അരികുവൽക്കരിക്കപ്പെട്ട ആദിവാസി സമൂഹത്തിലെ സ്ത്രീ ജീവിതങ്ങൾ

2011-ലെ കാനേഷുമാരി കണക്ക് പ്രകാരം കേരളത്തിലെ പട്ടികവര്‍ഗക്കാരുടെ ജനസംഖ്യ 4,84,839 ആണ്. ഇത് സംസ്ഥാന ജനസംഖ്യയുടെ (3.338 കോടി) 1.45 ശതമാനമാണ്. ആകെയുള്ള പട്ടിക വർഗ ജനസംഖ്യയിൽ 2,46,636 പേർ സ്ത്രീകളാണ്. 2001-ലെ സെന്‍സസുമായി താരതമ്യപ്പെടുത്തുമ്പോള്‍ പട്ടികവര്‍ഗ ജനസംഖ്യയില്‍ 0.63 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. സ്ത്രീ പുരുഷാനുപാതം ദേശീയ തലത്തിൽ 990 ആയിരിക്കുമ്പോൾ കേരളത്തിലിത് 1035 ആണ്. ഉയർന്ന ലിംഗാനുപാതത്തെ പോലെ തന്നെ സാക്ഷരതതയിലും കേരളത്തിലെ പട്ടിക വർഗ വിഭാഗങ്ങൾ ദേശീയ ശരാശരിയ്ക്കും മീതെയാണ്. ദേശീയ ശരാശരി 58.96 ആയിരിക്കുമ്പോൾ കേരളത്തിലിത് 75.81 ശതമാനമാണ്. സ്ത്രീ സാക്ഷരതാ നിരക്കിലും കേരളം ഇന്ത്യൻ ശരാശരിയേക്കാൾ മികച്ച നിലയിൽ തന്നെയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 49.35 എന്നതാണ് ദേശീയ കണക്കെങ്കിൽ കേരളത്തിലേത് 71.1 ശതമാനമാണ്. 

census india

കേരളത്തിലെ പട്ടിക വർഗ വിഭാഗങ്ങളിൽ ബഹുഭൂരിപക്ഷവും ഗ്രാമീണരാണ്. ഏറ്റവുമുയര്‍ന്ന പട്ടികവര്‍ഗ ജനസംഖ്യ വയനാട്ടിലാണ് (31.24 ശതമാനം) ഉള്ളതെങ്കിൽ തൊട്ടു പുറകിൽ ഇടുക്കിയാണ് (11.51 ശതമാനം). പാലക്കാട് (10.10 ശതമാനം), കാസര്‍കോട് (10.08 ശതമാനം) ഈ നാലു ജില്ലകളിലുമായി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ 62.93 ശതമാനം ജീവിക്കുന്നു. തീരദേശ ജില്ലയായ ആലപ്പുഴയിലാണ് ഏറ്റവും കുറഞ്ഞ ശതമാനമുള്ളത് (1.36 ശതമാനം). 

ദേശീയ കണക്ക്

കേരളത്തിലെ പട്ടികവര്‍ഗ കുടുംബങ്ങൾ ബാങ്കിങ് സേവനങ്ങള്‍, ടെലിവിഷന്‍, ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടര്‍, ടെലിഫോണ്‍, കാര്‍ എന്നിവയുടെ പ്രാപ്യതയില്‍ ഇന്ത്യയിലെ ശരാശരി പട്ടിക വർഗ കുടുംബങ്ങളെക്കാള്‍ മുന്നിലാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഇടയില്‍ ടെലിവിഷന്‍, ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടര്‍, ടെലിഫോണ്‍, കാര്‍ എന്നിവയുടെ കാര്യത്തില്‍ കേരളത്തിലേതിനേക്കാള്‍ മെച്ചപ്പെട്ട സ്ഥിതി തമിഴ്നാടിനാണുള്ളത്. ഇന്ത്യയിലെ പട്ടികവര്‍ഗ കുടുംബങ്ങളെയെടുത്താല്‍ കേരളത്തിലേതിനെക്കാള്‍ ഇരുചക്ര വാഹനങ്ങളുടെ കാര്യത്തില്‍ പ്രാപ്യത കൂടുതലാണ്. മേല്പറഞ്ഞ ആസ്തികളില്‍ ഇന്ത്യയില്‍ 37 ശതമാനം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് പ്രാപ്യതയില്ലാത്തപ്പോള്‍ കേരളത്തില്‍ ഇത് 24 ശമതാനത്തോടടുത്താണ്. പൊതുവെ കേരളത്തിലെ പട്ടികജാതി-പട്ടികവര്‍ഗ കുടുംബങ്ങളുടെ ജീവിതനിലവാരം ഇന്ത്യയുടെ മറ്റിടങ്ങളില്‍നിന്ന് മെച്ചപ്പെട്ടിരിക്കുന്നു. എന്നാല്‍ പട്ടികവര്‍ഗക്കാരുടെ ജീവിത നിലവാരത്തില്‍ തമിഴ് നാട്ടിലെ കുടുംബങ്ങള്‍ കേരളത്തേക്കാള്‍ മുന്നിലാണ്.

പട്ടികവർഗ കുടുംബങ്ങളിലെ ആസ്തികളുടെ താരതമ്യ ചിത്രം

തൊഴില്‍ ഘടന

കേരളത്തിലെ ജനസംഖ്യയുടെ ദശാബ്ദ വളര്‍ച്ചാ നിരക്ക് 4.9 ശതമാനമെന്ന ഏറ്റവും താഴ്ന്ന നിരക്കാണ്. 2001-11-ല്‍ തൊഴില്‍ പങ്കാളിത്ത നിരക്ക് വര്‍ധിച്ചുവരുന്നതായി കാണാം. ഇതില്‍ മുഖ്യതൊഴിലാളികളുടെ ശതമാനം പരിമിത തൊഴിലുള്ളവരെക്കാളും ഉയര്‍ന്നതാണ്. പട്ടികവര്‍ഗ വിഭാഗത്തിന്റെ കാര്യത്തില്‍, പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികളുടെ ശതമാനം 2001-ല്‍ 19.90 ശതമാനമായിരുന്നത് 2011-ല്‍ 22.71 ശതമാനമായി ഉയര്‍ന്നു. പട്ടികജാതിക്കാരുടെ കാര്യത്തില്‍ ഇത് ഇതേ കാലയളവില്‍ 18.51 ശതമാനത്തില്‍ നിന്ന് 19.59 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. 29.90 ശതമാനം പട്ടികജാതിക്കാരും 59.49 ശതമാനം പട്ടികവര്‍ഗ്ഗക്കാരും കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കുമ്പോള്‍ പൊതുവിഭാഗത്തില്‍ ഇത് 14.18 ശതമാനമാണ്.

മുഖ്യ തൊഴിലാളികളുടെ വരുമാനം

മുഖ്യ തൊഴിലാളികളുടെ വരുമാനം
  
1958 -ലെ കേരള സംസ്ഥാന സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടം 14 (a) പ്രകാരം പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 10 ശതമാനം (പട്ടികജാതി വിഭാഗക്കാര്‍ക്ക് 8 ശതമാനവും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 2 ശതമാനവും) ഗസറ്റഡ്, നോണ്‍-ഗസറ്റഡ്, ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് സംവരണം നല്‍കുന്നുണ്ട്. പട്ടികജാതി വിഭാഗങ്ങള്‍ മുകളിലെ മൂന്നു വിഭാഗങ്ങളിലും എട്ടുശതമാനത്തിലേറെ സംവരണം നേടിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സർവീസില്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ 2 ശതമാനം സംവരണം എത്താറായിട്ടുണ്ട്. ഇത് മുന്‍ വര്‍ഷങ്ങളെക്കാള്‍ നല്ല പുരോഗതിയിലാണ്. 01-01-2016-ലെ വാര്‍ഷിക അവലോകന പ്രകാരം 2015 വര്‍ഷത്തില്‍ പൊതുസർവീസില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ മൊത്തം പ്രാതിനിധ്യം 13.25 ശതമാനമാണ്. 1958 -ലെ കേരള സംസ്ഥാന സബോര്‍ഡിനേറ്റ് സര്‍ വീസ് ചട്ടം 14 (a) പ്രകാരം പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 10 ശതമാനം (പട്ടികജാതി വിഭാഗക്കാര്‍ക്ക് 8 ശതമാനവും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 2 ശതമാനവും) ഗസറ്റഡ്, നോണ്‍-ഗസറ്റഡ്, ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് സംവരണം നല്‍കുന്നുണ്ട്. പട്ടികജാതി വിഭാഗങ്ങള്‍ മുകളിലെ മൂന്നു വിഭാഗങ്ങളിലും എട്ടുശതമാനത്തിലേറെ സംവരണം നേടിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സർവീസില്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ 2 ശതമാനം സംവരണം എത്താറായിട്ടെ ഉള്ളൂവെന്നാണ് 2016ലെ സംസ്ഥാന പ്ലാനിംഗ് ബോർഡ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ 37 ആദിവാസി വിഭാഗങ്ങളുള്ളതായിട്ടാണ്‌ നിലവിലുള്ള കണക്കുകൾ.

കേരളത്തിലെ പട്ടിക വർഗ വിഭാഗങ്ങളുടെ വളർച്ച നിരക്ക് 

ഗ്രാഫ്

കേരളത്തിലെ പട്ടിക വർഗ വിഭാഗങ്ങളുടെ വളർച്ചാ നിരക്ക് ശതമാനത്തിൽ

​​​​graph

പട്ടികവർഗ വിഭാഗങ്ങളുടെ ലിംഗാനുപാതവും സാക്ഷരതാ നിരക്കും

graph

ജില്ല തിരിച്ചുള്ള കണക്കുകൾ

graph

ദാരിദ്രാവസ്ഥയുടെ താരതമ്യം

graph

അടിയാൻ (അടിയാർ, അഡിഗൽസ്)

വയനാട് ജില്ലയിൽ മാന്തവാടി താലൂക്കിൽ കാണപ്പെടുന്ന ആദിവാസി വിഭാഗമാണ് അടിയാൻ. അടിയാർ എന്നും അഡിഗൽസ് എന്നും ഇവർ അറിയപ്പെടുന്നു. ജില്ലയിലെ എടപ്പാടി, ചേരൂർ, മൊട്ടങ്കര, കുപ്പത്തോട്, മുടിരമുള, ബാവലി എന്നിവിടങ്ങളിലാണ് ഇവർ കൂടതലായും കാണപ്പെടുന്നത്. അടിമ എന്ന മലയാള പദത്തിൽ നിന്നാവാം അടിയാൻ എന്ന പേര് ലഭിച്ചത്.  കന്നഡയും മലയാളവും ചേർന്നതാണ് ഇവരുടെ സംസാര ഭാഷ. ഇവരുടെ സംസാരഭാഷ അടിയഭാഷ എന്നാണ് അറിയപ്പെടുന്നത്. കൃഷിയ്ക്കായി അടിമപ്പണി ചെയ്യുന്നതിന് ഇവരെ കർണ്ണാടകയിൽ നിന്നും കൊണ്ടുവന്നതാണെന്നു കരുതപ്പെടുന്നു. 1970-കൾ വരെ ഇവർ ജന്മിമാരുടെ അടിമകളായിരുന്നു. 2011-ലെ കാനേഷുമാരി പ്രകാരം കേരളത്തിലുള്ള അടിയരുടെ എണ്ണം 11,526 ആണ്. ഇതിൽ 6,011 പേര് സ്ത്രീകളാണ്. 

സമൂഹ ഘടന

കൂട്ടമായി ജീവിക്കുന്ന അടിയരുടെ അധിവാസ പ്രദേശങ്ങൾ കുന്റ് എന്നാണറിയപ്പടുന്നത്. കുന്റ്കാരനാണു ഓരോ കുന്റിന്റെയും തലവൻ. കുന്റിലെ വീടുകൾ കുള്ളുകൾ എന്നറിയപ്പെടുന്നു. അടിയ വിഭാഗങ്ങളുടെ കുലങ്ങൾ ചെമ്മം എന്നാണറിയപ്പെടുന്നത്. ചെമ്മങ്ങൾക്കിടയിൽ ഉയർന്ന പദവിയും താഴ്ന്ന പദവിയുമുണ്ട്. ഉയർന്ന കുലങ്ങൾ മന്റ് എന്ന് വിളിക്കുന്നു. തിരുനെല്ലി മന്റ്, ബടക്ക് മന്റ്, പോത്തുരുമന്റ്, എടമലമന്റ് എന്നിങ്ങനെ നാല് മന്റുകളാണുള്ളത്. മരുമക്കത്തായ സമ്പ്രദായം പിന്തുടരുന്ന ഇവർ സ്വകുല വിവാഹം അനുവദിക്കുന്നില്ല. മന്റുകൾ ഉൾപ്പടെ 17 കുലങ്ങളാണ് ഇവർക്കുള്ളത്.

എല്ലാ കുലങ്ങൾക്കും അവരുടേതായ കുല ദൈവങ്ങളുണ്ടാകും. ഓരോ കുലത്തിനും ഓരോ മൂപ്പൻ ഉണ്ടാകും. ഈ മൂപ്പൻ നാട്ടു മൂപ്പൻ എന്നാണറിയപ്പെടുക. കൂടാതെ ഓരോ ചെമ്മവും നിയന്ത്രിക്കുന്നത് ചെമ്മക്കാരൻ ആണ്. നാട്ടുമൂപ്പന്റെയും ചെമ്മക്കാരന്റെയും അധികാരങ്ങൾ  പാരമ്പര്യമായി ലഭിക്കുന്നതല്ല. നാട്ടുമൂപ്പനു ഒരു സഹായി ഉണ്ടായിരിക്കും. ഇത് കനലാടി എന്നാണറിയപ്പെടുക. കൂടാതെ ഇവർക്ക് വെളിച്ചപാടും ഉണ്ടായിരിയ്ക്കും. വെളിച്ചപ്പാടിനെ തമ്മിടി എന്നാണ് വിളിക്കുന്നത്. തമ്മിടിയ്ക്ക് കീഴിൽ കർമ്മികൾ ഉണ്ടായിരിക്കും. വിവാഹം, മരണം, ജനനം തുടങ്ങിയ അവസരങ്ങളിൽ ഇവരുടെ സാന്നിധ്യം ഒഴിവാക്കാനാകാത്തതാണ്. സ്വന്തമായി അമ്പലങ്ങൾ ഇല്ലാത്ത അടിയൻസ് പക്ഷെ ഹിന്ദു മതമാണ് പിന്തുടരുന്നത്. ഹിന്ദു ആഘോഷങ്ങളായ ഓണവും, വിഷുവും ഇവർ കാര്യമായി ആഘോഷിക്കുന്നുണ്ട്. തിരുനെല്ലി പെരുമാൾ, വള്ളിയൂരമ്മ, മക്കോരി, കരിംചാത്തൻ, മുത്തുമലയൻ, കരിങ്കാളി, പാക്കത്തെയ്യം, വെങ്ങാരിയാൻ തുടങ്ങിയവയാണ് ഇവരുടെ ആരാധന മൂർത്തികൾ. ഓരോ കുലത്തിനും ഓരോ ദൈവങ്ങൾ ഉണ്ടാകും.

സംസ്ക്കാരം

അടിയർ വിവാഹദിനങ്ങളിൽ പാടുന്ന കലാരൂപങ്ങളാണു ബോയ്ഗെവൻ പാട്ട്, സോപാനപ്പാട്ട് എന്നിവ. കല്യാണദിവസം പകലാണു ബോയ്ഗെവൻ പാട്ടു നടത്തുന്നത്. പന്തലിൽ ഇരുന്ന് തുടി, കുഴൽ എന്നീ വാദ്യോപകരണങ്ങളുടെ സഹായത്തോടെ കനലാടി (ഊരുമൂപ്പൻ) പാടിത്തുടങ്ങുമ്പോൾ അടുത്തിരിക്കുന്നയാൾ ഏറ്റുപാടും. കുടുംബജീവിതവും സമൂഹജീവിതവുമാണു വിഷയം. അടിയന്മാരുടെ വിവാഹവേളയിലെ കലാവതരണങ്ങളിൽ മറ്റൊരിനമാണു സോപാനപ്പാട്ട്. കല്യാണപ്പന്തലിലോ പെണ്ണിന്റെ അടുത്തോ സോപാനപ്പാട്ട് നടത്തിയതിനുശേഷമാണ് ബൊഗെവൻപാട്ട് അവതരിപ്പിക്കുന്നത്. ചീനം/ചീനി (കുഴൽ), മരം, തുടി എന്നിവയാണ് അടിയരുടെ വാദ്യങ്ങൾ. അദ്ധ്വാന ഭാരം ലഘൂകരിക്കാൻ രാത്രിയിലും പണിയെടുക്കുന്ന അടിയാന്മാർ തുടിയുടെയും ചീനിയുടെയും ശബ്ദത്തിന്റെ അകമ്പടിയോടെ പാട്ടുപാടാറുണ്ട്. അനുഷ്ഠാനത്തിന്റെ ഭാഗമായും വാദ്യം ഉപയോഗിക്കും. ഇതേ വാദ്യംതന്നെ വട്ടക്കളി എന്ന വിനോദകലയിലും ഉപയോഗിക്കും. പ്ലാവ്, കുമ്പിൾ എന്നിവയുടെ തടികൊണ്ടാണു തുടി ഉണ്ടാക്കുന്നത്. ചീനി നിർമ്മിക്കുന്നത് ഏഴിലം പാലയുടെ കൊമ്പുപയോഗിച്ചുമാണ്. സ്ത്രീകളുടെ സംഗീതോപകരണം മുളകൊണ്ടുണ്ടാക്കുന്ന "ചോല'യാണ്.

കല

തെറ, ഗദ്ദിക തുടങ്ങിയവയാണ് ഇവരുടെ പ്രധാന കലാരൂപങ്ങൾ. കേരള ഫോക്‌ലോർ അക്കാദമിയുടെ ചെയർ പേഴ്സൺ ആയിരുന്ന ഗദ്ദികയെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പി. കെ. കാളൻ അടിയാൻ സമുദായമായിരുന്നു. ഗദ്ദിക കലാരൂപം മൂന്നു തരത്തിലാണ് പ്രധാനമായും അവതരിപ്പിക്കുന്നത്. 
1)മാരിനീക്കൽ ഗദ്ദിക:- പേര് സൂചിപ്പിക്കുന്നപ്പോലെതന്നെ രോഗം മാറ്റാനും, ദുരിതം ശമിപ്പിക്കാനും, പ്രേതബാധ ഇല്ലാതാക്കാനുമെല്ലാം നടത്തപ്പെടുന്നു. രോഗം മാറിക്കഴിഞ്ഞാൽ നന്ദി സൂചകമായി ദേവി-ദേവന്മാർക്കായി 2)പൂജ ഗദ്ദിക നടത്തുന്നു. നാടിന്റെ ഐശ്വര്യത്തിനായി ഓരോവീട്ടിലും ചെന്നുറഞ്ഞു നേർച്ചവാങ്ങി രോഗത്തെ ആവാഹിച്ചെടുക്കുന്നതാണ് 3)നാട്ടു ഗദ്ദിക. പുരുഷന്മാരാണ് ഗദ്ദികയിൽ പങ്കെടുക്കുന്നത്. ശിവസ്തുതിയോടെ ഗദ്ദിക ആരംഭിക്കുമ്പോൾ സ്ത്രീ വേഷധാരികളായ മറ്റു ഗദ്ദികക്കാർ വട്ടത്തിൽ ചുവടു വെയ്ക്കുന്നു. ചുവാനി, സിദ്ധപ്പൻ,മലക്കാരി എന്നീ അടിയ ദൈവങ്ങളെ പ്രകീർത്തിച്ചു നിരവധി വാഴ്ത്തു പാട്ടുകൾ പാടി ഗദ്ദികക്കാർ ഉറഞ്ഞു തുള്ളുന്നു.

വിവാഹം 

ഒരേ ചെമ്മത്തിലുള്ളവർ തമ്മിലുള്ള വിവാഹം അടിയർ അനുവദിക്കുന്നില്ല. ചെറുക്കന് പെണ്ണിനെ ഇഷ്ട്ടമായാൽ ഔപചാരികമായ പെണ്ണ്  ചോദിക്കലിന് ചെറുക്കന്റെ വീട്ടുകാർ പെൺവീട്ടിലെത്തുകയും ഇരു കൂട്ടർക്കും സമ്മതമായാൽ കല്യാണനിശ്ചയം നടത്തുകയും ചെയ്യുന്നു. അന്നേദിവസം ചെറുക്കൻ, പെണ്ണിനണിയാനുള്ള വളകൾ നൽകണം. മാല, ഉപ്പ്, എണ്ണ, തേങ്ങ, മുളക്, വിറക്, വെറ്റില, അടയ്ക്ക എന്നിവ നിശ്ചയ ദിവസം നൽകുന്നു. തുടർന്ന് വിവാഹദിനംവരെയുള്ള ഓരോ ആഴ്ചയും നെല്ല്, വിറക് മുതലായവ ചെറുക്കൻ പെൺവീട്ടിലെത്തിക്കണമെന്ന് ഗോത്ര മുറയുണ്ട്. ചെറുക്കന്റെ കാര്യപ്രാപ്തി അളക്കാനുള്ള ഒരുപാധിയാണിത്. കൂടുതൽ വിറക് എത്തിച്ചാൽ ചെറുക്കൻ കൂടുതൽ മതിപ്പുള്ളവനായി മാറുന്നു.

കല്യാണദിവസം വധുവിനുള്ള ചേലയുമായി വരന്റെ വീട്ടുകാരെത്തുന്നതോടെ വിവാഹച്ചടങ്ങുകൾക്ക് തുടക്കമാകുന്നു. പിതൃക്കളെ പ്രീതിപ്പെടുത്തുന്ന കർമങ്ങൾ കനലാടി നിർവഹിക്കും. ഇരുവീട്ടുകാർക്കും തമ്മിൽ ബാധ്യതകളില്ലെന്ന് ഉറപ്പുവരുത്തിയാൽ ചെറുക്കൻ ഒരു നിശ്ചിതതുക നാട്ടുമൂപ്പനെ ഏല്പിക്കണം. തുടർന്ന് വധൂവരന്മാരെ ചൂടു വെള്ളത്തിൽ കുളിപ്പിച്ച് വീട്ടിനുള്ളിൽ കയറ്റി ഇരുത്തി സോപാനപ്പാട്ട് പാടുന്നു. തുടിയും നൃത്തവും ഈയവസരത്തിൽ ചടങ്ങുകൾക്ക് മാറ്റു കൂട്ടും. അടുത്തദിവസം രാവിലെയാണ് താലികെട്ട്. കനലാടിയാണ് എല്ലാ ചടങ്ങുകൾക്കും കാർമികനാകുന്നത്. വിവാഹാനന്തരം അതിഥികൾക്കെല്ലാം വിഭവസമൃദ്ധമായ സദ്യ നൽകും.

വിഭാര്യന് ആചാരപ്രകാരമുള്ള വിവാഹം അടിയഗോത്രം അനുവദിക്കുന്നില്ല. വിധവയായ ഏതെങ്കിലുമൊരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ ഗോത്രം അനുവാദം നൽകുന്നുണ്ട്. വിവാഹിതനോ അവിവാഹിനോ അവിഹിത ഗർഭത്തിനുത്തരവാദിയായാൽ കനലാടിയുടെ മുമ്പിൽ വിസ്തരിച്ചു പിഴയൊടുക്കും. വിവാഹനിശ്ചയം കഴിഞ്ഞ പെൺകുട്ടികൾ മറ്റാരുടെയെങ്കിലും കൂടെ ഒളിച്ചോട്ടം നടത്തിയാൽ നിശ്ചയിച്ച വരന് പുതിയ വരൻ പിഴ നൽകണം എന്ന കീഴ്വഴക്കവും അടിയർക്കുണ്ട്.

വരന്റെ വീട്ടിലെ കല്യാണാഘോഷത്തിനു" പെണ്ണുവിളിച്ച കല്യാണം' എന്നാണു പറഞ്ഞു പോരുന്നത്. ചെറുക്കനും ചങ്ങാതിമാരും പെണ്ണിനെ കാണും. ചങ്ങാതി ചെറുക്കന്റെ ചെമ്മക്കാരനോടും ചെമ്മക്കാരൻ ചെറുക്കന്റെ കാരണവന്മാരോടും പറയുന്നു. പിന്നീടു പെണ്ണിനെ ഇഷ്ടമായാൽ ചെറുക്കന്റെ അമ്മാവനും ചെറുക്കന്റെ വീട്ടിലെ സ്ത്രീകളും ചെമ്മക്കാരനും പെൺവീട്ടിൽ എത്തി പെണ്ണിനെ “നാണയത്താലി' അണിയിക്കും. സ്ത്രീകളാണു താലി അണിയിക്കുന്നത്. പൈസ കുഴവെച്ചുണ്ടാക്കുന്നതാണു നാണയത്താലി. കൂട്ടത്തിൽ വള കൈമാറും. അന്നു മുതൽ പെൺകുട്ടി ഋതുവാകുന്നതുവരെ ചെറുക്കൻ പെണ്ണിന്റെ വീട്ടിൽ ആഴ്ചയിൽ ഒരു ദിവസം പോകുന്നു. അരിയും വീട്ടാവശ്യത്തിനുള്ളവയും മുറുക്കാനും നല്കണം. വിറകു കൊണ്ടുവരണം. വിവാഹം കഴിഞ്ഞ സ്ത്രീകളുടെ ഭർത്താക്കന്മാർ ചെമ്മക്കാരനു ചെലവുകൾ നടത്താനുള്ള “തലപ്പാട്ടം' എന്ന വാർഷികസംഭാവന നല്കും. ഏഴെട്ടു വർഷത്തേക്കു ഭാര്യയുടെ ചെമ്മത്തിന് എല്ലാവർഷവും പുരുഷൻ മൂന്നു പൊതി നെല്ലു നല്കണം. തലപ്പാട്ടം നല്കിയില്ലെങ്കിൽ സ്ത്രീകളെ തിരിച്ചു വിളിച്ചുകൊണ്ടുവരാൻ ചെമ്മക്കാരന് അധികാരമുണ്ട്. ഇതു കാക്കപ്പുലസദ്യയ്ക്ക് ഉപയോഗിക്കുന്നു. വിവാഹത്തിനു പെൺവീട്ടിൽ പുലർച്ചെ ചടങ്ങുകൾ തുടങ്ങും. വധുവരന്മാരെ കുളിപ്പിച്ചു തളികയിലോ തുണിയിലോ ചവിട്ടി അകത്തുകയറ്റും. കല്യാണദിവസം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ഇലയോ പലകയോ ഇട്ട് അതിൽനിന്നു വധൂവരന്മാർ കുളിക്കും. വധുവിന്റെ വീട്ടിലെത്തിയാൽ മൂപ്പൻ വധൂവരന്മാരെ കൈപിടിച്ചേല്പിക്കുന്നു. അവരുടെ തലയിൽ തേങ്ങ ഉഴിഞ്ഞ് ഉടയ്ക്കും . തുടർന്നു വധുവരന്മാർ പന്തലിനെ വലം വെയ്ക്കുന്നു. അവരെ പുതുവസ്ത്രം അണിയിക്കും, പച്ചകുത്തും, അരിമാവിന്റെ പൊട്ടുതൊടുവിക്കും. പിന്നീടു കോലായിലെ പായിൽ ഇരുത്തും. രണ്ടു താലങ്ങളിൽ അരിയും തേങ്ങയും മഞ്ഞൾ കലർത്തിയ അരിയും തേങ്ങയും വയ്ക്കും.  അതിനടുത്തായി ഓരോ സേറു നെല്ല്, വെറ്റില, അടയ്ക്ക എന്നിവയും വയ്ക്കും. ബന്ധുക്കൾ വന്ന് അല്പം അരി, വെറ്റില എന്നിവ തലയിൽ ചാർത്തും. തുടർന്നു "പാവടം' (മേലാപ്പ്) വധൂവരന്മാരുടെ തലയ്ക്കു മുകളിലായി പിടിച്ചു പന്തലിലേക്കുകൊണ്ടുവരുന്നു. അപ്പോൾ "പന്തലിൽ പൊയ്ക്ക പൊലിയെ ആട്ടം' അവതരിപ്പിക്കും. പിന്നീടു പന്തലിൽ വച്ചു പാവടം നീക്കി വധുവരന്മാരെ പായിൽ ഇരുത്തുമ്പോൾ ബന്ധുക്കൾ തലയിൽ അരി വിതറി അനുഗ്രഹിക്കും. അരി, വെറ്റില, നാണയങ്ങൾ എന്നിവ പെണ്ണു മൂപ്പനു നല്കും. ചെക്കൻ പതിനഞ്ച് ഇടങ്ങഴി നെല്ല്, ഒരു തേങ്ങ, ഒരു കണ്ണി പുകയില, മുളക്, മല്ലി, ഉള്ളി, മത്സ്യം, കോഴിയിറച്ചി എന്നിവ കൊണ്ടുചെല്ലണം. എല്ലാവർക്കും ഭക്ഷണം പെൺവീട്ടിൽനിന്നാണു നല്കുന്നത്. പിന്നീടു വധൂവരന്മാർ വരന്റെ ഗൃഹത്തിലേക്കു പോകുന്നു. അവിടെയും സദ്യ ഉണ്ടാവും. കട്ടുകൊണ്ടുപോകൽ എന്ന വിവാഹരീതിയെക്കുറിച്ചു കെ. പാനൂർ കേരളത്തിലെ ആഫ്രിക്കയിൽ വിവരിക്കുന്നുണ്ട്: കമിതാക്കൾ തങ്ങളുടെ ഇഷ്ടാനുസരണം ഒളിച്ചോടുന്ന സന്ദർഭങ്ങളിൽ, പിഴയടച്ച് അവർക്കു ഗോത്രാനുമതി നേടിയെടുക്കാവുന്ന ആചാരവിശേഷങ്ങളും അടിയർക്കിടയിലുണ്ട്. ഒളിച്ചോടുന്ന കാമുകീകാമുകന്മാർ ജന്മിയുടെ കാലിത്തൊഴുത്തിലോ കളപ്പുരകളിലോ കാട്ടിലോ കഴിയുന്നു. പിന്നീടു മൂപ്പനു പിഴയടച്ചു വിവാഹബന്ധത്തിന് അംഗീകാരം നേടുന്നു.

പ്രസവം

ജനനം മുതൽ മരണം വരെ ജീവിതത്തിലെ ഓരോ സന്ദർഭത്തിലും പാലിക്കേണ്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും അടിയർ കൃത്യമായി അനുവർത്തിക്കുന്നു. സുഖപ്രസവത്തിനായി “അരാങ്കെയിട്ടുനീക്കുക' എന്ന കർമമാണ് ഇവർ നടത്തുന്നത്. ഗർഭമലസലുണ്ടായാൽ “കൂളിയാട്ട്' നടത്തും. ഗർഭിണിയുടെ ശരീരത്തിൽ "പേയ്' ബാധിക്കുന്ന അവസരത്തിൽ "പേയ്പ്പാട്ട്' നടത്തി അതുമാറ്റുന്നു. പാക്കത്തെയ്യത്തെ പ്രീതിപ്പെടുത്തുന്ന ചടങ്ങാണിത്. അഞ്ചാംമാസം മുതലാണ് ഈ കർമം നടത്തുന്നത്. ആൺകുട്ടി ജനിച്ചാൽ അമ്പും വില്ലും, പെൺകുട്ടി ജനിച്ചാൽ തൊട്ടിലും മുറിയുടെ പുറത്ത് തൂക്കും. വയറ്റാട്ടിയുടെ സഹായം ഓരോ പ്രസവത്തിനുമുണ്ടായിരിക്കും. ഗർഭിണിക്ക് പച്ചമരുന്നുകൾ നൽകുകയും "ഗദ്ദിക' എന്ന അനുഷ്ഠാനകർമം നടത്തുകയും ചെയ്താൽ എല്ലാ ദോഷങ്ങളുമകന്ന് സുഖപ്രസവം സാധ്യമാകുമെന്നും ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുമെന്നുമാണ് അടിയരുടെ വിശ്വാസം. 

പ്രസവാനന്തരം പതിനഞ്ചു ദിവസംവരെ സ്ത്രീകൾ പ്രത്യേകമുറിയിൽ ഇരിക്കണം. കുളിക്കാനുള്ള വെള്ളം പ്രത്യേകം തയാറാക്കുന്നു. പതിനഞ്ചു ദിവസങ്ങൾക്കുശേഷം വീട്ടിൽ എല്ലായിടത്തും പെരുമാറാം. ഗർഭവതികളായ സ്ത്രീകൾക്ക് ബാധ ഏൽക്കാതിരിക്കാൻ 'അരാംഗിട്ട് വാംഗിന്റി'  (പേയാട്ടു) നടത്താറുണ്ട്. ഗർഭിണിയെ ആവേശിച്ച ഭൂതപ്രേതാദികളെ പുറന്തള്ളുവാനായി നടത്തുന്ന ചടങ്ങാണ് അരാകെമിട്ടുനീക്കൽ. മഞ്ഞൾപ്പൊടി, അരിപ്പൊടി, കരിപ്പൊടി എന്നിവകൊണ്ടു വരയ്ക്കുന്ന സ്ത്രീരൂപത്തിലേക്കു ഭൂത പ്രേതാദികളെ ആവേശിക്കുന്ന ചടങ്ങാണിത്.

അടിയർ പ്രസവകാലത്തു ഗദ്ദികയാട്ട് നടത്തും. ആദ്യത്തെ സുഖ പ്രസവത്തിനുവേണ്ടിയുള്ള പാട്ടും കളിയും കൂളിയാട്ട് എന്നറിയപ്പെടുന്നു. പേയിയാട്ടം എന്നും ഇതിനു പേരുണ്ട്. രോഗബാധയുള്ള സ്ത്രീകളെ ഊരുമൂപ്പൻ, കുറുതലൈ, ഭണ്ഡാരി, പാട്ടാളി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബാധയകറ്റുന്ന മന്ത്രവാദമാണിത്. കുടുംബത്തിലെ കാരണവരുടെയും കുന്നിലെ ഗോത്രനേതൃത്വത്തിന്റെയും സമ്മതത്തോടെ ഗർഭം അലസാതിരിക്കാൻ രാത്രിയിൽ നടത്തുന്ന അനുഷ്ഠാനമാണു കൂളിയാട്ട്. കരിമി കൂളിയാട്ടിൽ വേഷം കെട്ടും. കുന്നിലെ ഭരണാധികാരികളായ കരിമി, ചെമ്മക്കാരൻ, കനലാടി എന്നിവർ നാളുനോക്കി തീരുമാനിച്ചാണു കൂളിയാട്ടു നടത്തുന്നത്. അടിയാത്തിക്കു തുടർച്ചയായി ഗർഭം അലസുമ്പോഴാണ് ഇതു നടത്തുന്നത്. കൂളിയാട്ടത്തിനു കോഴിക്കുരുതിയുണ്ടാവും. ശമാണ്ടി, പരാവൻ, കുളിയൻ, കുറുവ, കുറിച്യ, പന്നി, പണി എന്നിങ്ങനെയുള്ള പേയ്കൾ ഗർഭിണിയിൽ ആവേശിക്കാമെന്ന് അടിയർ വിശ്വസിക്കുന്നു. പേയ്പ്പാട്ട് പാടുമ്പോൾ, വേഷം കെട്ടിയ രൂപം തുള്ളുമ്പോൾ, ഗർഭിണിയിലെ പേയ് പുറന്തള്ളപ്പെടുമെന്നാണു വിശ്വാസം, പണിയരുടെയോ കുറുമരുടെയോ കുറിച്യരുടെയോ ശ്മശാനത്തിന് അരികിലൂടെ യാത്ര ചെയ്താൽ പേയ് ബാധിക്കുമെന്നും പരിഹാരമായി കൂളിയാട്ടം നടത്തണമെന്നും അടിയർ വിശ്വസിക്കുന്നു. പേയ്പാട്ടുപാടി പാക്കത്തെയ്യത്തിനു ഗർഭിണിയെ സമർപ്പിക്കും. അടിയാന്മാരുടെ മാന്ത്രികാനുഷ്ഠാനമായ ഗദ്ദികയ്ക്ക് ആധുനിക കാലത്തു പ്രസക്തിയുണ്ടെന്നും ആദിവാസികളെ ചൂഷണം ചെയ്യുന്ന അധികാര വ്യവസ്ഥയും വികസനശ്രമങ്ങളുമാണു നവീനഗദ്ദികയിലൂടെ ആട്ടിപ്പായിക്കുന്നത് എന്നും സി.ആർ. രാജഗോപാലൻ അഭിപ്രായപ്പെടുന്നു.

പ്രസവശേഷം പതിനഞ്ചു ദിവസമാണ് അടിയാന്മാർ പുല ആചരിക്കുന്നത്.'ബത്തിയാൾ' എന്ന വയറ്റാട്ടിക്ക് ആദ്യപ്രസവത്തിന് ഒന്നരപ്പൊതി, രണ്ടാമത്തതിന് ഒരു പൊതി, മൂന്നാമത്തതിന് അരപ്പൊതി, പിന്നീടു കാൽപ്പൊതി വീതം നെല്ലു സമ്മാനിക്കണം. അരി, ഉപ്പ്, മുളക്, വെറ്റില, അടയ്ക്ക എന്നിവയും നൽകും. അടിയരുടെ പ്രസവസംബന്ധിയായ ചടങ്ങുകളെപ്പറ്റിയുള്ള ശാന്താ തുളസീധരന്റെ അഭിപ്രായം ഇങ്ങനെ സംക്ഷേപിക്കാം: പ്രസവമുറി ഒരക്കോല്, എറക്കാട് എന്നിങ്ങനെ അറിയപ്പെടുന്ന ഒറ്റ മുറിപ്പുരയാണ്. പ്രസവം കഴിഞ്ഞാൽ മൂന്നു മാസവും മൂന്നു ദിവസവും ഒരക്കോലിൽ കഴിയണം. പിന്നീടു കുളിച്ചു ശുദ്ധം മാറുന്ന ചടങ്ങിനു മരുന്നുകഞ്ഞി വിതരണം ചെയ്യും. പ്രസവിച്ചാൽ പത്തുദിവസം അയിത്തം ആചരിക്കും. പുരുഷന്മാർ പ്രസവം നടന്ന വീട്ടിൽ നിന്നു ഭക്ഷണം കഴിക്കില്ല. അശുദ്ധി തീരുന്ന ദിവസം ബെറ്റിക്കാരത്തിക്ക് ഒരു പൊതിനെല്ലും ബന്ധുക്കൾക്കു സദ്യയും നൽകും. ഇരുപത്തിയെട്ടാം ദിവസം തൊട്ടിലുകെട്ടൽ ചടങ്ങു നടത്തും. അടിയാന്മാർ ഗർഭിണികളെ ആവേശിച്ച ഭൂതപ്രേതാദികളെ ഒഴിപ്പിക്കാനും ഏഴാം മാസം കെട്ടിമാറ്റൽ എന്ന ചടങ്ങുനടത്തും. ബാലപീഡ ഒഴിവാക്കാനും കരി, അരി, മഞ്ഞൾ എന്നിവകൊണ്ടു സ്ത്രീരൂപം വരച്ചുണ്ടാക്കി ശരീരത്തിൽ അരിച്ചാന്തുകൊണ്ടു കോലംവരച്ച് അവർ തുള്ളും.

തിരണ്ടുകല്യാണം

ഗോത്രവർഗക്കാരിൽ സാധാരണ കണ്ടുവരുന്ന തിരണ്ടുകല്യാണം എന്ന ആചാരത്തിന്റെ സ്ഥാനത്ത് ‘നിറഞ്ച കല്യാണ'മാണ് അടിയർ നടത്തുന്നത്. ആഘോഷപൂർവം നടത്തുന്ന ചടങ്ങാണ് നിറഞ്ച കല്യാണം. കാർമികനായി കനലാടി ഉണ്ടായിരിക്കും. “പാതിരായ്ക്ക് പെണ്ണിനെ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് പായ, പലക, വാഴയില എന്നിവയിലേതെങ്കിലും ഇട്ട് അതിനുമുകളിൽ നിറുത്തി കുളിപ്പിക്കും. രാവിലെ സ്ത്രീകളെല്ലാം കൂടി തിരണ്ടു കല്യാണപെണ്ണിനെ അടുത്തുള്ള കിണർ അല്ലങ്കിൽ ജലാശയം വരെ അനുഗമിക്കും. കുഴലൂത്തും ആടിമുട്ടും ഇതിനു കൊഴുപ്പുകൂട്ടുന്നു. കിണറ്റിൽ നിന്നും പെണ്ണിനെക്കൊണ്ട് വെള്ളമെടുപ്പിച്ച് തിരിച്ച് വീട്ടിലേയ്ക്കാനയിക്കും. ആ ജലംകൊണ്ട് മൂപ്പന്മാരുടെയും മറ്റ് പ്രായമായവരുടെയും പാദം അവൾ കഴുകണം. അതിനുശേഷം പായയിൽ ഇരിക്കുന്ന പെണ്ണിന് എല്ലാവരും സമ്മാനങ്ങൾ നൽകുന്നു. അതോടെ ചടങ്ങവസാനിക്കുകയായി. വയസ്സറിയിക്കുന്ന പെണ്ണിനെ പരമ്പരാഗതമായ ആചാരങ്ങൾക്കൊടുവിൽ വീട്ടുമുറ്റത്തിരുത്തി സോപാനപ്പാട്ടുനടത്തും. മലദൈവ പ്രീതിയ്ക്കു പാട്ടുകൾ പാടി പെൺകുട്ടിയിലെ ബാധ ഉഴിഞ്ഞുകളഞ്ഞശേഷം കാട്ടുചോലയിൽ കുളിപ്പിച്ചു വീട്ടിനകത്തുകയറ്റും.

“ഒരു പെൺകുട്ടി ഋതുമതിയായാൽ അടിയർ കുന്റിലുള്ള എല്ലാവരെയും അറിയിക്കുന്നു. മഞ്ചൾ നീരാട്ട് ഒരു മുഖ്യ ചടങ്ങാണ്. കനലാടിയുടെ കാർമികത്വത്തിൽ വീടിന്റെ ഒരു പ്രത്യേകസ്ഥാനത്ത് നാക്കിലയിൽ അരിയും തേങ്ങയും വെയ്ക്കും. തേങ്ങ, അരി, തിരി എന്നിവയടങ്ങിയ താലവുമായി (പർവാളം) സ്ത്രീകൾ നിൽക്കുമ്പോൾ പെൺകുട്ടി ചൂടുവെള്ളത്തിൽ കുളിക്കണം. കനലാടി ആടിമുട്ടി തെയ്യങ്ങൾക്ക് വേണ്ടി (പ്രത്യേകം പ്രാർത്ഥന നടത്തുന്നു. കുളികഴിയുമ്പോൾ പെൺകുട്ടിക്ക് പുതുവസ്ത്രം നൽകുകയും നിവേദ്യത്തിനു മുന്നിലിരുത്തുകയും ആഭരണങ്ങൾ അണിയിക്കുകയും ചെയ്യുന്നു. കുങ്കുമം ചാർത്തൽ ഒരു പ്രധാന ചടങ്ങാണ്. ഇതാണ് അടിയഗോത്രത്തിനു തിരണ്ടുകല്യാണം. മറ്റു ആദിവാസിസമൂഹങ്ങൾ ചെയ്യുന്നതുപോലെ വയസ്സറിയിച്ച പെണ്ണിനെ വിട്ടിനിൽനിന്ന് പ്രത്യകം കുടിൽ കെട്ടി പാർപ്പിക്കുന്ന രീതി അടിയർക്കില്ല. സ്വന്തം വീടിന്റെ ഒരു മുറിയിൽ ഒറ്റയ്ക്ക് ഇരുത്തുകയാണു പതിവ്. അടിയാരുടെ തിരണ്ടുകല്യാണത്തിനു മഞ്ഞളും എണ്ണയും തേച്ചു ചൂടുവെള്ളത്തിൽ ഏഴുദിവസം കുളിപ്പിക്കണം. മൂപ്പനും കുൻകാരനും ഉമ്മക്കാരനും രാത്രി കുടിലിലെത്തും. പിറ്റേന്നു പുലർച്ചെ മൂപ്പൻ ബാധയകറ്റാൻ അരി, തിരി, കോഴി എന്നിവകൊണ്ടു പെൺകുട്ടിയെ ഉഴിയും. സ്ത്രികൾ അവളെ കുളിപ്പിക്കും. അപ്പോൾ മൂപ്പൻ പാട്ടുപാടും. കുളികഴിഞ്ഞു കൊണ്ടുവരുമ്പോൾ തറയിൽ തളിക വിരിച്ചു ചവിട്ടിയാണു കൊണ്ടുവരുന്നത്.

വേഷം/ആഭരണം/സൗന്ദര്യം

കാതുകുത്ത് നടത്തുന്നതിൽ തല്പരരാണ് അടിയർ. സ്ത്രീകൾ ചെവിയിൽ മൂന്നുഭാഗത്ത് കമ്മലിടുമ്പോൾ പുരുഷന്മാർ ചെവിയിൽ രണ്ടു ഭാഗത്ത് കമ്മലുകളിടുന്നു. അഞ്ചുവയസ്സ് പ്രായമാകുമ്പോഴാണ് ഈ ചടങ്ങ് നടത്തുന്നത്. ഒരു ചെവി തുളച്ച് അത് ഉണങ്ങിക്കഴിയുമ്പോൾ മാത്രമാണ് അടുത്ത ചെവി തുളയ്ക്കാറുള്ളത്. പുരുഷന്മാർ പിച്ചളക്കടുക്കനുകൾ ഉപയോഗിക്കുന്നു. മേൽക്കാതിലിടുന്ന ആഭരണമാണ് "മുരാവ്'.

അടിയസ്ത്രീകൾക്കു പലതരത്തിലുള്ള കേശാലങ്കാരരീതികൾ അറിയാം. ഇവർ മുടിക്കെട്ടിനു “മുടിക്കാത്' എന്നാണു പറയുന്നത്. ആദിവാസി പെണ്ണുങ്ങൾ പൂക്കൾ മുടിയിൽ ചൂടാറില്ലെങ്കിലും അടിയസ്ത്രീകൾ അടയ്ക്കപൂവ്, അരളിപ്പൂവ്, ജമന്തിപ്പൂവ്, ഡാലിയാപ്പൂവ്, റോസ്സാപ്പൂവ് എന്നിവ അണിയും. മുടിക്കെട്ടിൽ കൈതോലയും ചീപ്പും പ്രത്യേക രീതിയിൽ കുത്തിനിർത്തും. അടിയർ പിൻകുടുമ (തിലെകെട്ട്) കെട്ടുന്നവരായിരുന്നു. അടിയരിൽ സ്ത്രീകൾ തലമുടി മുറിക്കാറില്ല. മുടി മുറിക്കാതെ പിറകിൽ 'ഗോദ' കെട്ടിവയ്ക്കുകയാണു പതിവെന്നു സി.കെ. കരുണാകരൻ നിരീക്ഷിക്കുന്നു. പുരുഷന്മാർ അരമുണ്ടും കുപ്പായവും ധരിക്കുന്നു. സ്ത്രീകൾ ഒറ്റ ചേലകൊണ്ടു 'സിന്തെക്കെട്ട് അണിയും. പുരുഷന്മാർ കാതിൽ മുകൾ ഭാഗത്തെ ദ്വാരത്തിൽ മുരാവ് എന്ന ആഭരണവും കീഴ്വാതിൽ കല്ലുവെച്ച പിച്ചളക്കടുക്കനും ധരിക്കുന്നു. കല്ലുമാലയും വളകളും മോതിരങ്ങളും അണിയും. അടിയാത്തികൾ മാറത്തെ ചിന്ത(സി)യുടെ കെട്ടിക്കിടയിൽ ചീരത്തിൽ പുകയില കരുതും. മേൽക്കാതിൽ വെളളി, പിച്ചള കമ്മലുകളും ധരിക്കുന്നു. കമ്മലിൽനിന്നു (ചുരുട്ടിയ ഓല) പിറകിൽ മുടിയിലേക്ക് ഓലച്ചങ്ങല എന്നറിയപ്പെടുന്ന ചങ്ങല ധരിക്കും. പച്ച കുത്തിയില്ലെങ്കിൽ മരണ ലോകത്തുവെച്ചു പ്രേതം എല്ലുകൾ ഉപയോഗിച്ചു പച്ചകുത്തും എന്നാണ് ഇവരുടെ വിശ്വാസമെന്നു ഏ.എസ്. പ്രശാന്ത് കൃഷ്ണൻ രേഖപ്പെടുത്തുന്നു.

മരണം

അടിയാർക്കിടയിൽ മരണം നടന്നാൽ ആദ്യം അറിയിക്കേണ്ടതു നാട്ടുമൂപ്പനെയാണ്. 'കരിമി'യുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ എണ്ണയും മഞ്ഞളും തേച്ചു കുളിപ്പിക്കും. തെക്കോട്ടു തലവെച്ചാണു കിടത്തുക, മൃതദേഹത്തിനു ചുറ്റും സ്ത്രീകൾ മാത്രമേ ഇരിക്കൂ. സമീപമുള്ള പേളികയിൽ സ്ത്രീകൾ വളയിടണം, കുഴുമാടത്തിനു കിടക്കെ കണ്ടി എന്നാണു പറയുന്നത്. മരണച്ചടങ്ങിൽ സംബന്ധിക്കുന്നവർ അരി, പണം, തിരി എന്നിവ വെച്ചിരിക്കുന്ന താമ്പാളത്തിൽ പണം വെയ്ക്കാറുണ്ട്. അതു "പുലകുളി'ക്ക് ഉപയോഗിക്കും. മുള കൊണ്ടുണ്ടാക്കിയ കട്ടിലിലാണു മൃതദേഹം കിടത്തുന്നത്. മരിച്ച ആത്മാവിനു നാട്ടുമൂപ്പൻ പഴയ ആത്മാക്കളുടെ പേരിടും. പഴയ ആത്മാവിന്റെയടുത്തു മരിച്ചയാളുടെ ആത്മാവും എത്തിച്ചേരുമെന്നാണു ഗോത്രവിശ്വാസം. “തുടിമുട്ടും കുഴലൂത്തും' ഈ പ്രകരണത്തിൽ ഉണ്ടാകും.

കുഴിയെടുക്കുന്നതു കരിമിയാണ്. ജഡം എടുക്കുന്നതിനു മുൻപായി "ചുറ' എന്ന ചടങ്ങുണ്ട്. മൃതദേഹത്തിനു മുകളിൽ ചടങ്ങിനു വരുന്നവർ പണം ഇടുന്ന ഏർപ്പാടാണിത്. പിച്ചളയിൽ തീർത്ത വളകളായിരുന്നു പണ്ടു നല്കിയിരുന്നത്. അതിനാൽ 'വളകൊടുക്കൽ' എന്നും ഈ ചടങ്ങ് അറിയപ്പെടുന്നു. അടിയാന്മാരുടെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് 'തലകുത്തി' എന്ന ചടങ്ങുമുണ്ട്. ശവക്കുഴി മൂടിയശേഷം മൃതദേഹത്തിന്റെ തലഭാഗത്തു മൂപ്പൻ പിച്ചളയിൽ തീർത്ത തപ്പുവള കുത്തിനിർത്തുന്നു. പതിമൂന്നു ദിവസം പുല ആചരിക്കും. പതിനാലാം ദിവസം, സദ്യയുടെ ഒരു പങ്കു മൂപ്പനും കരിമിയും എടുത്തു ശവക്കുഴിയിൽവെച്ചു മന്ത്രം ചൊല്ലി തലകുത്തി എടുക്കുന്നു. മരിച്ച ആളുടെ ആത്മാവെന്നു കരുതുന്ന തലകുത്തി കുടുംബക്കാർക്കു നൽകും. ഒരു കൊല്ലം അതു ശുദ്ധിയോടെ വീട്ടിൽ സൂക്ഷിക്കും. കൂട്ടത്തിൽ പിന്നീടു മരണമുണ്ടായാൽ അവിടേയ്ക്ക് ഈ 'പേയ് വള' കൊണ്ടുപോകും. ആണ്ടു പുലകഴിയുന്നതോടെ പേയവള വെറും വളയായി മാറും. ശവം മറവു ചെയ്തശേഷം നദിയിൽ കുളികഴിഞ്ഞ് എല്ലാവരും വീട്ടിലേക്കു പോകുന്നതിനു മുൻപായി "വളകൊടുക്കൽ നടത്തും. സ്ത്രീകൾ ശവം മറവു ചെയ്യുന്ന കർമ്മങ്ങൾക്കു പോകാറില്ല. 

കുന്റുപുല (കുന്നുപൊല), പതിമൂന്റ് (ചെമ്മപ്പുല, കുടുംബപ്പുല), കൂട്ട് എന്നിങ്ങനെ മൂന്നു പുലകളാണ് 'അടിയാന്മാർ ആചരിക്കുന്നത്, കരിമി പുല ആചരിക്കേണ്ടതില്ല. പുരുഷന്മാരുടെ തല മൊട്ടയടിക്കും, പരേതന്റെ ജീവിതപങ്കാളിക്ക് അടിയാന്മാർക്കിടയിൽ വിലക്കുകളുണ്ട്. ഭാര്യ മരിച്ചാൽ ഭർത്താവു തല മൊട്ടയടിക്കണം. അന്നുമുതൽ കുളിക്കാനോ നല്ല വസ്ത്രങ്ങൾ ധരിക്കാനോ പാടില്ല. ഒരു വർഷത്തോളം കുളിക്കാതെ, താടിയും മുടിയും നീട്ടിവളർത്തി ഉപ്പ്, മുളക്, ഇറച്ചി, ഞണ്ട് എന്നിവ ഉപേക്ഷിച്ചു ലൈംഗിക തൃഷ്ണ കൂടാതെ കഴിയണം. തകരച്ചപ്പിന്റെ കറികൂട്ടി "നൂക്ക് തിന്നാം. മത്സ്യമാംസാദികൾ ഭക്ഷിക്കാൻ പാടില്ല. വസ്ത്രം കീറിയാൽ ആരോടെങ്കിലും വാങ്ങിയ ഒരു മുറിവസ്ത്രം ഉടുക്കാമെന്നല്ലാതെ പൂതിയതു വാങ്ങി ഉടുക്കില്ല. മുളകൊണ്ടൊരു കസേരയുണ്ടാക്കി മൃതദേഹം അതിലിരുത്തി മറവുചെയ്യുന്നു . കരിമി നിർമ്മിച്ച മുളമഞ്ചലിൽ വെള്ളയും ചുവപ്പും മൂടി ശ്മശാനത്തിലേക്കു കൊണ്ടുപോകും. മൃതദേഹം മറവുചെയ്താൽ വീട്ടിലെത്തി എല്ലാവർക്കും കരിമിയും മൂപ്പനും ഭക്ഷണം വിളമ്പി കൊടുക്കും. പുലയാചരണത്തിൽ പണ്ടുണ്ടായിരുന്ന വിലക്കുകൾക്കും ചടങ്ങുകൾക്കും ഇന്ന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. കുളിക്കാനും വസ്ത്രങ്ങൾ അലക്കിധരിക്കാനും ഇന്ന് അനുവാദമുണ്ട്.

കുന്നുപൊല:- മരിച്ചയാളുടെ കുടുംബത്തിനുവേണ്ടി ആ കുന്നിൽ താമസിക്കുന്ന മറ്റു കുടുംബങ്ങൾ ചേർന്നു നടത്തുന്ന പുലയാചരണമാണിത്. മരണം നടന്നതിന്റെ പിറ്റേദിവസം കുന്നിലെ മൂപ്പനും മരിച്ചയാളുടെ രക്തബന്ധത്തിൽപ്പെട്ടവരും തല മുണ്ഡനം ചെയ്യണം. അന്നാണു കുന്നുപൊല നടത്തേണ്ട ദിവസം നിശ്ചയിക്കുന്നത്. മരിച്ചതിന്റെ ഏഴാമത്തെ നാൾ കുന്നുപൊല നടത്തുന്നു. രക്തബന്ധത്തിൽപ്പെടാത്ത കുടുംബങ്ങളിലെ അംഗങ്ങൾ തന്നെയാണു കുന്നുപുലയുടെ എല്ലാ ചുമതലയും നിർവ്വഹിക്കുന്നത്. നാട്ടു മൂപ്പൻ എത്തിയാൽ കരിമി മഞ്ഞളും ചുണ്ണാമ്പും വിതറിയ ചോറ്, പ്രത്യേകം ഇലകളിൽ പൊതിഞ്ഞ ചോറ്, കറി, അവൽ, ഏത്തപ്പഴം, മലർപ്പൊടി, ഉമി എന്നിവ എടുത്തു ശ്മശാനത്തിലേക്കു പോകും. മൂപ്പന്റെ നിർദ്ദേശപ്രകാരം കുഴിമാടത്തിൽ വെച്ചിരിക്കുന്ന മൂളുകൾ നീക്കി പ്രേതത്തെ സ്വതന്ത്രമാക്കാനായി പ്രാർത്ഥന നടത്തും. പ്രേതത്തെയും പിതൃക്കളെയും ചുടലഭദ്രകാളിയെയും കൂട്ടി തിരിച്ചുള്ള യാത്രയിൽ വെള്ളം ഉള്ള ഇടത്തിരുന്നു താളും ചാറും കഴിക്കും.

മരിച്ച വീട്ടിലെത്തിയാൽ അശുദ്ധി മാറ്റാൻ കരിമി ചാണകം പുരണ്ട മണ്ണു കലക്കി, തുളസിയില മുക്കി തളിക്കും. തുടർന്ന് അയാൾ മരിച്ചതെങ്ങനെയെന്നു മൂപ്പൻ കണ്ടെത്തുന്നു. മരിച്ചുപോയ വ്യക്തിയുടെ ഗുണഗണങ്ങൾ വർണ്ണിച്ചു സ്ത്രീകൾ കരയും. മൂപ്പൻ "മതി' എന്നു പറയുന്നതുവരെ കരച്ചിൽ തുടരും. പരേതാത്മാവിനെ തളികയിൽ ആവാഹിച്ചു കുടിലിനകത്തു സൂക്ഷിക്കുന്നു. അരികൊണ്ടു തയ്യാറാക്കിയ രൂപങ്ങൾക്കു ചുറ്റും കൂടിനിന്നു കരയുന്ന സ്ത്രീകളെ അല്പനേരം കഴിയുമ്പോൾ മറ്റു സ്ത്രീകൾ സമാധാനിപ്പിച്ചു വീടിനുള്ളിലേക്കു കൊണ്ടുപോകും. തുടർന്നു കനലാടി "ചെമ്പനപ്പാട്ട് പാടുന്നു. പിന്നീടു സദ്യ കഴിഞ്ഞ് എല്ലാവരും പിരിയും.

പതിമൂന്റ്:- മരണത്തിനുശേഷം പതിമൂന്നു ദിവസത്തിനു ശേഷമാണു പതിമൂന്റ് (ചെമ്മ പ്പുല) എന്ന പുലകുളി നടത്തുന്നത്. കനലാടിയാണ് ഇതിന്റെ നേതൃത്വം വഹിക്കുക. മരിച്ചയാളിനെ സങ്കല്പിച്ച് ആദ്യദിവസം അരികൊണ്ട് ഒരു രൂപം മുറ്റത്തു വരച്ചുണ്ടാക്കുന്നു. 'അവുപ്പം' എന്നാണ് ഇതിനു പറയുന്ന പേര്. സ്ത്രീകൾ അതിനു ചുറ്റിലുമിരുന്നു കരയുന്നു. ഈ സമയത്തു കനലാടി "ശാസ്ത്രം' പറയുന്നു. തുടികൊട്ടും പാട്ടും ഉണ്ടാകും. ഇതു പിറ്റേന്നു പുലർച്ചവരെ നീളും. പിറ്റേന്നു വീണ്ടും ചൊല്ലുകയും പേരിനെ ആവാഹിക്കുകയും ചെയ്യും. ഇതിന് അഞ്ച് ആൾക്കാർ പുതപ്പുകൊണ്ടു മൂടി മണി കിലുക്കി മരിച്ചുപോയവരുടെ പേരുകൾ പറയുന്നു. തുടർന്നു സദ്യയുണ്ട്. താളുകറി ആദ്യം കഴിക്കണമെന്നാണു നിയമം, ഇതോടെ മരിച്ച ആളോടു മക്കൾക്കുള്ള ബാധ്യത തീരുമെന്നതിന്റെ സൂചനയായി മൊന്തയും തളികയും കൈമാറും. ഓരോ ചെമ്മത്തിലെയും മൂപ്പനോ മൂപ്പന്റെ പ്രതിനിധിയോ ചടങ്ങിലുണ്ടാകണം. പതിമൂന്റ് എന്ന ചടങ്ങു ചെമ്മക്കാരനാണു നടത്തുന്നത്. പരേതന്റെ ഗുണങ്ങൾ പറഞ്ഞു സ്ത്രീകൾ തറയിൽ അരിമണികൾകൊണ്ടുണ്ടാക്കിയ രൂപത്തിനു ചുറ്റുമിരുന്നു ഇടതു കൈകൊണ്ടു രൂപം മായ്ക്കും. ഈ സമയം ചെമ്മക്കാരത്തി വന്നു സ്ത്രീകളെ കൂട്ടികൊണ്ടു പോയി കൈകഴുകിക്കും. പതിമൂന്റ് എന്ന അടിയന്തിരത്തിനു പെൺമക്കളുടെ ഭർത്താക്കന്മാർ ചെലവു വഹിക്കും. ഇതിനു കിട്ടണ്ട നെല്ലു കിട്ടിയെന്നു കേന്ദ്രക്കാരൻ അറിയിക്കുമ്പോൾ അടിയന്തിരം നടത്താൻ ചെമ്മക്കാരൻ അനുവാദം നൽകും.

അടിയന്മാർ ആചരിക്കുന്ന മൂന്നാമത്തെ മരണാനന്തര ചടങ്ങാണു കൂട്ട/കൂട്ടം. ഒരു വർഷം കുളിക്കാതെ പുല നോറ്റിരുന്ന പരേതന്റെ ജീവിതപങ്കാളി പുലയിൽനിന്നു വിടുതൽ നേടുന്ന ചടങ്ങാണിത്, പ്രേതം വിട്ടൊഴിയാൻ അയാളെ അന്നു കുളിപ്പിക്കും. അടിയാന്മാർ എല്ലാവർഷവും വേനൽക്കാലത്തു നടത്തുന്ന 'കൂട്ടം' എന്ന ചടങ്ങിൽ പാട്ടും ആട്ടവും കൊട്ടും കുഴലൂത്തും ഉണ്ടാകും. പന്തലിൽ കനലാടി തുള്ളി മരണകാരണവും മരണാനന്തരച്ചടങ്ങിൽ ആത്മാവു തൃപ്തനാണോ എന്നും അറിയും. പ്രശ്നപരിഹാരം വെളിപ്പെടുത്തും. തേങ്ങ, കോഴി, മഞ്ഞൾ കലർത്തിയ ചോറ് എല്ലാമായി കാട്ടിലേക്കു പോകും. കോഴിയെ കുരുതികടിച്ചു ചുട്ടുതിന്നും. ബാക്കി ഉപേക്ഷിക്കും. ആദ്യത്തെ കൂട്ടംവരെ നൊയമ്പു മുടക്കില്ല. കൂട്ടം കഴിഞ്ഞാൽ മാത്രമേ പുതുവസ്ത്രം ധരിക്കാനാവൂ. നാട്ടുമൂപ്പന്റെ നേതൃത്വത്തിൽ ചടങ്ങിനു നാളുകുറിച്ച് എല്ലാവരെയും ക്ഷണിക്കും; മുറ്റത്തു മുളങ്കാൽ നാട്ടും; അതിൽ ഏഴു തിരികൾ വയ്ക്കും. ഈ വേളയിൽ മൂപ്പന്മാർ പുലപ്പാട്ടു പാടുന്നു. പുലർച്ചയ്ക്ക് അരിമണികൊണ്ടു തയ്യാറാക്കിയ രൂപം മായ്ക്കുന്ന ചടങ്ങു നടക്കും. ചടങ്ങിനു വരുന്ന സ്ത്രീകൾ കൊണ്ടുവരുന്ന 'പെയ്ത്തളിക' പന്തലിൽ കൊണ്ടുവരും. തളികയിലെ പ്രേതങ്ങളെ അവരവരുടെ പിതൃക്കളെ ഏല്പിക്കുന്നു.

അടിയാത്തി മരിച്ചാൽ റാളനായ (ഭർത്താവ്) അടിയാൻ കാക്കപ്പുല കഴിക്കണം. കാക്കപ്പൂവച്ചടങ്ങുകൾക്കു മുറ്റത്തു "ചപ്പര' എന്ന പന്തൽകെട്ടും. നാട്ടിലെ എല്ലാ അടിയരും മൂപ്പന്മാരും എത്തുന്ന ദിവസമാണത്. അന്നു കുളിച്ച്, മൊട്ടയടിച്ച്, ചപ്പരയുടെ മൂലയ്ക്ക് അടിയാൻ ഇരിക്കും, പിന്നെ തുടികൊട്ടലും ആട്ടവുമായി ചടങ്ങുകൾ നടക്കും തുടർന്നു മൂപ്പൻ ഉറഞ്ഞുതുള്ളുന്നു. നാടിനും കുടുംബത്തിനും വേണ്ടി കനലാടി ദൈവത്തോടു യാചിക്കുന്നു. കനലാടിയിൽ പരേതാത്മാക്കളെ സങ്കല്പിച്ചുള്ള 'കൂട്ട' ഇപ്പോൾ മുതിർന്ന ഗോത്രവാസികളുടെ ഓർമ്മയിൽ മാത്രമാണുള്ളതെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. 


ആത്മാവിനു നാശമില്ലെന്ന വിശ്വാസം ആദിവാസികൾക്കുണ്ട്. അടിയാന്മാരുടെ കാക്കപ്പുല ഈ വിശ്വാസത്തെ ഉറപ്പിക്കുന്നു. കാക്കപ്പുലവരെ ആത്മാവു തങ്ങൾക്കൊപ്പം ഉണ്ടാകും എന്നാണു വിശ്വാസം. കാക്കപ്പുല എന്ന അവസാനപുല നടക്കുന്ന ദിവസംവരെ പരേതാത്മാവ് കുടിലിൽ തന്നെയുണ്ടാവുമെന്നു വിശ്വസിക്കുന്നു. ഓരോ കുന്റിലും എല്ലാക്കൊല്ലവും വേനൽക്കാലത്തു വിളവെടുപ്പിനു ശേഷം 'കൂട്ടം' എന്ന ചടങ്ങുകൂടി നടത്തും. അന്നു മരിച്ചവർക്കുവേണ്ടി പ്രത്യകപൂജയും ഉണ്ടാകും, കൂട്ടം ഭംഗിയായി നടത്താതിരുന്നാൽ അതു പലവിധ വിഘ്നങ്ങൾക്കും കാരണമാകുമെന്നാണു ഗോത്രവിശ്വാസം.

സി. കെ. ജാനു

സി. കെ. ജാനു

ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്സനാണ് ചെക്കോട്ട് കരിയൻ ജാനു എന്ന സി. കെ. ജാനു. 2016 ലെ കേരള നിയമസഭ ഇലക്ഷനിൽ ജനാധിപത്യ രാഷ്ട്രിയ സഭ എന്ന പേരിൽ പുതിയ രാഷ്ട്രിയ പാർട്ടി രൂപികരിക്കുകയും ബി ജെ പി നയിക്കുന്ന എൻ ഡി എ യുടെ ഭാഗമായി മത്സരിച്ചു പരാജയപ്പെടുകയും ചെയ്‌തിരിക്കുന്നു. വയനാട്ടിലെ മാനന്തവടിക്കടുത്ത തൃശ്ശിലേരിയിൽ അടിയർ സമുദായത്തിൽ 1970ൽ ജനിച്ച ജാനുവിനു പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. 1980കളിലെ സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിലെ ക്ലാസ്സുകളിൽ പങ്കെടുത്താണു് മലയാളം എഴുതാനും വായിക്കാനും അവർ പഠിച്ചതു്. ഏഴാം വയസ്സിൽ വീട്ടുജോലിക്കാരിയായായി പണിയെടുത്തു തുടങ്ങിയ ജാനു തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ദിവസക്കൂലിയ്ക്ക് പണിയെടുക്കുന്ന കർഷകത്തൊഴിലാളിയായി. 

സാക്ഷരതാ പ്രവർത്തനത്തിൽ ഏർപ്പെട്ടു പൊതുരംഗത്ത് പ്രവർത്തിച്ചു തുടങ്ങിയ ജാനു 1992ൽ 3 സംസ്ഥാനങ്ങളിലെ ആദിവാസി ഭൂസമരങ്ങൾ ഏകോപിപ്പിച്ചിരുന്ന സൌത്ത് സോൺ ആദിവാസി ഫോറത്തിന്റെ ചെയർ പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. 1994ൽ "ആദിവാസികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ 10 വർഷങ്ങൾ" പ്രഖ്യാപിച്ച ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഇന്ത്യയിൽ നിന്നുള്ള ആദിവാസികളെ പ്രതിനിധീകരിച്ചു് സി.കെ ജാനു പങ്കെടുത്തു.

സെക്രട്ടേറിയറ്റിനു മുന്നിലെ കുടിൽ കെട്ടിയുള്ള സമരം , മുത്തങ്ങാ സമരം, ആറളം ഫാമിലെ ഭൂസമരം തുടങ്ങി നിരവധി ഭൂസമരങ്ങൾ സി.കെ ജാനുവിന്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ടു്. 

മുത്തങ്ങാ സമരം

മുത്തങ്ങാ സമരം

കേരളത്തിലെ ആദിവാസികൾക്കിടയിൽ 2001ൽ ഉണ്ടായ 32 പട്ടിണി മരണങ്ങൾക്കു ശേഷമാണ് ആദിവാസികൾക്ക് സ്വന്തമായി സ്ഥലവും സഹായവും നൽകാത്തതില്‍ പ്രതിഷേധിച്ച് ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ ജാനുവിന്റെ നേതൃത്വത്തിൽ, തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നിലും അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന എ. കെ. ആന്റണിയുടെ വസതിയ്ക്ക് മുന്നിലും ആദിവാസികൾ കുടിൽ കെട്ടി, 48 ദിവസം നീണ്ടുനിന്ന സമരം ആരംഭിക്കുന്നത്. തുടർന്ന് സർക്കാരുമായുണ്ടാക്കിയ ധാരണപ്രകാരം സമരം അവസാനിപ്പിച്ചെങ്കിലും കരാര്‍ പ്രകാരം ആദിവാസികള്‍ക്ക് കൃഷി ചെയ്യാനായി നല്‍കാമെന്നേറ്റ 5 ഏക്കർ വീതം കൃഷിഭൂമി നൽകുന്നതിൽ സർക്കാർ വീഴ്ചവരുത്തി. വാഗ്ദാനങ്ങൾ ലംഘിച്ച സർക്കാരിനെതിരെ ജാനുവിന്റെ നേതൃത്വത്തിൽ വീണ്ടും ശക്തമായ സമരം നടക്കുകയുണ്ടായി. ഇതാണ് മുത്തങ്ങ സമരം എന്നറിയപ്പെടുന്നത്.  

വന്യജീവി സംരക്ഷണത്തിന്റെ പേരില്‍ 1960ലും യൂക്കാലിപ്റ്റസ് പ്ലാന്റേഷന്‍ ആരംഭിക്കാനായി 1980ലും ആദിവാസികളെ മുത്തങ്ങ വനത്തില്‍ നിന്നും കുടിയിറക്കിയിരുന്നു. മുത്തങ്ങയില്‍ തങ്ങളുടെ ഊര് പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ആദിവാസികളെ സംഘടിപ്പിക്കുകയും തുടർന്ന് 2003 ജനുവരി 5 ന് മുത്തങ്ങ വൈല്‍ഡ് ലൈഫ് റേഞ്ചിലെ തകരപ്പാടിയിലും സമീപങ്ങളിലും ഉള്ള വനം ആദിവാസി ഗോത്രമഹാസഭ കോഓർഡിനേറ്റർ എം. ഗീതാനന്ദൻ, സി. കെ. ജാനു തുടങ്ങിയവരുടെ നേതൃത്വത്തിൽ കയ്യേറി കുടില്‍ കെട്ടി. എന്നാൽ സർക്കാർ ഈ സമരത്തെ ശക്തമായി അടിച്ചമർത്താൻ ശ്രമിക്കുകയാണുണ്ടായത്. സമരത്തിൽ രണ്ട് പേര് കൊല്ലപെടുന്നതിൽ വരെ കാര്യങ്ങൾ എത്തി. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് പോലീസ് വനം-സേനകള്‍ സംയുക്തമായി ഫെബ്രുവരി 19 നു നടത്തിയ കുടിയിറക്കലിനിടെയാണ് പോലീസുകാരനായ വിനോദും, ആദിവാസി യുവാവായ ജോഗിയും കൊല്ലപ്പെടുന്നത്.

2003 ഫെബ്രുവരി 17 ന് വൈകീട്ട് ആദിവാസി കുട്ടികൾ ഉറങ്ങിക്കിടന്നിരുന്ന ഷെഡിന് സമീപം തീപിടിത്തമുണ്ടായതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കമാവുന്നത്. തീ കത്തിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നാരോപിച്ച് ആദിവാസികൾ ഉദ്യോഗസ്ഥരെ ബന്ദികളാക്കി. ഉദ്യോഗസ്ഥരെ പിന്നീട് മോചിപ്പിച്ചെങ്കിലും, സമരക്കാരെ വനത്തിൽനിന്നു പുറത്താക്കാൻ തീരുമാനിക്കുകയും, 19 ന് പോലീസ്, കാടു വളയുകയുമായിരുന്നു. പോലീസും, സമരക്കാരുമായുണ്ടായ സംഘർഷത്തിൽ നിരവധി പേർക്കു പരിക്കേറ്റു. തുടർന്നുണ്ടായ പോലീസ് വെടിവെപ്പിലാണ് ജോഗി മരിക്കുന്നത്. ഇതിനിടയിൽ പോലീസുകാരനായ വിനോദ് രക്തം വാർന്ന് മരിച്ചു.

ഏത് വിധേനയും ആദിവാസികളെ മുത്തങ്ങയില്‍ നിന്നും പുറത്താക്കുകയെന്നതായിരുന്നു വനംവകുപ്പിന്റെ നിലപാട്. അതിനായി അവര്‍ ആദിവാസികള്‍ കെട്ടിയ കുടിലിന് തീവയ്ക്കുകയും ഇണങ്ങിയ ആനകളെ മദ്യം നല്‍കി ഊരുകളിലേക്ക് ഇറക്കിവിടുകയും ചെയ്തു. 2003 ഫെബ്രുവരി 17ന് ആദിവാസി കുട്ടികള്‍ ഉറങ്ങിക്കിടന്നിരുന്ന കുടിലിന് സമീപം തീപിടിത്തമുണ്ടായതോടെ മുത്തങ്ങ സമരത്തിന്റെ സ്വഭാവം മാറുകയായിരുന്നു. തീകത്തിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ച് ആദിവാസികള്‍ ഉദ്യോഗസ്ഥരെ ബന്ദികളാക്കി.

ജില്ലാ കളക്ടര്‍ നേരിട്ട് നടത്തിയ ചര്‍ച്ചയില്‍ ബന്ദികളെ മോചിപ്പിച്ചെങ്കിലും സമരക്കാരെ മുത്തങ്ങ വനത്തില്‍ നിന്നും പുറത്താക്കാന്‍ പോലീസ് തീരുമാനിച്ചതോടെ മുത്തങ്ങ കൂടുതല്‍ സംഘര്‍ഷഭരിതമായി. ഫെബ്രുവരി 19ന് അന്നത്തെ കല്‍പ്പറ്റ ഡിവൈഎസ്പി ഉണ്ണിയുടെ നേതൃത്വത്തിലുള്ള പോലീസ് കാട് വളഞ്ഞു. പോലീസും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പോലീസ് ആദിവാസികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും കുടിലുകള്‍ കത്തിക്കുകയും ചെയ്തതോടെ ആദിവാസികള്‍ ഉള്‍വനങ്ങളിലേക്ക് പിന്‍വലിഞ്ഞു.

പോലീസ് ഉള്‍ക്കാടുകളില്‍ നടത്തിയ തിരച്ചിലില്‍ ആദിവാസികളുടെ ഷെഡ് കണ്ടെത്തിയെങ്കിലും തിരച്ചിലിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ വിനോദിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥനെയും ബന്ദികളാക്കി ആദിവാസികള്‍ പ്രതിരോധം തീര്‍ത്തു. അതോടെ പോലീസ് സേന 200 മീറ്റര്‍ പിന്‍വാങ്ങി നിലയുറപ്പിച്ചു. പരിക്കേറ്റ ആദിവാസികള്‍ക്കും ചികിത്സ ലഭ്യമാക്കിയാല്‍ ബന്ദികളായ ഉദ്യോഗസ്ഥര്‍ക്കും ചികിത്സ അനുവദിക്കാമെന്ന് ആദിവാസികള്‍ നിലപാടെടുത്തു. എന്നാല്‍ ഉദ്യോഗസ്ഥരെ നിരുപാധികം വിട്ടുതരണമെന്നാണ് പോലീസും തഹസീല്‍ദാരും ആവശ്യപ്പെട്ടത്.

സന്ധിസംഭാഷണങ്ങള്‍ തുടരുന്നതിനിടെ കൂടുതല്‍ സായുധ പോലീസ് വനത്തിലെത്തുകയും മിന്നല്‍ വേഗത്തില്‍ സമരപ്പന്തല്‍ വളയുകയും ചെയ്തു. തീപ്പന്തവുമായി സമരപ്പന്തലിന് കാവല്‍ നിന്ന ജോഗിയെ വെടിവച്ച് വീഴ്ത്തിയാണ് അവര്‍ സമരപ്പന്തലില്‍ പ്രവേശിച്ചത്. പതിനെട്ട് റൗണ്ടാണ് പോലീസ് വെടിവച്ചത്. വെടിവയ്പ്പ് തുടങ്ങിയതോടെ ആദിവാസികള്‍ ചിതറിയോടി. ഇതിനിടെ രക്തം വാര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വിനോദ് മരിക്കുകയും ചെയ്തു.

സംഭവത്തില്‍ ഏഴ് പോലീസ് കേസുകളും ആറ് വനംവകുപ്പ് കേസുകളും രജിസ്റ്റര്‍ ചെയ്തു. വിനോദ് കൊല്ലപ്പെട്ട കേസില്‍ ഗീതാനന്ദനും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ജാനുവുമായിരുന്നു ഒന്നാം പ്രതികള്‍. ഫെബ്രുവരി 21ന് സുല്‍ത്താന്‍ബത്തേരിക്കടുത്ത് നമ്പിക്കൊല്ലിയില്‍ നിന്നും ഇരുവരും അറസ്റ്റിലാകുകയും ചെയ്തു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 132 പേരെയാണ് കേസില്‍ റിമാന്‍ഡ് ചെയ്തത്.

ജാനുവിനെയും ഗീതാനന്ദനെയും പോലീസ് അറസ്റ്റ് ചെയ്തപ്പോൾ

തുടർന്ന് ഭൂമിക്കുവേണ്ടി കേരളത്തിൽ നടന്ന പ്രധാന സമരങ്ങൾക്കെല്ലാം ഊർജ്ജമായത് ജാനുവിന്റെ നേതൃത്വത്തിൽ നടന്ന മുത്തങ്ങ സമരമായിരുന്നു. ചെങ്ങറ സമരത്തിനും അരിപ്പ സമരത്തിനും ആറളം സമരത്തിനും നില്‍പ്പുസമരത്തിനുമെല്ലാം പ്രചോദനമായതു മുത്തങ്ങ സമരം തന്നെയാണ്. 

ആദിവാസി ഗോത്രമഹാസഭയുടെ കണക്കു പ്രകാരം, 637 കുടുംബങ്ങളാണ് മുത്തങ്ങ സമരത്തില്‍ പങ്കെടുത്തത്. അതേ സമയം 447 കുടുംബങ്ങള്‍ മുത്തങ്ങ വനത്തില്‍ സമരത്തിനെത്തിയെന്നാണ് സര്‍ക്കാരിന്റെ കണക്ക്. സമരത്തില്‍ പങ്കെടുത്തതില്‍ 283 കുടുംബങ്ങള്‍ക്കു മാത്രമാണ് ഇതിനകം ഭൂമി ലഭിച്ചതെന്നാണ് മുത്തങ്ങ സമരത്തിന്റെ കോഡിനേറ്റര്‍ ആയിരുന്ന എം. ഗീതാനന്ദന്‍ പറയുന്നത്.  ഈ നൂറ്റാണ്ടിന്റെ ആദ്യം ഉണ്ടായ എറ്റവും ശക്തമായ ആദിവാസി സമരങ്ങളിലൊന്നായാണ് മുത്തങ്ങ സമരം അടയാളപ്പെടുത്തുന്നത്. 

നിൽപ്പ് സമരം

നിൽപ്പ് സമരം

മുത്തങ്ങാ സമരത്തിനു ശേഷവും ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭിക്കാതെ വന്നതോടെ ആദിവാസികളുടെ ഭൂപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഗവൺമെന്റ് സെക്രട്ടറിയേറ്റിന് മുൻവശം ആദിവാസി ഗോത്രമഹാസഭ ഉൾപ്പെടെയുള്ള വിവിധ ആദിവാസി സംഘടനകളെ യോജിപ്പിച്ച് സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ 2014 ജൂലായ് ഒമ്പതിന് തുടങ്ങിയ അനിശ്ചിതകാല സമരമാണ് നിൽപ്പ് സമരം. മന്ത്രിസഭയുടെ തീരുമാനം അംഗീകരിച്ചുകൊണ്ട് 162 ദിവസം തുടർച്ചയായി നടന്ന അനിശ്ചിതകാല നിൽപ്പ് സമരം 2014 ഡിസംബർ 8-ന് രാവിലെ പിൻവലിച്ചു.. 162 ദിവസം നീണ്ട നില്‍പ്പുസമരത്തെത്തുടര്‍ന്നാണ് മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത ഭൂരിഹിത ആദിവാസി കുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ വീതം ഭൂമി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

2002ൽ സി.കെ ജാനുവിന്റെ ആത്മകഥ ഡി.സി ബുക്സ് പുറത്തിറക്കുകയുണ്ടായി.

സിനിമ
കാന്തൻ ദ ലവർ ഓഫ് കളർ എന്ന പേരിൽ അടിയരുടെ അതിജീവനം വിഷയമായ സിനിമ പുറത്തിറങ്ങുകയുണ്ടായി. ഇതിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് പ്രശസ്ത സാമൂഹിക പ്രവർത്തക ദയാബായി ആണ്. ഹ്രസ്വ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെറീഫ് ഈസയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത് പ്രമോദ് കൂവേരിയാണ്. കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പടെ പ്രദർശിപ്പിച്ച ചിത്രത്തിന് സംസഥാന സർക്കാരിന്റെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിക്കുകയുണ്ടായി. 

രാജന്‍ കുടുവന്‍ സംവിധാനം ചെയ്യുന്ന ‘പസീന’ എന്ന ചിത്രത്തിൽ സി. കെ. ജാനു അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ സിപിഐ നേതാവ് പന്യൻ രവീന്ദ്രനാണ് ജാനുവിന്റെ ഭർത്താവായി വേഷമിടുന്നത്.

അവലംബം:-  2 3 4 5

അരനാടൻ

മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ വഴിക്കടവ്, പുതിരിപ്പാടം, ഒരിലവെട്ടം, ചോക്കാട്, മൂത്തേടം, തീക്കടി, കാളികാവിലെ അടക്കാക്കു് കരുളായിലെ മെലാപ്പാറ, കൊട്ടുപ്പാറ തുടങ്ങിയ സ്ഥലങ്ങളിലാണ് അരനാടൻ വിഭാഗക്കാർ താമസിക്കുന്നത്. അംഗ സംഖ്യയിൽ വളരെ കുറഞ്ഞ ഈ ഗോത്രവർഗ്ഗക്കാരെ ഏറനാടൻ എന്നും വിളിക്കാറുണ്ട്. വേട്ടയാടിയും വനവിഭവങ്ങൾ ശേഖരിച്ചും കാട്ടിലും നാട്ടിലുമായി ജീവിക്കുന്നതാണ് ഇവരുടെ ശൈലി. ഏറനാടിന്റെ ആദികാല സമുദായമായ അരനാടൻ ഇപ്പോൾ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. 2011 സെൻസസ് പ്രകാരം 283 അംഗങ്ങൾ മാത്രമാണ് അരനാടൻ വിഭാഗത്തിലുള്ളത്.  ഇതിൽ 129 പേർ പുരുഷന്മാരും 154 പേർ സ്ത്രീകളുമാണ്.

ചോലനായ്ക്കൻ

മലപ്പുറം ജില്ലയിലെ നിലമ്പൂർ മേഖലയിലെ ചുങ്കത്തറ, കരുളായി ഫോറസ്റ്റ് റെയ്ഞ്ചുകളിലെ സംരക്ഷിത വനങ്ങളിലാണ് ചോലനായ്ക്കർ എന്ന പ്രത്യേക ദുർബല ഗോത്രവിഭാഗക്കാർ (പി.വി.ടി.ജി.) താമസിക്കുന്നത്. ചുങ്കത്തറ മേഖലയിൽ അളക്കൽ അമ്പിളിമല, ഒലിക്കാത്തോട്, മഞ്ചക്കടവ്, പാട്ടക്കരിമ്പ് തുടങ്ങിയവിടങ്ങളിലും കരുളായിലെ കരിമ്പുഴ, പാണപ്പുഴ, കുപ്പമല, പൂച്ച പാറ, താളിപ്പുഴ, കോരനുഴ, മീൻമുട്ടി എന്നീ സ്ഥലങ്ങളിലാണ് ഇവർ പ്രധാനമായും അധിവസിച്ചുവരുന്നത്. കേരളത്തിലെ ഏറ്റവും വിരളമായ 5 പ്രാക്തന ആദിവാസി വർഗത്തിലാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. 2002ലെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇവരെ പട്ടികവർഗ്ഗ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുക്കുന്നത് . 

ഉൾവനങ്ങളിൽ പ്രകൃതിദത്തമായ കരിങ്കൽ ഗുഹകളിലാണ് ഇവർ മുൻകാലങ്ങളിൽ താമസിച്ചിരുന്നത്. ചെറുകിട വനവിഭവങ്ങളുടെ ശേഖരണവും വില്പനയുമാണ് ഇവരുടെ മുഖ്യ ഉപജീവനമാർഗം. 2011കാനേഷുമാരി പ്രകാരം 72 പുരുഷന്മാരും 52 സ്ത്രീകളുമുൾപ്പടെ 124 പേര് മാത്രമാണ് ഇവരുടെ ജനസംഖ്യ. എഴുത്തുവിദ്യ വശമില്ലാത്ത ഇവർ ആദിദ്രാവിഡ ഭാഷയുടെ വകഭേദമായ ചോലനായ്ക്കൻ ഭാഷയിലാണ് സംസാരിക്കുന്നത്. 19.8 ശതമാനം മാത്രമാണ് ഇവരുടെ സാക്ഷരതാ നിരക്ക്. സ്ത്രീകൾ 30 ശതമാനം പേര് സാക്ഷരായിരിക്കുമ്പോൾ പുരുഷന്മാർ 12.5 ശതമാനം സാക്ഷരതാ മാത്രമാണ് കൈവരിച്ചിരിക്കുന്നത്.  

കുറുമർ / മുള്ളു കുറുമൻ / മുള്ള കുറുമൻ /മല കുറുമൻ  


കുറുമർ വയനാടുഭരിച്ചിരുന്ന വേടരാജാക്കന്മാരുടെ പിൻമുറക്കാരാണെന്നും കോട്ടയം രാജാവും കുറുമ്പനാടു രാജാവും വയനാടു കീഴ്പ്പെടുത്തി പങ്കിട്ടെടുത്തപ്പോൾ അവരുടെ കീഴിൽ നാടുഭരിച്ചിരുന്ന നായർ പ്രമാണിമാരുടെ അടിമകളായവരാണു കുറുമർ എന്നും രണ്ട് അഭിപ്രായങ്ങൾ ഉണ്ട്. വയനാട്ടിൽ മുള്ളവക്കുറുമർ, തേൻകുറുമർ (കാട്ടുനായ്ക്കർ), ഊരാളിക്കുറുമർ (വെട്ടുവക്കുറുമർ) എന്നിങ്ങനെ മൂന്നു വിഭാഗം കുറുമരുണ്ട്. മാനന്തവാടി, സുൽത്താൻബത്തരി, കല്പറ്റ എന്നിവിടങ്ങളിലാണു കുറുമർ അധിവസിക്കുന്നത്. തേൻകുറുമർ, മുള്ളാക്കുറുമർ, വെട്ടുക്കുറുമർ, ഊരാളിക്കുറുമർ എന്നിങ്ങനെ നാലു വിഭാഗങ്ങളുള്ളതായും ഭിന്നാഭിപ്രായം ഉണ്ട്. കാട്ടുനായ്ക്കർ, തേൻകുറുമർ, ജനുക്കുറുമർ എല്ലാം ഒന്നാണെന്നും അഭിപ്രായമുണ്ട്. 2002-ലെ സർക്കാരിന്റെ പട്ടികവർഗ്ഗലിസ്റ്റിൽ കാട്ടുനായ്ക്കരും തേൻകുറുമരും വ്യത്യസ്ത വിഭാഗങ്ങളായാണു ചേർത്തിട്ടുളളത്. 2002 വരെ വയനാട് ജില്ലയിലെ മുള്ളു കുറുമരെയും വെട്ട കുറുമരെയും (ഊരാളി കുറുമർ) എന്ന പൊതു പേരിലാണ് പട്ടികവർഗ ലിസ്റ്റിൽ കൊടുത്തിരുന്നത്. എന്നാൽ 2002-ലെ ഭരണഘടനാ ഭേദഗതി പ്രകാരം മുള്ളു കുറുമനെയും ഊരാളി കുറുമനെ വെട്ട കുറുമനെന്ന പേരിലും രണ്ടു വ്യത്യസ്ത പേരിലും കണക്കാക്കുന്നു. 2011 കാനേഷുമാരിയിൽ പക്ഷെ ഇവരുടെ ജനസംഖ്യ ഒന്നായി തന്നെയാണ് കൊടുത്തിരിക്കുന്നത്. ആകെയുള്ള 24055 പേരിൽ 12148 പുരുഷന്മാരും 12357 സ്ത്രീകളുമാണുള്ളത്. പുൽപ്പള്ളി, അഞ്ചുകുന്ന്, കാട്ടിക്കുളം, പനവല്ലി എന്നിവിടങ്ങളിൽ കുറുമർ താമസിക്കുന്നു. 

മുളയിൽ കരവിരുതും കലാവിരുതും കാട്ടുന്നവരായതുകൊണ്ടാണു മുള്ളവക്കുറുമർ എന്നു പേരുവന്നത്. ഊരാളിക്കുറുമർ കരകൗശല വിദഗ്ദ്ധരാണ്. മൺകലങ്ങളും കാർഷിക ഉപകരണങ്ങളും നായാട്ടുപകരണങ്ങളും നിർമ്മിച്ച് വിതരണം ചെയ്യുന്നു. വെട്ടുക്കുറുമർ മരം വെട്ടിൽ വൈദഗ്ദ്ധ്യം ഉള്ളവരാണ്. തേൻ ശേഖരണത്തിൽ അസാമാന്യകഴിവുള്ളവരാണു തേൻകുറുമർ. മൺകലങ്ങളും കാർഷികോപകരണങ്ങളും നായാട്ടുപകരണങ്ങളും നിർമ്മിക്കാൻ പ്രാവീണ്യമുള്ള ജനവിഭാഗമാണവർ. മരം വെട്ടും തേൻ ശേഖരണവുമാണ് ഈ വിഭാഗങ്ങളുടെ പ്രധാന തൊഴിലുകൾ. കുറുമരുടെ ജീവനോപാധിയാണു നായാട്ട്. മൊട്ടമ്പ്, വില്ല്, കെണി എന്നിവ തേൻകുറുമർ നായാട്ടിനുപയോഗിക്കുന്നു. ഊരാളിക്കുറുമർ നായാട്ടു ജീവനോപാധിയാക്കുന്നില്ല. പക്ഷിപിടുത്തം, മത്സ്യബന്ധനം, കൃഷി, കന്നുകാലിവളർത്തൽ, തേൻ ശേഖരണം എന്നിവ കുറുമരുടെ മറ്റുജീവനോപാധികളാണ്.

ഗോത്രഘടന

കുറുമർ പൊതുവെ ചെറിയ കൂട്ടങ്ങളായാണു താമസിക്കുന്നത്. മുത്തങ്ങയ്ക്കു വടക്കുഭാഗത്തുള്ള ഒരു ചെറിയ പ്രദേശത്ത് അവരുടെ നാലു കോളനികളുണ്ടെന്നുള്ളത് ഉദാഹരണം. ഓരോന്നിലും അഞ്ചു മുതൽ ഇരുപത്തിയഞ്ചുവരെ വീടുകൾ മാത്രം. വീടുകൾക്കെല്ലാം തന്നെ നല്ല വൃത്തിയും വലുപ്പവും ഉണ്ട്. മുളയും പുല്ലും കൊണ്ടു തീർത്ത മേൽക്കൂരയും മണ്ണു കൊണ്ടുണ്ടാക്കിയ ഭിത്തിയും ചാണകം മെഴുകിയ തറയും തിണ്ണയോ കോലായോ എല്ലാ വീടുകൾക്കും ഉണ്ടാവും. പഴയകാലത്തു മുള തല്ലി 'മടലി' ഉണ്ടാക്കി അതുകൊണ്ടായിരുന്നു ഭിത്തിയുണ്ടാക്കിയിരുന്നത്. അതിന്റെ അകവും പുറവും മണ്ണു പൂശിയിരിക്കും. തേൻകുറുമരുടെ കോളനിക്കു 'കുടി' എന്നാണു പറയുക. കുടുംബം എന്നും പറയാറുണ്ട്. കുറുമരുടെ കുടിലുകളുടെ ചുമർ ചുവന്ന മണ്ണുകൊണ്ടു മെഴുകിയതായിരിക്കും. ദൈവപ്പുരയിൽ പൊതു ചടങ്ങുകൾ നടത്തും. കുടുംബത്തിലെ ഏറ്റവും പ്രായമുള്ള ആളായിരിക്കും കുടിയുടെ മേലാളൻ. അദ്ദേഹം വലിയ മുത്തൻ (പോരുന്നാൻ) എന്നറിയപ്പെടുന്നു. കുടികൾക്കു വീടുകാരണവന്മാരും അവർക്കുമീതെ കുന്നിൻ കാരണവന്മാരും ഉണ്ട്. "മൊതലി' എന്നാണു തേൻകുറുമരും ഊരാളിക്കുറുമരും മൂപ്പനെ വിളിക്കുന്നത്. വീടുകൾക്കു "മന എന്നും ഊരിനു"കേരി' എന്നുമാണു - തേൻകുറുമർ പറയുന്നത്. ഗോത്രത്തലവൻ "മുട്ടൻ' എന്നറിയപ്പെടുന്നു.

കരിയാത്തൻ, പാക്കദൈവം, പൂതൻ, മുത്തപ്പൻ, കാളി ,അയ്യപ്പൻ, മാരിയമ്മ - എന്നിവരാണു ദൈവങ്ങൾ. മാരിയമ്മ, കാളി തുടങ്ങിയ ദേവതകൾക്കു പ്രത്യകം ദൈവപ്പുരകളുണ്ട്. മരച്ചുവടുകളിൽ കാട്ടുകല്ലുകൾ ചാരിവച്ച് ആരാധിക്കുന്നവരാണു കുറുമർ. തേൻകുറുമർ ഇത്തരം സ്ഥലത്തിനു "മണ്ടാഗ' എന്നാണു പറയുന്നത്, ഗുളികൻ, ഉടയന്മാർ, കരിയാത്തൻ, കുട്ടിച്ചാത്തൻ, കരിങ്കാളിയമ്മ എന്നിവരാണു തേൻകുറുമരുടെ കുലദൈവങ്ങൾ. വൈക്കോൽ മേഞ്ഞ ഒറ്റമുറി വീടുകളിൽനിന്ന് ഓടോ കോൺക്രീറ്റോ ഇട്ട് ഒറ്റപ്പെട്ട വീടുകളിലേക്കു താമസം മാറ്റുന്ന കുറുമരിൽ കൂട്ടായ്മജീവിതത്തിന്റെ പ്രത്യേകതകൾ - ഇല്ലാതാകുന്നതായി അഭിപ്രായപ്പെടുന്ന കെ.കെ. ബിജു(2012) കുറുമർ പല ആചാരാനുഷ്ഠാനങ്ങളും നടത്താറില്ലെന്നും കുടികളിലെ അധികാരകേന്ദ്രമായിരുന്ന കുടിമൂപ്പന്മാർക്ക് ഇന്ന് പേരിൽ മാത്രമേ അധികാരമുള്ളൂ എന്നും നിരീക്ഷിക്കുന്നു.

ജനനം

ജനിച്ചു പതിനഞ്ചുദിവസത്തിനകം ചോറൂണു നടത്തും. മുള്ളുവക്കുറുമർക്കും തേൻകുറുമർക്കും ചോറു കൊടുക്കേണ്ട ഉത്തരവാദിത്തം അമ്മാവനാണ്. മുള്ളുവക്കുറുമർ പേരിടലും ചോറൂണിനോടനുബന്ധിച്ചു നടത്തും. ആൺ - പെൺ വ്യത്യാസമില്ലാതെ തേൻകുറുമർ മൊതലിയെയും ബന്ധുക്കളെയും വിളിച്ചു കാതുകുത്ത് ആഘോഷിക്കും. തേൻകുറുമർ ആറാം മാസം കുഞ്ഞിനു ചോറൂണു നടത്തും. കുഞ്ഞിനു പേടിതട്ടാതിരിക്കാൻ നൂലുകെട്ടുന്ന ചടങ്ങു കുറുമർക്കുണ്ട്.

തിരണ്ടുകല്യാണം

തേൻകുറുമരും മുള്ളുവക്കുറുമരും തിരണ്ടുകല്യാണം ആഘോഷിക്കുന്നു. ആർത്തവകാലത്തും പ്രസവസമയത്തും കുറുമരും കുറിച്യരും സ്വന്തം വീടിന്റെതന്നെ പ്രത്യേകം മുറിയിൽ പെൺകുട്ടിയെ താമസിപ്പിക്കും. മുള, പച്ചില എന്നിവകൊണ്ടു നിർമ്മിച്ച ഗുഡയിലാണു തേൻകുറുമ സ്ത്രീ തീണ്ടാരിയായിരിക്കുമ്പോൾ കഴിയേണ്ടത്. 'മാരഡൈ' എന്നു വിളിക്കുന്ന തിരളാത്ത ഒരു പെൺകുട്ടി കൂടെ താമസിക്കും. ഭക്ഷണവും വസ്ത്രവും ഗുഡയിലെത്തിക്കും. തീണ്ടാരിയായ പെൺകുട്ടിയെ പുരുഷന്മാർ കാണാതെ തുണികൊണ്ടു മറച്ചു കൊണ്ടുപോയി കുളിപ്പിക്കും. മൂപ്പനായ മൊതലി, തലയിൽ വെള്ളമൊഴിച്ചു ശുദ്ധി വരുത്തും, തീണ്ടാരിയായിരുന്നപ്പോൾ താമസിക്കുഞ്ഞിനു പണിത ഗുഡ പൊളിച്ചു മൊതലി കുളിച്ച് ഒരുങ്ങും. തിരണ്ടുകല്യാണത്തിൽ പങ്കെടുക്കുന്നവർ പെൺകുട്ടിക്കു സമ്മാനങ്ങൾ നൽകും. കോൽകളിയും വട്ടക്കളിയും തിരണ്ടുകല്യാണത്തിനുണ്ടാകും. മുള്ളുക്കുറുമർക്കിടയിൽ തിരണ്ടുകല്യാണം ഇന്നും ആചരിക്കുന്നു. നാലു ദിവസം വരെ ഒറ്റപ്പെട്ട മുറിയിൽ പുരുഷന്മാരെ കാണാതെ കഴിയണം.

മുതിർന്നവർക്കെല്ലാം ദക്ഷിണയായി വെറ്റില, അടയ്ക്ക, പണം, വസ്ത്രം എന്നിവ നൽകും. മുള്ളുവക്കുറുമരും തിരണ്ടുകല്യാണം പ്രാധാന്യത്തോടെ നടത്തുന്നു. ഗോത്രത്തലവൻ താമസിക്കുന്ന വലിയ പെരയിൽവെച്ചാണു ചടങ്ങുകൾ നടത്തുന്നത്. ഊരാളിക്കുറുമർക്കിടയിൽ തിരണ്ടുകല്യാണത്തിനു പ്രാധാന്യമില്ല. മൂന്നാംദിനം അല്ലെങ്കിൽ അഞ്ചാംദിനം കുടുംബത്തിലെ എല്ലാവരെയും വിളിച്ചു സദ്യകൊടുക്കും, നാത്തൂന്മാർ മഞ്ഞൾ തേച്ചു പെൺകുട്ടിയെ കുളിപ്പിച്ചു കയറ്റിയാൽ തീണ്ടൽ തീർന്നു. പെൺകുട്ടി വയസ്സറിയിച്ചാൽ തേൻകുറുമർ ഒരു ദിവസം നിശ്ചയിച്ചു ബന്ധുക്കൾക്കു സദ്യ നൽകി അതറിയിക്കും. രണ്ടുമാസം പെൺകുട്ടി വീടിനുള്ളിലിരിക്കണം എന്നാണു നിയമം. പണ്ടൊക്കെ വളരെ ആഘോഷപൂർവ്വം നാളുകൾ നീണ്ടുനിൽക്കുന്ന സദ്യവട്ടങ്ങളും മറ്റും ചിലർ ഒരുക്കുമായിരുന്നു. എന്നാൽ ഈ രീതിയിലുള്ള ചടങ്ങുകൾ ഗോത്രസമൂഹത്തിൽ ഇന്ന് അനുവർത്തിക്കപ്പെടുന്നില്ലെന്നു സി.കെ. കരുണാകരൻ നിരീക്ഷിക്കുന്നുണ്ട്. 

വിവാഹം

മാമൂൽ വിവാഹം, പ്രേമവിവാഹം, കന്യകാപഹരണം എന്നീ മൂന്നു രീതിയിലുള്ള വിവാഹങ്ങൾ കുറുമർക്കിടയിലുണ്ട്. മാമൂൽ വിവാഹം കുടുംബങ്ങളുടെ അറിവോടും സമ്മതത്തോടും കൂടി നടത്തുന്നതാണ്. ഊരാളിക്കുറുമരുടെ ഇടയിൽ ഇത്തരം വിവാഹമാണുള്ളത്. വിവാഹാനന്തരം ഒന്നുരണ്ടുമാസം ഒന്നിച്ചു ജീവിച്ചു പൊരുത്തപ്പെടാനാവുന്നില്ലെങ്കിൽ ബന്ധം വേർപെടുത്താനും അവസരമുണ്ട്. തേൻകുറുമർക്കു വിവാഹം അപ്രധാനമാണ്. പ്രാചീനമായ വിവാഹരീതിയാണു കന്യകാപഹരണം. കന്യകാപഹരണം എന്ന രീതി മുള്ളവക്കുറുമർക്കു പണ്ട് ഉണ്ടായിരുന്നു. കന്യകയെ കളിരൂപേണ ഒളിപ്പിക്കുകയും മണവാളൻ കണ്ടെത്തി, കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്ന രീതിയായിരുന്നു കന്യകാപഹരണം. ഇപ്പോൾ ഇതു നിലവിലില്ലെങ്കിലും കലയിൽ എന്നപോലെ അവതരിപ്പിക്കപ്പെടാറുണ്ട്, ആമട, താലിക്കുന്റ് (കുണ്ട്) എന്നീ പേരുകളിലറിയപ്പെടുന്ന താലി വിവാഹ ജീവതത്തിന്റെ ചിഹ്നമായി കുറുമർ അണിയും. കല്ലും കവടിയും ചേർത്തുണ്ടാക്കുന്ന മാലയാണു താലിക്ക് ഉപയോഗിക്കുന്നത്. മുക്കുറുമർ വിവാഹത്തിന് 'കന്യണം' എന്നാണു പറയുന്നത്. ചെറുക്കന്റെ അച്ഛനും ഒരു രണ്ടാമനും ചേർന്നാണു പെണ്ണ് അന്വേഷിച്ചുപോകുന്നത്. താലികെട്ട് നിർവ്വഹിക്കുന്നതു പെണ്ണിന്റെ അമ്മാവനാണ്. കാട്ടുജീവിതത്തിന്റെ സ്പന്ദനതാളങ്ങൾ എന്ന പുസ്തകത്തിൽ പി.ജി. പത്മിനി വടക്കേവയനാട്ടിലെ കുറുമരുടെ രസകരമായ ഒരാചാരം വിവരിക്കുന്നുണ്ട്. പെണ്ണിനെ ഇഷ്ടമായാൽ ചെറുക്കന്റെ വീട്ടുകാർ ഭക്ഷണ ചെലവിനുള്ള തുക പെൺവീട്ടുകാരെ ഏല്പിക്കും. അതു ഉപയോഗിച്ചു ഭക്ഷണ സാധനങ്ങൾ വാങ്ങി വയറുനിറയെ കഴിച്ച് ഉറങ്ങുന്നു. അന്നു കുടുംബത്തിലെ മൂത്ത ആളുടെ സ്വപ്നം ശുഭകരമാണെങ്കിൽ വിവാഹത്തിന് ഈശ്വരാനുമതിയുണ്ടെന്നും ദുസ്വപ്നമാണെങ്കിൽ വിവാഹത്തിന് ഈശ്വരാനുമതിയില്ലെന്നുമാണു വിശ്വാസം. സ്വപ്നം കണ്ടില്ലെങ്കിലും വിവാഹം നിശ്ചയിക്കും.

പ്രസവം

കുറുമർ പ്രസവശേഷം ഏഴുദിവസം ആശൗചം ആചരിക്കുന്നു. ഏഴാം ദിവസം ബന്ധുക്കൾക്കു സദ്യ നല്കും. വയറ്റാട്ടിക്ക് എണ്ണ, വെറ്റില, അടയ്ക്ക, പണം, വസ്ത്രം എന്നിവ ദക്ഷിണ നല്കും. മുള്ളുവക്കുറുമർ പ്രസവദിവസം പുളികാച്ചൽ ചടങ്ങു നടത്തുന്നു. കുറുക്കുപുളി, വെളുത്തുള്ളി, ജീരകം, കുരുമുളക് എന്നിവ കാച്ചി പ്രസവിച്ച സ്ത്രീയ്ക്ക് നൽകുന്നു. സ്ത്രീകൾ ഗർഭിണിയായിരിക്കുമ്പോൾ 'വയറുകാണൽ' ചടങ്ങു നടത്തും. കുഞ്ഞിന്റെ ജനനശേഷം അമ്മയെ ദൈവപ്പുര മുമ്പിൽ കിടത്തി കുളിപ്പിക്കുന്ന 'വാവിളി' എന്ന ചടങ്ങു നടത്തുന്നു. കുഞ്ഞിന് ആദ്യം നൽകുന്നത് പാവയ്ക്ക നീരാണ്. ജനിച്ചു മൂന്നാം നാൾ പെൺവീട്ടുകാർ കുഞ്ഞിന് അരഞ്ഞാണം നൽകുന്ന ചടങ്ങ് ആഘോഷപൂർവ്വം നടത്തുന്നു.

മരണം

കുറുമർ മരണാനന്തരജീവിതത്തിൽ വിശ്വാസമുള്ളവരാണ്. മ്യതദേഹത്തോടൊപ്പം വസ്ത്രങ്ങൾ അമ്പ്, വില്ല്, കത്തി എന്നിവ മറവുചെയ്യും. അമ്പും വില്ലും കുഴിമാടത്തിൽ കുത്തിനിർത്തും, കുറുമർ മരിച്ചാൽ മുളകൊണ്ടു കസേരപോലെ ഒന്നുണ്ടാക്കി അതിലിരുത്തിയാണു ശവം മറവുചെയ്യുന്നത്. കുഴികുത്തി അതിൽ മാളമുണ്ടാക്കിയാണു മൃതദേഹം തേൻകുറുമർ മറവുചെയ്യുന്നത്. ശവസംസ്കാരം നടന്ന ദിവസം രാതി ഊരാളി കുറുമർ  പരേതാത്മാവിനു ഭക്ഷണവും വെള്ളവും വിളമ്പിവെയ്ക്കും. രാത്രിയിൽ ആത്മാവു വന്നു ഭക്ഷണം കഴിക്കുമെന്നാണു വിശ്വാസം. ദൈവപ്പുരയായ 'ചിറ്റാലിൽ' വർഷത്തിൽ മൂന്നുതവണ പരേതാത്മാവിനെ പ്രീതിപ്പെടുത്താൻ ചടങ്ങുകൾ നടത്തും. അസുഖങ്ങൾക്കെല്ലാം കാരണം പരേതാത്മാവിന്റെ അപ്രീതിയാണെന്ന് ഊരാളി കുറുമർ വിശ്വസിക്കുന്നു. ദൈവത്തിന്റെ വീടായി കരുതുന്ന ചിറ്റാലിൽ വർഷത്തിൽ മൂന്നുതവണ ഗോത്രത്തലവൻ, വെളിച്ചപ്പാട് എല്ലാവരും ഒത്തുചേർന്നു പരേതാത്മാവിന്റെ പ്രീതിയ്ക്കുവേണ്ടി ചടങ്ങുകൾ നടത്തും. മൂന്നു വിഭാഗം കുറുമരുടെയും പ്രധാന ചടങ്ങാണു ദൈവത്തെ കാണൽ. പരേതനെ പ്രീതിപ്പെടുത്തി കുടുംബത്തിൽ ഐശ്വര്യം ഉണ്ടാക്കുകയാണു ലക്ഷ്യം.

അനുഷ്ഠാനങ്ങൾ

കുറുമർക്കിടയിൽ മന്ത്രവാദം പ്രധാനമാണ്. കുറുമർ രോഗശമനത്തിനും സന്താനലബ്ധിക്കും മലദൈവത്തെ പ്രീതിപ്പെടുത്താൻ അനുഷ്ഠിക്കുന്ന മാന്ത്രിക കലയാണു 'വളുവിഞ്ച', നേർത്ത മുളം പാളികൊണ്ടുണ്ടാക്കിയ മുറം കുലുക്കിയാണത് അനുഷ്ഠിക്കുന്നത്, ഊരുമൂപ്പന്റെ നേതൃത്വത്തിൽ ദൈവത്തിനുമുമ്പിൽ വിളക്കുവെച്ചു തേൻ, പഴം, പൂക്കൾ എന്നിവ നേദിച്ചു പാട്ടുപാടിയാണ് അവതരിപ്പിക്കുന്നത്. മുറം കുലുക്കുന്നതും പാടുന്നതും മൂപ്പനാണ്. മുറത്തിനുള്ളിൽ ഘടിപ്പിച്ച മണികൾ ശബ്ദിക്കുമ്പോൾ പാട്ടു പാടി മൂപ്പൻ ഉറഞ്ഞു തുള്ളും. രോഗകാരണവും പ്രതിവിധിയും നിർദ്ദേശിക്കും. കുറുമർ രോഗശാന്തിക്കായി വീട്ടുമുറ്റത്തും സന്താനലബ്ധിക്കായി ക്ഷേത്രമുറ്റത്തുമാണു വളുവിഞ്ച എന്ന മാന്ത്രികാനുഷ്ഠാനം നടത്തുന്നത്. അവതരണഭേദമുള്ള വളുവിഞ്ച തന്നെയാണു ദൈവപ്പുരയോടു ചേർന്നു കുറുമർ നടത്തുന്ന “ദൈവം കാണൽ' എന്ന അപേക്ഷാ നൃത്തം. ഇതിനുസമാനമായി അനുഷ്ഠിക്കുന്ന മരണാനന്തര കർമ്മമാണു പെലവിഞ്ച. മരണശേഷം ഒമ്പതാംനാൾ പരേതാത്മാവിനു മോക്ഷം നൽകാനാണിതു നടത്തുന്നത്. ചങ്ങല കൊരുത്തിട്ടുള്ള ചെറിയ മുറം കുലുക്കി പന്തങ്ങളുടെ വെളിച്ചത്തിലിരുന്നു താളാത്മകമായി ശരീരം ചലിപ്പിച്ചു പാട്ടുപാടും. പരേതാത്മാവും ദൈവാവേശം ഉണ്ടാകുന്ന ആളും സംവാദത്തിലേർപ്പെടും. കർമ്മിയോ സഹായിയോ കുടുംബാംഗമോ ദൈവാവേശത്തോടെ പെരുമാറും.

പ്രകടനകല, സംഗീതം, വാദ്യം

നിരവധി കലാരൂപങ്ങൾകൊണ്ടു സമ്പന്നമാണു കുറുമരുടെ ജീവിതം. തിരണ്ടുകല്യാണം, വിവാഹം തുടങ്ങിയ ഗാർഹികാഘോഷങ്ങളിൽ കുറുമർ (പുരുഷന്മാരും സ്ത്രീകളും) കളികളിൽ ഏർപ്പെടുന്നു. വിവാഹദിനങ്ങളിൽ നടത്തുന്ന കലാരൂപമാണ് 'മണവാളൻകളി'. വിനോദകലയാണ് "ചവിട്ടുകളി'. 'കോൽക്കളി' എന്നതു പുരുഷന്മാരുടെ മെയ്യഭ്യാസപ്രകടന നൃത്തമാണ്.

മണവാളന്റെ പങ്കാളിത്തത്തോടെ നടക്കുന്ന പരമ്പരാഗത വംശീയകലയായ ചവിട്ടുകളിയും കോൽകളിയും തന്നെയാണു മണവാളൻകളി. വിവാഹശേഷം വരന്റെ വീട്ടുമുറ്റത്തു നടത്തുന്ന മണവാളൻ കളിയോടെ ആഘോഷങ്ങൾ അവസാനിക്കും. വിവാഹ ദിവസം വൈകുന്നേരം സദ്യകഴിഞ്ഞു വരൻ വിവാഹ വേഷത്തിൽ ഈ കലാവതരണത്തിൽ പങ്കെടുക്കും. തേൻകുറുമരുടെ കളിയാണു ഹെഡ്ഡ്യാട്ട്, കനട്ടാളൻ, തോട്ടിത്തട്ടക്കളി, ദൈവകളി എന്നിവ. 

സ്ത്രീകൾ മാത്രം പങ്കെടുക്കുന്നതാണു തോട്ടിയാട്ട, ബാൽ ചെണ്ട്. നിലവിളക്ക്, പറ, വെറ്റില, അടയ്ക്ക, എന്നിവവെച്ച് അതിനുചുറ്റുമാണു കളിക്കുന്നത്. കുറുമരുടെ - അനുഷ്ഠാനകലകളിൽ പ്രധാനമാണു വട്ടക്കളി. ദൈവപ്പുരയുടെ മുന്നിലാണു വട്ടക്കളി നടത്തുക. കല്യാണങ്ങളോട് അനുബന്ധിച്ചും നടത്താറുണ്ട്. കൂടാതെ, ഉച്ചാലിനോടനുബന്ധിച്ച് ആണ്ടിലൊരിക്കലും വട്ടക്കളി നടത്തുന്നു. പുരുഷന്മാരാണ് ഈ കളിയുടെ അവതാരകർ. കോൽക്കളി, വട്ടക്കളി എന്നീ കലകൾ ഉച്ചാൽ പോലുള്ള ഉത്സവങ്ങളിലും തിരണ്ടുകല്യാണം, വിവാഹംപോലുള്ള ഗാർഹിക ആഘോഷങ്ങളിലും കുറുമർ നടത്തുന്നു. കോൽക്കളി, ഹെഡ്യാട്ടം, തോട്ടിയാട്ടകളി എന്നിവ തിരണ്ടുകല്യാണം, കല്യാണം, വിഷു ആഘോഷം എന്നിവയ്ക്കിടയിൽ നടത്തുന്നതാണ്. കുറുമരുടെ നായാട്ടുന്യത്തമാണ് "നരിക്കടത്ത് '. "നരിക്കുത്ത്' എന്നും ഇതിനു പേരുണ്ട്. മുള്ളുവക്കുറുമർ നായാട്ടുകാരാണ്. അവർ നരിക്കുത്തു നടത്തും. വല, കുന്തം, എന്നിവ ഉപയോഗിച്ചുള്ള 'നരികടത്ത്' എന്ന വിനോദം അനുഷ്ഠാനപരമാണ്. വളർത്തുമഗങ്ങളെ നരിപടിച്ചാൽ കുറുമർ സംഘമായി വലയും കുന്തവുംകൊണ്ടു നരിയെ വേട്ടയാടും. ഇതിനെ നരിക്കുത്ത് എന്നു പറയുന്നു. കുഴലും തപ്പുമാണു കുറുമരുടെ വാദ്യങ്ങൾ. ചെണ്ട, കുഴൽ, മറ തുടങ്ങിയ സംഗീതോപകരണങ്ങൾ തേൻകുറുമർ കളികൾക്ക് ഉപയോഗിക്കുന്നു. മറ, ദൗൽ, പെട്ട എന്നീചർമ്മ വാദ്യങ്ങൾ തേൻകുറുമരും ഊരളിക്കുറുമരും ഉപയോഗിച്ചു പോരുന്നു.

ഭാഷ 

കുറുമർ പ്രാകൃത കർണ്ണാടക ഭാഷയാണു സംസാരിക്കുന്നത്. അമ്മ എന്നതിന് 'അവ്വ' എന്നും ഭാര്യ എന്നതിന് "ഇണ്ടിര്' എന്നുമാണു തേൻകുറുമരുടെ പ്രയോഗമെന്നു 'കാട്ടാരും അവരുടെ കളമൊഴികളും' എന്ന ഗ്രന്ഥത്തിൽ എ. ആർ. നാരായണൻ നായർ സൂചിപ്പിക്കുന്നു. മുള്ളുക്കുറുമരുടെ ഭാഷ മലയാളവും തമിഴും കലർന്ന പ്രാകൃത കർണ്ണാടകമാണെന്നും നെട്ടൂർ പി. ദാമോദരൻ രേഖപ്പെടുത്തിയിട്ടുണ്ട്. 

വേഷം

കുറുമർ പെൺകുട്ടിക്കു പത്തു വയസ്സാകുന്നതോടെ ദേഹത്തു പച്ചകുത്തും. പച്ചകുത്താതെ മരിച്ചാൽ ദൈവം മലത്തിൽ ഇടുമെന്നു വെട്ടുക്കുറുമർ വിശ്വസിക്കുന്നുവെന്ന് ആദിവാസി വിജ്ഞാനനിഘണ്ടു രേഖപ്പെടുത്തുന്നു. തേൻകുറുമർ ചേലകളണിഞ്ഞ് ഇടത്തെ തോളിൽ കെട്ടിയിടുന്നു. കുറുമസ്ത്രീകൾ മുടി പിറകിൽ കെട്ടിവെച്ചു ചുവന്ന ചെണ്ടുകൾ തൂക്കിയിടാറുണ്ട്. വെള്ളി, ഇരുമ്പ്, ചെമ്പ്, സ്വർണ്ണം എന്നിവയിൽ തീർത്ത ആഭണങ്ങൾ കുറുമർ അണിയും. മുള്ളുവക്കുറുമർ പൊതുവെ സ്വർണ്ണം ധരിക്കുന്നവരാണ്. വധുവിനെ അണിയിക്കുന്ന താലിമാല സ്വർണ്ണത്തിന്റേതാണ്. ഊരാളി കുറുമർ മുത്തുമാലയാണ് അണിയുന്നത്. ഗാഞ്ചളക്കുരു കോർത്തുണ്ടാക്കുന്ന മാലകളും അണിയാറുണ്ട്.

ഡോക്യുമെന്ററി

കേണി

ശുദ്ധമായ കുടിവെള്ളം കിട്ടാക്കനിയായി മാറുന്ന കാലത്ത് വയനാട്ടിലെ കുറുമാര്‍ക്കിടയില്‍ ഇപ്പൊഴും നിലനില്‍ക്കുന്ന അപൂര്‍വ്വ ജല സംരക്ഷണ രീതിയായ കേണിയെക്കുറിച്ച് അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍ രാംദാസ് എം കെ തയ്യാറാക്കിയ ഡോക്യുമെന്ററിയാണ് കേണി.

വാട്ടർ ഫേസസ് 

പുൽപ്പള്ളി പാക്കത്തെ തിരുമുഖം കേണിയിൽ തുടങ്ങി വയനാട് ജില്ലയിലെ അവശേഷിക്കുന്ന കേണികളിലൂടെയുള്ള അന്വേഷണമാണ് അനൂപ് കെ ആർ തയ്യാറാക്കിയ വാട്ടർ ഫേസസ് എന്ന ഡോക്യുമെന്‍ററി. 

അവലംബം

1) 1

2) കേണി

3) വാട്ടർ ഫേസസ് 

4) കിർത്താഡ്‌സ് കൈപ്പുസ്തകം 2016-2017 

ഇരവാലൻ

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ മൂലത്തറ വില്ലേജിലും സമീപപ്രദേശങ്ങളിലും കണ്ടുവരുന്ന ആദിവാസി സമൂഹമാണ് ഇരവാലൻ. പരമ്പരാഗതമായി വേട്ടയാടുന്ന വിഭാഗമാണ് ഇരവാലർ. ഒരു കാലത്ത് വില്ലുവേടർ എന്നും ഇവർ അറിയപ്പെട്ടിരുന്നു. കർഷക തൊഴിലാളികളായിരുന്നു ഇവർ മുൻകാലങ്ങളിൽ ജന്മിമാർക്ക് അടിമപ്പണി ചെയ്യാൻ നിര്ബന്ധിക്കപ്പെട്ടിരുന്നതായി കിർത്താഡ്‌സിന്റെ പഠനങ്ങളിൽ നിന്നും വ്യക്തമാകുന്നു. സാക്ഷരതാ നിരക്കിൽ പുറകിലായി ഇരവാലൻ സമൂഹം സ്ത്രീ പുരുഷാനുപാതത്തിൽ മുന്നിലാണ്. 2011 കാനേഷുമാരി പ്രകാരം 4797 പേരാണ് ആകെ ജനസംഖ്യ എങ്കിൽ ഇതിൽ 2435 പേരും സ്ത്രീകളാണ്. പുരുഷന്മാർ 2362 പേര് മാത്രമാണ്. 

സമരം 

  • കൊല്ലങ്കോട് പറത്തോട് ആദിവാസി ഊരിലെ ഐശ്വര്യയ്ക്ക് പ്ലസ് ടു വരെ ജാതി രേഖകളിൽ പട്ടികവർഗ്ഗവിഭാഗമായ ഇരവാലൻ ആയിരുന്നു. ബിരുദ പ്രവേശനത്തിന്, ഇരവലൻ സമുദായമെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന് ചെന്നപ്പോൾ വില്ലേജ് ഓഫീസ് അധികൃതർ നിഷേധിച്ചു. ആദിവാസിയല്ലെന്നും പട്ടികജാതിയെന്നുമായിരുന്നു വിശദീകരണം. തുടർന്ന് ഇവർ നടത്തിയ സമരം 253 ദിവസങ്ങളോളം നീണ്ടിരുന്നു. 
  • കൊക്കോകോള കമ്പിനിയ്‌ക്കെതിരെ പ്ലാച്ചിമടയിൽ സമരം ചെയ്ത സമരത്തിന്റെ മുഖമുദ്ര ആയി മാറിയ മയിലമ്മ ഈ സമുദായക്കാരായിരുന്നു. (കിർത്താഡ്‌സ് കൈപ്പുസ്തകം 2016-2017 പേജ് 26) 

മയിലമ്മ

മയിലമ്മ

അന്താരാഷ്ട്ര കുത്തക കമ്പിനിയായ കൊക്കോകോളയ്‌ക്കെതിരെ മുന്നിൽ നിന്ന് സമരം ചെയ്ത ആദിവാസി സ്ത്രീയാണ് മയിലമ്മ. 1937 ആഗസ്ത് 10ന് പാലക്കാട് മുതലമട പഞ്ചായത്തില്‍ ആട്ടയാമ്പതിയിലെ രാമന്‍ – കുറുമാണ്ട ദമ്പതികളുടെ മകളായാണ് മയിലമ്മ ജനിച്ചത്. ഇരുപത്തേഴാം വയസ്സിൽ വിധവയായതോടെ അഞ്ചു പിഞ്ചുമക്കളെ വളർത്തുവാനായി ജീവിതത്തോടു പടവെട്ടിയ മയിലമ്മയുടെ ജീവിതം മാറിമറിയുന്നത് പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമട എന്ന സ്ഥലത്ത് 2000-ൽ ഹിന്ദുസ്ഥാൻ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്ലാൻറ് പ്രവർത്തനമാരംഭിച്ചതോടെയാണ്. ആഗോള തലത്തിലെ തന്നെ പ്രമുഖ ശീതള പാനീയ നിർമ്മാതാക്കളായ കൊക്കക്കോള കമ്പനി, പ്ലാന്റിന്റെ പ്രവർത്തിക്കാനായി ദിനംപ്രതി ലക്ഷക്കണക്കിന് ലിറ്റർ ഭൂഗർഭജലം ഊറ്റിയെടുത്തു. പ്രദേശത്തെ കിണറുകളെയും മറ്റ് കുടിവെള്ള സ്രോതസ്സുകളെയും അത് പ്രതികൂലമായി ബാധിച്ചു. കൂടാതെ വളമെന്ന പേരിൽ മാരകവിഷാംശമുള്ള ഖരമാലിന്യം പ്രദേശത്തെ കർഷകർക്ക് വിതരണം ചെയ്തു. അത് പ്രദേശത്തെ മണ്ണും ജലവും മലിനമാകാന്‍ കാരണമായി. 

നാട്ടിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ജലക്ഷാമവും കിണർ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ മലിനമാകുന്നതും മയിലമ്മയെ ഇരുത്തി ചിന്തിപ്പിച്ചു. തങ്ങൾക്ക് കൂടി അവകാശപ്പെട്ട ജലം കൊക്കക്കോള കമ്പനി ഊറ്റിയെടുക്കുകയും അവശേഷിക്കുന്ന ജലസ്രോതസ്സുകള്‍ മലിനമാകുകയും ചെയ്തതോടെയാണ് അതിനു കാരണക്കാരായ കമ്പനിയുടെ ജലചൂഷണത്തിനെതിരെ 2002 ഏപ്രിൽ 22ന് ആദിവാസികളെ സംഘടിപ്പിച്ച് കമ്പിനിയ്ക്ക് മുന്നിൽ മയിലമ്മയുടെ നേതൃത്വത്തിൽ സമരം ആരംഭിക്കുന്നത്. 

തുടക്കത്തിൽ സമരത്തിന് പിന്തുണ നൽകാൻ രാഷ്ട്രീയ പാർട്ടികളോ മാധ്യമങ്ങളോ തയ്യാറായിരുന്നില്ല. സമരം ശക്തിയാർജ്ജിച്ചതോടെ പഞ്ചായത്ത് ഫാക്റ്ററിയുടെ ലൈസൻസ് റദ്ദ് ചെയ്ത് സമരക്കാർക്ക് പിന്തുണ നൽകി. സംസ്ഥാന പൊലൂഷൻ കണ്ട്രോൾ ബോർഡിന്റെയും പഞ്ചായത്തിന്റെയും ശക്തമായ ഇടപെടൽ മൂലം ആഗോള കുത്തകയായ കൊക്കോകോള കമ്പിനിയ്ക്ക് സുപ്രീം കോടതി വരെ നീണ്ട നിയമ പോരാട്ടം നടത്തേണ്ടി വന്നു. സുപ്രീം കോടതിയിലും കമ്പിനിയ്ക്ക് തിരിച്ചടി നേരിട്ടതോടെ 2004 മാർച്ചിൽ കമ്പിനി അടച്ചു പൂട്ടി.  

"ജീവിക്കാന്‍ വെള്ളം വേണം. ഒന്നാലോചിച്ചാല്‍ ജീവിക്കാതിരിക്കാനും വെള്ളം വേണം. ഈ വെള്ളം എല്ലാവരുടേതുമാണ്. ഇതുപയോഗിക്കാന്‍ കഴിയാതെ വന്നാൽ? പറയുന്ന പോലെയല്ല അനുഭവത്തില്‍ വന്നാല്‍. ഞങ്ങളുടെ വെള്ളത്തില്‍ ഒന്നും വേവില്ല. കുടിച്ചാല്‍ ഒരുതരം തളർച്ച. ഒന്നാലോചിച്ചു നോക്കൂ, നല്ല ജീവനുള്ള പച്ചവെള്ളം കുടിച്ച് വളർന്നവരാ ഞങ്ങള്‍. നിങ്ങൾക്കണിങ്ങനെ വന്നതെങ്കിലോ? പുലർച്ചയ്ക്ക് ഉണർന്നാൽ മുഖം കഴുകണ്ടേ?, അതിന് ഒരു കപ്പ് നല്ല വെള്ളം കിട്ടാതായിഞങ്ങൾക്ക്. ഇതു തന്നെയാണ് ഞങ്ങളെ സമരത്തിനെത്തിച്ച അനുഭവം. ഇതിൽക്കൂടുതൽ എന്തുവേണം?" സമരത്തിലേക്കെത്തിയ സാഹചര്യത്തെകുറിച്ചു മയിലമ്മയുടെ തന്നെ വാക്കുകളാണിത്.

ഔട്ട്ലുക് മാഗസിൻ ഏർപ്പെടുത്തിയ സ്പീക്ക് ഔട്ട് പുരസ്ക്കാരം, സ്ത്രീശക്തി ട്രസ്റിന്റെ സ്ത്രീശക്തി പുരസ്കാരം തുടങ്ങി ചെറുതും വലുതുമായ നിരവധി പുരസ്‌ക്കാരങ്ങൾ മയിലമ്മയെ തേടിയെത്തിയിരുന്നു. 2007 ജനുവരി 6ന് മയിലമ്മ അന്തരിച്ചു. 

ഇരവാലൻ സമുദായത്തിന്റെ ചിത്രങ്ങൾ 

അവലംബം 1 2 3 4 5 6 7

കുറിച്ച്യൻ / കുറിച്ചിയൻ

വയനാട് ജില്ലയിലെ മാനന്തവാടി, തിരുനെല്ലി, കുഞ്ഞോം, പേരിയ എന്നിവിടങ്ങളിലും കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലുമായി താമസിക്കുന്ന ഗോത്രവിഭാഗമാണ് കുറിച്യർ. മറ്റ് ഗോത്രവിഭാഗങ്ങളെ അപേക്ഷിച്ചു സാമൂഹികമായി ഉന്നതിയിൽ നിൽക്കുന്ന ഗോത്രവിഭാഗമാണിവർ. മറ്റു ഗോത്ര സമുദായങ്ങളുടെ അയിത്തം കല്പിച്ചിരുന്നു സമുദായമായിരുന്നു കുറിച്യർ. 2011 കാനേഷുമാരി പ്രകാരം 35171 പേര് ആണ് ഇവരുടെ ആകെ ജനസംഖ്യ. ഇതിൽ 17628 സ്ത്രീകളും 17643 പുരുഷന്മാരുമാണുള്ളത്. മുൻ മന്ത്രി പി. കെ. ജയലക്ഷ്‍മി കുറിച്യ സമുദായാംഗമാണ്. 

പി. കെ. ജയലക്ഷ്‍മി

ജയലക്ഷ്‍മി

പതിമൂന്നാം കേരളാ നിയമസഭയിലെ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്ന പി. കെ. ജയലക്ഷ്മി മാനന്തവാടി മണ്ഡലത്തിൽ നിന്നായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ മന്ത്രിയും സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയുമായിരുന്നു അവർ. കെഎസ്‌യു എന്ന കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് ജയലക്ഷ്‍മി രാഷ്ട്രീയ രംഗത്തേയ്ക്ക് വന്നത്. കായിക രംഗത്ത് മികവ് പ്രകടിപ്പിച്ച ജയലക്ഷ്‍മി സംസ്ഥാനതല അമ്പെയ്ത്തുമത്സരത്തിൽ വെള്ളിമെഡലും കിർത്താഡ്സ് സംഘടിപ്പിച്ച തലയ്ക്കൽ ചന്തു സ്മാരക അമ്പെയ്ത്തുമത്സരത്തിൽ സ്വർണമെഡലും അവർ നേടിയിട്ടുണ്ട്.

ഊരാളി

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളാണ് ഊരാളികളുടെ പ്രധാന അധിവാസപദേശങ്ങൾ. വനവാസികളായ ഇവർ താരതമ്യേന ഉൾപ്രദേശങ്ങളിലാണ് ജീവിക്കുന്നത്. എന്നാൽ വിദ്യാസമ്പന്നരും പരിഷ്കാരികളുമായി മാറിയവർ ഗ്രാമങ്ങളിലും നഗരങ്ങളിലും ജീവിക്കുന്നുണ്ട്. വയനാട്ടിലെ ഊരാളികുറുമാരുമായി ഇവർക്ക് യാതൊരു ബന്ധവുമില്ല. 2011 കാനേഷുമാരി പ്രകാരം 11179 ആണ് ഇവരുടെ ജനസംഖ്യ. ഇതിൽ 5602 പേര് പുരുഷന്മാരും 5557 പേര് സ്ത്രീകളുമാണ്.

ഉല്പത്തി 

ഗോത്രജീവിതത്തിന്റെ കേന്ദ്രങ്ങളായിരുന്ന ഊരുകളിൽ താമസിക്കുന്നവരെന്നാണ് ഊരാളി (ഊര് + ആളി) എന്ന പദത്തിന്റെ അർത്ഥമെന്നും അതല്ല ഊരാളി എന്നാൽ "ഊര് ആളിയവൻ' എന്ന അർത്ഥം ഉണ്ടെന്നും അഭിപ്രായമുണ്ട്. ഏതോ പ്രതിസന്ധിയിൽ നിന്നുള്ള ഒളിച്ചോട്ടവുമായി ബന്ധപ്പെടുത്തി "ഒളിച്ചോടിപ്പോയവർ' എന്നൊരർത്ഥവും ചിലരൊക്കെപ്പറയുന്നുണ്ട്. 15 ഊരാളികൾ മധുരരാജാക്കന്മാരുടെ പ്രജകളാണെന്ന വിശ്വാസമുണ്ട്. ഊരാളികൾ ഇടുക്കിയിൽ അധിവാസമുറപ്പിച്ചത് സംബന്ധിച്ച ഒരൈതിഹ്യം ഇപ്രകാരമാണ്. മധുരരാജാവിനോടൊപ്പം നേര്യമംഗലം സന്ദർശിക്കാൻ എത്തിയ സേവകരിൽ ചിലരോട് രാജാവ് ആ ഊരിൽത്തന്നെ നിൽക്കണമെന്നാവശ്യപ്പെടുകയും ആ പ്രദേശം ഭരിക്കാനുള്ള അവകാശം അവർക്ക് വിട്ടുകൊടുക്കുകയും ചെയ്തു. അങ്ങനെയാണ് ഊര്+ആളി അഥവാ ഊരാളി (ഊര് ആളുന്നവൻ) എന്ന പദവി അവർക്ക് ലഭിച്ചത്. അവരുടെ പിന്മുറക്കാരാണ് ഇന്നത്തെ ഊരാളികൾ എന്ന് ഒരുപക്ഷം കരുതുന്നു.

മറ്റൊരു ഐതിഹ്യത്തിൽ പറയുന്നത് അറക്കുളം, തൊടുപുഴ മേഖല ഭരിച്ചിരുന്ന നെടിയത്ത് തമ്പുരാന്റെ സാമന്തന്മാരായിരുന്നു ഊരാളികൾ എന്നാണ്. മദ്യാസക്തരായിരുന്ന രാജാവും സാമന്തന്മാരും ഒരിക്കൽ മദ്യപിച്ച് ലഹരി മൂത്തപ്പോൾ, വേണ്ടുവോളം മദ്യം കിട്ടിയില്ല എന്നു തോന്നിയ ചില സാമന്തന്മാർ രഹസ്യമായി രാജാവിനെ കൊല്ലാൻ പരിപാടിയിട്ടു. ഇതറിഞ്ഞ രാജാവ് ആ സാമന്തന്മാരെ ശപിക്കുകയും തന്നോട് കൂറുപുലർത്തിയ സാമന്തന്മാരെ അഭിവൃദ്ധി നേർന്ന് അനുഗ്രഹിക്കുകയും ചെയ്തു. ഇങ്ങനെ ശപിക്കപ്പെട്ട സാമന്തന്മാരാണ് ഊരാളികളായി കാട്ടിൽ താമസമാക്കിയത് എന്നാണ് ഈ ഐതിഹ്യത്തിൽ സൂചിപ്പിക്കുന്നത്.

പ്രസിദ്ധ നരവംശശാസ്ത്രജ്ഞനായ എൽ. അനന്തകൃഷ്ണയ്യരുടെ അഭിപ്രായത്തിൽ “ഊരാളികൾ ഇവിടുത്തെ ആദിവാസികളാണ്." ഇടുക്കിയിലെ ഗിരിവർഗക്കാരിലധികവും തമിഴ്നാട്ടിൽ നിന്നും മലകയറി വന്നവരാണെങ്കിൽ ഊരാളി സമുദായത്തിലുള്ളവർ നൂറ്റാണ്ടുകളായി ഇടു ക്കിയുടെ വനാന്തരങ്ങളിൽത്തന്നെ കഴിഞ്ഞുവന്നവരാണ് എന്നുള്ളതാണ് ഒരു പ്രത്യേകത. തമിഴും മലയാളവും കലർന്ന ഒരു വ്യവഹാരഭാഷ ഉപയോഗിക്കുന്ന ഊരാളികൾ പാരമ്പര്യവും സംസ്കാരവും മുറുകെപ്പിടിക്കുന്നവരാണ്. നിഷ്കളങ്കരായതിനാൽ ഈ ഗോത്രജനത എല്ലായ്പ്പോഴും പൊതു സമൂഹത്തിന്റെ ചൂഷണങ്ങൾക്ക് ഇരകളായിത്തീരുന്നു.

വീട്

സംഘജീവിതം നയിക്കുന്ന ഇവരുടെ അധിവാസമേഖലകൾ “കുടികൾ' എന്നറിയപ്പെടുന്നു. താരതമ്യേന വലിപ്പം കുറഞ്ഞ വീടുകളാണ് ഇവർ നിർമ്മിക്കുന്നത്. “പന്ത', "പൊന്ത' എന്നീ പേരുകളിലറിയപ്പെടുന്ന വീടുകൾ ഇലകളും മരച്ചില്ലകളുമുപയോഗിച്ചാണ് നിർമിക്കുന്നത്. പ്രവേശനകവാടത്തെ മറക്കുന്നവിധത്തിൽ വീടിന്റെ മേൽക്കുര പതിഞ്ഞ് നിലത്തു ചേർന്നു നിൽക്കുന്ന രീതിയിലാണ് ഇവരുടെ ഗൃഹനിർമാണം. കഠിനമായ തണുപ്പിനെ അതിജീവിക്കാനാണ് ഈ വിധത്തിലുള്ള നിർമ്മിതി. മഴ, തണുപ്പ്, എന്നിവയിൽ നിന്നുള്ള സംരക്ഷണം ഉദ്ദേശിച്ച് ജനലുകളോ കിളിവാതിലുകളോ ഉണ്ടാക്കാറില്ല. രണ്ട് മുറികളായി തിരിച്ചിട്ടുള്ള ഇതിൽ ഒന്ന് അടുക്കളയും മറ്റേത് കിടപ്പുമുറിയുമാണ്. ഇരിക്കാനും കിടക്കാനും സാധനങ്ങൾ സൂക്ഷിക്കാനും പ്രത്യേകം തട്ടുകൾ സജ്ജീകരിക്കാറുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നു രക്ഷനേടാൻ ഏറുമാടം ഉണ്ടാക്കുന്ന പതിവുമുണ്ട്. മുൻകാലങ്ങളിൽ കൃഷിയിടങ്ങൾക്കു സമീപം ഏതെങ്കിലും വൻ വൃക്ഷങ്ങളുടെ ചുവട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനും പകൽ വിശ്രമത്തിനുമായി അടുക്കളെ എന്നുപേരുള്ള ചെറിയ മാടങ്ങളും വൃക്ഷത്തിനു മുകളിൽ സാമാന്യം വലിപ്പത്തിൽ രാത്രികാലതാമസത്തിനായി അടുക്കളമാടാ എന്ന വീടും ഇവർ നിർമ്മിച്ചിരുന്നു.

മൂപ്പൻ 

ഊരാളികളുടെ കുടികൾക്ക് തലവനായി “കാണിക്കാര'നുണ്ട്. ഗോത്രത്തിലെ പ്രശ്നങ്ങളും വിശേഷസന്ദർഭങ്ങളും കാണിക്കാരൻ അറിഞ്ഞിരിക്കണം. പ്രശ്നപരിഹാരം നിർദേശിക്കുക, കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കുക തുടങ്ങിയ അധികാരങ്ങൾ കാണിയിൽ നിക്ഷിപ്തമാണ്. ഗോത്രത്തിന് പുറത്തുള്ളവരുമായി ആശയവിനിമയം നടത്തുന്നത് കാണിയാണ്. ചികിത്സാവിധികൾ, മാന്ത്രികകർമങ്ങൾ എന്നീ അവസരങ്ങളിൽ പ്രധാനി "പ്ലാത്തി" (പിലാത്തി)യാണ്. അഭൗമശക്തികളുടെ ഉപദ്രവത്തിൽ നിന്നു രക്ഷനേടാൻ ഇവർ പ്ലാത്തിയുടെ സഹായം തേടുന്നു. മാന്ത്രികാനുഷ്ഠാനങ്ങൾ നടത്തുന്ന സമയം പ്ലാത്തിയിൽ ദൈവം ആവേശിക്കുമെന്നും അയാളിലൂടെ ദൈവം സംസാരിക്കുമെന്നും ഇവർ വിശ്വസിക്കുന്നു. വിവാഹം കൃഷി, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ മുഖ്യസ്ഥാനം പ്ലാത്തിയ്ക്കാണ്.

കൃഷി

പുനംകൃഷിയുടെ പ്രയോക്താക്കളാണ് ഊരാളികൾ. ഭൂനിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കൃഷിപ്പണികൾക്കൊപ്പം കൂലിപ്പണികളിലും ഇവർ ഏർപ്പെട്ടു. വനവിഭവശേഖരണവും മത്സ്യബന്ധനവും വേട്ടയാടലുമാണ് ഇവരുടെ മറ്റ് ഉപജീവനമാർഗങ്ങൾ. കാർഷിക വ്യത്തിയുടെ ഓരോ ഘട്ടങ്ങളിലും മലദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള കർമങ്ങൾ പിലാത്തിയുടെ കാർമികത്വത്തിൽ ഇവർ അനുഷ്ഠിക്കും. പൊതുകൃഷി നടത്തുന്നതിനുള്ള പൂജാദികൾക്കുവേണ്ടി എണ്ണ, തേങ്ങ മുതലായവ എല്ലാവരും എത്തിക്കണം. വിപുലമായ സദ്യയുമുണ്ടാകും. ആദ്യം വിതയ്ക്കുന്നത് പിലാത്തിയാണ്. വന്യ മൃഗങ്ങളുടെ ശല്യം കൃഷിയിടത്തിനുണ്ടാകാതിരിക്കാൻ ഒരു കോണിൽ ജപിച്ച കല്ല് വെയ്ക്കുന്നു. വിളവെടുപ്പിനും പിലാത്തിയുണ്ടാകും. മന്ത്രങ്ങൾ ജപിച്ച് പിലാത്തി ഒരുപിടി കതിർ കൂട്ടിപ്പിടിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ അതുമുറിക്കണം. തുടർന്ന് എല്ലാവരും ചേർന്ന് വിളവെടുപ്പു നടത്തും. വൃതാനുഷ്ഠാനങ്ങളോടെയാണ് ഓരോരുത്തരും വിളവെടുപ്പിൽ പങ്കുകൊള്ളണ്ടത്. വിളവെടുപ്പിനുശേഷം പുത്തരിയൂണ് നടത്തും. കാർഷികവൃത്തിയുമായി ബന്ധപ്പെട്ട പ്രധാന ആചാരങ്ങളിൽ ഒന്നാണിത്.

ജനനം

പ്രസവം നടക്കുന്നത് പള്ളിപ്പുരയിലാണ്. പ്രസവം കഴിഞ്ഞ് ഇരുപത്തിയൊന്നുദിവസം അമ്മയും കുഞ്ഞും ഇതിൽ ജീവിക്കണം. ജനനം നടന്നാലുടൻ ഗോത്രാംഗങ്ങളെ അറിയിക്കാൻ മുളകുംഭം ഇടിക്കുന്ന ചടങ്ങുണ്ട്. വലിയ മുളങ്കുറ്റി തറയിലിടിച്ച് ശബ്ദമുണ്ടാക്കുന്നു. പെൺകുട്ടിയാണ് ജനിച്ചതെങ്കിൽ നാലു പ്രാവശ്യവും ആൺകുട്ടിയാണെങ്കിൽ അഞ്ചു മുതൽ ഏഴുവരെ പ്രാവശ്യവും ഒരു വലിയ മുളങ്കുറ്റി തറയിലിടിച്ച് ശബ്ദ മുണ്ടാക്കുന്നു. കുംഭമിടിച്ച് ശബ്ദമുണ്ടാക്കുമ്പോൾ കുടുംബത്തിൽ ആർക്കെങ്കിലും മലദൈവങ്ങളുടെ അനുഗ്രഹം ഉണ്ടാവുകയും ആ വ്യക്തി, അമ്മയ്ക്കും കുഞ്ഞിനും ബാധകളുണ്ടെങ്കിൽ തുള്ളിപ്പറയുകയും ചെയ്യുമെന്നും ഇവർ വിശ്വസിക്കുന്നു. അതിനുള്ള പ്രതിവിധികളും ഊരാ ളികൾക്കുണ്ട്. 

തിരണ്ടുകല്യാണം 

രജസ്വലയാകുന്ന പെൺകുട്ടി പതിനാറുദിവസം പളപ്പുരയിൽ ജീവിക്കണം, പതിനാറാംനാൾ കസ്തുരിമഞ്ഞൾ, തേൻ എന്നിവ ചേർത്ത് കുഴച്ച് ശരീരത്തിൽപ്പുരട്ടി കുളിപ്പിച്ച് മധുരം നൽകി അശുദ്ധി നീക്കുന്നു. പ്രായമായ ഒരു സ്ത്രീയുടെ കാർമികത്വത്തിലാണ് ഇത് നടത്തുന്നത്. മാസമുറക്കാലങ്ങളിൽ എട്ടു ദിവസം സ്ത്രീകൾ പളളപ്പുരയിൽ കഴിയണം. ഋതുവാകുന്ന കാലങ്ങൾ, പ്രസവകാലങ്ങൾ എന്നീ അവസരങ്ങളിൽ സ്ത്രീകൾ “പള്ളപ്പുര'യിലാണ് ജീവിക്കുന്നത്. വീട്ടിൽ നിന്നും അകലെ നിർമിക്കുന്ന പള്ളപ്പുരയിൽ ഇക്കാലത്ത് സ്ത്രീകൾ ഒറ്റയ്ക്ക് ജീവിക്കണമെന്നും പുരുഷന്മാരെ കാണരുതെന്നും ഗോത്രവിലക്കുണ്ടായിരുന്നു.

വിവാഹം 

മുറപ്പെണ്ണിനെ വിവാഹം കഴിക്കുന്ന രീതി പിന്തുടർന്നിരുന്ന ഗോത്ര വർഗമാണ് ഊരാളികൾ. മുറപ്പെണ്ണില്ലാത്ത പുരുഷന് വിവാഹം നിഷിദ്ധ മായിരുന്നു. “ഒന്നിലധികം മുറപ്പെണ്ണുങ്ങൾ ഉള്ളവർ മുറച്ചെറുക്കന്മാരുടെ അഭാവത്തിൽ എല്ലാ മുറപ്പെണ്ണുങ്ങളെയും ഭാര്യമാരാക്കിയിരുന്നു. എന്നാൽ ഇതു തിരിച്ചാണെങ്കിൽ സ്ത്രീകൾക്ക് ബഹുഭർതൃത്വം അനുവദനീയമല്ലായിരുന്നു. ഊരാളികളുടെ വിവാഹച്ചടങ്ങുകൾ വധൂഗൃഹത്തിലാണ് നടക്കുന്നത്. ഗോത്രാംഗങ്ങളെ ഒന്നടങ്കം ക്ഷണിച്ചു നടത്തുന്ന വിപുലമായ ചടങ്ങല്ല ഊരാളി വിവാഹങ്ങൾ. വധൂവരന്മാർ പരസ്പരം മുറുക്കാൻ കൈമാറുന്നതാണ് പ്രധാന ചടങ്ങ്. തുടർന്ന് വരന്റെ വീട്ടിലേക്ക് യാത്രയാകും. അധികം വൈകാതെ നവദമ്പതികൾ പുതിയ വീട് നിർമിച്ച് മാറിതാമസിക്കുന്ന സമ്പ്രദായമാണ് ഇവർ പിന്തുടരുന്നത്.

മരണം 

കുടിയിൽ ഒരു മരണം നടന്നാൽ ഗോത്രത്തിലെ അംഗങ്ങൾ എല്ലാവരും മൃതദേഹം കാണും. ഒരു ദിവസം കഴിഞ്ഞാണ് ശവസംസ്കാരം നടത്തുന്നത്. മരണാനന്തരകർമങ്ങൾക്കുവേണ്ടി മൃതദേഹം കുളിപ്പിച്ച് തെക്കുവടക്കായി കിടത്തും. കർമ്മങ്ങൾക്ക് നേത്യത്വം നൽകുന്നത് പിലാത്തിയാണ്. ഊരാളികൾക്ക് ശ്മശാനം (ചുടുകാട്) ഇല്ലാത്തതിനാൽ മൃതദേഹം കുടിയിൽ നിന്നും അകലെ എവിടെയെങ്കിലുമാണ് മറവുചെയ്യു ന്നത്. കുഴിയുടെ അടിയിൽ മുളങ്കമ്പുകൾ നിരത്തിയശേഷം മൃതദേഹം അതിനുമുകളിൽ വെച്ച് മന്ത്രം ജപിച്ച് പിലാത്തി മണ്ണിടും. തുടർന്ന് മരിച്ചയാളുടെ വസ്ത്രങ്ങളും ആയുധങ്ങളും കുഴിയിൽവെച്ച് മണ്ണിട്ട് മൂടും. അരിയും പുഷ്പങ്ങളും കുഴിമാടത്തിനു മുകളിൽ വിതറിയിടുന്നു. പരേതാത്മാവിന്റെ ശല്യമുണ്ടാകാതിരിക്കാൻ വെള്ളാരംകല്ല് ജപിച്ച് വീടിന്റെ മൂലയിൽ കുഴിച്ചിടുന്ന രീതിയും ഊരാളികൾക്കിടയിലുണ്ട്. പതിനാറാം ദിവസം അടിയന്തിരം നടത്തും. സുപ്രധാന ദിവസങ്ങളിലെല്ലാം പരേതാത്മാക്കൾക്ക് വേണ്ട പൂജാദികർമങ്ങൾ നടത്തുന്നവരാണിവർ.

വിശ്വാസം 

ശബരിമല അയ്യപ്പൻ, മധുര മീനാക്ഷി, ഭഗവതി, മലദേവത, മലമൂത്തന്മാർ, പരേതാത്മാക്കൾ എന്നിവരെ ആരാധിക്കുന്നവരാണ് ഊരാളികൾ. ബാധ, രോഗങ്ങൾ എന്നിവയകറ്റുന്ന പിലാത്തിയാണ് ആരാധനാക്രിയകളിലും മുഖ്യകാർമികൻ. പിലാത്തിയാകുന്നതിന് പ്രത്യേകം ഈശ്വരാധീനം ഉണ്ടാകണമെന്നും വനദേവതകൾ ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ കാടിനുള്ളിലെത്തിച്ച് മന്ത്രങ്ങൾ പഠിപ്പിക്കുമെന്നും ഇവർ വിശ്വസിക്കുന്നു. ഈ വിധത്തിൽ അനുഗ്രഹങ്ങൾ കിട്ടുന്നവർ പിന്നീട് മുടിമുറിക്കാൻ പാടില്ലെന്നും പഴവർഗങ്ങളും തേനും ഭക്ഷിച്ച് വൃതാനുഷ്ഠാനങ്ങളോടെ ചിട്ടയായ ജീവിതം നയിക്കണമെന്നുമാണ് വിശ്വാസം, ശത്രുദോഷം, കലിദോഷം, ശനിദോഷം എന്നിവയും നിരവധി മാറാരോഗങ്ങളും ദൈവികാരാധനയിലൂടെയും മന്ത്രങ്ങളിലൂടെയും മാറ്റാൻ കഴിയുമെന്ന് ഊരാളികൾ വിശ്വസിക്കുന്നു.

അവലംബം

1) 1

2) കിർത്താഡ്‌സ് കൈപ്പുസ്തകം 2016-2017

മലമ്പണ്ടാരം / മലൈ പണ്ടാരം

കൊല്ലം പത്തനംതിട്ട ജില്ലകളിലെ അച്ചൻകോവിൽ, മുള്ളുമല, ഗവി, മൂഴിയാർ, ആങ്ങമൂഴി, ചാലക്കുഴി, പമ്പ എന്നിവിടങ്ങളിൽ താമസിക്കുന്ന ഗോത്രവിഭാഗമാണ് മലൈ പണ്ടാരം. 2011 കാനേഷുമാരി പ്രകാരം ഇവരുടെ ആകെ ജനസംഖ്യ 2422 ആണ്. ഇതിൽ സ്ത്രീകൾ 1195 ആണെകിൽ പുരുഷന്മാരുടെ എണ്ണം 1227 ആണ്.  60.2 ശതമാനമാണ് ഇവരുടെ സാക്ഷരതാ നിരക്ക്. പ്രാകൃത ജീവിതരീതിയിൽ നിന്നും (Nomadic style of life) പൂർണ്ണമായി മുക്തി നേടിയിട്ടില്ലാത്തവരാണ് മലമ്പണ്ടാരങ്ങൾ. വനവാസികളുടെ ഭൗതികലക്ഷണങ്ങളെല്ലാം തികഞ്ഞ കൂട്ടരാണിവർ. കാട്ടിൽ അലഞ്ഞുതിരിഞ്ഞാണ് ഇവർ ജീവിയ്ക്കുന്നത്. സമാധാനപരമായ ജീവിതരീതിയാണ് ഇവർ നയിക്കുന്നത്. കഴിവതും വഴക്കും സംഘട്ടനങ്ങളും ഒഴിവാക്കാൻ ശ്രമിക്കുന്നു. മലമ്പണ്ടാരങ്ങളെ സമാധാനസമൂഹം എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഉൽപ്പത്തി

തമിഴ്നാട്ടിലെ തിരുനെൽവേലിയിൽനിന്നും കേരളത്തിലേക്ക് കുടിയേറി പാർത്തവരാണെന്ന് വിശ്വസിക്കപ്പെടുന്നു.

ജനനം

പ്രസവിച്ച സ്ത്രീയ്ക്കും കുട്ടിയ്ക്കും തീണ്ടൽ ഉള്ളതിനാൽ മറ്റൊരു വീട്ടിലാണ് താമസം. കാട്ടിൽനിന്ന് വലിയ വീതിയുള്ള ഇലകൾ ശേഖരിച്ച് അത് കമ്പിൽ കോർത്ത് കൂടാരം പോലെ വീടുകൾ നിർമ്മിക്കുന്നു. ഇതിനകത്താണ് പ്രസവം നടക്കുന്നത്. പ്രസവരക്ഷയ്ക്കായി ഉടുമ്പ് ഇറച്ചി കഴിക്കുന്നു. ഇത് ചുട്ടാണ് കഴിക്കുന്നത്. "ഉതിപ്പട്ട" തിളപ്പിച്ച ജലംകൊണ്ടാണ് പ്രസവിച്ച സ്ത്രീകളെ കുളിപ്പിക്കുന്നത്. കുളി പത്ത് ദിവസം കാണും. അതിനുശേഷം മറ്റൊരു വീടുണ്ടാക്കി അതിൽ താമസമാക്കും. മൂന്നുമാസം ആ വീട്ടിൽ താമസിക്കണമെന്നാണ്. കുഞ്ഞുങ്ങളുടെ പരിപാലനം മറ്റ് സമുദായക്കാരെപ്പോലെ തന്നെ ഇവർക്കും അമ്മമാരുടെ അവകാശമാണ്. കുട്ടികളെ വളരെ ചെറുപ്പത്തിൽതന്നെ മൂർച്ചയുള്ള ആയുധങ്ങൾ ഉപ യോഗിക്കുവാൻ പരിശീലിപ്പിക്കുന്നു. ആറ് വയസ്സാകുമ്പോഴേക്കും കുട്ടി സ്വയംപര്യാപ്തനാവുകയും, മാതാപിതാക്കളോട് മമത കുറയുകയും മുതിർന്ന ആളുകളോട് ഇടപെടുകയും ചെയ്യുന്നു.

തിരണ്ടുകല്യാണം 

ഒരു പെൺകുട്ടി ഋതുമതിയാകുന്ന ദിവസം മറ്റ് സ്ത്രീകളെല്ലാംകൂടി ചേർന്ന് ഈ പെൺകുട്ടിയെ തോട്ടിൽ കൊണ്ടുപോയി കുളിപ്പിച്ച് കൊണ്ടുവന്നതിനുശേഷം ഒരു കുടിൽ കെട്ടി അതിൽ പുറംലോകം കാണാതെ ഏഴ് ദിവസം കഴിയണം. ഇലകൾകൊണ്ട് തീർത്ത കുടിലാണ് കെട്ടുന്നത്. സൂര്യപ്രകാശം അകത്തോട്ട് കടക്കാത്ത തരത്തിലുള്ള കുടിലാണ് കെട്ടുന്നത്. ആർത്തവകാലത്തും ഈ കുടിലിൽ തന്നെയാണ് കഴിയേണ്ടത്. അവിടെ മറ്റാരും ഉണ്ടാവില്ല. പുരുഷന്മാരെ കാണുവാൻ പറ്റില്ല. പുറത്തിറങ്ങുമ്പോൾ തല മൂടിപുതച്ചാണ് ഇറങ്ങുന്നത്, തനിയെ ആഹാരം പാകം ചെയ്ത് കഴിക്കണം.

വിവാഹം

വിവാഹത്തിന് പ്രത്യേക ചടങ്ങുകൾ ഒന്നുംതന്നെയില്ലാത്ത വിഭാഗമാണ് മലമ്പണ്ടാരങ്ങൾ, ഇഷ്ടപ്പെട്ട സ്ത്രീയുടെയോ, പുരുഷന്റെ കൂടെയോ താമസിക്കുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്, ഒരു പുരുഷനും ഒന്നിലധികം ഭാര്യമാരും ഒരു കുടിലിൽ തന്നെ കഴിയുന്നത് കാണാമായിരുന്നു. ചെറുക്കൻ, ഇഷ്ടപ്പെട്ട പെണ്ണിന്റെ പിതാവിന് പുകയിലയും, വസ്ത്രവും കൊടുത്ത് പെണ്ണിനെ വിളിച്ചുകൊണ്ടുപോകുന്നു. പെൺകുട്ടിയുടെ കഴുത്തിൽ മുത്തുമാല അണിയിക്കുകയും ചെയ്യുന്നു. പുരുഷന് ഒന്നിലധികം ഭാര്യമാർ ആകാം. സ്ത്രീയ്ക്ക് പല ഭർത്താക്കന്മാർ
ഉള്ളതായി കാണുന്നില്ല. വളരെ പ്രായംകുറഞ്ഞ പെൺകുട്ടികളെയും ഭാര്യമാരാക്കുന്ന രീതി ഇവർക്കിടയിലുണ്ട്. എന്നാൽ ഇന്ന് ഈ രീതിയ്ക്ക് ധാരാളം മാറ്റം വന്നു. മുറപ്പെണ്ണിനെ വിവാഹം കഴിക്കുന്ന രീതിയാണ് ഇന്നുള്ളത്.

മരണം

മറ്റെല്ലാ ആദിവാസി ഗോത്രങ്ങളെപ്പോലെ മരണവുമായി ബന്ധപ്പെട്ട് ഇവർക്ക് കൂടുതൽ ചടങ്ങുകൾ ഒന്നുംതന്നെയില്ല. ഒരാൾ മരിച്ചാൽ മ്യതദേഹം ഇലകൾകൊണ്ട് മൂടിയിട്ടതിനുശേഷം അതിന്റെ മുകളിൽ താമസിക്കുന്ന വീടും പൊളിച്ചിടുന്നു. തുടർന്ന് ആ മല വിട്ട് അടുത്ത മലയിലേക്ക് കയറിപോകുന്നു. പിന്നെ വർഷങ്ങൾ കഴിഞ്ഞായിരിക്കും ആ ഭാഗത്ത് വരുന്നത്. സ്ഥിരതാമസമില്ലാത്ത മലമ്പണ്ടാരങ്ങളുടെ ഇടയിൽ ഈ രീതി ഇന്നും നിലനില്ക്കുന്നു. ധാരാളം ആളുകൾ ഇപ്പോഴും കാടുകളിൽ കൂടി നടക്കുന്നുണ്ട്. അവർ ഈ രീതിതന്നെയാണ് ഇന്നും തുടരുന്നത്.
എന്നാൽ സ്ഥിരതാമസക്കാരായ ആളുകൾ മരണാനന്തര കർമ്മങ്ങൾ നടത്തിവരുന്നു.

വിശ്വാസങ്ങൾ

ഇവർ മലദൈവങ്ങളിൽ വിശ്വസിക്കുന്നു. തൊണ്ണൂറ്റിയൊൻപത് മലദൈവങ്ങളാണ് ഇവരെ കാത്തുരക്ഷിക്കുന്നത് എന്നൊരു വിശ്വാസം ഇവരുടെയിടയിലുണ്ട്, തേവർമല, മുളങ്കോട്ടി, ഇലവങ്കംമല, തലപ്പാറമല, കരിമല, കിഴക്കേപുളിക്കൽ, നിലയ്ക്കൽമല, കോടമല തുടങ്ങിയ മലകളാണ് തൊണ്ണൂറ്റൊൻപത് മലദൈവങ്ങളായി വിളിച്ചുവരുന്നത്. ഈ മലകളുടെ സമീപത്തേക്ക് പോകുമ്പോൾ വളരെ ഭക്തിയോടും പ്രാർത്ഥനയോടുംകൂടിയാണ് പോകുന്നത്. സ്ത്രീകൾ അവിടേക്ക് പോകാറില്ല. മരിച്ച ആളുകളുടെ ആത്മാക്കൾ, ബാധ, ദുർദേവന്മാർ എന്നിവരെ ഇവർ അങ്ങേയറ്റംയപ്പെടുന്നു. അതിൽനിന്നും രക്ഷ നേടുന്നതിനായി ഇവർ മന്ത്രങ്ങൾ ചൊല്ലുന്നു. ഇവരുടെയിടയിൽ കാര്യങ്ങൾ പ്രവചിക്കുന്ന വ്യക്തി ഉണ്ടായിരിക്കും. ഇയാൾ "തുള്ളൽക്കാരൻ' എന്ന പേരിലാണ് അറിയപ്പെടുന്നത്. ചാരായം, മുറുക്കാൻ എന്നിവ വച്ചതിനു ശേഷമാണ് തുള്ളി പറയുന്നത്. അസുഖങ്ങൾക്ക് മന്ത്രങ്ങൾ ചൊല്ലി ഇല്ലാതാക്കുന്ന രീതിയാണ് ഇവരുടെയിടയിലുള്ളത്. അതുപോലെ മൃഗങ്ങളിൽനിന്നും രക്ഷനേടുന്നതിനുള്ള മന്ത്രവും കാണുവാൻ കഴിയും. 

വീട്

കൂട്ടംകൂട്ടമായി വനാന്തർഭാഗങ്ങളിലൂടെ അലഞ്ഞ് നടക്കുകയും പാറയിടുക്കുകളിലും, മരപ്പൊത്തുകളിലും, ഗുഹകളിലും വസിക്കുകയും ചെയ്യുന്നു. ഒന്നോ രണ്ടോ കുടുംബങ്ങൾ ഒന്നിച്ചാണ് ഇവരുടെ യാത്ര, വളരെ കുറച്ച് സമയം മാത്രമേ ഇവർ ഒരു സ്ഥലത്ത് താമസിക്കാറുള്ളൂ. ആഹാര സാധനങ്ങളുടെ ലഭ്യതക്കുറവ്, കാലാവസ്ഥ, മരണം തുടങ്ങിയ കാരണങ്ങളാൽ ഇവർ താമസസ്ഥലം പെട്ടെന്ന് മാറിപ്പോകും. ഇവർ മഴയുടെ കാഠിന്യംകൊണ്ട് ചെറിയ വീടുകൾ ഉണ്ടാക്കുന്നു. ഒരു തൂണിലാണ് വീട് ഉണ്ടാക്കുന്നത്. ഒറ്റ മുറി മാത്രം ഉള്ളവയായിരിക്കും വീടുകൾ. 

ജീവനോപാധി

കാട്ടിലൂടെ അലഞ്ഞുനടന്ന് വനവിഭവങ്ങൾ ശേഖരിക്കുക എന്നത് ഇവരുടെ സ്വഭാവ സവിശേഷതയാണ്. സർക്കാർ ഇവർക്ക് വീടുവെച്ചു കൊടുത്തിട്ടുണ്ടെങ്കിൽപോലും അതിൽ താമസിക്കാതെ കാട്ടിൽ താമസിക്കാനാണ് ഇവർക്ക് താൽപര്യം. സ്ഥിരതാമസക്കാരായ മലമ്പണ്ടാരങ്ങൾ വനവിഭവങ്ങൾ ശേഖരിക്കാൻ കൂട്ടത്തോടെയാണ് പോകുന്നത്. അഞ്ചോ, പത്താ ആളുകൾ ചേർന്ന സംഘമായാണ് വനത്തിലേക്ക് പോകുന്നത്. രണ്ടും മൂന്നും ആഴ്ചത്തേക്കാണ് പോകുന്നത്. തങ്ങൾക്ക് കഴിക്കാനുള്ള ആഹാരവും മറ്റും ഇവർ കൊണ്ടുപോകുന്നു. പ്രധാനമായും ഇവർ ശേഖരിക്കുന്നത് കുന്തിരിക്കം, തേൻ, ചൊന്നാമ്പു തുടങ്ങിയ വിഭവങ്ങളാണ്. സ്ത്രീകൾ അവരടങ്ങുന്ന സംഘവും, പുരുഷന്മാർ അവരടങ്ങുന്ന സംഘങ്ങളായിട്ടാണ് കാട്ടിലേക്ക് പോകുന്നത്. ചില സന്ദർഭങ്ങളിൽ ഭാര്യയും ഭർത്താവും ഒന്നിച്ചു പോകാറുണ്ട്. മറ്റ് ആദിവാസികളിൽനിന്നുള്ള ഒരു പ്രത്യേകതയാണ് സ്ത്രീകളും മരത്തിൽ കയറി തേൻ എടുക്കും എന്നുള്ളത്.

ഇവർ കാട്ടിൽ സ്വതന്ത്രമായി വിഹരിക്കുമ്പോൾ ഇവരോടൊപ്പം കൂട്ടിനായി പട്ടി ഉണ്ടായിരിക്കും. ഇതിനെ വേട്ടപ്പട്ടി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് അവരുടെ സന്തത സഹചാരിയായി എപ്പോഴും കൂടെ കാണും.

 

അവലംബം

1) 1

2) കിർത്താഡ്‌സ് കൈപ്പുസ്തകം 2016-2017

 

കരിമ്പാലൻ

2002ലെ ഭരണഘടനാ ഭേദഗതിയോടെ പട്ടിക വർഗ വിഭാഗമായി പരിഗണിക്കുന്ന ഗോത്ര സമുദായമാണ് കരിമ്പാലർ. കോഴിക്കോട് ജില്ലയിലെ കാക്കൂർ, നന്മണ്ട, ചേളന്നൂർ, പൂനൂർ, താമരശ്ശേരി എന്നിവിടങ്ങളിലും കണ്ണൂർ ജില്ലയിലെ ആലക്കോട്, തളിപ്പറമ്പ എന്നിവിടങ്ങളിലും വയനാട് ജില്ലയിലെ ചില ഭാഗങ്ങളിലും ആണ് കരിമ്പാലർ കൂടതലായി കാണപ്പെടുന്നത്. ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിലും രണ്ടാം സ്ഥാനം കോഴിക്കോടിനും കുറവ് വയനാട് ജില്ലയിലുമാണ്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട കുടുംബങ്ങൾ ജോലി ആവശ്യാർത്ഥം വസിക്കുന്നു. കാട്ടൂരില്ലം, കണ്ണൂരില്ലം, മണിയമ്പ ഇല്ലം, ആദികൊടശ്ശേരി ഇല്ലം തുടങ്ങിയവ കരിമ്പാലരുടെ ചില ഇല്ലങ്ങളാണ്. ആദ്യം മൂന്നില്ലങ്ങളും പിന്നീട് അഞ്ചും കാലക്രമത്തിൽ ഒമ്പതും ഇരുപത്തി ഒന്നിലും എത്തിയിരിക്കുന്നു. 2011 കാനേഷുമാരി പ്രകാരം 14098 ആണ് ഇവരുടെ ആകെ അംഗ സംഖ്യ. ഇതിൽ 7196 ത്രീകളും 6902 പുരുഷന്മാരും ഉൾപ്പെടുന്നു.മുഷി പ്രധാന ഉപജീവനമാർഗമായി കാണുന്ന ഇവരിൽ പ്ലാന്റേഷൻ തൊഴിലാളികളെയും ധാരാളമായി കാണാൻ സാധിക്കും. 


സ്ത്രീ ജീവിതങ്ങൾ 

കരിമ്പാല സമുദായത്തിന്റെ ആചാരപ്രകാരം ഒരു സ്ത്രീ ഗർഭിണി ആണെന്നറിഞ്ഞാൽ ആ സ്ത്രീ ആവശ്യപ്പെടുന്ന ഇഷ്ടപ്പെട്ട ആഹാരങ്ങളും വസ്തുക്കളും എത്തിച്ചുകൊടുക്കാൻ ഭർത്താവ് ബാധ്യസ്ഥനാണ്. "ഗർഭപൂതി' എന്നാണ് ഇതിന് പറയുന്നത്. ഗർഭിണിയായ സ്ത്രീക്ക് പ്രത്യേക പരിഗണന നൽകാറുണ്ട്. ഗോത്രത്തിലെ തന്നെ മുതിർന്ന സ്ത്രീ പരിചാരികയായിട്ടുണ്ടാകും. കഴിവില്ലാത്തവർക്ക് പരിചരിക്കാൻ വീട്ടുകാർ തന്നെയാണുണ്ടാവുക. മിതമായ രീതിയിൽ ഗർഭിണി അനുഷ്ഠിക്കേണ്ട പ്രവർത്തികളെല്ലാം ചെയ്യിക്കും. നെല്ല് കുത്തുക, വെള്ളം കോരുക, മുറ്റമടിക്കുക എന്നീ ജോലികൾ ചെയ്യിക്കും. സുഖപ്രസവത്തിന് ഇത്തരത്തിലുള്ള വ്യായാമം ആവശ്യമാണെന്നാണ് പൂർവ്വികരുടെ സിദ്ധാന്തം. മൂന്നാംമാസം മുതൽ ചില പ്രത്യേക ചടങ്ങുകൾ നടത്താറുണ്ട്. എണ്ണമന്ത്രം, തിരിയുഴിച്ചിൽ, ചരട് ജപിച്ചു കെട്ടൽ എന്നിങ്ങനെയുള്ള കർമ്മങ്ങളാണുള്ളത്. ഗർഭിണിയുടെയും കുഞ്ഞിന്റെയും ആരോഗ്യസംരക്ഷണത്തിന് പരമ്പരാഗതമായി ആയുർവേദ സമ്പ്രദായത്തിലുള്ള പച്ചമരുന്നുകളാണ് ഇവർ ഉപയോഗിക്കുന്നത്. തേച്ചു കുളിയും കുറുന്തോട്ടി കഷായവും പതിവായി ഉപയോഗിക്കും. നാട്ടു വൈദ്യത്തിനാണ് മുൻ‌തൂക്കം. 

ഗർഭിണിയെ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനെ പറ്റി ആലോചിക്കാൻ പിതാവും അമ്മയും കൂടെ ഭർതൃഗൃഹത്തിലെത്തി ഉദ്ദേശം അറിയിക്കും. വീട്ടുകാരുമായി ആലോചിച്ചു നല്ല മുഹൂർത്തം നിശ്ചയിക്കുന്നതിന് കണിയാരെ കാണാൻ തീരുമാനിക്കുകയാണ് ഇപ്പോൾ പതിവ്. മുൻ കാലങ്ങളിൽ ഇത് ഊര് മൂപ്പന്മാരമോ കാവിലെ കോമരമോ അറിയിക്കുയന്ന ദിവസമാണ് നല്ല ദിവസമായി കണക്കാക്കാറ്. കൂട്ടികൊണ്ടു പോകുന്നതിനു 'ഇണങ്ങത്തി'യും ബന്ധപ്പെട്ട കുടുംബങ്ങളും വരും. മാംസാഹാരം ഇല്ലാത്ത സദ്യ ഉണ്ടാകും. തടുർന്ന് വിളക്കും നിറയും വെച്ച് ഗുരു കാരണവന്മാരേ വന്ദിച്ചാണ് വീട്ടിൽ നിന്നിറങ്ങുന്നത്. സ്വന്തം വീട്ടിലെത്തുമ്പോഴും ഇത്രയും ചടങ്ങുകൾ ഉണ്ടാകും. എന്നാൽ ഇതോടനുബന്ധിച്ചു പ്രത്യക അനുഷ്ഠാനകലകൾ ഒന്നും നടത്താറില്ല. 5, 7, 9, എന്നീ ഏതെങ്കിലും ദിവസങ്ങളിൽ 'ബലിക്കള' എന്ന ചടങ്ങുണ്ട്. ഈ ചടങ്ങു നടത്തുന്നത് മലയ സമുദായത്തിൽ പെടുന്ന ആളുകളാണ്. ചെണ്ടയും അരിപ്പറ എന്ന പ്രത്യക വാദ്യവും ഉണ്ടാകും. ഭദ്രകാളിയുടെയും കുട്ടിച്ചാത്തൻറെയും തോറ്റൻ പാട്ടുകളാണ്‌ ഈ ചടങ്ങിന് പാടാറുള്ളത്. കരുകലക്കി, പിള്ളതീനി എന്നീ ദുർമന്ത്രവാദികളുടെ ശല്യത്തിൽ നിന്ന് ഗർഭിണിയെയും കുഞ്ഞിനേയും രക്ഷിയ്ക്കുക എന്നതാണ് ചടങ്ങിന്റെ ഉദ്ദേശ്യം. 

പുലർച്ചെ ഗുളികൻകെട്ട് എന്ന ചടങ്ങുണ്ട്. അത് കഴിഞ്ഞു പുളിയില കുത്തിപ്പിഴിഞ്ഞ നീര് ഭർത്താവിന്റെ കൈകൊണ്ട് ഗർഭിണിയ്ക്ക് നൽകുന്ന ചടങ്ങിനെയാണ് 'പുളികുടിബലിക്കള' എന്ന് പറയുന്നത്. പ്രസവത്തോടനുബന്ധിച്ചു ബന്ധുമിത്രാദികൾ ഗർഭിണിയെ കാണാൻ വരും. ബലിക്കള നടത്തിയാലും ഇല്ലെങ്കിലും 'വള്ളിയും തേങ്ങയും വെട്ടുക' എന്ന ചടങ്ങു കൂടിയുണ്ട്. 

ജനിച്ചകുട്ടി ആണാണെങ്കിൽ ഊരിലെ പ്രധാനപുരുഷന്മാരെല്ലാം വന്നു മൂന്നുവട്ടം ഉച്ചത്തിൽ കൂക്കിവിളിക്കും. എന്നാൽ പെൺകുട്ടിയാണെങ്കിൽ പ്രത്യക ചടങ്ങുകൾ ഒന്നും നടത്താറില്ല. 

ജനനവുമായി ബന്ധപ്പെട്ടു 16 ദിവസത്തെ പുല ആചരിക്കുന്ന ഇവർ പതിനഞ്ചാമത്തെ ദിവസം പതിനഞ്ചുകുളി എന്ന ചടങ്ങു നടത്താറുണ്ട്.  ഏഴുദിവസം കൂടുമ്പോൾ ഒരു താളിയായി കണക്കാക്കി പ്രത്യക കുളി നടത്താറുണ്ട്. ഇങ്ങനെ കുളിപ്പിക്കുന്നതിനു ഇണങ്ങാത്തികളാണ് പങ്കെടുക്കേണ്ടത്. ഇണങ്ങാത്തികൾ പങ്കെടുത്തില്ലെങ്കിൽ പുല തീരില്ലെന്നാണ് വിശ്വാസം. 

ഗുരുകാരണവന്മാർക്കും കുലദൈവത്തിനും നേർച്ചയും നല്ല സദ്യയും ഉണ്ടാകും. വീട് ശുദ്ദിയാക്കുന്നതിനു ഏതെങ്കിലും ക്ഷേത്രങ്ങളിലെ ശാന്തിക്കാരായ തിരുമേനിമാർ തയ്യാറാക്കി തന്ന പുണ്യാഹം വീടും കിണറും വീട്ടിലുള്ളവരെയും തളിച്ച് ശുദ്ധമാകും. അതിനോടനുബന്ധിച്ചു അനുഷഠാന കലകളൊന്നും ഉണ്ടാകാറില്ല. ജനിച്ചു ഇരുപ്പത്തിയെട്ടാമത്തെ ദിവസമാണ് പാലുകുടി ചടങ്ങു്. ഭർത്താവിന്റെ വീട്ടുകാരും ക്ഷണിക്കപ്പെട്ട ബന്ധുക്കളും ഉണ്ടാകും. കുട്ടിയുടെ അറയിൽ കെട്ടാൻ കറുത്തനൂലോ വെള്ളി ആഭരങ്ങളോ ഉണ്ടാകും. ജനിച്ചു ആറാമത്തെ മാസത്തിലാണ് ചോറൂണ്. അടിയന്തിരവും നാമകരണവും കുട്ടിയുടെ പിതാവിന്റെ വീട്ടിൽ വെച്ചാണ് നടത്തുന്നത്. കുടുംബാഗങ്ങളെയും ബന്ധുക്കളെയും നേരത്തെ ക്ഷണിക്കും. ഗോത്രത്തിലെ പ്രധാന പരികർമ്മികളുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. ഗോത്രമൂപ്പന്മാരും കാരണവന്മാരും ഒത്തുചേരും. ഗോത്രാചാരപ്രകാരം ആരാധിച്ചിരുന്ന കരയൻ ദൈവത്തിന്റെ നേർച്ചയാണ് പ്രധാനം. 

പെൺകുട്ടിയുടെ കാത് വളർത്തുന്നതിന് കൊരടും കൈതോലയും ചുറ്റിയിരുന്നു. ഒരു പെൺകുട്ടി ഋതുമതിയായെന്നറിഞ്ഞാൽ അമ്മയും അടുത്ത ഇണങ്ങത്തികളും ചേർന്ന് വീട്ടിനുള്ളിലെ പ്രത്യേക മുറിയിലോ അല്ലെങ്കിൽ പുറത്ത് സുരക്ഷിതമായ കുടിലിലോ പാർപ്പിക്കുന്നു. അമ്മയോ അമ്മായിയോ ഇണങ്ങത്തുള്ള സ്ത്രീകളോ കൂട്ടിരിക്കും. തീണ്ടാർന്ന ദിവസം തൊട്ട് എല്ലാദിവസവും സാധാരണകുളി നടക്കും. പുറത്ത് ആരെയും കാണാനോ മറ്റോ അനുവദിക്കില്ല. ഏഴാമത്തെ ദിവസമാണ് ബന്ധുക്കളായ സ്ത്രീകളും ഇണങ്ങത്തിമാരും ചേർന്ന് പ്രധാന കുളിക്കുള്ള ചടങ്ങ് നടത്തുന്നത്. ഇതിനിടെ എല്ലാദിവസവും പലഹാരങ്ങളും ഭക്ഷണങ്ങളും തയ്യാറാക്കി പെണ്ണിരിക്കുന്ന അറയിലെത്തിക്കാൻ ബന്ധുക്കൾ മത്സരിക്കാറുണ്ട്. അറയിലിരിക്കുന്ന പെണ്ണിന് ഒരു കലത്തിൽ വിവിധ സാധനങ്ങൾ പൊതിയാക്കികെട്ടി അതിൽനിന്ന് ഒരു നറുക്കെടുപ്പ് നടത്തും. കിട്ടുന്ന പൊതിയിലെന്താണോ അതുമായി ബന്ധപ്പെട്ട പ്രവചനങ്ങളുമുണ്ടാകും. മഞ്ഞൾ കിട്ടിയാൽ സ്വർണ്ണാഭരണങ്ങൾ ധാരാളം കിട്ടുമെന്നും മണ്ണാണെങ്കിൽ കൂടുതൽ കൃഷിഭൂമി കൈവശംവരുമെന്നും കൃഷി അഭിവൃദ്ധിപ്പെടുമെന്നും കരിക്കട്ടയാണെങ്കിൽ കഷ്ടപ്പാടാണെന്നും തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ചർച്ചചെയ്യപ്പെടും. 

ഏഴാമത്തെ ദിവസം നിറദീപംവെച്ച് മുറ്റത്ത് ഒരു പലകയിട്ട് അതിലിരുത്തി കവുങ്ങിൻ പൂക്കുല, അരി, മഞ്ഞൾ, മാറൽ, ഒരു കിണ്ണത്തിൽ നല്ലെണ്ണ എന്നിവവെച്ച് അരി ചാർത്തി പൂക്കുലയെറിഞ്ഞ് എല്ലാ ബന്ധുക്കളും ഇണങ്ങന്മാരും ചേർന്ന് പ്ലാവില കുമ്പിൾ കുത്തി എണ്ണമുക്കി തലയിലൂടെ ശരീരത്തിലൊഴിക്കും. ഇത് നടത്താൻ ഏഴ് പേർക്കാണ് അവകാശമുള്ളത്. കുളിക്കാനുള്ള വസ്തുക്കളുമായി ഋതുമതിയെ നടുക്കാക്കി അവകാ ശികളായ ഏഴുപേർ കൂടി കുളിക്കടവിലേക്ക് പുറപ്പെടും. മാറലും താളിയും മഞ്ഞളും തേച്ച് കുളികഴിഞ്ഞ് മുസ്ലിം സ്ത്രീകളുടെ വെള്ളിയാഭരണങ്ങൾ അണിഞ്ഞ് വീട്ടിലേക്ക് വരും. വീട്ടിൽ നേരത്തെ തയ്യാറാക്കിവെച്ച പുണ്യാഹം തളിച്ച് കുട്ടിയെ വീട്ടിലേക്ക് സ്വീകരിക്കും. വീട്ടുകോലായിൽവെച്ചു തെങ്ങിൻകുലകടിച്ചുകീറി അതിലുള്ള മച്ചിങ്ങ എണ്ണിനോക്കി പ്രവചനം നടത്തുന്ന രീതിയുമുണ്ട്. കോലായിൽ വെക്കുന്ന കരിക്ക് വലംകാല് കൊണ്ട് പിന്നോട്ട് തട്ടിയാണ് ഋതുമതിയായ കുട്ടി അകത്ത് കയറുന്നത്. ഇപ്പോൾ ഇത്തരം ചടങ്ങുകൾ ഇല്ലെന്നുതന്നെ പറയാം.


അവലംബം:- ഗോത്രതാളം വാല്യം രണ്ട് കിർത്താഡ്‌സ് പ്രസദ്ധീകരണം, കേരളത്തിലെ കരിമ്പാലരുടെ ജീവിതം, കാവുകൾ, കോമരങ്ങൾ, ദൈവത്തിന്റെ കളി

 

മലയരയൻ / മലൈ അരയൻ / മല അരയൻ

ഗോത്രവർഗജനവിഭാഗങ്ങളിൽ വിദ്യാഭ്യാസത്തിലും പരിഷ്കാരത്തിലും മുൻപന്തിയിൽ നിൽക്കുന്നവരാണ് മലയരയന്മാർ. “കേരളത്തിൽ ഏറ്റവും ഉയർന്ന വിദ്യാഭ്യാസമുള്ള ആദിവാസികളാണിവർ.' ക്രിസ്തു മതത്തിലേക്ക് പരിവർത്തനം നടത്തിയ ഒരു വിഭാഗവും ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന മറ്റൊരു വിഭാഗവും ഇവർക്കിടയിലുണ്ട്. മലൈ അരയനും  മല അരയനും രണ്ടു വ്യത്യസ്ത വിഭാഗങ്ങളായാണ് പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇവ രണ്ടും ഒരു സമുദായത്തിന്റെ വ്യത്യസ്ത പേരുകൾ മാത്രമാണ്. 2011 കാനേഷുമാരി പ്രകാരം 1568 മാത്രമാണ് ഇവരുടെ ആകെ ജനസംഖ്യ. ഇതിൽ സ്ത്രീകൾ 806 പേരും പുരുഷന്മാർ 762 പേരുമാണ്.

ഉൽപ്പത്തി

രണ്ട് ഉല്പത്തി ചരിത്രങ്ങളെ അടിസ്ഥാനമായി കരുതുന്നവരാണ് മലയരയർ, ഗൗതമൻ-അഹല്യ ദമ്പതികളെ കേന്ദ്രീകരിക്കുന്നതാണ് ഒന്നാമത്തെ മിത്ത്. അഹല്യയെ പ്രാപിച്ച ഇന്ദ്രനെയും അഹല്യയെയും ശപിച്ച ഗൗതമൻ, ശ്രീരാമപാദസ്പർശം ഏറ്റാൽ ശാപമോക്ഷം ലഭിക്കുമെന്ന് അഹല്യക്ക് വരം നൽകി, ശാപമുക്തി നേടിയ അഹല്യ ഗൗതമനുമായി പുന:സമാഗമമുണ്ടായി. അതിൽ ജന്മമെടുത്തവരുടെ സന്തതി പരമ്പരകളാണ് മലയരയർ എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗമുണ്ട്.

രണ്ടാമത്തെ ഉല്പത്തി ചരിത്രം പരാശരമഹർഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കടലിന്റെ പുത്രി കാളിയെ പരാശരമുനി വിവാഹം കഴിച്ചതിലൂടെ ജനിച്ച അഞ്ചു പുത്രന്മാരിൽ മൂത്തപുത്രനായ വേദവ്യാസനെ തപസിനയയ്ക്കുകയും മറ്റുനാലുപേരെ നാലുദിക്കുകളുടെ കാവൽ ഏല്പിക്കുകയും ചെയ്തു. കിഴക്കുദിക്കിന്റെ കാവലിനായി നിയോഗിക്കപ്പെട്ടവനാണ് മലയുടെ അരചനായത് (മലഅരയൻ) എന്നും ആ സന്തതി പരമ്പരകളാണ് മലയരയൻ എന്ന ഗോത്രവർഗമായതെന്നും മിത്തുണ്ട്.

വീട് 

വീടിന്റെ സമീപസ്ഥലങ്ങൾ കൃഷിയിടങ്ങളാക്കുന്നവരാണ് മലയരയർ, ഇതര ഗോത്രവർഗക്കാരെപ്പോലെ ഇവർ അടുത്തടുത്തായി ഗൃഹ നിർമാണം നടത്തുന്നില്ല. ഈറ്റ, ഇല്ലി, പുല്ല് തുടങ്ങിയവയാണ് ഗൃഹ നിർമാണത്തിനുപയോഗിക്കുന്നത്. അടുക്കള പ്രത്യേകം നിർമിക്കുന്നു. ഋതുവാകുന്ന കാലങ്ങളിലും പ്രസവകാലങ്ങളിലും ജീവിക്കുന്നതിനായി "ഈറ്റപ്പുര' (പാട്ടുപുര) എന്ന ഒറ്റമുറിപ്പുര നിർമിക്കുന്നു. വീടിനും കൃഷി യിടത്തിനും സമീപം ഏറുമാടം കെട്ടാറുമുണ്ട്.

മൂപ്പൻ 

നേതൃസ്ഥാനത്ത് ഒരു വ്യക്തിയെ ചൂണ്ടിക്കാണിക്കാൻ മലയരയ ഗോത്രത്തിനു കഴിയില്ല. അതായത് കേന്ദ്രീകൃതനേത്യത്വം നിലനിൽക്കുന്ന ഗോത്രവർഗമല്ല ഇവർ. കുടുംബക്കാരണവർക്ക് പ്രത്യേക സ്ഥാനമഹിമ കല്പിച്ചു നൽകുന്നവരാണിവർ. മന്ത്രവാദി, വെളിച്ചപ്പാട് എന്നീ വിശിഷ്ട സ്ഥാനത്തുള്ള വർക്കാണ് ഗോത്രത്തിൽ പ്രാധാന്യം. സുപ്രധാന അവസരങ്ങളിലെല്ലാം മന്ത്രവാദികളുടെയും വെളിച്ചപ്പാടുകളുടെയും സാന്നിധ്യം അനുപേക്ഷണീയമാണ്. രോഗങ്ങൾ, ബാധ എന്നിവയ്ക്കുള്ള പ്രതിവിധി നിശ്ചയിക്കുന്നത് മന്ത്രവാദികളും വെളിച്ചപ്പാടുകളുമാണ്. പ്രസവകാലങ്ങളിലും രോഗാവസ്ഥകളിലും ഭസ്മം ജപിച്ചു നൽകുന്നത് ഇവരാണ്. ഭൂത-പ്രത-പിശാ ചുക്കളെ ഭയപ്പെടുന്നതിനാൽ ഇവയിൽ നിന്നും മുക്തി നേടാൻ മന്ത്രവാദം നടത്തിയിരുന്നു.

ഗോത്രഘടന

ഇല്ലം വ്യവസ്ഥയാണ് മലയരയഗോത്രത്തിൽ നിലനിൽക്കുന്നത്. എണ്ണയില്ലം, മുണ്ടില്ലം, വളയില്ലം, പൂതാനിയില്ലം എന്നിങ്ങനെ നാല് ഇല്ലങ്ങളുണ്ട്. പൂജാദികർമങ്ങളിലെ കർത്തവ്യത്തിനനുസരണമായാണ് ഈ ഇല്ലം തിരിവ് നടത്തിയിട്ടുള്ളത്. പൂജകൾക്കാവശ്യമായ എണ്ണ നൽകേണ്ടവർ, തിരികൾക്കുവേണ്ട തുണി നൽകേണ്ടവർ, കൊടിതോരണാദികൾ ഒരുക്കുന്നവർ, പൂക്കൾ നൽകേണ്ടവർ എന്നീ കർത്തവ്യങ്ങളാണ് യഥാക്രമം എണ്ണയില്ലം, മുണ്ടില്ലം, വളയില്ലം, പൂതാനിയില്ലം എന്നിവർ നിർവഹിക്കേണ്ടത്.“ വള, മാല, എണ്ണ, മുണ്ട് എന്നീ പദങ്ങൾക്ക് വീതം വെയ്ക്കലിന്റെ സ്വഭാവമുണ്ട്. ആധുനിക കാലത്ത് ഇല്ലം വ്യവസ്ഥകൾക്ക് കാര്യമായ പ്രാധാന്യം നൽകി കാണുന്നില്ല.

ജനനം 

ജനനം എല്ലായ്പ്പോഴും ഈറ്റപ്പുര (പാട്ടുപുര)യിലാണ് നടക്കുന്നത്. ഈറ്റപ്പുര എക്കാലവും മെഴുകി ശുചിയായി സൂക്ഷിക്കുന്നു. പ്രസവസമയമടു ക്കുമ്പോൾ ഗർഭിണിയെ ഈറ്റപ്പുരയിലാക്കും. സുഖപ്രസവത്തിന് മന്ത്രവാദി ജപിച്ചുനൽകുന്ന ഭസ്മം വയറിൽ പുരട്ടുകയും പച്ചമരുന്നുകൾ അരച്ച് പുരട്ടി ഉഴിയുകയും ചെയ്യും. ജനനം നടന്ന വീട് തിരിച്ചറിയാൻ വീടിന്റെ നാലു കോടികളിലും ഈന്തിലകൾ തിരുകിവെയ്ക്കുന്ന പതിവുണ്ട്. ആൺകുട്ടി പിറന്നാൽ “പേടിതല്ലുക'യും പെൺകുട്ടി പിറന്നാൽ “വായ്ക്കുരവ'യിടുകയും ചെയ്യുന്നു.

പുല 

കുഞ്ഞ് ജനിച്ചാൽ മാതാപിതാക്കൾക്കും അവരുടെ സഹോദരങ്ങൾക്കും അച്ഛനമ്മമാർക്കും ഏഴുദിവസം വാലായ്മയുണ്ട്. എണ്ണ, മത്സ്യം മാംസം ക്ഷേത്രദർശനം ഇവയ്ക്ക് ഇക്കാലത്ത് വിലക്കുകൾ അനുശാസിക്കുന്നവരാണ് മലയരയർ.

ആൺകുട്ടി പിറന്നാൽ അമ്മയും കുഞ്ഞും കുളിച്ചുകയറുന്നത് പതിനൊന്നാം ദിവസവും പെൺകുട്ടിയാണെങ്കിൽ പതിമൂന്നാംദിവസവുമാണ്. ചില അവസരങ്ങളിൽ ഒൻപത് -പതിനൊന്ന്, പതിമൂന്ന് പതിനഞ്ച് എന്നിങ്ങനെയും ആകാറുണ്ട്. അന്നു തന്നെ കുഞ്ഞിന് അച്ഛൻ നാമകരണം നടത്തും. ആറാം മാസത്തിലാണ് ചോറൂണ് നടത്തുന്നത്.

തിരണ്ടുകല്യാണം 

പെൺകുട്ടികൾ ഋതു മതിയാകുന്നത് വിപുലമായ രീതിയിൽ ആഘോഷിക്കുന്നവരാണ് മലയരയർ. “വയസ്സറിയിച്ചവൾ ഏഴുദിവസം ഈറ്റപ്പുരയിൽ കഴിയണം. അമ്മായിമാരും നാത്തൂന്മാരും സ്വന്തക്കാരായ മറ്റു സ്ത്രീകളും അവൾക്ക് മധുരം കൊടുക്കണം. ഏഴാംദിവസം എണ്ണ തേപ്പിച്ച് നീർച്ചാലിൽ കൊണ്ടുപോയി നീരാടിച്ച് വരുണപ്രസാദത്തിന് ജലദക്ഷിണ കൊടുപ്പിച്ച് പുതിയ പുടവയും ഉടുപ്പിച്ച് വീട്ടിൽ കൊണ്ടു വന്ന് അകത്ത് കത്തുന്ന വിളക്കിനരികിൽ കിഴക്കോട്ട് തിരിച്ചിരുത്തും. ചടങ്ങിന് ബന്ധുക്കൾ കൂട്ടിക്കൊണ്ടുവന്ന മുറച്ചെറുക്കൻ കറുത്ത ചരടുകൊണ്ട് അവളുടെ കഴുത്തിൽ തിരണ്ടുകെട്ട് നടത്തുമായിരുന്നു. 47 ഏഴാമത്തെ ദിവസമാണ് തിരണ്ടുകല്യാണം. നാത്തൂന്മാരോ അമ്മാവന്റെ പെൺമക്കളോ അച്ഛന്റെ സഹോദരന്മാരുടെ മക്കളുടെ ഭാര്യമാരോ ആണ് തിരണ്ടുകല്യാണത്തിന് പെണ്ണിനെ കുളിപ്പിക്കുന്നത്. പെണ്ണ് കുളത്തിൽ മുങ്ങുമ്പോൾ സ്ത്രീകൾ ചുറ്റും നിന്ന് കുരവയിടും. ഈ സമയം മുറച്ചെറുക്കനോ അലക്കുകാരിയോ ഏഴുപാക്കും ഏഴുവെറ്റിലയും ഏഴുകൊടിയിലയും വെള്ളത്തിലിടും. മുങ്ങിപ്പൊങ്ങുന്ന യുവതി ഇതിലൊന്നെടുക്കണം, വെറ്റിലയാണ് കൈയിൽ കിട്ടുന്നതെങ്കിൽ അവൾക്ക് വിവാഹശേഷം ജനിക്കുന്ന കുട്ടി പെണ്ണായിരിക്കും എന്നു വിശ്വസിക്കുന്നു. പഴുക്ക ആണെങ്കിൽ ആൺകുട്ടിയും കൊടിയിലയാണ് എടുക്കുന്നതെങ്കിൽ മക്കളുണ്ടാ വുകയില്ലെന്നുമാണ് വിശ്വാസം. പിന്നീട് ആർപ്പും കുരവയുമായി സ്ത്രീജനങ്ങൾ വീട്ടിലേക്ക് മടങ്ങും. മാസമുറക്കാലങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ കാണാനോ സംസാരിക്കാനോ പാടില്ല. ഇവരെ തീണ്ടിയാൽ അശുദ്ധിയും തൊട്ടാൽ പാപവുമാണെന്നും ഇപ്രകാരം സംഭവിച്ചാൽ മലദൈവങ്ങളുടെ കോപമുണ്ടാകുമെന്നും മലയരയജനത ഭയപ്പെടുന്നു. 

വിവാഹം 

മുറപ്പെണ്ണ്-മുറച്ചെറുക്കന്റെ വിവാഹമാണ് മലയരയർ പ്രാത്സാഹിപ്പിക്കുന്നത്. മുറപ്പെണ്ണ് അല്ലെങ്കിൽ മുറച്ചെറുക്കൻ ഇല്ലാത്തവർ മാത്രം ഇല്ലംമുറപാലിച്ച് മറ്റ് കുടുംബങ്ങളുമായി വിവാഹബന്ധത്തിലേർപ്പെടും. വിധവാവിവാഹം അനുവദനീയമാണ്. ഒരേസമയം ഒരു ഭാര്യ/ഭർത്താവ് മാത്രമേ മലയരയ ഗോത്രം അനുവദിക്കുന്നുള്ളൂ. കാരണവന്മാർ ആലോചിച്ചാണ് എല്ലാ വിവാഹങ്ങളും നടത്തുന്നത്. സ്ത്രീധനത്തിനെതിരായി ചിന്തിക്കുന്നവരാന് മലയരയർ. വിവാഹശേഷം ഭാര്യാഭർത്താക്കന്മാർ വരന്റെ ഗൃഹത്തിലാണ് ജീവിക്കേണ്ടത്. പെൺമക്കൾ മാത്രമുള്ള കുടുംബങ്ങളിൽ ഒരു മകൾ വിവാഹശേഷം ഭർത്താവുമൊന്നിച്ച് മാതാപിതാക്കളുടെ സംരക്ഷണാർത്ഥം സ്വഗൃഹത്തിൽ ജീവിക്കാനും ഗോത്രം നിഷ്കർഷിക്കുന്നു.

അച്ഛൻ, അമ്മാവൻ, സഹോദരീഭർത്താവ് എന്നിവർ ചേർന്നാണ് പെണ്ണുചോദ്യത്തിനെത്തുന്നത്. ജന്മനക്ഷതങ്ങൾ തമ്മിലുള്ള പൊരുത്തം, കാഴ്ചയിലുളള പൊരുത്തം എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണ് മലയരയർ, കത്തിച്ച നിലവിളക്കിനെ സാക്ഷിനിറുത്തിയാണ് ഇരു വീട്ടുകാരും തമ്മിൽ വിവാഹം ഉറപ്പിക്കുന്നത്. വിവാഹം പെൺവീട്ടിലാണ് നടത്തുന്നത്. കാരണവരുടെ കാർമികത്വത്തിലാണ് വിവാഹച്ചടങ്ങുകൾ. വധുവിനുള്ള വസ്ത്രങ്ങൾ, പൂമാല തുടങ്ങിയവയെല്ലാം വരന്റെ കുടുംബത്തിൽ നിന്ന് എത്തിക്കും. നാലുദിക്കുകൾ, ഭൂമി, ആകാശം എന്നിവയെ സാക്ഷിയാക്കി പൂജിച്ച താലി കാരണവർ വരനുനൽകും. ഈ സമയം സ്ത്രീകൾ കുരവയിടും. വരൻ താലി വധുവിന്റെ കഴുത്തിൽ വെച്ചുകൊടുക്കുമ്പോൾ സഹോദരി താലിച്ചരട് മുറുക്കുന്നു. വധൂപിതാവാണ് കന്യാദാനം നിർവഹിക്കുന്നത്. വിവാഹാനന്തരം പ്രാർത്ഥനയുമുണ്ട്. വധു ഗൃഹത്തിലെ ചടങ്ങുകൾക്കും സല്ക്കാരങ്ങൾക്കും ശേഷം വരന്റെ വീട്ടിലേക്ക് പോകുന്നു. അവിടെയും സദ്യയുണ്ടാകും. മൂന്നാം ദിവസം വധൂ ഗൃഹത്തിൽ നിന്ന് ആളുകളെത്തി ഇരുവരെയും വധുവിന്റെ വീട്ടിലേക്ക് ക്ഷണിക്കും.

മരണം

മരണവുമായി ബന്ധപ്പെട്ട് സവിശേഷമായ നിരവധി ആചാരങ്ങൾ അനുവർത്തിക്കുന്നവരാണ് മലയരയന്മാർ. മൃതദേഹം അടക്കം ചെയ്യുന്നവരാണ് ഈ ഗോത്രവർഗക്കാർ. ശവശരീരം കുളിപ്പിച്ച് ശുദ്ധിവരുത്തി വസ്ത്രംകൊണ്ടു പുതപ്പിച്ച് കിഴക്കോട്ട് തലവെച്ച് കിടത്തി കർമങ്ങൾ നടത്തും. ഏറ്റവും പ്രായമായ വ്യക്തിയാണ് കാർമികൻ. മരണമടഞ്ഞ വ്യക്തിയുടെ മൂത്തമകൻ ബലിയിടണം. സ്വർണ്ണത്തരി മൂക്കിനോട് ചേർത്തുവെയ്ക്കുകയും വായ്ക്കരി ഇടുകയും ചെയ്യുന്നവരാണ് മലയരയജനത. വീടിന് തെക്കുവശത്ത് തെക്കുവടക്കായി നിർമിക്കുന്ന കുഴി യിലാണ് മൃതദേഹം അടക്കം ചെയ്യുന്നത്. ഏഴിലകളിട്ട് കർമി മൂന്നു പ്രാവശ്യം ഓരോപിടി മണ്ണിടുന്നു. കുഴിമൂടി മുകളിൽ നെല്ല്, അരി, കരിക്ക് , വെറ്റില, അടയ്ക്ക എന്നിവവെച്ച് പൂട്ടുമന്ത്രം ചൊല്ലും. പരേതന്റെ മകനോടൊപ്പം അനന്തിരവനും ബലി നടത്തണം. പതിനാറാം ദിവസം പുലകുളിയോടെ ചടങ്ങുകൾ അവസാനിക്കും. മരണദോഷങ്ങഉണ്ടെങ്കിൽ അത് മന്ത്രവാദം നടത്തി മാറ്റുന്നു. പരേതാത്മാവിനുവേണ്ടി മലയരയന്മാർ വാവുപൂജ നടത്താറുണ്ട്. ഒരു വർഷം പൂർത്തിയാകുന്ന ദിവസം ആണ്ടുബലിയും നടത്തും. അതുകഴിയുന്നതുവരെ കർമങ്ങൾ അനുഷ്ഠിച്ചവർ മറ്റുകർമങ്ങളിൽ പങ്കുകൊള്ളരുതെന്ന ഗോത്രവിലക്കുണ്ട്. പുല ആചരിക്കുന്ന കാലങ്ങളിൽ മലയരയന്മാർ അയിത്തം സൂക്ഷിക്കുന്നു. സ്ത്രീസംസർഗം, കൃഷിയിടത്തിൽ പ്രവേശിക്കൽ, ബന്ധു ഗൃഹസന്ദർശനം ഇവ പുലയാചരണ കാലത്ത് നിഷിദ്ധമാണ്. ആഘോ ഷങ്ങൾ, മറ്റുകർമങ്ങൾ ഇവയിൽ ഇക്കാലത്ത് പങ്കെടുക്കരുതെന്നും ഗോത്രം അനുശാസിക്കുന്നുണ്ട്.

വിശ്വാസം

അടിയുറച്ച ഈശ്വരവിശ്വാസികളാണ് മലയരയന്മാർ. ശബരിമല ശാസ്താവ്, വിഷ്ണു, ശിവൻ, ദേവി, നാഗങ്ങൾ, മലദൈവങ്ങൾ എന്നീ
ആരാധനാമൂർത്തികളാണ് മലയരയർക്കുള്ളത്. “വൃക്ഷച്ചുവടുകളിൽ ശില വെച്ചു പൂജിക്കുന്ന രീതിയാണ് പരമ്പരാഗതമായി മലയരയന്മാർക്കിടയി ലുള്ളത്. ഇതുമൂലം സവർണഹിന്ദുക്കൾ ഇവരെ "കല്ലുബ്രാഹ്മണർ' എന്ന് മുൻകാലങ്ങളിൽ വിളിച്ചിരുന്നു. ദൈവപ്രീതിയ്ക്കുവേണ്ടിയുള്ള അനുഷ്ഠാനകർമങ്ങൾ ഭക്തിപൂർവം നിർവഹിക്കുന്നവരാണ് മലയരയജനത. രാത്രികാലങ്ങളാണ് അനുഷ്ഠാന ക്രീയകൾക്കു വേണ്ടി തെരഞ്ഞടുക്കുന്നത്. ഓരോ കുടുംബത്തിനും സേവാമൂർത്തികളുണ്ട്. ഈ മൂർത്തികളെ യഥാവിധി പൂജിച്ച് തൃപ്തിപ്പെടുത്തിയില്ലെങ്കിൽ കുടുംബത്തിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമെന്ന് ഇവർ ഭയക്കുന്നു. വൈദ്യനും മന്ത്രവാദിയും മിക്കവാറും കുടുംബകാരണവരായിരിക്കും. കർമങ്ങൾക്ക് നേതൃത്വം നൽകുന്നത് കാരണവരുടെ കടമയാണ്. ഓരോ മൂർത്തിക്കും വേണ്ട നിവേദ്യങ്ങൾ പ്രത്യകം നൽകും. രക്തത്തോട് പ്രതിപത്തിയുള്ള മൂർത്തികൾക്കുവേണ്ടി ബലികർമങ്ങൾ നടത്താറുണ്ട്. കോഴിവെട്ടാണ് ഇതിൽ പ്രധാനം, മലദൈവങ്ങളെ ആരാധിക്കുന്ന മലയരയർ പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് രക്ഷനേടുന്നതിനുവേണ്ടി നടത്തുന്ന അനുഷ്ഠാനമാണ് " മലയുടൂമാമാങ്കം', തേൻ, കാട്ടുകിഴങ്ങുകൾ, ലഹരി പദാർത്ഥങ്ങൾ എന്നിവ വാദ്യനൃത്ത ആഘോഷങ്ങളോടെ വനദേവതകൾക്ക് കാഴ്ച്ച വയ്ക്കുന്ന ചടങ്ങാണിത്. 


സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ-സാമ്പത്തിക രംഗങ്ങളിൽ ഏറ്റവും മുൻപന്തിയിലുള്ള ആദിവാസി വിഭാഗമായി മലയരയർ മാറിയിട്ടുണ്ട്. സംഘടിത ശക്തിയായി മാറിയ കേരളത്തിലെ ആദ്യ ആദിവാസി ജനസമൂഹവും ഇവരാണ്. 1950 ജനുവരിയിൽ രൂപീകൃതമായ അഖില തിരുവിതാം കൂർ മലയരയ മഹാസമൂദായമാണ് ഇവരുടെ ആദ്യ സംഘടന. ഇതിന് ഉപസംഘടനകളുമുണ്ട്. സമുദായത്തിന്റെ സർവതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കുന്ന ഈ സംഘടനയുടെ പ്രവർത്തനങ്ങളാണ് മലയരയഗോത്രത്തിന്റെ ഉയർച്ചയ്ക്ക് നിദാനം.

 

അവലംബം:

1) കിർത്താഡ്‌സ് കൈപ്പുസ്തകം 2016 -2017 

2) 2

ഹിൽപുലയ / മലപ്പുലയ / കരവഴി പുലയ/ കുറുമ്പ പുലയ 

ഇടുക്കി ജില്ലയിൽ അധിവസിക്കുന്ന ഗോത്രവിഭാഗമാണ് ഹിൽപുലയ. വനവിഭവങ്ങൾ ശേഖരിക്കുന്ന കുറുമ്പ പുലയരും കർഷക തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന കരവഴി പുലയരും ഒന്നുചേർന്ന സമുദായമാണ് ഹിൽപുലയ. 2011 കാനേഷുമാരി പ്രകാരം ഇവരുടെ ആകെ ജനസംഖ്യ 2959 ആണ്. ഇതിൽ സ്ത്രീകൾ 1498 പേരും പുരുഷന്മാർ 1461 പേരുമാണ്. 49.94 ശതമാനമാണ് ഇവരുടെ സാക്ഷരതാ നിരക്ക്. 

മറയൂർ, കാന്തല്ലൂർ ഗ്രാമപഞ്ചായത്തിലെ ഇരുപത്തൊന്ന് കുടികളിലായി ഇവർ പാർക്കുന്നു. തമിഴ്നാട്ടിൽനിന്നും കുടിയേറിയവരാണ് ഇവർ. ഇടുക്കി ജില്ലയിൽ മാത്രമാണ് ഈ വിഭാഗത്തെ കണ്ടുവരുന്നത്. 900 കുടുംബങ്ങളാണ് ജില്ലയിലുള്ളത്. അഞ്ചനാട് പ്രദേശങ്ങളിൽ കൃഷികൾ ചെയ്തിരുന്ന വൊള്ളാളന്മാരുടെ ദാസന്മാരായ കൃഷിക്കാരായിരുന്നു മലപ്പുലയന്മാർ. മധുരയുടെ സമീപപ്രദേശങ്ങളിൽനിന്നുമാണ് ഇവർ വന്നതെന്ന് കരുതുന്നു. രാജഭരണത്തിലെ വിദ്വേഷമാണ് പലായനത്തിന് കാരണമെന്ന് പറയപ്പെടുന്നു. ഇടുക്കി ജില്ലയിലാണ് മലപ്പുലയന്മാരെ കാണുവാൻ കഴിയുന്നത്. ഇവരുടെ ബന്ധുക്കൾ ഇപ്പോഴും തമിഴ്നാട്ടിലുണ്ടെന്ന് കരുതുന്നു. എന്തുതന്നെയായാലും ഇവർ ഇപ്പോഴും പറയുന്നത് മാനുക്കും തേനുക്കും വേണ്ടി നാടുവിട്ട് മലകളിലെത്തിയെന്നാണ്.

വിഭാഗങ്ങൾ

മലപ്പുലയർ പ്രധാനമായും മൂന്ന് വിഭാഗക്കാരുണ്ട്.
1) കുറുമ്പപ്പുലയൻ
2) കരവഴിപ്പുലയൻ
3) പാമ്പുപുലയൻ

ഭരണസംവിധാനം

ഭരണസംവിധാനം

ധാരാളം കുടുംബങ്ങൾ തമ്മിൽ ചേരുമ്പോഴാണ് കുടി രൂപംകൊള്ളുന്നത്. ഓരോ കുടിയ്ക്കും ഓരോ തലവൻ ഉണ്ടായിരിക്കും. ഈ വ്യക്തി മൂപ്പൻ എന്നാണ് അറിയപ്പെടുന്നത്. പരമ്പരാഗതമായി ലഭിക്കുന്ന പദവിയാണ് മൂപ്പ സ്ഥാനം. കുടികളുടെ യോഗങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് മൂപ്പനാണ്. എല്ലാ കുടികളിലും ക്ഷേത്രം ഉണ്ടാകും. ക്ഷേത്രത്തിനോട് ചേർന്ന് ഒരു പരന്ന കല്ല് സ്ഥാപിച്ചിട്ടുണ്ടാകും. ഈ സ്ഥലം മന്ത് എന്ന പേരിലാണ് അറിയപ്പെടുന്നത്. മൂപ്പൻ ഈ കല്ലിന്മേൽ ഇരുന്നാണ് കുടിക്കൂട്ടം നടത്തുന്നത്. ഭരണസൗകര്യത്തിനായി മൂപ്പനെ സഹായിക്കുവാൻ കോൽക്കാരൻ ഉണ്ടായിരിക്കും. കുടിയിലെ ക്രമസമാധാനപാലനത്തിന്റെ ഉത്തരവാദിത്വം കോൽക്കാരനായിരിക്കും. മുളകൊണ്ടുള്ള വടി ഇയാളുടെ കയ്യിൽ കാണും. ഒന്നിലധികം കോൽകാരനുണ്ടാകും ഒരു കുടിയിൽ. കുടിയിൽ എന്ത് വിശേഷമുണ്ടായാലും ഇയാളെ വേണം ആദ്യം അറിയിക്കുവാൻ, കോൽകാരൻ കയ്യിലുള്ള മുളവടി ഉയർത്തിപ്പിടിച്ച് എല്ലാ വീടുകളിലും വിവരം അറിയിക്കും. കോൽകാരനെപോലെയുള്ള സ്ഥാനമാണ് മന്ത്രവാദിയ്ക്ക്. കുടിയിലെ ആളുകൾക്കുള്ള രോഗം, ദുഖം, മനോവിഷമം, കാര്യലാഭം തുടങ്ങി എല്ലാ കാര്യങ്ങളിലും മന്ത്രവാദി അവരോടൊപ്പം ഉണ്ടാകും. തങ്ങളുടെ ദുഖങ്ങൾ മന്ത്രവാദിയെ അറിയിക്കുകയും അദ്ദേഹം അതിന് പരിഹാരം നൽകുകയും ചെയ്യും. കോൽകാരനും മന്ത്രവാദിയ്ക്കും കൃഷിയുടെ ഒരു പങ്ക്. ജനങ്ങൾ നൽകും. കുടിയിലെ വരവ് ചെലവ് കണക്ക് സൂക്ഷിക്കുന്നത് കണക്കപ്പിള്ളയാണ്. പൊതു പിരിവുകൾ നടത്തുന്നത്, ഉത്സവച്ചെലവുകൾ നടത്തുന്നത് കുടിയിൽ ആരെങ്കിലും മരിച്ചാലുള്ള പിരിവ് തുടങ്ങി പൊതുവായിട്ടുള്ള ഏത് പിരിവുകളും കണക്കപ്പിള്ളയാണ് നടത്തുന്നത്. പൂജാരി- കുടിയിലെ വിവാഹം മറ്റ് മംഗളകർമ്മങ്ങൾ, മരണം തുടങ്ങിയ കാര്യങ്ങളിൽ നേതൃത്വം വഹിക്കുന്നു.

വിവാഹം

മറ്റ് ആദിവാസി സമൂഹങ്ങളെപ്പോലെ തന്നെ ഇവരും ഋതുവാകുമ്പോൾ തന്നെ വിവാഹച്ചടങ്ങ് നടത്തും, മറ്റ് വിഭാഗങ്ങളുമായി വിവാഹ ബന്ധത്തിൽ ഏർപ്പെടുവാൻ സാധ്യമല്ല. അമ്മയുടെ ആങ്ങളമാരെയായിരുന്നു വിവാഹം കഴിച്ചിരുന്നത്. എന്നാൽ ഈ രീതികൾക്ക് ഇന്ന് മാറ്റം വന്നു. മുറപ്പെണ്ണിനെയോ, സഹോദരിപുത്രിയെയോ ആണ് വിവാഹം കഴിക്കുന്നത്. പെണ്ണിന് അല്ലെങ്കിൽ പെൺവീട്ടുകാർക്ക് പണം കൊടുത്ത് വിവാഹം ചെയ്യുന്ന സമ്പ്രദായമാണ് മലപ്പുലയരുടെ ഇടയിലുണ്ടായിരുന്നത്. എന്നാൽ ഇന്ന് ഇതിന് മാറ്റം സംഭവിച്ചിരിക്കുന്നു. 

ഋതുവാകുന്നതിന്റെ പതിനഞ്ചാം ദിവസമായിരിക്കും സാധാരണ വിവാഹം നടക്കുക. വിവാഹാലോചന വരന്റെ വീട്ടുകാർ വധുവിന്റെ വീട്ടിൽ വന്ന് നടത്തി വധുവിന്റെ വീട്ടുകാർ കമ്പക്കാരനെ അറിയിക്കും, കുടിയിലെ പ്രധാനിയായ മൂപ്പനെ ഇയാൾ വിവരം അറിയിക്കുകയും തുടർന്ന് കുടികൂട്ടം നടത്തി അവിടെ കാര്യങ്ങൾ അവതരിപ്പിച്ച് തൊട്ടടുത്ത ദിവസങ്ങളിൽ വിവാഹം നടത്തും. വധുവിന്റെ വീട്ടിൽ ആയിരിക്കും വിവാഹം. മൂപ്പനാണ് വിവാഹം നടത്തുക. കൈകൾ പരസ്പരം കോർത്ത് പൂമാല ഇടുകയാണ് വിവാഹ കർമ്മം. തുടർന്ന് വിഭവസമൃദ്ധമായ സദ്യയുണ്ടായിരിക്കും.

പ്രസവം

കുടികളോട് ചേർന്ന് "പള്ളപ്പുരയിലാണ്" പ്രസവം നടത്തിയിരുന്നത്. സഹായത്തിന് പ്രായമായ സ്ത്രികളും കൂടെകാണും. പ്രസവിക്കാനായി പ്രത്യേക സംവിധാനങ്ങൾ പള്ളപ്പുരയിൽ ഒരുക്കിയിരിക്കും. പള്ളപ്പുരയിൽ രണ്ട് കയർ താഴേക്ക് കെട്ടിയിട്ടിരിക്കും. അതിൽ പിടിച്ചുകൊണ്ടാണ് പ്രസവം നടക്കുന്നത്. പ്രസവസമയം ആകുമ്പോഴാണ് ഈ കയറിൽ ബലംപിടിച്ചുനിന്ന് പ്രസവിക്കുന്നത്. പ്രസവിച്ച് പതിനാറ് ദിവസം പള്ളപ്പുരയിൽതന്നെ കഴിയണം. പ്രസവിച്ചയുടനെ കുഞ്ഞിന്റെ ദേഹം തുടച്ച് എടുക്കും. ആട്ടിൻപാലിൽ കരിപ്പെട്ടി ചേർത്ത് കുഞ്ഞിന്റെ വായിൽ തൊട്ടു കൊടുക്കും. തുടർന്ന് മുലപ്പാൽ കൊടുക്കും.

തിരണ്ടു കല്യാണം

പെൺകുട്ടികൾ ഋതുവാകുന്നതോടെ അവളെ പള്ളിപ്പുരയിലേക്ക് മാറ്റുന്നു. ഇലകൊണ്ട് വലിയ വീടുണ്ടാക്കും അതിൽ കഴിയണം. നിയമനുസരിച്ച് അമ്മാവന്റെ വീട്ടിലാണ് താമസിക്കേണ്ടത്. 15 ദിവസത്തെ വലിയ ആഘോഷമാണ്. ഈ ദിവസങ്ങളിൽ പുരുഷന്മാർ കാണുവാൻ പാടുള്ളതല്ല. 15 ദിവസം പൂർത്തിയാകുമ്പോൾ കുടിയിലുള്ളവരെ മുഴുവൻ വിവരം അറിയിക്കുകയും അമ്മാവന്റെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു. താളമേളങ്ങളുടെ അകമ്പടിയോടുകൂടിയാണ് തിരികെ പോകുന്നത്. പെൺകുട്ടി നദിയിൽ പോയി കുളിച്ച് പുതിയ വസ്ത്രങ്ങളണിഞ്ഞാണ് പോകുന്നത്. സ്വന്തം വീട്ടിൽ എത്തിക്കഴിഞ്ഞാൽ വിഭവസമൃദ്ധമായ സദ്യയുണ്ടാകും, രാത്രി വൈകി വരെ ആട്ടവും പാട്ടും ഉണ്ടാകും. പെൺകുട്ടിയ്ക്ക് വിവാഹപ്രായമായതിന്റെ ലക്ഷണമാണിത്. 

കൊറകെട്ട് ഉറുമാൽ

പെൺകുട്ടികൾ ഋതുവാകുമ്പോൾ ഉള്ള ചടങ്ങുപോലെതന്നെ പ്രാധാന്യമുള്ളതാണ് ആൺകുട്ടികളുടെ ഉറുമാൽ കെട്ടുന്ന ചടങ്ങ്. ആൺകുട്ടികൾക്ക് 16 വയസ്സ് പൂർത്തിയാകുമ്പോൾ തലയിൽ ഉറുമാൽ കെട്ടുന്ന ചടങ്ങും, ഷൗരവും നടക്കും. ആൺകുട്ടികൾക്ക് വിവാഹപ്രായമായതിന്റെ ലക്ഷണമാണിത്. രണ്ടു വശങ്ങളിലും തുമ്പ് താഴേക്ക് വരുന്ന രീതിയിലാണ് ഉറുമാൽ കെട്ടുന്നത്.

മരണം

കുടിയിലെ മരണം ആദ്യം കമ്പുകാരനെ അറിയിക്കണം. അയാൾ മൂപ്പനെയും മേളക്കാരെയും അറിയിച്ചുകൊള്ളും. കുടിയിലെ ജനങ്ങൾക്കെല്ലാം ശവം മറവ് ചെയ്യുന്നതുവരെ അതിൽ മാത്രമായിരിക്കും ശ്രദ്ധ. അതിനുവേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കും. ആദ്യം മരിച്ച വ്യക്തിയെ കുളിപ്പിക്കുന്നു. അതിനുശേഷം കോടി ശവത്തിനെ പുതപ്പിക്കുന്നു. മരിച്ച വ്യക്തിയുടെ രക്തബന്ധമുള്ളയാളായിരിക്കണം ആദ്യം കോടി പുതപ്പിക്കേണ്ടത്. മക്കൾ ആയിരിക്കരുത്. അല്ലാതെ മറ്റാരെങ്കിലുമായിരിക്കണം. തുടർന്ന് മക്കൾക്കും മറ്റെല്ലാവർക്കും കോടി പുതപ്പിക്കാം. ഒരു പായിലാണ് ശവം കിടത്തുന്നത്. തലഭാഗത്ത് വിളക്ക്, സാമ്പാണി, നെല്ലിടം എന്നിവ വയ്ക്കും. തുടർന്ന് ഒരു സ്ത്രീ തലയിൽ വെള്ളം നിറച്ച മൺകുടവുമായി മൂന്ന് പ്രാവശ്യം വലം വയ്ക്കുന്നു. അതിനുശേഷം കലം ഉടയ്ക്കണം. തുടർന്ന് മുളകൊണ്ട് ഉണ്ടാക്കുന്ന മഞ്ചലിൽ ശവം ഇടുകാട്ടിലേക്ക് കൊണ്ടുപോകുന്നു. ഇവിടെ എത്തുന്നതുവരെ ഒരാൾ നെല്ല് വാരി ശവത്തിന്റെ പുറത്തേക്ക് എറിഞ്ഞുകൊണ്ടിരിക്കും. പുല
യുള്ള വ്യക്തിയായിരിക്കും ഈ നെല്ല് വാരി ശവത്തൽ എറിയേണ്ടത്. അയാൾ മരിച്ച ആളിന്റെ അളിയനായിരിക്കും, അയാളുടെ തല മുണ്ഡനം ചെയ്യുന്നു. മരിച്ച വ്യക്തിയുടെ നെഞ്ചിൽ മഞ്ഞളും, എണ്ണയും ഒഴിക്കുന്നു. ഇത് ഇടുകാട്ടിൽ വച്ചാണ് ചെയ്യുന്നത്. അത് സ്ത്രീയാണങ്കിലും പുരുഷനാണെങ്കിലും അളിയനാണ് ഈ കർമ്മങ്ങൾ ചെയ്യേണ്ടത്. ശവം കുഴിയിലേക്ക് ഇറക്കിവയ്ക്കേണ്ടതും ഇയാളാണ്. തുടർന്ന് കുഴിയിൽ നെല്ല്, അരി എന്നിവ ഇട്ടതിനു ശേഷം കുഴി മൂടുന്നു. പുലയുള്ളയാൾ മൂന്ന് ദിവസം കുഴിമാടത്തിൽ പോയി നോക്കണം. മൂന്നാം ദിവസമോ, അഞ്ചാം ദിവസമോ, ഏഴാം ദിവസമോ അടിയന്തിരം നടത്താം. അടിയന്തിരത്തിന് മരിച്ച വ്യക്തിക്ക് ഏറ്റവും ഇഷ്ടമുള്ള ആഹാരമാണ് നല്ലകുന്നത്. തുടർന്ന് ന്യത്തവും പാട്ടും ഒക്കെ നടത്തും .

ഉത്സവം

ഉത്സവം തുടങ്ങുന്നതിന് മുമ്പായി പൊതുക്കൂട്ടം കൂടും. ആ സമയത്ത് തീരുമാനിക്കും എപ്പോഴാണ് ഉത്സവം നടത്തുന്നതെന്ന്. കാർത്തിക മാസത്തിലാണ് ഉത്സവം നടത്തുന്നത്. എട്ടു ദിവസമാണ് സാധാരണ ഉത്സവം. ആദ്യ ദിവസം രാത്രിയിൽ സ്വാമി കുമ്പിടിലോടുകൂടിയാണ് ഉത്സവം ആരംഭിക്കുന്നത്. അതിനുശേഷം ബലിയിടുന്നതിനായി അടിനെ തെരഞ്ഞെടുക്കും. കുടിയിലെ എല്ലാ ആടുകളേയും ബലിയിടുന്നതിനായി കാട്ടിലേക്ക് കൊണ്ടുപോകുന്നു. ആടിനെ ബലിയർപ്പിച്ച് ആ ഇറച്ചി പാകം ചെയ്ത് അവിടെവെച്ച് ഭക്ഷിക്കുന്നു. പൊങ്കാലയിട്ടതിനു ശേഷം രാവിലെ കുടിയിലേക്ക് തിരികെ വരും, കുളിച്ച് ശുദ്ധമായതിനു ശേഷമാണ് കുടിയിലേക്ക് തിരികെ വരുന്നത്. വനത്തിൽനിന്നും രാവിലെ വന്നതിനു ശേഷം അപ്പോൾ മുതൽ വൈകുന്നേരം വരെ ആട്ടവും പാട്ടുമാണ് കുടിയിലെ അമ്പലമുറ്റത്ത് നടക്കുക. താളത്തിനനുസരിച്ച് വാദ്യങ്ങൾക്കനുസൃതമായി തുള്ളൽ ഉണ്ടായിരിക്കും. കുടിയിലുള്ളവർ എല്ലാവരുംകൂടി ചേർന്ന് അരുണാചക എന്ന അമ്പലത്തിൽ പോകുന്നു. അവിടെ പോയി വന്നതിനു ശേഷം രാത്രിയിൽ മുഴുവൻ ആട്ടമാണ്.

അടുത്ത ദിവസം പുലർച്ചെ കുടിയിലുള്ള എല്ലാവരും കൂടി ചന്ദനമാറിയമ്മ എന്ന അമ്പലത്തിനടുത്ത് ചെന്ന് തീർത്ഥജലം എടുക്കുന്നു. കുടിയിലെ എല്ലാ ജനങ്ങളും ഒന്നിച്ചാണ് പോകുന്നത്. ഏഴ് കുടം വെള്ളം ഇവിടെനിന്ന് എടുത്തുകൊണ്ട് വനത്തിലെ ദേവതയായ ചാപ്ലമ്മയെ കുളിപ്പിക്കുന്നു. പൂജകൾ നടത്തിയാണ് ഈ വെള്ളം എടുക്കുന്നത്. ഏഴ് കുട്ടികളെ നിരത്തി നിർത്തി അവരുടെ തലയിലാണ് ഈ വെള്ളംവച്ച് കൊണ്ടുവരുന്നത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് വെള്ളവുമായി വരുന്നത്. ചാപ്ലമ്മയുടെ അടുത്തെത്തിയാൽ ഏഴ് ഇല നിരത്തിവെയ്ക്കുന്നു. അതിൽ കേപ്പ് എന്ന ഭക്ഷണം വിളമ്പുന്നു. അവിടെ ഇരുന്ന് എല്ലാവരും ഒരു നുള്ള് കേപ്പ് ഭക്ഷിക്കും. തുടർന്ന് ചാപ്ലമ്മയെ കുളിപ്പിക്കുന്നു. കുടിയിലേക്ക് വരുന്നു. അന്ന് രാത്രിയിലും അമ്പലത്തിന്റെ മുമ്പിൽ ആട്ടവും പാട്ടും നടക്കും.

പുലികളി

മലപ്പുലയ വിഭാഗക്കാരുടെ നേർച്ചയാണിത്. രോഗം, സാമ്പത്തിക ബുദ്ധിമുട്ട് തുടങ്ങി തങ്ങൾക്ക് എന്ത് പ്രയാസം നേരിട്ടാലും അടുത്ത ഉത്സവത്തിന് ഞാൻ പുലികളി കളിച്ചുകൊള്ളാം എന്ന് നേർച്ച നേർന്ന് അത് നടത്തിയാൽ ഈ ബുദ്ധിമുട്ടു ഇല്ലാതാകും എന്നവർ വിശ്വസിക്കുന്നു. പുലി
വേഷം കെട്ടുന്ന ആൾ എട്ട് ദിവസത്തെ വ്രതശുദ്ധിയോടെ വേണം വേഷം കെട്ടേണ്ടത്. പുരുഷന്മാരാണ് പുലി കളിക്കുന്നത്. ഉത്സവത്തിന്റെ ദിവസങ്ങളിലാണ് പുലികളി നടത്തുന്നത്. തൊട്ടടുത്തുള്ള ആറ്റിൽ പോയി കുളിച്ച് പ്രാർത്ഥിച്ച് പൂജാരിയുടെ നേതൃത്വത്തിൽ ചില പൂജകൾ അനുഷ്ഠിക്കുന്നു. പൂജ വയ്ക്കുന്നത് കറുപ്പു സ്വാമിക്കും, മാറിയമ്മയ്ക്കുമാണ്. പഴം, സാമ്പാണി, കുന്തിരിക്കം തുടങ്ങിയ സാമഗ്രികളാണ് പൂജയ്ക്ക് ഉപയോഗിക്കുന്നത്.

പുലികളിക്കുന്ന വ്യക്തിയുടെ വേഷവിധാനം വളരെ പ്രധാനപ്പെട്ടതാണ്. ദേഹം മുഴുവനും കരിയും മഞ്ഞളും കൂട്ടിക്കലർത്തിയ മിശ്രിതം തേച്ച് പിടിപ്പിക്കുന്നു. അരയിൽ മാത്രം ചെറിയ ഒരു തുണികൊണ്ട് നാണം മറയ്ക്കുന്നു. ശരീരത്തിന്റെ ബാക്കി ഭാഗങ്ങളിലെല്ലാം,
മഞ്ഞയും കറുപ്പും നിറം പൂശുന്നു.

മത്താട്ടം

മറയൂർ താഴ്വരയിലെ മലപ്പുലയർക്കിടയിലുള്ള ഒരനുഷ്ഠാനമാണ് മത്താട്ടം. തങ്ങളുടെ ഊരുകളിൽ പടർന്നു പിടിക്കുന്ന പകർച്ചവ്യാധികളുടെ മോചനത്തിനായിട്ടാണ് ഇത്തരത്തിലുള്ള ഒരു അനുഷ്ഠാനം നടത്തപ്പെടുന്നത്. പുരുഷന്മാർ മാത്രമാണ് ഇതിൽ പങ്കെടുക്കുന്നത്. മൂപ്പൻ മദ്ധ്യത്തിലും മത്താട്ടത്തിൽ പങ്കെടുക്കുന്ന പുരുഷന്മാർ അയാളുടെ ചുറ്റും വ്യത്താകൃതിയിൽനിന്ന് ചുവടുവയ്ക്കുന്നു. മൂപ്പൻ പാട്ടുകൾ പാടുന്നു. നർത്തകർ അത് ഏറ്റു പാടുന്നു. ഇതിന്റെ അവതരണത്തോടെ കുട്ടികളിൽ പടർന്നു പിടിക്കുന്ന വ്യാധികൾ ഇല്ലാതാകും എന്നവർ വിശ്വസിക്കുന്നു.

അവലംബം:

1) കിർത്താഡ്‌സ് കൈപ്പുസ്തകം 2016 -2017 

2) 2

   

മുതുവാൻ


ഗോത്ര ജനസംഖ്യയിൽ ഇടുക്കിയിൽ ഒന്നാം സ്ഥാനത്തുള്ള വിഭാഗമാണ് മുതുവാന്മാർ. തമിഴ് നാട്ടിൽനിന്നും കുടിയേറി പാർത്ത വിഭാഗമാണിവർ. ഇടുക്കി ജില്ലയിൽ കൂടാതെ എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലും ഇവരെ കണ്ടുവരുന്നു. ജില്ലയിൽ ദേവികുളം, അടിമാലി, നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്തുകളാണ് മുതുവാന്മാരുടെ ആവാസ കേന്ദ്രങ്ങൾ. 3309 മുതുവാ കുടുംബങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ 6273 സ്ത്രീകളും 6032പുരുഷന്മാരും ഉൾപ്പെടുന്നു. ജില്ലയിലെ ഗോത്ര ജനസംഖ്യയിൽ 31,2% എന്ന് 2007ലെ സർവ്വേ കണക്കുകൾ സൂചിപ്പിക്കുന്നു. കോട്ടഗിരി, കുണ്ടള, ചെങ്കുളം, മുട്ടം, കൊപ്പക്കാട്, പാലക്കാടുപെട്ടി,  കോട്ടപ്പാറ, കാന്തല്ലൂർ, ഇടമലക്കുടി, കണ്ടത്തുകുടി, വട്ടവട, ലക്കം, മൂന്നാർ, നേര്യമംഗലം, സൂര്യനെല്ലി, അടിമാലി, ചിന്നക്കനാൽ, നാച്ചിവയൽ, ചീങ്കുത്തി, കുറത്തികുടി, വാരിയംകുഴി, കമ്പനിക്കുടി, വെള്ളിയാംപാറ എന്നിവടങ്ങളിലാണ്‌ ഇവർ പ്രധാനമായും അധിവസിക്കുന്നത്. 2011ലെ കാനേഷുമാരി പ്രകാരം ആകെ 23746 മുതുവാ ജനസംഖ്യ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 11815 പേര് സ്ത്രീകളും 11931 പേര് പുരുഷന്മാരുമാണ്. 

ഉത്ഭവം 

മുതുവാന്മാരുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് ധാരാളം കഥകളുണ്ട്. അതിലൊന്ന് മധുരയിൽ യുദ്ധമുണ്ടായപ്പോൾ പരാജിതനായ രാജാവ് രാജ്യം വിട്ടുപോയി. രാജാവിനെ യാത്രാമദ്ധ്യ മുതുകിലേറ്റി ചുമന്ന ആളുടെ അനന്തരാവകാശികളാണ് തങ്ങളെന്ന് അവർ വിശ്വസിക്കുന്നു. മറ്റൊരു കഥ, രാമായണവുമായി ബന്ധമുള്ളതാണ്. വനവാസകാലത്ത് സീതയ്ക്ക് കാവൽ നിന്ന ആളുകളാണ് തങ്ങളെന്നും, അവരുടെ പിൻഗാമികളാണ് തങ്ങളെന്നും അവർ വിശ്വസിക്കുന്നു. മറ്റൊരു വിശ്വാസം പൂഞ്ഞാർ രാജാവിനൊപ്പം വന്ന് ഇവിടെ കുടിവച്ച് താമസിക്കുകയും രാജാവിന്റെ സഹായികളായി കഴിയുകയും ചെയ്ത ജനതയാണ് മുതുവാ സമൂഹം എന്നുമാണ്. മുതുകിൽ തുണികൊണ്ടുള്ള മാറാപ്പു കെട്ടി  അതിൽ ആയുധങ്ങളും മറ്റു സാധനങ്ങളും ഇട്ടുനടക്കുന്ന ഇവർ സ്ത്രീ പുരുഷ ഭേദമെന്യേ മുതുകിൽ മാറാപ്പുകെട്ടി കുട്ടികളെ കൊണ്ട് നടക്കുന്ന പതിവുള്ളതുകൊണ്ടാണ് ഇവർ മുതുവാന്മാർ എന്നറിയപെടുന്നതെന്നും ഒരു വാദമുണ്ട്.

ശാരീരിക സവിശേഷത

പൊതുവെ വെളുത്ത നിറമുള്ള മുതുവാന്മാർ അധികം ഉയരമില്ലാത്തവരാണ്. ചെമ്പൻ മുടിയും പരന്ന നീണ്ട മൂക്കും പകുതി വൃത്താകൃതിയോട് കൂടിയതുമാണ് ഇവരുടെ മുഖം. 

സാമൂഹിക ഘടന

മുതുവാൻ സമൂഹത്തിന്റെ ഗോത്രഘടനയെ പ്രധാനമായും അഞ്ചായി തരംതിരിക്കുന്നു. 

  1. തുസാനിക്കുട്ടം
  2. ഇല്ലിക്കൂട്ടം
  3. പുതനക്കുട്ടം
  4. കാണക്കുട്ടാ
  5. മേലേക്കൂട്ടം

ഇതിൽ തൂസാനിക്കൂട്ടം, ഇല്ലിക്കൂട്ടം, കാണക്കൂട്ടം എന്നി വിഭാഗങ്ങളെ വീണ്ടും
തരംതിരിക്കുന്നു.


തൂസാനിക്കുട്ടം

  • തൊയകര
  • ഇളയതലരി
  • മൂലാരി
  • അബോമൻ
  • മൂപ്പുകാരൻ

ഇല്ലിക്കൂട്ടം

  • മൂത്തവെണ്ട് താൻ
  • ഇളയ വെണ്ടതാൻ
  • മുല്ലക്കാട് വെണ്ട്താൻ
  • അള്ള വെണ്ടാൻ
  • ശൊള്ള വെണ്ട്താൻ
  • യെത്ശേരി

കാണക്കുട്ടം 

  • മുട്ടം 
  • കീമുട്ടം
  • മേമുട്ടം

മേലേക്കൂട്ടം, പൂതാനിക്കൂട്ടം എന്നീ വിഭാഗങ്ങളെ പലതായി തിരിച്ചിട്ടില്ല.

ഭരണക്രമം 

കാണി, പൂജാരി, മന്തക്കാരൻ ഈ രീതിയിലുള്ള സ്ഥാനമാണ് മുതുവാന്മാർക്കുള്ളത്. എല്ലാ കുടികളിലും ഇങ്ങനെ ആളുകളെ തിരഞ്ഞെടുത്തിരിക്കും. കാണിയിൽ കേന്ദ്രീകൃതമായിരിക്കും ഓരോ കൂടിയും. ആദ്യകാലങ്ങളിൽ കാണിയെ തലവൻ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. കുടിയിൽ നട ക്കുന്ന ഏത് പ്രധാനപ്പെട്ട കാര്യങ്ങളും കാണിയുടെ കീഴിലായിരിക്കും. വിവാഹം, മരണം, കൃഷി തുടങ്ങി എല്ലാ കാര്യങ്ങളിലും കാണിയുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കും. കാണിയുടെ അറിവോടെ മാത്രമായിരിക്കും കുടിയിലേക്ക് സന്ദർശകർ വരുന്നത്. ക്ഷേതത്തിലെ പൂജ ചെയ്യുന്ന ആളാണ് പൂജാരി. പൂജാരിയാണ് മറ്റൊരു പദവിക്കാരൻ, ഒന്നിലധികം പൂജാരികൾ ഒരു കുടിയിലുണ്ടാകും. തങ്ങൾക്ക് ഭവിക്കുന്ന വിപത്തുകൾ രോഗം, ഭയം എന്നിവയിൽ നിന്നുള്ള വിടുതലിന് ജനങ്ങൾ മന്തക്കാരനെയാണ് സമീപിക്കുന്നത്. ഇത് പാരമ്പര്യമായി ലഭിക്കുന്ന തൊഴിലാണ്. വെളളം, ഭസ്മം, നൂല് എന്നിവ പ്രാർത്ഥിച്ച് കൊടുക്കുന്നു.

പ്രസവം

മുതുവാ കുടികളിലെ പ്രസവം "തിണ്ണവീട്ടിലാണ് നടക്കുന്നത്. മുതിർന്ന സ്ത്രീകളുടെ ഉപദേശത്തിനാധാരമായിട്ടാണ് മരുന്നും മന്ത്രവും സ്വീകരിക്കുന്നത്. മുപ്പത് ദിവസം തിണ്ണവീട്ടിൽത്തന്നെയാണ് താമസം. പാലിൽ ചക്കര ചാലിച്ച് കുട്ടിയ്ക്ക് കൊടുക്കുക പതിവാണ്. മുലപ്പാൽ കൂടാതെ കുട്ടിയ്ക്ക് കൊടുക്കുന്നതാണിത്. അമ്മയേയും കുഞ്ഞിനെയും വീട്ടിലേയ്ക്ക് സ്വീകരിക്കുന്നത് വലിയ ആഘോഷത്തോടെയാണ്. കുടിയിലുള്ള എല്ലാ ആളുകളെയും വിളിച്ച് സദ്യയും മറ്റും ഈ സമയത്ത് നടത്തുക പതിവാണ്. പ്രസവ സമയത്ത് തിണ്ണവീട്ടിൽ സ്ത്രീകൾ മാത്രമേ കാണുകയുള്ളൂ. പ്രായമായ മുതുവാ സ്ത്രീകളുടെ അഭിപ്രായത്തിൽ ആണ് പ്രസവം നടക്കുന്നത്. സുഗമമായ പ്രസവത്തിനുവേണ്ട സംവിധാനങ്ങൾ തിണ്ണവീട്ടിൽ ഒരുക്കിയിരിക്കും. പ്രസവിച്ചശേഷം ആദ്യം എണ്ണതേച്ച് കുളിപ്പിക്കുന്ന പതിവ് ഇവർക്കിടയിലുണ്ട്. മൂന്നാം വയസ്സിലാണ് പേരിടുന്നതും മുടിമുറിക്കുന്നതും. തമിഴ് ചുവയുള്ള പേരുകളാണ് ഇവർക്ക് ഇടാറുള്ളത്. തങ്ങളുടെ പൂർവ്വീകർ തമിഴ്നാട്ടിൽനിന്നും ഉള്ള കുടിയേറ്റക്കാരാണെന്നും അതിന്റെ പാരമ്പര്യം നിലനിർത്തുവാനും ആണ് ഇന്നും ഇത്തരം പേരുകൾ ഇവർ സ്വീകരിച്ചു പോരുന്നത്.

തിരണ്ടുകല്യാണം

ഒരു പെൺകുട്ടി ഋതുമതിയായാൽ അവളെ പ്രായപൂർത്തിയായ സ്ത്രീയായി കണക്കാക്കുന്നു. വിവാഹ പ്രായമായിയെന്ന് അവളെ സമൂഹം കാണുന്നു. മുറച്ചെറുക്കനെ വിവാഹം കഴിക്കുന്ന രീതിയാണ് മുതുവാന്മാരുടെ ഇടയിലുള്ളത്. എന്നാൽ ഇന്ന് ചെറിയരീതിയിൽ മാറ്റമുണ്ട്. മുറച്ചെറുക്കന്റെ സഹോദരിമാർ വന്ന് പെൺകുട്ടിക്ക് സമ്മാനങ്ങൾ നൽകും. ഋതുവാകുന്ന സമയം മുതൽ തിണ്ണവീട്ടിൽ അഞ്ച് ദിവസം പാർക്കേണ്ടതാണ്. എല്ലാ ദിവസവും പെൺകുട്ടി കുളിക്കണം എന്ന് നിർബന്ധമാണ്. പക്ഷേ പുരുഷന്മാരെ കാണുന്നതിനോ സംസാരിക്കുന്നതിനോ ഈ സമയത്ത് പാടില്ല. സൂര്യനെയും പുരുഷനെയും ഈ സമയത്ത് കാണുവാൻ പാടില്ല. ഇത് സ്ത്രീയുടെ ഒരു ആഘോഷമാണ്. അഞ്ചാം ദിവസം പെൺകുട്ടിയെ പുഴ യിൽ കൊണ്ടുപോയി കുളിപ്പിക്കും. അതിനുശേഷം മഞ്ഞൾ കലക്കിയ വെള്ളം ദേഹമാസകലം ഒഴിക്കുന്നു. തുടർന്ന് വസ്ത്രധാരണത്തിലും മാറ്റമുണ്ടാകുന്നു. മാറ്, അര എന്നിവ മറയ്ക്കുന്ന വസ്ത്രധാരണരീതിയാണ് ഇവരുടെ പരമ്പരാഗത വേഷരീതി. എന്നാൽ ഇപ്പോൾ ശരീരം മുഴുവനും ഒറ്റ വസ്ത്രധാരണരീതിയാണ് ഉള്ളത്.

മുതുവാൻ സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചടങ്ങാണ് ഋതുമതി ആവുന്നത്. ഋതുമതിയായി ആദ്യനാല് ദിവസം കുടിയിൽ നിന്നും മാറി തിണ്ണവിട്ട് വാലായ്മപ്പുരയിലേക്ക് ഇവരെ മാറ്റി താമസിപ്പിക്കുകയും "കൊണ്ട് കെട്ട്' “തലേമുട്ട്' എന്നീ ചടങ്ങുകൾ നടത്തുകയും ചെയ്യുന്നു. ആർത്തവ കാലങ്ങളിൽ സ്ത്രീകളെ ഏറ്റവും അശുദ്ധിയുള്ളവരായി മുതവാന്മാർ കാണുന്നു. ഈ സമയങ്ങളിൽ പുരുഷന്മാർ സ്ത്രീകളെ കാണുന്നത് പോലും കുലത്തിന്റെ നാശത്തിന് കാരണമാകുമെന്ന് ഇന്നും ഇവർ വിശ്വസിച്ച് വരുന്നു. ആർത്തവ കാലങ്ങളിൽ നാല് ദിവസത്തേയ്ക്ക് സ്ത്രീയ്ക്ക് തിണ്ണവിട്ടു പുറത്തേയ്ക്കിറങ്ങുവാനോ വെളിയിലേക്ക് പോകുവാനോ, പുരുഷന്മാരെ കാണുവാനോ അനുവാദമില്ല. ഋതുമതിയാകുന്നതോടെ വിവാഹം കഴിച്ചയക്കുന്നതോടെ പല മുതുവാൻ സ്ത്രീകൾക്കും പ്രാഥമിക വിദ്യാഭ്യാസം പോലും പൂർത്തിയാക്കുവാൻ സാധിക്കാറില്ല. 2011ലെ കാനേഷുമാരി പ്രകാരം സ്ത്രീ സാക്ഷരതാ നിരക്ക് 46.7 ശതമാനം മാത്രമാണ്. എന്നാൽ പുരുഷ സാക്ഷരതാ 67.1 ശതമാനമാണ്.  

വിവാഹം

ഋതുമതിയായി കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും പെൺകുട്ടിയെ വിവാഹിതയാക്കാം. സാധാരണഗതിയിൽ മുറച്ചെറുക്കനാണ് വിവാഹം കഴിക്കുക. മുറച്ചെറുക്കൻ ഇല്ലെങ്കിലോ, മുറച്ചെറുക്കന് വിവാഹം കഴിക്കാൻ താൽപര്യമില്ലെങ്കിൽ മാത്രമേ വേറൊരാളെ വിവാഹം കഴിക്കുവാൻ പാടുള്ളൂ. പരസ്പരം വിവാഹിതരായ ഒരു പുരുഷനും സ്ത്രീയും അവരുടെ കുട്ടികളും ചേർന്നതാണ് കുടുംബം. പ്രായപൂർത്തിയായാൽ സ്ത്രീക്കും പുരുഷനും വിവാഹം ചെയ്യുവാൻ സാധിക്കും. വിവാഹിതനാകുന്നതിനു മുമ്പ് പുരുഷൻ ചാവടിയിലായിരിക്കണം കഴിയേണ്ടത്. വിവാഹത്തലേന്ന് ചാവടിയോട് വിട പറയുന്നു, ശോകപൂർണ്ണമായ ഒരു ആൾപ്പാട്ടോടു കൂടിയാണ് ചാവടിയോട് വിടപറയുന്നത്. വിവാഹിതരായാൽ സ്ത്രീയും പുരുഷനും വേറെ വീടുവെച്ച് താമസം തുടങ്ങുന്നു. കൂട്ടുകുടുംബ സംവിധാനം മുതുവാന്മാർക്കിടയിലില്ല. പത്ത് വയസ്സിനുശേഷം ആൺകുട്ടികൾ വീടുകളിൽനിന്നും ചാവടിയിലേക്ക് മാറി താമസിക്കും. പ്രായപൂർത്തിയായ പെൺകുട്ടികളും ആൺകുട്ടികളും പ്രത്യേകം സംഘങ്ങളായിട്ടാണ് നടക്കാറുള്ളത്. ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കായിട്ടും വീട്ടിൽ വരുന്നതൊഴിച്ചാൽ ആൺകുട്ടികൾ കൂടുതൽ സമയം ചാവടിയിലായിരിക്കും. 

പെൺവീട്ടിൽ വച്ചാണ് കല്യാണം നടത്തുന്നത്. ഏറ്റവും രസാവഹമായ ചടങ്ങുകളാണ് മുതുവന്മാരുടെ വിവാഹത്തിനുള്ളത്. വിവാഹ ദിവസം രാവിലെ പെണ്ണിന്റെ തോമക്കാർ പെണ്ണിനെ കാട്ടിൽ ഒളിപ്പിക്കുന്നു. ചെറുക്കനും, തോഴ്ചക്കാരും ചേർന്ന് പെണ്ണിനെ
കണ്ടുപിടിക്കണം, എപ്പോൾ കണ്ടുപിടിയ്ക്കുന്നു ആ സമയത്തെ കല്യാണം നടക്കുകയുള്ളൂ. ചെറുക്കന്റെയും പെണ്ണിന്റെയും താഴ്ചക്കാർ ലൈംഗികത മുറ്റി നിൽക്കുന്ന പാട്ടുകളാണ് പാടുന്നത്. സ്ത്രീപുരുഷന്മാർ സംഘങ്ങളായി നിന്ന് ഈ പാട്ട് പാടുന്നു. കാട്ടിനുള്ളിലെ ഈ അവതരണരീതി സ്ത്രീയെയും പുരുഷനെയും മാനസികവും, ശാരീരികവുമായി അടുപ്പിയ്ക്കുന്നതിന് കാരണമാകുന്നു. ഇപ്പോഴും ഈ രീതി നിലനില്ക്കുന്നു. വിവാഹവുമായി ബന്ധപ്പെട്ട ആശപ്പാട്ടുകളുടെ കാര്യം പറയുമ്പോൾത്തന്നെ മുതുവാ മുഖങ്ങളിൽ നാണം മിന്നിമറയുന്നത് കാണാം. പെണ്ണിനെ ചെറുക്കനും തോഴ്ചക്കാരും ചേർന്ന് കണ്ടുപിടിച്ചാൽ അപ്പോൾത്തന്നെ വിവാഹമായി, പരമ്പരാഗതമായ 'പാശിമാല' വധുവിനെ അണിയിക്കുന്നു. തുടർന്ന് താംബൂലം കൈമാറുന്നു. തുടർന്ന് സദ്യയും മറ്റും കുടിയാകെ കല്യാണത്തിമർപ്പിൽ മതിമയങ്ങും. വിവാഹിതരായ ചെറുക്കനും പെണ്ണും കുടിയിലുള്ള എല്ലാ വീടുകളും സന്ദർശിക്കുന്നു. 

മരുമക്കത്തായ സമ്പ്രദായത്തിൽ ആണ് ദായക്രമം നടക്കുന്നത്. സ്ത്രീ വഴിയ്ക്കുള്ള സ്വത്തവകാശമാണ് ഇവർക്ക്. ഇല്ലിക്കൂട്ടത്തിൽ ഉള്ള പുരുഷൻ കാണക്കൂട്ടത്തിൽ ഉള്ള സ്ത്രീയെ വിവാഹം കഴിക്കുകയാണെങ്കിൽ അവർക്ക് ജനിക്കുന്ന കുട്ടികൾ കാണക്കൂട്ടത്തിൽ ഉള്ളതായിരിക്കും. അവർക്ക് അമ്മയുടെ കുലം ആയിരിക്കും. ഒരേ കുലത്തിലുള്ളവർ രക്തബന്ധമുള്ളവരായിരിക്കും. അവർ തമ്മിൽ വിവാഹം കഴിയ്ക്കുവാൻ പാടില്ല.

മരണം 

കമ്പുകാരൻ ആണ് മരണവിവരം കുടിയിൽ എല്ലാവരെയും അറിയിക്കുന്നത്. സമീപമുള്ള കുടികളിൽനിന്നും ആളുകൾ വന്നെത്തും. ദുഖസൂചകമായി മുതുവാന്മാർ വെള്ള തുണിയാണ് ഉപയോഗിക്കുന്നത്. സ്ത്രീകളും മറ്റ് ബന്ധുക്കളും ശവത്തിനടുത്തിരുന്ന് പാട്ടുപാടി കരയാറുണ്ട്. മറ്റ് ആദിവാസി വിഭാഗക്കാരെപ്പോലെ മുതുവാന്മാരും ഇപ്രകാരം ചെയ്യാറുണ്ട്. ഇത് "ഒപ്പാരപാട്ടുകൾ" എന്ന പേരിലാണ് അറിയപ്പെടുന്നത്. മരിച്ച ആൾ ജീവിച്ചിരുന്നപ്പോൾ ചെയ്ത നന്മകൾ, അയാൾ ചെയ്ത ഉപകാരങ്ങൾ പറഞ്ഞുമാണ് സ്ത്രീകൾ കരയുന്നത്. പുരുഷന്മാർ 'ഒപ്പാര' പാട്ടുകൾ പാടി കരയാറില്ല. ശവം കുളിപ്പിക്കുകയാണ് പിന്നീടുള്ള ചടങ്ങ്. അടുത്ത ബന്ധമുള്ളവർ ശവ ത്തിന്റെ വായിൽ നെല്ല്, മുതിര, തുടങ്ങിയ ധാന്യങ്ങൾ ഇടും. പിന്നീട് ചില പ്രാർത്ഥനകൾക്ക് ശേഷം ശവം അടക്കം ചെയ്യുവാനായി കൊണ്ടുപോകും. “കുത്തുകട്ടിൽ" ഇതിലാണ് ശവം അടക്കം ചെയ്യുന്നതിനായി കൊണ്ടുപോകുന്നത്.

ഒരാൾ മരിച്ചാൽ കുടിയിലുള്ള പുരുഷന്മാർ എല്ലാം ചേർന്ന് കുത്തുകട്ടിൽ നിർമ്മാണത്തിൽ ഏർപ്പെടും. രണ്ടു കമ്പുകളിൽ വള്ളി പാകി കട്ടിലിന്റെ മാതൃകയിൽ ആക്കുന്ന കുത്തുകട്ടിൽ ഉണ്ട്. അതേപോലെതന്നെ ഒറ്റകമ്പിലും ശവം കെട്ടിയിട്ടുകൊണ്ടും കൊണ്ടുപോകുന്ന രീതിയും ഇവർക്കിടയിലുണ്ട്. മരിച്ച ആളിന്റെ മൂത്ത മകൻ കുത്തുകട്ടിലിന്റെ മുൻപിൽ നിൽക്കും. ഏറ്റവും മുമ്പിലായിരിക്കും മന്ത്രവാദിയുടെ സ്ഥാനം. ശവക്കുഴി എടുത്തതിനുശേഷം കുത്തുകട്ടിലിൽ നിന്ന് ശവം മാറ്റി ശവം വള്ളികൊണ്ട് കെട്ടി കുഴിയിലേക്ക് ഇറക്കുന്നു. തുടർന്ന് ശവത്തിനു മൂകളിൽ പുല്ല്. ഇല ഇവകൊണ്ട് ശവം മൂടിവയ്ക്കുന്നു. അതിനുമുകളിൽ മണ്ണ് ഇട്ട് മൂടുന്നു. അയാൾ ഉപയോഗിച്ചിരുന്ന ആയുധങ്ങളും ധാന്യങ്ങളും ഇട്ട് കുഴി പൂർണ്ണമായും മൂടുന്നു. കുഴിക്ക് മുകളിൽ ചെറിയ വീട് പോലെ കമ്പു കൊണ്ട് ഉണ്ടാക്കിയെടുക്കുന്നു. അതിനു മുകളിൽ ഇലകൊണ്ട് മൂടുന്നു.

ചുരുക്കം ചില സന്ദർഭങ്ങളിൽ ശവം ദഹിപ്പിക്കുന്ന പതിവും ഇവരുടെ ഇടയിലുണ്ട്. ചന്ദനം, വപ്പ് തുടങ്ങിയ മരങ്ങളാണ് ദഹിപ്പിക്കാൻ ഉപയോഗിക്കുന്നത്. മുപ്പതാം ദിവസം ഒരു അടിയന്തിരകർമ്മം നടത്തുന്നു. അന്ന് വിഭവസമൃദ്ധമായ സദ്യയും നടത്തും. മരണശേഷം ഒറ്റ പ്രാർത്ഥനമാത്രമെ നടത്തുകയുള്ളൂ. "ഈ കണ്ടതുപോലെ ഇനിയും കാണരുത് എന്നു മാത്രം. മരിച്ചവരെ അടക്കുന്ന സ്ഥലത്തിന് “നൊള്ളിമുടി' എന്ന് അറിയപ്പെടുന്നു.


എല്ലാ സമുദായങ്ങളിലും സ്ത്രീ പുരുഷ വ്യത്യാസങ്ങൾ കാണ പ്പെടുന്നുണ്ടെങ്കിലും മുതവാൻ ഗോത്ര ജനതയ്ക്കിടയിൽ സ്ത്രീ പുരുഷ വ്യത്യാസം വളരെ ആഴത്തിൽ കാണാവുന്നതാണ്. ഒരു പെൺകുട്ടി ജനിക്കുന്നതു മുതൽ അവളുടെ വിശ്വാസത്തിന്റെയും, ആചാരാനുഷ്ഠാനങ്ങളുടെയും ഭാഗമായുള്ള സമൂഹിക വിലക്ക് മുറകളും, സാമൂഹിക നിയന്ത്രണങ്ങളും അവളുടെ ജീവിതത്തിലുടനീളമുണ്ട്. ജീവിത ചക്രത്തിൽ ജനനം, ബാല്യം, കൗമാരം, യൗവനം, വാർദ്ധക്യം എന്നീ ഘട്ടങ്ങളിലെല്ലാം തന്നെ മുതുവാൻ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഒന്നുതന്നെയെങ്കിലും, ഇവർ നേരിടേണ്ടിവരുന്ന സാമൂഹിക വിലക്കുകളിൽ ഏറ്റക്കുറച്ചിലുകളുണ്ട്.

ചാവടി സമ്പ്രദായത്തിന് സമാനമായി മുതുവാൻ സ്ത്രീകൾക്കിടയിലും തിണ്ണവീട് (കുമാരിമഠം) നിലനിൽക്കുന്നുണ്ട്. 5 വയസ് മുതലുള്ള പെൺകുട്ടികൾ, വിധവകൾ, മുതിർന്ന സ്ത്രീകൾ രാത്രികാലങ്ങളിൽ തിണ്ണവീടുകളിൽ കഴിഞ്ഞ് വരുന്നു. ആർത്തവ കാലങ്ങളിലും പ്രസവവുമായി ബന്ധപ്പെട്ടും തിണ്ണവീടുകളിലേയ്ക്ക് സ്ത്രീകളെ മാറ്റിപ്പാർപ്പിക്കുന്നു. കുമാരി മക്കൾ എന്ന് വിളിക്കപ്പെടുന്ന അവിവാഹിതരായ പെൺകുട്ടികൾക്ക് കുടികളിൽ പാലിക്കേണ്ടതായ സമുദായാചാരങ്ങൾ, സാമൂഹിക നിയന്ത്രണങ്ങൾ, വിവാഹ ജീവിതത്തിൽ പാലിക്കേണ്ടതാകുന്ന മര്യാദകളും ആചാ രങ്ങളും വിശ്വാസങ്ങളും തിണ്ണവീടുകളിൽ വെച്ചാണ് മുതിർന്ന സ്തീകൾ പകർന്നു നൽകുന്നത്. ചെറുപ്രായത്തിൽ തന്നെ പുരുഷന്മാരുമായുള്ള ഇടപെടലുകൾ സമുദായം വിലക്കിയിട്ടുണ്ട്.


മുൻകാലങ്ങളിൽ അച്ചൻ, സഹോദരൻ, ഭർത്താവ്, മകൻ എന്നിവരോട് മാത്രം ഇടപെടാനുള്ള സ്വാതന്ത്യം മാത്രമാണ് സമുദായം ഇവർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ളത്, മുതുവാൻ, സ്ത്രീകൾക്ക് സഞ്ചാര സ്വാതന്ത്യവും മറ്റു പുരുഷന്മാരുമായുള്ള ഇടപഴകലുകളും വിലക്കപ്പെട്ടിട്ടുണ്ട്. സ്വകുലത്തിലെയും ഇതരകുലത്തിലെയും പുരുഷന്മാരെ മുഖാമുഖം കാണുന്നതിൽ ഇവർക്ക് വിലക്കുണ്ട്. 


അത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കുകയും സമീപത്തുള്ള കുറ്റിച്ചെടികൾക്കിടയിൽ ഓടിയൊളിക്കുകയും  ചെയ്ത കാലം നിലനിന്നിരുന്നു. എന്നാൽ ഈ ആചാരത്തിൽ കാലാനുസൃതമായ വ്യത്യാസം വന്നിട്ടുണ്ട്, സമാനമായി കുടുംബത്തിനുള്ളിൽ തന്നെ മാതൃസഹോദരൻ, ഭർതൃപിതാവ് ഭർതൃസഹോദരൻ, മുറച്ചെറുക്കൻ, മരുമകൻ എന്നിവരുമായി ഇടപെടുന്നതിനു സമുദായ നിയന്ത്രണങ്ങൾ ഇന്നും തുടരുന്നു. സ്വഗണസ്ഥരായിട്ടുള്ള, സ്വന്തം കൂട്ടത്തിന് (clan) പുറത്തു നിന്നുമുള്ള ആളുകൾ തമ്മിൽ വിവാഹബന്ധത്തിൽ ഏർപ്പെടുന്നതും കൂടാതെ 'ക്രോസ് കസിൻ' വിവാഹബന്ധങ്ങൾ കൂടുതലായും സമുദായത്തിനിടയിൽ നിലനിൽക്കുന്നു. സ്വകുലത്തിൽ ഉൾപ്പെടുന്ന പുരുഷന്മാരുമായുള്ള വിവാഹം കണിശമായി നിരോധിക്കപ്പെട്ടിട്ടുള്ളതും സമാന്തര സഹോദരൻ, സഹോദരി കുട്ടികൾ തമ്മിലുള്ള വിവാഹം ഇവർക്ക് നിക്ഷിപ്തവും ശിക്ഷാർഹവുമാണ്. അതുകൊണ്ട് തന്നെ ചെറുപ്പകാലം തൊട്ട് തന്നെ എതിർ ലിംഗത്തിലുൾപ്പെട്ടവരുമായുള്ള ഇടപെടലുകൾ കർശനമായി വിലക്കപ്പെട്ടിരുന്നു. ഇത് കുലമര്യാദയായും കണക്കാക്കപ്പെടുന്നു.

അവലംബം

1) 1 

2) Contemporary Socio-Cultural Scenario of Tribal Women in India Challenges and Prospects May-2019 Page 84-91 Kirtads Publications

 

പളിയൻ / പള്ളിയൻ / പള്ളിയാർ 

2002ലെ ഭരണഘടനാ ഭേദഗതി നിലവിൽ വരുംവരെ പളിയൻ, പള്ളിയൻ, പള്ളിയാർ എന്നിവരെ മൂന്നു വ്യത്യസ്ത ഗോത്ര വിഭാഗങ്ങളായിട്ടാണ് കണക്കാക്കിയിരുന്നത്. ഇടുക്കിയിലെ മറ്റ് ഗോത്രവർഗ്ഗങ്ങളെപ്പോലെ പളിയന്മാരും തമിഴ്നാട്ടിൽനിന്നും കുടിയേറിയവരാണ്. തമിഴ്നാട്ടിലെ കൂടല്ലൂരിൽനിന്നാണ് ഇവർ കുടിയേറി പാർത്തത്. ചക്കുപള്ളത്ത് താമസമാക്കുകയും അതിനോടു ചേർന്ന പ്രദേശങ്ങളിൽ പിന്നീട് വ്യാപിക്കുകയും ചെയ്തു. ഇവർ കട്ടപ്പന, അഴുത ബ്ലോക്കുകളിലായിട്ടാണ് അധിവസിക്കുന്നത്. കട്ടപ്പന ബ്ലോക്കിലെ ചപള്ളം, പുളിയന്മല, അണക്കര, പത്താംമൈൽ, പാച്ചുപിള്ളക്കുടി, അന്യാർതൊട്ടു തുടങ്ങിയസ്ഥലങ്ങളിൽ ഇവർ പാർത്തുവരുന്നു. ഇടുക്കി ജില്ലയിൽ മാത്രം കാണപ്പെടുന്ന ഗോത്രവിഭാഗമാണ് പളിയർ. ജില്ലയിൽ 422 കുടുംബങ്ങളാണുള്ളത്. ആകെ ജനസംഖ്യ 1484 ആണ്. ഇതിൽ 736പുരുഷന്മാരും 728 സ്ത്രീകളുമാണ്.

ഉൽപ്പത്തി 

ധാരാളം ആടുകളുള്ള ഒരു ആട്ടിടയന്റെ ഒരു ആട് നഷ്ടപ്പെട്ടു. നഷ്ടപ്പെട്ട ആടിനെ കണ്ടുപിടിക്കുന്നതിനായി അയാൾ ഒരുപാട് സ്ഥലങ്ങളിൽ അന്വേഷിച്ചുകൊണ്ടിരുന്നു. അങ്ങനെ അയാൾ ഒരു താഴ്വാരത്തെത്തി. അവിടെ രണ്ട് കുട്ടികൾ ഒരു കലത്തിൽ എന്തോ പാകം ചെയ്യുന്നത് അയാൾ കണ്ടു. ഇത് ആടിന്റെ കരൾ ആണെന്ന് കുട്ടികൾ പറഞ്ഞു. തന്റെ ആടാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ദേഷ്യം സഹിക്കവയ്യാതെ കുട്ടികളുടെ തല വെട്ടിക്കളഞ്ഞു. കുട്ടികളെ കാണാഞ്ഞതിനാൽ അവരുടെ മാതാപിതാക്കൾ അന്വേഷിച്ച് വന്നപ്പോൾ തങ്ങളുടെ മക്കൾ അവിടെ കല്ലായി മാറിയിരിക്കുന്നു. അങ്ങനെ ദു:ഖിതനായ പിതാവ് ആട്ടിടയന്റെ മക്കളുടെയും ശിരച്ഛേദനം നടത്തി. ഇതേ തുടർന്ന് തങ്ങളുടെ കുട്ടികളെ മുഴുവൻ ശിരച്ഛേദനം നടത്തും എന്ന് ഭയപ്പെട്ട് കേരളത്തിലേക്ക് കുടിയേറിയെന്ന് വിശ്വസിക്കുന്നു.

സുബ്രമണ്യനിൽനിന്നാണ് പളിയ സമുദായത്തിന്റെ ആവിർഭാവം എന്നവർ വിശ്വസിക്കുന്നു. പളിക്ക (പഴി) എന്ന തമിഴ് പദത്തിൽനിന്നുമാണ് പളിയർ എന്ന പേര് ലഭിച്ചത്. അതായത് പഴിയ്ക്ക് കാരണമാകുന്നതൊന്നും തങ്ങൾ ചെയ്യില്ല എന്നവർ വിശ്വസിക്കുന്നു. തമിഴ്നാട്ടിലെ മധുര ജില്ലയിലെ കമ്പം താലൂക്കിലുള്ള ഗൂഡല്ലൂരിൽനിന്നും കൃഷിയ്ക്കായി കേരളത്തിൽ എത്തപ്പെട്ടതാണ് ഇവരെന്നും ഒരു വിശ്വാസം ഉണ്ട്. 

കുലങ്ങൾ

  • സൂര്യകുലം
  • നാഗകുലം
  • കുറൂട്ട് പളിയർ 
  • മേമല പളിയർ

കുറൂട്ട് പളിയരും മേമല പളിയരും അവർ അവരെ മാത്രമേ വിവാഹം കഴിയ്ക്കുവാൻ പറ്റുകയുളളു,

ഗോത്രഘടന 

സമൂഹത്തിന്റെ നിലനിൽപിന് ഘടന അത്യന്താപേക്ഷിതമാണ്. പളിയരുടെ സമൂഹഘടനയിൽ പ്രധാനി കാണിക്കാരൻ അഥവാ നാട്ടാമൻ എന്ന പേരിൽ അറിയപ്പെടുന്നു. നാട്ടാമയുടെ തൊട്ടുതാഴെയായി തണ്ടക്കാരൻ എന്ന ഒരു ഉദ്യോഗസ്ഥനുണ്ടാകും. ഇയാൾക്കാണ് കാണിക്കാരന്റെ ചുമതല (തണ്ടക്കാരനാണ് നാട്ടാമിയുടെ ആവശ്യപ്രകാരം കാര്യങ്ങൾ നടത്തേണ്ടത്.) 

കുടുംബസംവിധാനം

കുടുംബബന്ധത്തിൽ സ്ത്രീയ്ക്കും പുരുഷനും തുല്യസ്ഥാനമാണ്. കുടുംബനാഥൻ പുരുഷനാണ്. സ്ത്രീകൾക്ക് എല്ലാവിധ സ്വാതന്ത്ര്യങ്ങളും നൽകിയിരുന്നുവെങ്കിലും സുപ്രധാന തീരുമാനങ്ങളും മറ്റും എടുക്കുന്നത് പുരുഷൻ തന്നെയാണ്. ഭാര്യാ-ഭർത്താവ് കുട്ടികൾ എന്നീ ക്രമത്തിലാണ് ഇവർ താമസിക്കുന്നത്. ബഹുഭാര്യത്വം ഇവരുടെയിടയിൽ അനുവദനീയമല്ല. ഒരാൾക്ക് ഭാര്യയെ കൂടാതെ മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നറിഞ്ഞാൽ ഭാര്യയ്ക്ക് അയാളെ ഉപേക്ഷിച്ച് പോകാവുന്നതാണ്. പുന:ർവിവാഹം അനുവദനീയമാണ്.

ജനനം

ജനനം സാധാരണഗതിയിൽ സ്ത്രീയുടെ വീട്ടിൽ വച്ചായിരിക്കും. ഗർഭസമയത്ത് മറ്റ് ചടങ്ങുകളൊന്നും തന്നെയില്ല. ആകെയുള്ളത് ഒരു ചടങ്ങ് മാത്രമാണ്, കുട്ടി ആണോ പെണ്ണാ എന്നറിയാൻ പളിയ സമുദായക്കാരുടെ ഇടയിൽ രസകരമായ ഒരു ചടങ്ങുണ്ട്. മഞ്ഞൾ വെള്ളം
ഒരു പാത്രത്തിൽ കലക്കിവെയ്ക്കുന്നു. ഇതിലേക്ക് വെള്ളികൊണ്ടും, പിച്ചളകൊണ്ടുമുള്ള മോതിരം ഇടുന്നു. ഭാര്യയും ഭർത്താവും ഇത് കൈയിട്ടെടുക്കുന്നു. ആദ്യം കിട്ടുന്നത് വെള്ളി മോതിരമാണെങ്കിൽ ആൺകുട്ടിയും, പിച്ചളയാണെങ്കിൽ പെൺകുട്ടിയുമായിരിക്കും.


സ്ത്രീയുടെ പ്രസവം മുട്ടുവീട്ടിലാണ് (പള്ളപ്പുര)യിലാണ്. അമ്മയുടെയും കുഞ്ഞിന്റെയും സഹായത്തിനായി രണ്ടോ മൂന്നോ സ്ത്രീകൾ അവിടെ കാണും. ജനിച്ച് പതിമൂന്ന് ദിവസമാകുമ്പോൾ കുട്ടിയെ എണ്ണ തേച്ച് കുളിപ്പിച്ച് കറുത്ത ചരട് അരയിൽ കെട്ടുന്നു. ഇത് ചെയ്യുന്നത് അമ്മാവന്റെ ഭാര്യയാണ്. അവർ കുട്ടിയെ പാട്ടുപാടി തൊട്ടിലിൽ കിടത്തുന്നു. ഇത്തരം സന്ദർഭങ്ങളിൽ പാടുന്നതിനായിട്ടുള്ള താരാട്ടു പാട്ടുകളുടെ ഒരു വൻ ശേഖരം തന്നെ പളിയ സമുദായക്കാരുടെയിടയിലുണ്ട്. തൊട്ടിച്ചാത്തിരത്തിൽ സ്ത്രീകൾ തന്നെയാണ് പങ്കെടുക്കുന്നത്. പുരുഷന്മാർ ഇതിൽ സംബന്ധിക്കാറില്ല. അതുപോലെതന്നെ ആൺകുട്ടിയെയും, പെൺകുട്ടിയെയും കുളിപ്പിക്കുന്ന രീതിയിൽ വ്യത്യാസമുണ്ട്. പെൺകുട്ടിയെ മഞ്ഞൾ തേച്ച് കുളിപ്പിക്കുമ്പോൾ ആൺകുട്ടികളെ അറപ്പ് എന്നൊരു പച്ചില തേച്ച് കുളിപ്പിക്കുന്നു.

തിരണ്ടുകല്യാണം

പെൺകുട്ടികൾ ഋതുമതിയാകുമ്പോൾ മറ്റ് വിഭാഗങ്ങളിൽനിന്നും വ്യത്യസ്തമായ ചടങ്ങാണ് ഇവരുടെ ഇടയിലുള്ളത്. ഋതുമതിയാകുമ്പോൾ കന്നിമാടത്തിൽ" (പള്ളപ്പുര) പ്രവേശിയ്ക്കും. ഋതുമതിയാകുമ്പോൾ കന്നിമാടവും ആർത്തവകാലത്തും, പ്രസവസമയത്തും പള്ള പുരയിലും പ്രവേശിക്കുന്നു. കന്നിമാടം തന്നെയാണ് പള്ളപ്പുര. വ്യക്തിയെ ആശ്രയിച്ചാണ് കന്നിമാടം പള്ളിപ്പുരയും, പള്ളിപ്പുര കന്നിമാടവും ആകുന്നത്. കന്നിമാടത്തിൽ പ്രവേശിപ്പിച്ച പെൺകുട്ടി ഏഴ് ദിവസം അതിനുള്ളിലായിരിക്കും. അവൾക്ക് സംരക്ഷണത്തിനായി മുറച്ചെറുക്കൻ പുറത്ത് കാണും. ഇത് മുറച്ചെറുക്കന്റെ അവകാശമാണ്. ഇവരുടെ വിവാഹം നടക്കണമെന്ന് നിർബന്ധമില്ല. പെൺകുട്ടിയുടെ സഹായത്തിനായി രണ്ടോ മൂന്നോ സ്ത്രീകളും കൂടെയുണ്ടാകും. പുറത്ത് നിൽക്കുന്ന മുറച്ചെറുക്കന്റെ കയ്യിൽ അമ്പും വില്ലും കാണും. അശുദ്ധ മൂർത്തികൾ പെൺകുട്ടിയെ ഉപദ്രവിക്കാതിരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. പെൺകുട്ടിയുടെ കയ്യിൽ ഒരു കത്തിയും നൽകും. അശുദ്ധമൂർത്തികൾ പെൺകുട്ടിയെ ഉപദ്രവിച്ചാൽ പുത്രാ സമ്പത്തോ നല്ല വിവാഹമോ പെൺകുട്ടിയ്ക്ക് നടക്കില്ല. ഇതിനായിട്ടാണ് മുറച്ചെറുക്കൻ അമ്പും വില്ലുമായി പുറത്ത് നിൽക്കുന്നത്. ഏഴു ദിവസത്തിനുശേഷം ഒരു കുളം കുഴിയ്ക്കും. അതിനോട് അനുബന്ധമായി ഏഴ് ചാലുകൾ നിർമ്മിയ്ക്കും. ഒന്നാമത്തെ ചാൽ കുളവുമായി ബന്ധിപ്പിക്കും. അങ്ങനെ വെളളം ഏഴുചാലിലുമെത്തും. ഏഴുചാലിലും പെൺകുട്ടി മുങ്ങി കയറണം. തീണ്ടാരിയും, കൂട്ടുകാരികളും ഇത് ചെയ്യണം. ഏഴു ചാലിലും മുങ്ങിയതിനുശേഷം തലമറച്ച് കുടിലിൽ വന്നു പുതുവസ്ത്രം ധരിക്കുന്നു. അതിനുശേഷം ഒരു കലം വെള്ളവുമായി കുടിലിന്റെ മുറ്റത്ത് പെൺകുട്ടി പൊങ്കാലയിടുന്നു. അടുപ്പിൽ കലം വയ്ക്കണമെങ്കിൽ മുറച്ചെറുക്കനെ തൃപ്തിപ്പെടുത്തണം. പണം, പൊന്ന്, വസ്ത്രം തുടങ്ങിയവ നൽകുന്നു.

വിവാഹം

മുറച്ചെറുക്കനുമായി വിവാഹബന്ധത്തിൽ ഏർപ്പെടാം. അല്ലാതെയും വിവാഹം നടത്താം. കൂടുതൽ കർമ്മങ്ങൾ പളിയ സമുദായത്തിനിടയിലില്ല. ജാതി ചോദിച്ചതിനുശേഷം വിവാഹം ഉറപ്പിക്കുന്നു. വിവാഹം നടത്തുന്നത് രാത്രിയിലാണ്. അഗ്നിസാക്ഷിയായിട്ട് കല്ലിൽ നിർത്തിയാണ് വിവാഹകർമ്മങ്ങൾ അനുഷ്ഠിക്കുന്നത്. വലിയ കല്ലിന്മേൽ പുരുഷനും, ചെറിയ കല്ലിന്മേൽ സ്ത്രീയും നിൽക്കുന്നു. ഇങ്ങനെ നിർത്തുന്നതിന്റെ പുറകിലെ യുക്തി സ്ത്രീ പുരുഷനു കീഴ്പെട്ടവളാണെന്നും, പുരുഷന് വിധേയത്വമുള്ളവളായിരിക്കണം എന്നതുമാണ്. വിവാഹം നടത്തുന്ന സ്ഥലത്തിന് മന്നവറ എന്നാണറിയപ്പെടുന്നത്. മഞ്ഞൾ മുക്കിയ താലിച്ചരട് പുരുഷനാണ് സ്ത്രീയുടെ കഴുത്തിൽ കെട്ടുന്നത്. വിവാഹശേഷം വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും. മന്നവറയിൽ രണ്ട് ആഴി (തീ) ഇടും. അതിന്റെ മുമ്പിൽനിന്നാണ് വിവാഹം നടത്തുന്നത്. ആഴിയ്ക്ക് കണപ്പ എന്നാണ് പളിയ ഭാഷയിൽ പറയുന്നത്. രണ്ട് ആഴി പുരുഷനെയും സ്ത്രീയെയും ഉദ്ദേശിക്കുന്നു. കണപ്പിന് മുമ്പിൽ നിന്ന് സ്ത്രീയും പുരുഷനും തങ്ങൾക്ക് ഈ വിവാഹത്തിന് സമ്മതമാണെന്നും പരപ്രേരണ കൂടാതെയാണ് ഈ വിവാഹം നടത്തുന്നത് എന്നും പറയണം, കാണിയ്ക്കാരാണ് പ്രധാന കാർമ്മികൻ. കാർമ്മിയുടെ മേൽനോട്ടത്തിലാണ് വിവാഹം നടത്തുന്നത്. പുരുഷൻ മരിയ്ക്കുമ്പോൾ താലി ചരട് ഉപയോഗിച്ചാണ് തള്ളവിരലുകൾ കെട്ടുന്നത്. താലി പുരുഷന്റെ ശവത്തോടൊപ്പം കൊടുത്തുവിടുന്നു. വിധവകൾ പൂവി, പൊട്ട്, വള, മാല തുടങ്ങി ഒരു ആർഭാടവും പാടുള്ളതല്ല. പളിയരുടെ ഇടയിൽ വിധവകളെ മുണ്ടച്ചി എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഉത്സവം

ഒരു മാസത്തെ നോമ്പാചരണത്തോടെയാണ് ഉത്സവം കൊണ്ടാടുന്നത്. ഉത്സവത്തിനായി തങ്ങളുടെ കാരണവരായ ദേവന്മാരെയും, ഏളാത്ത് പളിച്ചയമ്മയേയും ക്ഷണിക്കുവാൻ കാട്ടിൽ പോകുന്ന രീതിയുണ്ട്. കാട്ടിൽ ചെന്ന് നാല് ദിവസത്തെ പൂജയ്ക്കു ശേഷമാണ് തീർത്ഥജലം കൊണ്ടു വരുന്നത്. പളിയ സമുദായത്തിന്റെ കുലദേവത ഏളാത്ത് പളിച്ചിയാണ്. കുപ്പു സ്വാമി, ഏകാത്ത് പളിച്ചി, വനദേവതകൾ തുടങ്ങി അഞ്ച് ദേവിമാരേയും മൂന്ന് പുരുഷന്മാരേയും കുടിയിരുത്തിയിരിക്കുന്നത് വനത്തിലാണ്. ഏളാത്ത് പളിച്ചി എന്ന പേരുവരാൻ കാരണം ഏഴു നദി സംഗമിക്കുന്ന ഒരു സ്ഥലത്തുനിന്നാണ് ദേവി രൂപംകൊണ്ടത്. പൂജയ്ക്കായി കാട്ടിൽ പോകുന്നതിന് മുമ്പി നോമ്പ് അനുഷ്ഠിക്കുന്നു. നോമ്പിന്റെ ഭാഗമായി കയ്യിൽ കാശ് കെട്ടുന്നു. വ്രത ശുദ്ധിയോടുകൂടി നോമ്പ് നോക്കുക എന്നത് ഓർമ്മിയ്ക്കുവാൻ വേണ്ടിയാണ് കയ്യിൽ കാപ്പ്
കെട്ടുന്നത്.

ഉത്സവത്തിനു മുമ്പ് കൊടികയറ്റം എന്നൊരു ചടങ്ങുണ്ട്. കവുങ്ങ് വെട്ടി അതിന്മേലാണ് കൊടി ഉയർത്തുന്നത്. ഉത്സവത്തോട് അനുബന്ധിച്ച് ബലിയിടൽ ഉണ്ട്. ബലി വസ്തുക്കൾ ആട്, കോഴി തുടങ്ങിയവയാണ്. അവ പാകം ചെയ്ത് കുടിയിലുള്ള സർവ്വ ആളുകളും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു.

മരണം

ഒരാൾ മരിച്ചാൽ പ്രത്യേകം തയ്യാറാക്കിയ പല്ലക്കിലാണ് ശവം മറവുചെയ്യാൻ കൊണ്ടു പോകുന്നത്. കമ്പുകൊണ്ടു തീർത്ത ഈ പല്ലക്ക് പ്രത്യേക കരവിരുതിലാണ് നിർമ്മിക്കുന്നത്. ശവം അടക്കുന്ന സ്ഥലത്തിന് ഇടുകാട് എന്ന പേരിലാണ് അറിയപ്പെടുന്നത്. വീട്ടിൽനിന്നും ശവം എടുക്കുമ്പോൾ മൂന്ന് തവണ ശവത്തിന് വലംവെച്ച ശേഷം തൊട്ടു തൊഴുതുന്നു. ശവം ഇടുകാട്ടിൽ വെച്ച് ഏഴ് കലം മഞ്ഞൾ വെള്ളം കലക്കി കുളിപ്പിക്കും. തുടർന്ന് തലയിൽ എണ്ണ തടവും, എല്ലാ ബന്ധുക്കളും ശവത്തിന്റെ തലയിൽ എണ്ണ തടവും. തുടർന്ന് കടക്കും. അമ്മയ്ക്ക് മൂത്ത മകനും അച്ഛന് ഇളയ മകനുമാണ് കർമ്മങ്ങൾ നടത്തുന്നത്. (തല മകനും തന്തയ്ക്ക് ഇളയമകനും) കർമ്മം ചെയ്യുമ്പോൾ ശവത്തിന് മുകളിൽ ഒരു തുണി പിടിയ്ക്കും അതിനു മുകളിലായി വെള്ളം നിറച്ച കലം. അത് ശവത്തിന് മൂന്നു പ്രാവശ്യം കർമ്മം ചെയ്യുന്നയാൾ വലംവെച്ചതിനു ശേഷം ശവത്തിന്റെ കാൽക്കൽ ഉടയ്ക്കും. ഇതിന് കൊളളി മുറിത്തുണ്ട് എന്നും കലത്തിന് കൊളളിക്കുടം എന്ന പേരിലുമാണ് അറിയപ്പെടുന്നത്. തുടർന്ന് എല്ലാവരുംകൂടെ ശവം പല്ലക്കിൽ വച്ച് കുഴിയിൽ അടക്കം ചെയ്യും. ശവം അടക്കം ചെയ്യുന്ന സ്ഥലത്തിന് ചുടുകാട് എന്ന പേരിലാണ് അറിയപ്പെടുന്നത്. മരിച്ച് മൂന്നു ദിവസമാകുമ്പോൾ അടിയന്തിരം നടത്തും.

കൂത്ത്

ഉത്സവത്തിന്റെ ഏറ്റവും ആകർഷകമായ ഒരു ചടങ്ങാണ് കൂത്ത്. കൂത്ത് പാട്ടുകളുടെ അകമ്പടിയോടെ താളത്തിനൊത്ത് നൃത്തം ചെയ്യുകയാണ്. സ്ത്രീ-പുരുഷ ഭേദമെന്യേ എല്ലാവരും കൂത്തിൽ പങ്കെടുക്കുന്നു. അതിനായി പ്രത്യേക വസ്ത്രധാരണരീതിയാണ് പളിയകൂട്ടത്തിലുള്ളത്. മറ്റ് സമുദായങ്ങളിൽനിന്നും വ്യത്യസ്തമായിട്ടാണ് പളിയ കൂത്ത് നടത്തുന്നത്. രാതിയിലാണ് കൂത്ത് നടത്തുന്നത്. കുടിയിലെ എല്ലാ ആളുകളും കൂത്ത് കാണുന്നതിനായി വരും. ചിലപ്പോൾ മറ്റ് കുടിയിൽനിന്നും, മറ്റ് വിഭാഗത്തിൽപെട്ടവരും കൂത്ത് കാണുവാനായി വരും.

കൂത്ത് ചെയ്യുന്നവർ വനത്തിൽനിന്നും ശേഖരിക്കുന്ന ഇഞ്ചി ചതച്ചാണ് വസ്ത്രമായി ഉപയോഗിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ഇത് ധരിക്കുന്നു. വനാന്തരങ്ങളിലെ ജീവിതരീതിയെ അനുസ്മരിപ്പിക്കുന്നതിനായിട്ടാണ് ഇത്തരത്തിലുള്ള വേഷം ഇപ്പോഴും തുടരുന്നത്. മാലയായി ഉപയോഗിക്കുന്നത് തടി ഉരുട്ടി ചെത്തി അതിന് കിഴുത്ത കൊടുത്ത് ചരടിൽ കെട്ടി അതിന്മേൽ നിറം കൊടുക്കുന്നു. തലയിൽ വെയ്ക്കുന്ന കിരീടം മുളകൊണ്ട് നിർമ്മിച്ചതാണ്. വലതുകാലിൽ ചിലങ്കയും ഇടതുകാലിൽ തണ്ടയുമാണ് ഉപയോഗിക്കുന്നത് കണ്ട് എന്നത് ഒരു തരം കാപ്പാണ്, തണ്ട ശിവനേയും, ചിലങ്ക പാർവ്വതിയേയുമാണ് ഉദ്ദേശിക്കുന്നത്. കൂത്തിൽ ഇത് നിർബന്ധമായും ധരിച്ചിരിക്കണം, ശിവന്റെ പകുതിയാണ് പാർവ്വതി എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണിത്. കൂത്ത് തുടങ്ങുന്നതിനു മുമ്പ് തീ കത്തിക്കും. ആ ചടങ്ങ് നിർവ്വഹിക്കുന്നത് കാണിക്കാരൻ ആയിരിക്കും. 


അവലംബം

1) 1

2) കിർത്താഡ്‌സ് കൈപ്പുസ്തകം 2016-2017 

 

മന്നാൻ

ഇടുക്കി ജില്ലയിലെ പ്രബലമായ ഗോത്രവർഗ്ഗവിഭാഗമാണ് മന്നാന്മാർ. ഇവർ ഇടുക്കി ജില്ലയെ കൂടാതെ നാമമാത്രമായി എറണാകുളം, തിരുവനന്തപുരം, തൃശൂർ ജില്ലകളിലും കണ്ടു വരുന്നു. ദേവികുളം, ഇടുക്കി, അഴുത ബ്ലോക്ക് പഞ്ചായത്തുകളിലാണ് ഇടുക്കി ജില്ലയിൽ ഇവരെ അധികവും കണ്ടുവരുന്നത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കുടിയേറിപാർത്ത വിഭാഗമാണ് ഇവർ. ആകെ ജന സംഖ്യ 8948 എന്ന് 2007ലെ സർവേ കണക്കുകൾ സൂചിപ്പിക്കുന്നു. ജില്ലയിലെ ആകെ ഗോത്രജനസംഖ്യയുടെ 22.09% മന്നന്മാരാണ്.  ജില്ലയിലെ ഗോത്രജനസംഖ്യയിൽ രണ്ടാം സ്ഥാനം മന്നാന്മാർക്കാണ്. 2011ലെ കാനേഷുമാരി പ്രകാരം 9017 സ്ത്രീകളും 8852 പുരുഷന്മാരും ഉൾപ്പടെ ആകെ 17869 ആണ് ഇവരുടെ ജനസംഖ്യ.  

ഇന്ത്യയിൽ ത്രിപുരയിലും കേരളത്തിലും മാത്രമേ ആദിവാസികൾക്ക് രാജാവുള്ളുവെന്നാണ് പറയപ്പെടുന്നത്. കേരളത്തിൽ മന്നാന്മാർക്ക് മാത്രമാണ് രാജാവുള്ളത്. രാജാവും മന്ത്രിമാരും അടങ്ങുന്ന ഭരണസംവിധാനം ഇപ്പോഴും നിലനിൽക്കുന്നു. രാജാവിന്റെ ആസ്ഥാനം കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ കോവിൽമലയാണ്. മന്നാന്മാർ എല്ലാവരും രാജാവിന്റെ പ്രജകളാണെന്ന് വിശ്വസിച്ചുപോരുന്നു. മന്നവൻ എന്ന പദം ചുരുങ്ങിയാണ് മന്നാൻ ആയതെന്നാണ് ഇവർ വിശ്വസിക്കുന്നത്. മന്നവൻ എന്ന വാക്കിന്റെ അർത്ഥം രാജാവ് എന്നാണ്. 

മന്നാന്മാരുടെ ഉല്പത്തിയുമായി ബന്ധപ്പെട്ട് ധാരാളം കഥകൾ ഇവർക്കിടയിലുണ്ട്. ഇവയിൽ പ്രബലമായ രണ്ട് കഥകളാണുള്ളത്. ആദ്യത്തേത് മഹാഭാരതകഥയുമായി ബന്ധമുള്ളതാണ്. കൗരവ-പാണ്ഡവ ചൂതുകളിയിൽ പാണ്ഡവന്മാർ തോൽക്കുകയും അവർ വനവാസത്തിനായി നിയോഗിക്കപ്പെടുകയും ചെയ്തു. അങ്ങനെ കാട്ടിലേക്ക് പുറപ്പെട്ട ധർമ്മപുത്രരുടെ സന്തതിപരമ്പരകളാണ് ഇന്നത്തെ മന്നാന്മാർ എന്ന് വിശ്വസിക്കുന്നു. മന്നാന്മാരുടെ ഉല്പത്തിയുമായി ബന്ധപ്പെട്ട മറ്റൊരു കഥയുണ്ട്. ഇത് തമിഴുമായി വളരെ അടുത്ത ബന്ധമുള്ള ഒരു കഥയാണ്. മധുരയിലും പരിസര പ്രദേശങ്ങളിലുമായി ജീവിച്ചിരുന്നതും രാജാവും പ്രജകളും വിസ്താരമേറിയ സാമ്രാജ്യവും അവർക്കുണ്ടായിരുന്നു. വളരെ സമ്പൽസമൃദ്ധിയിൽ കഴിഞ്ഞിരുന്ന മന്നാന്മാരോട് പാണ്ഡ്യരാജാക്കന്മാർക്ക് നീരസം ഉണ്ടാവുകയും മന്നാന്മാരെ നിരന്തരം ആക്രമിക്കുകയും ചെയ്തിരുന്നു. മന്നാന്മാരുമായി പാണ്ഡ്യരാജാക്കന്മാർ യുദ്ധത്തിൽ ഏർപ്പെടുകയും മന്നാന്മാരുടെ നിരവധിയാളുകൾ ഭയന്ന് നാടുവിട്ടു പോകുകയും ചെയ്തു. 

എന്നാൽ അരിയൻ, തേവൻ എന്ന പേരുള്ള രണ്ട് വീരയോദ്ധാക്കൾ രാജാവിനൊപ്പം ഉറച്ചുനിന്നു. രാജാവിനെ രക്ഷിക്കാൻ തങ്ങൾ എന്തും ചെയ്യുമെന്ന നിലപാടിൽ അവർ പാണ്ഡ്യരാജാവിനെയും സൈന്യത്തേയും വകവരുത്തി. തിരിച്ചു കൊട്ടാരത്തിൽ ചെന്ന് രാജാവിനെ കാര്യം അറിയിച്ചു. തന്റെ സാമാജ്യവും, പ്രജകളും നഷ്ടപ്പെട്ട ദുഖത്തിൽ കഴിഞ്ഞിരുന്ന രാജാവിന് ഈ വാർത്ത ഏറ്റവും സന്തോഷം ഉളവാക്കി. രാജാവ് തന്റെ രാജ്യം ഈ വീരയോദ്ധാക്കൾക്ക് ഏല്പ്പിച്ചു. അങ്ങനെ അനിയനെയും തേവനെയും ചകവർത്തിയായി വാഴിച്ചു. എന്നാൽ ഇവർക്ക് അതിൽ സംതൃപ്തി ഉണ്ടായില്ല. കാരണം യുദ്ധത്തിൽ ഭയന്നോടിയ പ്രജകളെ തിരികെ കൊണ്ടുവരണം എന്ന ഉദ്ദേശ്യത്താൽ പലവഴികളിലും അവർ അന്വേഷണമാരംഭിച്ചു. കാട്ടിലൂടെ അലത്ത് നടന്ന് അന്വേഷണം തുടങ്ങി. ഒടുവിൽ തേനി, കമ്പം വഴി കമ്പംമേട്ടിലെത്തി അവിടെ താമസിച്ച് അന്വേഷണം നടത്തി. 

കുത്തിയോട്ട് കോലാൻ എന്ന നാട്ടുപ്രഭുവും കൂട്ടരും ആ വഴി തമിഴ്നാട്ടിൽനിന്നും സാധനം എടുത്തുകൊണ്ടുവരികയായിരുന്നു. വഴിയ്ക്ക് വെച്ച് കണ്ടുമുട്ടിയ ഇരുവരും പരസ്പരം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി, തുടർന്ന് അരിയനും തേവനും കുത്തിയോട്ട് കോലാന്റെ കൂടെ യാത്രയായി പുളിയംമല -കട്ടപ്പന വഴി അവർ കാഞ്ചിയാർ എന്ന സ്ഥലത്തെത്തി. അവിടെ കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്തു ജീവിക്കുമ്പോൾ തങ്ങൾ അന്വേഷിച്ചിറങ്ങിയ തങ്ങളുടെ കൂട്ടരെ കണ്ടുമുട്ടുകയും അവരെല്ലാം ഒന്നിച്ച് അവിടെ താമസമാക്കുകയും ചെയ്തു. അങ്ങനെ കാഞ്ചിയാറും അതിന്റെ ചുറ്റമുള്ള പ്രദേശങ്ങളിലും മന്നാൻ താമസമാരംഭിച്ചു. കാടു വെട്ടിത്തെളിച്ച് മന്നാൻ കൃഷി നടത്തി കാഞ്ചിയാറിൽ കഴിയുന്ന സമയത്ത്, തമിഴ്നാട്ടിൽനിന്നും ആടുമാടുകളെ മേയ്ക്കാൻ ആളുകൾ കൊണ്ടുവരും. ഈ മാടുകൾ മന്നാരുടെ കൃഷി നശിപ്പിച്ചു കളഞ്ഞു. അരിയനും തേവനും മാടുകളുടെ ചെവിയും വാലും അറുത്തുവിട്ടു. വീണ്ടും മന്നാന്മാരും പാണ്ഡ്യയ്ക്കാരും തമ്മിൽ ഏറ്റുമുട്ടി. വിജയം മന്നാന്റെ പക്ഷത്തായിരുന്നു. പാണ്ഡ്യക്കാർ ഈ വിവരം കൊച്ചി രാജാവിനെ അറിയിച്ചു. പ്രശ്നം പഠിക്കുവാൻ രാജാവ് ആളുകളെ നിയോഗിച്ചു. അരിയാൻ കുറ്റക്കാരനാണെന്ന് മനസ്സിലാക്കിയ രാജാവ് അരിയാനെ ജയിലിലടച്ചു. ഏഴു ദിവസത്തിനു ശേഷം വിചാരണ എന്ന് രാജാവ് പ്രഖ്യാപിച്ചു. ഈ ദിവസം മുഴുവൻ ചമ്രം പടഞ്ഞു മാത്രമെ അനിയൻ ഇരിയ്ക്കാവു എന്ന് രാജാവ് പറഞ്ഞു. അരിയാൻ തന്റെ കമ്പിളി ഏഴായി മടക്കി അതിന്റെ മുകളിൽ ചമ്രം പടഞ്ഞിരുന്നു. ഏഴാം ദിവസം രാജാവ് കേസിന്റെ വിചാരണ നടത്തി. അരിയാൻ കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചു. അരിയാനെ ശിക്ഷിക്കാൻ തിരുമാനിച്ചു. അപ്പോഴേയ്ക്കും മന്നാന്മാർ ഒറ്റസ്വരത്തിൽ പറഞ്ഞു. ഏഴ് ദിവസം അരിയാന് ശിക്ഷ കൊടുത്തല്ലോ ഇനിയും ശിക്ഷിയ്ക്കാൻ പറ്റില്ല. രാജാവിന് എതിരെ സംസാരിച്ച് മന്നാന്മാരെ കണ്ടപ്പോൾ രാജാവിന് അതിശയം തോന്നി. അങ്ങനെ അരിയാനെ രാജാവ് കുറ്റവിമുക്തനാക്കി. രാജാവ് അരിയാന് കാഞ്ചിയാറും ചുറ്റുമുള്ള ദേശങ്ങൾ ഭരിയ്ക്കാനുള്ള അവകാശവും കൊടുത്തു. രാജ്യപദവിയും, രാജ്യവും മാത്രമല്ല വെട്ടാൻ വാളും കത്തിയും, അടിയ്ക്കാൻ വടിയും കെട്ടാൻ കയറും കൊടുത്തു എന്നാണ് കഥ.

തമിഴ്നാട്ടിലെ മധുരയാണ് മന്നാൻ വിഭാഗത്തിന്റെ ഉത്ഭവം. മധുരയിൽ വസിച്ചിരുന്ന കാലത്ത് പല നാട്ടുരാജ്യങ്ങളുമായി യുദ്ധം നടത്തിയിരുന്നു. ചേര, ചോള രാജാക്കന്മാരുടെ സഹായികളായിരുന്നു മന്നാന്മാർ, മണ്ണ് ഉണ്ടായപ്പോൾ മന്നാൻ ഉണ്ടായി എന്ന വിശ്വാസപ്രമാണത്തിലധിഷ്ഠിതമാണ് ഇവർ. മന്നാന്മാർ കേരളത്തിൽ വന്നതിന്റെ പിന്നിൽ ധാരാളം കഥകളുണ്ട്. ബ്രിട്ടീഷ് പടയുമായി യുദ്ധം ചെയ്തുവെന്നും തുടർന്ന് പട്ടിണിമൂലം മധുരയിൽനിന്ന് മലകയറി, ബ്രിട്ടിഷ് പടയെ ഭയന്ന് മല കയറി എന്നും മന്നാൻ വിശ്വസിക്കുന്നു. മധുര മീനാക്ഷിയുടെ തേര് കെട്ടിവലിക്കാൻ ചൂരൽ വെട്ടാൻ കാട്ടിൽ ചെന്നവർ ആമമുട്ട എടുത്ത് ഭക്ഷിച്ചു. കാട്ടിൽ അതിവിശിഷ്ടമായ മാംസവും, കായ്കനികളും ഭക്ഷിപ്പാൻ കിട്ടും എന്ന് മനസ്സിലായപ്പോൾ മലകയറിയെന്നും വിശ്വസിക്കുന്നു. സമൃദ്ധമായ വനവിഭവങ്ങളാണ് ഈ ജനതയെ ഇവിടെ തങ്ങുവാൻ പ്രേരിപ്പിച്ച ഘടകം.

രാജ്യം 

രാജാവ്

രാജാവിന്റെ കീഴിൽ നാല് ഉപരാജ്യങ്ങളുണ്ട്.

  • തെക്കോട്ടു കാട്ടു രാജ്യം - പീരുമേട്
  • ആയിരപെരുങ്കു രാജ്യം -ഉടുമ്പൻചോല
  • നൂറ്റിലൊരുപുറം കോട്ടുരാജ്യം - തൊടുപുഴ
  • ചെങ്കനാട്ടുമല രാജ്യം- ദേവികുളം

ദിക്കുകളുടെ അധിപതികൾ
ദിക്കുകളുടെ അധിപതിയായി ഓരോ ദൈവത്തെ സങ്കല്പിച്ചിരിക്കുന്നു.

  • കിഴക്ക് - ശ്രീമുരുകൻ
  • പടിഞ്ഞാറ് - ശ്രീപത്മനാഭ സ്വാമി
  • തെക്ക് - ശബരിമല അയ്യപ്പൻ
  • വടക്ക് -ഗണപതി

കാടാട് കൂമ്പിലാൻ, വരക്ക് ഊരാളിയൻ എന്നിവരാണ് രാജാവിനെ പ്രധാന കാര്യങ്ങൾ അറിയിക്കുന്നത്. രാജാവ് കഴിഞ്ഞാലുള്ള സ്ഥാനം ഇവർക്കാണ്. മന്ത്രിമാരുടെ സ്ഥാനം മരിക്കുന്നത് വരെയുണ്ടാകും. ഇവരാണ് മറ്റ് മന്ത്രിമാരെ തിരഞ്ഞെടുക്കുവാൻ മന്ത്രിമാരോട് ശുപാർശ ചെയ്യുന്നത്. പന്ത്രണ്ടു മന്ത്രിമാരാണ് രാജാവിന്റെ കീഴിലുള്ളത്. രാജാവിന്റെ ആസ്ഥാനം കോവിൽ മലയാണ്. ഇത് കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ ഉൾക്കൊളളുന്ന പ്രദേശമാണ്. രാജാവിന്റെ വാസസ്ഥലത്തെ രാജകൊട്ടാരം എന്ന പേരിൽ അറിയപ്പെടുന്നു. ഇടുക്കി ജില്ലയിൽ പല പ്രദേശങ്ങളിൽ ചിന്നിചിതറിയാണ് മന്നാന്മാർ താമസിക്കുന്നത്. അവർ അധിവസിക്കുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ അവരെ പല രാജ്യങ്ങളായി തരംതിരിയ്ക്കുന്നു. സഹോദരിപുത്രനെയാണ് രാജാവായി തിരഞ്ഞെടുക്കുന്നത്. അയാൾ മരിക്കുന്നതു വരെ രാജാവായി തുടരും. മറ്റ് സമുദായങ്ങളിൽനിന്ന് വ്യത്യസ്തമായി രാജഭരണം നടത്തുന്നത് ഒരു ചിട്ടയോടുകൂടിയാണ്. രാജാവും ഭരണാധികാരികളും അടങ്ങിയ ഒരു സഭയാണ് ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നത്. രാജാവിനാണ് പരമാധികാരം. അതിനുശേഷം കാടാട്കൂമ്പിലാനും വരക്കുരാളിയാൻ എന്നീ രണ്ട് പേർക്കും, അവരുടെ താഴെയായി പെരിയകുടിയാ നവൻ, ആയിരംകുടിയാനവൻ, കട്ടിളവലിയകുളത്താരി, ഇളയവട്ടം, തണ്ടക്കാരൻ, തണ്ണിപ്പാത്ത, പാത്തുളന്താരി, പാത്തുളന്താരിച്ചി, പൊതുജനം അതാണ് മന്നാൻ ഭരണസഭ.

തിരണ്ടു കല്യാണം 

ഋതുവായ സ്ത്രീ എഴു ദിവസം വീടിനു പുറത്ത് താമസിയ്ക്കണം. ഈ കാലത്ത് അവർ പളളപ്പുരയിലാണ് താമസിക്കേണ്ടത്. എല്ലാ വീടുകളിലും പളളപ്പുര ഉണ്ടായിരിക്കും. ഈ ദിനങ്ങളിൽ വീട്ടിൽ പ്രവേശിക്കുന്നതിനോ, പുരുഷന്മാരുമായി യാതൊരു സംസർഗ്ഗത്തിനോ പാടില്ല. വീട്ടിൽനിന്ന് ഭക്ഷണവും പാടില്ല. ഇത് എല്ലാ മാസവും നടന്നുവരുന്നു. ഇന്നും കുടികളിൽ ഈ രീതി അനുഷ്ഠിക്കുന്നു. ഒരു പെൺകുട്ടി ആദ്യമായി ഋതുമതിയാകുമ്പോൾ അവളെ പള്ളിപ്പുരയിലേക്ക് മാറ്റും. സ്ത്രീകളെല്ലാവരും ചേർന്ന് അവളുടെ ദേഹമാസകലം പച്ച മഞ്ഞൾ അരച്ച് തേച്ച് കുളിപ്പിക്കും. ഏഴ് ദിവസം പള്ളപ്പുരയിൽ തന്നെയായിരിക്കും താമസം. ആ സമയത്ത് സൂര്യപ്രകാശം കാണുവാനോ, പുരുഷന്മാരെ കാണുവാനോ പാടില്ല. ഏഴാം ദിവസവും ആഘോഷപൂർവ്വം നദിയിൽ കൊണ്ടുപോയി കുളിപ്പിക്കും. കുരവയോടുകൂടിയാണ് കുളിപ്പിക്കുന്നത്. ചെറിയ ഒരു സദ്യ നടത്തുകയും തുടർന്ന് പെൺകുട്ടിയ്ക്ക് സമ്മാനമായി വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ നൽകുകയും ചെയ്യുന്നു.

ജനനം

പ്രസവം സ്ത്രീയുടെ വീട്ടിൽവെച്ചാണ്. പ്രസവം അടുക്കാറാകുമ്പോൾ പള്ളപ്പുരയിലേക്ക് മാറ്റും. സഹായത്തിനായി സ്ത്രീളും കൂടെയുണ്ടാകും. പതിനാലു ദിവസം പള്ളപ്പുരയിൽ കഴിയണം. കുട്ടികൾക്ക് പേരിടൽ ഒരു ചടങ്ങായിട്ടാണ് മന്നാന്മാർ ആചരിക്കുന്നത്. പൂജാരി പലകയിൽ നെല്ല് നിരത്തി (രണ്ട് നെല്ല്) ലക്ഷണം നോക്കിയാണ് പേര് നിശ്ചയിക്കുന്നത് ആരാധനാമൂർത്തികളുടെ പേരാണ് കുട്ടികൾക്ക് ഇടുന്നത്. ഇങ്ങനെ ചെയ്യുന്നത് കുട്ടികളുടെ ആയുസ്സിനും, ആരോഗ്യത്തിനും വേണ്ടിയത്ര. ഈ നെല്ല് കുട്ടികളുടെ കയ്യിലോ, അരയിലോ തുണിയിലോ കെട്ടിയിടും. ഭൂതം, പ്രേതം, പിശാച് തുടങ്ങിയവയിൽനിന്നും രക്ഷ നേടുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.

കൃഷി

സ്നേഹത്തിന്റെയും സന്തോഷത്തിന്റേയും ഒത്തുകൂടലിന്റേയും സന്ദേശം വിളിച്ചറിയിക്കുന്ന ഒരു കാർഷിക ആചാരമാണ് മന്നാൻ സമുദായത്തിന്റെ ഇടയിലുള്ള കൂട്ടപ്പണി അഥവാ പൊതുപ്പണി, കൃഷി തുടങ്ങുന്നതിന്റെ ആരംഭമായിട്ടാണ് ഇത് ചെയ്യുന്നത്. ആദ്യം കുലദൈവങ്ങൾക്ക് ആഹാരം ഉണ്ടാക്കിവെയ്ക്കുകയും കോഴിയെ വെട്ടി ബലികഴിക്കുകയുമാണ്. ഇത് ചെയ്യുന്നതിന്റെ പിന്നിലെ വിശ്വാസം പ്രകൃതിക്ഷോഭങ്ങളിൽനിന്നും തങ്ങളുടെ കൃഷിയുടെ സംരക്ഷണം, അതുപോലെതന്നെ പക്ഷികൾ, മൃഗങ്ങൾ തുടങ്ങിയവയിൽനിന്നുള്ള ആകമണങ്ങൾ ഉണ്ടാകാതെ കാത്തുകൊള്ളണം എന്നതാണ്. പിന്നീടാണ് പൊതുപണി ആരംഭിക്കുന്നതു. ആദ്യം - പൊതുപണി ചെയ്യുന്നത് പാത്തിക്കാണ് (മന്ത്രവാദി). ഭൂമിയുടെ കാവൽ ജോലി ചെയ്യുന്നയാളാണ് മന്ത്രവാദി, തുടർന്ന് മഴയോന് വേണ്ടിയാണ് പണി. മൂന്നാമത്തെ പണി രാജാവിനുവേണ്ടിയും തുടർന്ന് മന്ത്രിമാർക്ക് അങ്ങനെ അതിന്റെ കീഴിലുള്ള ഓരോ ഉദ്യോഗസ്ഥർക്കും. പണികൾ ചെയ്തുകൊടുക്കും. തുടർന്ന് സാധാരണ ജനങ്ങൾ വരെ പണിയുടെ ശൃംഖല നീണ്ടുപോകുന്നു. പ്രധാനമായും കൃഷി ചെയ്യുന്നത് കൂറുമ്പുല്ലാണ്. അത് കൂടാതെ ചോളം, തിന, നെല്ല് തുടങ്ങിയവയും കൃഷി ചെയ്തിരുന്നു. ഇപ്പോൾ നാണ്യവിളകളും കൃഷി ചെയ്യുന്നു.

വിവാഹം

മുറച്ചെറുക്കനും, പെണ്ണും വിവാഹം കഴിയ്ക്കുന്ന രീതിയാണ് മന്നാന്മാരുടേത്. വിവാഹത്തിന് വളരെ നാളുകൾക്ക് മുമ്പ് പെൺകുട്ടിയെ ചെറുക്കന്റെ വീട്ടിൽ കൊണ്ട് നിർത്തും. പെൺകുട്ടിയുടെ സ്വഭാവം, വീട്ടുകാരോടുള്ള ആത്മാർത്ഥത, വിശ്വസ്തത എന്നിവ മനസ്സിലാക്കുന്നതിന് വേണ്ടിയായിരുന്നിത്. ഈ സമയത്ത് പെൺകുട്ടിയുടെ എല്ലാ ചെലവും നടത്തേണ്ടത് ആൺവീട്ടുകാരാണ്. പെൺകുട്ടിയെ താല്പര്യമാണെങ്കിൽ അടുത്ത കാലാവൂട്ട് മഹോത്സവത്തിൽ വിവാഹം നടത്തുന്നു. ചെറുക്കന്റെയും, പെണ്ണിന്റെയും പൂർണ്ണ താത്പര്യത്താടെയാണ് വിവാഹം നടത്തുന്നത്. മന്നാൻ സമുദായത്തിൽ നാല്പത്തിരണ്ട് കുലങ്ങളുണ്ട്. ഒരേകുലത്തിലുളളവർ തമ്മിൽ വിവാഹബന്ധത്തിൽ ഏർപ്പെടാറില്ല.

വിവാഹ ചടങ്ങ്

ചെറുക്കനെയും പെണ്ണിനെയും പരമ്പിൽ ഇരുത്തി കാരണവന്മാരുടെ കാൽക്കൽ തൊട്ട് വന്ദിച്ചതിനുശേഷം വലിയപൂക്കൾകൊണ്ട് കോർത്തമാല രണ്ടുപേരും അണിയുന്നു. രണ്ടുപേരുടെയും അണിവിരലുകൾ കോർത്ത് വയ്ക്കുന്നു. അതിനുശേഷം പരമ്പിനു ചുറ്റും മൂന്ന് പ്രാവശ്യം നടക്കുന്നു. പ്രധാനമന്ത്രിമാരായ കാടാടുകൂമ്പിലാനോ, വരക്കുരാളിയാനോ ചെറുക്കനേയും പെണ്ണിനേയും അനുഗ്രഹിക്കുന്നു. അതിനുശേഷം ചെറുക്കന്റെ വീട്ടിലേക്ക് പോകുന്നു.

മരണം

ശവം തടിപ്പലകയിലാണ് കിടത്തുന്നത്. അത് കാട്ട് തടികൊണ്ട് കെട്ടിയുണ്ടാക്കുന്നതാണ്. വനത്തിനകത്താണ് ശവം അടക്കുന്നത്. മരിച്ചയാളിന്റെ ആത്മാവിനെ ബന്ധിപ്പിക്കുന്ന ആളാണ് പേയാട്ടുകാരൻ. ശവം അടക്കുന്ന സ്ഥലത്ത് സ്ത്രീകളെയും കുട്ടികളെയും കൊണ്ടു പോകാറില്ല. കുഴിയിൽ ശവശരീരം ഇറക്കിവെക്കുന്നു. കുഴിയുടെ നാലുമൂലയ്ക്കും തൂണുകൾ നാട്ടുന്നു. അതിനുമുകളിൽ ഇലകൾ നിരത്തുന്നു. അതിനും മുകളിലാണ് മണ്ണ് ഇടുന്നത്. ഒരു കാരണവശാലും ശവത്തിനു മുകളിൽ മണ്ണ് വീഴാതിരിക്കാനായിട്ടാണ് ഇപ്രകാരം ചെയ്യുന്നത്. കാർമ്മികന്റെ നിർദ്ദേശമനുസരിച്ച് നെല്ലും മണ്ണും കുഴിയിലിടുന്നു. അതിനുശേഷം പുറകോട്ട് തിരിഞ്ഞുനിന്ന് ഇരുമ്പായുധം പുറകോട്ടെറിയുന്നു.

ചാവു കൂത്ത്

മന്നാംകുടിയിൽ മരണമുണ്ടായാൽ ആദ്യം കമ്പുകാരനെ വിവരമറിയിക്കും. തുടർന്ന് ബാക്കി സ്ഥാനക്കാരെ വിവരമറിയിച്ച് ശവം അടക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങും. മൃതദേഹം മുറ്റത്തെടുത്ത് വച്ചതിനുശേഷം ചാവ് കൂത്താരംഭിക്കുന്നു. സ്ത്രീകളാണ് ഇതിൽ പങ്കെടുക്കുന്നത്. ശവശരീരത്തിന് സമീപം ഈന്തലകളിൽ ഇരിക്കുന്ന സ്ത്രീകൾ തുണികൊണ്ട് മുഖം മറച്ചതിനുശേഷം പരസ്പരം കയ്യടിച്ചു കരയുകയും മരിച്ചയാളിന്റെ ഗുണഗണങ്ങൾ പറഞ്ഞ് പാടിയുമാണ് ചാവ് കൂത്ത് നടത്തുന്നത്. 

മരണാനന്തര ചടങ്ങു്

മരിച്ച ആളിന്റെ ഭവനത്തിൽ ഏഴ് ദിവസം അടിമയിരിക്കുന്നു.' അത് അടുത്ത ബന്ധമുള്ള ആളുകളായിരിക്കും അടിമയായിരിക്കുന്നത്. പായ വിരിച്ച് അതിന്റെ മുകളിലാണിരിക്കുന്നത്. പായുടെ മുകളിൽ ഒരു വള്ളത്തുണി മടക്കിവെയ്ക്കും . (ഈ തുണി മരിച്ച വ്യക്തിയെ സൂചിപ്പിക്കുന്നതാണ്. ഏഴ് ദിവസവും സ്ത്രീകൾ വന്ന് ഒപ്പാരി പാടി കരഞ്ഞുകൊണ്ടിരിക്കും. അടിമയിരിക്കുന്ന ആളിനെ ഏഴാം ദിവസം കുഴിമാടത്തിൽ എത്തിക്കുന്നു. കയ്യിൽ ഒരു പാത്രം വെള്ളവും ഉണ്ടായിരിക്കും. കുഴിമാടത്തിന്റെ തലയ്ക്കൽ ഈ പാത്രം വയ്ക്കുന്നു. അതിനു ശേഷം കുഴിമാടത്തിൽ വെറ്റില, അടയ്ക്ക, പുകയില, ചുണ്ണാമ്പ് എന്നിവയും പുരുഷനാണ് മരിച്ചതെങ്കിൽ ബീഡിയും, ചാരായവും വയ്ക്കുന്നു. മരിച്ച വ്യക്തി ജീവിതത്തിൽ ഉപയോഗിച്ച സാധനങ്ങൾ എല്ലാം വെച്ച് പൂജാരി പ്രാർത്ഥിക്കുന്നു. പൂജാരിയുടെ പ്രാർത്ഥനയുടെ പ്രധാന സാരം ഇനി മേലിൽ ഇതുപോലൊരു ദുഃഖം തങ്ങളുടെ കുടിയ്ക്ക് ഉണ്ടാകരുതേ എന്നാണ്. ഈ സമയത്ത് കുഴിമാടത്തിന് ചുറ്റും ഇരുന്നാളുകൾ കരഞ്ഞുകൊണ്ടിരിക്കും തുടർന്ന് അടിമയിരിക്കുന്ന ആൾ കുളികഴിഞ്ഞ് വന്ന് പുതിയ വസ്ത്രം ധരിച്ച് മരിച്ച വ്യക്തിയ്ക്ക് പൂജാരിയുടെ നേതൃത്വത്തിൽ ആഹാരം കൊടുക്കുന്നു. തുടർന്ന് എല്ലാ വർഷവും വിഭവ സമ്യദ്ധമായ ആഹാരം കഴിച്ചു പിരിയുന്നു. എല്ലാ വർഷവും നടത്തുന്ന ചടങ്ങിൽ കൂത്ത് അവതരിപ്പിക്കും. 

 

അവലംബം

1) 1

2) കിർത്താഡ്‌സ് കൈപ്പുസ്തകം 2016-2017 

 

പണിയർ

കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമാണു പണിയർ. വനവിഭവങ്ങൾ ശേഖരിച്ചും കാർഷികവൃത്തിചെയ്തും ഉപജീവനം നടത്തുന്ന പണിയറിൽ പൂർവ്വികമായ ആചാരങ്ങളും പെരുമാറ്റങ്ങളും നിലനില്ക്കുന്നുണ്ടെന്നാണ് പൊതുവെയുള്ള അഭിപ്രായം. ആര്യന്മാരുടെ അധിനിവേശത്തിനും ദ്രാവിഡരുടെ കുടിയേറ്റത്തിനും മുമ്പേ ഭാരതത്തിൽ ജീവിച്ചിരുന്ന നീഗ്രോവംശജരുടെ പിൻഗാമികളാണു പണിയരെന്നും നരവംശശാസ്ത്രജ്ഞർ കരുതുന്നു. നീഗ്രോകളുടെ പിൻഗാമികളാണു പണിയരെന്നു തേഴ്സ്റ്റൻ അഭിപ്രായപ്പെടുന്നുണ്ട്. ചുരുളൻ തലമുടി, തടിച്ച ചുണ്ട്, കറുപ്പുനിറം എന്നിവ പണിയരുടെ പ്രത്യേകതയായി നരവംശ ശാസ്ത്രജ്ഞർ കണ്ടുപോരുന്നു. ആഫിക്കയും കേരളവും കരയാൽ ബന്ധിക്കപ്പെട്ടിരുന്നതാണെന്ന വിശ്വാസം മൂലം പല നരവംശശാസ്ത്രജ്ഞരും ആഫ്രിക്കക്കാരുടെ മുഖച്ഛായ പണിയരിലും കാടന്മാരിലും കണ്ടെത്തുന്നുണ്ടെന്നും കേരളത്തിലെ ആദ്യസന്താനങ്ങളാണ് പണിയരെന്നും കെ. പാനൂർ അഭിപ്രായപ്പെടുന്നു. 

വള്ളിയൂർക്കാവിലെ ഉത്സവദിവസം ജന്മി പണിയരെ ഒരു കൊല്ലത്തേക്കു അടിമയാക്കും. അതിനു "നിപ്പുപണവും കുണ്ടലും കോളും' ഓണം, വിഷു ദിവസങ്ങളിൽ നെല്ലും (ഓണവല്ലി, വിഷുവല്ലി) സദ്യയും ഓണ പ്പുടവും മഴക്കാലത്തു കാരിയ്ക്കൻ എന്നിവയും നൽകും. അടിമക്കരാറിന് ഉറപ്പ് എന്ന നിലയിൽ ജന്മി അടിമയ്ക്ക് നിപ്പുപണം കൊടുക്കുന്നു. അതു വാങ്ങിക്കഴിഞ്ഞാൽ കരാർ ലംഘിക്കാൻ പാടില്ല. വയനാട്ടിൽ മാനന്തവാടി, തവിഞ്ഞാൽ, അഞ്ചുകുന്ന്, തിരുനെല്ലി, പയ്യംപള്ളി, പനമരം, സുൽത്താൻബത്തേരി, മേപ്പാടി, വൈത്തിരി, അമ്പലവയൽ, ചുള്ളിയോട്, കല്പറ്റ, പൂതാടി തുടങ്ങിയ സ്ഥലങ്ങളിൽ പണിയരുള്ളതായി കണ്ടെത്തിയിട്ടുണ്ട്. നായാട്ടും അസ്ത്രവിദ്യയും പണിയർ നടത്തിയിരുന്നില്ല. ചൂണ്ട ഇട്ടോ, മുളകൊണ്ടുണ്ടാക്കിയ "ചാട്' എന്നറിയപ്പെടുന്ന കെണി ഉപയോഗിച്ചോ മത്സ്യം പിടിച്ചിരുന്നു. പ്രധാനമായും സ്ത്രികളായിരുന്നു ഇതിൽ ഏർപ്പെട്ടിരുന്നത്.

ഗോത്രഘടന 

പണിയർ (ചിത്രം മാതൃഭൂമി)
പണിയർ (ചിത്രം മാതൃഭൂമി)


പണിയർ വിഭാഗത്തിൽ പല ഗോത്രങ്ങളുണ്ട്. ഗോത്രങ്ങളെ പല ഇല്ലങ്ങളായി തിരിച്ചിരിക്കുന്നു. ഓരോന്നിനും പ്രത്യേക പേരുകളുണ്ട്. ഗോത്രത്തലവനെ ചെമ്മക്കാരൻ എന്നു വിളിക്കുന്നു. വ്യഭിചാരക്കുറ്റത്തിനു തർക്കവും പരിഹാരവും നിശ്ചയിക്കുന്നതു ചെമ്മിയാണ്. ഗോത്ര നിയമം ലംഘിക്കുന്നവരെ പണിയർ ഭൃഷ്ട് കൽപ്പിച്ചു അകറ്റിനിർത്തിയിരുന്നു.

ഇല്ലക്കാർ തമ്മിലുള്ള വിവാഹം നിഷിദ്ധമാണ്. കുട്ടൻ, മൂപ്പൻ എന്നീ പേരുകളിലാണ് ഊരുതലവൻ അറിയപ്പെടുന്നത്. താല്പര്യങ്ങൾ സംരക്ഷിക്കാൻ നായർ ജന്മിയാണു കുട്ടനെ നിയമിക്കുന്നതെന്നു തേഴ്സ്റ്റൻ അഭിപ്രായപ്പെടുന്നു. പണിയരിൽ മൂപ്പനു പട്ടും വളയും നൽകിയാണു തെരഞ്ഞെടുക്കുന്നത്. വെള്ളിവളകളും കത്തിയും അധികാര ചിഹ്നമാണ്. പണിയർക്കിടയിൽ സ്വന്തമായി
പുരയിടമുളളവർ കുറവാണെന്നും പുറമ്പോക്കിൽ ചാളകെട്ടിക്കഴിയുന്നവരാണു പണിയരെന്നും എം.വി. വിഷ്ണുനമ്പൂതിരി അഭിപ്രായപ്പെടുന്നു. 

പണിയർ വീടുകൾക്കു ചാള, കുടുമ്പ് എന്നിങ്ങനെയാണു പറയുന്നത്. പണിയർ വീടിനു "പിരെ' എന്നു വിളിക്കുന്നു. മിനി പി.വി. എഴുതുന്നു: പണിയർ മണ്ണും മുളഞ്ചീളുംകൊണ്ടു നിർമ്മിച്ച ചുമരിൽ ചുവന്ന മണ്ണു തേയ്ക്കും, കുടിൽ ചാണകം മെഴുകും. മുളകൊണ്ടുള്ള മേൽക്കൂര വൈക്കോലോ പുല്ലോകൊണ്ടു മേയും, കരി, കുമ്മായം എന്നിവകൊണ്ടു ജ്യാമിതീയ രൂപങ്ങൾ ചുമരിൽ അലങ്കാരമായി ചേർക്കും. മിത്തുകളുടെയും ഐതിഹ്യങ്ങളുടെയും പഴമ്പാട്ടുകളുടെയും സമ്പന്നമായ വാങ്മയ ശേഖരമുള്ളവരാണു പണിയർ. വ്യക്ഷച്ചുവട്ടിൽ കല്ലുകൾ കൂട്ടിയാണു ദൈവങ്ങളെ ആരാധിക്കുന്നത്. വള്ളുവമ്മ, മാരിയമ്മ, ഗുളികൻ, കരിങ്കുട്ടി, കുട്ടിച്ചാത്തൻ, കരിയാത്തൻ, ശിവൻ, കാളി, വിഷ്ണു, അഗസ്ത്യൻ, സൂര്യൻ, കരിങ്കാളി, കുളി, വള്ളൂരമ്മ, ഭദ്രകാളി എന്നീ ദൈവങ്ങളെ പണിയർ ആരാധിക്കുന്നു.


വിശ്വാസങ്ങൾ

താമസിക്കുന്ന കുടിലുകളിൽ മരണം സംഭവിച്ചാൽ കുടിൽ നശിപ്പിച്ച് അടുത്തു വേറെ കുടിൽകെട്ടി താമസിക്കുന്ന രീതി പണിയർക്കുണ്ട്. ആ സ്ഥലത്തു പിശാചിന്റെ ആവാസമുണ്ടെന്ന ഭയവും വിശ്വാസമാണിതിനു കാരണമെന്നു ചുമ്മാർ ചൂണ്ടൽ നിരീക്ഷിക്കുന്നു. മരിച്ചവർ തീയുനാട്ടിലേക്കു യാത്ര പോവുകയാണെന്നും ഏതു ജന്മിയുടെ കീഴിലായിരുന്നോ ഇഹലോകത്തിലെ ജീവിതം അത് അങ്ങനെതന്നെ പരലോകത്തിലും തുടരും എന്നാണു വിശ്വാസം. പണിയർ, ചെകുത്താൻ ഉള്ളതായി വിശ്വസിക്കുന്നു. തിരണ്ടുകല്യാണം, വിവാഹം, പുലകുളി (കാക്കപ്പുലി) എന്നിവ പണിയർ ആഘോഷിക്കുന്നു. കൊയ്ത്തുകഴിഞ്ഞു കുണ്ടലും കോളുമെല്ലാം കിട്ടുന്ന മകരത്തിലായിരിക്കും ആഘോഷങ്ങൾ എല്ലാം. വർഷകാലത്തു മരിച്ചാലും തിരണ്ടാലും ആഘോഷം മകരത്തിലാണു പണിയർ നടത്തുന്നത്.

പ്രസവം

പണിയസ്ത്രീ ഭർത്താവിന്റെ വീട്ടിലാണു പ്രസവിക്കുന്നത്. ചെകുത്താന്റെ ഉപദ്രവം ഇല്ലാതാക്കാൻ പ്രസവകാലത്തു ചടങ്ങുകളുണ്ട്. ആദ്യ പ്രസവശേഷം "പുടെയാട്ടും' രണ്ടാമത്തെ പ്രസവശേഷം "മുറിയാട്ടും' നടത്തും. പ്രസവിച്ചു കഴിഞ്ഞാൽ കുട്ടിയെ മഞ്ഞൾപ്പൊടിയിട്ടു തിളപ്പിച്ചാറ്റിയ വെളിച്ചെണ്ണ തേച്ച് ഇരുപതു ദിവസം കുളിപ്പിക്കുന്ന പതിവുണ്ട്. ഇരുപത്തൊന്നാം ദിവസം അയല്പക്കക്കാരും ബന്ധുക്കളും ചേർന്നു വീട്ടിന്നകം മെഴുകി വൃത്തിയാക്കുന്നു. "മൊയിക്കുളിപ്പിക്കലു' നടത്തും. പ്രസവിച്ച സ്ത്രീയെ പേറ്റിച്ചി കുളിപ്പിക്കും, മഞ്ഞൾച്ചോറ്, തേങ്ങാച്ചോറ്, വെറുംചോറ് എന്നിവ അതിഥികളായ സ്ത്രീകൾക്കും ഒരു കഷണം മുണ്ട്, കാൽകുപ്പി വെളിച്ചെണ്ണ, ഒരു കുളകം (മൂന്നുസേർ) അരി ഇവ പേറ്റിച്ചിക്കും കുട്ടിയുടെ അച്ഛൻ കൊടുക്കും. മൊയിക്കുളിപ്പിക്കലു കഴിഞ്ഞാൽ പെറ്റവളുടെ അശുദ്ധിമാറി വീട്ടിനകത്തു കടന്നു കഞ്ഞിവച്ചു കുടിക്കാം എന്നു പണിയർ കരുതുന്നു.

ജനനം

കുട്ടി പിറന്നാൽ പണിയർക്കു വിശേഷിച്ചു ചടങ്ങുകളൊന്നുമില്ല. അച്ചനോ കുടുംബത്തിലെ പ്രായം ചെന്ന ആരെങ്കിലുമോ പേരു വിളിയ്ക്കും. കാതുകുത്തു പണിയർക്കിടയിൽ വലിയ ആഘോഷമാണ് ചോറ്, രണ്ടുമൂന്നുതരം കറി, വെറ്റില, അടയ്ക്ക, പഴം എല്ലാം ചേർന്ന സദ്യയുണ്ടാക്കും. പി. സോമശേഖരൻനായർ എഴുതുന്നു: ഇരുപത്തഞ്ചുപൈസ വീതം ചടങ്ങിനു വരുന്നവർ ഒരു കിണ്ണത്തിലിടും. ഒരു അടയ്ക്കയും ആറു വെറ്റിലയും വരുന്നവർക്കു നൽകും. മൂന്നാമത്തെ വയസ്സിൽ ആണിനും പെണ്ണിനും കാതുകുത്തും, ഒരറ്റം കൂർത്ത മുത്തിന്റെ നാല് ആരുകൾ കൂർപ്പിച്ചത്, പച്ചരി, കത്തിച്ചതിരി, കുട്ടിയുടെ വായിൽ കൊടുക്കാനുള്ള അവൽ എന്നിവ പ്രത്യേകം കരുതും. കുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും കുടുംബങ്ങളിൽനിന്നു രണ്ടുപേരും ബന്ധത്തിൽപെടാത്ത വേറെ രണ്ടുപേരും വന്ന് ആര് മൂന്നു പ്രാവശ്യം വീതം കുട്ടിയുടെ കാതിലേക്കു കൊണ്ടുവന്നിട്ടു താഴെവെയ്ക്കും. പിന്നീട് ആരെങ്കിലും രണ്ടുപേർ വന്നു രണ്ടു കാതും ഒരുമിച്ച് ആരുകൊണ്ടു തുളയ്ക്കും, അദ്ധ്വാനിച്ച് ആഭരണമുണ്ടാക്കുന്ന കാലംവരെ ആര് കാതിൽ അണിയും.

തിരണ്ടുകല്യാണം

തിരണ്ടുകല്യാണത്തിന്റെ ചടങ്ങുകൾ കഴിഞ്ഞാലേ വിവാഹത്തിന്റെ അനുമതിയുള്ളൂ. ആർത്തവകാലത്തും പ്രസവസമയത്തും മാറിത്താമസിക്കാൻ പണിയർക്കു പ്രത്യേക പുരകളില്ല. പെണ്ണിനെ ആദ്യദിവസവും തിരണ്ടുകല്യാണത്തിന്റെ അന്നുമാണു കുളിപ്പിക്കുന്നത്. കിണറ്റിൻകരയിൽ കുറെ പെണ്ണുങ്ങൾ ചേർന്നു കുളിപ്പിക്കാൻ കൊണ്ടുപോകും. കുളി കഴിഞ്ഞ 'മൊട്ടെത്തി' കല്ലെയും മാലയും അണിയും. പണിച്ചികൾ തുടിയുടെ താളത്തിൽ നൃത്തം ചവിട്ടും. കുളിപ്പിച്ചുകൊണ്ടുവരുന്ന വഴിയ്ക്കു രണ്ടു പുരുഷന്മാർ രണ്ടു വടി (ചുങ്കം) പിടിച്ച് അവളെ തടയും. ഒരു സ്ത്രീ അരിയെറിഞ്ഞു ചുങ്കം പിടിക്കുന്നവർക്ക് ഒരു വള നൽകി തടസ്സം നീക്കും. പ്രായമായ സ്ത്രീ തേങ്ങയുടച്ചു വെള്ളം മൊട്ടത്തിയുടെ കാലിലും തലയിലും ഒഴിച്ച് അവളെ പുരയ്ക്കകത്തു കടത്തും. കൂടി വരുന്നവർക്കു ചോറുകൊടുത്തു ചടങ്ങ് അവസാനിപ്പിക്കും.

വിവാഹം

ഒരേ ഗോത്രത്തിൽനിന്നുള്ള വിവാഹം നിഷിദ്ധമാണ്. പണിയന്റെ മകനു പെണ്ണന്വേഷിച്ചു പോവുന്നത് ചെറുക്കന്റെ അമ്മാവനാണ്. ഇയാളെ മൂന്നേൻ എന്നു പറയും. അമ്മാവന്റെ മകളെ വിവാഹം ചെയ്യുന്ന രീതിയില്ല. തട്ടികൊണ്ടുപോകലും ഒളിച്ചോട്ടവും പണ്ടുണ്ടായിരുന്നെങ്കിലും പെൺപണം കൊടുത്തു വിലയ്ക്കുവാങ്ങുന്ന രീതിയാണ് ഇപ്പോഴുള്ളതെന്നു ചുമ്മാർ ചൂണ്ടൽ അഭിപ്രായപ്പെടുന്നു. കല്യാണം കഴിഞ്ഞാൽ പെണ്ണിന്റെ വീട്ടുകാർക്ക് ആണ്ടുതോറും പണമോ നെല്ലോ കൊടുക്കണമെന്ന നിയമം അടിയാന്മാർക്കിടയിലും പണിയർക്കിടയിലും മുമ്പുണ്ടായിരുന്നു. 

ആദ്യം പെണ്ണന്വേഷിച്ചു പോകും, സമ്മതത്തിനു രണ്ടു തവണ പോകും. മൂന്നാം തവണ ചെറുക്കന്റെ അപ്പന്റെ പെങ്ങന്മാരും കൂട്ടുകാരും മൂന്നേനും മൂന്നന്റെ കൂട്ടുകാരും ചേർന്ന് അടയാളം കെട്ടൽ നടത്തും. ആഭരണങ്ങളണിയിച്ച് ഒരു രൂപ അരാട്ടിയുടെ (പണിയ സ്ത്രീകൾ അറയിൽ കെട്ടുന്ന വെള്ള ചുവപ്പു നിറത്തിലുള്ള തുണി) തുമ്പത്തു കെട്ടും. ഒരു കഷണം മുണ്ട്, മൂന്നു സേർ അരി, വെളിച്ചെണ്ണ, വെറ്റില, അടയ്ക്ക, കല്ലെ. ബളെ, ഒരു രൂപ ഇവ കൊണ്ടുപോകും. അടയാളം കെട്ടിക്കഴിഞ്ഞാൽ ചെറുക്കൻ പെണ്ണിനു ചെലവിനു കൊടുക്കണം. വേനൽക്കാല രാത്രികളിൽ വധുവിന്റെ വിട്ടിൽവച്ചാണു കല്യാണം. അന്നു ചെറുക്കന്റെ വീട്ടിൽനിന്ന് ഒരു നെല്ല്, പത്തുരൂപ, ഒരു ചേല, അരാട്ടി, കല്ലെ. മാല, വള, മൂപ്പൊട്ടി ഓലെ, ചങ്കെലെ, ചെമ്പുകൊണ്ടുള്ള പത്തുമോതിരം എന്നിവ കൊണ്ടുവരും. ചെറുക്കനും കൂട്ടരും എത്തുന്നതോടെ കുഴലൂത്തും ആട്ടവും നടത്തും. തുടികൊട്ടും കുഴലൂത്തും നൃത്തവും സദ്യയും മദ്യവും വിവാഹാഘോഷത്തിനുണ്ടാവും. 

ചെറുക്കന്റെ മാമിയാണു പെണ്ണിനെ ആഭരണങ്ങളണിയിക്കുന്നത്. പുല്ലുപായയിൽ ഇരിക്കുന്ന ചെറുക്കനും പെണ്ണും ഒരിലയിൽനിന്നു ചോറുണ്ണുന്നതാണു പ്രധാന ചടങ്ങ്. മൂന്നേൻ ഇരുവരെയും മുറ്റത്തുള്ള പന്തലിൽ ഇറക്കി നിർത്തി അവർ എന്തെങ്കിലും കുറ്റം ചെയ്താൽ വീടുകൾ പരസ്പരം അറിയണമെന്നു പറയുന്നു. വധുവിനെ വരന്റെ വീട്ടീൽ മുറ്റത്തുനിർത്തി വരന്റെ അമ്മാവൻ ദൈവങ്ങളെ വിളിച്ച് ഉറഞ്ഞ് ഇരുവരെയും തേങ്ങ ഉഴിഞ്ഞു പടിയിൽ മുട്ടി ഉടച്ച്, വെള്ളം രണ്ടുപേരുടെയും കാലിൽ ഒഴിച്ചു കൈപിടിച്ച് അകത്തുകയറ്റും. വരനും വധുവും പ്രായമായവരുടെ കാലുപിടിക്കുന്നതോടെയാണു ചടങ്ങുകൾ അവസാനിക്കുന്നത്. 

വരന്റെ ജന്മിയുടെ വീട്ടിൽ വധു ന്യത്തംവയ്ക്കും പണിയർക്ക് അവകാശപ്പെട്ട അരിയും നെല്ലും ജന്മിയുടെ ഭാര്യ നിലവിളക്കിനു മുമ്പിൽ വെയ്ക്കും . ഭാര്യ മരിക്കുകയാണെങ്കിൽ ഭാര്യയുടെ അച്ഛനോ സഹോദരനോ ഭർത്താവായ പണിയൻ ചേതം കൊടുക്കണം. മൂന്നുരൂപ പിഴയാണു ചേതം. ചേതം നൽകാതെ മറ്റൊരു വിവാഹം കഴിച്ചാൽ പിഴയും പിഴയുടെ പിഴയും ചേർത്ത് ആറുരൂപ നൽകേണ്ടി വരും. ജ്യേഷ്ഠന്റെ വിധവയെ വിവാഹം ചെയ്യാം. ഭാര്യാ സഹോദരിക്കു(അച്ചിക്കുടിച്ചി) ഭാര്യയുടെ അമ്മയുടെ (അമ്മക്കുടിച്ചി) സ്ഥാനമാണ്. അതിനാൽ ഭാര്യാ സഹോദരിയെ വിവാഹം ചെയ്യുന്നതിൽ വിലക്കുണ്ട്. ഭാര്യയുടെ അനിയത്തിയെ (മയത്തിനി) വിവാഹം ചെയ്താൽ നാലുരൂപ പിഴ. ഭാര്യയുടെ അച്ഛനോ ജ്യേഷ്ഠനോ ആണ് പിഴ സ്വീകരിക്കുന്നത്. രണ്ടുപേരും ജീവിച്ചിരിപ്പില്ലെങ്കിൽ അനിയനു കൊടുക്കണം.


മരണം

മൃതദേഹം ചുടുവെള്ളത്തിൽ കുളിപ്പിച്ച് ഏണിപോലുള്ള തണ്ടും കുറുക്കും ഉണ്ടാക്കി അതിൽ വാഴയില വിരിച്ചു കിടത്തി കരയില്ലാത്ത മുണ്ടു പുതപ്പിക്കും. മൃതദേഹം പണിയഭാഷയിൽ മരിപ്പു, ചാവ, ചാവ എന്നിങ്ങനെ അറിയപ്പെടുന്നു. തലയ്ക്കൽ ഇലയിൽ അരിയും തിരികത്തിച്ചതും വെയ്ക്കും. ഒരു കിണ്ണം നിറയെ തേങ്ങാവെള്ളവും ഒരുക്കിവെയ്ക്കും. കുടുംബത്തിലെ ആളുകൾ വാഴയിലക്കരണ്ടികൊണ്ടു മൃതദേഹത്തിന്റെ വായിൽ തേങ്ങാവെള്ളം ഒഴിച്ചുകൊടുക്കുന്നു. മരുമക്കൾ ചടുലയിലേക്കു കൊണ്ടുപോകും.

ചെമ്മിയുടെ നേതൃത്വത്തിൽ കുഴിയിൽ ഒരുവശത്തു മറക്കുഴി ഉണ്ടാക്കി മറവുചെയ്യുന്നു. മുള്ളു നിറച്ചാണ് മണ്ണിടുന്നത്. അതിനുചുറ്റും ചീക്കുവള്ളി വളച്ചുവെയ്ക്കും. കലം ഉടച്ച്, തണ്ടും കുറുക്കും വെട്ടി ദൂരെ കളയും. ചടങ്ങിൽ പങ്കെടുത്തവരെല്ലാം കുളിച്ചു തീകത്തിച്ചു ചൂടേൽക്കുന്നു. ഏഴുദിവസമാണു പുല ആചരണം. അതുകഴിഞ്ഞ് ആട്ടാളിയെകൊണ്ടു ചടങ്ങുകൾ നടത്തും. അതുവരെ തേങ്ങ, മലർ, പൊടി, പൊരിയാത്തനെല്ലു പൊടിച്ചെടുത്തത് എല്ലാം ചുടലയിൽ നിരത്തിവെച്ചു ചൊല്ലൽ നടത്തുന്നു. മരിച്ചതിന്റെ ഏഴാംദിനം പുല കഴിക്കുന്നു, ഊരിലെ എല്ലാവരും ചേർന്നാണു ഇതു നടത്തുന്നത്. പുലകുളിദിവസം ഊരു മൂപ്പൻ ഓരോരുത്തർക്കായി എണ്ണ നൽകും. അതു തേച്ചുവേണം എല്ലാവരും കുളിക്കുവാൻ. ഇതിനു മുൻപായി ആട്ടാളി (മന്ത്രവാദി) പൂജകഴിക്കും.

മരിച്ചതിനു പിറ്റേദിനം മുതൽ മൂന്നു ദിവസത്തേക്കു കാക്കയ്ക്ക് ആഹാരം കൊടുക്കുന്നു. തലേദിനം രാത്രി തയ്യാറാക്കുന്ന ചോറ് ഇലയിൽ വിളമ്പി രാവിലെ കാക്കയ്ക്കു കൊടുക്കും. ഇതുപോലെ എന്ത് ആഹാരം പാചകം ചെയ്താലും അതിൽ ഒരു വിഹിതം ഏഴുദിനംവരെ മരിച്ച ആൾക്കു നിക്കിവെയ്ക്കണം. ഊരു മൂപ്പനാണ് ഈ ചടങ്ങുകൾ ചെയ്യേണ്ടത്. ഒരാളിന്റെ മരണത്തിനുശേഷമുണ്ടാകുന്ന മൂന്ന് "ഉച്ചാരദിനങ്ങൾ" ആട്ടാളിയെകൊണ്ടു പൂജ നടത്തും. രാത്രിയിൽ പുലരുന്നതുവരെ തുടികൊട്ടും കുഴലൂത്തും അരങ്ങേറും. ഇങ്ങനെ ചെയ്തില്ലെങ്കിൽ മരിച്ചയാളിന്റെ ആത്മാവ് വീട് വിട്ടു പോകില്ലെന്നാണു വിശ്വാസം.

പണിയർക്കു മരണദിവസമോ സംസ്കാരസമയത്തോ നൃത്താവതരണങ്ങളില്ല. ഏഴാം ദിവസമാണു രംഗാവതരണങ്ങളുള്ളത്. പരേതാത്മാവിന്റെ മോക്ഷത്തിനായി നടത്തുന്ന ആട്ടവും പാട്ടുമാണ് "നെകലാട്ടം'. പൊതുവെ പുരുഷന്മാർ മാത്രമാണു പങ്കെടുക്കുന്നത്. നെകലാട്ടത്തോടനുബന്ധിച്ചു മന്ത്രവാദിയുടെ നേതൃത്വത്തിൽ 'ഏഴുപാടൽ' (കാക്കപ്പാട്ട്) നടത്തും. ആത്മാവിനെ ശുദ്ധീകരിച്ച് ആവാഹിക്കുന്ന ചടങ്ങാണിത്. ചെറുചങ്ങലയിട്ട മുറം കിലുക്കി മാന്ത്രികഗാനങ്ങൾ പാടി മുളങ്കുറ്റിയിലോ മകുടത്തിലോ ആവാഹിച്ചു തുണികൊണ്ടു മൂടിക്കെട്ടും. പരേതാത്മാവിനെ പ്രീതിപ്പെടുത്താൻ ദൈവം തുള്ളലും നടത്തും.

പണിയ സ്ത്രീകൾ (ചിത്രം മാതൃഭൂമി)
പണിയ സ്ത്രീകൾ (ചിത്രം മാതൃഭൂമി)

ഭാഷ

പണിയര്‍ സംസാരിക്കുന്നത് വാമൊഴിയായി മാത്രം കൈമാറി വരുന്ന പണിയ ഭാഷയാണ്. തമിഴും മലയാളവും കലര്‍ന്ന രീതിയിലുള്ള ഭാഷയാണ് ഇപ്പോഴുള്ളതെങ്കില്‍ ആ മാറ്റം കാലക്രമേണ സംഭവിച്ചതാണ്. പണിയ കോളനിയിലെ പുതു തലമുറ പക്ഷെ മലയാളം മാത്രം സംസാരിക്കുന്നവരായി മാറിക്കൊണ്ടിരിക്കുന്നു. പണിയ ഭാഷ ഒരു വാമൊഴി വഴക്കം ആയതുകൊണ്ടും ഇന്നുവരെ ഒരു തരത്തിലുമുള്ള ലിപിവല്‍ക്കരണവും വന്നിട്ടില്ലാത്തതുകൊണ്ടും മലയാളമെന്ന ഭാഷക്ക് ഇവര്‍ക്കിടയിലെക്ക് എളുപ്പത്തില്‍ ചെന്നെത്താന്‍ സാധിക്കും. എന്നാല്‍ ഇവിടെ പലപ്പോഴും സംഭവിക്കുന്നത് മലയാള ഭാഷയ്ക്ക് ഒരാധിപത്യ സ്വഭാവം കൈവരികയും വാമൊഴി ഭാഷ പാടെ നിരാകരിക്കുകയും ചെയ്യപ്പെടുന്നു എന്നതാണ്. ഇവിടെ സംഭവിക്കുന്ന മലയാളിവല്‍ക്കരണം കൊണ്ടുണ്ടാവുന്നത് ഒരു ജനതയുടെ സ്വത്വ ബോധം തന്നെ നഷ്ടമാകുന്നു എന്നതാണ്. ഇത്തരമൊരു സാഹചര്യം ഉണ്ടാവുന്നത് വിദ്യാഭ്യാസത്തെ ഇവര്‍ക്കിടയിലെക്ക് കൃത്യമായി അടയാളപ്പെടുത്താന്‍ സാധിക്കാത്തതാണ്. ബദല്‍ സംവിധാനങ്ങള്‍ ബദലുകളായി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

തുളുവും തമിഴും കലർന്ന പ്രാകൃതഭാഷയാണു പണിയരുടേത്. എന്നാൽ തമിഴ്, മലയാളം, കന്നട എന്നിവയുടെ സ്വാധീനമുള്ളതാണു പണിയഭാഷ എന്നാണു നിരീക്ഷണം. മറ്റു ഭാഷകളോടു കലർന്നു നിൽക്കുമ്പോൾത്തന്നെ വർണ, രൂപിമ, വാക്യതലങ്ങളിൽ പണിയഭാഷയ്ക്ക് വ്യതിരിക്തതയുണ്ട്. ചെറിയ കുട്ടികളെ പണിയർ "ചെറിയുടു' എന്നാണു വിളിക്കുന്നത്. ആൺകുട്ടികളെ "മൊട്ടെൻ' എന്നും പെൺകുട്ടികളെ "മൊട്ടെത്തി എന്നും കല്യാണം കഴിയാത്തതോ ഭാര്യ മരിച്ചതോ ആയ പുരുഷന്' പണ്ടെൻ' എന്നും കല്യാണം കഴിക്കാത്തതോ ഭർത്താവു മരിച്ചതോ ആയ സ്ത്രീകളെ ' പുണ്ടെത്തി എന്നും വിളിക്കുന്നു. വൃദ്ധൻ "മിരേനും' വൃദ്ധ "മിരാത്തി"യുമാണ്. നമ്പൂതിരിമാരെയും നായന്മാരെയും തമ്പുരാൻ, തമ്പിരാട്ടി എന്നാണു പണിയർ സംബോധന ചെയ്യുന്നത്. "കുടുംബക്കാറെരു' എന്നു ബന്ധുക്കളെ പണിയർ വിളിക്കുന്നു, പട്ടോലെ എന്നു കുടുംബത്തലവനെയും, മരിച്ചുപോയ കാരണവന്മാരെയും ഈ പദംകൊണ്ടു സൂചിപ്പിക്കുന്നു. ഭാര്യാ ഭർത്താക്കർ യഥാക്രമം ഉറാട്ടി, ഇറാളെ എന്നിവരുമാണ്. 

കൊയ്ത്തും മെതിയും കഴിഞ്ഞു അവകാശമായി കിട്ടുന്ന നെല്ലിനെ "കുണ്ടൽ' എന്നു വിളിക്കുന്നു. മഴക്കാലത്തു പുതയ്ക്കാൻ ജന്മി നൽകുന്ന കോറ തുണിയാണു "കാരിയ്ക്കൻ'. മൂന്നിടങ്ങഴി കൊള്ളുന്ന അളവുപാതം "കൊളകം' ആണ്. ഇല്ല എന്ന നിഷേധരൂപത്തെ 'കാണി' ശബ്ദം കൊണ്ടാണു പണിയ ഭാഷകസമൂഹം വ്യവഹരിക്കുന്നത്.

കല

പണിയകലയിലെ പ്രധാനപ്പെട്ട ഇനങ്ങളാണു നൃത്തവും പാട്ടും. സാമൂഹ്യമായ ചടങ്ങുകളുടെ ഭാഗമായും ആരാധനയുടെ ഭാഗമായും നൃത്തമുണ്ട്. കരി, മഞ്ഞൾ, അരിച്ചാന്ത് എന്നിവ ദേഹത്തണിഞ്ഞാണു നൃത്തം. പണിയരുടെ നൃത്തത്തെക്കുറിച്ചു പി. സോമശേഖരൻ ഇപ്രകാരം വിവരിക്കുന്നു: പണിയന്റെ തുടിയുടെയും കുഴലിന്റെയും താളവും സംഗീതവും അനുസരിച്ചു പണിച്ചി ചുവടുവെയ്ക്കുന്ന രീതിയുണ്ട്. തിരണ്ടുകല്യാണത്തിനും അമ്പലത്തിലെ ഉത്സവത്തിനുമെല്ലാം പണിയർക്കു നൃത്തമുണ്ട്. ഹോയ് വിളികളുമായി വ്യത്താകാരത്തിലാണു പണിച്ചികൾ നൃത്തംവെയ്ക്കുന്നത്. പണിയരുടെ ഉത്ഭവവും ചരിത്രവും വിവരിക്കുന്ന പാട്ടുകളാണു നെല്ലു മെതിക്കുമ്പോൾ പാടുന്ന ഒക്കലു പാട്ടു, വിവാഹത്തിന്റെ പാട്ട്, കാപ്പാട്ട്, ഉറാക്കിഞ്ചിഞ്ച പാട്ടു (ഉറക്കുപാട്ട്) തുടങ്ങിയവ.

പണിയരുടെ കാർഷിക നൃത്തമാണ്‌ കമ്പളക്കളി. വിളവെടുപ്പിന്റെയും മണ്ണൊരുക്കലിന്റെയും ഭാഗമായി ആദിമകാലത്തു രൂപപ്പെട്ട സംഘനൃത്തം പിന്നീട് വിളവെടുപ്പിനുശേഷം ആട്ടക്കളത്തിൽ നടത്തുന്ന രംഗാവതരണകലയായി രൂപാന്തരപ്പെട്ടു. മിക്ക ആദിവാസിസമൂഹങ്ങളുടെയും ആഹ്ലാദനൃത്തമായ വട്ടക്കളി പണിയർക്കുമുണ്ട്. വിളവെടുപ്പുകഴിഞ്ഞു രാത്രികളിൽ പ്രാക്തനമായ താളബോധത്തോടെ എല്ലാ പണിയകുടിലുകളിലും വർഷത്തിലൊരിക്കൽ നടത്തുന്ന വൃത്താകൃതിയിലുള്ള അവതരണമാണു വട്ടക്കളി. പണിയസങ്കേതത്തിൽ അവതരണത്തിനായുള്ള ആട്ടക്കളത്തിലോ വംശത്തലവന്റെ വീട്ടുമുറ്റത്താ ആണു വട്ടക്കളി അരങ്ങേറുന്നത്. വട്ടക്കളി ആരംഭിക്കുന്നതോടെ ആദ്യം കളത്തിലിറങ്ങുന്നത് തുടി, ചീനി തുടങ്ങിയ വാദ്യോപകരണങ്ങൾ വായിക്കുന്നവരാണ്. തുടർന്നു മൂപ്പന്റെയും കാരണവന്മാരുടെയും അനുവാദം വാങ്ങി കുളത്തിലിറങ്ങുന്ന നർത്തകർ ഒരേ താളത്തിൽ സാവധാനം നൃത്തം ചെയ്തുതുടങ്ങും. പിന്നീടു വേഗം കൂടും. കുടികൾക്കനുസരിച്ചു വട്ടക്കളിക്കു പ്രകടനങ്ങളുണ്ട്.

മരിച്ചവരെ പ്രീതിപ്പെടുത്താൻ പണിയർ പാടുന്ന പാട്ടാണു "പേനെപ്പാട്ട് . ഗർഭിണികൾക്കു ചെകുത്താന്റെ ഉപ്രദവം വരാതിരിക്കാൻ പൂടെയാട്ട്, മുറിയാട്ടു എന്നി ചടങ്ങുകൾ നടത്തുന്നു. പ്രേതാത്മാക്കളെ ഒഴിപ്പിക്കാൻ പണിയർ ഏഴാം മാസത്തിൽ "ബലിക്കള' നടത്തും. കളം വരച്ച് ഒരു രാത്രി മുഴുവൻ തുടികൊട്ടിപാടും. ആഭിചാരത്തിൽ പണിയർക്കു വിശ്വാസമുണ്ട്. മാറണംകൂട്ട് എന്നതറിയപ്പെടുന്നു. മാറണം നീക്കാൻ മന്ത്രവാദം നടത്തും. "മെലിയെടുത്തുകളയുക' എന്നാണ് ഈ ക്രീയയ്ക്ക് പേർ. പണിയർക്ക് ഒടിവിദ്യയിൽ (പട്ടിയായും കാളയായും രൂപം മാറാനുള്ള കഴിവ്) സവിശേഷവൈഭവം ഉണ്ടെന്നു പൊതുസമൂഹം വിശ്വസിച്ചുപോരുന്നതായി പി. സോമശേഖരൻ നായർ രേഖപ്പെടുത്തുന്നു.


വസ്ത്രം , അലങ്കാരം, ഭഷണം

പുരുഷന്മാർ തോർത്തോ കാലിന്റെ കാൽഭാഗം നീളത്തിൽ നിൽക്കുന്ന വിധത്തിലുള്ള മുണ്ടോ ധരിക്കുന്നു. പണിയസ്ത്രീകൾ നീളം കൂടിയ ഒരു ചേല ചുറ്റി അതിന്റെ രണ്ടറ്റങ്ങൾ മുന്നിലൂടെയും പിന്നിലൂടെയുമെടുത്തു വലതുവശത്തു മാറിന്റെ മുകളിലായി കെട്ടുന്നു. കൂടുതൽ ഭാഗം പിന്നിലേയ്ക്കിടും. ചിലപ്പോൾ ഇതിനു മുകളിലൊരു തോർത്തുമുണ്ട് പുതയ്ക്കാറുണ്ട്. അരയ്ക്കു തൊട്ടുതാഴെയായി അരാട്ടി (ഉറുമാൽ) ചുറ്റികെട്ടും. അരാട്ടിക്കു മുകളിൽ ചേലയെ മടിശ്ശീലയാക്കും. അതിൽ നെല്ലും സാധനങ്ങളും സൂക്ഷിക്കാറുണ്ട്. അരയിലെ കെട്ട് അടിയാത്തികൾക്കില്ല. ഒരു മേവിക്കമ്മൽ ഉണ്ടാകും. ഇതാണു "മുരുളകമ്പി', പച്ചകുത്താത്തവരെ പരലോകത്തു പ്രേതാത്മാക്കൾ പാമ്പിന്റെ മുള്ളുകൊണ്ടു കുത്തുമെന്ന വിശ്വാസം പണിയർക്കിടയിലുണ്ട്.

കാതില, തോട, കമ്മൽ എന്നീ കർണ്ണാഭരണങ്ങൾ മിക്ക ആദിവാസികളും ഉപയോഗിക്കും. കർണ്ണത്തിൽനിന്നു തലമുടിക്കെട്ടിലേക്കു വെള്ളിയുടെ ചങ്ങല കോർത്തുകെട്ടി കേശാലങ്കാരത്തിനു മോടി വർദ്ധിപ്പിക്കുന്ന സമ്പ്രദായം പണിയ സ്തീകൾക്കുണ്ട്. ഓല, ചൂത മണി, മുരളെ (മുരാവു) എന്നിവ സ്തീകൾ കാതിലണിയുന്നു. പുരുഷന്മാർ കടുക്കൻ അണിയും. സ്ത്രീകൾ പത്തിരുപത്തഞ്ചു വളകൾവരെ കയ്യിലണിയുന്നു. കൈമുട്ടിനും തോളിനുമിടയ്ക്കായി പിച്ചളയിലുണ്ടാക്കുന്ന തോൾവള അണിയും. കൊച്ചുകുട്ടിയുടെ കൈയ്യിൽ ഉണ്ടെബളെ അണിയും. കൈവിരലിൽ മോതിരവും അണിയാറുണ്ട്. കരിചേർത്ത് അരച്ച അരക്കോ തേനീച്ചക്കൂട്ടിലെ മെഴുകോ കൈതയോലച്ചുരുളിന് അകത്തുവച്ച് ഒരു വശത്തു കുന്നിക്കുരുക്കൾ പതിച്ച ചൂതമണി പ്രായമായ സ്ത്രീകൾ അണിയും. വളയമോ കമ്മൽ പോലുള്ളതോ ആയ മൂക്കുത്തിയും (മൂക്കു പൊട്ടി) അണിയുക പതിവാണ്. ഇതു കർണ്ണാഭരണവുമായി ചങ്ങല കോർത്തു ബന്ധിച്ച രീതിയുമുണ്ട്. പലനിറത്തിലുള്ള മുത്തുകൾ കോർത്തുണ്ടാക്കുന്ന - 'കല്ലെയും മാലയും കഴുത്തിലണിയും. മുടെച്ചുളു, കുറിക്കല്ലെ, വെള്ളിക്കല്ലെ, താത്തിക്കല്ലെ, മാലെ എന്ന ക്രമത്തിൽ കഴുത്തിൽ അണിയുന്നു. കല്യാണദിനത്തിലെ താലിയാണു "ബലിക്കല്ല്', കർമ്മങ്ങൾ ചെയ്യുമ്പോൾ ആട്ടാളിയും ചെമ്മക്കാരനും നാണയത്തുട്ടുകൾ കോർത്ത താത്തിക്കല്ലെ  ധരിക്കും. പഴയ നാലണ, മാരണതുട്ടുകൾ എന്നിവ മാലയിലുണ്ടാവും.

കഞ്ഞിയാണു പണിയരുടെ മുഖ്യഭക്ഷണം. പണിക്കൂലിയായി കിട്ടുന്ന നെല്ല് (ബല്ലി/വല്ലി) കൊണ്ടാണു കഞ്ഞിയുണ്ടാക്കുന്നത്. ചാമ, റാഗി, പച്ചിലകൾ, ഞണ്ട്, മത്തൻചൊപ്പ്, കാട്ടുകിഴങ്ങുകൾ എന്നിവയാണു മറ്റു ഭക്ഷണവസ്തുക്കൾ.

ഡോക്യുമെന്ററി / സിനിമ

ദ സ്ലേവ് ജെനെസിസ്

 

ദ സ്ലേവ് ജെനെസിസ്

അനീസ് കെ മാപ്പിളയ്ക്ക് ദേശീയപുരസ്‌കാരം നേടിക്കൊടുത്ത ഡോക്യുമെന്ററിയാണ് ദ സ്ലേവ് ജെനെസിസ്. പണിയരുടെ ജീവിതത്തിന്റെ ഭാഗമായുള്ള വിശ്വാസങ്ങളും ചടങ്ങുകളും ഡോക്യുമെന്ററി വിവരിക്കുന്നു. കുടകില്‍ ആത്മഹത്യ ചെയ്ത ഒരു പണിയ തൊഴിലാളിയുടെ മരണാനന്തര ചടങ്ങുകള്‍ ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ദ സ്ലേവ് ജെനെസിസ് വിശദമായി പകര്‍ത്തുന്നുണ്ട്. പോക്സോ നിയമം ചുമത്തപ്പെട്ട് ജയിലില്‍ കഴിയേണ്ടി വരുന്ന പണിയ യുവാക്കളെക്കുറിച്ചും ഡോക്യുമെന്ററി പറയുന്നു.

കരിന്തണ്ടന്‍

വയനാട് ചുരം നിര്‍മ്മിക്കാന്‍ ബ്രിട്ടീഷുകാരെ സഹായിച്ച പണിയ ആദിവാസി മൂപ്പന്റെ കഥ പറയുന്ന ചിത്രമാണ് കരിന്തണ്ടൻ.  വിനായകന്‍ കരിന്തണ്ടനെ അവതരിപ്പിക്കുന്നു. കരിന്തണ്ടന്റെ കഥ അഭ്രപാളികളിലെത്തിക്കുന്നത് ആദിവാസി സമൂഹത്തില്‍നിന്ന് ആദ്യമായി സിനിമാ സംവിധാന രംഗത്തെത്തുന്ന വനിതയായ ലീലാ സന്തോഷാണ്. രാജീവ് രവി, ബി. അജിത്കുമാര്‍, മധു നീലകണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കളക്ടീവ് ഫേസ് വണ്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.

കരിന്തണ്ടന്‍

 

അവലംബം

1) പണിയർ: പി സോമശേഖരൻ നായർ കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് 2004 

2) 2

3) 3

4) 4

5) എം. വി. വിഷ്ണു നമ്പൂതിരി, ഫോക്‌ലോർ നിഘണ്ടു, കേരള ഭാഷാ ഇൻസ്റ്റിറ്റിറ്റൂട്ട് 

6)ചിത്രങ്ങൾ: മാതൃഭൂമി

7) 7

8)  കരിന്തണ്ടൻ

 

മറാട്ടി

2001ലെ കാനേഷുമാരി പ്രകാരം കേരളത്തിലെ മറാട്ടി ജനസംഖ്യ 27824 ആണ്. കർന്നടക്കത്തോട് ചേർന്ന് കിടക്കുന്ന കാസറഗോഡ് ജില്ലയിലെ പനത്തടി, കള്ളാർ, ദേലംപാടി, മഞ്ചേശ്വരം, അഡൂർ, എൻമകജെ തുടങ്ങിയവിടങ്ങളിലാണ് ഇവർ മുഖ്യമായും അധിവസിക്കുന്നത്. സ്വന്തമായി സംസാരഭാഷ ഉള്ളവരാണ് ഇവർ. 

വയനാടൻ കാടർ

വയനാട്, കോഴിക്കോട് ജില്ലകളിൽ താമസിക്കുന്ന ഒരു ആദിവാസി വിഭാഗമാണ് വയനാടൻ കാടർ അഥവാ വയനാട് കാടർ. നീഗ്രിറ്റോ വിഭാഗത്തിൽപ്പെടുന്ന കൊച്ചിയിലെ കാടൻമാരുമായ് ഇവർക്ക് യാതൊരു ബന്ധവുമില്ല. 1948ൽ മദ്രാസ് ഗവൺമെന്റ് വയനാട് കാടരെ ഗോത്രവർഗ്ഗമായി കരുതി പട്ടികവർഗ്ഗലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. 1976 ഭേദഗതിയിൽ ഇവരെ ഒ.ഇ.സി. വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 2002ലെ ഭരണഘടനാ ഭേദഗതിയിൽ വയനാട് കാടരെ പട്ടികവർഗ്ഗ ലിസ്റ്റിൽ 6-ാമതായ് കാടരൊടൊപ്പം ചേർത്തിരിക്കുന്നു. കോഴിക്കോട് കോടഞ്ചേരി, കൂടരഞ്ഞി എന്നിവിടങ്ങളിലും വയനാട് വെള്ളമുണ്ട, പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, പിണ് ങ്ങോട്, ഏടവക തൊണ്ടർനാട് എന്നിവിടങ്ങളിലുമാണ് ഇവർ അധിവസിക്കുന്നത്. 2011 കാനേഷുമാരി പ്രകാരം 1454 പുരുഷന്മാരും 1495 സ്ത്രീകളും ഉൾപ്പടെ ആകെ 2949 ആണ് ഇവരുടെ ജനസംഖ്യ.

ഉള്ളാടൻ/കൊച്ചുവേലൻ

ഇവരിൽ ഭൂരിഭാഗവും പത്തനംതിട്ട റാന്നിയിലെ എരുമേലി, പരുവ, വടശ്ശേരിക്കര, കരിമല, പമ്പ, കൊടുമുടി, രാജ്ബാറ, പെരുത്താനരുവി, പൊന്നമ്പലമേട്, പമ്പക്കടവ്, ചിറ്റമ്പലമേട്, മങ്കല, ആലുങ്കൽ എന്നിവിടങ്ങളിലും, ഇടുക്കിയിൽ തൊടുപുഴ, എന്നിവിടങ്ങളിലും, കൊല്ലത്തും, ആലപ്പുഴയിലും, എറണാകുളത്തും, ത്യശ്ശൂരും താമസിക്കുന്നവരുണ്ട്. ഭക്ഷണശേഖരണം, മ്യഗങ്ങളെ കെണിയലകപ്പെടുത്തൽ, വനവിഭവശേഖരണം, വളളങ്ങൾ, കൊട്ട, ചവിട്ടി എന്നിവയുടെ നിർമ്മാണം തുടങ്ങിയവയാണ് ഇവരുടെ പരമ്പരാഗത തൊഴിലുകൾ. പട്ടികവർഗ്ഗ ലിസ്റ്റിൽ 34 ആയി ചേർത്തിട്ടുള്ള ഉള്ളാടൻ സമുദായം കൊച്ചുവേലൻ എന്നും ചില സ്ഥലങ്ങളിൽ അറിയപ്പെടുന്നുണ്ട്. എന്നാൽ ഇന്ന് ഭൂരിഭാഗം ആളുകളും കർഷകത്തൊഴിലാളികളായി മാറിയിരിക്കുന്നു. 2011 സെൻസസ് പ്രകാരം ഇവരുടെ ജനസംഖ്യ 18,230 ഇതിൽ 1,871 പേർ പുരുഷന്മാരും 8,353 പേർ സ്ത്രീകളുമാണ്.

തച്ചനാടൻ / തച്ചനാടൻ മൂപ്പൻ

വയനാട്ടിലെ മേപ്പാടി, അമ്പലവയൽ, കല്പറ്റ, മുട്ടിൽ എന്നീ പഞ്ചായത്തുകളിലാണ് ഇവർ താമസിച്ചുവരുന്നത്. 2002ലെ ഭേദഗതിയിലൂടെ പട്ടികവർഗ്ഗ ലിസ്റ്റിൽ ചേർക്കപ്പെട്ടതിനാൽ 2001 സെൻസസ് പ്രകാരമുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. കൃഷി, വേട്ടയാടൽ, മീൻ പിടുത്തം, തേൻ ശേഖരണം എന്നിവയിൽ ഇവർ മിടുക്കരാണ്. 2011 സെൻസസ് പ്രകാരം 1745 ആണ് ഇവരുടെ ജനസംഖ്യ. ഇതിൽ 859 പുരുഷന്മാരും സ്ത്രീകൾ 886 പേരുമാണ്.

മലസർ

പാലക്കാട് ജില്ലയിലെ നെന്മാറയിൽ നെല്ലിയാമ്പതി, പോത്തുമുടി, തുത്തൻപാറ, കൊല്ലങ്കോട്, ചിറ്റൂർ താലൂക്കിലെ ചില ഭാഗങ്ങൾ പറമ്പിക്കുളം വന്യമൃഗസംരക്ഷണ കേന്ദ്രത്തിലെ സുങ്കം റേഞ്ച് എന്നിവിടങ്ങളിൽ മലസർ താമസിക്കുന്നു. 2011ലെ കണക്കനുസരിച്ച് 3,195 ആണ് മലസരുടെ അംഗസംഖ്യ (1,607 പുരുഷന്മാർ, 1,588 സ്ത്രീകൾ). ജനസംഖ്യയുടെ മൂന്നിലൊന്നു മാത്രമാണ് സാക്ഷരരായിട്ടുള്ളവർ.

മലവേട്ടുവൻ 

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ ചെറുപുഴ, വയക്കര, തിരുമേനി, കോഴിച്ചാൽ, തടിക്കടവ്, പടിയൂര്, പ്രാപൊയിൽ, രാജഗിരി എന്നിവിടങ്ങളിലും കാസർഗോഡ് ജില്ലയിലെ ബന്തടുക്ക, കുറ്റിക്കോൽ, പനത്തടി, കളളാർ, ബളാൽ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കോടാം, ബേളൂർ എന്നിവിടങ്ങളിൽ താമസിച്ചുവരുന്ന ഒരു ഗോത്രവിഭാഗമാണിവർ. 2002വരെ ഇവർ ഒ.ഇ.സി. ലിസ്റ്റ് (1964 മുതൽ)ലാണ് ഉൾപ്പെട്ടിരുന്നത്. 2011ലെ കണക്കനുസരിച്ച് 17869 ആണ് ഇവര ജനസംഖ്യ (8852 പുരുഷന്മാർ, 9017 സ്തീകൾ), തേൻശേഖരണം, വേട്ടയാടൽ, മീൻപിടുത്തം എന്നിവയിൽ മലവേട്ടുവർക്ക് പ്രത്യക വിരുത് തന്നെയുണ്ട്. ചൂരൽ, കാട്ടുവള്ളി എന്നിവകൊണ്ട് കരകൗശല വസ്തുക്കൾ ഉണ്ടാക്കുവാനും ഇവർക്കറിയാം. പൂനംകൃഷിയായിരുന്നു മറ്റൊരു ജീവിതോപാധി.

വെട്ടുകുറുമൻ

2002 ഭരണഘടനാ ഭേദഗതി പ്രകാരം ലിസ്റ്റിൽ വന്ന സമുദായമാണ് വെട്ടുകുറുമൻ. ഇവർ പ്രാദേശികമായി ചില ഭാഗങ്ങളിൽ ഊരാളിക്കുറുമനെന്ന പേരിലുംകൂടി അറിയപ്പെടുന്നു. വയനാട്ടിൽ തിരുനെല്ലി പനമരം, പൂതാടി, നൂൽപ്പുഴ, മുള്ളൻകൊല്ലി, കണിയാമ്പറ്റ, തലവയൽ, നെന്മേനി പഞ്ചായത്തുകളിലാണ് ഇവർ താമസിക്കുന്നത്. മൺപാത്രനിർമ്മാണം, ഇരുമ്പ് പണി, മരപ്പണി, കൊട്ടനിർമ്മാണം എന്നിവയിൽ അതീവ വൈദഗ്ധ്യമുളളവരാണ് ഇവർ. കുറിച്യർ, മുളളുകുറുമർ തുടങ്ങിയവർക്കു കൃഷിക്കും മറ്റുമുള്ള ആയുധങ്ങൾ, മൺപാത്രങ്ങൾ, അമ്പ് തുടങ്ങിയവയും ഉണ്ടാക്കിക്കൊടുത്തിരുന്നതു ഇവരാണ്. എന്നാൽ ഇന്ന് ഇത്തരം കുലത്തൊഴിലിനെ പുതിയ തലമുറക്കാർ കയ്യൊഴിഞ്ഞിരിക്കുന്നു. ഭൂരിഭാഗവും കാർഷിക തൊഴിലോ കൂലിവേലയോ ചെയ്താണ് ജീവിതമാർഗ്ഗം കണ്ടെത്തുന്നതു. 2011 സെൻസസ് പ്രകാരം 739 ആണ് ഇവരുടെ ആകെ ജനസംഖ്യ. ഇതിൽ 346 പേർ പുരുഷന്മാരും 393 പേർ സ്ത്രീകളുമാണ്.

മലയൻ /നാട്ടുമലയൻ / കൊങ്ങമലയൻ

കൊങ്ങമലയനും നാട്ടുമലയനുംകൂടി ചേർന്നതാണ് മലയൻ. കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ പട്ടികജാതി മലയരുമായി ഇവർക്ക് ബന്ധമില്ല. തൃശൂർ ജില്ലയിലെ ചാലക്കുടി, പീച്ചി തുടങ്ങിയവിടങ്ങളിലും എറണാകുളം പാലക്കാട് ജില്ലകളിലും എറണാകുളത്തെ മലമ്പ്രദേശങ്ങളിലും ഇവർ താമസിക്കുന്നു. 2011 സെൻസസ് പ്രകാരം ഇവരുടെ ജനസംഖ്യ 5917 (2290 പുരുഷന്മാർ, 3027 സ്ത്രീകൾ) ആണ്. ചീനിക്കായ, തേൻ, പച്ചമരുന്നുകൾ, മുള, വിറക് എന്നിവയുടെ ശേഖരണം തന്നെയാണ് ഇന്നും ഇവരുടെ പ്രധാന ജീവനോപാധി.

മുഡുഗർ

പാലക്കാട് അട്ടപ്പാടിയിൽ ഭവാനിപ്പുഴയുടെ തീരത്തു താമസിക്കുന്ന ഒരു ജനവിഭാഗം. പുനംക്യഷിയായിരുന്നു ആദ്യകാലത്തെ മുഖ്യ ഉപജീവനമാർഗ്ഗം. നായാട്ടു നടത്തിയും, വനവിഭവങ്ങൾ ശേഖരിച്ചും ജീവിതം ഭദ്രമാക്കുവാൻ ഇവർ ശ്രമിച്ചിരുന്നു. 2011 സെൻസസ് പ്രകാരം മുതുവാനും മുഡുഗനും ഒരുമിച്ചുള്ള ജനസംഖ്യയാണ് ലഭ്യമായിട്ടുള്ളത്. ഇതുപ്രകാരം 23,746 (11,931 പുരുഷന്മാർ, 11,815 സ്ത്രീകൾ) ആണ് ഇവരുടെ ആകെ ജനസംഖ്യ. ജില്ല തരംതിരിച്ചുള്ള സെൻസസ് വെച്ച് മുതുവാന്റെയും മുഡുഗരുടെയും ഏകദേശം അംഗസംഖ്യ കണ്ടെത്താവുന്നതാണ് ഇതുപ്രകാരം ഇടുക്കിയിൽ 11026 മുതവാൻമാരും പാലക്കാട് 4223 മുഡുഗരുമാണുള്ളത്. എന്നാൽ 2008ലെ സർവെ പ്രകാരം 4,668 ആണ് ഇവരുടെ ആകെ ജനസംഖ്യ.

മഹാമലസർ

2011 സെൻസസ് വിശകലനം ചെയ്യുമ്പോൾ മഹാമലസരുടെ അംഗസംഖ്യ 154 ആണ്. ഇതിൽ 71 പേർ പുരുഷന്മാരും 83 പേർ സ്ത്രീകളുമാണ്. പാലക്കാട് ജില്ലയിലെ പറമ്പിക്കുളം വനത്തിൽ നാടർതോട് റേഞ്ചിനു പടിഞ്ഞാറ് നെന്മാറയിലെ കൊല്ലങ്കോട് നെല്ലിയാമ്പതി എന്നിവിടങ്ങളിലാണ് ഇവർ താമസിച്ചുവരുന്നത്. പരമ്പരാഗതമായി വേട്ടയാടിയും വനവിഭവങ്ങൾ ശേഖരിച്ചുമാണ് ഇവർ ജീവിച്ചുപോന്നത്. ഇപ്പോഴും ഉപജീവനത്തിനായി തേനും മറ്റ് വനോത്പന്നങ്ങളും ശേഖരിക്കുന്നു.

കുറുമ്പർ

പാലക്കാട് ജില്ലയിൽ അട്ടപാടി മലനിരകളിൽ താമസിച്ചു വരുന്ന ഒരു പ്രത്യക ദുർബല ഗോത്രവർഗ്ഗമാണിവർ. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഒരു ജനവിഭാഗമാണിത്. 2011ലെ സെൻസസ് പ്രകാരം 2,580 ആണ് യവരുടെ ആകെ ജനസംഖ്യ. 1302 പുരുഷന്മാരും 1,284 സ്ത്രീകളും ഇവരിൽ പെടുന്നു. 847 പേർ മാത്രമേ സാക്ഷരരായിട്ടുള്ളു. മഴയെ ആശ്രയിച്ച് മാറ്റക്യഷി (Shifting Cultivation) നടത്തിയാണ് ഇവർ ജീവിച്ചുവരുന്നത്. ആദ്യകാലത്ത് തടിയേതര വിഭവശേഖരണവും ചെറുനായാട്ടും നടത്തുമായിരുന്നു. എന്നാൽ ഇന്ന് നായാട്ട് ഇവർ പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. കേരളത്തിലെ പ്രാക്തന ഗോത്രവിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള ഒരു വിഭാഗമാണിവർ. ആനവായ്, മേലെ ഭൂതയാർ, താഴെ - ഭൂതയാർ, കടുകമണ്ണ, ഗലസി, തുടുക്കി, ഗൊട്ടിയാർകണ്ടി, തടിക്കുണ്ട്, മുരുഗള, തുടങ്ങിയവയാണ് ഇവരുടെ പ്രധാന ഊരുകൾ. 

 

മലെ വേടൻ / മല വേടൻ

പത്തനംതിട്ട, ഇടുക്കി, കൊല്ലം, കോട്ടയം എന്നീ ജില്ലകളിലെ നാരായണ മൂഴി, കുമാരപുരം, ഒറ്റക്കാൽ, ഒരു കുന്ന്, തെങ്കാശി, അച്ചൻകോവിൽ, തെന്മല റേഞ്ചിലെ കുറുകുന്ന്, റാന്നി വനം, റാന്നി റെയ്ഞ്ചിലെ ചെളാനാവയൽ, കടുമീൻചിറ, വടശ്ശേരിക്കര റെയ്ഞ്ചിലെ ഒളിക്കല്ല് എന്നിവിടങ്ങളിലാണ് ഇവർ താമസിക്കുന്നത്. 2011 ലെ സെൻസസ് പ്രകാരം 8,149 അംഗങ്ങളുണ്ട് ഈ സമുദായത്തിൽ. 3,901 പേർ പുരുഷൻമാരും 4,248 സ്ത്രീകളുമാണ്. പരമ്പരാഗതമായി തടിയേതര വിഭവങ്ങൾ ശേഖരിച്ചു ഉപജീവനം കണ്ടെത്തിയവരായിരുന്നു മലവേടർ. 

ഇരുളർ / ഇരുളൻ

പാലക്കാട് ജില്ലയിലെ വാളയാർ റെയിഞ്ചിലെ അയ്യപ്പൻപൊട്ട്, കരിത്താലിവട്ടം, കൊല്ലകുന്ന്, മൂപ്പൻചോല, പൂഴിക്കുന്ന്, ചാവിടിപാറ, ഇടശ്ശേരി, നടുപ്പതി, പാറപ്പെട്ടി തുടങ്ങിയവിടങ്ങളിലും അട്ടപ്പാടിയിലെ അഗളി, പുതുർ, ഷോളയൂർ എന്നീ പഞ്ചായത്തുകളിലും അധിവസിച്ചുവരുന്ന ഒരു ഗോത്രവിഭാഗം. ഊരിലെ പാരമ്പര്യ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഏറെ ശ്രദ്ധ ചെലുത്തിയിരുന്ന സമുദായമാണ് ഇരുളർ. 2011 ലെ സെൻസസ് പ്രകാരം 23721 അംഗസംഖ്യയുള്ള ഇരുളവിഭാഗക്കാർ സംഖ്യാബലംകൊണ്ട് മുമ്പിൽ നിൽക്കുന്ന ഗോത്രവർഗ്ഗക്കാരാണ്. 11,766 പേർ പുരുഷൻമാരും 11,955 പേർ സ്ത്രീകളുമാണ്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്നവരാണ് ഇരുളർ, 10,204 പേർ മാത്രമാണ് സാക്ഷരരായിട്ടുള്ളത്. മുൻകാലങ്ങളിൽ കൃഷിക്കാരായിരുന്ന ഇരുളസമുദായക്കാർ ഭൂമി അന്യാധീനപ്പെട്ടതോടെ നാമമാത്ര തൊഴിലാളികളോ കൃഷിത്തൊഴിലാളികളോ ആയി മാറി.

കാടർ

കൊച്ചിയിലെ കാടർ എന്നറിയപ്പെട്ടിരുന്ന ഈ വിഭാഗക്കാർ പ്രധാനമായും പാലക്കാട്, തൃശൂർ ജില്ലകളിലാണ് താമസിച്ചുവരുന്നത്. പാലക്കാട് ജില്ലയിലെ കുരിയാർകുട്ടി, പറമ്പിക്കുളം ഡാം സൈറ്റ്, എർത്ത് ഡാം, തേക്കടി, കൽച്ചാടി, ചെറുനീലി, തളിയക്കല്ല് എന്നിവിടങ്ങളിലും തൃശ്ശൂരിലെ മലക്കപ്പാറ, ഷോളയാർ, ആനക്കയം, വാച്ചുമരം, പൊരിങ്ങൽകുത്ത്, പൊകയിലപ്പാറ, വാഴച്ചാൽ, ആനപന്തം എന്നിവിടങ്ങളിലുമാണ് ഇവർ പ്രധാനമായും താമസിക്കുന്നത്, 2011 സെൻസസ് പ്രകാരം 2949 ആണ് ഇവരുടെ അംഗസംഖ്യ. ഇവരിൽ 1454 പുരുഷൻമാരും 1495 സ്ത്രീകളുമാണ്. തടിയേതര വനവിഭവ ശേഖരണത്തിലൂടെയാണ് ഇവരിൽ ഭൂരിഭാഗവും ഉപജീവനം കണ്ടെത്തുന്നത്. കാടർ വിഭാഗവും പ്രത്യേക ദുർബല ഗോത്രവിഭാഗക്കാരുടെ പട്ടികയിൽ ഉണ്ട്.

കാണിക്കാരൻ / കാണിക്കാർ

കേരളത്തിന്റെ തെക്കേയറ്റത്ത് താമസിക്കുന്ന ഒരു ഗോത്രവർഗ്ഗമാണ് കാണിക്കാർ. തെക്കേയറ്റം എന്നു പറഞ്ഞാൽ പഴയ പുന:സംഘടനക്ക് മുമ്പുള്ള തിരുവിതാംകൂറിൽ. ഇപ്പോഴവർ തമിഴ്നാട്ടിലെ കന്യാകുമാരിയിലും തിരുവനന്തപുരത്ത് പരുത്തിപ്പള്ളി, കുളത്തൂപ്പുഴ, പാലോട് റെയ്ഞ്ചിലെ കോട്ടൂർ, ക്ലാമല, പാലോട് റിസർവ് വനം, കൊല്ലം ജില്ലയിലെ ഏരൂർ റിസർവ് വനം എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. 2011 സെൻസസ് പ്രകാരം 21,251 പേരാണ് കാണിക്കാർ. 9,975 പുരുഷൻമാരും 11 276 സ്ത്രീകളും. ഇവരിൽ പാതിയിലേറെ പേർ വനാന്തരങ്ങളിലാണ് ജീവിക്കുന്നത്. എങ്കിലും ഇവരിൽ 15364 പേർ സാക്ഷരരായി കാണപ്പെടുന്നു. 

കാട്ടുനായ്ക്കൻ

പ്രത്യേക ദുർബല ഗോത്രവർഗ്ഗത്തിൽ ഉൾപ്പെടുത്തിയ കാട്ടു നായ്ക്കർ വയനാട് ജില്ലയിൽ കൽപ്പറ്റയിലെ മേപ്പാടി, മുട്ടിൽ, പടിഞ്ഞാറത്തറ, പൊഴുതന, തരിയോട്, വേങ്ങപ്പള്ളി, വൈത്തിരി, മാനന്തവാടിയിൽ പനമരം, തവിഞ്ഞാൽ, തിരുനെല്ലി, വെള്ളമുണ്ട, സുൽത്താൻ ബത്തേരിയിൽ അമ്പലവയൽ, മീനങ്ങാടി, മുള്ളൻകൊല്ലി, നെന്മേനി, നൂൽപ്പുഴ, പൂതാടി, പുൽപ്പള്ളി, മലപ്പുറം ജില്ലയിലെ നിലമ്പൂർ, പോത്തു കല്ല്, കരുളായ്, ചോക്കാട്, മൂത്തേടം, അമരമ്പലം, കാളികാവ്, വണ്ടൂർ, പെരിന്തൽമണ്ണ, പാലക്കാട് ജില്ലയിലെ അലനല്ലൂർ, മണ്ണാർക്കാട് എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. തേൻകുറുമ്പൻ, ജേനു കുറുമ്പൻ എന്നീ പേരിൽ പട്ടികവർഗ ലിസ്റ്റിൽ മുപ്പത്തിയേഴാമതായി ഉൾപ്പെടുത്തിയ ഗോത്രവർഗവും കാട്ടുനായ്ക്കാൻ തന്നെയാണ്. 2011 കാനേഷുമാരി പ്രകാരം 18199 പേരിൽ സ്ത്രീകൾ 9160 പേരാണെങ്കിൽ പുരുഷന്മാർ 9039 ആണ്. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ഇർ വേട്ടയാടിയും നായാടിയും അതിജീവനത്തിന്റെ മാർഗം കണ്ടെത്തിയിരുന്നു. എന്നിവർ തേൻ ശേഖരിക്കുന്നതിലും വിദഗ്ധരാണ്.  


കൊറഗർ

കേരളത്തിൽ കാസർഗോഡ് ജില്ലയിലാണ് പ്രത്യേക ദുർബല ഗോത്രവർഗ്ഗ വിഭാഗമായ കൊറഗർ അധിവസിക്കുന്നത്. മധുർ, കാറഡുക്ക, കുറ്റിക്കോൽ, ബേഡഡുക്ക, ദേലമ്പാടി, പൈവളിഗെ പുത്തിഗ, എൻമകജെ, ബദിയടുക്ക, കുമ്പള, ബെള്ളൂർ, മഞ്ചേശ്വരം, വോർക്ക ടി, മംഗൽ പാടി, മീഞ്ച എന്നീ പ്രദേശങ്ങളിലാണ് ഇവരിൽ ഭൂരിഭാഗവും താമസിച്ചുവരുന്നത്. കൊറഗർ ദക്ഷിണ കർണ്ണാടകയിലും താമസിച്ചുവരുന്നു. വളരെയധികം ചൂഷണങ്ങൾക്കും അടിച്ചമർത്തലുകൾക്കും വിധേയരായിട്ടുള്ളവരാണ് കൊറഗർ. തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും തിക്തഫലങ്ങൾ അനുഭവിച്ച് പോന്നവർ. 2011 സെൻസസ് പ്രകാരം 1582 ആണ് ഇവരുടെ ആകെ ജനസംഖ്യ. ഇതിൽ 778 പേർ പുരുഷന്മാരും 804 പേർ സ്ത്രീകളുമാണ്. ആദ്യ കാലത്ത് സാക്ഷരതയും വിദ്യാഭ്യാസവും ഇവർക്കിടയിൽ വളരെ പരിതാപകമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെകിലും ആരോഗ്യരംഗത്ത് ഇവർ ഇന്നും പിന്നിലാണ്. 

കുടിയ /  മലക്കുടി / മലയക്കുടി / മലക്കുടി / മലഗുഡിയ

കാസർഗോഡ് ജില്ലയിൽ അധിവസിക്കുന്ന ഒരു ഗോത്രവിഭാഗമാണ് കുടിയ. മലക്കുടി, മലയക്കുടി, മലക്കുടി, മലഗുഡിയ എന്നീ പേരുകളിലെല്ലാം പ്രാദേശികമായി ഇത് അറിയപ്പെടുന്നു. കേരളത്തിന്റെയും കർണ്ണാടകത്തിന്റെയും അതിർത്തി പ്രദേശങ്ങളായ പനത്തടിയിലെ കമ്മാടി, മഞ്ചേശ്വരത്തെ പൈവളികെ എന്നീ സ്ഥലങ്ങളിലാണ് ഇവരിൽ ഭൂരിഭാഗവും താമസിക്കുന്നത്. 2011 ലെ സെൻസസ് പ്രകാരം 785 പേരാണ് ഈ ഗോത്രവിഭാഗത്തിൽ ഉള്ളത്. അതിൽ 403 പേർ പുരുഷന്മാരും 382 പേർ സ്ത്രീകളുമാണ്. പരമ്പരാഗതമായി പൂനം കൃഷിക്കാരും കാട്ടു മൃഗങ്ങളെ വേട്ടയാടുന്നവരുമായിരുന്നു ഇവർ. ഇപ്പോൾ ഉപജീവനത്തിനായ് പ്രധാനമായും കൃഷിയെ ആശ്രയിക്കുന്നു.

മലപ്പണിക്കർ 

2002ലെ ഭരണഘടനാ ഭേദഗതിയിലൂടെ ഗോത്രവർഗ ലിസ്റ്റിൽ ചേർക്കപെട്ടവരാണിവർ. മലപ്പുറം ജില്ലയിലെ ഏറനാട്ടിൽ വണ്ടൂർ ബ്ളോക്കിലും നിലമ്പൂർ ബ്ളോക്കിലും, എടക്കര, താഴത്ത് പാടം, വേങ്ങര, മഞ്ചേരി, മമ്പാട്, കാവനൂർ, വണ്ടൂർ, ആനക്കയം, അമരമ്പലം, വാഴക്കാട്, നിലമ്പൂർ, കാളികാവ്, മൂത്തേടം, വാഴക്കാട് എന്നിവിടങ്ങളിലാണ് ഇവർ താമസിച്ചു വരുന്നത്. 2002-ൽ കിർത്താഡ്‌സ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ 850 ആണ് ഇവരുടെ ജനസംഖ്യ. 180 കുടുംബങ്ങളിലായി 395 പുരുഷന്മാരും 415 സ്ത്രീകളുമാണുള്ളത്. 2011 കാനേഷുമാരി പ്രകാരം 474 പുരുഷന്മാരും 549 സ്ത്രീകളും ഉൾപ്പടെ 1023 പേരാണ് ആകെ ജനസംഖ്യ. വേട്ടയാടലും കിഴങ്ങുശേഖരണവും വഴി ജീവിതം കഴിച്ചിരുന്ന ഇവർ പിന്നീട് പൂനം കൃഷിയിലേയ്ക്കും അവിടുന്ന് കോവിലകം ജന്മിമാരുടെ അടിമപ്പണിക്കാരായും മാറി. 

മാവിലൻ

കണ്ണൂർ ജില്ലയിലെ പെരിങ്ങോം, വയക്കര, ആലപ്പടപ്പ്, ഉദയ - ഗിരി, നടുവിൽ, ശ്രീകണ്ഠാപുരം, പയ്യാവൂർ, എരുവശ്ശേരിയിലും കാസറഗോഡ് ജില്ലയിലെ പനത്തടി, കള്ളാർ, കോടോം, ബേളൂർ, ബളാൽ കുറ്റിക്കോൽ, ബന്തടുക്ക, എളേരി (ഈസ്റ്റ്, വെസ്റ്റ്) അജാനൂർ, കിനം നൂർ, ചീമേനി എന്നിവടങ്ങളിൽ അധിവസിക്കുന്ന ഒരു ഗോത്രവിഭാഗമാണ് മാവിലൻ. 2002ലെ ഭരണഘടനാ ഭേദഗതിയിലൂടെ പട്ടികജാതിക്കാരായിരുന്ന മാവിലർക്ക് പട്ടികവർഗ്ഗ പദവി ലഭിച്ചു. 2011 സെൻസസ് പ്രകാരം 14972 പുരുഷന്മാരും 15895 സ്ത്രീകളും ചേർന്ന് 30867 പേരാണ് ഈ സമുദായത്തിൽ ഉള്ളത്. കെണിവെച്ച് മ്യഗങ്ങളെയും പക്ഷികളെയും പിടിക്കുകയും മീൻ പിടുത്തവും തേൻ ശേഖരണവും കൂമേറ് എന്ന പൂനം കൃഷിയുമായിരുന്നു ആദ്യകാലത്തെ മുഖ്യ ജീവനോപാധി. ഈറ്റ, മുള എന്നിവ ഉപയോഗിച്ചു വസ്തുക്കളുണ്ടാക്കുവാനും പച്ചമരുന്നു ചികിത്സയിലും ഇവർ വിദഗ്ധരാണ്. ഇവരിൽ പലരും മികച്ച തെയ്യം കലാകാരന്മാരാണ്.

മലക്കുറുവൻ

2011ലെ സെൻസസ് പ്രകാരം ഇവരുടെ ജനസംഖ്യ 175 മാത്രമാണ്. 88 പേർ പുരുഷന്മാരും 87 പേർ സ്ത്രീകളും. 2001നെ അപേക്ഷിച്ച് ജനസംഖ്യയിൽ സാരമായ കുറവ് കാണപ്പെടുന്നുണ്ട്. അന്വേഷണത്തിൽ യഥാർത്ഥ മലക്കുറവൻ സമുദായക്കാരെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. മലക്കുറവൻ സമുദായമാണെന്ന് അവകാശപ്പെട്ടവരിൽ ഭൂരിഭാഗവും പട്ടികജാതിയിൽ ഉൾപ്പെട്ട് കുറവൻ സമുദായക്കാരായിരുന്നു.

 

തായ്കുല സംഘം   

അട്ടപ്പാടിയിലെ ആദിവാസി പെണ്‍കൂട്ടായ്മയാണ്‌ തായ്കുലസംഘം. മദ്യം നിരോധിച്ച മണ്ണില്‍ വാറ്റുചാരായത്തിന്റെ തീഷ്ണഗന്ധത്തില്‍ കവര്‍ന്നെടുക്കപ്പെടുന്ന മാനത്തിനും മണ്ണിനും വിലയുണ്ടെന്നും അതിന്‌ പകരം വെക്കാന്‍ മറ്റൊന്നില്ലെന്ന പരമ്പരാഗതമായ അറിവകളെ ഊതിയുണര്‍ത്തിക്കൊണ്ടാണ്‌ തായ്കുലം അതിന്റെ പിറവിയെടുത്തത്. 2002-ൽ അട്ടപ്പാടിയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക, കുട്ടികൾക്കെതിരായ പീഡനങ്ങൾ തടയുക, ലഹരി അടിമകളായി മാറിയ അട്ടപ്പാടി സമൂഹത്തെ ലഹരി വിമുക്തമാക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് അഹാർഡ്‌സിന്റെ കീഴിൽ തായ്കുലം രൂപീകരിക്കപ്പെടുന്നത്.   

അട്ടപ്പാടി സമ്പൂര്‍ണ മദ്യനിരോധിത മേഖലയാണ്. കേരളത്തില്‍ ചാരായനിരോധനം ഏര്‍പ്പെടുത്തുന്നതിന് ഒരു കൊല്ലം മുമ്പ്, 1995 ഏപ്രില്‍ ഒന്നിന്, അട്ടപ്പാടിയിലെ 35 ചാരായഷാപ്പുകളും 15 കളളുഷാപ്പുകളും അടച്ചുപൂട്ടിയിരുന്നു.എന്നാൽ ഇതോടെ വ്യാജ ചാരങ്ങളും വ്യാജവാറ്റുകേന്ദ്രങ്ങളും പ്രദേശത്ത് വ്യാപിച്ചു. ഇത് ആദിവാസികളുടെ ജീവിതത്തെ താറുമാറാക്കി. കുടുംബങ്ങൾ പലതും പട്ടിണിയിലാവുകയും നവജാത ശിശുക്കളും കുട്ടികളും പോഷകാഹാരം ലഭിക്കാതെ മരിച്ചുവീഴുകയും ചെയ്ത സാഹചര്യത്തിൽ ഊരുകളിലെത്തുന്ന മദ്യ കച്ചവടക്കാരുടെയും വാറ്റു കച്ചവടക്കാരുടെയും പ്രവർത്തനം അവസാനിപ്പിക്കാൻ പിറവിയെടുത്ത ആദിവാസി സംഘടനയാണ് തായ്കുല സംഘം. 

ഘടന

2002ലാണ്‌ തായ്കുല സംഘം രൂപപ്പെടുന്നത്‌. 2007ല്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. ഓരോ ഊരുകളിലും പത്തംഗങ്ങൾ വീതമുള്ള തായ്കുല സംഘങ്ങൾ ഉണ്ടാകും. ഈ സംഘങ്ങൾക്ക് ഒരു തലൈവിയും ഉണ്ട്. ഇവരാണ് സംഘത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. തലൈവികള്‍ തെരഞ്ഞെടുക്കുന്ന ഒമ്പതംഗ കേന്ദ്രകമ്മിറ്റിയാണ് തായ്കുലത്തിന്റെ തായ്‌വേര്. 187 ഊരുകളില്‍ തായ്കുലസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഊരുകളിൽ മദ്യം എത്തുന്ന വഴികൾ കണ്ടെത്തി എക്സൈസിനും പോലീസിനും വിവരങ്ങൾ കൈമാറുന്നത് തായ്കുല തലൈവികളാണ്. സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കാതെയാണ് തായ്കുല സംഘം പ്രവർത്തിക്കുന്നത്. 

തായ്കുലത്തിലെ മറ്റൊരു ഘടകമാണ് ന്യായ സമിതി. ഓരോ വാർഡ് തലത്തിൽ നിന്നും അഞ്ചു പേര് വീതമാണ് ന്യായാസമിതിയിൽ ഉള്ളത്. എല്ലാ വ്യാഴാഴ്ച്ചയും ഊരിലെ പ്രശ്നങ്ങൾ ക്രോഡീകരിക്കുകയും മാസാവസാന വ്യാഴാഴ്ച്ച ബന്ധപ്പെട്ട വകുപ്പ്ദ്യോഗസ്ഥരുമായി കൂടിച്ചേർന്നു പ്രശ്ന പരിഹാരം തീരുമാനിക്കുകയുമാണ് ന്യായ സമിതി ചെയ്യുന്നത്. 

അട്ടപ്പാടിയിലെ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളെ മനസ്സിലാക്കുകയും അതിനു പരിഹാരം കണ്ടെത്തുനനത്തിനും തായ്കുല സംഘം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 


"സാമ്പത്തികമാണ്‌ ഞങ്ങളുടെ പ്രധാന പ്രശ്നം. ഓരോ ഊരുകളിലും ചെല്ലുമ്പോഴും എന്തെങ്കിലും പ്രശ്നം കാണും. അതില്‍ ഇടപെടണമെങ്കില്‍ പണം വേണം. പണമില്ലെന്ന്‌ കരുതി ഞങ്ങള്‍ ആരുടെയും മുന്നില്‍ കൈനീട്ടില്ല. പണവും ഞങ്ങള്‍ തന്നെ ഉണ്ടാക്കും. വീട്ടില്‍ നിന്നുതന്നെ ചോദ്യമുയരുന്നുണ്ട്‌. 'നിങ്ങള്‍ക്ക്‌ വേറെ പണിയൊന്നുമില്ലേ അമ്മേ' എന്ന ചോദ്യം. എന്നാലും ഞങ്ങള്‍ തളരില്ല. ഞങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കണം." തായ്കുല സംഘത്തിന്റെ പഴയ പ്രസിഡന്റ്‌ ഭഗവതി രംഗന്‍ പറയുന്നു. (2013ൽ ജന്മഭൂമിയിൽ വന്ന ലേഖനം)

ആരും സഹായിത്തിനില്ലെന്നല്ല പറയുന്നത്‌. ഉഷ, അങ്ങിനെയൊരു സ്ത്രീ (പി.ഇ. ഉഷ അഹാഡ്സില്‍ പ്രൊജക്റ്റ്‌ ഡയറക്ടര്‍ ആയി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്നു.) ഉലകത്തില്‍ വേറെ ഇല്ല. അവരാണ്‌ ഞങ്ങള്‍ക്ക്‌ ശക്തി തന്നത്‌. പിന്നെ വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍. എന്ത്‌ പ്രശ്നമുണ്ടായാലും ക്യാമ്പ്‌ നടത്താനും (മെഡിക്കല്‍ ക്യാമ്പ്‌) മറ്റുമൊക്കെ അവരുടെ സഹായമുണ്ട്‌. ഞങ്ങളെ നന്നാക്കാന്‍ ഇനി എന്‍ജിഒകളും വേണ്ട' ഭഗവതിരംഗന്‍ പറയുന്നു.

മദ്യമാണ്‌ അട്ടപ്പാടിയെ തകര്‍ക്കുന്ന ഒരു ഘടകം എന്നത്‌ തായ്കുല സംഘം ഉറപ്പിച്ചു പറയുന്നു. വ്യാജവാറ്റു മുതലാളിമാര്‍ ഊരുകളിലെ സ്വൈര്യം കെടുത്തുന്നു. പുതിയ ജീവിതശൈലികളും ഊരുകളില്‍ പുതിയ സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്നുവെന്ന്‌ ഭഗവതി പറയുന്നു. "ഇപ്പോള്‍ എല്ലാവര്‍ക്കും മൊബെല്‍ ഫോണാണ്‌. പെണ്‍കുട്ടികള്‍ ഫോണില്‍ സംസാരിച്ച്‌ സംസാരിച്ച്‌ സ്നേഹിച്ചവരുടെ കൂടെ പോകുന്നു. അതില്‍ പുറത്തുപോയവരുമുണ്ട്‌. ഞങ്ങളുടെ ഇടയില്‍ അവിവാഹിതരായ അമ്മമാരില്ല. പലരെയും ഭര്‍ത്താവ്‌ ഉപേക്ഷിച്ചതാണ്‌."

"അട്ടപ്പാടിയിലേക്കും ആദിവാസി ഊരുകളുള്ളിടങ്ങളിലേക്കെല്ലാം പണവും പദ്ധതികളും മാറ്റിവെച്ചിട്ടുണ്ടാവും. കോടികള്‍ ഒഴുകിയിട്ടുണ്ടാവും. എന്നാലതൊന്നും അവിടെയെത്തിയിട്ടില്ല. ഞങ്ങള്‍ക്കവകാശപ്പെട്ടതെന്താണെന്നുപോലും ഞങ്ങള്‍ക്കറിയില്ല. അംഗനവാടികളും ആശുപത്രികളും ഒന്നും ഞങ്ങള്‍ക്ക്‌ പ്രയോജനപ്പെടുന്നില്ല. ഞങ്ങളുടെ കൃഷിരീതികള്‍ പോലും കൈവിട്ടു പോയി. കുട്ടികള്‍ക്കുള്ള പോഷകാഹാരമായ അമൃതം പൊടി കൂടുതല്‍ പാലു കിട്ടാന്‍ പശുക്കള്‍ക്ക്‌ കലക്കിക്കൊടുക്കുകയാണ്‌. ഞങ്ങളുടെ കുട്ടികള്‍ മരിച്ചുവീഴുകയും." തായ്കുല സംഘം മുൻ സെക്രട്ടറി മരുതി പറയുന്നു. (2013ൽ ജന്മഭൂമിയിൽ വന്ന ലേഖനം)

മദ്യാസക്തി പുരുഷരിൽ വര്‍ദ്ധിച്ചതോടെ ആദിവാസികളുടെ സാമൂഹ്യജീവിതം താറുമാറായി. മദ്യലഹരിയിൽ ഭർത്താക്കന്മാർ ഗാർഹികപീഡനം നടത്തുന്നത് പതിവായപ്പോൾ അത് കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിച്ചു. ചിലയിടങ്ങളിൽ സ്ത്രീകളും ഈ വാറ്റുചാരായം കുടിക്കാൻ തുടങ്ങി. മദ്യത്തിനു അടിമപ്പെട്ട ആൾക്കാർ കൃഷിയെ അവഗണിച്ചത് പോഷകാഹാര ദൌർലഭ്യം രൂക്ഷമാക്കി. അമിത മദ്യപാനം കാരണം പലർക്കും ജോലി നഷ്ടപ്പെട്ടു.

2002ൽ തന്നെ അട്ടപ്പാടിയിലെ സ്ത്രീകൾ മുൻകൈയെടുത്ത് അട്ടപ്പാടി മദ്യനിരോധന മേഖലയാക്കി പ്രഖ്യാപിക്കാൻ ഡോ: എ.പി.ജെ. അബ്ദുൾ കലാമിന് നിവേദനം നല്കിയിരുന്നു. പക്ഷേ ഇതോടെ മദ്യപാനികൾ കേരള തമിഴ്നാട് അതിർത്തിയിലെ ആനക്കട്ടിയിൽ പ്രവർത്തിക്കുന്ന, തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടാസ്മാക് ബാറിലേക്ക് പോകാൻ തുടങ്ങി.

2014 - 2015 കാലഘട്ടത്തിൽ  നൂറ്റിപ്പതിനാറിലധികം ആദിവാസികളാണ് അട്ടപ്പാടിയിൽ മദ്യപാനം കാരണം മരണപ്പെട്ടത്. ആനക്കട്ടിയിൽ നിന്നും പുറപ്പെടുന്ന ബസ്സുകളിൽ മദ്യപിച്ച് ബോധമില്ലാത്ത പുരുഷന്മാർ ഒരു സ്ഥിരം കാഴ്ചയായിരുന്നു. ഇവരിൽ പലരും സഹയാത്രക്കാരോടോ, ബസ്സ് ജീവനക്കാരോടോ വഴക്കുണ്ടാക്കി ബസ്സിൽ നിന്നും ഇറക്കി വിടപ്പെട്ട് വഴിയിൽ വീണു കിടന്നു, വെള്ളം കിട്ടാതെയോ വാഹനം തട്ടിയോ മരിച്ചു.

പോരാട്ടം 


മദ്യപാനം ഒരു സമൂഹത്തിൻറെ നാശത്തിലേക്ക് വഴി തെളിച്ചു കൊണ്ടിരുന്ന സാഹചര്യത്തിലാണ് തായ്കുല സംഘത്തിന്റെ നേതൃത്വത്തിൽ ആദിവാസി സ്ത്രീകൾ ആനക്കട്ടി ബാറിനെതിരെ സമരത്തിനിറങ്ങിയത്. മൂന്ന് മാസം തുടർച്ചയായി അവർ ഉപരോധമടക്കമുള്ള സമര മുറകളിൽ ഏർപ്പെട്ടു. ഇത് ഉസ്ര് പോരാട്ടം എന്ന പേരിലാണ് ആരംഭിച്ചത്. 

2016 ഫെബ്രുവരി 17-നാണ് സമരം ഔദ്യോഗികമായി തുടങ്ങിയത്. ഫെബ്രുവരി ഇരുപത്തി ഒന്‍പതോടെ ബാർ അടച്ചു പൂട്ടണമെന്നായിരുന്നു ആവശ്യം. അത് അധികാരികൾ ചെവി കൊള്ളാതെ വന്നപ്പോൾ സ്ത്രീകൾ ആനക്കട്ടിയിലും മുക്കാലിയിലും വഴി തടഞ്ഞു. മാർച്ച് 4 മുതൽ ഒരു മാസം മുതിർന്ന സ്ത്രീകളുടെ നേതൃത്വത്തിൽ ആനക്കട്ടി കവലയിൽ നിരാഹാരസമരവും നടത്തി. എന്നിട്ടും ഒരു ഫലവും കാണാതെ വന്നപ്പോൾ ഏപ്രിൽ 4 ന് സമരക്കാർ ആനക്കട്ടിയിൽ റോഡ് ഉപരോധിച്ചു. മാത്രമല്ല, ഏപ്രിൽ 7 ന് അവർ ഊരുകളിൽ കള്ളവാറ്റു പിടിക്കാനും പോയി.'സാവ കൂകിനാ വെടിക്കും ; പെട്ടക്കോളി കൂകിനാ വെടിയാത്' (പൂവൻ കോഴി കൂകിയാൽ നേരം വെളുക്കും; പിടക്കോഴി കൂകിയാൽ വെളുക്കില്ല) 

തായ്കുലം

സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ പുച്ഛിക്കാൻ നാട്ടുകാർ ഉപയോഗിച്ച ഒരു പഴഞ്ചൊല്ലാണിത്. ഇത്തരത്തിലുള്ള പരിഹാസങ്ങൾ സമരക്കാരുടെ വീറും വാശിയും വര്‍ദ്ധിപ്പിച്ചതേ ഉള്ളൂ. ഒടുവിൽ ഏപ്രിൽ 11 ന് തായ്ക്കുല സംഘം ഹർത്താൽ പ്രഖ്യാപിച്ചു.

അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളിൽ നല്ലൊരു പങ്കും ഈ ഹർത്താലിൽ പങ്കെടുത്തു. ആനക്കട്ടി കവല നിറഞ്ഞു കവിഞ്ഞു. ബ്ലോക്ക് പഞ്ചായത്തിൻെറ പല ഭാഗങ്ങളിലും വണ്ടി തടഞ്ഞും കടകൾ അടപ്പിച്ചും അവർ ഹർത്താൽ വിജയിപ്പിച്ചു. പിഞ്ചുകുഞ്ഞുങ്ങളെയും എടുത്താണ് പല അമ്മമാരും സമരം ചെയ്തത്. അഗളിയിൽ 45 പേരും ഷോളയൂരിൽ 23 പേരും അറസ്റ്റ് ചെയ്യപ്പെട്ടു.

'അറസ്റ്റ് ചെയ്താൽ പി എസ് സി പണി കിട്ടൂല; സർക്കാർ ജോലി കിട്ടൂല എന്നൊക്കെ പോലീസുകാർ ഞങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്ത് പാലക്കാട് കൊണ്ട് പോകും എന്നും പറഞ്ഞു. ഞങ്ങളുടെ തലമുറക്ക് വേണ്ടിയാണ് സമരം നടത്തുന്നെതെന്നും വിജയിച്ചിട്ടേ പിൻമാറൂ എന്ന് ഞങ്ങൾ തിരിച്ചും പറഞ്ഞു', സമരത്തിൽ കൈക്കുഞ്ഞിനെയും എടുത്ത് പങ്കെടുത്ത ഒരമ്മ പറയുന്നു.

അട്ടപ്പാടിയിൽ നിന്നും ഒരു ദിവസം ഏതാണ്ട് 16 ലക്ഷത്തോളം രൂപയാണ് ആനക്കട്ടിയിലേക്ക് ഒഴുകി കൊണ്ടിരുന്നത്. ഈ വരുമാനം നിലച്ചതോടെ ആനക്കട്ടി ബാർ പൂട്ടിയതിനെതിരെ പരിസരത്തുള്ള കടക്കാർ പ്രതിഷേധം നടത്തി. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ കോഴിക്കോട്-കോയമ്പത്തൂർ റോഡ് ഉപരോധിച്ചു.

'തട്ടിപ്പൊളിക്കും ; തട്ടിപ്പൊളിക്കും
ആനക്കട്ടി ബാർ തട്ടിപ്പൊളിക്കും
ഒയമാട്ടേ ഒയമാട്ടേ
ടാസ്മാകേ മൂടും വരെ'

തായ്കുലം പോരാട്ടം

ഒടുവിൽ സമരം വിജയം കണ്ടു. തമിഴ്നാട് കലക്ടർ ഇടപെട്ട് ആനക്കട്ടി ബാർ പൂട്ടി സീൽ ചെയ്തു. ഇന്നും ഊരുകൾ കയറിയിറങ്ങി മദ്യത്തിനും മറ്റു ലഹരി വസ്തുക്കൾക്കെതിരെയും തായ്കുലസംഘം ബോധവൽക്കരണം നടത്തുന്നുണ്ട്. അതു പോലെ സ്ത്രീകൾ വൈകുന്നേരങ്ങളിൽ സംഘം ചേർന്ന് കള്ളവാറ്റ് പിടിക്കാൻ ഇറങ്ങുന്നുമുണ്ട്.

അട്ടപ്പാടിയിൽ 2013ൽ പോഷകാഹാരക്കുറവ് കാരണം നടന്ന ശിശുമരണങ്ങൾ സംസ്ഥാനതലത്തിലും ദേശീയ, അന്തർദേശീയതലത്തിലും മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. എന്നാൽ ആദിവാസി സ്ത്രീകൾ മുന്നിൽ നിന്ന് വിജയിപ്പിച്ച ആനക്കട്ടി സമരത്തിന് മുഖ്യധാരാ മാധ്യമങ്ങൾ അർഹിക്കുന്ന പ്രാധാന്യം നൽകിയില്ല.

 

അവലംബം

1) Contemporary Socio-Cultural Scenario of Tribal Women in India Challenges and Prospects May-2019 Page  392-400 Kirtads Publications

2) 2

3) 3

 

മൊട്ടത്തിക്കൂട്ടം

വയനാട്ടിൽ പെൺകുട്ടികൾക്കുനേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ, ആദിവാസി പെൺകുട്ടികളുടെ ശാക്തീകരണത്തിനായി കേരള മഹിളാ സമഖ്യാ സൊസൈറ്റിയുടെ നേത്യത്വത്തിലാണ് 'മൊട്ടത്തിക്കൂട്ടം' പദ്ധതി ആരംഭിച്ചത്. ആദിവാസി കൗമാരസഭകൾ രൂപീകരിക്കുക, ആദിവാസി പെൺകുട്ടികൾക്ക് വിദ്യാഭ്യാസം, നിയമം, കൗമാര വളർച്ച, ലൈംഗിക വിദ്യാഭ്യാസം, കുടുംബം, പഞ്ചായത്തീരാജ് തുടങ്ങിയ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പരിശീലനം നൽകുക, പഞ്ചായത്ത് തലത്തിൽ സംഘങ്ങളുടെ കൂട്ടായ്മകൾ ഉണ്ടാക്കുക, ബോധവൽക്കരണ ക്ളാസ്സുകൾ നടത്തുക, ലഹരി നിയന്ത്രണ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയൊക്കെയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്. പെൺകുട്ടികളുടെ കൂട്ടം എന്നാണ് മൊട്ടത്തിക്കൂട്ടത്തിന്റെ അർത്ഥം. 

നടപ്പിലാക്കിയ പ്രവർത്തനങ്ങൾ 

  • കൂട്ടായ്മ രൂപീകരണം
  • നാടക പരിശീലനം 
  • പോസ്റ്റർ നിർമ്മാണം
  • ഏകദിന ശില്പശാല 
  • ആസൂത്രണ യോഗം 
  • വിലയിരുത്തൽ യോഗം 
  • പഠനത്തിൽ നിന്ന് കൊഴിഞ്ഞുപോയ കുട്ടികൾക്കായുള്ള പരിപാടി 

2016-ൽ ആണ് മൊട്ടത്തിക്കൂട്ടം പ്രവർത്തനം ആരംഭിച്ചത്. ഗോത്ര സാരഥി പദ്ധതി, കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ ടൂഷൻ സൗകര്യം എന്നിവ ഈ പദ്ധയുടെ ഭാഗമായി നടക്കുന്നുണ്ട്. മൊട്ടത്തിക്കൂട്ട പ്രവർത്തകരുടെ ഇടപെടലിലൂടെ ഊരിലുള്ളവർ തങ്ങളുടെ കുട്ടികളെ മറ്റു ജില്ലകളിൽ അയച്ചു പഠിപ്പിക്കാൻ തയ്യാറായി. 

നേട്ടങ്ങൾ 

  • പട്ടികവർഗ സങ്കേതങ്ങളിൽ മൊട്ടത്തിക്കൂട്ടത്തിന്റെ രൂപീകരണത്തിലൂടെ പെൺകുട്ടികളുമായി നേരിട്ട് ഇടപഴുകുന്നതിനും അത് വഴി പ്രശ്നങ്ങൾ മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. 
  • സ്കൂളിൽനിന്നും കൊഴിഞ്ഞുപോയ കുട്ടികളുടെ പഠനം തുടരുന്നതിനു ആവശ്യമായ ഇടപെടലുകൾ നടത്തുവാൻ കഴിയുകയും കൊഴിഞ്ഞുപോക്കു തടയാൻ വേണ്ട മുൻകരുതലുകൾ എടുക്കാനും കഴിഞ്ഞു. 
  • കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു. 
  • പോക്സോ നിയമം, ബാലവിവാഹ നിരോധന നിയമം, കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണം എന്നിവയെക്കുറിച്ചുള്ള ക്ളാസുകൾ സംഘടിപ്പിക്കുന്നു.

അവലംബം

Contemporary Socio-Cultural Scenario of Tribal Women in India Challenges and Prospects May-2019 Page  192-195 Kirtads Publications

 

ഗോത്രബന്ധു 

വിദ്യാര്‍ഥികളുടെ ഭാഷാപ്രശ്നങ്ങള്‍ പരിഹരിക്കുകയും കൊഴിഞ്ഞുപോക്ക് തടഞ്ഞ് ആദിവാസി കുട്ടികളുടെ സ്കൂള്‍ പ്രവേശനം നൂറു ശതമാനം ഉറപ്പാക്കുകയാണ് ഗോത്രബന്ധു പദ്ധതിയുടെ ലക്ഷ്യം. ഗോത്രജനതയു‍ടെ ഭാഷ മലയാളമല്ല. എന്നാൽ സ്കൂളുകളിൽ മലയാള ഭാഷയിലാണ് പഠിപ്പിക്കുന്നതും കാര്യങ്ങൾ വിശദീകരിക്കുന്നതും. ഇതുമൂലം ഗോത്രവിദ്യാർത്ഥികൾ പഠനത്തിൽ പിന്നാക്കം ആകുന്നുവെന്നും ഭാഷ അവർക്ക് കാര്യമായ തടസ്സം സൃഷ്ടിക്കുന്നുവെന്നുമുള്ള തിരിച്ചറിവിന്റെ പുറത്താണ് ഗോത്രബന്ധു പദ്ധതി നടപ്പിലാക്കിയത്. പ്രൈമറി ക്ലാസിലെ ഗോത്രവിദ്യാർത്ഥികൾക്ക് അവരുടെ ഭാഷയിൽ പാഠഭാഗത്തെ ആശയം വിശദീകരിച്ചുകൊടുക്കുന്നതിനായി ഒരു ഗോത്രഅധ്യാപികയെ നിയമിച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ പ്രൈമറി ക്ളാസുകളുള്ള സർക്കാർ / എയ്‌ഡഡ്‌ സ്കൂളുകളിൽ പട്ടികവർഗ വിഭാഗത്തിലുള്ള ഒന്നുമുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനം പട്ടിക വർഗ വിഭാഗത്തിലുള്ള അഭ്യസ്തവിദ്യർക്ക് തൊഴിൽ എന്നിവ ലക്‌ഷ്യം വെച്ച് പട്ടികവർഗ വിഭാഗത്തിലുള്ള ടിടിസി, ഡി.എഡ്., ബി.എഡ് പാസായ അഭ്യസ്തവിദ്യരിൽ നിന്നും തെരഞ്ഞെടുക്കുന്നവരെയാണ് ദിവസവേതനാടിസ്ഥാനത്തിൽ ഗോത്രബന്ധു പദ്ധതിയിൽ അധ്യാപികമാരായി നിയമിച്ചിരിക്കുന്നത്.  മെന്റര്‍ ടീച്ചര്‍മാര്‍ക്ക് ഊരുകളെയും വിദ്യാലയങ്ങളെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരായി പ്രവര്‍ത്തിക്കാനാവും. പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ ഒരാള്‍ പോലും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഗോത്രജീവിക പദ്ധതിയുമായി നീങ്ങുന്നത്.

പദ്ധതി നടപ്പിലാക്കിയതിനു ശേഷം വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. 2016 - 2017 കാലയളവിൽ വയനാട് ജില്ലയിൽ 359 കുട്ടികൾ കൊഴിഞ്ഞു പോയിരുന്നെങ്കിൽ പദ്ധതി നടപ്പിലാക്കിയതിനു ശേഷം 17 - 18 കാലഘട്ടത്തിൽ കൊഴിഞ്ഞു പോക്ക് 321  ആയി കുറയ്ക്കാനായി. 18 - 19 കാലഘട്ടത്തിൽ 111 ആയും കുറച്ചിട്ടുണ്ട്. 

ഗോത്രബന്ധു പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ അവര്‍ക്കിടയിലെ കൊഴിഞ്ഞുപോക്ക് ഇല്ലാതാവുകയും വിദ്യാലയങ്ങള്‍ ഗോത്രസൗഹൃദമാവുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്‌ഷ്യം.