പി. കെ. ജയലക്ഷ്‍മി
പി. കെ. ജയലക്ഷ്മി (1980-
കേരളത്തിലെ പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ മന്ത്രി ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്നീ നിലകളിൽ പ്രശസ്തയാണ് പി. കെ. ജയലക്ഷ്‍മി. മാനന്തവാടി കാട്ടിമൂല പാലോട്ട് കുറിച്യത്തറവാട്ടിൽ കുഞ്ഞാമന്റെയും അമ്മിണിയുടെയും ആറു മക്കളിൽ മൂത്തയാളായ ജയലക്ഷ്മി മാനന്തവാടി ഗവൺമെന്റ് കോളേജിൽ ബി. എ.യ്ക്ക് പഠിച്ചുകൊണ്ടിരിക്കെ, കോൺഗ്രസ്സിന്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.യു.-വിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്നത്.
2005-ൽ തവിഞ്ഞാൽ പഞ്ചായത്തിലെ 16-ആം വാർഡിൽ മത്സരിച്ച് വിജയിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതി തന്റെ വാർഡിൽ കാര്യക്ഷമമായി സംഘടിപ്പിച്ചതോടെ ജയലക്ഷ്മി ജനങ്ങളുടെ ഇടയിൽ ശ്രദ്ധേയയായി. തുടർന്നുള്ള തെരഞ്ഞെടുപ്പിലും അവർ തവിഞ്ഞാൽ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2011 -ൽ നിയമ സഭയിലേയ്ക്ക് മാനന്തവാടിയിൽ നിന്നും മത്സരിച്ച ജയലക്ഷ്‍മി കന്നിയങ്കത്തിൽ തന്നെ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയാവുകയും ചെയ്തു. കേരള മന്ത്രിസഭയിൽ അംഗമായ ആറാമത്തെ വനിതാ മന്ത്രിയാണ് പി. കെ. ജയലക്ഷ്മി. എന്നാൽ 2016 - ൽനടന്ന തെരഞ്ഞെടുപ്പിൽ അവർ പരാജയപെട്ടു.
ജയലക്ഷ്‍മി അമ്പെയ്ത്ത് താരം കൂടിയാണ്. സംസ്ഥാനതല അമ്പെയ്ത്തു മത്സരത്തിൽ വെള്ളിമെഡലും കിർത്താഡ്സ് സംഘടിപ്പിച്ച തലയ്ക്കൽ ചന്തു സ്മാരക അമ്പെയ്ത്തുമത്സരത്തിൽ സ്വർണമെഡലും അവർ നേടിയിട്ടുണ്ട്.