മംഗല്യ പദ്ധതി
സാധുക്കളായ വിധവകള്‍, നിയമപരമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍ എന്നിവരുടെ പുനര്‍ വിവാഹത്തിന് 25,000/- രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ് 'മംഗല്യ' പദ്ധതി.
പദ്ധതി മാനദണ്ഡം
- അപേക്ഷകര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ (മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍) ആയിരിക്കണം.
- ഭര്‍ത്താവിന്റെ മരണം കാരണം വിധവയായി തീര്‍ന്നവര്‍ നിയമപ്രകാരം വിവാഹ മോചനം നേടിയവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ച് 7 വര്‍ഷം കഴിഞ്ഞവര്‍, ഭര്‍ത്താവിനെ കാണാതായി 7 വര്‍ഷം കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് അര്‍ഹത.
- പുനര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കണം.
- അപേക്ഷകര്‍ 18 നും 50 നും മദ്ധ്യേ പ്രായമുള്ളവര്‍ ആയിരിക്കണം.
- വിവാഹം കഴിഞ്ഞ് 6 മാസത്തിനകം അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷിക്കേണ്ട വിധം
- അപേക്ഷ ഫോറം (നിശ്ചിത മാതൃകയിലുള്ളത്.)
- ആദ്യ വിവാഹത്തിലെ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്
- വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍ ആയതിന്റെ കോടതി ഉത്തരവ് /ഭര്‍ത്താവിനെ കാണാതായവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ എന്നിവര്‍ക്ക് വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്.
- അപേക്ഷകയുടെ ജനനതീയതി തെളിയിക്കുന്ന രേഖ
- പുനര്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
- അപേക്ഷകയുടെ ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ്
- റേഷന്‍ കാര്‍ഡിന്റെ കോപ്പി
സഹായഹസ്തം
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകള്‍ക്കു് സ്വയം തൊഴില്‍ ചെയ്യുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് 'സഹായഹസ്തം' ജില്ലാതല മോണിറ്ററിംഗ് ആന്റ് ഇവാല്യൂഷന്‍ കമ്മിറ്റി തെരഞ്ഞടുക്കുന്ന ഗുണഭോക്താവിന് 30,000/- രൂപ ഒറ്റത്തവണ ധനസഹായം നല്‍കുന്നു. ഒരു ജില്ലയില്‍ നിന്നും ഒരു വര്‍ഷം 10 പേര്‍ക്ക് ഇപ്രകാരം ധനസഹായം അനുവദിക്കുന്നു.
അര്‍ഹത മാനദണ്ഡം
- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സില്‍ താഴെ പ്രായമുള്ള വിധവകളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍.
- കുടുംബശ്രീ യൂണിറ്റുകള്‍, സ്വയം സഹായ സംഘങ്ങള്‍, വനിതാ കൂട്ടായ്മ്കള്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
- ഗുണഭോക്താവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം.
- 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ ഉള്ളവര്‍, ഭിന്നശേഷിക്കാരായ മക്കള്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള കുടുംബം എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.
- ഈ പദ്ധതി പ്രകാരം മുന്‍പ് ധന സഹായം ലഭിച്ചിട്ടുള്ളവര്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് സ്വയം തൊഴില്‍ ചെയ്യുന്നതിന് ധനസഹായം ലഭിച്ചിട്ടുള്ളവര്‍ എന്നിവര്‍ ഈ ധനസഹായത്തിന് അര്‍ഹരല്ല.
- ഒറ്റത്തവണ ധനസഹായം കൊണ്ട് തുടങ്ങുന്ന സംരഭം കുറഞ്ഞത് 5 വര്‍ഷമെങ്കിലും നടപ്പാക്കിയിരിക്കണം.
പദ്ധതി നടപ്പിലാക്കുന്ന വിധം
ഓരോ വര്‍ഷവും ശിശു വികസന പദ്ധതി ഓഫീസര്‍ മുഖേനെ അപേക്ഷകള്‍ സ്വീകരിച്ച് ജില്ലാതല മോണിറ്ററിംഗ് ആന്റ് ഇവാല്യൂവേഷന്‍ കമ്മിറ്റി അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടത്തുന്നു.