തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികൾ
വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ, 50 വയസ്സിന് മേലെ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ എന്നിവയാണ് പ്രധാനപ്പെട്ട സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികൾ. വാര്‍ദ്ധക്യ കാല പെന്ഷന്, വികലാംഗപെന്ഷന്, വിധവാ പെന്ഷന് എന്നീ പെന്‍ഷന്‍കാര്‍ക്ക് കേന്ദ്ര വിഹിതമായി ഒരു നിശ്ചിത തുക ലഭിക്കുന്നുണ്ട്. എങ്കിലും കൂടുതല്‍ തുക സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. 2015, ഏപ്രിൽ മാസം മുതൽ പുതുതായി ആരംഭിച്ച ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) വഴിയാണ് പെൻഷൻ വിതരണ നടപടികൾ നടപ്പാക്കിവരുന്നത്. 2020 ഒക്ടോബര്‍ വരെ സംസ്ഥാനത്ത് 49.14 ലക്ഷം പെൻഷൻകാർ നിലവിലുണ്ട്. വാർദ്ധക്യകാല പെൻഷൻ വിഭാഗത്തിലും (52.89 ശതമാനം) തുടർന്ന് വിധവാ പെൻഷനിലുമാണ് (27.85 ശതമാനം) ഏറ്റവും കൂടുതൽ പെൻഷൻകാർ ഉള്ളത് .