ഷാംപൂ, കണ്ടീഷണർ എന്നിവയെക്കുറിച്ചറിയാം

Curly Girl Method Products: Shampoos, Conditioners, Tools | Real Simple

പഴയ കാലത്തെ താളിയുടെ ആധുനിക രൂപമാണ് ഷാംപൂ. തലമുടി കഴുകി വൃത്തിയാക്കാനുള്ള ഉല്പന്നം എന്ന നിലയിൽ മാത്രമായിട്ടല്ല പരസ്യങ്ങളിൽ ഷാംപൂ അവതരിപ്പിക്കപ്പെടുന്നത്. മുടിയെ, സമ്പുഷ്ടമാക്കാനും പരുവപ്പെടുത്താനും വളർച്ച ത്വരിതപ്പെടുത്താനും താരൻ നിയന്ത്രിക്കാനും ഉതകുന്ന ചേരുവകൾ ഷാംപൂവിൽ ചേർത്തിട്ടുണ്ടെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഇന്ന് പ്രചാരത്തിലുള്ള ഷാംപൂകൾ കേവലം മുടിയിലെ അഴുക്ക് നീക്കുന്ന ഉല്പന്നം മാത്രമല്ല, സൗന്ദര്യവർധകങ്ങളും ഔഷധങ്ങളും കൂടിയാണെന്ന് പരസ്യങ്ങൾ പറയുന്നു.

സരളമായി പറഞ്ഞാൽ ഒരു ഡിറ്റർജന്റ് ലായിനിയാണ് ഷാംപൂ. അഴുക്ക് നീക്കാനുപയോഗിക്കുന്ന രാസികങ്ങളാണ് ഡിറ്റർജന്റുകൾ.

കമ്പോളത്തിൽ ആദ്യകാലങ്ങളിൽ എത്തിയ ഷാംപൂവിന്റെ അടിസ്ഥാന ഘടകം വെളിച്ചെണ്ണയുപയോഗിച്ച് ഉണ്ടാക്കുന്ന സോപ്പായിരുന്നു. വെളിച്ചെണ്ണ സോപ്പിന് പതയൽ ഗുണം കൂടും. പക്ഷേ കഠിനജലമാണെങ്കിൽ സോപ്പ് പതയില്ല. കൂടാതെ ജലത്തിൽ ലയിക്കാത്ത കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ലവണങ്ങൾ ഉണ്ടാവുകയും അവ മുടിയിൽ പറ്റിപ്പിടിക്കുകയും ചെയ്യുന്നു. അത് കേശത്തെ അനാകർഷകമാക്കും. അതിനാൽ ഇപ്പോൾ സോപ്പിന് പകരം സംശ്ലേഷിത ഡിറ്റർജന്റുകളാണ് (Synthetic detergents) ഷാംപൂവിന്റെ അടിസ്ഥാന ഘടകം. ഡിറ്റർജന്റുകൾ കഠിനജലത്തിലും നന്നായി പതയും. ഇത്തരം രാസികങ്ങളുടെ അടിസ്ഥാന ധർമ്മം ജലത്തിന്റെ പ്രതല ബലം (Surface tension) കുറയ്ക്കുക എന്നതാണ്. അതിനാൽ ഇത്തരം രാസികങ്ങൾ പ്രതല പ്രവർത്തകങ്ങൾ (Surfactants) എന്ന പേരിലും അറിയപ്പെടുന്നു.

Sodium lauryl sulfate

പലതരം പ്രതല പ്രവർത്തകങ്ങൾ ഷാംപൂകളിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും സർവ്വസാധാരണമായി ഉപയോഗിക്കുന്നത് ലൗറിൽ സൾഫേറ്റുകൾ(LauryI  Sulfates), ലൗറിൽ ഈഥർ സൾഫേറ്റ് (LauryI Ether Sulfates), ആൾഫ ഒലെഫിൻ സൾഫോണേറ്റ് (Alpha Olephin Sulfonates) എന്നിവയാണ്. മേൽ സൂചിപ്പിച്ച ഡിറ്റർജന്റ് രാസികങ്ങളെല്ലാം തന്നെ കഠിനജലത്തിലും പതയുകയും അഴുക്കിനെ പൂർണമായും നീക്കിക്ക ളയുകയും ചെയ്യുന്ന പദാർത്ഥങ്ങളാണ്.

പ്രതല പ്രവർത്തകമായി സോപ്പോ ഡിറ്റർജന്റോ ചേർക്കുന്നതു കൂടാതെ ഷാംപൂവിൽ മറ്റ് ചില കൂട്ടുകളും ഉണ്ടാകും. ഫോം ബൂസ്റ്റർ അതായത് പത വർധിനികൾ, കണ്ടീഷനറുകൾ, സ്ഥിരീകാരികൾ (Stabilizers) ശ്യാനതയിൽ മാറ്റം വരുത്താനുള്ള രാസികങ്ങൾ (Viscosity modifiers) പരിരക്ഷകങ്ങൾ (Preservatives) ശോഭയേകുന്ന രാസികങ്ങൾ(Opacifies), മുടിയെ മൃദുവാക്കുന്ന രാസികങ്ങൾ (Emollients), സുഗന്ധവസ്തുക്കൾ (Perfumes), ചായങ്ങൾ (Dyes), എന്നിവയൊ ക്കെ ഷാംപൂവിൽ ഉൾച്ചേർക്കും. ഇവയൊക്കെ ചേരുന്നുണ്ടെങ്കിലും ഷാംപുവിന്റെ പ്രാഥമികധർമം തലമുടിയിൽ അടിഞ്ഞുകൂടുന്ന സെബം(Sebum) എന്ന മെഴുക്കിനെയും തലയിൽ തേയ്ക്കുന്ന എണ്ണയുടേയും ഔഷധങ്ങളുടേയും അവശിഷ്ടങ്ങളേയും നീക്കിക്കളയുക എന്നതാണ്. അ പ്പോൾ ഷാംപൂവിന് ഉണ്ടായിരിക്കേണ്ട അഭികാമ്യമായ ഗുണങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

  1. കേശത്തിൽ അനായാസമായി തേയ്ക്കാനും കഴുകിക്കളയാനും കഴിയണം.
  2. നിർവഹണം തൃപ്തികരമാകണം.
  3. നറുമണം ഉണ്ടാവണം.
  4. സുരക്ഷിതമാവണം

തീർച്ചയായും കനത്ത സമൃദ്ധമായ പത ഉണ്ടാവുന്ന ഷാംപൂവിനോടാണ് ഉപഭോക്താക്കൾക്ക് താൽപര്യം. അതുകൊണ്ട് ദൃശ്യമാധ്യമങ്ങളിലെ പരസ്യങ്ങളിൽ ഇക്കാര്യം എടുത്തു കാണിക്കപ്പെടുന്നു. ഷാംപു വിവിധ ഭൗതിക രൂപങ്ങളിൽ അങ്ങാടിയിൽ എത്തുന്നു. സുതാ ര്യവും നിർമലമെന്ന് തോന്നുന്നതുമായ ദ്രാവകരൂപത്തിലു ള്ള ഷാംപൂവാണ് നമുക്ക് ഏറ്റവും പരിചിതമായത്. എന്നാൽ ജെൽ (Gel) രൂപത്തിലും, ടോയ്‌ലറ്റ് സോപ്പുപോലെയോ ബാത്തിങ്ങ് ബാർ പോലെയോ കട്ടയുടെ രൂപത്തിലും ഷാംപൂ നിർമിക്കാറുണ്ട്.

ഷാംപൂവിന്റെ വൃത്തിയാക്കല്‍ പ്രവര്‍ത്തനം

കണ്ടീഷണറുകള്‍

കണ്ടീഷണർ (Conditioner)എന്നറിയപ്പെടുന്ന, മുടിയെ പരുവപ്പെടുത്താൻ സഹായിക്കുന്ന ഒരു ഘടകം എല്ലാ ഷാംപൂവിലും ഉണ്ടായിരിക്കും. ദ്രാവക ഷാംപൂ, കൈവള്ളയിലൊഴിക്കുമ്പോൾ പെട്ടെന്ന് ഒഴുകിപ്പോകാതിരിക്കാൻ തക്കവണ്ണം വിസ്കോസിറ്റി (Viscosity) കൂടിയതാവണം. തലയിൽ തേയ്ക്കുന്നതുവരെ അത് ഉള്ളംകയ്യിൽ ഉണ്ടാവണം. അതിനുശേഷം മുടിയിലും തലയോട്ടിയിലും പെ ട്ടെന്ന് പരത്തി തേയ്ക്കാൻ പറ്റണം. അവസാനം,  മുടിയിലോ തലയോട്ടിയിലോ ഒട്ടുംതന്നെ അവശേഷിക്കാതെ ഷാംപൂ നന്നായി കഴുകികളയാനാകണം. കഴുകിക്കഴിഞ്ഞാൽ മുടിനാരുകൾ തമ്മിൽ തമ്മിൽ ഒട്ടരുത്. അഴുക്കും മെഴുക്കും നീക്കി തോർത്തിയ മുടിയിൽ അല്പം ഈർപ്പമുണ്ടായിരിക്കും. അതിനാൽ നന്നായി ചീകി വയ്ക്കാൻ കഴിയണം. മുടിക്ക് സ്വാഭാവികമായ ഒരു തിളക്കമുണ്ട്. ഷാംപൂ തേച്ച് കുളിച്ചുണക്കിയ മുടിക്ക് ഈ സ്വാഭാവിക തിളക്കം നഷ്ടപ്പെടാൻ പാടില്ല. സ്വാഭാവികമായ മെഴുക്ക് പൂർണമായും നഷ്ടപ്പെട്ടാൽ മുടി വരണ്ട്, ഒട്ടും ചേലില്ലാത്തതായി തീരും. തൊട്ടാൽ മിനുസമുണ്ടാകില്ല. ഷാംപൂ തേച്ച് കുളിച്ചുകഴിഞ്ഞാലും മുടിയിൽ കുറച്ചെങ്കിലും സ്വാഭാവികമായ മെഴുക്ക് ഉണ്ടായിരിക്കണം. ആവശ്യത്തിലധികം സ്വാഭാവിക എണ്ണ നഷ്ടപ്പെട്ടാൽ മുടിക്കുണ്ടാവുന്ന ദോഷഫലങ്ങൾ പരിഹരിക്കുന്നതിനാണ് കണ്ടീഷണറുകൾ ചേർക്കുന്നത്. ഷാം പൂവും കണ്ടീഷണറും ചേരുമ്പോൾ അതൊരു ‘ടു ഇൻ വൺ (Two in One) ഉല്പന്നമായിത്തീരുന്നു. മുടിയിലെ അഴുക്കും മെഴുക്കും നീക്കപ്പെടും. ഒപ്പം അവശേഷിക്കുന്ന ഡിറ്റർജേന്റും നീക്കപ്പെടും. എന്നാൽ കണ്ടീഷണർ നിലനിൽക്കും. ഓരോ മുടിയിലും അതിന്റെ ലേപനം ഉണ്ടാവുകയും ചെയ്യും. ആവശ്യമില്ലാത്ത മെഴുക്കിനേയും അഭിലഷണീയമായ കണ്ടീഷണറിനേയും ഒരു നല്ല ഷാംപൂ തിരിച്ചറിയും. കണ്ടീഷനിംഗ് ഏജന്റുകളായി വിവിധത രം മെഴുക്കുള്ള പദാർത്ഥങ്ങൾ ഉപയോഗിക്കപ്പെടുന്നു. ലനോലിൻ, മുട്ടയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ചില ഉല്പന്നങ്ങൾ, സംശ്ലേഷിത സിലിക്കോൺ റെസിനുകൾ, ക്വാട്ടെർനറി അമോണിയം സൾഫേറ്റുകൾ എന്നിവ. അയോണിക സ്വഭാവമുള്ളതിനാൽ ഇവ ഡിറ്റർജന്റുകളുമായി കൂടിച്ചേരുന്നില്ല. അതിനാൽ ഷാംപൂ ഉപയോഗിച്ച് മുടി വൃത്തിയാക്കിയശേഷം തലമുടിയിൽ കണ്ടീഷണർ തേയ്ക്കണം.

എന്തൊക്കെയാണ് കണ്ടീഷണറുകളുടെ ധർമം?

സ്‌നേഹകങ്ങൾ അഥവാ ലൂബ്രിക്കന്റുകളായി പ്രവർത്തിച്ച്, അവ  ഈർപ്പമുള്ളതോ വരണ്ടതോ ആയ മുടിയുടെ രോധം കുറച്ച്, ചീകിമിനുക്കൽ എളുപ്പമുള്ളതാക്കിത്തീർക്കുന്നു. മുടി കൂടിപ്പിണയാതിരിക്കാനും ജടപിടിക്കാതിരിക്കാനും കണ്ടീഷണർ സഹായിക്കുന്നു. മുടിയിഴകളെ തമ്മിൽ കൂടിച്ചേരാതെ ഒറ്റയൊറ്റയായി നിർത്തുന്നു. അങ്ങനെ മുടി മൃദുവായി തീരുന്നു.

വരണ്ട മുടിയിൽ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി അടിയുകയും മുടിയിഴകൾ പരസ്പരം വികർഷിച്ച് പാറിപറക്കുകയും ചെയ്യും. ഇങ്ങനെ സംഭവിക്കാതിരിക്കാൻ കണ്ടീഷനറുകൾ പ്രയോജനപ്പെടും. കെരാറ്റിൻ എന്ന പ്രോട്ടീനാണല്ലോ മുടിയിലുള്ളത്. കണ്ടീഷണറുകൾക്ക് കെരാറ്റിനുമായി ഒട്ടിനിൽക്കാനുള്ള രാസാകർഷണം ഉണ്ടായിരിക്കണം. കണ്ടീഷണറുകളുടെ പ്രഭാവം ദീർഘകാലം നിലനിൽക്കുന്നത് നല്ലതാണ്. പക്ഷേ ആവർത്തിച്ചാവർത്തിച്ച് ഷാംപൂ ഉപയോഗിക്കുമ്പോൾ അമിതമായി കണ്ടീഷണർ മുടിയിഴകളിൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇതും മുടിയുടെ ആരോഗ്യത്തിന് നന്നല്ല.

മുടി, ജീവനില്ലാത്ത മൃതകോശങ്ങളുടെ സഞ്ചയമാണ് എങ്കിലും ജീവകങ്ങളും പ്രോട്ടീനുകളുമടങ്ങിയ ഷാംപൂകൾ കേശ പോഷകങ്ങൾ (Hair Nutrients) എന്ന പേരിൽ സുലഭമായി വിറ്റഴിക്കപ്പെടുന്നു. എന്നാൽ അവയ്ക്ക് മുടിയുടെ കനം വർധിപ്പിക്കാനോ നീളം കൂട്ടാനോ കഴിവില്ല. മുടി വേഗത്തിൽ വളരാൻ ഷാംപൂ സഹായകരമല്ല.

  തലയിൽ പേൻ കളയുന്നതിനും താരൻ ഇല്ലാതാക്കുന്നതിനും രോഗബാധ തടയാനും ഔഷധങ്ങൾ ചേർത്ത ഷാംപൂ ഉപയോഗിച്ചു വരുന്നു. പേൻ നശിപ്പിക്കുവാൻ ഷാംപൂവിൽ കീടനാശിനി ചേർക്കുന്നുണ്ട്. ഉദാഹരണം പൈറത്രോയ്ഡ് (Pyrethroid) ഗ്രൂപ്പിൽപ്പെട്ട ഫിനോത്രിൻ (Phenoth rin) എന്ന കീടനാശിനി. സെലാനിയം ഡൈസൾഫൈഡ് (Selenium disulfide) ചേർന്ന ഷാംപൂ, അതിതീവ്രമായ താരൻ ബാധയുണ്ടെങ്കിൽ മാത്രമേ ഉപയോഗിക്കാവൂ. കാരണം സെലെനിയം ഡൈസൾഫൈഡ് ഒരു അർബുദകാരിയാണെന്ന് സംശയിക്കപ്പെടുന്നു. എന്നാൽ സിങ്ക് പൈറിതിയോൺ (Pyrithione)സുരക്ഷിതമാണത്രെ. ഔഷധങ്ങൾ ചേർത്ത ഷാംപൂകൾ രോഗലക്ഷണങ്ങളെ ശമിപ്പിക്കുമെങ്കിലും രോഗകാരണത്തെ ചികിത്സിക്കുന്നില്ല.

ഷാംപൂവിൽ ചേർക്കുന്ന ചില രാസിക ഘടകങ്ങൾ കണ്ണുകളെ അലോസരപ്പെടുത്താൻ സാധ്യതയുണ്ട്. അതിനാൽ ഉപയോഗിക്കുമ്പോൾ ഷാംപൂ കണ്ണിൽപ്പെടാതെ സൂക്ഷിക്കണം. സൾ ഫക്റ്റന്റുകളിൽ  വിഷപ്രഭാവങ്ങളുള്ള രാസികങ്ങളുടെ കലർപ്പ് ഉണ്ടാവാം. സൾടോൺ ത്വക്കിന് ഹാനികരമാണ്. ഡയോക്‌സേൻ അർബുദകാരിയും. സൂക്ഷ്മാണുക്കളുടെ വളർച്ച തടയാൻ ഷാംപൂവിൽ ചിലപ്പോൾ രോഗാണുനാശിനികൾ ചേർക്കാറുണ്ട്. അവയുടെ ദോഷഫലങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഇവയിൽ മെർക്കുറി യൗഗികങ്ങൾ, ഫോർമാൽഡിഹൈഡ് തുടങ്ങിയവ ഉൾപ്പെടും. ചില ചേരുവകൾ സ്വയം വിഷപ്രഭാവമുള്ളതായി തീരും. ഉദാഹരണമായി ബ്രോണോപോൾ (Brono pol)എന്ന രാസികം ഷാംപൂവിലെ ആൽക്കൈലോ അമീൻ ലവണങ്ങളുമായി (Alkyloamine Salts) ചേരുമ്പോൾ അർബുദകാരിയായ നൈട്രോസോ അമീൻ (Nitrosoamine) ഉണ്ടാകുന്നു. ചില ഷാംപൂകൾ ഉപയോഗിക്കുമ്പോൾ വേദനയോടുകൂടിയ നീർക്കെട്ട് കണ്ണിൽ ഉണ്ടാകുന്നു.’No sting’ ഷാംപൂ എന്നറിയപ്പെടുന്നവയിൽ കൺമിഴികളെ അനസ്‌ത്തൈസ് (Anasthise) ചെയ്യുന്ന ചില ഘടകങ്ങൾ ഉണ്ടാവാം.

ഷാംപൂവും പച്ച മരുന്നുകളും

അടുത്തകാലത്തായി ഷാംപൂവിൽ പച്ച മരുന്നുകൾ (Herbal Medicines) ചേർക്കുന്നത് ഒരു നടപ്പുരീതിയായി മാറിയിട്ടുണ്ട്. സോപ്പിൻ കായ അല്ലെങ്കിൽ ചീവക്കയിലുള്ള സപോനിനുകൾ(Saponins) എന്ന പദാർത്ഥങ്ങളാ ണ് അതിന് അഴുക്ക് നീക്കാൻ ശക്തി നൽകുന്നത്. സപോനിനുകൾ ഒരു സോപ്പിന്റെ വേല ചെയ്യുന്നു എന്നർ ത്ഥം. ചീവക്കയുടെ സത്ത് ഹെർബൽ ഷാംപൂവിലെ മുഖ്യഘടകമായിരിക്കും. മറ്റു രാസികങ്ങളും അത്തരം ഷാംപൂവിൽ ഉണ്ടാവാം. നെല്ലിക്ക, കറ്റാർവാഴ, മൈലാഞ്ചി, നാരങ്ങാ തൊലി, ഉലുവ എന്നിവയുടെ സത്ത്, മുടി പരുവപ്പെടുത്താൻ സഹായിക്കുന്ന കണ്ടീഷണറുകളാണ്. ആയൂർവേദ ഷാംപൂവിൽ രോ ഗാണുനാശിനിയെന്ന നിലയിൽ  വേപ്പില സത്തും ചേർക്കുന്നു. ഹെർബൽ ഷാംപൂവിൽ ബ്രഹ്മിയുടേയും ചെമ്പരത്തിയുടേയും സത്ത് ചേർക്കാറുണ്ട്. തലമുടി കൊഴിയാതിരിക്കാൻ വേണ്ടിയാണ് മേൽപ്പറഞ്ഞ സസ്യ സത്തുക്കൾ ചേർക്കുന്നത്. കറുത്തമുടി തഴച്ചുവളരാനും നല്ലതാണെന്ന് പഴമക്കാർ പറയുന്നു. പക്ഷേ രാസവിശ്ലേഷണത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ നല്ല ഗുണവാരമുള്ള സംശ്ലേഷിത ഷാപൂ(Synthetic Shampoo) വിനെ അപേക്ഷിച്ച് ആയൂർവേദ ഷാംപൂകളിൽ കീടനാശിനികളുടെ സാന്നിധ്യം വ്യക്തമാക്കപ്പെട്ടു. കൂടാതെ മൈറ്റോടോക്‌സിനുകളും കലർന്നതായി കണ്ടിട്ടുണ്ട്. ഇത്തരം കലർപ് വരാതിരിക്കാൻ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് നമുക്കറിയില്ല.

ഷാംപൂതേച്ച് തല കുളിക്കുന്നത് മൂലം മുടികൊഴിച്ചിൽ ഉണ്ടാകുമോ?

ചിലർ ഉന്നയിക്കുന്ന ചോദ്യമാണിത്. ഇവിടെയാണ് ഷാംപൂവിന്റെ PH മൂല്യത്തിന്റെ പ്രസക്തി. ഷാംപൂ ഉപയോഗിക്കുമ്പോൾ മുടിയിൽ യാതൊരു പ്രഭാവവും ദൃശ്യമാകാതിരിക്കണമെങ്കിൽ PH മൂല്യം അഞ്ചിനടുത്തായിരിക്കണമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. സാധാരണയായി ഷാപൂവിന്റെ PH മൂ ല്യം മുടിയെ സംബന്ധിച്ചിടത്തോളം ന്യൂടൽ ആണ്. PH മൂല്യം കൂടുമ്പോൾ മുടി കൂടുതൽ രാസികങ്ങളെ ആഗിരണം ചെയ്യുകയും വീർക്കുകയും ചെയ്യുന്നു.

മുടിയുടെ ഘടന കടപ്പാട് വിക്കിപീഡിയ

ഇനി അൽപം കേശവിചാരം

ഒരു യുവാവിന്റെ / യുവതിയുടെ തലയോടിന് ഏതാണ്ട് 1,00,000 മുടികളെ ഉൾക്കൊള്ളാൻ കഴിയും. ഓരോ മുടിയും മൃതകലയാണ് (Dead tissue) എന്നാൽ ഓരോന്നിനും ജീവനുള്ള വേരുണ്ട്, ഈ വേര് തലയോടിനുള്ളിലാണ്. 1,00,000 മുടിയിഴകളിൽ 80,000 മുതൽ 90,000 വരെ സദാ വളർന്നുകൊണ്ടേയിരിക്കുന്നു. 1000 മുതൽ 3000 വരെ മുടികൾ വളർച്ചയുടെ കാര്യത്തിൽ മെല്ലെപ്പോക്കുകാരാണ്. ശേഷിക്കുന്നവ വിശ്രമാവസ്ഥയിലോ കൊഴിയുന്ന അവസ്ഥയിലോ ആകാം. പ്രതിദിനം 100 മുടിയിഴകൾ കൊഴിഞ്ഞുപോകും. പക്ഷേ തായ്‌വേരിൽ നിന്ന് 100 പുതിയ കോശം പൊട്ടി മുളയ്ക്കും. അതെ; ചില കോശങ്ങളുടെ പൊഴിച്ചിൽ ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. പക്ഷേ അമിതമായി മുടി കൊഴിയുന്നത്, ഒരു കാരണത്തിന്റെ മുന്നറിയിപ്പാണ്.

മുടിയിലെ ഘടകങ്ങള്‍ കടപ്പാട് വിക്കീപീഡിയ

അനേകം സ്‌നേഹഗ്രന്ഥികൾ തലയോടിൽ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. അവയിൽ നിന്ന് സ്രവിക്കുന്ന എണ്ണ പോലെയുള്ള ഒരു ദ്രാവകമാണ് സെബം. സെബത്തിൽ കൊഴുപ്പ് (Fat) സ്വതന്ത്ര ഫാറ്റി അമ്ലങ്ങൾ (Free fatty acid) ഹൈഡ്രോകാർബണുകൾ എന്നി വ കൂടാതെ കൊളെസ്‌ട്രോളും (Cholestroll) അടങ്ങിയിരിക്കുന്നു. സെബത്തിന് എമൽസിഫീകരണ (Emulsifi) ത്തിനുള്ള കഴിവുണ്ട്. വ്യാപനശേഷിയും ഏറെയുണ്ട്. മുടിയിഴകളുടെ പ്രതലത്തിൽ സെബം വ്യാപിക്കുമ്പോൾ, മുടിക്കാകെ പളപളപ്പും തിളക്കവും വരും, മൃദുലമാകും. തലയോടിനെ സൂക്ഷ്മാണുക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുകയെന്ന ധർമ്മം കൂടി സെബത്തിനുണ്ട്. സെബത്തിന് അമ്ലഗുണമുണ്ട്. അതിനാൽ PH മൂല്യം കൂടിയ, അതായത് ക്ഷാരീയമായ ഷാംപൂ തലയോട്ടിലെ സെബത്തിനെ നീക്കികളയുന്നു. PH മൂല്യം 7.5 ഉള്ള ഷാംപൂ കഷ്ടിച്ച് ക്ഷാരഗുണമുള്ളതാണ്. അതുപയോഗിച്ച് കുളിക്കുമ്പോൾ കുറച്ച് സെബം നഷ്ടപ്പെടും. ആരോഗ്യമുള്ള ഒരാളാണെങ്കിൽ ഒരു മണിക്കൂറിനകം സെബം വീണ്ടും സ്രവിക്കപ്പെടുകയും PH മൂല്യം 5ൽ തിരിച്ചെത്തുകയും ചെയ്യും.

ഷാംപൂകൾ സസ്യജന്യമോ അസസ്യജന്യമോ ആകും. അസസ്യജന്യ ഷാംപൂവിൽ മുട്ടക്കരുവോ ജലവിശ്ലേഷണം ചെയ്ത മൃഗപ്രോട്ടീനോ ചേർത്തിരിക്കും. അവ കൂടുതൽ മെച്ചപ്പെട്ട ഫലം നൽകുമെന്നാണ് പരസ്യങ്ങൾ അവകാശപ്പെടുന്നത്. വാരത്തിൽ രണ്ട് ദിവസം തലയിൽ ഷാംപൂ തേയ്ച്ച് കുളിക്കണമെന്നാണ് ഉല്പാദകർ നിർദേശിക്കുന്നത്. എങ്കിൽ മാത്രമേ നല്ല ഫലം ലഭിക്കുകയുള്ളുവെന്ന് അവർ പരസ്യപ്പെടുത്തുന്നു. എന്നാൽ തുടർച്ചയായി ഷാംപൂ ഉപയോഗിക്കുന്നതു മൂലം നഷ്ടപ്പെടുന്ന സെബം പൂർണമായും പുനർനിർമിക്കപ്പെടില്ല. ക്ഷാരത്തെ നീർവീര്യമാക്കാനുള്ള സെബത്തിന്റെ ശക്തി നഷ്ടപ്പെടുന്നു. ചില ഷാംപൂകൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ തലയോട്ടിലെ സ്‌നേഹഗ്രന്ഥികൾ ഉത്തേജിക്കപ്പെടുകയും ചെയ്യുന്നു. സെബം കൂടുതലായി മുടിയിഴകൾ തമ്മിൽ ഒട്ടിപ്പിടിക്കും. എപ്പോഴും എണ്ണമയം ഉണ്ടാവുകയും ചെയ്യും. പക്ഷേ ഈ അമിത സക്രിയത കുറേകാലം കഴിയുമ്പോൾ മന്ദഗതിയിലാകുകയും സെബത്തിന്റെ ഉല്പാദനം കുറയുകയും ചെയ്യും. അതോടെ മുടിയുടെ തിളക്കവും വഴക്കവും നഷ്ടപ്പെടും. പൊട്ടിപ്പോകാനും തുടങ്ങും.

ഇഞ്ചയിലും താളിയിലും ചീവാക്കയിലും പയറുപൊടിയിലും തുടങ്ങിയ കേശസംരക്ഷണം  ഇന്ന് പലതരത്തിലും രൂപത്തിലുമുള്ള ഷാംപൂകളിൽ എത്തിനിൽക്കുന്നു. ഉപഭോക്താക്കൾ പരസ്യങ്ങളുടെ വർണ പ്രപഞ്ചത്തിൽ ആണ്ടുപോയി വഞ്ചിക്കപ്പെടുകയാണ് പലപ്പോഴും പതിവ്. ഷാംപൂവിന്റെ അടിസ്ഥാനധർമ്മവും ശാസ്ത്രവും മനസ്സിലാക്കിയാൽ ഉപഭോക്താവ് വഞ്ചിക്കപ്പെടില്ല.