പെണ്ണുങ്ങളോ മേസ്തിരിമാർ പെണ്ണുങ്ങളോ മരപ്പണിക്കർ

വ്യത്യസ്ത തൊഴിലുകളിൽ ഏർപ്പെടുന്ന സ്ത്രീകൾ അവരുടെ അനുഭവങ്ങൾ

ജയശ്രീ. പി.കെ

പരമ്പരാഗതമായി സ്ത്രീകൾക്കായി മാറ്റി വെയ്ക്കപ്പെട്ടിട്ടുള്ള തൊഴിലുകളിൽ നിന്നും ചുവടു മാറി ചവിട്ടാൻ ഒരു സ്ത്രീ ഒരുമ്പെട്ടാൽ അതു പൊതു സമൂഹത്തിന്റെ മുഴുവൻ മാത്രമല്ല സ്ത്രീ സമൂഹത്തിന്റെ തന്നെയും നിശിതവിമർശനത്തിനും കളിയാക്കലുകൾക്കും ഇരയാകും. ഉന്നതശ്രേണികളിലായാലും താഴ്ന്ന തലങ്ങളിലായാലും അതിന് വലിയ വ്യത്യാസമൊന്നും കാണാറില്ല.

1989 കളിലാണ് ആദ്യമായി സ്ത്രീകളെ കല്ലാശാരി പണിയിലേക്ക് പ്രത്യേക പരിശീലനം നൽകി ഇറക്കുന്നത്. ശുദ്ധജല- ശുചിത്വ പദ്ധതിയുമായി ബന്ധപ്പെട്ട് കക്കൂസ് നിർമ്മാണമാണ് അതുവരെ സഹായി (മൈക്കാട്) ആയി പുരുഷമേസ്തിരിമാരോടൊപ്പം പണിക്കിറങ്ങിയിരുന്ന സ്ത്രീകൾ ഏർപ്പെട്ട നിർമാണ മേഖല, അതുവരെയും, കരിങ്കല്ലും, സിമന്റു ചാക്കും തലയിലേന്തി അവൾ ദിവസം മുഴുവൻ പണിയെടുത്തു. അന്തിക്കവൾ “ തന്നോടൊപ്പം പണിത പുരുഷനേക്കാൾ കൂലി കുറച്ചുവാങ്ങി തൃപ്തിയടയണമായിരുന്നു. ആരും അവളുടെ കായികാദ്ധ്വാനത്തിന്റെ ഗൗരവമോ, 
കൈകളുടെ കരുത്തോ കണ്ടില്ല. താൽക്കാലികമായി വെച്ചുകെട്ടിയ കഴകളിലൂടെ ചാന്തും തലയിൽ വെച്ച് അവൾ മുകളിലേയ്ക്ക് കയറുന്നത് ആരുടെയും കണ്ണിൽ പതിഞ്ഞില്ല. എന്നാൽ കോലരി കൈയിലേന്തി, തൂക്കു നോക്കി കണക്കുകൾ അനുസരിച്ച് കട്ടകെട്ടി കക്കൂസുകൾ പണിതു തുടങ്ങിയപ്പോൾ നൂറു നൂറു സംശയങ്ങൾ, ചോദ്യങ്ങൾ എല്ലാവരുടെയും കണ്ണുകൾ തുറന്നു.   

അയോ ഇത്രയും ഭാരപ്പെട്ട് പണി പെണ്ണിനെക്കൊണ്ട് ചെയ്യിക്കാൻ പാടുണ്ടോ? പെണ്ണുങ്ങൾ പൊക്കത്തിൽ കയറുമോ? പെണ്ണു പണിതാൽ ഉറപ്പുണ്ടാകുമോ? എന്തെന്ത് ചോദ്യങ്ങൾ! എന്തെന്തു സംശയങ്ങൾ! പണ്ഡിതനെന്നോ പാമരനെന്നോ ഇല്ലാതെ ഉയരുന്ന ചോദ്യങ്ങൾ. ആണെന്നോ പെണ്ണെന്നോ ഇല്ലാതെ പാസാക്കുന്ന കമന്റുകൾ ഇതിന്റെയെല്ലാം ഇടയിലൂടെ തങ്ങളെ കൈപിടിച്ചു മുന്നോട്ടിറക്കിയ സാമൂഹ്യപ്രവർത്തകയുടെ ശക്തമായ ശിക്ഷണത്തിൽ കരുത്താർജ്ജിച്ച പെൺമേസ്തിരിമാർ തന്റേടത്തോടെ മുന്നേറി. പക്ഷേ അവരെ മൊത്തം തളർത്തുവാൻ ഒരുമ്പെട്ടിറങ്ങി എതാനും പുരുഷപുംഗവൻമാർ. സ്ത്രീമേസ്തിരിമാർ പണിതുയർത്തിക്കൊണ്ടിരുന്ന കക്കൂസിൻ ഭിത്തിക്കിട്ട് വാറ്റുചാരായത്തിന്റെ പുളിച്ചു പൊങ്ങുന്ന ശക്തിയിൽ ആഞ്ഞാരു തൊഴി. പട പടാന്ന് കട്ടകൾ താഴെ! കൂട്ടച്ചിരികൾ കളിയാക്കലുകൾ, കണ്ടില്ലേ പെണ്ണുങ്ങൾ പണിതാൽ ഇങ്ങനെ ഇരിക്കും. ഇടിഞ്ഞു താഴെവീഴും." (സ്ത്രീമേസ്തിരിമാരുടെ നെഞ്ചിനേറ്റ തൊഴി). ഇതേതൊഴി ആൺമേസ്തിരി പണിതുകൊണ്ടിരിക്കുന്ന
പച്ചയായ കെട്ടിന് കൊടുത്താലും അതും താഴെ വീഴുമെന്ന സത്യം എത്ര സൗകര്യമായി നാം മറക്കുന്നു. ഓമനയെന്ന പെൺമേസ്തിരി നെഞ്ച് പൊട്ടി ചോദിച്ചു - “ഹേ മനുഷ്യാ, ഞങ്ങൾ കെട്ടികൊണ്ടിരിക്കുന്ന ഈ കട്ടകൾ ഉറക്കുന്നതിന് മുമ്പ് ഞങ്ങളുടെ കൈ തട്ടിയാലും - താഴെവീഴും.അതിന് തന്റെ ചാരായത്തിന്റെ മൂച്ചൊന്നും വേണ്ട. അതാ അപ്പുറത്ത് ഞങ്ങൾ രണ്ടുനാൾ മുമ്പ് കെട്ടിയ കക്കൂസുണ്ട്. ഒന്നു തൊഴിച്ച് താഴെയിടാമോ - എങ്കിൽ ഞങ്ങൾ പണി നിർത്തിയേക്കാം”. എങ്കിലും അവരുടെ മനസ്സിനേറ്റ മുറിവ്?. വീട് പണിയിലേയ്ക്ക് സ്ത്രീ മേസ്തിരിമാർ കടന്നപ്പോൾ പ്രശ്നങ്ങൾ ഇരട്ടിച്ചു. “ഇതേ മനുഷ്യൻ കയറി കിടക്കാനുളളതാ. ഇടിഞ്ഞു വീണാലേ ജീവനാ പോകുന്നേ. അതു കൊണ്ട് പെണ്ണുങ്ങൾ ഞങ്ങടെ വീട് പണിയണ്ട. പഞ്ചായത്തിന്റെ പാവങ്ങൾക്കുള്ള ഭവന നിർമാണപദ്ധതി ഏറ്റെടുത്ത് വീട് പണിയാൻ ചെന്ന സ്ത്രീകൾക്ക് കിട്ടിയ വരവേൽപ്പാണിത്. എന്നിട്ടും പിൻവാങ്ങാതെ മുന്നേറി പെൺമേസ്തിരിമാർ. എളുപ്പമല്ല ഈ സാമൂഹ്യ മാറ്റം. "അതാ പോകുന്നു പെരുന്തച്ചികൾ" അർച്ചനാവിമൻ സെന്ററിന്റെ മേൽനോട്ടത്തിൽ മൂന്നു വർഷമായി പരിശീലനം നേടി സമർഥമായ രീതിയിൽ എല്ലാ മരപ്പണികളും ചെയ്യാൻ പ്രാപ്തരായി കൈ നിറയെ കാശു വാങ്ങുന്നു മിടുക്കികളായ മരപ്പണിക്കാർ (കാർപ്പൻറ്റെഴ്സ്) കേൾക്കുന്ന അവമതിച്ചുവയുള്ള കമന്റുകൾ. എന്നിട്ടും വിട്ടുകൊടുക്കാൻ തയ്യാറല്ല ഓമനയും, സിന്ധുവും, ലിസിയും, ജെസ്സിയുമൊക്കെ. ജെസ്സിയുടെ ഭർത്താവിനും മരപ്പണിയാണ്. അലർജികൊണ്ട് വീർപ്പു മുട്ടുന്ന ഭർത്താവിന് ഒരു കൈത്താങ്ങായി ഒരു നാൾ ജെസ്സി ഭർത്താവിന്റെ വർക്ക് ഷോപ്പിലേക്ക് കടന്നു ചെന്നു.  ചുറ്റും അൽഭുതത്തോടെ നോക്കി നിൽക്കുന്ന പുരുഷൻമാർ. “പെണ്ണുങ്ങൾക്ക് ഈ മെഷീനുകളിലൊക്കെ പണിയാൻ പറ്റുമോ? വല്ല ചെറുപണികളൊക്കെ ചെയ്യിച്ചാൽ മതി കേട്ടോ”, പക്ഷേ ജെസ്സി പ്ലെയ്നിങ് മെഷീനിലും, കട്ടിംഗ് മെഷീനിലും,സാൻഡിംഗ് മെഷീനിലുമൊക്കെ മാറിമാറി പണിയെടുത്തുകൊണ്ട് അവരെ വെല്ലുവിളിച്ചു. ഇന്ന് ജെസ്സിയുടെ കുടുംബത്തിന് ഉണ്ടുറങ്ങാൻ കഴിയുന്നെങ്കിൽ ജെസ്സിയുടെ കൈക്കരുത്തും മനക്കരുത്തും കൊണ്ടാണ്.

unskilled worker

 

2004-ൽ നാടിനെ നടുക്കിയ സുനാമിത്തിരകളിൽ സർവ്വവും നഷ്ടപ്പെട്ട ആലപ്പാട് പഞ്ചായത്തിലെ 42 സ്ത്രീകളെ (മുന്നേ 2000 ത്തിലേറേ കക്കൂസുകൾ പണിത് പരിചയമുളളവർ) സംഘടിപ്പിച്ച് വീടുപണിയിൽ വിദഗ്ദധ പരിശീലനം നൽകി. അർച്ചനവിമൺ സെന്ററിന്റെ നേതൃത്വത്തിൽ ഗവൺമെന്റിന്റെ എല്ലാ നിബന്ധനകളും പാലിച്ചു പത്തു വീടുകൾ പണിത് ചരിത്രം സൃഷ്ടിച്ചു. അപ്പോഴും ഉന്നത ഉദ്യോഗസ്ഥന്മാർ ഉൾപ്പെടെയുള്ള ചിലർ ചോദിച്ചു "പെണ്ണുങ്ങളല്ലേ പണിയുന്നത് ഉറപ്പുണ്ടാകുമോ?", എന്നാൽ അനുഭവമോ?. ഏതാനും മാസങ്ങൾക്കുശേഷം സ്ത്രീകള പണിത വീടുകളുടെ അവസ്ഥ അന്വേഷിക്കുവാൻ അർച്ചനയിലെ പ്രവർത്തകരും, ഏതാനും പെൺമേസ്തിരിമാരും ഒരു സന്ദർശനം നടത്തി. ഞങ്ങൾ എത്തിഹാറിനു സമീപപ്രദേശങ്ങളിൽ മറ്റു ചില ഏജൻസികൾ പുരുഷമേസ്തിരിമാരെക്കൊണ്ട് പണിയിപ്പിച്ചു നൽകിയ സ്ട്രോങ്ങ് വീടുകളിൽ നിന്നും ഏതാനും സ്ത്രീകളും പുരുഷന്മാരും ഓടിയെത്തി. “സാറെ, പെണ്ണുങ്ങൾ പണിത വീട് എത്ര നല്ലത്, ഇങ്ങു വന്നേ, ഞങ്ങളുടെ വീടു കണ്ടോ ലീക്ക് ചെയ്തിട്ട് കിടക്കാൻ മേല അടുക്കളക്കകം ഇപ്പഴേ പൊട്ടിപ്പൊളിഞ്ഞു. സാറേ ഇവരെ വിട്ടു അതൊന്ന് നന്നാക്കിത്താ സാറെ”, പത്മാവതിഅമ്മ അല മുറയിട്ടു. വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു കുഴപ്പവുമില്ലാതെ പെണ്ണുങ്ങൾ പണിത വീടുകൾ തലയുയർത്തി നില്ക്കുന്നു. സുനാമിക്ക് ഒരു വർഷം മുൻപ് ആലപ്പാട് പഞ്ചായത്തിലെ 12 സ്തീകൾ ചേർന്ന് ഒരു വീട് പണിതു,ചെറിയഴീക്കൽ. യാതൊരു പോറലുമേൽക്കാതെ സ്ത്രീ മേസ്തിരിമാർ പണിത ആ വീട് അവരുടെ കരവിരുതിനും കരബലത്തിനും സാക്ഷിയായി ഇന്നും നിൽക്കു ന്നു. അബലകളല്ലിനി നാം...

References

References

സംഘടിത 
അന്വേഷി പ്രസിദ്ധീകരണം 
2011 ആഗസ്റ്റ് 
വോളിയം: 2 
ലക്കം: 2