ആദിവാസികളുടെ ഭൂ പ്രശ്നം പരിഹരിയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആദിവാസി ഗോത്രമഹാ സഭയുടെ നേതൃത്വത്തിൽ സി. കെ. ജാനു ഉൾപ്പടെയുള്ളവർ 2014 ജൂലായ് ഒമ്പതിന് തുടങ്ങിയ അനിശ്ചിതകാല സമരമാണ് നിൽപ്പുസമരം. 162 ദിവസം തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ ആദിവാസി സ്ത്രീകൾ ഉൾപ്പടെയുള്ളവർ ഭൂ പ്രശ്നം പരിഹരിയ്ക്കണമെന്നാവശ്യപ്പെട്ട് ഇരിയ്ക്കുകയോ കിടക്കുകയോ ചെയ്യാതെ നിന്ന് സമരം ചെയ്യുകയായിരുന്നു. കേരളത്തിലെ സമര ചരിത്രത്തിൽ പുതിയൊരധ്യായമായിരുന്നു ഇത്.

image

ഭൂമിക്കുമേലുള്ള ആദിവാസികളുടെ അവകാശസമരങ്ങളുടെ ഒരു തുടർച്ചയായിരുന്നു നിൽപ്പ് സമരവും. കേവലം ഒരു ഭൂ അവകാശ സമരം എന്നതിനപ്പുറം 1996-ൽ പാർലമെന്റ് പാസാക്കിയ ‘പെസ’ (Panchayath Act Extended to Scheduled Area) നിയമപ്രകാരമുള്ള ‘ഗോത്ര സ്വയംഭരണം’ എന്ന ആവശ്യം കൂടി ഉന്നയിച്ചുകൊണ്ടായിരുന്നു സമരം. കേരളത്തിൽ ‘പെസ’ നിയമം നടപ്പിലാക്കുന്നതടക്കം ആദിവാസികൾ ഉന്നയിച്ച ആവശ്യങ്ങൾ ഭൂരിഭാഗവും അംഗീകരിക്കാമെന്ന സർക്കാർ ഉറപ്പിലാണ് 162 ദിവസം നീണ്ടുനിന്ന സമരം സമാപിച്ചത്. എന്നാൽ ഈ ഉറപ്പുകൾ പലതും പാലിയ്ക്കപ്പെട്ടിട്ടില്ലെന്നാണ് ആദിവാസി സംഘടനാ നേതാക്കൾ പറയുന്നത്. 

Nilpu strike

ലോകമെമ്പാടുമുള്ള മലയാളികൾ സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നു. വിവിധ മേഖലകളിലുള്ളവർ വിവിധ രാജ്യങ്ങളിലുള്ളവർ എവിടെയാണോ അവിടെവെച്ചു അവർ നിന്നുകൊണ്ട് നിൽപ്പ് സമരത്തിന് പിന്തുണ അറിയിച്ചു. വിവിധ വിദ്യാർത്ഥി സംഘടനകളും യുവജന പ്രസ്ഥാനങ്ങളും രാഷ്ട്രീയ സംഘടനകളും നേതാക്കളും കന്യാസ്ത്രീകൾ ഉൾപ്പടെയുള്ള വിവിധ രംഗങ്ങളിലുള്ളവർ സമരത്തിന് പിന്തുണയർപ്പിച്ചു രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയുടെ വമ്പിച്ച പിന്തുണയും നിൽപ്പ് സമരത്തിനുണ്ടായിരുന്നു

nilppu samaram