അഷിത

അഷിത

മലയാളത്തിലെ ഒരു ചെറുകഥാകൃത്തും കവയിത്രിയുമായിരുന്നു അഷിത. മറ്റു ഭാഷയിലെ സാഹിത്യകൃതികൾ മൊഴിമാറ്റത്തിലൂടെ മലയാളത്തിനു പരിചയപ്പെടുത്തുന്നതിൽ അഷിത ശ്രദ്ധിച്ചിരുന്നു.സ്ത്രീപക്ഷ എഴുത്തുകാരിയായ അവരുടെ രചനകൾ ജീവിതത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്നവയാണ് .റഷ്യൻ കവി അലക്സാണ്ടർ പുഷ്കിന്റെ കവിതകളും മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ കഴങ്ങോട്ടു ബാലചന്ദ്രൻനായർ നായരുടേയും  തങ്കമണിയമ്മയുടേയും മകളായി ജനച്ചു. ഡെൽഹിയിലും ബോംബെയിലുമായി സ്കൂൾ പഠനം പൂർത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി. കേരളസർവ്വകലാശാലയിൽ ഉദ്യോഗസ്ഥനായിരുന്ന കെ.വി. രാമൻകുട്ടിയെ വിവാഹം കഴിച്ചു. മകൾ ഉമ പ്രസീദ.2019 മാർച്ച് 27-ന് അർബുദരോഗത്താൽ തൃശൂരിലെ അശ്വിനി ആശുപത്രിയിൽവച്ച് അന്തരിച്ചു.

'അഷിതയുടെ കഥകൾ' എന്ന പുസ്തകത്തിന് 2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്കാരം ലഭിച്ചിരുന്നു. അതുപോലെതന്നെ ഇടശേരി അവർഡ്, പത്മരാജൻ അവാർഡ്, ലളിതാംബിക അന്തർജന പുരസ്കാരം എന്നിവയും അവർക്കു ലഭിച്ചിട്ടുണ്ട്. 'പദവിന്യാസങ്ങൾ' എന്ന പേരിൽ റഷ്യൻ കവിതകളുടെ ഒരു വിവർത്തനവും അവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. അനവധി ബാലസാഹിത്യകൃതികളും അഷിതയുടെ പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്. കുട്ടികൾക്കുവേണ്ടി ഐതിഹ്യമാല, രാമായണം എന്നിവ പുനരാഖ്യാനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു.

രചനകൾ

വിസ്മയചിഹ്നങ്ങൾ
അപൂർണ്ണ വിരാമങ്ങൾ
അഷിതയുടെ കഥകൾ
മഴമേഘങ്ങൾ
കല്ലുവച്ച നുണകൾ
തഥാഗത
ഒരു സ്ത്രീയും പറയാത്തത്
മയിൽപ്പീലി സ്പർശം
അലക്സാണ്ടർ പുഷ്കിന്റെ കവിതകളുടെ മലയാളതർജ്ജമ
മീര പാടുന്നു (കവിതകൾ)
വിഷ്ണു സഹസ്രനാമം - ലളിത വ്യാഖ്യാനം (ആത്മീയം)
ശിവേന സഹനർത്തനം - വചനം കവിതകൾ
രാമായണം കുട്ടികൾക്ക്  (ആത്മീയം)
കുട്ടികളുടെ ഐതിഹ്യമാല
അഷിതയുടെ കഥകൾ
വിവാഹം ഒരു സ്ത്രീയോടു ചെയ്യുന്നത്

പുരസ്കാരങ്ങൾ

2015ലെ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥാ പുരസ്‌കാരം (അഷിതയുടെ കഥകൾ)
ഇടശ്ശേരി പുരസ്കാരം (1986) - വിസ്മയചിഹ്നങ്ങൾ
അങ്കണം അവാർഡ്
തോപ്പിൽ രവി ഫൗണ്ടേഷൻ അവാർഡ്
ലളിതാംബിക അന്തർജ്ജനം സ്മാരക സാഹിത്യ അവാർഡ് (1994)
പത്മരാജൻ പുരസ്കാരം (2000) - തഥാഗത