സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങൾ

ഒരു സമൂഹജീവി എന്ന നിലയിൽ എല്ലാ സ്ത്രീകൾക്കും അന്തസ്സോടെ ജീവിക്കാനും സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനും അവകാശമുണ്ട്.  സ്ത്രീകളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സ്ത്രീകൾക്ക് വേണ്ടിയുള്ള നിയമങ്ങൾ അറിയേണ്ടത് ആവശ്യമാണ്. നിങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാണെങ്കിൽ മാത്രമേ വീട്ടിൽ, ജോലിസ്ഥലത്ത്, അല്ലെങ്കിൽ സമൂഹത്തിൽ നിങ്ങൾക്ക് സംഭവിച്ച ഏതെങ്കിലും അനീതിക്കെതിരെ പോരാടാൻ കഴിയൂ. സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട നിയമങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

മെറ്റേണിറ്റി ബെനിഫിറ്റ് ആക്റ്റ്, 1961 

പ്രസവാവധിക്ക് മുമ്പുള്ള 12 മാസത്തിനിടെ കുറഞ്ഞത് 80 ദിവസമെങ്കിലും ഒരു ഓർഗനൈസേഷനിൽ ജോലി ചെയ്തിട്ടുള്ള ഒരു വനിതാ ജീവനക്കാരിക്ക്  പ്രസവാവധി, നഴ്സിംഗ് ഇടവേളകൾ, മെഡിക്കൽ അലവൻസ് തുടങ്ങിയവ ഉൾപ്പെടുന്ന പ്രസവ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടെന്ന് നിയമത്തിൽ പറയുന്നു.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് 1972 

നിയമവിരുദ്ധമായ ഗർഭം അലസിപ്പിക്കലും അതിന്റെ ഫലമായുണ്ടാകുന്ന മാതൃമരണവും രോഗാവസ്ഥയും കുറയ്ക്കുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം. 1972 ൽ പ്രാബല്യത്തിൽ വന്ന നിയമത്തിൽ1975 ലും 2002 ലും ഭേദഗതി വരുത്തി. ഗർഭധാരണം അവസാനിപ്പിക്കാനോ ഉപേക്ഷിക്കാനോ കഴിയുന്ന വ്യവസ്ഥകൾ ഇത് വ്യക്തമായി പ്രസ്താവിക്കുകയും അത് നടത്താൻ യോഗ്യതയുള്ള വ്യക്തികളെ വ്യക്തമാക്കുകയും ചെയ്യുന്നു.

ജോലിസ്ഥലത്ത് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കൽ (നിരോധനം, പരിഹാരം) നിയമം, 2013 

ഈ നിയമം ജോലിസ്ഥലത്തെ ലൈംഗിക പീഡനങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. ജോലിസ്ഥലത്തെ ലൈംഗികപീഡനം എന്നാൽ ലൈംഗിക ചുവയോടുകൂടിയുള്ള ഭാഷയുടെ ഉപയോഗം, സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുന്നത്, ധ്വയാർത്ഥപ്രയോഗങ്ങൾ എന്നിവയും ഉൾപ്പെടുന്നു.  

സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്നത് തടയാനുള്ള നിയമം,1986
 

ഈ നിയമം പരസ്യത്തിലൂടെയോ പ്രസിദ്ധീകരണങ്ങളിലൂടെയോ രചനകളിലൂടെയോ പെയിന്റിംഗുകളിലൂടെയോ മറ്റേതെങ്കിലും രീതിയിലോ സ്ത്രീകളെ മോശമായി പ്രതിനിധീകരിക്കുന്നത് നിരോധിച്ചിരിക്കുന്നു.

നാഷണൽ കമ്മീഷൻ ഫോർ വിമൻ ആക്റ്റ്, 1990
 

നാഷണൽ കമ്മീഷൻ ഫോർ വിമൻ (എൻ‌സി‌ഡബ്ല്യു) 1992 ജനുവരിയിൽ സ്ഥാപിതമായ ഇന്ത്യാ ഗവൺമെന്റിന്റെ നിയമാനുസൃത സ്ഥാപനമാണ്. ദേശീയ വനിതാ കമ്മീഷൻ നിയമം ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങളെ പ്രതിനിധീകരിക്കുന്നു. അവരുടെ പ്രശ്‌നങ്ങൾക്കും ആശങ്കകൾക്കുമുള്ള പരിഹാരം കണ്ടെത്താനും സഹായിക്കുന്നു.ഒപ്പം സ്ത്രീകളുടെ നിലവാരം ഉയർത്തുകയും അവരുടെ സാമ്പത്തിക ശാക്തീകരണത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നു.

തുല്യ വേതന നിയമം, 1976
 

ഈ നിയമം പ്രതിഫലത്തിന്റെ കാര്യത്തിൽ വിവേചനം തടയുന്നു. പുരുഷന്മാർക്കും വനിതാ തൊഴിലാളികൾക്കും തുല്യ പ്രതിഫലം നൽകുന്നതിന് ഇത് വ്യവസ്ഥ ചെയ്യുന്നു.