ഥകളായി പൊതുസമൂഹത്തിലിറങ്ങുമ്പോൾ അവർ നേരിടുന്ന പ്രശ്നങ്ങൾ ഒട്ടും കുറവല്ല. കുടുംബത്തിൽ നിന്നുമുള്ള സമ്മർദ്ദങ്ങൾ,വ്യക്തിപരമായ  ആരോഗ്യപ്രശ്ങ്ങൾ, തുടങ്ങി തൊഴിലിടങ്ങളിൽ നിന്നുള്ള ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാപ്രശ്നങ്ങൾ വരെ അതിജീവിച്ചുകൊണ്ടാണ് ഓരോ സ്ത്രീയും ജോലിയിൽ തുടർന്നുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിൽ നിലവിലുള്ള തൊഴിലാളി നിയമങ്ങളെല്ലാംതന്നെ സാമൂഹ്യസുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുക എന്ന ഉദ്യേശത്തോടുകൂടി നിർമിച്ചവയാണ്. തൊഴിലാളികളിൽ ഇന്ന് പുരുഷന്മാരുടെ അത്രതന്നെ സ്ത്രീകളും ഉൾപ്പെടുന്നു. തൊഴിലിടങ്ങളിൽനിന്ന്‌ പലവിധ ചൂഷണങ്ങളും സ്ത്രീത്തൊഴിലാളികൾ നേരിടേണ്ടിവരുന്നതിനാൽ അവരുടെ സുരക്ഷാ ഉറപ്പുവരുത്തേണ്ടത് ഗവണ്മെന്റിന്റെ ചുമതലയാണ്. തൊഴിൽനിയമങ്ങളിലെ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്ന വകുപ്പുകളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

1) വ്യവസായികനിയമം (ഫാക്ടറീസ് ആക്ട് ,1948)
ഫാക്ടറികളിലെ തൊഴിൽ സാഹചര്യങ്ങൾ നിയന്ത്രിക്കുക, ആരോഗ്യം, സുരക്ഷാക്ഷേമം, വാർഷിക അവധി എന്നിവ നിയന്ത്രിക്കുക, ഫാക്ടറികളിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തുക എന്നതാണ് ഇന്ത്യൻ ഫാക്ടറീസ് ആക്റ്റ് 1948 ന്റെ പ്രധാന ലക്ഷ്യങ്ങൾ.
സെക്ഷൻ 19 - അടിസ്ഥാനആവശ്യങ്ങളിൽ ഒന്നായ ശൗചാലയങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്നു. 
സെക്ഷൻ 22(2) - യന്ത്രങ്ങളുടെ വൃത്തിയാക്കൽ, എണ്ണയിടുന്നത് അഥവാ ഗ്രീസ് ചെയ്യുന്നത്, ഏതെങ്കിലും തരത്തിലുള്ള ക്രമീകരണമാറ്റങ്ങൾ വരുത്തുന്നത് എന്നതിൽനിന്നെല്ലാം സ്ത്രീകളെ ഒഴിവാക്കിയിരിക്കുന്നു. 
സെക്ഷൻ 27 - ഈ വകുപ്പ് പ്രകാരം സ്ത്രീകളും കുട്ടികളും 'പരുത്തി അമർത്തൽ' ( കോട്ടൺ പ്രെസ്സിങ്)  ഇതിനായി ഉപയോഗിക്കുന്ന കോട്ടൺ ഓപ്പണർ യന്ത്രം ഉള്ളയിടത്ത് സ്ത്രീകളും കുട്ടികളും ജോലി ചെയ്യുന്നത് അനുവദിക്കുന്നില്ല.  എന്നാൽ കോട്ടൺ ഓപ്പണർ യന്ത്രത്തിന്റെ  ഫീഡ്-ഏൻഡ്  ഭാഗങ്ങളിൽ സ്ത്രീകൾക്കും മറ്റും ജോലി ചെയ്യാവുന്നതാണ്. 
ബി. എൻ ഗാമടിയ വി. എമ്പറർ എന്ന സുപ്രധാന കേസിൽ ബോംബെ ഹൈക്കോടതി ഈ വകുപ്പിനെപ്പറ്റി പരാമർശം നടത്തിയിട്ടുണ്ട്.
സെക്ഷൻ 34 - പ്രായപൂർത്തിയായ സ്ത്രീ, പ്രായപൂർത്തിയായ പുരുഷൻ, കൗമാരക്കാർ, കുട്ടികൾ എന്നിവർക്ക് ചുമക്കാവുന്ന പരമാവധി ഭാരം തിട്ടപ്പെടുത്തിയിരിക്കുന്നു.  കൂടുതൽ ഭാരം ചുമപ്പിക്കുന്നതും അതിനായി പ്രേരിപ്പിക്കുന്നതും ഈ വകുപ്പ് പ്രകാരം നിയമവിരുദ്ധമാണ്.
സെക്ഷൻ 42 (1)(ബി) - ഈ വകുപ്പ് പ്രകാരം കുളിക്കുന്നതിനും തുണി കഴുകുന്നതിനുമായി മതിയായ സൗകര്യങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും നൽകേണ്ടതുണ്ട്. ഇത്തരം സൗകര്യങ്ങൾ വൃത്തിയുള്ളതായിരിക്കണമെന്നു സംസ്ഥാന സർക്കാരുകൾ ഉറപ്പുവരുത്തേണ്ടതാണ്. 
സെക്ഷൻ 48 - മുപ്പതിലധികം സ്ത്രീതൊഴിലാളികൾ ഉള്ള ഫാക്ടറിയിൽ ശിശുപരിപാലനത്തിനായുള്ള അനുയോജ്യസ്ഥലം നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. അവിടം ശുചിയുള്ളതും ആവശ്യത്തിന് വെളിച്ചവും വായുവും ലഭിക്കുന്നതുമായിരിക്കണം. സ്ത്രീത്തൊഴിലാളികളുടെ 6 വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് ഇത്തരം സൗകര്യങ്ങൾ ഉപയോഗിക്കാവുന്നതാണ്.
സെക്ഷൻ 66 (1)(ബി) - ഈ സെക്ഷൻ പ്രകാരം രാത്രികാലങ്ങളിലുള്ള ജോലികളിൽ നിന്നും സ്ത്രീ തൊഴിലാളികളെ ഒഴിവാക്കിയിട്ടുണ്ട്. സ്ത്രീസുരക്ഷ കണക്കിലെടുത്താണ് ഇത്തരം വകുപ്പുകൾ ഈ നിയമത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 
സെക്ഷൻ 87 - ശാരീരിക അപകടങ്ങളോ രോഗങ്ങളോ മറ്റു വിഷബാധകളോ ഏൽക്കാൻ സാധ്യതയുള്ള ഫാക്ടറികളിലും അപകടസാഹചര്യങ്ങളിലും സ്ത്രീകളും കുട്ടികളും ജോലി ചെയ്യുന്നതിൽ നിന്നും ഈ വകുപ്പ് തടയുന്നു. 

2)തുല്യവേതന നിയമം (ഈക്വൽ റെമ്യൂണറേഷൻ ആക്ട്,1976 )
"തുല്യജോലിക്കു  തുല്യവേതനം" എന്നതാണ് ഈ നിയമം ലക്ഷ്യമിടുന്നത്. ലിംഗവ്യത്യാസമെന്യേ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യജോലിക്കു തുല്യവേതനം ഉറപ്പാക്കുന്നതിനാണ് ഈ നിയമം രൂപംകൊണ്ടത്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ 1951ൽ സംഘടിപ്പിച്ച സമ്മേളത്തിലെ പ്രധാനവിഷയം ഈ ആശയമായിരുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിലെ 23-മത്തെ അനുച്ഛേദം ഊന്നൽ നൽകുന്നതും തുല്യജോലിക്കു തുല്യവേതനം എന്ന ആശയത്തിന് തന്നെയാണ്. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 14 നിയമത്തിനുമുന്നിൽ ലിംഗഭേദമന്യേ തുല്യതയും ആർട്ടിക്കിൾ 15 വിവേചങ്ങൾക്കെതിരെയുള്ള അവകാശവും സ്ത്രീകൾക്കായി പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള അവകാശവും ആർട്ടിക്കിൾ 39 (d) സ്ത്രീക്കും പുരുഷനും തുല്യവേതനവും ഉറപ്പുനൽകുന്നു. 
സെക്ഷൻ 4  - തൊഴിൽദാതാവ് തുല്യജോലിക്കു സ്ത്രീക്കും പുരുഷനും തുല്യവേതനം നൽകണമെന്ന് അനുശാസിക്കുന്നു. യാതൊരുതരത്തിലുള്ള വിവേചനവും അക്കാര്യത്തിൽ അനുവദിക്കുന്നതല്ല.
സെക്ഷൻ 5 - പരിശീലനങ്ങൾ ലഭിക്കുന്നതിലോ, ജോലിയിൽ ഉയർച്ച ലഭിക്കുന്നതിലോ, സ്ഥലമാറ്റം സംബന്ധിക്കുന്ന കാര്യത്തിലോ തൊഴിൽദാതാവിന്റെ ഭാഗത്തുനിന്ന് യാതൊരു വിവേചനവും പാടുള്ളതല്ല. എന്നാൽ സ്ത്രീത്തൊഴിലാളികൾക്ക് നിയന്ത്രണമുള്ളതും നിഷേധിച്ചിരിക്കുന്നതുമായ തൊഴിലുകൾക്ക് ഈ വകുപ്പ് ബാധകമല്ല. 
സെക്ഷൻ 8 - തൊഴിൽ വിഭാഗങ്ങൾ, ജോലിയെ സംബന്ധിക്കുന്ന വിവരങ്ങൾ, പുരുഷതൊഴിലാളികളുടെയും സ്ത്രീത്തൊഴിലാളികളുടെയും എണ്ണം, വേതനനിരക്കും അവയെ സംബന്ധിക്കുന്ന ഘടകങ്ങളും തുടങ്ങിയവയെല്ലാം വളരെ വ്യക്തമായി സൂചിപ്പിക്കുന്ന രജിസ്റ്റർ തൊഴിൽദാതാവ് സൂക്ഷിക്കേണ്ടതുണ്ട്. 
സീതാദേവി & ഒതേർസ് വി. സ്റ്റേറ്റ് ഓഫ് ഹരിയാന & ഒതേർസ് എന്ന കേസിൽ "തുല്യജോലിക്ക് തുല്യവേതനം" എന്ന ആശയം ആർട്ടിക്കിൾ 14ൽ പറഞ്ഞിരിക്കുന്ന തുല്യതയെ പിന്തുണക്കുന്നതാണെന്നു സുപ്രീംകോടതി വിലയിരുത്തി. 
m/s മക്കിന്നോൻ മക്കൻസി ആൻഡ് കമ്പനി ലിമിറ്റഡ് വി. ഓഡിനെയി ഡികോസ്റ്റ ആൻഡ് ഒതേർസ് എന്ന കേസിൽ കോൺഫിഡൻഷ്യൽ സ്‌റ്റെനോഗ്രാഫർ എന്ന ലേബലിൽ സ്ത്രീ തൊഴിലാളിയെ മറ്റൊരു വിഭാഗമായി കണ്ടിട്ടാണ് തൊഴിൽദാതാവ് വേതനനിരക്കിൽ വിവേചനം കാണിച്ചത്. എന്നാൽ കോടതി ഈ നടപടി തെറ്റാണെന്നും തുല്യവേതനനിയമം അനുശാസിക്കുന്നതുപോലെ വേതനം നൽകണമെന്നും വിധിച്ചു.

 3)ഖനിനിയമം,1972 
അപകടസാധ്യത കൂടുതലുള്ള തൊഴിലിടമായതിനാൽ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്ന വിധത്തിലാണ് ഈ നിയമത്തിൽ വകുപ്പുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 
സെക്ഷൻ 20 - മതിയായ എണ്ണത്തിൽ ശൗചാലയങ്ങൾ ഖനിയിൽ തൊഴിലാളികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്നു. 
സെക്ഷൻ 21 - അപകടസാധ്യതയേറിയ സ്ഥലങ്ങളായതിനാൽ പ്രഥമശുശ്രൂഷാസാമഗ്രികൾ എപ്പോഴും കരുതിവെക്കണമെന്നു അനുശാസിക്കുന്നു. 
സെക്ഷൻ 46 (1)(b) - ഈ വകുപ്പ് സ്ത്രീത്തൊഴിലാളികളുടെ രാത്രികാലങ്ങളിലുള്ള പ്രവർത്തനം നിയന്ത്രിച്ചിരിക്കുന്നു. 
ഖനിഭേദഗതി നിയമം 1983 സെക്ഷൻ 40 പ്രകാരം 18 വയസിനു താഴെ പ്രായമുള്ള ആരുംതന്നെ ഖനിയിൽ തൊഴിലെടുക്കുന്നത് അനുവദിക്കുന്നില്ല. 18   വയസിനു താഴെയുള്ളവർ ഖനിയിൽ തൊഴിലെടുപ്പിക്കുന്നത് സെക്ഷൻ 68 പ്രകാരം ശിക്ഷാർഹമാണ്.

4)ജോലിസ്ഥലങ്ങളിലെ ലൈംഗികാതിക്രമങ്ങൾ തടയുന്ന, സംരക്ഷിക്കുന്ന, പരിഹരിക്കുന്ന നിയമം, 2013 
ദിവസവേതനത്തിനു തൊഴിലെടുക്കുന്ന സാധാരണ സ്ത്രീത്തൊഴിലാളികൾ മുതൽ ഉയർന്ന ഉദ്യോഗസ്ഥകൾ വരെയുള്ള ജോലിക്കാരായ മുഴുവൻ സ്ത്രീകളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലിടങ്ങളിലെ അരക്ഷിതാവസ്ഥയാണ്. ലൈംഗികചൂഷണമാണ് മിക്ക തൊഴിലിടങ്ങളിലെയും സ്ത്രീകൾ അനുഭവിക്കുന്ന പ്രധാന പ്രശ്നം. 1992ൽ രാജസ്ഥാനിൽ നടന്ന ഒരു ലൈംഗികാതിക്രമമാണ് ഇന്ത്യയിൽ തൊഴിലിടങ്ങളിലെ സ്ത്രീകൾക്ക് ലൈംഗികാതിക്രമങ്ങളിൽ നിന്നും സുരക്ഷയൊരുക്കുന്നതിനുള്ള നിയമം നിർമിക്കുവാൻ കാരണമായത്. 'വിശാഖ കേസ്' എന്നാണ് പ്രമാദമായ ആ സംഭവം അറിയപ്പെടുന്നത്.
വിശാഖ & ഒതേർസ് വി. സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ (AIR 1997 SC 3011)
ബൻവാരി ദേവി എന്ന സാമൂഹ്യപ്രവർത്തകയുടെ ശൈശവവിവാഹങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങളിൽ രോഷം കൊണ്ട് ഒരു കൂട്ടം ആളുകൾ അവരെ അവരുടെ ജോലിസ്ഥലത്തുവെച്ചു കൂട്ടബലാത്സംഗം ചെയ്തു. പോലീസിന്റെയും മറ്റു അധികൃതരുടെയും ഭാഗത്തുനിന്ന് നീതി ലഭിക്കില്ലെന്ന് മനസിലാക്കിയ ബൻവാരിദേവി 'വിശാഖ' എന്ന പേരിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി നിലനിന്നിരുന്ന ഒരു സ്ഥാപനത്തിന്റെ സഹായത്തോടെ ജോലിസ്ഥലങ്ങളിലെ ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് സുപ്രീംകോടതിയിൽ ഒരു പൊതുതാത്പര്യഹർജി സമർപ്പിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14,15,19(1)(g) എന്നിവയുടെ ലംഘനം നടന്നതായും ആയതിനുള്ള പരിഹാരം നല്കണമെന്നുമായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടത്. ഈ ഹർജിയിൽ ജോലിസ്ഥലങ്ങളിൽ തൊഴിലാളികൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളുടെ ഉത്തരവാദിത്വം തൊഴിൽ ധാതാവിനാണോയെന്ന ചോദ്യം ഉയർന്നിരുന്നു. 
സ്ത്രീത്തൊഴിലാളികൾ ജോലിസ്ഥലങ്ങളിൽ നേരിടുന്ന ലൈംഗികാതിക്രമം വളരെ അപകടകരമായ സാമൂഹികപ്രശ്നമായി കണ്ടാണ് കോടതി ഈ ഹർജി പരിഗണിച്ചത്. സ്ത്രീകൾക്ക് ജോലിസ്ഥലങ്ങളിൽ അന്തസ്സോടുകൂടി പ്രവൃത്തിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഉചിതമായ നിയമം അത്യന്താപേക്ഷിതമാണെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. മാത്രമല്ല ജോലിസ്ഥലങ്ങളിലെ അതിക്രമങ്ങൾക്കെതിരെ പ്രത്യേകനിയമം നിലവിൽ വരുന്നതുവരെ  ഈ കേസിൽ കോടതി നിർദ്ദേശിച്ച 'മാർഗരേഖ(വിശാഖ ഗൈഡ് ലൈൻസ്)' ഒരു നിയമമായി കണക്കാക്കുവാനും സുപ്രീംകോടതി വിധിന്യായത്തിലൂടെ വ്യക്തമാക്കി.  
വിശാഖ കേസിൽ സുപ്രീംകോടതി നിർദ്ദേശിച്ച മാർഗനിർദേശങ്ങൾ 
1. തൊഴിൽദാതാവിന്റെയും മറ്റു തൊഴിലാളികളുടെയും കർത്തവ്യങ്ങൾ വ്യക്തമാക്കുന്നു. 
2. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ തടയുന്നതും അത്തരത്തിലുള്ള  പ്രവർത്തികളിലേർപ്പെടുന്നവരെ പിന്തിരിപ്പിക്കുന്നതിനുമുള്ള  പൂർണചുമതല തൊഴിൽദാതാവിനാണ്. 
3. പരാതികൾ സമർപ്പിക്കുന്നതിനും കൃത്യമായ പരിഹാരങ്ങൾ ലഭ്യമാകുന്നതിനുമുള്ള  സംവിധാനം എല്ലാ തൊഴിലിടങ്ങളിലും ഉണ്ടാകേണ്ടതാണ്. 
4. പരാതികളിൽ കൃത്യമായ അന്വേഷണം നടത്തി ലൈംഗികാതിക്രമം നടത്തിയ ആൾക്കെതിരെ അച്ചടക്കനടപടികൾ കൈക്കൊള്ളേണ്ടതാണ്. 
5. ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള പരാതികൾ തൊഴിലാളികളുടെ പൊതുയോഗങ്ങളിൽ ഉന്നയിക്കുന്നതിനുള്ള അവകാശം പ്രസ്തുതസ്ഥാപങ്ങളിൽ ജോലി ചെയ്യുന്നവർക്കുണ്ട്. 
6. സ്ത്രീത്തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചു അവബോധം അവർക്കു നൽകുന്നതിനായി ഈ മാർഗരേഖ തൊഴിൽസ്ഥാപനങ്ങളിൽ പരസ്യപ്പെടുത്തേണ്ടത് നിർബന്ധമാണ്. 
മേൽപ്പറഞ്ഞിരിക്കുന്ന ഈ മാർഗനിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് ജോലിസ്ഥലങ്ങളിലെ ലൈംഗികാതിക്രമങ്ങൾ തടയുന്ന, സരംക്ഷിക്കുന്ന, പരിഹരിക്കുന്ന നിയമം 2013ൽ നിലവിൽ വന്നത്. ഈ നിയമത്തിലെ സുപ്രധാനവകുപ്പുകൾ താഴെ നൽകിയിരിക്കുന്നു. 
സെക്ഷൻ 3(2) - ഈ നിയമപ്രകാരം ലൈംഗികാതിക്രമം നിർവചിച്ചിരിക്കുന്നു:-  
(1) ഏതുവിധേനെയുള്ള ശാരീരികസമ്പർക്കങ്ങളും അതിലൂടെയുള്ള മുതലെടുപ്പുകളും;
(2) ലൈംഗികാഗ്രഹങ്ങൾക്കായുള്ള ആജ്ഞകളോ അല്ലെങ്കിൽ അപേക്ഷകളോ;
(3) സ്ത്രീകളുടെ ഇഷ്ടങ്ങൾക്കെതിരെ അശ്ളീല പ്രദർശനം;
(4) ലൈംഗികചുവയോടുകൂടിയ സംഭാഷണങ്ങൾ,ആംഗ്യങ്ങൾ, എല്ലാംതന്നെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമമായാണ് കണക്കാക്കുന്നത്.

   
ലേഖനം തയ്യാറാക്കിയത് : അഡ്വ.പാർവതി എ. (എൽഎൽഎം വിദ്യാർത്ഥിനി,ഗവണ്മെന്റ് ലോ കോളേജ് ,കോഴിക്കോട്)