കേരളത്തിലെ ആദ്യത്തെ ഊരു മൂപ്പത്തി ഗീത

keralas first ooru moopathi
ഗീത

കേരളത്തിലെ ആദ്യത്തെ ഊരു മൂപ്പത്തിയായി അറിയപ്പെടുന്ന ഗീത ഗോത്രചരിത്രത്തിൽ തന്നെ ഭിന്നമായ ഒരു അദ്ധ്യായത്തിനായിരുന്നു തുടക്കം കുറിച്ചത്. അതിരപ്പിള്ളി വാഴച്ചാലിൽ കാടർ വിഭാഗത്തിനായി തന്റെ ജീവിതം കൊണ്ട് പോരാടുന്ന ഗീതയുടെ ട്രൈബൽ പ്രമോട്ടറായി ആരംഭിച്ച സാമൂഹിക പ്രവർത്തനങ്ങൾ എത്തി നിൽക്കുന്നത് ഊരു മുപ്പത്തി എന്ന ചരിത്ര സ്ഥാനത്തിലാണ്. 

 70 ഓളം വീടുകളുള്ള വാഴച്ചാൽ ഊരിൽ ആറ് വർഷത്തോളമായി ഗീത ഊരുമൂപ്പത്തിയാണ്. ഊരുമൂപ്പനായിരുന്ന സുബ്രഹ്മണ്യൻ ജോലികിട്ടി പോയപ്പോൾ മൂപ്പത്തിയായി ഒരുകൂട്ടം ഗീതയെ തെരഞ്ഞെടുക്കുകയായിരുന്നു. ഒൻപത് ഊരുകളാണ് അതിരപ്പിള്ളി പഞ്ചായത്തിലുള്ളത്. ഇവിടുള്ള മൂപ്പന്മാരോടൊപ്പം ഗീതയും ആദിവാസി സമൂഹത്തിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നുണ്ട്. 

പരിഷ്‌കൃതസമൂഹമെന്ന് നാം അവകാശപ്പെടുമ്പോഴും കാടിന്റെ മക്കൾക്ക് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ എത്തിയിട്ടില്ലെന്ന് ഗീത പറയുന്നു. കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യസംബന്ധവുമായ വിഷയങ്ങൾക്കാണ് ഊരിൽ പ്രാധാന്യം നൽകി പോരുന്നത്. 

അതിരപ്പിള്ളി പദ്ധതിക്കെതിരായ സമരമുഖത്ത് കാടർ എന്ന ആദിവാസി ജനതയ്ക്ക് വേണ്ടിയാണ് ഗീതയുടെ ശബ്ദമുയർന്നത്. ആ ശബ്ദം അധികാര ഇടനാഴികളിൽ പ്രതിഫലിപ്പിക്കാനും അവർക്ക് സാധിച്ചു. കാടിനോടും പുഴയോടും നിർവ്യാജമായ ആത്മബന്ധം സൂക്ഷിക്കുന്ന ഇവർക്ക് കാട് തന്നെയാണ് പ്രധാന ജീവിത ഉപാധി.