പെൺകുട്ടികൾക്കായി സ്‌കോളര്‍ഷിപ്പുകള്‍

സ്കോളർഷിപ്പുകൾ

ഒന്നാം ക്ലാസ് മുതൽ ഗവേഷണ പഠനം വരെയും വിവിധ സ്കോളർഷിപ്പുകൾ

  പെൺകുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും, പഠനത്തിന്  പ്രോത്സാഹനം നൽകുന്നതിനുമായി സർക്കാരും സർക്കാരിതര ഏജൻസികളും ഒന്നാം ക്ലാസ് മുതൽ ഗവേഷണ പഠനം വരെയും വിവിധ സ്കോളർഷിപ്പുകൾ നൽകിവരുന്നുണ്ട്. ഇവയിൽ സർക്കാർ സ്കോളർഷിപ്പുകളെ സംബന്ധിച്ച വിവരങ്ങൾ മിക്കതും സ്കൂൾ മുഖേനെ തന്നെ ലഭ്യമാണ്. മാത്രവുമല്ല, സംസ്ഥാന സർക്കാരിൻ്റെ സ്കോളർഷിപ്പ് പോർട്ടലായ www.dcescholarship.kerala.gov.inലും  ഭാരത സർക്കാരിൻ്റെ സ്കോളർഷിപ് പോർട്ടലായ www.scholarships.gov.in ലും വിവരങ്ങൾ ലഭ്യമാണ്. എന്നാൽ സർക്കാർ ഇതര ഏജൻസിയുടെ സ്കോളർഷിപ്പുകളെ സംബന്ധിച്ച വിവരങ്ങൾ അതാതു ഏജൻസികളുടെ വെബ്സൈറ്റ് മുഖേനെ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയുമാണ്‌ അപേക്ഷിക്കേണ്ടത്. 

പ്രീ മെട്രിക്ക്‌ സ്‌കോളര്‍ഷിപ്പ്‌

   രാജ്യത്തിനകത്ത്‌ സര്‍ക്കാര്‍/സ്വകാര്യ സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി വിഭാവനം ചെയ്‌തിട്ടുള്ളതാണ്‌ പ്രീ മെട്രിക്ക്‌ സ്‌കോളര്‍ഷിപ്പ്. സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷിക്കുന്നതിന്‌ തൊട്ടുമുന്‍വര്‍ഷം പഠിച്ച ക്ലാസ്സിലെ അവസാന പരീക്ഷയില്‍ 50% ല്‍ കൂടുതല്‍ മാര്‍ക്ക്‌ നേടിയതും, വാര്‍ഷിക കുടുംബ വരുമാനം 1 ലക്ഷം രൂപയില്‍ അധികരിക്കാത്തവര്‍ക്കും അപേക്ഷിക്കാം. 30% സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്‌തിരിക്കുന്നു. (കൂടുതല്‍ വിവരങ്ങള്‍ അതാത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും www.education.kerala.gov.in എന്ന വെബ്‌സൈറ്റില്‍നിന്നും ലഭിക്കും.)

പോസ്റ്റ്‌ മെട്രിക്ക്‌ സ്‌കോളര്‍ഷിപ്പ്‌

  ന്യൂനപക്ഷ സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ രാജ്യത്തിനകത്തെ സര്‍ക്കാര്‍/സ്വകാര്യ ഹയര്‍സെക്കണ്ടറി/കോളേജ്‌/ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും, എൻ.സി.വി.റ്റി.യുമായി അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള ITI, ITC കളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ (+2 തലം മുതല്‍ Ph.D വരെയുള്ള) ഈ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷിക്കാന്‍ മുന്‍പരീക്ഷയില്‍ 50% മാര്‍ക്കും, രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 2.50 ലക്ഷത്തിനുള്ളിലും ആയിരിക്കണം. 30% പെണ്‍കുട്ടികള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അതാത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും www.dcescholarship.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

മെരിറ്റ്‌-കം-മീന്‍സ്‌ സ്‌കോളര്‍ഷിപ്പ്‌

  ഭാരത സർക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയം നൽകുന്ന സ്കോളർഷിപ്പാണ് മെരിറ്റ്‌-കം-മീന്‍സ്‌ സ്‌കോളര്‍ഷിപ്പ്‌. ന്യൂനപക്ഷത്തില്‍ ഉള്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും, പഠിക്കാന്‍ മിടുക്കരുമായ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രൊഫഷണല്‍/സാങ്കേതിക കോഴ്‌സുകളില്‍ ചേര്‍ന്ന്‌ പഠിക്കുന്നതിന്‌ സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള സ്‌കോളര്‍ഷിപ്പാണിത്‌. അപേക്ഷകർ മുൻവർഷത്തെ പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയവരും വാർഷിക വരുമാനം 2.50 ലക്ഷത്തിൽ കൂടാത്തവരും ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റും അല്ലെങ്കിൽ ന്യൂനപക്ഷ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ആയ http://www.minorityaffairs.gov.in/ സന്ദർശിക്കുക.

സി. എച്ച്‌. മുഹമ്മദ്‌കോയ സ്‌കോളര്‍ഷിപ്പ്‌ 

സര്‍ക്കാര്‍ / എയ്‌ഡഡ്‌ സ്ഥാപനങ്ങളിലോ ഗവ. ക്വാട്ടയില്‍ അണ്‍ എയ്‌ഡഡ്‌ കോളേജുകളിലോ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ്‌ ഈ സ്‌കോളര്‍ഷിപ്പിന്‌ അര്‍ഹത. വരുമാനപരിധി 4.5 ലക്ഷം രൂപ. 20% ശതമാനം സ്‌കോളര്‍ഷിപ്പ്‌ ലത്തീന്‍/പരിവര്‍ത്തിത ക്രൈസ്‌തവ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. (അതാത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും, ന്യൂനപക്ഷ ഡയറക്‌ടറേറ്റില്‍ നിന്നും കൂടുതല്‍ വിവരം ലഭിക്കും).

ഇന്ദിരാഗാന്ധി  പി.ജി. ഒറ്റപ്പെൺകുട്ടി സ്‌കോളർഷിപ്പ്

 നോൺ പ്രൊഫഷണൽ കോഴ്‌സുകളിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കാൻ യു.ജി.സി. നൽകുന്ന സ്‌കോളർഷിപ്പാണ് ഇത്. അപേക്ഷക രക്ഷിതാക്കളുടെ ഒറ്റ/ഇരട്ട പെൺകുട്ടിയായിരിക്കണം. ബിരുദാനന്തരബിരുദത്തിന് ചേരുമ്പോൾ 30 വയസ്സ് കവിയരുത്. ബിരുദാനന്തര റെഗുലർ പഠനത്തിനു അഡ്മിഷൻ എടുത്ത പെൺകുട്ടികൾക്കു രണ്ട് വർഷങ്ങളിലായി 3200 രൂപയാണ് ഈ സ്കോളർഷിപ്പ് വഴി ലഭിക്കുക. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. https://scholarships.gov.in/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം

പ്ലസ് ടു പഠനത്തിന് ഒറ്റപ്പെണ്‍കുട്ടി സ്കോളർഷിപ്പ് 

  സി.ബി.എസ്.ഇ. സ്‌കൂളില്‍ പതിനൊന്നാംക്ലാസില്‍ പഠിക്കുന്ന, കുടുംബത്തിലെ ഒറ്റപ്പെണ്‍കുട്ടിക്ക് മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഒരുമിച്ചു ജനിച്ച കുട്ടികളെ ഏകമകളായി കണക്കാക്കും. സി.ബി.എസ്.ഇ. സ്കൂളിൽ നിന്നു പത്താം ക്ലാസ് 60% മാർക്കോടെ പാസ്സായ സി.ബി.എസ്.ഇ. സ്കൂളിൽ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഇവര്‍ കുടുംബത്തിലെ ഏക കുട്ടി ആയിരിക്കണം. പഠിക്കുന്ന സ്‌കൂളിലെ പ്രതിമാസ ട്യൂഷന്‍ഫീസ് 1500 രൂപ കവിയരുത്. രണ്ടുവര്‍ഷത്തെ ട്യൂഷന്‍ഫീസ് വര്‍ധന പത്തുശതമാനത്തില്‍ കൂടുകയുമരുത്. എന്‍.ആര്‍.ഐ.ക്കാര്‍ക്കും അപേക്ഷിക്കാം. അവര്‍ക്കു ബാധകമാകാവുന്ന പരമാവധി പ്രതിമാസ ട്യൂഷന്‍ഫീസ് 6000 രൂപ വരെയാകാം. രണ്ടുവര്‍ഷത്തേക്ക് മാസം 500 രൂപ നിരക്കില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. രണ്ടാംവര്‍ഷത്തെ പുതുക്കല്‍     ആദ്യവര്‍ഷ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക്           ലഭിക്കുന്നതിന്  വിധേയമായിരിക്കും.       

അപേക്ഷ ഓണ്‍ലൈനായി http://cbse.nic.in/newsite/scholar.html വഴി നൽകാം.

മുസ്ലീം/നാടാര്‍/ആംഗ്ലോഇന്ത്യന്‍/മറ്റുപിന്നാക്ക/മുന്നാക്ക വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്‌

മുസ്ലീം, നാടാര്‍, ആംഗ്ലോഇന്ത്യന്‍, മറ്റുപിന്നാക്ക, മുന്നാക്ക വിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കാണ്‌ ഈ സ്‌കോളര്‍ഷിപ്പിന്‌ അര്‍ഹതയുള്ളത്‌.

സ്വകാര്യ ഐ.ടി. ഐകളില്‍ പഠിക്കുന്നവര്‍ക്കുള്ള                   ഫീ - റീഇംബേഴ്‌സ്‌മെൻ്റ് സ്‌കീം

    സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ. ടി. ഐ. കളില്‍ പഠിക്കുന്ന ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക്‌, അവര്‍ ഒടുക്കിയ ഫീസ്‌ തിരിച്ച്‌ നല്‍കുന്നു. (കൂടുതല്‍ വിവരങ്ങള്‍ക്ക്‌ - ന്യൂനപക്ഷ ഡയറക്‌ടറേറ്റ്‌).

ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്‍സി/കോസ്റ്റ്‌വര്‍ക്ക്‌ അക്കൗണ്ടന്‍സി കമ്പനി സെക്രട്ടറിഷിപ്പ്‌ എന്നീ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്‌

 സി. എ., ഐ.സി ഡബ്ല്യൂയു. എ, സി. എസ്‌. കോഴ്‌സുകള്‍ക്ക്‌ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്ന പദ്ധതി. ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകരുടെ അഭാവത്തില്‍ 6 ലക്ഷംവരെ വരുമാനപരിധിയില്‍പ്പെടുന്നവരെയും പരിഗണിക്കും. 20% സ്‌കോളര്‍ഷിപ്പുകള്‍ ക്രിസ്‌ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ക്കും, 30% പെണ്‍കുട്ടികള്‍ക്കുമായി സംവരണം ചെയ്‌തിരിക്കുന്നു.

പെണ്‍കുട്ടികള്‍ക്ക് ഡി.ആര്‍.ഡി.ഒ. സ്‌കോളര്‍ഷിപ്പ്

  പ്രതിരോധ മന്ത്രാലയത്തിൻ്റെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെൻ്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) നൽകുന്ന സ്കോളർഷിപ്പാണിത്. ഏറോസ്‌പേസ് എന്‍ജിനിയറിങ്, ഏറോനോട്ടിക്കല്‍ എന്‍ജിനിയറിങ്, സ്‌പേസ് എന്‍ജിനിയറിങ് ആന്‍ഡ് റോക്കറ്റ്ട്രി, ഏവിയോണിക്‌സ്, എയര്‍ക്രാഫ്റ്റ് എന്‍ജിനിയറിങ് തുടങ്ങിയ കോഴ്‌സുകളിലൊന്നില്‍ പഠിക്കുന്ന പെൺകുട്ടികൾക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. പഠനം ബിരുദതലത്തിലോ പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലോ ആകാം.ഏറോനോട്ടിക്‌സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെൻ്റ് ബോര്‍ഡ് (എ.ആര്‍. ആന്‍ഡ് ഡി.ബി.) വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ബിരുദപഠനത്തിന് വര്‍ഷം 1,20,000 രൂപ അല്ലെങ്കില്‍ യഥാര്‍ഥ ഫീസ്, ഏതാണോ കുറവ് അത് നൽകും. പരമാവധി നാലു വര്‍ഷത്തേക്ക്. പി.ജി. പഠനത്തിന് മാസം 15,500 രൂപ. വര്‍ഷം പരമാവധി 1,86,000 എന്ന വ്യവസ്ഥയ്ക്കു വിധേയമായി പരമാവധി രണ്ടുവര്‍ഷത്തേക്ക്. ബിരുദതലത്തില്‍ 20-ഉം, പി.ജി. തലത്തില്‍ 10-ഉം  സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും.

വിശദവിവരങ്ങൾക്കു സന്ദർശിക്കുക- https://rac.gov.in 

ബീഗം ഹസ്റത്ത് സ്കോളർഷിപ്പ്  

   ഒൻപതു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് ന്യൂനപക്ഷ മന്ത്രാലയത്തിൻ്റെ കീഴിലുള്ള മൗലാനാ ആസാദ് എജ്യൂക്കേഷനൽ ഫൗണ്ടേഷൻ (എം.എ.ഇ.എഫ്) നൽകുന്ന ബീഗം ഹസ്റത്ത് സ്കോളർഷിപ്പിന് അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധിസ്റ്റ്, പാർസി, ജെയിൻ സമുദായങ്ങളിലൊന്നിൽ ഉൾപ്പെട്ടവരാകണം അപേക്ഷകർ. അപേക്ഷാർഥിക്ക് തൊട്ടുമുൻപത്തെ പൊതുപരീക്ഷയിൽ/തൊട്ടുമുൻപത്തെ ക്ലാസിൽ 50% മാർക്ക്/തത്തുല്യ ഗ്രേഡ് ലഭിച്ചിരിക്കണം. അപേക്ഷാർഥിയുടെ രക്ഷിതാക്കളുടെ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപ (എല്ലാ മേഖലകളിൽ നിന്നുമായി കണക്കാക്കുമ്പോൾ) കവിഞ്ഞിരിക്കരുത്. ഒരേ ക്ലാസിലെ പഠനത്തിൽ ഒരേ കുടുംബത്തിലെ പരമാവധി രണ്ടു പേർക്കേ സ്കോളർഷിപ്പ് നൽകുകയുള്ളൂ. വിദേശ പഠനത്തിന് ഇതു ലഭിക്കില്ല. 9, 10 ക്ലാസിലെ പഠനത്തിന് 5000 രൂപ വീതവും 11, 12 ക്ലാസിലെ പഠനത്തിന് 6000 രൂപ വീതവുമാണ് സ്കോളർഷിപ്പ്. അപേക്ഷ ഓൺലൈനായി www.maef.nic.in വഴി സെപ്റ്റംബർ 30 വരെ നൽകാം. വെബ്സൈറ്റിലുള്ള ‘സ്റ്റുഡൻ്റ് വെരിഫിക്കേഷൻ ഫോം’ ഡൗൺലോഡ് ചെയ്തെടുക്കണം. വിശദമായ മാർഗനിർദേശം വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

ഉപരിപഠനത്തിന് പെണ്‍കുട്ടികള്‍ക്ക് ഉഡാന്‍ സ്‌കോളര്‍ഷിപ്പ് 

 ഉപരിപഠനത്തിന് രാജ്യത്തെ മികച്ച സ്ഥാപനങ്ങളിൽ പ്രവേശനത്തിന് സഹായിക്കുക എന്ന ലക്ഷ്യത്തോട് കൂടി സി.ബി.എസ്.ഇ. പെൺകുട്ടികൾക്കായി നൽകുന്ന സ്കോളർഷിപ്പാണിത്. കേന്ദ്രീയ വിദ്യാലയം/നവോദയ/ സര്‍ക്കാര്‍ സ്‌കൂളുകള്‍/സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളില്‍ പതിനൊന്നാം ക്ലാസില്‍ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവ പഠിക്കുന്നവരാവണം. പത്താം ക്ലാസില്‍ 70 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. സയന്‍സിലും മാത്‌സിലും 80 ശതമാനം മാര്‍ക്ക് വേണം. വാര്‍ഷികവരുമാനം ആറുലക്ഷം കവിയരുത്. 
വിവരങ്ങൾക്ക് : http://cbseacademic.nic.in/online/UdaanHome/udaan.html

ഇൻക്ലൂസിവ് എഡ്യൂക്കേഷൻ ഓഫ് ദി ഡിസബിൾഡ് അറ്റ് സെക്കന്ററി സ്റ്റേജ് (IEDSS)

  പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഒരു സ്കോളർഷിപ് പദ്ധതിയാണിത്. 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ള ഒന്ന് മുതൽ 8 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്കും 9 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഈ സ്കോളർഷിപ്പിനു അർഹതയുണ്ട്. ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തിയാണ് അർഹരെ തീരുമാനിക്കുന്നത്. അദ്ധ്യായന വർഷാരംഭത്തിലാണ് അപേക്ഷിക്കേണ്ടത്. പുസ്തകം യൂണിഫോം യാത്ര അലവൻസ് വായന സഹായി എന്നിങ്ങനെ വിവിധ ആവിശ്യങ്ങൾക്കു സ്കോളർഷി ലഭിക്കുന്നു.

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ സ്കോളർഷിപ് 

   കേരളത്തിലെ സർവകലാശാലകളോട് അഫ്‌ലിയേറ്റഡ്‌ ചെയ്തിട്ടുള്ള സർക്കാർ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെയും ഐ എച് ആർ ഡി അപ്പ്ളൈഡ് സയൻസ് കോളേജുകളിലെയും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പിന് അർഹത. പട്ടിക വർഗ്ഗവും വിഭാഗത്തിൽ നിന്ന് പാസ്സായ എല്ലാവർക്കും മറ്റു വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് അതാതു സമയത് കൗൺസിൽ നിശ്ചയിക്കുന്ന കട്ട് ഓഫ് ന്റെ അടിസ്ഥാനത്തിലുമാണ് സ്കോളർഷിപ്പ് നകുന്നത്. ഒന്നാം വർഷം 12000 രൂപയും രണ്ടാം വർഷം 18000 രൂപയും മൂന്നാം വർഷം 24000 രൂപയുമാണ് സ്കോളർഷിപ്പ് തുക പിജി പഠനത്തിന് അർഹത നേടുന്നവർക്ക് ഒന്നാം വർഷം 40000 രൂപയും 60000 രൂപയും ലഭിക്കുന്നു. അപേക്ഷ ഓൺലൈൻ ആയാണ് ചെയ്യേണ്ടത്.

വിലാസം: http://dcescholarship.kerala.gov.in/hescholarship/he_ma/he_maindx.php 

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് സ്‌കീം
 
  സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി കേരളത്തിലെ ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക്   സ്കോളർഷിപ്പ് നൽകുന്നതിന് വേണ്ടി നടത്തുന്ന പരീക്ഷയാണ് എൻ.എം.എം.എസ്.  സംസ്ഥാന സർക്കാർ നടത്തുന്ന റസിഡൻഷ്യൽ സ്കൂളുകൾ, മറ്റ് അംഗീകൃത സ്കൂളുകൾ എന്നിവയിൽ പഠിക്കുന്ന കുട്ടികൾ ഈ സ്കോളർഷിപ്പിന് അർഹരല്ല. 7-ാം ക്ലാസിലെ വർഷാവസാന പരീക്ഷയിൽ 55% മാർക്കിൽ കുറയാതെ നേടിയിട്ടുള്ളവരും (എസ്.സി./എസ്.റ്റി വിദ്യാർത്ഥികൾക്ക് 50% മാർക്ക്) രക്ഷകർത്താക്കളുടെ പ്രതിവർഷ വരുമാനം 1,50,000/- രൂപയിൽ കൂടാത്തവരുമായ കുടുംബങ്ങളിലെ കുട്ടികൾക്ക് അപേക്ഷിക്കാം. പ്രതിവർഷം 12000/- രൂപയാണ് സ്കോളർഷിപ്പ്. IX മുതൽ XII -ാം ക്ലാസ്സുവരെ നാല് വർഷത്തേക്കാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്. NMMS പരീക്ഷയ്ക്ക് അപേക്ഷ ഫീസില്ല. പരീക്ഷയ്ക്കുള്ള അപേക്ഷ അതത് സ്കൂൾ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ മുഖാന്തിരം ഓൺലൈൻ ആയി സമർപ്പിക്കേണ്ടത്.