വിവാഹനിയമങ്ങളും സ്ത്രീകളും
വിവാഹ നിയമങ്ങള്‍
വിവാഹം എന്ന പദത്തിന്‍റെ നിയമവ്യാപ്തി വ്യക്തിനിയമങ്ങളില്‍ വ്യത്യസ്ഥമായിട്ടാണ് നിർവചിക്കപ്പെട്ടിട്ടുള്ളതെങ്കിലും അവയുടെ ഉദ്ദേശ്യം ഒന്നുതന്നെയാണ്. ഒരു സമൂഹത്തിന്‍റെ അടിസ്ഥാനമായ കുടുംബം രൂപീകരിക്കല്‍, അഥവാ, ഒരു സ്ത്രീയും പുരുഷനും മറ്റേതൊരാളെയും പുറന്തള്ളിക്കൊണ്ട് അവര്‍ക്ക് ജനിക്കുന്ന മക്കള്‍ക്ക് നിയമപരമായ അംഗീകാരം ലഭിക്കുന്നതിനായി സംയോജിക്കുക എന്നതാണ് വിവാഹം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഹിന്ദു വിവാഹം
ഹിന്ദു വിവാഹം സംബന്ധിക്കുന്ന നിയമം 1955 ലെ ഹിന്ദു വിവാഹ നിയമമാണ്. ഈ നിയമപ്രകാരവും വിവാഹം സാധൂകരിക്കുന്നതില്‍ കീഴ്വഴക്കങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രസക്തിയുണ്ട്.
- വിവാഹസമയത്ത് വരന് 21 വയസ്സും വധുവിന് 18 വയസ്സും പൂര്‍ത്തിയായിരിക്കണം. മേല്‍പ്പറഞ്ഞ പ്രായമെത്താത്തവര്‍ തമ്മില്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശിക്ഷാര്‍ഹമായ കുറ്റമായി കണക്കാക്കപ്പെടുന്നു.
- വിവാഹസമയത്ത് പുരുഷന് ജീവിച്ചിരിക്കുന്ന മറ്റൊരു ഭാര്യയോ, സ്ത്രീക്ക് ജീവിച്ചിരിക്കുന്ന മറ്റൊരു ഭര്‍ത്താവോ ഉണ്ടായിരിക്കരുത്. ഭാര്യയോ ഭര്‍ത്താവോ ജീവിച്ചിരിക്കുന്ന വ്യക്തികള്‍ക്ക് നിയമപ്രകാരം പ്രസ്തുത ബന്ധം വേര്‍പെടുത്താത്തിടത്തോളം മറ്റൊരു വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ അവകാശമില്ല. ഇത്തരത്തിലുള്ള വിവാഹം കുറ്റമായി ഹിന്ദുവിവാഹനിയമത്തില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
- വിവാഹിതരാകുന്ന വ്യക്തികള്‍ പരപ്രേരണ കൂടാതെ സ്വമനസ്സാലെയായിരിക്കണം വിവാഹത്തിന് സമ്മതിക്കേണ്ടതെന്നതിനാല്‍ അവര്‍ക്ക് ചിത്തഭ്രമമോ മനോരോഗമോ തുടര്‍ച്ചയായി വരുന്ന ഉന്മാദരോഗങ്ങളോ ഉണ്ടായിരിക്കരുത്. മാനസിക തകരാറുകള്‍ മൂലം വൈവാഹിക കടമകള്‍ നിര്‍വഹിക്കുവാനോ, കുട്ടികള്‍ക്ക് ജന്മം കൊടുക്കുവാനോ, കുട്ടികളെ സംരക്ഷിക്കുവാനോ കഴിവില്ലാത്തവര്‍ക്കും വിവാഹം ചെയ്യുവാന്‍ നിയമപരമായി തടസ്സമുണ്ട്.
- ആചാരമോ കീഴ്വഴക്കങ്ങളോ പ്രകാരം അനുവദനീയമല്ലെങ്കില്‍ അടുത്ത സപിണ്ഡബന്ധത്തില്‍പെടുന്നവര്‍ക്കും പരസ്പരം വിവാഹം കഴിക്കുന്നതിന് അയോഗ്യതയുണ്ട്. സപിണ്ഡബന്ധം രക്തബന്ധം തന്നെയാണ്. അമ്മവഴി മുകളിലേയ്ക്ക് മൂന്ന് തലമുറ വരെയും അച്ഛന്‍വഴി അഞ്ചു തലമുറവരെയും സപിണ്ഡബന്ധത്തില്‍പെടുന്നു. ജ്യേഷ്ടാനുജന്മാരുടെ മക്കളുടെയോ, ജ്യേഷ്ടത്തി-അനുജത്തിമാരുടെ മക്കളുടെയോ അച്ഛന്‍ഭാഗത്തുനിന്നും അമ്മഭാഗത്തുനിന്നുമുള്ള മക്കളും സപിണ്ഡരാണ്.
- ഒരു പുരുഷന്‍ സഹോദരിയെയോ സഹോദരിയുടെ മകളെയോ സഹോദരന്‍റെ മകളെയോ പിതാവിന്‍റെയോ മാതാവിന്‍റെയോ സഹോദരന്‍റെ മക്കളെയോ വിവാഹം ചെയ്യുന്നതില്‍ നിന്നും ഹിന്ദു വിവാഹനിയമം നിരോധിച്ചിരിക്കുന്നു. വളരെ അടുത്ത രക്തബന്ധത്തില്‍പെട്ടവര്‍ തമ്മിലുള്ള ഇത്തരം വിവാഹം പക്ഷേ ആചാരമോ കീഴ്വഴക്കമോ അനുസരിച്ചാണെങ്കില്‍ നിരോധനം ബാധകമല്ല.
- ഭര്‍ത്താവ് മരിച്ച സ്ത്രീകളുടെയും ഭാര്യ മരിച്ച പുരുഷന്മാരുടെയും പുനര്‍വിവാഹം നിയമസാധുതയുള്ളതാണ്.
- സബ് രജിസ്ട്രാറിനുമുമ്പില്‍ വിവാഹം രജിസ്ടര്‍ ചെയ്തതുകൊണ്ടുമാത്രം വിവാഹത്തിന് നിയമസാധുത ലഭിക്കുന്നില്ല. നിബന്ധനകള്‍ അനുസരിച്ച് വിവാഹം നടത്തണം.
- ഗവൺമെൻറ് വിജ്ഞാപനമനുസരിച്ച് ഇപ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജനന/മരണ രജിസ്ട്രാര്‍മാര്‍ക്ക് (ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി) വിവാഹം രജിസ്റ്റര്‍ ചെയ്യാം. ഇതുപ്രകാരം രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും, നിയമപരമായി നടന്ന ഒരു വിവാഹത്തിന്‍റെ നിയമസാധുത നഷ്ടപ്പെടില്ല.
- ഹിന്ദുവിവാഹനിയമപ്രകാരം ഹിന്ദുമതത്തിനകത്തുള്ള മിശ്രവിവാഹം നിയമസാധുതയുള്ളതാണ്.
- ഹൈന്ദവാചാരപ്രകാരം യഥാവിധി സപ്തപദി പോലുള്ള ചടങ്ങുകളോടെ നടത്തപ്പെടുന്ന വിവാഹങ്ങള്‍ക്കേ നിയമപരമായ അംഗീകാരം ലഭിക്കുകയുള്ളൂ. (അഗ്നിക്കുചുറ്റും വധൂവരന്മാര്‍ ഏഴുപാദം വയ്ക്കുന്നതോടെ വിവാഹം പൂര്‍ണ്ണമാകുന്നു.)
അസാധുവാകുന്ന വിവാഹം
വളരെ ഗുരുതരമായ ന്യൂനതകളുള്ള വിവാഹങ്ങളാണ് തുടക്കത്തിലേ അസാധുവായി കണക്കാക്കുന്നത്. ഭാര്യയോ ഭര്‍ത്താവോ ജീവിച്ചിരിക്കേ നടക്കുന്ന രണ്ടാം വിവാഹം, നിരോധിക്കപ്പെട്ട ബന്ധത്തില്‍പെട്ടവരോ സപിണ്ഡകളോ തമ്മിലുള്ള വിവാഹം എന്നിവ അസാധുവായിരിക്കുന്നതും പങ്കാളികള്‍ക്ക് ഭാര്യാഭര്‍ത്താക്കന്മാരുടെ പദവി നിയമപ്രകാരം ഇല്ലാത്തതുമാകുന്നു.
വിവാഹത്തിന് വധൂവരന്മാരുടെ സ്വതന്ത്രമായ മനസ്സമ്മതം നിര്‍ബന്ധമാണെന്നിരിക്കെ, തികഞ്ഞ മാനസികാരോഗ്യം ഇല്ലാത്തവരോ, വിവാഹജീവിതത്തെക്കുറിച്ച് ചിന്തിച്ച ശേഷം മനസ്സമ്മതം നല്‍കുവാനുള്ള മാനസികാരോഗ്യം ഇല്ലാത്തവരോ, വിവാഹബന്ധത്തില്‍ ജനിക്കുന്ന കുട്ടികളെ ശരിയായ രീതിയില്‍ സംരക്ഷിക്കുവാന്‍ കഴിയാത്തവിധം മാനസികാരോഗ്യമില്ലാത്തവരോ, ചിത്തഭ്രമം, അപസ്മാരം തുടങ്ങിയ അസുഖങ്ങള്‍ക്ക് വിധേയരായിട്ടുള്ളവരോ പങ്കാളികളായി നടക്കുന്ന വിവാഹം അസാധുവാണ്.
ഷണ്ഡത്വം കൊണ്ട് ലൈംഗികബന്ധം സഫലീകരിക്കപ്പെടാത്ത ദമ്പതികള്‍ അസാധുവായ വിവാഹബന്ധത്തിലുള്ളവരാണെന്ന് കോടതിക്ക് തീരുമാനിക്കാം. ഭര്‍ത്താവല്ലാത്ത മറ്റൊരാളില്‍ നിന്നും ഭാര്യ വിവാഹസമയത്ത് ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവുതന്നെ കോടതിയെ ബോധ്യപ്പെടുത്തിയാല്‍ ആ വിവാഹം കോടതി അസാധുവായി പ്രഖ്യാപിക്കും.
ബലംപ്രയോഗിച്ചോ ചതിയിലൂടെയോ ഭീഷണിപ്പെടുത്തിയോ ഒരാളെ സമ്മതിപ്പിച്ച് വിവാഹം നടത്തിയാല്‍ അയാളുടെ സമ്മതം സ്വതന്ത്രമായ മനസ്സോടെയല്ല ഉണ്ടായിട്ടുള്ളതെന്ന കാരണത്താല്‍ ആ വിവാഹം അസാധുവാക്കുന്നതാണ്.
വിവാഹപങ്കാളി തന്നെ വഞ്ചിച്ചിട്ടുണ്ടെന്നു ആക്ഷേപമുള്ളവര്‍ വഞ്ചന കണ്ടുപിടിച്ച തിയ്യതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പരിഹാരം തേടി കോടതിയെ സമീപിക്കണം. മേല്‍ പരാമര്‍ശിക്കപ്പെട്ട ഏതൊരു സാഹചര്യത്തിലും അസാധുവാക്കാവുന്ന വിവാഹങ്ങള്‍ കോടതിയില്‍നിന്ന് അസാധുവാക്കിക്കൊണ്ടുള്ള വിധിയുണ്ടാകാത്തിടത്തോളംകാലം സാധുവായിരിക്കുന്നതും നിയമപരമായി അംഗീകാരമുള്ളതായിരിക്കുന്നതുമാണ്.
ദാമ്പത്യബന്ധം പുന:സ്ഥാപിക്കാനുള്ള അവകാശം
സ്ത്രീ-പുരുഷ സഹകരണവും ഒരുമിച്ച് താമസിക്കലും ലൈംഗീകബന്ധത്തിലേര്‍പ്പെടലും വിവാഹബന്ധത്തിലെ മൗലികമായ ആവശ്യമാണ്. ഇതിനര്‍ഥം വിവാഹബന്ധത്തിലേര്‍പ്പെട്ടവര്‍ ഒരാള്‍ മറ്റൊരാളുടെ സഹവാസത്തില്‍നിന്ന് അകാരണമായി മാറിനില്‍ക്കരുതെന്നാണ്.
ഹിന്ദുവിവാഹനിയമം വിവാഹപങ്കാളികളില്‍ ഒരാള്‍ മറ്റേയാളുടെ സഹവാസത്തിനുള്ള അവകാശം നിഷേധിക്കരുതെന്ന് അനുശാസിക്കുന്നു. ന്യായമായ കാരണങ്ങളില്ലാതെ സഹവാസം നിഷേധിക്കപ്പെടുന്നയാള്‍ക്ക് വിവാഹബന്ധം പുന:സ്ഥാപിച്ചു കിട്ടുന്നതിന് കോടതിയെ സമീപിക്കുവാനുള്ള അവകാശമുണ്ട്. എന്നാല്‍, ന്യായമായ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ കോടതിക്ക് പരിശോധിക്കാവുന്നതാണ്.
ദാമ്പത്യബന്ധം പുന:സ്ഥാപിക്കാന്‍ കോടതി ഉത്തരവായിട്ടും ദമ്പതിമാര്‍ തമ്മില്‍ അടുക്കുകയോ ഉത്തരവ് അനുസരിക്കുകയോ ചെയ്തില്ലെങ്കില്‍ അതും വിവാഹമോചനത്തിന് കാരണമാണ്. ഒരു കൊല്ലം കഴിയുമ്പോള്‍ മാത്രമേ ഹര്‍ജി കൊടുക്കാന്‍ സാധിക്കൂ.
വിവാഹമോചനം നേടാനുള്ള കാരണങ്ങള്‍
വിവാഹബന്ധം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്നാണ് ഹിന്ദുവിവാഹനിയമം പറയുന്നത്. എന്നിരുന്നാലും മതിയായ കാരണങ്ങള്‍കൊണ്ടുതന്നെ കോടതിമുമ്പാകെ വിവാഹമോചനം ആവശ്യപ്പെടാവുന്നതാണ്. അവ താഴെപറയുന്നവയാണ്.
- വിവാഹപങ്കാളിയല്ലാത്ത മറ്റൊരാളുമായി ലൈംഗീകബന്ധത്തിലേര്‍പ്പെടുന്നത് വ്യഭിചാരം എന്ന വൈവാഹിക കുറ്റകൃത്യമായി വ്യവസ്ഥ ചെയ്തിരിക്കുന്നു. അതായത് ഭാര്യയോ ഭര്‍ത്താവോ സ്വമനസ്സാലെ മറ്റൊരാളുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മറ്റെയാള്‍ക്ക് വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാം.
- വിവാഹപങ്കാളിയുടെ ക്രൂരമായ പെരുമാറ്റം: ഒരാളുടെ ജീവന് അപകടകരമായിട്ടുള്ളതോ, മനസ്സിനോ, ശരീരത്തിനോ ഹാനികരമായിട്ടുള്ളതോ ആയ എല്ലാത്തരം പെരുമാറ്റങ്ങളും ക്രൂരതയായി കണക്കാക്കുന്നു.
- തുടര്‍ച്ചയായി രണ്ടുവര്‍ഷത്തില്‍ കുറയാത്ത കാലത്തേക്ക് പങ്കാളിയെ ഉപേക്ഷിച്ചിട്ടുണ്ടാവുക.
- ഭാര്യയോ ഭര്‍ത്താവോ ഹിന്ദുമതവിശ്വാസം ഉപേക്ഷിക്കുക.
- ചികിത്സിച്ചു ഭേദമാക്കാനാവാത്ത തരത്തിലുള്ള ചിത്തഭ്രമവും തുടര്‍ച്ചയായി വരുന്നതോ ഇടയ്ക്കിടെ വരുന്നതോ ആയ മാനസികാരോഗ്യപ്രശ്നങ്ങളും ഉണ്ടാവുക.
- ചികിത്സിച്ചു ഭേദമാക്കാനാവാത്ത തരത്തിലുള്ള ചിത്തഭ്രമവും തുടര്‍ച്ചയായി വരുന്നതോ ഇടയ്ക്കിടെ വരുന്നതോ ആയ മാനസികാരോഗ്യപ്രശ്നങ്ങളും ഉണ്ടാവുക.
- ചികിത്സിച്ചു ഭേദമാക്കാനാവാത്തതും സ്പര്‍ശിച്ചാല്‍ പകരുന്നതുമായ കുഷ്ഠരോഗം, പകരുന്നതരത്തിലുള്ള ലൈംഗികരോഗബാധ തുടങ്ങിയവ ഉണ്ടായിരിക്കുക.
- ലൗകികജീവിതം ഉപേക്ഷിച്ച് സന്ന്യാസം സ്വീകരിക്കുക.
- ഏഴുവര്‍ഷക്കാലം തുടര്‍ച്ചയായി ഒരു വ്യക്തിയേക്കുറിച്ച് അയാള്‍ ജീവിച്ചിരുന്നുവെങ്കില്‍ സാധാരണഗതിയില്‍ അറിയുമായിരുന്ന ആളുകള്‍ക്ക് യാതൊരു വിവരവും ഇല്ലാതിരിക്കുക.
തുടര്‍ച്ചയായി ഒരു കൊല്ലക്കാലം വേര്‍പിരിഞ്ഞ് താമസിച്ചശേഷം തുടര്‍ന്നും ഒരുമിച്ച് ജീവിക്കാന്‍ സാധ്യമല്ലെന്ന് രണ്ടുപേരും തീരുമാനിച്ചാല്‍ ഉഭയസമ്മതപ്രകാരം കോടതിമുമ്പാകെ വിവാഹമോചനം തേടാം. ഹര്‍ജി സമര്‍പ്പിച്ച് ആറുമാസത്തിനു ശേഷം മാത്രമേ വിവാഹബന്ധം വേര്‍പ്പെടുത്തിക്കൊണ്ട് കോടതി തീര്‍പ്പുകല്‍പ്പിക്കൂ.
വേര്‍പ്പെട്ട് താമസിപ്പിക്കല്‍
വിവാഹമോചനം ആവശ്യപ്പെടാമെങ്കിലും പങ്കാളികള്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ കഴിയാതെവന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ കോടതിയുടെ അനുവാദത്തോടെ വേര്‍പെട്ട് താമസിക്കാം. വിവാഹമോചനത്തിനായി നിര്‍ദേശിക്കപ്പെട്ട കാരണങ്ങള്‍ തന്നെയാണ് (ജുഡീഷ്യല്‍ സെപ്പറേഷന്‍) വേര്‍പാടിനും നിര്‍ദേശിച്ചിട്ടുള്ളത്. വിവാഹപങ്കാളികളുടെ വൈവാഹിക കടമകളും അവകാശങ്ങളും നിശ്ചിതകാലത്തേക്ക് താല്‍ക്കാലികമായി റദ്ദാക്കപ്പെടുന്നു. അഭിപ്രായവ്യത്യാസങ്ങളും പൊരുത്തക്കേടുകളും പരിഹരിച്ച് യോജിപ്പിക്കാന്‍ ശ്രമിക്കാവുന്നതാണ്. അതിനായി ഒരു വര്‍ഷത്തെ സമയം കക്ഷികള്‍ക്ക് കോടതി ഉത്തരവിലൂടെ ലഭിക്കുന്നു. ഈ കാലയളവില്‍ മാനസാന്തരമുണ്ടായി പരസ്പരം യോജിക്കുന്നില്ലെങ്കില്‍ കക്ഷികള്‍ക്ക് വിവാഹമോചനത്തിനായി വീണ്ടും കോടതിയെ സമീപിക്കാം.
കോടതി
ഹിന്ദുവിവാഹം സംബന്ധിച്ച കേസുകള്‍ കേള്‍ക്കാനും തീര്‍പ്പുകല്‍പ്പിക്കാനുമുള്ള അധികാരം ഭാര്യാഭര്‍ത്താക്കന്മാരെന്ന നിലയില്‍ അവസാനമായി ഒന്നിച്ചുതാമസിച്ച സ്ഥലത്തെ കുടുംബകോടതികള്‍ക്കാണ്.
വിവാഹം നടത്തിയ സ്ഥലമുള്‍പ്പെട്ട അധികാരപരിധിയിലുള്ള കുടുംബകോടതിയിലും, എതിര്‍കക്ഷി ഏത് കുടുംബകോടതിയുടെ പരിധിയിലാണോ താമസം, ആ കോടതിയിലും ഹര്‍ജി സമര്‍പ്പിക്കാം.
മുസ്ലീം വിവാഹം
ഒരു സിവില്‍ കരാറിന്‍റെ രീതിയാണ് നിക്കാഹ് എന്നറിയപ്പെടുന്ന മുസ്ലീം വിവാഹത്തിനുള്ളത്. സ്ത്രീ-പുരുഷ ബന്ധത്തിന് നിയമസാധുത നല്‍കുന്നതിനും കുട്ടികള്‍ക്ക് നിയമപ്രകാരമുള്ള അധികാരം നല്‍കുന്നതിനും ഉദ്ദേശിച്ചുകൊണ്ടുള്ള ഒന്നാണ് മുസ്ലീംവിവാഹം. മുസ്ലീം നിയമം അനുശാസിക്കുന്ന യോഗ്യതയും സ്വതന്ത്രമായ സമ്മതവും മറ്റ് അനുഷ്ഠാനങ്ങളും ഇതിന് ഉണ്ടായിരിക്കണം.
നിബന്ധനകള്‍
വിവാഹം കഴിക്കുവാനുള്ള പ്രാപ്തി, വാഗ്ദാനവും-സ്വീകരിക്കലും, മഹര്‍ എന്നിവയാണ് നിയമസാധുതയുള്ള മുസ്ലീംവിവാഹത്തിന് നിര്‍ബന്ധമായ ഘടകങ്ങള്‍.
വിവാഹബന്ധത്തിലേര്‍പ്പെടാന്‍ സ്വതന്ത്രമായ സമ്മതം നല്‍കല്‍ നിര്‍ബന്ധമാണ്. അതുനല്‍കാന്‍ കഴിയാത്തവിധം ചിത്തഭ്രമമോ, മാനസികാസ്വാസ്ഥ്യമോ ഉള്ളവര്‍ക്ക് വിവാഹകരാറില്‍ ഏര്‍പ്പെടാന്‍ കഴിയില്ല. പുരുഷന്‍റെ വിവാഹപ്രായം 21 വയസ്സും സ്ത്രീയുടേത് 18 വയസ്സുമാണ്. അതല്ലാതെയുള്ള വിവാഹം ശിക്ഷാര്‍ഹമാണ്.
സാക്ഷികളുടെ മുന്നില്‍വച്ച് വിവാഹത്തിനുള്ള നിര്‍ദേശം (അഥവാ വാഗ്ദാനം) നടത്തുകയും ആ നിര്‍ദേശം മറുഭാഗം സ്വീകരിക്കുകയും വേണം. ഒരുമിച്ചിരുന്ന്, ഒരേസ്ഥലത്ത്, ഒരേ യോഗത്തില്‍വച്ച് വിളിച്ചുപറഞ്ഞ് നിക്കാഹ് അനുഷ്ഠാനം നടത്തേണ്ടത് നിര്‍ബന്ധമാണ്. വിവാഹത്തിന് ആവശ്യമായ ഘടകമാണ് മഹര്‍. പുരുഷന്‍ സ്ത്രീക്ക് നല്‍കേണ്ടതായി നിശ്ചയിക്കുന്ന തുകയാണ് മഹര്‍. വിവാഹസമയം അതു മുഴുവന്‍ നല്‍കുകയോ, ഭാഗികമായി നല്‍കുകയോ ആകാം. ഭാഗികമായി നല്‍കുമ്പോള്‍ ബാക്കി തുക സ്ത്രീയുടെ അവകാശമായി എന്നും നിലനില്‍ക്കും. നിക്കാഹിന് പ്രായപൂര്‍ത്തിയായതും സ്ഥിരബുദ്ധിയുള്ളതുമായ പുരുഷന്മാരായ രണ്ടു സാക്ഷികള്‍ നിര്‍ബന്ധമാണ്.
മുസ്ലീം സ്ത്രീക്ക് വിവാഹമോചനം ലഭിക്കാന്‍ വേണ്ട കാരണങ്ങള്‍
- ഭര്‍ത്താവിനെ ക്രിമിനല്‍കോടതി ഏഴോ അതിലധികം വര്‍ഷത്തേക്ക് ജയില്‍വാസത്തിന് ശിക്ഷിച്ചിട്ടുണ്ടായിരിക്കുക.
- ന്യായമായ കാരണങ്ങളില്ലാതെ ഭര്‍ത്താവ് മൂന്നു വര്‍ഷമോ അതില്‍ കൂടുതലോ കാലം ഭാര്യയുമായി ദാമ്പത്യബന്ധം പുലര്‍ത്തുവാന്‍ വിസമ്മതിക്കുകയോ ദാമ്പത്യജീവിതത്തിലെ തന്‍റെ കടമകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുകയോ ചെയ്യുക.
- നാലു വര്‍ഷങ്ങളായി ഭര്‍ത്താവിനെപ്പറ്റി യാതൊരു വിവരവും ഇല്ലാതിരിക്കുക.
- വിവാഹസമയത്തും അതിനുശേഷവും തുടര്‍ച്ചയായും ഭര്‍ത്താവ് ഷണ്ഡത്വമുണ്ടായിരിക്കുക.
- രണ്ടു വര്‍ഷക്കാലമായി ഭര്‍ത്താവില്‍നിന്നു ചെലവിനു ലഭിക്കാതിരിക്കുക.
- രണ്ടു വര്‍ഷക്കാലമായി ഭര്‍ത്താവ് ചിത്തഭ്രമമുള്ളവനാകുക. അല്ലെങ്കില്‍ ഭര്‍ത്താവിന് കുഷ്ഠരോഗമുണ്ടാവുകയോ, തീവ്രമായ ലൈംഗികരോഗം ഉണ്ടാവുകയോ ചെയ്യുക.
- പെണ്‍കുട്ടിക്ക് 15 വയസ്സ് തികയുന്നതിന് മുമ്പ് രക്ഷിതാക്കള്‍ അവളുടെ വിവാഹം നടത്തിയിട്ടുണ്ടെങ്കില്‍ 18 വയസ്സ് തികയുന്നതിന് മുമ്പായി ആ വിവാഹം തിരസ്ക്കരിക്കാനുള്ള അവളുടെ അവകാശം (option of puberty) ഉപയോഗപ്പെടുത്താം.
- കുടുംബജീവിതത്തില്‍ ഭര്‍ത്താവ് ക്രൂരമായി പെരുമാറുക. താഴെ സൂചിപ്പിക്കുന്ന ഭര്‍ത്താവിന്‍റെ പ്രവര്‍ത്തികള്‍ ക്രൂരതയായി വ്യവസ്ഥ ചെയ്തിട്ടുണ്ട്.
- ഭര്‍ത്താവ് നിത്യവും ദേഹോപദ്രവം ചെയ്യുന്നതുകൊണ്ട് സഹവാസം ദുരിതപൂര്‍ണ്ണമാവുക.
- ഭര്‍ത്താവ് അപയശസ്സുള്ള സ്ത്രീകളുമായി ഇടപഴകുന്നതുമൂലം ദുഷ്കീര്‍ത്തിയുണ്ടാക്കുന്ന ജീവിതം നയിക്കുക.
- അസാന്മാര്‍ഗ്ഗിക ജീവിതം നയിക്കുവാനായി ഭാര്യയെ പ്രേരിപ്പിക്കുക.
- ഭാര്യയുടെ സ്വത്തുക്കള്‍ നിയമവിരുദ്ധമായി അന്യാധീനപ്പെടുത്തുന്നതും സ്വത്തുക്കളില്‍ അവര്‍ക്കുള്ള അവകാശങ്ങള്‍ കൈകാര്യം ചെയ്യുന്നത് തടസ്സപ്പെടുത്തുന്നതും.
- ഭാര്യയുടെ മതവിശ്വാസത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കും ഭര്‍ത്താവ് തടസ്സംനില്‍ക്കുന്നത്.
- ഒന്നിലധികം ഭാര്യമാരുള്ള മുസ്ലീംപുരുഷന്‍ ഏതെങ്കിലും ഒരു ഭാര്യയെ പരിപാലിക്കുന്നതില്‍ വിവേചനം കാണിക്കുകയും തുല്യപരിഗണന നിഷേധിക്കുകയും ധാര്‍മ്മികനീതിക്കനുസരിച്ച് പരിപാലിക്കാതിരിക്കുകയും ചെയ്യുന്നത്.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ബോധിപ്പിച്ച് ഒരു മുസ്ലീംസ്ത്രീക്ക് കോടതി മുഖേന വിവാഹമോചനം തേടാവുന്നതാണ്.
മുസ്ലീം വിവാഹമോചിതരുടെ അവകാശ സംരക്ഷണ നിയമം
1986 ലെ വിവാഹമുക്തകളായ മുസ്ലീം വനിതകളുടെ അവകാശ സംരക്ഷണത്തിനുള്ള നിയമപ്രകാരം ഇദ്ദ ആചരിക്കുന്ന കാലത്ത് ന്യായയുക്തമായ രീതിയില്‍ ചെലവ് ലഭിക്കുന്നതിന് വിവാഹമോചിതരായ സ്ത്രീകള്‍ക്ക് അവകാശമുണ്ട്. ഗര്‍ഭാവസ്ഥയിലാണ് തലാക്ക് ചൊല്ലിയതെങ്കില്‍ കുട്ടിയുടെ ജനനം മുതല്‍ രണ്ടു വര്‍ഷക്കാലം സംരക്ഷണച്ചെലവ് നല്‍കണം. മഹറിന്‍റെ ഓഹരി നല്‍കാനുണ്ടെങ്കില്‍ അവ നല്‍കണം. വിവാഹസമയത്തും അതിനുശേഷവും അവര്‍ക്ക് ലഭിച്ചിട്ടുള്ള മറ്റ് സ്വത്തുക്കള്‍ക്കും സമ്മാനങ്ങള്‍ക്കും അര്‍ഹതയുണ്ട്. ഇവ കൂടാതെ മറ്റൊരു വിവാഹംവരെയോ മരണംവരെയോ ജീവിക്കേണ്ടതിലേക്ക് ജീവനാംശം കണക്കാക്കി നല്‍കണം.
വേറെ വിവാഹംചെയ്യാതെ കഴിയുന്ന വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് സ്വന്തമായി ചെലവുകഴിയുന്നതിന് മാര്‍ഗ്ഗമില്ലെങ്കില്‍ സംരക്ഷണത്തിനായി ബന്ധുക്കളെ സമീപിക്കാനും അതുമല്ലെങ്കില്‍ വഖഫ് ബോര്‍ഡിനെ സമീപിക്കുവാനും അവകാശമുണ്ട്.
കോടതി
മുസ്ലീംസ്ത്രീകള്‍ വിവാഹമോചനത്തിനായി അതത് ജില്ലകളിലെ കുടുംബകോടതികളെയാണ് സമീപിക്കേണ്ടത്. മുസ്ലീം വ്യക്തിനിയമപ്രകാരം പില്‍ക്കാല സംരക്ഷണചിലവിനായി സിവില്‍കോടതിയേയും സമീപിക്കാം.
വിവാഹമോചിതരുടെ അവകാശസംരക്ഷണ നിയമമനുസരിച്ച് കിട്ടേണ്ടുന്ന ആനുകൂല്യങ്ങള്‍ക്ക് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയേയാണ് സമീപിക്കേണ്ടത്. ഇസ്ലാമിക നിയമപ്രകാരം ദാമ്പത്യബന്ധം പുനസ്ഥാപിക്കാന്‍ കുടുംബകോടതിയെ സമീപിക്കാം.
ക്രിസ്ത്യന്‍ വിവാഹ നിയമം
ക്രിസ്ത്യന്‍ സമുദായത്തെ സംബന്ധിച്ചിടത്തോളം വിവാഹം ഒരു ആയുഷ്ക്കാലബന്ധമായാണ് വിഭാവനം ചെയ്യപ്പെടുന്നത്. പുരോഹിതന്മാരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വിവാഹം സ്ത്രീ-പുരുഷന്മാരെ അവരുടെ ജീവിതപങ്കാളികളായി അന്യോന്യം കൂട്ടിച്ചേര്‍ക്കുകയാണ്.
ഇന്ത്യയിലുള്ള ക്രിസ്ത്യാനികള്‍ക്ക് പൊതുവേ ബാധകമായ നിയമമാണ് 1972 ലെ ഇന്ത്യന്‍ ക്രിസ്തീയവിവാഹനിയമം. എന്നാല്‍, ഇത് തിരുവിതാംകൂര്‍ഭാഗത്ത് ബാധകമല്ല. കൊച്ചിയില്‍ പ്രത്യേകനിയമം ഇപ്പോഴും നിലവിലിരിക്കുന്നു (Cochin Christian Civil Marriage Act,1920). തിരുവിതാംകൂര്‍-കൊച്ചിന്‍ ഭാഗങ്ങളില്‍ പ്രത്യേക നിയമപ്രകാരമല്ല, മറിച്ച്, ആചാരങ്ങളും അനുഷ്ഠാനങ്ങളുമനുസരിച്ചാണ് പ്രധാനമായും വിവാഹങ്ങള്‍ നടക്കുന്നത്. ഇന്ത്യന്‍ ക്രിസ്തീയ വിവാഹനിയമമനുസരിച്ചാണ് ക്രിസ്ത്യാനികളുടെ വിവാഹം നടക്കുന്നതെങ്കിലും, പ്രത്യേക വിവാഹനിയമപ്രകാരമോ (Special Marriage Act) മറ്റോ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ഈ നിയമം കൊണ്ട് തടസ്സമില്ല. വിവാഹബന്ധം നിയമപരമായി സാധൂകരിക്കുക, ആ വിവാഹബന്ധത്തിലുണ്ടാകുന്ന കുട്ടികള്‍ക്ക് നിയമപരമായ അംഗീകാരങ്ങള്‍ നല്‍കുക എന്നതാണ് ഉദ്ദേശ്യം.
ഈ നിയമത്തില്‍, വിവാഹം നടത്തിക്കൊടുക്കുവാന്‍ നിയോഗിക്കപ്പെട്ടവര്‍ പാതിരി (Clergyman), മതശുശ്രൂഷകന്‍ (Minister of Religion) അല്ലെങ്കില്‍ വിവാഹ രജിസ്ട്രാര്‍ എന്നിവരാണ്.
നിയമത്തിന്‍ കീഴില്‍ ലൈസന്‍സ് നല്‍കപ്പെട്ട മതശുശ്രൂഷകന്മാര്‍ നടത്തുന്ന വിവാഹങ്ങള്‍
മതശുശ്രൂഷകന്‍ വിവാഹശുശ്രൂഷ നടത്തണമെന്ന് എപ്പോഴെങ്കിലും ഉദ്ദേശിച്ചാല്‍ അത്തരം മതശുശ്രൂഷകന് രേഖാമൂലം വിവരത്തിന് നോട്ടീസ് നല്‍കേണ്ടതാണ്. നോട്ടീസില്‍ വിവാഹത്തിന് ഉദ്ദേശിക്കുന്ന വ്യക്തികളുടെ പേര്, പൂര്‍ണ്ണമായ വിലാസം, രണ്ടുപേരുടെയും താമസസ്ഥലം, വിവാഹം നടത്തേണ്ട സമയവും സ്ഥലവും മറ്റു വിശദവിവരങ്ങളും എഴുതേണ്ടതാണ്.
വിവാഹം പള്ളിയില്‍വെച്ചാണ് നടത്താനുദ്ദേശിക്കുന്നതെങ്കില്‍, പള്ളിയുടെ ശ്രദ്ധേയമായ ഭാഗങ്ങളിലോ, അല്ലെങ്കില്‍ സ്വകാര്യ താമസസ്ഥലത്താണ് നടത്താനുദ്ദേശിക്കുന്നതെങ്കില്‍ വിവാഹരജിസ്ട്രാറുടെ ഓഫിസിലോ നോട്ടീസ് പരസ്യപ്പെടുത്തേണ്ടതാണ്. പരസ്യപ്പെടുത്തിക്കഴിഞ്ഞാല്‍, നോട്ടീസും പ്രതിജ്ഞാപത്രവും കിട്ടിയതിന് സ്വന്തം കൈപ്പടയില്‍ ഒരു സാക്ഷ്യപത്രം നല്‍കേണ്ടതുണ്ട്. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കി രണ്ടുമാസത്തിനകം വിവാഹം നടത്തിയിരിക്കണം.
രെജിസ്റ്റര്‍ നടപടികള്‍
ക്രിസ്ത്യാനികള്‍ തമ്മിലോ, ഏതെങ്കിലും ഒരാള്‍ ക്രിസ്ത്യാനിയായിക്കൊണ്ടോ നടക്കുന്ന എല്ലാ വിവാഹങ്ങളും രെജിസ്റ്റര്‍ ചെയ്യണം. വിവാഹം നടത്തികൊടുക്കുന്ന മതശുശ്രൂഷകന്‍, ഇംഗ്ലീഷ് പള്ളിയിലെയോ, റോമന്‍ പള്ളിയിലെയോ, സ്കോട്ടിഷ് പള്ളിയിലെയോ പാതിരിമാരില്‍ ആരായിരുന്നാലും അവര്‍ വിവാഹരജിസ്റ്റര്‍ സൂക്ഷിക്കുകയും അവയില്‍ നിയമത്തിലെ പട്ടിക അനുശാസിക്കുംപ്രകാരം വിവാഹം നടന്നത് രേഖപ്പെടുത്തുകയും വേണം.
വിവാഹ രെജിസ്ട്രാര്‍
ഒരു വിവാഹരെജിസ്ട്രാറുടെ സാന്നിധ്യത്തിലോ വിവാഹരെജിസ്ട്രാറുടെ ശുശ്രൂഷയിലോ വിവാഹം നടത്തണമെന്ന് ഉദ്ദേശിക്കുന്നവരിലൊരാള്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ താമസിച്ചിട്ടുള്ള ജില്ലയിലെ ഏതെങ്കിലും ഒരു വിവാഹ രജിസ്ട്രാര്‍ക്ക് രേഖാമൂലം നോട്ടീസ് കൊടുക്കുകയാണ് തുടക്കത്തില്‍ ചെയ്യേണ്ടത്. വിവാഹിതരാകേണ്ട രണ്ടുപേരും താമസിക്കുന്നത് വ്യത്യസ്ഥ ജില്ലകളിലാണെങ്കില്‍ അത്തരം നോട്ടീസ് ഓരോ ജില്ലയിലെയും വിവാഹ രജിസ്ട്രാര്‍ക്ക് നല്‍കണം. നോട്ടീസില്‍ വിവാഹം ചെയ്യാനുദ്ദേശിക്കുന്ന രണ്ടുപേരുടെയും കുടുംബപ്പേരും പ്രവൃത്തിയും താമസസ്ഥലങ്ങളും വിവാഹം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലവും മറ്റും വ്യക്തമാക്കണം. ഇങ്ങനെയൊരു നോട്ടീസ് ലഭിച്ചാലുടനെ വിവാഹരെജിസ്ട്രാര്‍ അത് പ്രസിദ്ധീകരിക്കണം. നോട്ടീസിലെ വിവരങ്ങള്‍ വിവാഹനോട്ടീസ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തുകയും, വിവാഹിതരാകാനുദ്ദേശിക്കുന്നവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെങ്കില്‍ ജില്ലയിലെ മറ്റു വിവാഹരെജിസ്ട്രാര്‍മാര്‍ക്ക് നോട്ടീസ് പകര്‍പ്പുകള്‍ പ്രസിദ്ധീകരണത്തിനായി എത്തിക്കുകയും വേണം. നിയമപരമായ മറ്റു തടസ്സങ്ങള്‍ ഇല്ലെങ്കില്‍ രജിസ്ട്രാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ച് രണ്ടുമാസത്തിനുള്ളില്‍ വിവാഹം രജിസ്ട്രാറുടെ മുമ്പില്‍വെച്ച് രണ്ടു സാക്ഷികളുടെ സാന്നിധ്യത്തില്‍ നടത്താവുന്നതാണ്.
വിവാഹമോചനം
ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ നിരന്തരമായ ആവശ്യം പരിഗണിച്ച് വിവാഹമോചനത്തിന് കര്‍ശനമായ വ്യവസ്ഥകളുള്ള 1869 ലെ ഇന്ത്യന്‍ വിവാഹമോചനനിയമം 2001ല്‍ ഭേദഗതി ചെയ്തു. ഈ നിയമപ്രകാരം താഴെപറയുന്ന കാര്യങ്ങള്‍ ഉണ്ടെങ്കില്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാം.
- വ്യഭിചാരം ചെയ്യുക.
- മതപരിവര്‍ത്തനം നടത്തുക.
- വിവാഹമോചന ഹര്‍ജി സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് കുറഞ്ഞത് രണ്ടുകൊല്ലം തുടര്‍ച്ചയായി എതിര്‍കക്ഷിക്ക് ചികിത്സിച്ചാല്‍ മാറാത്ത മാനസികരോഗമോ ലൈംഗികരോഗമോ ചികിത്സിച്ചാല്‍ ഭേദമാകാത്ത കുഷ്ഠരോഗമോ ഉണ്ടായിരിക്കുക.
- ഏഴുകൊല്ലമായി എതിര്‍കക്ഷിയെപ്പറ്റി യാതൊരു വിവരവുമില്ലാതിരിക്കുക.
- ദാമ്പത്യബന്ധം പൂര്‍ത്തീകരിക്കാതിരിക്കുക.
- രണ്ടോ അതില്‍കൂടുതലോ വര്‍ഷങ്ങളായി വിവാഹബന്ധം പുനസ്ഥാപിക്കാനുള്ള കോടതി ഉത്തരവ് പാലിക്കാതിരിക്കുക.
- മതിയായ കാരണമില്ലാതെ രണ്ടുവര്‍ഷം തുടര്‍ച്ചയായി എതിര്‍കക്ഷി വേര്‍പിരിഞ്ഞ് ജീവിക്കുക.
- ഒരുമിച്ചുജീവിക്കാന്‍ ആവാത്തവണ്ണം എതിര്‍കക്ഷി ക്രൂരമായി പെരുമാറുക. കൂടാതെ ബലാല്‍സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് തന്നെ വിധേയയാക്കി എന്നാരോപിച്ച് ഭാര്യയ്ക്ക് ഭര്‍ത്താവിനെതിരെ ഹര്‍ജി സമര്‍പ്പിക്കാം.
ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനം
രണ്ടുവര്‍ഷത്തിനുമേല്‍ ജീവിതപങ്കാളികള്‍ വേര്‍പിരിഞ്ഞ് താമസിക്കുകയും വിവാഹബന്ധം വേര്‍പെടുത്താന്‍ രണ്ടുപേരും തീരുമാനിക്കുകയും ചെയ്‌താല്‍ ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനത്തിനായി അവര്‍ക്ക് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാം.
അസാധുവാകുന്ന വിവാഹം
താഴെപറയുന്ന കാരണങ്ങളുടെ അടിസ്ഥാനത്തില്‍ വിവാഹബന്ധം അസാധുവാക്കിക്കൊണ്ട് കോടതിക്ക് വിധി പ്രസ്താവിക്കാം.
- വിവാഹസമയത്തും അസാധുവാക്കാനുള്ള ഹര്‍ജി ബോധിപ്പിക്കുമ്പോഴും എതിര്‍കക്ഷിക്ക് ലൈംഗികശേഷി ഇല്ലാതിരിക്കുക. (ലൈംഗികബന്ധം പൂര്‍ണ്ണമാക്കാന്‍ പറ്റാതിരിക്കുക, മനപ്പൂര്‍വം ദാമ്പത്യബന്ധത്തിന് തയ്യാറാകാതിരിക്കുക, മാനസികവിഭ്രാന്തിയുണ്ടാവുക തുടങ്ങിയവ വന്ധ്യത്വമായി കോടതി നിര്‍വചിച്ചിട്ടുണ്ട്.)
- രക്തബന്ധമുള്ളവര്‍ തമ്മില്‍ വിവാഹിതരാകുന്നത്.
- വിവാഹസമയത്ത് മന്ദബുദ്ധിയോ ചിത്തഭ്രമമുള്ള ആളോ ആയിരിക്കുക.
- ഭര്‍ത്താവോ ഭാര്യയോ ജീവിച്ചിരികുമ്പോള്‍ ഒരാള്‍ മറ്റൊരു വിവാഹം നടത്തുക.
- വിവാഹത്തിനുള്ള സമ്മതം ഇരുകക്ഷികളിലാരോടെങ്കിലും വാങ്ങിയത് ബലംപ്രയോഗിച്ചോ കപടമായോ (വിവാഹസമയത്തുള്ള ഗര്‍ഭം ഒളിച്ചുവയ്ക്കുക, അഥവാ വിവാഹം നടന്ന കാലയളവില്‍ ആര്‍ത്തവം ഉണ്ടായില്ലെന്ന കാര്യം മറച്ചുവയ്ക്കുക) ആയിരിക്കുക.
കോടതി
ഈ നിയമപ്രകാരമുള്ള പരാതികളും കേസുകളും നടത്തേണ്ടത് അതത് ജില്ലകളിലെ കുടുംബകോടതികളിലാണ്. വ്യക്തികള്‍ എവിടെയാണോ അവസാനമായി താമസിച്ചത്, ആ പ്രദേശത്തെ കോടതിയിലും ഹര്‍ജി സമര്‍പ്പിക്കാം.
പ്രത്യേക വിവാഹ നിയമം (സ്പെഷ്യല്‍ മാര്യേജ് ആക്റ്റ്)
ജാതിമത വ്യത്യാസങ്ങളില്ലാതെ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഒരുപോലെ ബാധകമായ പ്രത്യേക വിവാഹനിയമം 1954ല്‍ നിലവില്‍വന്നു. ഈ നിയമപ്രകാരം സബ് രെജിസ്ട്രാര്‍ ഓഫീസിലെ നിയമിതനായ സബ് രെജിസ്ട്രാറാണ് വിവാഹ ഓഫീസര്‍. ഇന്ത്യന്‍ പൗരത്വമുള്ള ഏതെങ്കിലും ഒരു പുരുഷനും സ്ത്രീക്കും തമ്മില്‍ ഈ നിയമപ്രകാരം വിവാഹിതരാകുന്നതിന് തടസ്സമില്ല.
പ്രത്യേക വിവാഹനിയമപ്രകാരം വിവാഹം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന വധൂവരന്മാര്‍ ജില്ലയിലെ വിവാഹ ഓഫീസര്‍ക്ക് നിര്‍ദിഷ്ട ഫോറത്തില്‍ നോട്ടീസ് നല്‍കണം. രണ്ടുപേരില്‍ ഏതെങ്കിലും ഒരാള്‍ നോട്ടീസ് തീയ്യതി തൊട്ട് 30 ദിവസം മുമ്പുവരെ താമസിച്ചിരുന്ന ജില്ലയിലെ ഓഫീസര്‍ മുമ്പാകെയാണ് നോട്ടീസ് നല്‍കേണ്ടത്.
നോട്ടീസ് കൈപ്പറ്റിയ ഉടനെ വിവാഹ ഓഫീസര്‍ നോട്ടീസിലെ വിവരങ്ങള്‍ വിവാഹരജിസ്റ്ററില്‍ രേഖപ്പെടുത്തുകയും പ്രസ്തുത നോട്ടസുകള്‍ തന്നെ ഓഫീസ് റെക്കോര്‍ഡുകളുടെ ഭാഗമായി സൂക്ഷിക്കുകയും വേണം. ഇത് രെജിസ്റ്റര്‍ ഫീസ് നല്‍കാതെ പരിശോധിക്കുവാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട്.
വിവാഹനോട്ടീസിന്‍റെ ഒരു പകര്‍പ്പ് ഓഫീസര്‍ കാര്യാലയത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് പൊതുജനങ്ങള്‍ക്ക് കാണത്തക്ക രീതിയില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കണം. വധൂവരന്മാരില്‍ ഒരാള്‍ വേറെ ജില്ലയില്‍ സ്ഥിരതാമസമുള്ള ആളാണെങ്കില്‍ നോട്ടീസ് സ്വീകരിച്ച ഓഫീസര്‍ പ്രസ്തുത ജില്ലയിലെ ഓഫീസര്‍ക്ക് നോട്ടീസിന്‍റെ ഒരു കോപ്പി അയച്ചുകൊടുക്കുകയും, ആ ഓഫീസര്‍ അത് തന്‍റെ കാര്യാലയത്തില്‍ പൊതുജനങ്ങള്‍ക്ക് കാണത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.
നോട്ടീസില്‍ പറഞ്ഞിട്ടുള്ള വ്യക്തികള്‍ തമ്മിലുള്ള വിവാഹത്തിന് ആക്ഷേപമുള്ള ഏതൊരാള്‍ക്കും നോട്ടീസ് പരസ്യംചെയ്ത് 30 ദിവസത്തിനുള്ളില്‍ ഓഫീസര്‍മുമ്പാകെ ആക്ഷേപം ബോധിപ്പിക്കാവുന്നതാണ്. പ്രത്യേക വിവാഹനിയമത്തിന്‍റെ നിബന്ധനകള്‍ക്ക് വിരുദ്ധമായാണ് വിവാഹം നടക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരിക്കണം ആക്ഷേപം നല്‍കേണ്ടത്. നിയമദൃഷ്ട്യാ ഈ വിവാഹം നടത്തുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ അക്കാര്യം ബോധിപ്പിക്കാം. ഇതിനേക്കുറിച്ച് വിവാഹ ഓഫീസര്‍ അന്വേഷണം നടത്തണം. ആക്ഷേപം ശരിയല്ലെന്നു കണ്ടാല്‍ നിയമപ്രകാരം വിവാഹം നടത്തിക്കൊടുക്കാം.
നിബന്ധനകള്‍
- വിവാഹസമയത്ത് പുരുഷന് ജീവിച്ചിരിക്കുന്ന മറ്റൊരു ഭാര്യയോ സ്ത്രീക്ക് ജീവിച്ചിരിക്കുന്ന മറ്റൊരു ഭര്‍ത്താവോ ഉണ്ടായിരിക്കരുത്.
- വിവാഹത്തിന് സ്വതന്ത്രമായ മനസ്സമ്മതം നിര്‍ബന്ധമാണെന്നിരിക്കെ, അതിന് അയോഗ്യതയുള്ള മനോരോഗികള്‍ക്ക് വിവാഹം ചെയ്യുന്നതിന് തടസ്സമുണ്ട്.
- മനസ്സമ്മതം നല്‍കുവാനുള്ള കഴിവുള്ളവരാണെങ്കിലും വൈവാഹിക കടമകള്‍ നിറവേറ്റുവാനും കുട്ടികളെ പ്രസവിക്കുവാനും സംരക്ഷിക്കുവാനും കഴിവില്ലാത്ത രീതിയില്‍ മനോരോഗിയാണെങ്കിലും വിവാഹത്തിന് അയോഗ്യതയുണ്ട്.
- തുടര്‍ച്ചയായുള്ള ചിത്തഭ്രമം അയോഗ്യതയാണ്.
- വിവാഹസമയത്ത് വരന് 21 വയസ്സും വധുവിന് 18 വയസ്സും പൂര്‍ത്തിയായിരിക്കണം. പങ്കാളികള്‍ നിയമം നിരോധിച്ചിട്ടുള്ള അടുത്ത രക്തബന്ധത്തില്‍പെട്ടവര്‍ ആവരുത്.
നോട്ടീസ് നല്‍കിയപ്രകാരം, ഓഫീസര്‍മുമ്പാകെ, മൂന്ന് സാക്ഷികളുടെ സാന്നിധ്യത്തില്‍ ഓഫീസിലോ, മറ്റേതെങ്കിലും സ്ഥലത്തോവച്ച് വിവാഹം നടത്താവുന്നതാണ്. അതിനുശേഷം വിവാഹ ഓഫീസര്‍ വിവാഹം രെജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമാണ്.
മറ്റു വിവാഹങ്ങള്‍ രജിസ്റ്റര്‍ചെയ്യുന്നത്
പ്രത്യേക വിവാഹനിയമപ്രകാരം പ്രത്യേകം വ്യക്തമാക്കിയിട്ടുള്ള നിബന്ധനകള്‍ക്കു വിധേയമായി മറ്റേതെങ്കിലും തരത്തില്‍ നടന്നിട്ടുള്ള വിവാഹവും രെജിസ്റ്റര്‍ ചെയ്തുകിട്ടാന്‍ അവകാശമുണ്ട്. അതിനായി:
- കക്ഷികള്‍ രണ്ടുപേരും രെജിസ്ട്രേഷന് അപേക്ഷിക്കുന്നതിനുമുമ്പുതന്നെ വിവാഹിതരായവരും ഭാര്യാഭര്‍ത്താക്കന്മാരായി ഒരുമിച്ച് ജീവിക്കുന്നവരുമായിരിക്കണം.
- രണ്ടുപേരില്‍ ഏതൊരാള്‍ക്കും ജീവിച്ചിരിക്കുന്ന മറ്റൊരു ഭാര്യയോ, ജീവിച്ചിരിക്കുന്ന മറ്റൊരു ഭര്‍ത്താവോ ഉണ്ടായിരിക്കരുത്.
- രണ്ടുപേരില്‍ ആരുംതന്നെ രെജിസ്ട്രേഷന്‍ സമയത്ത് മന്ദബുദ്ധിയോ മനോരോഗിയോ ആയിരിക്കരുത്.
- രെജിസ്ട്രേഷന്‍ സമയത്ത് രണ്ടുപേര്‍ക്കും 21 വയസ്സ് പൂര്‍ത്തിയായിരിക്കണം.
- രണ്ടുപേരും പരസ്പരം നിരോധിക്കപ്പെട്ട അടുത്ത രക്തബന്ധത്തില്‍പെട്ടവരായിരിക്കരുത്.
- വിവാഹം രെജിസ്റ്റര്‍ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിക്കുന്ന തീയതിക്ക് തൊട്ടുമുമ്പ് 30 ദിവസത്തില്‍ കുറയാത്തകാലം രണ്ടുപേരും ഭാര്യാഭര്‍ത്താക്കന്മാരായി വിവാഹ ഓഫീസറുടെ അധികാരപരിധിയില്‍പ്പെട്ട ജില്ലയില്‍ താമസിക്കുന്നവരായിരിക്കണം.
ദാമ്പത്യബന്ധം പുന:സ്ഥാപിക്കാന്‍
പ്രത്യേക വിവാഹനിയമപ്രകാരം വിവാഹിതരായവര്‍ക്ക് വിവാഹപങ്കാളിയുമായി ഒരുമിച്ചുതാമസിക്കുവാനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുവാനും നിയമം അവകാശം നല്‍കുന്നു. വിവാഹപങ്കാളികളില്‍ ആരുംതന്നെ മറ്റേയാളുടെ സഹവാസത്തിനുള്ള അവകാശം നിഷേധിക്കരുത്. ന്യായയുക്തമായ യാതൊരു കാരണവുമില്ലാതെ ഭാര്യാഭര്‍ത്താക്കന്മാര്‍ വേര്‍പിരിഞ്ഞു കഴിയുകയാണെങ്കില്‍ ദാമ്പത്യബന്ധം പുന:സ്ഥാപിക്കണമെന്ന് കാണിച്ച് കക്ഷികള്‍ക്ക് കോടതിയെ സമീപിക്കാം.
വിവാഹമോചനം
നിയമം വ്യക്തമാക്കിയിട്ടുള്ള പ്രത്യേക കാരണങ്ങളാല്‍ ഭാര്യക്കോ ഭര്‍ത്താവിനോ വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബകോടതിയില്‍ ഹര്‍ജി നല്‍കുവാന്‍ അവകാശമുണ്ട്.
കാരണങ്ങള്‍
ഭാര്യയോ ഭര്‍ത്താവോ സ്വമനസ്സാലെ വിവാഹശേഷം മറ്റൊരാളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുക, വ്യഭിചാരം നടത്തുക, ഭാര്യാഭര്‍ത്താക്കന്മാരില്‍ ഒരാള്‍ മറ്റേയാളുടെ സമ്മതമില്ലാതെയും ആഗ്രഹത്തിന് വിരുദ്ധമായും ന്യായമായ കാരണങ്ങളില്ലാതെ തുടര്‍ച്ചയായി രണ്ടുവര്‍ഷക്കാലം ഉപേക്ഷിച്ചുപോവുക എന്നീ കാരണങ്ങൾക്ക് വിവാഹമോചനം തേടാം. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള ഏതെങ്കിലും കുറ്റകൃത്യത്തിന് ഏഴുവര്‍ഷമോ അതില്‍കൂടുതലോ കാലം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് എതിര്‍കക്ഷി എങ്കിലും വിവാഹമോചനം തേടാം. എതിര്‍കക്ഷിയുടെ ക്രൂരമായ പെരുമാറ്റം, ചികിത്സിച്ചു ഭേദമാക്കാനാകാത്തതും കുടുംബജീവിതം അസാധ്യമാക്കുന്നതരത്തിലുള്ളതുമായ മാനസികതകരാറുകള്‍, പകരുന്ന തരത്തിലുള്ള ലൈംഗികരോഗങ്ങള്‍, ചികിത്സിച്ചു ഭേദമാക്കാനാകാത്തതും പകരുന്നതുമായ കുഷ്ഠരോഗം തുടങ്ങിയ പങ്കാളിയുടെ അസുഖം എന്നിവയും വിവാഹമോചനത്തിനുള്ള നിയമപരമായ കാരണങ്ങളാണ്. ഏഴുവര്‍ഷമോ അതില്‍കൂടുതലോ കാലമായി ആളെക്കുറിച്ച് വിവരമില്ലാതിരിക്കുന്നതും മറ്റൊരു കാരണമാണ്.
സ്ത്രീകള്‍ക്ക് പ്രത്യേക കാരണങ്ങള്‍
മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൂടാതെ, ഭാര്യക്ക് താഴെപറയുന്ന കാരണങ്ങളാലും ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടാം.
- വിവാഹശേഷം ഭര്‍ത്താവ് ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികബന്ധം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി ബോധ്യപ്പെട്ടാല്‍.
- ഭാര്യയ്ക്ക് ജീവനാംശം അനുവദിച്ചുകൊണ്ടുള്ള കോടതിനിര്‍ദ്ദേശം ലഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ദാമ്പത്യം പുനസ്ഥാപിക്കാതിരുന്നാല്‍.
- ദാമ്പത്യം തകര്‍ന്നുവെന്ന് രണ്ടുപേര്‍ക്കും ബോധ്യപ്പെട്ടാല്‍, വിവാഹശേഷം ഒരുവര്‍ഷമോ അതില്‍കൂടുതലോ കാലം വേറിട്ടുതാമസിച്ചുവരുന്ന ദമ്പതികള്‍ക്ക് ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചന ഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കാം.
ശൈശവ വിവാഹ നിരോധന നിയമം, 2006
രാജ്യത്തെ പെൺകുട്ടികളുടെ 27%വും 18 വയസ്സിനു മുൻപ് വിവാഹിതരാകുന്നുവെന്നാണ് കണക്കുകൾ. 15 വയസിനു താഴെ വിവാഹിതരാകുന്ന 7 % പെൺകുട്ടികളും ഇന്ത്യയിൽ ഉണ്ട്. യൂനിസെഫിന്റെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടതൽ ബാലവിവാഹം നടക്കുന്ന രാജ്യം ഇന്ത്യയാണ്. ബാലവിവാഹ നിരോധന നിയമം 2007 മുതൽ പ്രാബല്യത്തിൽ വന്നു. ഇത് പ്രകാരം പെൺകുട്ടി 18 വയസ്സിന് താഴെയുള്ളതും ആൺകുട്ടി 21 വയസ്സിന് താഴെയുള്ളതുമാണെങ്കിൽ ബാലവിവാഹമായി നിർവചിക്കുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾക്കെതിരെ ഈ നിയമപ്രകാരം നടപടിയെടുക്കും.
സ്ത്രീധന നിരോധന നിയമം,1961
ഈ നിയമം അനുസരിച്ച്, വിവാഹസമയത്ത് വധുവിനോ വരനോ അവരുടെ കുടുംബത്തിനോ സ്ത്രീധനം നൽകുന്നതും സ്വീകരിക്കുന്നതും ചെയ്യുന്നത് കുറ്റകരമാണ്.
ഇന്ത്യൻ വിവാഹമോചന നിയമം,1969
പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം,വിവാഹത്തിന്റെ അസാധുവാക്കൽ, ജുഡീഷ്യൽ വേർപിരിയൽ, സംയോജിത അവകാശങ്ങൾ പുന:സ്ഥാപിക്കൽ എന്നിവ ഇന്ത്യൻ വിവാഹമോചന നിയമം അനുവദിക്കുന്നു. അത്തരം കേസുകൾ ഫയൽ ചെയ്യുന്നതിനും കേൾക്കുന്നതിനും തീർപ്പാക്കുന്നതിനുമായി കുടുംബ കോടതികൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
കടപ്പാട്: കേരള സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി (കെല്‍സ)