ലീല ദാമോദര മേനോൻ
ലീല ദാമോദര മേനോൻ (1923-1995)
നിയമസഭാ സാമാജിക, രാജ്യസഭാംഗം എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച നേതാവാണ് ലീല ദാമോദര മേനോൻ. ഒന്നും, രണ്ടും കേരളനിയമസഭകളിൽ കുന്ദമംഗലം നിയോജകമണ്ഡലത്തേയും എട്ടാം നിയമസഭയിൽ പട്ടാമ്പി നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച് കോൺഗ്രസ് ടിക്കറ്റിൽ ലീല നിയമസഭയിലെത്തി. 1957-58 വരെ അഷുറൻസ് കമ്മിറ്റിയുടെ ചെയർപേഴ്സണുമായിരുന്നു.
1974-80 കാലഘട്ടങ്ങളിൽ രാജ്യസഭാംഗമായിരുന്ന ലീല ദാമോദര മേനോൻ കോൺഗ്രസ് നിയമസഭാപാർട്ടി ഖജാൻജി (1957-59), എ.ഐ.സി.സി.യുടെ കൺവീനർ, മദ്രാസ് സർവകലാശാല സെനറ്റംഗം, കേരളസർവകലാശാല സെനറ്റംഗം, മനുഷ്യാവകാശ കമ്മീഷന്റെ ഇന്ത്യൻ പ്രതിനിധി, മനുഷ്യാവകാശ കമ്മീഷന്റെ (ഇന്ത്യ) വൈസ് ചെയർമാൻ, അഖിലേന്ത്യ വനിതാ കോൺഫറൻസിന്റെ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ചേട്ടന്റെ നിഴലിൽ (ജീവചരിത്രം) എന്ന ഗ്രന്ഥത്തിന് 1986-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.