കേരള കലാകരകൗശലഗ്രാമത്തിൽ വനിതാവാരാഘോഷം
കോവളം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ലോകവനിതാദിനമായ പെൺകലാമേളയ്ക്ക് മാർച്ച് 8 ന് തുടക്കം. വേൾഡ് ഓഫ് വിമെൻ (WoW) എന്നു പേരിട്ട വാരാഘോഷത്തിൽ നിലാവിനും നക്ഷത്രങ്ങൾക്കും കീഴെ വെള്ളച്ചാട്ടത്തിനും ജലാശയത്തിനുമരികെ മേള കോർട്ടിലെ തുറന്ന വേദിയിലാണു കലാവിരുന്നുകൾ. പരിപാടികൾ ഒരാഴ്‌ച നീണ്ടു നിൽക്കും.
രാവിലെ 11-ന് 50-ൽപ്പരം ചിത്രകാരികൾ നടത്തുന്ന തത്സമയരചനയോടെ തുടക്കം കുറിക്കുന്ന വാരാഘോഷത്തിലെ ആദ്യസായാഹ്നത്തിൽ അരങ്ങുണർത്തുന്നത് വൈകിട്ട് 7-നു നടക്കുന്ന സയനോര ഫിലിപ്പിന്റെ സംഗീതനിശയാണ്. കലാഗ്രാമത്തിനു തിങ്കളാഴ്ച അവധിദിവസമാണെങ്കിലും വനിതാദിനം പ്രമാണിച്ച് മാർച്ച് എട്ടിനു പതിവുപോലെ പ്രവർത്തിക്കും. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ‘കലക്കാത്ത സന്ദനമേരം’ എന്ന നാടൻപാട്ടിലൂടെ ജനഹൃദയങ്ങൾ കൈയടക്കിയ നാഞ്ചിയമ്മയും കൂട്ടരും ആവതരിപ്പിക്കുന്ന നാടോടിനൃത്തഗാനമേളയാണ് രണ്ടാംദിവസം രാത്രി എട്ടിന് കലാഗ്രാമത്തെ ത്രസിപ്പിക്കുക.
മോനിഷ നായകിന്റെ കഥക് നൃത്തവും സിത്താര കൃഷ്ണകുമാറിന്റെ ഗസൽ സന്ധ്യയും മൂന്നാംദിവസമായ മാർച്ച് 10-നെ കലാസുരഭിലമാക്കും. കഥക് വൈകിട്ട് 7-നും ഗസൽ സന്ധ്യ 8-നും നടക്കും.നിഴൽപ്പാവക്കൂത്തു കാണാനുള്ള അപൂർവ്വാവസരമാണ് മാർച്ച് 11-നു കലാഗ്രാമം ഒരുക്കുന്നത്. വൈകിട്ട് 7-നു പുഷ്പലതയും സംഘവും അവതരിപ്പിക്കുന്ന പാവക്കൂത്തിനുശേഷം എട്ടുമണിക്ക് ശ്രീജ ആറങ്ങോട്ടുകരയുടെ നാടകവും 8 30-ന് പ്രസീത ചാലക്കുടിയുടെ നാടൻപാട്ടുമുണ്ട്.
പന്ത്രണ്ടാം തീയതി 7 മണിക്ക് കുമാരി ആഭയുടെ വയലിൽ പ്രകടനവും എട്ടിന് മാധവി മുഡ്‌ഗലിന്റെ ഒഡീസി നൃത്തവും ആസ്വാദകാർക്കു വിരുന്നൊരുക്കും.കളരിപ്പയറ്റിനു നല്കിയ സംഭാവനകൾക്കു പദ്മശ്രീ ലഭിച്ച മീനാക്ഷിയമ്മയുടെ അഭ്യാസപ്രകടനം കാണാൻ തെക്കൻകേരളത്തിനു കിട്ടുന്ന അവസരമാണ് ആറാംദിനത്തിലെ ഹൈലൈറ്റ്. രണ്ടാം ശനിയാഴ്ചകൂടിയായ 13-ലെ കലാസന്ധ്യ 6 30-ന് ആനി വൈലോപ്പിള്ളിയുടെ നങ്ങ്യാർകൂത്തോടെയാണ് ആരംഭിക്കുന്നത്. ഏഴരയ്ക്കാണു കളരിയഭ്യാസപ്രകടനം. തുടർന്ന് 8 30 മുതൽ ഡോ: ബിന്ദു പാഴൂർ അവതരിപ്പിക്കുന്ന മുടിയേറ്റുമുണ്ട്.
സമാപനദിനമായ മാർച്ച് 14-ന് വനിതാവാരാഘോഷം കൊടിയിറങ്ങുന്നത് ആര്യ ദയാലിന്റെ സംഗീതനിശയോടെയാണ്. വനിതാദിനത്തിൽ രചിക്കപ്പെടുന്ന ചിത്രങ്ങളുടെ പ്രദർശനം 16 മുതൽ ആർട്ട് ഗ്യാലറിയിൽ ഉണ്ടാകും.ഈ ദിവസങ്ങളിലെല്ലാം കലാകരകൗശലഗ്രാമത്തിലെ കരകൗശലസ്റ്റുഡിയോകളും എംപോറിയവും ആർട്ട് ഗ്യാലറികളുമെല്ലാം പ്രവർത്തിക്കുന്നുണ്ടാകും. കലാഗ്രാമത്തിൽ പ്രവേശിക്കാൻ എടുക്കുന്ന ടിക്കറ്റു മതിയാകും വനിതാവാരകലാമേള കാണാനും. നൂറു സീറ്റിൽ റിസർവ്വേഷൻ സൗകര്യമുണ്ട്.
നഗരത്തിൽനിന്നു കോവളത്തേക്കുള്ള വഴിയിൽ വെള്ളാറിലാണ് ടൂറിസം വകുപ്പിനുവേണ്ടി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി നടത്തുന്ന കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്. കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ കലാരംഗങ്ങളിലെ മികച്ച കലാകാരികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രകടനങ്ങൾ തലസ്ഥാനത്തിനു പുതിയ അനുഭവമാകും.