കൊറോണക്കാലം കൂടുതൽ ദുരിതം വിതച്ചത് ജോലിക്കാരായ അമ്മമാർക്കെന്ന് പഠനം

women

കൊറോണക്കാലത്ത് പുരുഷന്മാരേക്കാള്‍ വീട്ടുജോലികള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നത് സ്ത്രീകള്‍ക്കെന്ന് പഠനം. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍, കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍, അടുക്കള ജോലികള്‍ എന്നിവക്കായെല്ലാം കൂടുതല്‍ സമയം പുരുഷന്മാരേക്കാള്‍ മാറ്റിവയ്‌ക്കേണ്ടി വന്നത് സ്ത്രീകള്‍ക്കാണ്, പ്രത്യേകിച്ചും അമ്മമാര്‍ക്ക്. 

അമേരിക്കന്‍ നാഷണല്‍ അക്കാഡമി ഓഫ് സയന്‍സസിലെ മൂന്ന് ഗവേഷകര്‍ ചേര്‍ന്നാണ് കൊറോണക്കാലം സ്ത്രീകളുടെ ജീവിതത്തെ എത്രമാത്രം ബാധിച്ചു എന്നതിനെ പറ്റി പഠനം നടത്തിയത്. കൊറോണക്കാലത്തെ ജീവിതം ഓരോ ലിംഗഭേദങ്ങളിലുംഎങ്ങനെയായിരുന്നു എന്നതായിരുന്നു പഠനം. പി.എന്‍.എ.എസ് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

അമേരിക്ക, കാനഡ, ഡെന്‍മാര്‍ക്ക്, ബ്രസില്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ മുപ്പതിനായിരത്തിലധികം ആളുകളിലാണ് പഠനം നടത്തിയത്. കൊറോണ മഹാമാരിയുടെ കാലഘട്ടത്തില്‍ കൂടുതല്‍ സമയം വീട്ടുജോലികള്‍ക്കും കുട്ടികളുടെ സംരക്ഷണത്തിനുമായി സമയം ചെലവഴിക്കേണ്ടി വന്നത് സ്ത്രീകളാണ്. മാത്രമല്ല ഇവരില്‍ സന്തോഷത്തോടെയും ആഹ്‌ളാദത്തോടെയുമിരിക്കുന്ന സമയത്തിന്റെ അളവ് കുറവായിരുന്നുവെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. 

ഇതിനൊപ്പം ഓഫീസ് ജോലികള്‍ ചെയ്യേണ്ടി വന്ന സ്ത്രീകളുടെ കാര്യം അതിനേക്കാള്‍ കഷ്ടമാണെന്നാണ് റിപ്പോര്‍ട്ട്‌. വീട്ടുത്തരവാദിത്തങ്ങള്‍ക്കൊപ്പം ഓഫീസ് ജോലിയും ഒരേ സമയം ചെയ്യേണ്ടി വന്നതോടെ വനിതാ ജീവനക്കാരുടെ ജോലിയിലെ പ്രകടനം മോശമായതായാണ് കണ്ടെത്തിയത്. നാലായിരത്തിലധികം വനിതാ ഗവേഷകരില്‍ നടത്തിയ പഠനത്തില്‍ കുട്ടികളുള്ള വനിതാ ഗവേഷകര്‍ ഗവേഷണത്തിനായി ചെലവഴിക്കുന്ന സമയത്തില്‍ കാര്യമായ കുറവ് വന്നതായാണ് പഠനം പറയുന്നത്.

മറ്റു രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇന്ത്യ പോലുള്ള പുരുഷാധിപത്യ സമൂഹം നിലനിൽക്കുന്ന രാജ്യങ്ങളിൽ വീട്ടുജോലികൾ പൂർണ്ണമായും സ്ത്രീകൾ ചെയ്യുന്നതോടൊപ്പം ഓഫിസ് വർക്കുകൾ കൂടി ചെയ്യേണ്ടി വരുന്നതും തൊഴിലിടങ്ങളിലെ ജോലി സമ്മർദ്ദവും സ്ത്രീകൾക്ക് കടുത്ത മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. 

കൂടുതൽ വായനയ്ക്ക്