ഷീ ലോഡ്ജുകൾ: സ്ത്രീസുരക്ഷാരംഗത്തെ സർക്കാർ സംരംഭം

 സ്ത്രീസുരക്ഷ എന്നത് കേവലം നിയമപരിരക്ഷ ഉറപ്പാക്കുക എന്നത് മാത്രമല്ലെന്നും സ്ത്രീകൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതുകൂടിയാണെന്നുമുള്ള തിരിച്ചറിവിൽ നിന്നാണ് കേരള സർക്കാരിന്റെ ഷീ ലോഡ്ജ്  പദ്ധതി പിറവിയെടുക്കുന്നത്. പഠനാവശ്യങ്ങൾക്കും ജോലിസംബന്ധമായും വിനോദത്തിനായുമൊക്കെ യാത്ര ചെയ്യുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിതമായി തങ്ങാനൊരിടം നൽകുകയാണ് ഈ പദ്ധതിയിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്.  രാജ്യത്തിന്റെ ഏത് ഭാഗമായാലും ഒറ്റയ്ക്ക് യാത്ര ചെയ്യാൻ  സുരക്ഷാ ബോധം ആവശ്യമാണ്. “സുരക്ഷിതവും താങ്ങാനാവുന്നതുമായ” താമസസൗകര്യങ്ങൾ നൽകിയാണ് ഷീ ലോഡ്ജ് സംരംഭം ഈ വിടവ് പരിഹരിക്കുന്നത്. ഒറ്റയ്ക്കോ ഗ്രൂപ്പുകളായോ സഞ്ചരിക്കുന്ന വനിതാ വിനോദസഞ്ചാരികളെ പരിപാലിക്കുന്നതിനായി സംസ്ഥാനസർക്കാർ കുടുംബശ്രീകൾ വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്.

സംസ്ഥാനത്തെ ഓരോ ജില്ലയിലും സ്ത്രീകൾക്ക് മാത്രമുള്ള ഹോസ്റ്റലുകൾ നിർമ്മിക്കുകയാണ് ഈ പദ്ധതിയിലൂടെ. കേരളത്തിലെ ആദ്യത്തെ ഷീ ലോഡ്ജ് തൃശ്ശൂരിലെ അയ്യന്തോളിൽ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. പദ്ധതിക്കായി മൊത്തം 150 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ലോഡ്ജുകളിൽ ഡൈനിംഗ് ഹാളുകൾ, അടുക്കള, വനിതാ സ്റ്റാഫുകൾ, കാർ സർവീസുകൾ, ഓഫീസുകൾ എന്നിവ ലഭ്യമാണ്. നിലവിൽ തിരുവന്തപുരം,കൊല്ലം, തൃശൂർ,കോഴിക്കോട് എന്നീ ജില്ലകളിൽ ഷീ ലോഡ്ജ് ലഭ്യമാണ്. മറ്റു ജില്ലകളിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്നു. ഷീ ലോഡ്‌ജുകളുടെ നടത്തിപ്പ് പൂർണമായും കുടുംബശ്രീകൾ മുഖേനെയാണ്. 

കേരളത്തിലെ നിലവിലുള്ള ഷീ ലോഡ്‌ജുകളുടെ വിലാസവും ഫോൺ നമ്പറും താഴെ നൽകിയിരിക്കുന്നു.

തിരുവനന്തപുരം - പി.എ.പി ആർക്കേഡ്, പവർ ഹൗസ് റോഡ്, അലഹബാദ് ബാങ്കിന് എതിർവശം,തിരുവന്തപുരം.പിൻ 695023. ഫോൺ: 9037662345 
തൃശൂർ - അപ്പൻ തമ്പുരാൻ മെമ്മോറിയൽ ലൈബ്രറിക്ക് സമീപം, സിവിൽ ലൈൻ റോഡ്, പുഴയ്ക്കൽ, തൃശൂർ പിൻ 680003. 
കൊല്ലം - ഭരണിക്കാവ്, മാടൻനട, കൊല്ലം പിൻ 691010. ഫോൺ: 0474- 2752200 
കോഴിക്കോട് - എസ്‌.എം സ്ട്രീറ്റ്, പാളയം, കോഴിക്കോട് പിൻ 673001 ഫോൺ: 7594999337