സഹായ ഹസ്തം
കേരളത്തിൽ വിധവകളാകുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ചെറുപ്രായത്തില്‍ വിധവകളാകേണ്ടി വരുന്ന സ്ത്രീകള്‍ക്ക് അവരുടെ കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രയാസം അനുഭവിക്കേണ്ടി വരുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ വിധവകളായ സ്ത്രീകള്‍ക്ക് നിലവില്‍ വിധവ പെന്‍ഷന്‍ മാത്രമാണ് ലഭ്യമാകുന്നത്. ഈ സാഹചര്യത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്ത് വരുമാനമാര്‍ഗ്ഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000/- രൂപ അനുവദിക്കുന്ന 'സഹായഹസ്തം' എന്ന പദ്ധതി സൂചന പ്രകാരം 2018-19 വര്‍ഷം മുതല്‍ നടപ്പിലാക്കി വരുന്നു. ഒരു ജില്ലയില്‍ 10 പേര്‍ക്കാണ് സഹായം അനുവദിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള 55 വയസ്സില്‍ താഴെ പ്രായമുള്ള വിധവകളുടെ കുടുംബത്തിന്റെ പുനരധിവാസത്തിനുള്ള പദ്ധതിയാണ് 'സഹായഹസ്തം'
2. ഈ പദ്ധതി കേരള സംസ്ഥാനത്തിന് മുഴുവന്‍ ബാധകമായിരിക്കും.
3. സംസ്ഥാന ഗവണ്‍മെന്റ് ഉത്തരവ് പുറപ്പെടുവിച്ച 11.09.2018 തീയതി മുതല്‍ ഈ പദ്ധതി നിലവില്‍ വന്നിട്ടുള്ളതാണ്.
4. തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് ഒറ്റത്തവണ ഗ്രാന്റായി 30,000/- രൂപ അനുവദിക്കുന്നു.
ജില്ലാതല മോണിറ്ററിംഗ് ആന്റ് ഇവാല്യുവേഷന്‍ കമ്മിറ്റിയുടെ ഘടന
1. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് -ചെയര്‍ പേഴ്സണ്‍
2. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ -കണ്‍വീനര്‍
3. പ്രോഗ്രാം ഓഫീസര്‍ -മെമ്പര്‍
4. വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ -മെമ്പര്‍
5. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ -മെമ്പര്‍
6. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ -മെമ്പര്‍
7. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നാമനിര്‍ദ്ദേശം
ചെയ്യുന്ന 2 സന്നദ്ധ പ്രവര്‍ത്തകര്‍ (ഒരാള്‍ വനിത)-മെമ്പര്‍
അര്‍ഹത മാനദണ്ഡം
1. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകൾ, വിവാഹ മോചിതർ, ഭർത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവർ എന്നിവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍
2. സംരംഭം ഒറ്റയ്ക്കോ ഗ്രൂപ്പായോ (വനിതാ കൂട്ടായ്മ, കുടുംബശ്രീ, വിധവാ സംഘം etc.) നടത്താവുന്നതാണ്. ഒരു ജില്ലയില്‍ നിന്നും പരമാവധി 10 പേര്‍ക്ക് ധനസഹായം നല്‍കുന്നു.
3. കുടുംബശ്രീ യൂണിറ്റുകള്‍, സ്വയം സഹായ സംഘങ്ങള്‍, വനിത കൂട്ടായ്മകള്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന
ഉണ്ടായിരിക്കുന്നതാണ്.
4. ഗുണഭോക്താവിന്റെ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ താഴെയായിരിക്കണം (BPL/മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതാണ്)
5. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഉള്ള വിധവകള്‍ക്ക് മുന്‍ഗണന
6. ഭിന്നശേഷിക്കാരായ മക്കളുള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രം ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.
7. ആശ്വാസകിരണം പെന്‍ഷന്‍, വിധവ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
8. തദ്ദേശസ്വയംഭരണ സ്ഥാപനം വഴിയോ മറ്റ് സര്‍ക്കാര്‍തലത്തിലോ സ്വയംതൊഴില്‍ ചെയ്യുന്നതിന് ധനസഹായം ലഭിച്ചിട്ടുള്ള വിധവകള്‍ ഈ ആനുകൂല്യത്തിന് അര്‍ഹരല്ല.
9. സഹായഹസ്തം പദ്ധതി പ്രകാരം മുന്‍വര്‍ഷം ധനസഹായം
ലഭിച്ചവര്‍ അപേക്ഷിക്കുവാന്‍ പാടുള്ളതല്ല.
10. മുന്‍വര്‍ഷം അപേക്ഷിച്ചിട്ട് ധനസഹായം ലഭിക്കാതിരുന്ന അര്‍ഹരായ ഗുണഭോക്താക്കള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതാണ്.
11. വിധവകളെ കൂടാതെ വിവാഹമോചിതര്‍, ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവരും ഈ ധനസഹായത്തിനര്‍ഹരാണ്.