ഭാവന രാധാകൃഷ്ണൻ

Classical music concert: Carnatic concert by Bhavana Radhakrishnan | Events  Movie News - Times of India

ഭാവന രാധാകൃഷ്ണൻ (1961-)

പാലക്കാട് കാറൽമണ്ണയിൽ 1961ല്‍ ജനിച്ച ഭാവന രാധാകൃഷ്ണൻ അലനല്ലൂര്‍ മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍, മണ്ണാര്‍ക്കാട് എംഇഎസ്, ചിറ്റൂർ ഗവ.കോളേജ്, തിരുവനന്തപുരം വിമൻസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.

ചെറുപ്പത്തിലെ സംഗീത പഠനം തുടങ്ങിയ ഭാവനയുടെ ആദ്യഗുരു കേശവൻ നമ്പൂതിരിയായിരുന്നു. പിന്നീട് കുഞ്ഞിരാമൻ ഭാഗവതരുടേ കീഴിൽ 15 വയസ്സുവരെ സംഗീത പഠനം നടത്തിയ ഭാവന പതിനഞ്ചാം വയസ്സിൽ ഗുരുവായൂരിൽ വെച്ച് അരങ്ങേറ്റം നടത്തി. രുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ കീഴിൽ ഏകദേശം പത്തു വർഷത്തോളം സംഗീതം അഭ്യസിക്കാനും നെയ്യാറ്റിൻകര മോഹനചന്ദ്രൻ, പ്രഭാകരവർമ്മ, സീതാലക്ഷ്മി എന്നിവരെ ഗുരുക്കന്മാരായും ഭാവന സ്വീകരിച്ചു. പതിനാറ് വയസ്സുള്ളപ്പോൾ കോഴിക്കോട് ആകാശവാണി നിലയത്തിൽ ബി ഹൈ ആർട്ടിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടു. 

ഒന്നാം റാങ്കിൽ ബി. എ (മ്യൂസിക്) പാസായ ശേഷം തിരുവനന്തപുരം വിമൻസ് കോളേജിൽ എം എ (മ്യൂസിക്) ന് ചേർന്നു. എം എ (മ്യൂസിക്) പാസായ ഉടനെത്തന്നെ കൊല്ലം എസ്. എൻ കോളേജിൽ ലക്ചറർ ജോലി ലഭിച്ചു. ഇപ്പോൾ ആ കോളേജിൽ തന്നെ സെലക്ഷൻ ഗ്രേഡ് ലക്ചററാണ്.

“ആറ്റുകാൽ ഭഗവതിക്ക് പൊങ്കാല..” എന്ന ഭക്തിഗാനമാണ് റെക്കോർഡ് ചെയ്യപ്പെട്ട ആദ്യ ഗാനം. 1995 ൽ “കേണൽ പങ്കുണ്ണിനായർ” എന്ന ചിത്രത്തിനു വേണ്ടി എം ജി ശ്രീകുമാറിനോടൊപ്പം പാടിയ “തങ്കവിളക്കാണമ്മ...” എന്ന ഗാനമാണ് ഭാവനയുടെ ആദ്യ ചലച്ചിത്ര ഗാനമെങ്കിലും സിനിമ റിലീസായില്ല.

1997-ൽ “കളിയാട്ടം” എന്ന സിനിമയ്ക്ക് വേണ്ടി “എന്നോടെന്തിനീ പിണക്കം..” എന്ന ഗാനം പാടി ആ വർഷത്തെ ഏറ്റവും നല്ല ഗായികക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി.

സൂര്യ ഫെസ്റ്റിവൽ 2006, 2008 എന്നീ വർഷങ്ങളിൽ നടന്ന ഭാവനയുടേ സംഗീത കച്ചേരികൾ ശ്രദ്ധിക്കപ്പെട്ടു. കമുകറ, ഉദയഭാനു എന്നിവരുടെ നേതൃത്വത്തിലുള്ള “ഓൾഡ് ഈസ് ഗോൾഡ്” എന്ന സംഗീത ട്രൂപ്പിലും ഭാവന പാടിയിരുന്നു. കൊല്ലം എസ് എൻ കോളേജ് ലക്ചറർ ഗിരിജാകുമാരിയമ്മ രചിച്ച ഗാനങ്ങൾക്ക് ഭാവന സംഗീതം നൽകി “ സൂര്യഗീതം” എന്ന സംഗീത ആൽബം 2008 ൽ പുറത്തിറക്കി. മലയാളത്തിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ആദ്യത്തെ പിന്നണി ഗായിക ഭാവനയാണ്.  2002 ൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ ഭാവന ശാസ്ത്രീയ സംഗീത കച്ചേരികളിലും സംഗീതപഠനത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്.