അയ്യങ്കാളിയും പഞ്ചമിയുടെ സ്കൂൾ പ്രവേശനവും

Panchami

വിദ്യകൊണ്ടല്ലാതെ അവർണസമൂഹത്തിനുയരാൻ മറ്റൊരുമാർഗവുമില്ലെന്ന് മനസിലാക്കിയ അയ്യങ്കാളി തന്റെ ജനതയ്ക്കു വിദ്യാഭ്യാസം ലഭിക്കുവാനായി 1904 ൽ വെങ്ങാനൂരിൽ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചു. അവർണരായകുട്ടികൾക്കുവേണ്ടി അവർണ്ണർ നിർമ്മിച്ച ഇന്ത്യയിലെ തന്നെ ആദ്യ സ്കൂൾ. എന്നാൽ സ്കൂൾ നിർമ്മിച്ച അന്നെദിവസം രാത്രി തന്നെ സവർണവിഭാഗത്തിൽപ്പെട്ടവർ സ്കൂളിനു തീവെച്ചു.ഇതിൽ പ്രതിഷേദിച്ച്  അയ്യൻകാളി കർഷകതൊഴിലാളികളെ സംഘടിപ്പിച്ച് സമരം നടത്തി. വേതനവർധന, ദലിത് കുട്ടികൾക്ക് സ്കൂളിൽ പ്രവേശം നൽകുക എന്നിവയായിരുന്നു മുഖ്യ ആവശ്യങ്ങൾ. ഇന്ത്യയിൽ സംഘടിത തൊഴിൽ സമരങ്ങളോ ട്രേഡ് യൂണിയനുകളോ ഇല്ലാതിരുന്ന കാലത്ത് 1904ൽ കർഷകതൊഴിലാളികളെ സംഘടിപ്പിച്ച്  ഒരു വർഷം നീണ്ട തൊഴിൽ സമരമാണിത്. ' വിദ്യാഭ്യാസത്തിനവുവേണ്ടി ലോകചരിത്രത്തിൽ ആദ്യമായി സവർണ്ണരോട് നടത്തിയ വിപ്ലവസമമായ പ്രക്ഷോഭമായിരുന്നു അയ്യൻകാളിയുടെ പണിമുടക്ക് ' (കേരളത്തിന്റെ സ്ത്രീശക്തിചരിത്രം , ഡോ ആർ രാധാകൃഷ്ണൻ).

'സ്കൂൾ സ്ഥാപിച്ച അന്ന് രാത്രി തന്നെ വെങ്ങാനൂരിലെ നായർ പ്രമാണിമാർ ഓലപ്പുര തകർത്തെറിഞ്ഞു. അയ്യൻകാളി അനുചരന്മാരു മായി വന്ന് പുര പുനഃസ്ഥാപിച്ചു. അന്ന് രാത്രി നായർ പ്രമാണിമാർ സ്കൂളിന് തീ വച്ചു. ക്ഷമ നശിച്ച അയ്യൻകാളി മാടമ്പിമാരുമായി ഏറ്റുമുട്ടി. ദിവസങ്ങളോളം പലർക്കും പരിക്കേറ്റു. വിദ്യാർജ്ജനത്തിന്റെ പേരിൽ ചോരചീന്തി. ഒടുവിൽ തോറ്റു പിൻവാങ്ങിയത് മാടമ്പിമാരായിരുന്നു. യുദ്ധഭൂമിയിൽ നിന്നും അയ്യൻകാളിയുടെ സ്കൂൾ എന്ന സ്വപ്നം വീണ്ടും യാഥാർത്ഥ്യമായി'(രമേശ്ബാബു വാരന്ത്യ കൗമുദി 2005 മാർച്ച് 20).സമരത്തിന്റെ ഫലമായി 1907 ൽ തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ  ദലിതർക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യം അനുവദിച്ച് ഉത്തരവിട്ടു.

എന്നാൽ "താണജാതിയിൽപ്പെട്ട കുട്ടികളോട് അധ്യാപകർ നിന്ദ്യമായി പെരുമാറുകയും തല്ലുകയും ചെയ്യുന്നതുകാരണം സ്കൂളിൽ പോകുവാൻ അവർക്കു പ്രയാസമായിരിക്കുന്നു. ചില പള്ളിക്കൂടങ്ങളിൽ പുലയക്കുട്ടികളെ ചേർക്കുവാൻ അധ്യാപകർ തയ്യാറാകുന്നില്ല. പള്ളിക്കൂടത്തിൽ എത്തുന്ന വിദ്യാർത്ഥികളെ ഒന്നും പഠിപ്പിക്കാതെ ഇരുത്തിയിരിക്കുകയും ചെയ്യുന്നു. തിരുവല്ല, പുല്ലാട്, കോട്ടയം, മാവേലിക്കര മുതലായ സ്ഥലങ്ങളിൽ താണജാതിക്കാരായ കുട്ടികൾക്കു പള്ളിക്കൂടങ്ങളിൽ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. അവരെ സർക്കാർ സ്കൂളുകളിൽ ചേർക്കണമെന്നു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുണ്ടെങ്കിലും വിദ്യാലയ അധികൃതർ കുട്ടികളെ ചേർക്കുന്നില്ല.താണ ജാതിക്കാരുടെ വിദ്യാഭ്യാസം സംസ്ഥാനത്തുടനീളം നിർബന്ധമാക്കണം. നിത്യാഹാരത്തിനു മാർഗ്ഗവും തൊഴിലുമില്ലാതെ പട്ടിണിയും ദുരിതവും അനുഭവിച്ചുകഴിയുന്ന താണജാതിക്കാരെ സഹായിക്കുന്നതിന് സർക്കാർ നടപടിയെടുക്കണം എന്ന് അയ്യൻകാളി സർക്കാരിനോടാവശ്യപ്പെട്ടു".
(sree mulalam Assembly proceedings 1914,Feb.10).

ഈ ഉത്തരവ് നടപ്പിലാക്കാൻ വേണ്ടി 1907 ൽ സ്ഥാപിച്ച ഊരൂട്ടംബലം സ്കൂളിലേക്ക് പൂജാരി അയ്യരുടെ മകളായ പഞ്ചമിയെന്ന എട്ടുവയസുകാരി   ബാലികയെയും  ഏഴുവയസുള്ള സഹോദരനായ കൊച്ചുകുട്ടിയേയും കൂട്ടി ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിൽ അയ്യങ്കാളി എത്തിയത്.അയിത്തജാതിക്കാരായ കുട്ടികളെ സ്കൂളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഹെഡ്മാസ്റ്റർ മറുപടി നൽകി.എന്നാൽ വിദ്യാഭ്യാസ ഡയറക്ടർ മിച്ചൽസായ്വിന്റെ പ്രത്യേക അനുമതി അയ്യങ്കാളി മേടിച്ചിരുന്നു. ഹെഡ്മാസ്റ്ററുടെ നിർദ്ദേശം വകവെയ്ക്കാതെ അയ്യങ്കാളി പഞ്ചമിയെ സ്കൂളിനുള്ളിലെ ബഞ്ചിൽ കൊണ്ടിരുത്തി.  സവർണകുട്ടികൾ സ്കൂളിൽനിന്ന് വീടുകളിലേക്ക് ഇറങ്ങി ഓടുകയായിരുന്നു അതോടെ സ്കൂളിൽ ബഹളമുണ്ടാകുകയും ചെയ്തു. എന്നാൽ കൊച്ചപ്പിപിള്ള എന്ന ജന്മിയുടെ നേതൃത്വത്തിൽ അയ്യൻകാളിയെയും കൂട്ടരെയും വളഞ്ഞിട്ട് ആക്രമിച്ചു . പഞ്ചമി എന്ന ജാതീയ വിവേചനത്തിന്റെ ഇര കയറിയ ഊരൂട്ടംമ്പലം സ്കൂൾ തീയിട്ടു നശിപ്പിക്കുകയും ആ കുറ്റം അയ്യങ്കാളിയുടെ മേൽ കെട്ടി വയ്ക്കുകയും ചെയ്തു . ഊരൂട്ടംമ്പലം സ്കൂളിൽ പ്രവേശനവുമായി ബന്ധപെട്ടു നടന്ന ഈ കലാപം മാറനല്ലൂർ ഗ്രാമത്തിൽ ആകെ പടർന്നു.ഏറ്റവും കൂടുതൽ കർഷക തൊഴിലാളികൾ പാർത്തിരുന്ന കണ്ടല,മുണ്ടെൻ ചിറ ,ഇറയംകോട്,ആനമല ,കൊശവല്ലൂർ ,കരിങ്ങൽ ,അരുവിക്കര തുടങ്ങിയ പ്രദേശങ്ങളിൽ ലഹള പടർന്നു .7 ദിവസം നീണ്ടു നിന്ന അക്രമങ്ങൾ ആയിരുന്നു ഈ പ്രദേശങ്ങളിൽ പുലയ സമുദായാംഗങ്ങൾക്കു നേരെയുണ്ടായത് . കുടിലുകൾ തീയിട്ടു നശിപ്പിക്കുകയും സ്ത്രീകളെ മാനഭംഗപെടുത്തുകയും ചെയ്തു. ജീവൻ രക്ഷിക്കാനായി ആണുങ്ങൾ കുറ്റിക്കാടുകളിലും പാറമടകളിലും ഒളിക്കേണ്ടി വന്നു. ഈ ലഹളയുടെ അലയൊലികൾ പെരുംപഴുതൂർ ,മാരയമുട്ടം , പള്ളിച്ചൽ ,മുടവൂർ പാറ ,കണിയാപുരം തുടങ്ങിയ സ്ഥലങ്ങളിലും ഉണ്ടായി.എഡി 1915-ൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ ഊരൂട്ടമ്പലം ലഹളയും (പത്തൊമ്പതാം നൂറ്റാണ്ടിലെ കലാപം).ഒരു ഗവൺമെന്റ് സ്കൂളിലെ പുലയ പെൺകുട്ടിയെ അംഗീകരിക്കാൻ അയ്യങ്കാളി നടത്തിയ ശ്രമം സമൂഹത്തിന് എതിരെ ഉയർന്ന ജാതിക്കാർക്കും ഊരൂട്ടമ്പലം ഗ്രാമത്തിലെ സ്കൂൾ കെട്ടിടത്തിന്റെ ചുറ്റുവട്ടത്തുള്ള അക്രമങ്ങൾക്കും ഇടയാക്കി. ഇത് 'ഊരൂട്ടമ്പലം ലഹള' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിനെത്തുടർന്ന് രാജ്യത്തിൻെറ ചരിത്രത്തിലെ ആദ്യകാലത്തെ കർഷക സമരം, വേതനത്തിന് വേണ്ടിയല്ലാതെ, സ്കൂൾ പ്രവേശനത്തിനായി പോരാടി. ഇതോടെയാണ് തിരുവിതാംകൂറിൽ ദളിതർക്ക് പഠനാവകാശം ലഭിച്ചത്.

പഞ്ചമി തൊട്ടശുദ്ധമാക്കി എന്നു പറയുന്ന ആ ബഞ്ച് ഇന്നും ഊരൂട്ടമ്പലം സ്‌കൂളിലെ പ്രധാന അദ്ധ്യാപകന്റെ മുറിയിൽ ഗാന്ധിചിത്രത്തിനു താഴെയായി ചരിത്ര സ്മാരകമായി സൂക്ഷിച്ചു പോരുന്നു. ചരിത്രം ഓർമിപ്പിക്കുന്നതിനായി തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലേയും വിദ്യാഭ്യാസ- സാമൂഹ്യമാറ്റങ്ങൾക്ക് തുടക്കം കുറിച്ച സമരത്തിന്റെ സ്മരണയിൽ, ഊരൂട്ടമ്പലം സ്‌കൂളിലെ സ്മാർട്ട് ക്ലാസ് കെട്ടിടത്തിന് 'പഞ്ചമി'യെന്ന പേരാണ് നൽകിയിരിക്കുന്നത്.

 

References

References

1. ബാബു കെ പന്മന - അയ്യങ്കാളി - മനുഷ്യാവകാശപ്പോരാളിയും കർഷകത്തൊഴിലാളി സമരനായകനും - കിസലയ പബ്ലിഷേഴ്സ്
2. എഡി. സി കെ ലൂക്കോസ് - അയ്യങ്കാളിയും കേരള നവോത്ഥാനവും(പഠനം) - നേതാജി സാമൂഹ്യ - സാംസ്കാരിക പഠനകേന്ദ്രം
3.ഡോ ആർ രാധാകൃഷ്ണൻ - കേരളത്തിന്റെ സ്ത്രീശക്തിചരിത്രം
4. രമേശ്ബാബു വാരന്ത്യ കൗമുദി 2005 മാർച്ച് 20
5. sree mulalam Assembly proceedings 1914,Feb.10