കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്)
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള ഒരു സംസ്ഥാന സര്‍ക്കാര്‍ സംരംഭമാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്). കഴിഞ്ഞ ഒരു ദശാബ്ദത്തിലെ കൈറ്റിന്റെ പരിധിയിലുള്ള പ്രവര്‍ത്തനങ്ങളായ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി, കപ്പാസിറ്റി ബില്‍ഡിംഗ്, ഉള്ളടക്ക വികസനം, കണക്റ്റിവിറ്റി, ഇ-ലേണിംഗ്, സാറ്റലൈറ്റ് അധിഷ്ഠിത വിദ്യാഭ്യാസം, പിന്തുണയും പരിപാലന സംവിധാനവും, ഇ-ഗവേണന്‍സ്, സ്ക്കൂളുകളുടെ ഭൗതിക സാഹചര്യ വികസനം എന്നിവയിലൂടെ കൈറ്റ് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വിപ്ലവം സൃഷ്ടിച്ചു. കൈറ്റിന്റെ പരിശ്രമത്തോടെ, സംസ്ഥാനത്തെ സ്ക്കൂളുകളില്‍ ഇപ്പോള്‍ അതിവേഗ ബ്രോഡ് ബാന്‍ഡ് കണക്റ്റിവിറ്റി, ആവശ്യമായ ഡിജിറ്റല്‍ റിസോഴ്സ് പോര്‍ട്ടലുകള്‍, പരിശീലനം ലഭിച്ച അദ്ധ്യാപകര്‍ എന്നിവരുടെ പിന്തുണയുള്ള ഏറ്റവും പുതിയ ഐ..സി.ടി. ഗാഡ്ജെറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നു, അതുവഴി മൊത്തം ഐ.സി.ടി. പ്രാപ്തമായ പ്രവര്‍ത്തന സംവിധാനം ഉണ്ട്.
4752 സെക്കന്‍ഡറി സ്ക്കൂളുകളില്‍ 493.50 കോടി രൂപ ചെലവാക്കി ഹൈടെക് സ്ക്കൂള് പദ്ധതിയും 11,273 പ്രൈമറി സ്ക്കൂളുകളില്‍ 300 കോടി രൂപ മുടക്കി ഹൈടെക് ലാബ് പ്രൊജക്ടും കൈറ്റ് വിജയകരമായി പൂര്‍ത്തിയാക്കി. ഹൈടെക് സ്ക്കൂള് പ്രൊജക്ടിന്റെ അടിസ്ഥാനത്തില്‍ 4,752 സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്ക്കൂള്/ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂളുകളില്‍ സ്റ്റാന്റേര്‍ഡ് 8 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ 44,705 ക്ലാസ്സ് മുറികള്‍, ലാപ്ടോപ്പ്, സീലിംഗ് മൗണ്ടഡ് പ്രൊജക്ടര്‍, യു.എസ്.ബി. എന്നിവ ഉപയോഗിച്ച് ഹൈടെക് ആക്കിയിരിക്കുന്നു. കൂടാതെ സ്പീക്കറുകള്‍, ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി, നെറ്റ് വര്‍ക്കിങ്ങ്, സമഗ്ര റിസോഴ്സ് പോര്‍ട്ടലിലേക്കുള്ള ആക്സസ് എന്നിവയും സാധ്യമാക്കി. 59,532 ലാപ്ടോപ്പുകള്, 43,736 മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, 42,055 പ്രൊജക്ടര്‍ മൗണ്ടിംഗ് ആക്സസറീസ് 21,841 പ്രൊജക്ടര്‍ സ്ക്രീനുകള്‍, 43,030 യു.എസ്.ബി. സ്പീക്കറുകള്‍ 4,578 ഡി.എസ്.എല്‍.ആര്. ക്യാമറകള്‍, 4,545 എല്‍.ഇ.ഡി. ടെലിവിഷനുകൾ, 4,720 ഫുൾ എച്ച്. ഡി. വെബ്ക്യാമുകൾ, 4,611 മൾട്ടി ഫങ്ഷൻ പ്രിന്ററുകൾ എന്നിവ സ്കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി 11,273 പ്രൈമറി സ്ക്കൂളുകള്‍ക്ക് അവരുടെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ആനുപാതികമായി ലാപ്ടോപ്പുകള്, പ്രൊജക്ടറുകള്‍, യു.എസ്.ബി. സ്പീക്കറുകള്‍ എന്നിവ നല്കി. ഈ പദ്ധതിയുടെ ഭാഗമായി മൊത്തം 56,248 ലാപ്ടോപ്പുകള്, 24,382 മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, 56,248 യു.എസ്.ബി. സ്പീക്കറുകള്‍ എന്നിവ ഈ സ്ക്കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഐ.സി.ടി. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സമഗ്ര റിസോഴ്സ് പോര്‍ട്ടല്‍ (www.samagra.kite.kerala.gov.in) അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ പാഠ്യപദ്ധതിയും സിലബസും ബന്ധിപ്പിച്ചിട്ടുള്ള വിവിധതരം മള്‍ട്ടി മീഡിയ മെറ്റീരിയലുകളിലേക്ക് പ്രവേശനം നല്കുന്നു. സ്ക്കൂളുകളിലെ വിദ്യാര്‍ത്ഥികളെ ഐ.ടി. സ്ക്കൂള് ക്ലബുകള്‍ (ലിറ്റില്‍ കൈറ്റ്സ്) രൂപീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഐ.സി.റ്റി.യിലൂടെ പര്യവേക്ഷണത്തിലും സ്വയം പഠനത്തിലും ഏര്‍പ്പെടുന്ന 1.80 ലക്ഷം വിദ്യാര്‍ത്ഥി അംഗങ്ങളെ ഉള്‍കൊള്ളുന്ന 2,060 യൂണിറ്റുകള്‍ ഉള്ള ലിറ്റില്‍ കൈറ്റ്സ് ഇന്ത്യയിലെ വിദ്യാര്‍ത്ഥികളുടെ വലിയ ഐ.സി.ടി ശൃംഖലയാണ്. ആനിമേഷന്‍, സൈബര്‍ സുരക്ഷ, ഇലക്ട്രോണിക്സ്, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, 3ഡി ആനിമേഷന്‍ എന്നിവയില്‍ അവര്‍ക്ക് പ്രത്യേക പരിശീലനം നല്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ ചാനല്‍ പ്രക്ഷേപണം ചെയ്യുന്നതിനുള്ള മാധ്യമമായി കൈറ്റ് അതിന്റെ KITE VICTORS വിദ്യാഭ്യാസ ചാനലും ഉപയോഗിച്ച് വരുന്നു. ചാനല്‍ ഇപ്പോള്‍ 24/7 സംപ്രേഷണം ചെയ്യുന്നു. എല്ലാ കേബിള്‍, ഡി.ടി.എച്ച് നെറ്റ് വര്‍ക്കുകളിലും ഇപ്പോള്‍ ലഭ്യമാണ്. ലേണിംഗ്-“KOOL” (kites Online Open Learning) എന്ന തലകെട്ടില്‍ സ്ക്കൂള് അദ്ധ്യാപകര്‍ക്കായുള്ള MOOC (മാസിവ് ഓപ്പണ്‍ ഓൺലൈൻ കോഴ്സുകള്‍) മോഡല്‍ കോഴ്സിലൂടെ അദ്ധ്യാപകര്‍ നിര്‍ബന്ധിത സര്ട്ടിഫിക്കേഷന് കോഴ്സുകള്‍ക്ക് നിര്‍ദ്ദിഷ്ട സമയം നഷ്ടപ്പെടാതെ തന്നെ ചേര്‍ന്നു വരുന്നു. മാർച്ച് 31, 2020 വരെ പതിനായിരിത്തിലധികം അധ്യാപകര്‍ക്ക് KOOL പദ്ധതിയുടെ പരിശീലനം ലഭിച്ചു.
2020 മാര്‍ച്ച് രണ്ടാം വാരത്തില്‍ കോവിഡ്-19 മഹാമാരി ആരംഭിച്ചതോടെ മുന്‍കരുതല്‍ നടപടിയായി സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകളും അടച്ചുപൂട്ടുകയും ഇപ്പോള്‍ നടപ്പാക്കുന്ന വാര്‍ഷിക പരീക്ഷകള്‍ നിര്‍ത്തലാക്കുകയും ചെയ്തു. എന്നിരുന്നാലും കൈറ്റ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായുള്ള പരിപാടികളിലൂടെ അക്കാദമിക വിടവ് നികത്താനും അതിന്റെ ഭാഗമായുള്ള വെല്ലുവിളികളെ നേരിടാനും സാധിച്ചു. കപ്പാസിറ്റി ബില്‍ഡിംഗിന്റെ കാര്യത്തില്‍, 81,000 പ്രൈമറി അധ്യാപകര്‍ക്ക് സ്വയം പഠന മോഡല്‍ സമഗ്ര റിസോഴ്സ് പോര്‍ട്ടല്‍ നല്കി. കുട്ടികള്‍ക്ക് വീടുകളില്‍ ക്രിയ്യാത്മകവും ബൗദ്ധികവുമായ അന്തരീക്ഷം പ്രാപ്തമാക്കുന്നതിന് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ സ്ക്കൂളുകളില്‍ നഷ്ടപ്പെട്ട ക്ലാസ് ദിവസങ്ങള്‍ തിരിച്ചുപിടിക്കുന്നതിനായി കുട്ടികള്‍ക്കായി പ്രത്യേക പരിപാടി ‘അവധിക്കാല സന്തോഷങ്ങള്‍’ (ഹാപ്പി വെക്കേഷന് ടൈംസ്) നടത്തി. ‘അക്ഷരവൃക്ഷം’ എന്ന സവിശേഷമായ ഒരു പ്രോഗ്രാം പുറത്തിറക്കി. അതിലൂടെ ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ നിര്‍ദ്ദിഷ്ട വിദ്യാവിനോദ രൂപത്തില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കളികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും നിർവചിക്കപ്പെട്ട കഴിവുകള്‍ നേടാന്‍ കഴിയും.
ഫിസിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരണത്തിന്റ കാര്യത്തില്‍ 5 കോടി, രൂപ 3 കോടി രൂപ വിഭാഗത്തില്‍ 56 സ്ക്കൂള് കെട്ടിടങ്ങളുടെ പ്രൊജക്ടുകള്‍ കൈറ്റ് പൂര്‍ത്തിയാക്കി, ഇതില്‍ 7.55 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഹൈടെക് ക്ലാസ് മുറികള്‍, കിച്ചന് ബ്ലോക്ക്, ഡൈനിംഗ് ഹാള്‍, ടോയ് ലറ്റ് ബ്ലോക്കുകള്‍, ലബോറട്ടറികള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ ഉള്‍കൊള്ളുന്ന കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു.