സി. കെ. ജാനു
ചെക്കോട്ട് കരിയൻ ജാനു ( സി.കെ . ജാനു) വയനാട്ടിലെ മാനന്തവടിക്കടുത്ത തൃശ്ശിലേരിയിൽ അടിയ ആദിവാസി സമുദായത്തിൽ 1970 ൽ ജനിച്ചു . പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാതിരുന്ന ജാനു 1980കളിലെ സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിലെ ക്ലാസ്സുകളിൽ പങ്കെടുത്താണു് മലയാളം എഴുതാനും വായിക്കാനും പഠിച്ചതു്. ഏഴാം വയസ്സിൽ വീട്ടുജോലിക്കാരിയായായി പണിയെടുത്തു തുടങ്ങിയ ജാനു 12 ആം വയസ്സോടെ ദിവസക്കൂലിയ്ക്ക് പണിയെടുക്കുന്ന കർഷകത്തൊഴിലാളിയായി.
ആദിവാസികളുടെ ഭൂമിയ്ക്ക് വേണ്ടിയുള്ള നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും ഭരണകൂട മർദ്ദനത്തിന് ഇരയാകേണ്ടി വരികയും ചെയ്ത വ്യക്തിയാണ് ജാനു. നിലവിൽ ആദിവാസി ഗോത്രമഹാ സഭയുടെ ചെയർ പേഴ്സൺ ആണ്. മുത്തങ്ങ സമരം, നിൽപ്പ് സമരം, ആറളം ഫാമിലെ സമരം, സെക്രട്ടറിയേറ്റിനു മുന്നിലെ സമരം തുടങ്ങി നിരവധി സമരങ്ങളാണ് ജാനുവിന്റെ നേതൃത്വത്തിൽ ആദിവാസികൾ നടത്തിയത്.
(മുത്തങ്ങ സമരത്തിനിടയിൽ പോലീസ് അറസ്റ്റ് ചെയ്ത ജാനു)
2016 ലെ കേരള നിയമസഭ ഇലക്ഷനിൽ ജനാധിപത്യ രാഷ്ട്രിയ സഭ എന്ന പേരിൽ പുതിയ രാഷ്ട്രിയ പാർട്ടി രൂപികരിക്കുകയും ബി ജെ പി നയിക്കുന്ന എൻ ഡി എ യുടെ ഭാഗമായി മത്സരിക്കുകയും ചെയ്തിരുന്നു.
1992ൽ 3 സംസ്ഥാനങ്ങളിലെ ആദിവാസി ഭൂസമരങ്ങൾ ഏകോപിപ്പിച്ചിരുന്ന സൌത്ത് സോൺ ആദിവാസി ഫോറത്തിന്റെ ചെയർ പേഴ്സണായി സി.കെ ജാനു തിരഞ്ഞെടുക്കപ്പെട്ടു. 1994ൽ "ആദിവാസികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ 10 വർഷങ്ങൾ" പ്രഖ്യാപിച്ച ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഇന്ത്യയിൽ നിന്നുള്ള ആദിവാസികളെ പ്രതിനിധീകരിച്ചു് സി.കെ ജാനു പങ്കെടുത്തു.
(പോലീസിന്റെ അടികൊണ്ടു വീർത്ത മുഖവുമായി സി. കെ. ജാനു)
2002-ൽ 'ജാനു: സി.കെ ജാനുവിന്റെ ജീവിതകഥ' എന്ന പേരിൽ ഡി.സി ബുക്സ് സി.കെ. ജാനുവിന്റെ ആത്മകഥ പുറത്തിറക്കുകയുണ്ടായി. ഇത് പിന്നീട് എൻ. രവി ശങ്കർ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു.