ലളിതാ ലെനിൻ

 

ലളിതാ ലെനിൻ


മലയാളത്തിലെ ഒരു കവയിത്രിയാണ് ലളിതാ ലെനിൻ. കേരള സർവകലാശാലയിലെ ലൈബ്രറി സയൻസ് വിഭാഗം മേധാവിയായിരുന്നു.1970 കളില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിക്കൊണ്ട് മലയാള കാവ്യരംഗത്തേക്ക് കടന്നു വന്നു. 1976 ല്‍ പ്രസിദ്ധികൃതമായ “കരിങ്കാളി”യാണ് ആദ്യ കവിതാ സമാഹാരം. കവി, ബാലസാഹിത്യകാരി എന്നിവയ്ക്കൊപ്പം, സാമൂഹ്യ പ്രവര്‍ത്തക, പ്രാസംഗിക, ഫെമിനിസ്റ്റ് എഴുത്തുകാരി എന്നീ നിലകളിലും അറിയപ്പെടുന്ന എഴുത്തുകാരിയാണ് ലളിതാ ലെനിന്‍. മൂന്നു സാഹിത്യ അവാര്‍ഡുകളാണ് ശ്രീമതി ലളിതാ ലെനിനെ തേടിയെത്തിയിട്ടുള്ളത്. മികച്ച ബാലസാഹിത്യ കൃതിക്കുളള സാഹിത്യ അക്കാദമി അവാര്‍ഡ്, മികച്ച കവിതാസമാഹാരങ്ങള്‍ക്കുള്ള മൂലൂര്‍ അവാര്‍ഡും, അബുദാബി ശ്കതി അവാര്‍ഡും.

കടവില്‍ കുഞ്ഞുമാമയുടേയും കരീപ്പടത്തു ചക്കിക്കുട്ടിയുടേയും മകളായി തൃശൂർ ജില്ലയിൽ  1946 ജൂലൈ 17ന് ആണ്  കെ കെ ലളിതാബായി എന്ന ലളിതാ ലെനിന്റെ ജനനം. തൃത്തല്ലൂര്‍ കമലാ നെഹ്റു മെമ്മോറിയല്‍ ഹൈസ്കൂള്‍, ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജ്, മൂത്തകുന്നം എസ്. എന്‍. എം. ട്രെയിനിംഗ് കോളേജ്, കേരള സര്‍വ്വകലാശാല, മൈസൂര്‍ സര്‍വ്വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.      1966 ല്‍  രസതന്ത്രത്തിലും,1967 ല്‍ വിദ്യാഭ്യാസത്തിലും ബിരുദങ്ങള്‍, 1975 ല്‍ ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം. 1976 ല്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ലൈബ്രറി സയന്‍സില്‍ ഡോക്ടര്‍ എസ്സ് ആര്‍ രംഗനാഥന്‍  സ്വര്‍ണ്ണമെഡല്‍ നേടിയാണു മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കിയത്  കേരള സര്‍വ്വകലാശാലയുടെ ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ 1979 മുതല്‍ 1985 വരെ ലക്ചറര്‍ ആയും തുടര്‍ന്ന് റീഡറായും ജോലി ചെയ്തു. 1990 മുതല്‍ അഞ്ചു വര്‍ഷത്തോളം ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി ആയിരുന്നു. 1991 മുതല്‍ 1993 വരെയുള്ള കാലയളവില്‍ കേരള സര്‍വ്വകലാശാലയുടെ സെനറ്റ് അംഗവുമായിരുന്നു. 2006 മാര്‍ച്ച 31 ന് ഔദ്യോഗിക ജീവിതത്ത്തി നിന്നു വിരമിച്ചു .എഴുത്തുകാരന്‍ ശ്രീ കെ എം ലെനിന്‍ ആണു ഭര്‍ത്താവ്.

പ്രധാന കൃതികള്‍
....................................
“കരിങ്കാളി” (കവിതാ സമാഹാരം). “കര്‍ക്കിടകവാവ്” (കവിതാ സമാഹാരം). തിരുവനന്തപുരം: പരിധി പബ്ളിക്കേഷന്‍സ്, (1995), “നമുക്ക് പ്രാര്‍ത്ഥിക്കാം” (കവിതാ സമാഹാരം). കോട്ടയം: ഡി.സി.ബുക്സ്, (2000). “മിന്നു” (കുട്ടികള്‍ക്കുള്ള നോവല്‍). തിരുവനന്തപുരം: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, (1984). “കടല്‍” (ബാലസാഹിത്യം, കവിതകള്‍). തിരുവനന്തപുരം: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, (2000). പുതിയ വായന , “ഭൂദൈവങ്ങള്‍” (ഖലീല്‍ ജിബ്രാന്‍ കൃതികളുടെ പരിഭാഷ). കോട്ടയം: ഡി. സി. ബുക്സ്, (2002).
പബ്ലിക് ലൈബ്രറി സേവനം (2006)