പടവുകള്‍

കേരളത്തിൽ ജനങ്ങളുടെ ആയുർദൈർഘ്യം വർദ്ധിച്ചിട്ടുണ്ടെങ്കിലും അപകടങ്ങൾ, പെട്ടെന്നുള്ള മരണം എന്നിവ ഏറി വരുന്നതായും പലപ്പോഴും ഇങ്ങനെയുള്ള വിധിവൈപരീതത്തിന് ഇരയാകുന്നത് പുരുഷമാരും അതിൽ തന്നെ ഭൂരിഭാഗവും കുടുംബനാഥൻമാരുമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നത്. ഇത്തരത്തിൽ വിധവകളാക്കപ്പെടുന്ന സ്ത്രീകളും കുട്ടികളും അരക്ഷിതാവസ്ഥയിലും അനാഥത്വത്തിലുമാണ് തുടർന്നുള്ള ജീവിതം കഴിച്ചു കൂട്ടുന്നത്. ഇത്തരം കുടുംബ പശ്ചാത്തലത്തിൽ വളരുന്ന കുട്ടികൾക്ക് പഠിക്കാൻ കഴിവുണ്ടായിരുന്നാൽ പോലും അവർ ആഗ്രഹിക്കുന്ന തരത്തിൽ പഠിച്ച് മുന്നേറുവാൻ കഴിയാതെ വരുന്നുണ്ട്. അതിനുള്ള പ്രധാന കാരണം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയില്ലായ്മയാണ്.

സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും സമൂഹത്തിൽ മികച്ച നിലവാരത്തിലേക്ക് മക്കളെ ‌വളർത്തി വലുതാക്കി കുടുംബത്തിന് താങ്ങായി നിർത്തുക എന്ന ചിന്തയിൽ മാത്രം ജീവിക്കുന്ന വിധവകളായ കുടുംബിനികൾ തങ്ങളുടെ മക്കളെ പഠിപ്പിക്കുവാൻ നന്നേ പ്രയാസപ്പെടുന്നു. ഒരു പക്ഷേ സമൂഹത്തിൽ ഉന്നത നിലവാരത്തിലെത്തേണ്ടവരായിരിക്കാം ഇങ്ങനെ തങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉള്ളിലൊതുക്കി വിധിയെ പഴിച്ച് ജീവിക്കേണ്ടി വരുന്നത്. ചിലരെങ്കിലും നല്ല പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം ലഭിച്ചിട്ടും പണമില്ലാത്തതിന്റെ പേരിൽ മാത്രം പ്രവേശനം നേടാതെ പോകുന്നുണ്ട്. മറ്റ്ചിലർ കോളേജിൽ പ്രവേശനം നേടിയതിന് ശേഷം ഫീസടയ്ക്കാൻ കഴിയാതെ പഠനം നിർത്തി പോകുന്നുമുണ്ട്. ഭർത്താവ് മരണപ്പെട്ട സ്ത്രീകളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നടത്താനുള്ള സാഹചര്യം വളരെ വിരളമാണെന്നത് ആണ് വസ്തുത.  ഇത്തരം കുടുംബങ്ങളിലെ കുട്ടികൾ പ്രത്യേകിച്ച് ആൺകുട്ടികൾ മിക്കപ്പോഴും പന്ത്രണ്ടാം ക്ലാസ്സ് വരെയോ പരമാവധി ബിരുദം വരെയോ മാത്രമേ വിദ്യാഭ്യാസം നടത്തുന്നുള്ളൂ.  ഇത്തരത്തിൽ തങ്ങളുടെ കഴിവുകൾ സാമൂഹിക സാമ്പത്തിക, സമ്മർദ്ദത്തിന് അടിയറവയ്ക്കേണ്ടി വരുന്ന കുട്ടികളാണ് പലപ്പോഴും സമൂഹത്തിൽ പ്രശ്നക്കാരാവുകയോ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് ആകർഷിക്കുപ്പെടുകയോ ചെയ്യുന്നത്.  മക്കളുടെ ഇത്തരം പ്രവർത്തികൾ വിധവകളായ അമ്മമാരെ സമ്മദര്‍ദ്ദത്തിലാഴ്ത്തുകയും അവരുടെ കുടുംബ ജീവിതത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്യും.

ഇത്തരം പ്രവണതകള്‍ വര്‍ദ്ധിച്ച് വരുന്നത് സാംസ്കാരിക കേരളത്തിന്റെ തനിമക്കും ഭാവി തലമുറയ്ക്കും ആശാസ്യകരമല്ല.  ഇത്തരം കുടുംബങ്ങളേയും കുട്ടികളേയും സംരക്ഷിക്കേണ്ടതും പുനരുദ്ധരിക്കേണ്ടതും സമൂഹത്തിന്റെയും ഭരണ വിഭാഗത്തിന്റെയും പ്രധാന കടമകളിലൊന്നായി കാണേണ്ടതുണ്ട്.  വിധവകളായ സ്ത്രീകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി അവരുടെ വിവിധ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് സര്‍ക്കാര്‍- സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നല്‍കുക എന്ന ഉദ്ദ്യേശത്തോടെ 'പടവുകൾ' എന്ന ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതി 2018-19 വര്‍ഷം മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നു.

ടി പദ്ധതിയുടെ വിശദാംശങ്ങളും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും ചുവടെ ചേര്‍ക്കുന്നു.

പദ്ധതി ധനസഹായം

1. പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന (എം.ബി.ബി.എസ്., എഞ്ചിനിയറിംഗ്, ബി.ഡി.എസ്., BHMS, BAMS തുടങ്ങിയവ) വിധവകളുടെ മക്കളുടെ ട്യൂഷൻ ഫീസും, ഹോസ്റ്റലിൽ താമസിക്കുന്നവരാണെങ്കിൽ സ്ഥാപനം നിശ്ചയിച്ചിട്ടുള്ള മെസ്സ് ഫീസും നൽകുന്നു.

2. സെമസ്റ്റർ ഫീസാണെങ്കിൽ വർഷം 2 തവണയും വാർഷിക ഫീസാണെങ്കിൽ ഒറ്റത്തവണയായും ധനസഹായം ലഭിക്കും.

3. സര്‍ക്കാര്‍ - സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവരായിരിക്കണം.

പദ്ധതി മാനദണ്ഡം 

1. മെരിറ്റ് അടിസ്ഥാനത്തിൽ സര്‍ക്കാര്‍ - സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവരായിരിക്കണം.

2. മെഡിക്കൽ കൗൺസിൽ ഓഫ് ഇൻഡ്യ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള കോളേജുകൾ എന്നിവയിൽ പഠിക്കുന്നവരായിരിക്കണം)

3. കേന്ദ്ര സംസ്ഥാന സർക്കാര്‍ അംഗീകരിച്ചിട്ടുള്ള പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവരായിരിക്കണം.

4. കുടുംബത്തിന്റെ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

അപേക്ഷിക്കേണ്ട വിധം

www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

പൊതുജന പദ്ധതികള്‍- അപേക്ഷാ പോര്‍ട്ടല്‍ എന്ന വെബ്പേജില്‍ "എങ്ങനെ അപേക്ഷിക്കാം" എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.  പൊതുജന പദ്ധതികള്‍ അപേക്ഷാ പോര്‍ട്ടല്‍ എന്ന വെബ്പേജ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും അപേക്ഷ സമര്‍പ്പിക്കേണ്ടത് എങ്ങനെയെന്നും വിശദമാക്കിയുള്ള പേജ് തുറന്നു വരും.  അതിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയോടെ പാലിച്ച് ക്ഷേമപദ്ധതികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.  യുസര്‍ മാന്വല്‍ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

1. ധനസഹായത്തിനുള്ള അപേക്ഷകള്‍ ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ ഓൺലൈൻ വെബ്സൈറ്റ് വഴി 31.07.2021 വരെ സ്വീകരിക്കേണ്ടതും ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതും ആവശ്യപ്പെട്ട എല്ലാ രേഖകളും ഉള്ള അപേക്ഷകള്‍ വ്യക്തമായ ശുപാര്‍ശയോടെ ഓൺലൈൻ ആയി 15.08.2021 നകം ജില്ലാ വനിത ശിശു വികസന ഓഫീസര്‍മാര്‍ക്ക് നല്‍കേണ്ടതുമാണ്.  ജില്ലാ വനിത ശിശു വികസന ഓഫീസര്‍മാര്‍ ഇപ്രകാരം ലഭിക്കുന്ന അപേക്ഷകളുടെ ലിസ്റ്റ് (മുന്‍ഗണന അടിസ്ഥാനത്തില്‍ തയ്യാറാക്കി) നിശ്ചിത പ്രൊഫോര്‍മയില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയുടെ അംഗീകാരത്തോടെ 10.09.2021 ന് മുന്‍പ് ഈ കാര്യാലയത്തില്‍ ലഭ്യമാക്കേണ്ടതാണ്. ധനസഹായം അനുവദിച്ച് നല്‍കുന്നവരുടെ പേരും വിശദ വിവരവും ജില്ലാ വനിത ശിശു വികസന ഓഫീസര്‍മാര്‍ പ്രത്യേക രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കേണ്ടതാണ്.

കമ്മിറ്റിയുടെ ഘടന

1. ജില്ലാ കളക്ടര്‍ -അദ്ധ്യക്ഷന്‍

2. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ 

       (ജില്ലാ പഞ്ചായത്ത്) - മെമ്പര്‍

3. ഡി.എം.ഒ.         - മെമ്പര്‍

4. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ - മെമ്പര്‍

5. പ്രിന്‍സിപ്പാള്‍ (സര്‍ക്കാര്‍/ എയ്ഡഡ് കോളേജ്) - മെമ്പര്‍

6. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ -  കണ്‍വീനര്‍

പദ്ധതി മാനദണ്ഡം 

1. മെരിറ്റ് അടിസ്ഥാനത്തിൽ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവരായിരിക്കണം.

2. മെഡിക്കൽ കൗൺസിൽ ഓഫ് ഇൻഡ്യ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള കോളേജുകള്‍ എന്നിവയില്‍ പഠിക്കുന്നവരായിരിക്കണം.

3. കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ അംഗീകരിച്ചിട്ടുള്ള പ്രൊഫണല്‍ കോഴ്സുകള്‍ പഠിക്കുന്നവരായിരിക്കണം

4. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

5. കൂടുതല്‍ അപേക്ഷകള്‍ ഉള്ളപക്ഷം പ്രവേശന പരീക്ഷയുടെ മാര്‍ക്ക്/ പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതയുടെ മാര്‍ക്ക്, വാര്‍ഷിക വരുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണന നിശ്ചയിക്കുന്നതാണ്.

6. സര്‍ക്കാര്‍തലത്തില്‍ നിന്നും മറ്റ് സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നവര്‍ ഈ ധനസഹായത്തിന് അര്‍ഹരല്ല.

7. അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍, ആശാവര്‍ക്കര്‍മാര്‍, പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍ ഒഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഈ ആനുകൂല്യത്തിന് അര്‍ഹരല്ല.

8.   ധനസഹായ തുക അപേക്ഷകയുടെ (മാതാവിന്റെ) ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നു.

9. ധനസഹായം ലഭിക്കേണ്ട കുട്ടി വിധവയുടെ മകന്‍/ മകള്‍ ആയിരിക്കണം.

ധനസഹായത്തിന് അപേക്ഷിക്കേണ്ട വിധവും ഹാജരാക്കേണ്ട രേഖകളും

1. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ശിശു വികസന പദ്ധതി ഓഫീസർക്ക് അപേക്ഷിക്കേണ്ടത്

2. കോഴ്സ്, ഫീസ് സംബന്ധിച്ച അപേക്ഷയോടൊപ്പമുള്ള സാക്ഷ്യപത്രം (മേലധികാരി സാക്ഷ്യപ്പെടുത്തിയത്)

3. വിദ്യാർത്ഥിയുടെ മാതാവ് വിധവയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അസ്സൽ (വില്ലേജ് ഓഫീസർ നൽകുന്നത്)

4. വരുമാന സർട്ടിഫിക്കറ്റിന്റെ അസ്സൽ

5. പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് (മാർക്ക് ലിസ്റ്റ് ഉൾപ്പെടെ)

6. മുൻവർഷം പടവുകൾ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചവർ 2019-20 വർഷത്തെ ട്യൂഷൻ ഫീസ്, ഹോസ്റ്റല്‌ ഫീസ്. ഹോസ്റ്റൽ മെസ്സ് ഫീസ് എന്നിവയുടെ രസീതിന്റെ പകർപ്പുകൾ 

7. ധനസഹായം ലഭിച്ച തുക മേൽപ്പറഞ്ഞവയുടെ ആകെ തുകയിൽ നിന്നും അധികരിക്കുന്നില്ല എന്ന അപേക്ഷകയുടെ സാക്ഷ്യപത്രം.

ടി പദ്ധതി പ്രകാരം 2020-21 സാമ്പത്തിക വർഷത്തിൽ 25,02,459/-രൂപ ചിലവഴിച്ചിട്ടുണ്ട്.