സംഘടിത-അസംഘടിത തൊഴിൽ മേഖലയിലെ സ്ത്രീകൾ
സംഘടിത മേഖല
ഗുണനിലവാരമുള്ള തൊഴിലിന്റെ പ്രധാന ദാതാവാണ് സംഘടിത മേഖല. ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ സംഘടിത മേഖലയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. അംഗീകൃത നിയമങ്ങളും വ്യവസ്ഥകളും പാലിച്ചുകൊണ്ടുള്ള സാമ്പത്തിക സ്ഥാപനങ്ങൾ അല്ലെങ്കിൽ സംരംഭങ്ങളെയാണ് സംഘടിത മേഖല എന്ന് പറയുന്നത്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും അതായത് കേന്ദ്ര, സംസ്ഥാന, പ്രാദേശിക സർക്കാരിന് കീഴിലുള്ള എല്ലാ സേവനങ്ങളും, പൊതുസ്ഥാപനങ്ങളിലെ തൊഴിൽ വ്യവസായം, വായ്‌പാ ധനസഹായം, പത്തോ അതിലധികമോ വ്യക്തികൾ ജോലി ചെയ്യുന്ന എല്ലാ കാർഷികേതര സ്വകാര്യമേഖല സ്ഥാപനങ്ങളും ഉൾപ്പെടുന്ന വലിയൊരു ശൃംഖലയാണ് സംഘടിത മേഖല. തൊഴിൽ, അവയുടെ നിലവാരം, പ്രതിഫലം, സാമൂഹിക സുരക്ഷ തുടങ്ങിയവക്ക് ഒരു വ്യവസ്ഥ സംഘടിത മേഖല സജ്ജമാക്കിയിട്ടുണ്ട്. ചരക്കുകളുടെ ഉൽപ്പാദനവും വിവിധ സേവനങ്ങളും മാത്രമല്ല ധാരാളം ആളുകൾക്ക് തൊഴിൽ നൽകുവാനും സംഘടിത മേഖലക്ക് കഴിയുന്നുണ്ട്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വികസിച്ചുകൊണ്ടിരിക്കുമ്പോൾ, സംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ അനുപാതം ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പൊതുമേഖലയിലെ സാമ്പത്തികം, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, ഗതാഗതം, ആശയവിനിമയം തുടങ്ങിയ മേഖലകളിലാണ് സ്ത്രീകൾ കൂടുതലായും തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നത്. കുറഞ്ഞ ഉൽപാദനക്ഷമതയുള്ള കാർഷിക മേഖലയിൽ നിന്നും സ്ത്രീകൾ പിന്മാറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. അതിനാൽ തന്നെ ഗ്രാമീണ, അർദ്ധ നഗര പ്രദേശങ്ങളിൽ കാർഷികേതര മേഖലയിൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ട്. സംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കാലാകാലങ്ങളായി ഉയർന്നുവരുന്നുണ്ടെങ്കിലും പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ അവരുടെ പങ്ക് കുറവാണ്.
ഇന്ത്യയിലെ സംഘടിത തൊഴിൽ മേഖലയിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും തൊഴിൽ പങ്കാളിത്തം- ശതമാനത്തിൽ
(ഉറവിടം: ഇക്കണോമിക് സർവേ ഓഫ് ഇന്ത്യ-വിവിധ റിപ്പോർട്ടുകൾ)
1991 മുതൽ 2012 വരെയുള്ള ഇന്ത്യയിലെ സംഘടിത തൊഴിൽ മേഖലയിൽ ഉള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും തൊഴിൽ പങ്കാളിത്തമാണ് പട്ടികയിൽ നൽകിയിരിക്കുന്നത്. ഏകദേശം 86 ശതമാനം പരുഷന്മാരാണ് 1991 ഇൽ സംഘടിത മേഖലയിൽ തൊഴിൽ ചെയ്ത്തിരുന്നത്. ഇതിൽ 87.6 ശതമാനം പൊതുമേഖലയിലും 31.3 ശതമാനം സ്വകാര്യമേഖലയിലും ആയിരുന്നു. എന്നാൽ ഇതേസമയം 14 ശതമാനം സ്ത്രീകൾ മാത്രമാണ് 1991 ഇൽ സംഘടിത മേഖലയിൽ തൊഴിൽ ചെയ്ത്തിരുന്നത്. ഇതിൽ കൂടുതൽ പേരും പൊതുമേഖലയിൽ ആയിരുന്നു തൊഴിൽ ചെയ്തിരുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.2012 ലെ കാര്യം നോക്കുമ്പോൾ പുരുഷന്മാരുടെ സംഘടിത തൊഴിൽ മേഖലയിൽ ഉള്ള പങ്കാളിത്തം (73.53%) കുറഞ്ഞതായി കാണാം. അതേസമയം സ്ത്രീകളുടെ കാര്യത്തിൽ 1991നെ അപേക്ഷിച്ചു നോക്കുമ്പോൾ ഏകദേശം 6 ശതമാനം വർദ്ധനവ് ഉണ്ടായി. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഒരുപോലെയുള്ള വർദ്ധനവ് ആണ് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിൽ ഉണ്ടായിരിക്കുന്നത്. എന്നിരുന്നാലും പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകൾ ഇപ്പോഴും പുരുഷൻമ്മാർക്കൊപ്പം എത്തിയിട്ടില്ല എന്ന കാര്യം എടുത്തുപറയേണ്ടതാണ്. സ്ത്രീകളുടെ തൊഴിൽ നൈപുണ്യത്തിലുള്ള കുറവ് ഒരു പക്ഷെ ഇതിനു കാരണമായി പറയാം. അത് പോലെ തന്നെ വലിയൊരു ശതമാനം സ്ത്രീകൾ സ്വയം തൊഴിൽ ചെയ്യുന്നവരാണ് അതിനാൽ തന്നെ അവർ സംഘടിത മേഖലയിൽ തൊഴിലിൽ ഉൾപ്പെടുന്നില്ല.
2010 മുതൽ 2018 വരെയുള്ള കേരളത്തിലെ സംഘടിത മേഖലയിലെ തൊഴിൽ ലക്ഷത്തിൽ
(ഉറവിടം: ഡയറക്ടറേറ്റ് ഓഫ് ഗവണ്മെന്റ് GoK, 2018)
പൊതുമേഖലയും സ്വകാര്യമേഖലയും ചേർന്നതാണ് സംഘടിത മേഖല. പൊതുമേഖലയിൽ തൊഴിൽ കുറഞ്ഞു വരുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. അതേസമയം സ്വകാര്യ മേഖലയിലെ തൊഴിൽ കൂടി വരുന്നതായി കാണാം.
ലിംഗഭേദ അടിസ്ഥാനത്തിലുള്ള സംഘടിത മേഖലയിലെ തൊഴിൽ ലക്ഷത്തിൽ
(ഉറവിടം: ഡയറക്ടറേറ്റ് ഓഫ് എംപ്ലോയ്‌മെന്റ്, കേരള സർക്കാർ 2018)
കേരളത്തിലെ സംഘടിത തൊഴിൽ മേഖലയിലുള്ള സ്ത്രീ-പുരുഷ പങ്കാളിത്തമാണ് പട്ടികയിൽ നൽകിയിരിക്കുന്നത്. പട്ടികപ്രകാരം ലിംഗഭേദമെന്യേ സ്വകാര്യ മേഖലയിലെ തൊഴിൽ പങ്കാളിത്തം കൂടിയതായി കാണാം. അതേസമയം പൊതുമേഖലയിൽ ഉള്ള സ്ത്രീ പുരുഷ തൊഴിൽ പങ്കാളിത്തം കുറഞ്ഞു വരുന്നതായും കാണാം. 2000-ൽ സംഘടിത മേഖലയിൽ 7.47 ശതമാനം പുരുഷന്മാർ തൊഴിൽ ചെയ്തിരുന്നു എന്നാൽ ഇത് 2018ൽ 6.88 ശതമാനമായി കുറഞ്ഞു. അതേസമയം 2000ൽ 4.79 ശതമാനമായിരുന്ന സ്ത്രീകൾ 2018ൽ 5.26 ശതമാനമായി കൂടി.
അസംഘടിത തൊഴിൽ മേഖല
തൊഴിൽ വ്യവസ്ഥയെപ്പറ്റി സർക്കാർ നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങളും നിയന്ത്രണങ്ങളും ബാധകമല്ലാത്ത ഒരു മേഖലയാണ് അസംഘടിത മേഖല. തൊഴിൽ സാധ്യതയും സാമ്പത്തിക വികസനവും പ്രോത്സാഹിപ്പിക്കുന്നതിൽ അസംഘടിത മേഖല ഒരു വലിയ പങ്ക് വഹിക്കുന്നു. അസംഘടിത മേഖലയിലെ ജോലികൾക്ക് വേതനം വളരെ കുറവാണ്. അതുപോലെതന്നെ വേതനത്തോടുക്കൂടിയുള്ള അവധികൾ, പ്രൊവിഡന്റ് ഫണ്ടുകൾ, അവധിദിനങ്ങൾ, മെഡിക്കൽ ആനുകൂല്യങ്ങൾ എന്നിവ ജീവനക്കാർക്ക് നൽകുന്നില്ല. ജോലിയുടെ നിയമങ്ങളും നിയന്ത്രണങ്ങളും തീരുമാനിക്കുന്നത് തൊഴിലുടമയാണ്. അതിനാൽ തന്നെ എപ്പോൾ വേണമെങ്കിലും തൊഴിലാളികളെ പിരിച്ചുവിടാനുള്ള അധികാരം തൊഴിലുടമക്കുണ്ട്. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ 80 ശതമാനത്തിലധികവും അസംഘടിത തൊഴിൽ മേഖലയിൽ ആണ്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരാണ് അസംഘടിത തൊഴിൽ മേഖലയിൽ ഏറെയും ജോലി ചെയ്യുന്നത്.
ലിംഗഭേദം അനുസരിച്ച് അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശതമാനം (2013-14)
(ഉറവിടം : അസംഘടിത മേഖലയിലെ ദേശീയ സംരംഭ കമ്മീഷൻ/നാഷണൽ കമ്മീഷൻ ഫോർ എന്റർപ്രൈസസ് ഇൻ ദി അനോർഗനൈസ്ഡ് സെക്ടർ NCEUS)
അസംഘടിത മേഖലയിലെ ദേശീയ സംരംഭ കമ്മീഷൻ റിപ്പോർട്ട് പ്രകാരം 2013 -2014ൽ ഇന്ത്യയിൽ ആകെ 92.9 ശതമാനം പേർ അസംഘടിത മേഖലയിലാണ് തൊഴിൽ ചെയ്യുന്നത്. ഇതിൽ 90.7 ശതമാനം പുരുഷന്മാരും 95.9 ശതമാനം സ്ത്രീകളുമാണ്. അതേസമയം കേരളത്തിൽ ആകെ 81.3 ശതമാനം പേരാണ് അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നത്. കേരളത്തിലെ സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരാണ് 2013 -2014 ൽ കൂടുതലായി അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നത്. 82 ശതമാനം പുരുഷന്മാർ അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുമ്പോൾ സ്ത്രീകളുടെ പങ്കാളിത്തം 79.6 ശതമാനമാണ്. ഇന്ത്യയിലെ കണക്കുകൾക്ക് വിപരീതമായാണ് കേരളത്തിലെ കണക്കുകൾ കാണിക്കുന്നത്. 68 ആം റൗണ്ട് എൻ. എസ്. എസ്. ഓ പ്രകാരം യു.പി.എസ്.എസ്. സമീപനത്തിൽ ആകെയുള്ള തൊഴിലാളികളിൽ 37.7 ശതമാനം പേർ സ്വയം തൊഴിലാളികളാണ്. ശമ്പളം ലഭിക്കുന്ന ജീവനക്കാരുടെ പങ്ക് 22.5 ശതമാനവും കാഷ്വൽ തൊഴിലാളികളുടെ പങ്ക് 39.8 ശതമാനവുമാണ്.
ഗ്രാമീണ നഗര മേഖലകളിലെ സ്ത്രീകളുടെ തൊഴിൽ മേഖലകൾ
(ഉറവിടം: എൻ.എസ്.എസ്.ഓ യുടെ വിവിധ റിപ്പോർട്ടുകൾ )
എൻ.എസ്.എസ്.ഓ യുടെ വിവിധ റിപ്പോർട്ടുകൾ പ്രകാരമുള്ള ഗ്രാമീണ-നഗര മേഖലയിലെ സ്ത്രീകൾ ഏർപ്പെട്ടിരിക്കുന്ന വിവിധ തൊഴിൽ മേഖലകളാണ് ഗ്രാഫിൽ നൽകിയിരിക്കുന്നത്. 1977 മുതൽ 2017 വരെ ഇന്ത്യയിലെ സ്ത്രീകളുടെ തൊഴിൽ മേഖലകളിൽ എന്തൊക്കെ മാറ്റം വന്നു എന്ന് നമുക്ക് ഈ ഗ്രാഫിൽ നിന്നും മനസിലാക്കുവാൻ സാധിക്കും. ഗ്രാമീണ മേഖലയിലെ സ്ത്രീകൾ കൂടുതലായും കാർഷികമേഖലയിലാണ് തൊഴിൽ ചെയ്യുന്നത്. ഏകദേശം 80 ശതമാനത്തിലധികം സ്ത്രീകൾ കാർഷികമേഖലയിൽ ജോലി ചെയ്യുന്നു. എന്നാൽ 1987 മുതൽ ഈ പ്രവണതക്ക് മാറ്റം വന്നു. കാർഷിക മേഖലയിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറഞ്ഞു വരുന്നതായി കാണാം. വളരെ കുറച്ചു സ്ത്രീകൾ മാത്രമേ നിർമ്മാണമേഖലയിലും മറ്റു മേഖലയിലും ജോലി ചെയ്യുന്നുള്ളു.
നഗര മേഖലയിലുള്ള സ്ത്രീകളുടെ തൊഴിൽ മേഖലകൾ വിശദമായി പരിശോധിക്കുകയാണെങ്കിൽ 1977 ൽ നിർമാണമേഖലയിലും കാർഷികമേഖലയിലും ഗതാഗതം ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലും ഏകദേശം തുല്യമായ പങ്കാളിത്തം ഉണ്ടായിരുന്നു. എന്നാൽ കാലങ്ങൾ കഴിഞ്ഞപ്പോൾ ഗതാഗതം ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ സ്ത്രീപങ്കാളിത്തം വളരെയധികം ഉയർന്നു, അതേസമയം കാർഷികമേഖലയിൽ തൊഴിലെടുക്കുന്ന നഗര മേഖലയിലെ സ്ത്രീകളുടെ അനുപാദത്തിൽ വളരെയധികം കുറവുണ്ടായി.
സംഘടിത അസംഘടിത മേഖലകളിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം പരിശോദിക്കുമ്പോൾ ഇന്നും സ്ത്രീകൾ (80 ശതമാനത്തിലധികം) കൂടുതലായും അസംഘടിത തൊഴിൽ മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നു മനസിലാക്കാം. സംഘടിത മേഖലയിലെ സ്ത്രീ പങ്കാളിത്തം കൂടി വരുന്നുണ്ടെങ്കിലും പുരുഷന്മാരെ അപേക്ഷിച്ചു സംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന സ്ത്രീകൾ വളരെ കുറവാണ്. അതുപോലെ തന്നെ എടുത്തു പറയേണ്ട മറ്റൊരു പ്രവണതയാണ് സ്വകാര്യ മേഖലയുടെ ആവിർഭാവം. സംഘടിത മേഖലയിൽ ജോലി ചെയ്യുന്ന കൂടുതൽ ആളുകളും ഏർപ്പെട്ടിരിക്കുന്നത് സ്വകാര്യ മേഖലയിലുള്ള തൊഴിലുകളിലാണ്.
തൊഴിൽ മേഖല ഏത് തന്നെയായാലും തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടത് തൊഴിൽ ദാതാവിന്റെ കടമയാണ്. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി 2008 ൽ ‘അസംഘടിത തൊഴിലാളികളുടെ’ സാമൂഹിക സുരക്ഷാ നിയമം നടപ്പിലാക്കി. ഈ നിയമപ്രകാരം സുരക്ഷ, ആരോഗ്യം, പ്രസവാനുകൂല്യങ്ങൾ, വാർദ്ധക്യ പരിരക്ഷ തുടങ്ങിയ വ്യവസ്ഥകൾക്കായി ഒരു ദേശീയ സാമൂഹിക സുരക്ഷാ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. അസംഘടിത മേഖലയിലെ അന്യായമായ പ്രവർത്തനങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ കുറയ്ക്കുന്നതിനു വേണ്ട നടപടികൾ എടുക്കുന്നതിനുമുള്ള ഉത്തരവാദിത്തപ്പെട്ട ഏജൻസിയാണ് ഡയറക്ടറേറ്റ് ഓഫ് എംപ്ലോയ്‌മെന്റ്. കേരളത്തിലെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനു വേണ്ടിയുള്ള കേരള സർക്കാരിന്റെ ഒരു സംരംഭമാണ് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ. 1988ൽ രൂപം കൊണ്ട കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ കേരളത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. പ്രാരംഭ കാലങ്ങളിൽ സാമ്പത്തിക ഭദ്രത നേടുന്നതിനായി വനിതാ സംരംഭകർക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീടുള്ള വർഷങ്ങളിൽ, സമൂഹത്തിലെ സ്ത്രീകളുടെ സമഗ്രവികസനത്തിന് സഹായകമായ പദ്ധതികൾ സൃഷ്ടിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിന്റെ ഉത്തരവാദിത്തം കെഎസ്ഡബ്ല്യുഡിസി ഏറ്റെടുത്തു. പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമായ സ്ത്രീകൾക്കും വേണ്ടി സാമ്പത്തിക സഹായം നൽകുന്ന നൽകുന്ന സ്വർണിമ പദ്ധതി പോലെയുള്ള പുതിയ പദ്ധതികൾ പ്രകാരം വേഗത്തിൽ വായ്പകൾ ലഭിക്കുന്നതിനും ലാഭകരമായ സ്വയം തൊഴിൽ ചെയ്യുന്നതിനും വേണ്ടി സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.
References
- Economic review (2018), Kerala State Planning Board, Govt.of. Kerala.
- Deepa, V. D. (2018), GROWTH AND CHARACTERISTICS OF INFORMAL SECTOR EMPLOYMENT IN KERALA